രസരഞ്ജനം-ഒന്നാം ദിവസം


തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ വാർഷികം പ്രമാണിച്ച് 
കേന്ദ്ര സാംസ്ക്കാരികവകുപ്പിന്റെ സഹായത്തോടും, തൃപ്പൂണിത്തുറ സംസ്കൃതകോളേജിന്റെ സഹകരണത്തോടും കൂടി നാലുദിവസങ്ങളിലായി കോട്ടയം കഥകളുടെ സോദാഹരണപ്രഭാഷണസഹിതമായ അവതരണം നടക്കുന്നു. തൃപ്പൂണിത്തുറ സംസ്കൃതകോളേജിൽ മെയ്28,29,ജൂൺ 4,5,തീയതികളിലായി നടക്കുന്ന ‘രസരഞ്ജനം’എന്ന ഈ പരിപാടിയിലൂടെ കലാകാരർക്ക് സമതുലിതമായ അവസരം നൽകുകയും കഥകളിയിലെ നടന-രസന നിലവാരം ഉയർത്തുകയുമാണ് കഥകളികേന്ദ്രത്തിന്റെ ലക്ഷ്യം.
28നു ഉച്ചയ്ക്ക് 1മണിക്ക് മുൻ കലാമണ്ഡലം പ്രിൻസിപ്പാൾ കലാ:ബാലസുബ്രഹ്മണ്യൻ 
ഉത്ഘാടനം നിർവ്വഹിച്ച രസരഞ്ജനത്തിൽ ആദ്യമായി ബകവധം കഥകളിയുടെ സോദാഹരണപ്രഭാഷണം നടന്നു. ഡോ:ഇ.എൻ നാരായണനായിരുന്നു പ്രഭാഷകൻ. അല്പഭാഗം കലാ:ബാലസുബ്രഹ്മണ്യാശാനും തുടർന്ന് സദനം വിജയനും ചൊല്ലിയാട്ടങ്ങൾ അവതരിപ്പിച്ചു.
3മണിയോടെ ബകവധം രംഗാവതരണം ആരംഭിച്ചു. 
ആശാരിയുടെ രംഗം മുതലായിരുന്നു ആരംഭം.  ഹിഡുബവനത്തിലെത്തിയശേഷം കുന്തിയും പാണ്ഡവരുമായുള്ള 2രംഗങ്ങൾ ഒഴിച്ച് തുടർന്നങ്ങോട്ടുള്ള മുഴുവൻ ഭാഗങ്ങളും ഈ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നു.
ആശാരിയായി ആർ.എൽ.വി.പ്രമോദും, 
ധർമ്മപുത്രരായി പാർവ്വതി ഹരിയും, ആദ്യഭാഗത്തെ ഭീമനായി ആർച്ച വർമ്മയും, കുന്തിയായി രാധിക അജയനും വേഷമിട്ടു. ഹിഡുബനായി ഫാക്ട് ബിജുഭാസ്ക്കരനും ഹിഡിബിയായി അഡ്വ.രഞ്ജിനി സുരേഷും അരങ്ങിലെത്തി. അധികമായി അരങ്ങിലവതരിപ്പിച്ചുവരാറില്ലാത്ത ഈ വേഷങ്ങൾ സാമാന്യം ഭംഗിയായിത്തന്നെ ഇവർ അവതരിപ്പിച്ചു. തിരനോട്ടശേഷം തന്റേടാട്ടത്തോടെ ആരംഭിച്ച ഹിഡിബൻ, മനുഷ്യമണം വരുന്നതായി നടിച്ചിട്ട്, ‘തന്നെ ഭയന്ന് ഈ കാട്ടിൽ മനുഷ്യരാരും വരാറില്ലാത്തതിനാൽ വളരെക്കാലമായി മനുഷ്യമാസം ഭക്ഷിച്ചിട്ട്, ഇന്ന് അതിന് ശ്രമിക്കുകതന്നെ’ അന്നുപറഞ്ഞ് സഹോദരിയെ കണ്ട്, അവളെ മനുഷ്യരേപിടിച്ചുകൊണ്ടുവരുവാൻ നിയോഗിക്കുന്നു. അതിനുപുറപ്പെട്ട ഹിഡിബിയാകട്ടെ വഴിയിൽ കുയിലിണകളേയും മയിലിണകളേയും കണ്ട് ‘തനിക്കിതുപോലെ ഒരു ഇണയില്ലല്ലോ’ എന്ന് സങ്കടപ്പെടുന്നു. മാത്രമല്ല;  ‘കുട്ടിക്കാലം മുതൽ ഞാനിങ്ങിനെ സഹോദരനു ഇരതേടിപ്പിടിച്ചുകൊടുത്തു കഴിയുന്നു. എനിക്ക് ഒരു സുഖജീവിതമില്ലയോ’ എന്ന് ഉള്ളിലുള്ള ‘കോപ്ളക്സ്’ തികട്ടിവരുന്നതായും ഇവിടെ കണ്ടു. കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് കഥാസന്ദർഭത്തിനനുഗുണമായി അവതരിപ്പിച്ചതായി ഈ ആട്ടങ്ങൾ കണക്കാക്കാം. ഇന്നാലിവിടെ ചില സംശയങ്ങൾ തോന്നി. കാട്ടിൽ കിടക്കുന്ന പക്ഷികളെ ഹിഡുബി നിത്യം കാണ്ടുകൊണ്ടിരിക്കുന്നതല്ലേ, ഇവിടത്തെ കാഴ്ച്ചയിൽ എന്തു പ്രത്യേകത? മാംസഭക്ഷണപ്രിയയായ ഈ രാക്ഷസിക്ക് പക്ഷിമൃഗാദികളെ കണ്ടാൽ ‘എത്രമാസം അതിനുണ്ട്, പിടിച്ച് ഭക്ഷിക്കാനാകുമോ’ എന്നൊക്കെയല്ലാതെ സൗന്ദര്യചിന്തയൊക്കെ ഉണ്ടാകുമോ? ഭക്ഷിക്കാനായ് കണക്കാക്കിയിരുന്ന ഭീമനിൽ ഈ ചിന്തയുണ്ടായല്ലോ എന്നാണെങ്കിൽ, ഇതുപോലെ ഒരു സാമാന്യജീവിയല്ലല്ലോ ഭീമസേനൻ.  പരാക്രമികളായ രാക്ഷസരെയൊക്കെ നിസ്സാരമായി വധിക്കുവാൻപോന്നവനായ ഭീമന്റെ പ്രഭാവം അതിനുപോരുന്നതായിരുന്നു. മനുഷ്യരേതേടി പുറപ്പെട്ടശേഷമുണ്ടായ ഈ ആട്ടങ്ങളേക്കാളും നല്ലത്; തിരനോട്ടശേഷം കരിവട്ടം(കഥകളിസമ്പ്രദായപ്രകാരം കരിവേഷം ആദ്യം ചെയ്യേണ്ടതായ ചടങ്ങ്) ചെയ്തിട്ട് ഇതിന്റെ അന്ത്യത്തിൽ ‘ഇങ്ങിനെ ഒരുങ്ങിയിട്ട് എന്തുകാര്യം? ഇതൊക്കെ കാണാനൊരാളില്ലാതെപോയല്ലോ! എനിക്കും ഭർത്തൃഭാഗ്യം ലഭിക്കുകയില്ലേ?’ എന്നിങ്ങിനെയാടി സന്ദർഭസംബന്ധിയാക്കുന്നതാണ്. അങ്ങിനെ ചെയ്യുവാനാണ് കൃഷ്ണൻനായരാശാൻ നിർദ്ദേശിച്ചിട്ടുള്ളതും(കോട്ടയം കഥകളുടെ രംഗവ്യാഖ്യയിൽ).
സദനം വിജയനായിരുന്നു ലളിതയായി അഭിനയിച്ചത്. 
മൊത്തത്തിൽ നന്നായിരുന്നു എങ്കിലും പരിചയക്കുറവിന്റെ സംഭ്രമം മൂലമാവാം സാങ്കേതികമായ പ്രശ്നങ്ങൾ ചിലത് തോന്നിച്ചിരുന്നു.
