‘രാജസം’

ഒരു രാത്രികൊണ്ട് ഒരു കഥ പൂര്‍ണ്ണമായി അവതരിപ്പിക്കന്ന രീതിയായിരുന്നു കഥകളിയില്‍ പണ്ട് ഉണ്ടായിരുന്നത്. അതിനുപാകത്തിലാണ് മിക്ക ആട്ടകഥകളും രചിക്കപ്പെട്ടിരിക്കുന്നതും. എന്നാല്‍ പില്‍ക്കാലത്ത് ഈ രീതിമാറി ഒരു രാത്രിയില്‍ മൂന്നോ നാലോ കഥകളുടെ പ്രസക്തഭാഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന രീതി നിലവില്‍ വന്നു. ഒരു രീതിയിലുള്ള വേഷങ്ങളെ മാത്രം അണിനിരത്തിക്കൊണ്ടുള്ള അവതരണരീതി അടുത്തകാലത്തായി ആരംഭിച്ച ഒന്നാണ്. ഈ രീതിയില്‍ പ്രമുഖമായി നടത്തപെട്ട ഒരു പരിപാടിയായിരുന്നല്ലൊ താടിവേഷങ്ങളെ മാത്രം അവതരിപ്പിച്ചുകൊണ്ട് നടത്തപ്പെട്ട താടിയരങ്ങ്. കഥകളിയിലെ രാജസപ്രൌഢിനിറഞ്ഞ പത്ത് കത്തിവേഷങ്ങളുടെ അവതരണമായിരുന്നു ‘രാജസം’. Viewfinder Cultural Gruopന്റെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘രാജസം’, 01/08/09ല്‍ തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെയ്ച്ച് നടന്നു. പലകഥകളിലെ കത്തിപ്രധാനമായതും ഭാവവൈവിദ്ധ്യമാര്‍ന്നതുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഒരു രാത്രി നീളുന്ന ഈ പരിപാടി തയ്യാറാക്കിയത്. കഥകളിയിലെ വൈവിദ്ധ്യങ്ങള്‍ നിറയുന്ന പതിവ് അവതരണരീതിയില്‍ പലവിധമായ വേഷങ്ങളും രാഗതാളങ്ങളും മാറിമാറി വരുന്നു. എന്നാല്‍ ഈ നൂതന അവതരണരീതിയില്‍ ആദ്യാവസാനം ഏതാണ്ട് ഒരേ രീതിയില്‍ വരുന്ന വേഷങ്ങളും രംഗങ്ങളും പ്രേക്ഷകരില്‍ കുറച്ചൊരു മടുപ്പുളവാക്കും എന്ന് പറയാതെ വയ്യ. ഇതിനാലായിരിക്കണം പ്രേക്ഷകരില്‍ ഏതാണ്ട് 50% പേരോളം ആദ്യത്തെ 3-4 കത്തികള്‍ക്കുശേഷം ‘വയറുനിറഞ്ഞു, ഇന്നിനി വയ്യ’ എന്നുള്ള മട്ടില്‍ കാഴ്ച്ചമതിയാക്കിപോയത് എന്ന് തോന്നുന്നു. എന്നാല്‍ പ്രമുഖരായ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടും പ്രധാനരംഗങ്ങള്‍ മാത്രം അവതരിപ്പിച്ചുകൊണ്ടും നടത്തപ്പെട്ട രാജസം ആദ്യാവസാനം നല്ല നിലവാരം പുലര്‍ത്തി എന്നുള്ളതാണ് പരിപാടിയുടെ ഒരു മെച്ചം. ഇതിനാല്‍ തന്നെയായിരിക്കണം ഇക്കാലത്ത് ഒരു കഥകളിപരിപാടിക്ക് കാണുന്നതിലും പലമടങ്ങ് ആസ്വാദകര്‍ ഇവിടെ എത്തിയതും, അതില്‍ ഏതാണ്ട് 50%പേരും മുഴുരാത്രിയുമിരുന്ന് കളികണ്ടതും. പത്ത് പേര്‍ക്കും കൂടി അവരവരുടെ ഭാഗങ്ങള്‍ തൃപ്തികരമായി അവതരിപ്പിക്കുവാനുള്ള സമയം ലഭിച്ചിരുന്നില്ല എന്നതാണ് പരിപാടിയുടെ ഒരു പ്രധാനപോരായ്ക. ഓരോ വേഷക്കാര്‍ക്കും ഓരോ മണിക്കൂര്‍ വീതമാണ് സമയം അനുവദിച്ചിരുന്നത്. ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടോ വേഷങ്ങളുടെ എണ്ണം കുറച്ചുകൊണ്ടോ പരിപാടി നടത്തിയിരുന്നെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ട സമയം ലഭിക്കുകയും നടന്മാര്‍ക്കും ആസ്വാദകര്‍ക്കും പരിപാടി കൂടുതല്‍ തൃപ്തികരമായി തീരുകയും ചെയ്തേനെ. നിശ്ചയിച്ച സമയത്തുനിന്നും അരമണിക്കൂറോളം തുടങ്ങുവാന്‍ താമസിച്ചതും ചില രംഗങ്ങള്‍ നീണ്ടുപോയതും സമയത്തില്‍ നീക്കം വരുത്തിയിരുന്നുവെങ്കിലും പിന്നീടുള്ള രംഗങ്ങളില്‍ ചില ആട്ടങ്ങളും പദഭാഗങ്ങളും ഉപേക്ഷിച്ചുകൊണ്ട് സമയം ക്രമീകരിക്കപ്പെട്ടു. സമയക്കുറവുമൂലമായിരിക്കണം എല്ലാവര്‍ക്കും തിരനോട്ടം ഉണ്ടായിരുന്നില്ല. ആദ്യമായി രംഗത്തെത്തിയ ദുര്യോധനനും(താഴന്നകാലത്തിലുള്ളത്), രണ്ടാമതായെത്തിയ ബാണനും(തെക്കന്‍ ശൈലിയിലുള്ളത്), മൂന്നാമതായെത്തിയ ഉത്ഭവം രാവണനും(ഇടക്കാലത്തിലുള്ളത്) ആണ് തിരനോക്കുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാനമായപ്പോളേക്കും സമയത്തിന്റെ പ്രശ്നം ഇല്ല എന്നുകണ്ടതിനാലാണെന്നു തോന്നുന്നു ബാലിവിജയം രാവണനും, നരകാസുരനും തിരനോക്ക് അവതരിപ്പിക്കുകയുണ്ടായി. ഇതില്‍ കേശവന്‍ കുണ്ഡലായരുടെ നരകാസുരന്‍ ശ്ലോകശേഷം തിരയ്ക്കകത്തുള്ള ചടങ്ങുകള്‍ ഉപേക്ഷിച്ചുകൊണ്ട് നേരിട്ട് തിരനോട്ടത്തിലേയ്ക്ക് കടക്കുകയായിരുന്നു. കത്തിവേഷങ്ങള്‍ പൊതുവേ മേളപ്രധാനങ്ങളാണല്ലോ. അതിനാല്‍ തന്നെ ഈ പരിപാടിയുടെ വിജയത്തിന് മേളക്കാരുടെ പങ്ക് പരമപ്രധാനവുമാണല്ലോ. രാജസത്തില്‍ പങ്കെടുത്ത മേളക്കാര്‍ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്നാല്‍ ഗായകര്‍ ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളു. രാജസവേഷങ്ങളുടെ രംഗങ്ങള്‍