'അഗ്രജാ വൈകാതവരെ'
പതിഞ്ഞപദങ്ങൾ ഉൾപ്പെടെയുള്ള ചൊല്ലിയാട്ടഭാഗങ്ങൾ 
തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നതൊഴിച്ചാൽ മറ്റെല്ലാത്തരത്തിലും പരാജയമായിരുന്നു ആദ്യാവസാനഭീമാവതരണം. വേഷമൊരുങ്ങുകയും ചൊല്ലിയാടി ശീലിക്കുകയും ചെയ്തു എന്നതുകൊണ്ട് ആദ്യാവസാനവേഷം ചെയ്ത് വിജയിപ്പിക്കുവാനാവില്ല എന്ന് ഈ കലാകാരന് ഇനിയെങ്കിലും മനസ്സിലാവട്ടെ. കെട്ടിപ്പഴക്കമില്ലായ്മയുടെ സംഭ്രമവും സാങ്കേതികമായ പോരായ്മകളും മനസ്സിലാക്കാം, എന്നാൽ കഥാപാത്രത്തെയും സന്ദർഭങ്ങളെയും മനസ്സിലാക്കിയുള്ള ആട്ടങ്ങളും അഭിനയങ്ങളും ചെയ്യാനാകാത്തത് വേണ്ടരീതിയിൽഉള്ള തയ്യാറെടുപ്പില്ലായ്ക കൊണ്ടുതന്നെയാണ്. ആദ്യാവസാനവേഷം കൈകാര്യംചെയ്യുമ്പോൾ തന്റെ പദം ചൊല്ലിയാടിക്കഴിഞ്ഞ് ബാക്കിഭാഗമെല്ലാം പട്ടുത്തരീയങ്ങളും പിഠിച്ച് പീഠത്തിൽ ഒരേ ഇരുപ്പിരുന്നിട്ട്(ഹിഡുബൻ വാന്നാലും ഹിഡുബിവന്നാലും വ്യാസൻ വന്നാലും ഇവരൊക്കെ എന്തുതന്നെ പറഞ്ഞാലും കൂസലില്ലാതെ) ഒരു കാര്യവുമില്ല.
ഹിഡിബവധത്തോടേയാണ് ബകവധം ആട്ടക്കഥയുടെ 
പൂർവ്വാർദ്ധം അവസാനിക്കുന്നത്. ഈ ഭാഗം വരെ ആദ്യഭീമൻ തന്നെയാണ് അരങ്ങത്ത് അഭിനയിക്കേണ്ടത്. ഇവിടെ ഒരു യുദ്ധവട്ടത്തോടെ പൂർണ്ണമായി ഊജ്ജം ചിലവഴിച്ചുകൊണ്ട് ആദ്യഭീമനായ നടന് വേഷമഴിക്കാം. തുടർന്നുവരുന്ന വ്യാസന്റെ രംഗം മുതലാണ് ആദ്യാവസാന വേഷക്കാരൻ ഭീമനായി രംഗത്ത് വരുക. എന്നാൽ ഇവിടെ ലളിതയുടെ രംഗം മുതൽ തന്നെ ആദ്യാവസാനവേഷക്കാരനായിരുന്നു ഭീമനായെത്തിയത്. അതിനാൽ യുദ്ധവട്ടങ്ങൾക്കൊക്കെ ശേഷം പതിഞ്ഞപദങ്ങളിലേയ്ക്ക് ഇദ്ദേഹത്തിന് കടക്കേണ്ടിവന്നു! നടപ്പിലില്ലാത്ത രംഗങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ ഒന്നുകൂടി സൂക്ഷമമായ ശ്രദ്ധ വേണ്ടിയിരുന്നു. പല രംഗങ്ങളിലും ഔചിത്യപരമായ പ്രശ്നങ്ങൾ കാണപ്പെട്ടിരുന്നു. ഹിഡിബൻ വലത്തുകോണിൽ നിന്നും പെട്ടന്നു പ്രവേശിച്ച്  ഭീമന്റേയും ലളിതയുടേയും മദ്ധ്യത്തിലെത്തുന്നതായാണ് ഈ രംഗത്തിൽ കണ്ടിരിക്കുന്നതും കേട്ടിരിക്കുന്നതും. എന്നാൽ ഇവിടെ ഹിഡിബൻ ഇടതുഭാഗത്തുകൂടി പ്രവേശിച്ചു എന്നു മാത്രമല്ല, ‘അഡിഡക്കട്’ചവുട്ടി നിന്ന് ‘മനുഷ്യരെ പിടിച്ചുകൊണ്ടുവരുവാനായിപോയ സഹോദരിയെ കണ്ടില്ലല്ലോ? ഇനി തിരഞ്ഞ് കണ്ടുപിടിക്കുകതന്നെ’ എന്നൊക്കെ ആടിയിട്ടാണ് പിന്നെ ഭീമനേയും ലളിതയേയും കണ്ടത്.  ഇതിന്റെ ആവശ്യമുണ്ടന്ന് തോന്നിയില്ല. പദഭാഗം കഴിഞ്ഞതോടെ ലളിത വലതുഭാഗത്തേയ്ക്ക്-ഭീമന്റെ പിന്നിലേയ്ക്ക് സ്ഥാനം മാറിനിന്നതും ശരിയായില്ല.
വ്യാസനായി ആർ.വി.ശശികുമാർ വേഷമിട്ടപ്പോൾ 
ഘടോത്കചനായി ആർ.എൽ.വി.പ്രമോദ് തന്നെയാണ് എത്തിയത്.  ഭംഗിയുള്ള ചൊല്ലിയാട്ടങ്ങളും സൂചിക്കിരക്കൽ ഉൾപ്പെടെയുള്ള കലാശഭാഗങ്ങളും വൃത്തിയായി അവതരിപ്പിച്ചുകൊണ്ട് പ്രമോദ് ഈ കുട്ടിത്തരം കത്തിവേഷം ഭംഗിയായി അവതരിപ്പിച്ചു.
കളരിയുടെ ചിട്ടകളിൽ ബദ്ധപ്പെട്ടുകിടക്കുന്ന കോട്ടയം കഥകൾ 
കളരിയിൽ ക്രമമായി അഭ്യസനം നേടി ഉറപ്പിച്ചവരും, നല്ല മെയ്യുള്ളവരുമായ കലാകാരന്മാർ അവതരിപ്പിച്ചാൽത്തന്നെയാണ് കാണാൻ അഴകുണ്ടാവുക. അല്ലാത്തവർക്ക് അവതരിപ്പിച്ച് ഒപ്പിക്കാം, ആഗ്രഹം തീർക്കാം എന്നുതന്നെയെയുള്ളു.
ലളിതമുതൽ ഘടോത്കചൻ വരെയുള്ള ഭാഗത്ത് 
കലാ:ഗോപാലകൃഷ്ണനും തൃപ്പൂണിത്തുറ അർജ്ജുൻ രാജും ചേർന്നായിരുന്നു പാട്ട്. കലാ:ശ്രീജിത്തും ശ്രീരാഗ് വർമ്മയും ചേർന്നാണ് അതിനുമുൻപും പിൻപുമുള്ള രംഗങ്ങൾ പാടിയത്. 

കലാ:വിനോദ് ചെണ്ടയിലും കലാ:വിനീതും ആർ.എൽ.വി.ജിതിൻ മദ്ദളത്തിലും 
മേളമുതിർത്ത കളിക്ക് കലാ:സജിയും എരൂർ മനോജും ആയിരുന്നു ചുട്ടി കലാകാരന്മാർ. എരൂർ ശശി, എരൂർ സുരേന്ദ്രൻ തുടങ്ങിയവരാണ് അണിയറസഹായികളായി വർത്തിച്ചിരുന്നത്. എരൂർ ഭവാനീശ്വരം, എരൂർ വൈകുണ്ഠേശ്വരം എന്നീ കളിയോങ്ങളിൽനിന്നും സംയുക്തമായാണ് ചമയങ്ങൾ ഉപയോഗിച്ചിരുന്നത്.

നിലത്തും ഉയർന്ന ഇരുപ്പിടങ്ങളിലും ഇരുന്നുകാണുവാനുതകുന്ന രീതിയിയിലുള്ള വേദി, 
കറുത്ത പിൻ കർട്ടൻ, നല്ല ശബ്ദ പ്രകാശ ക്രമീകരണങ്ങൾ, വേദിയിലും സദസ്സിലും ആവിശ്യത്തിനുള്ള കൂളർ-ഫാൻ സംവിധാനങ്ങൾ, സദസ്സ്യർക്ക് ചയ,കുടിവെള്ളം ക്രമീകരണങ്ങൾ ഇങ്ങിനെ എല്ലാത്തരത്തിലും ഭംഗിയായ സംവിധാനങ്ങൾ ഒരുക്കിയതിൽ കഥകളികേന്ദ്രം അഭിനന്ദനമർഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: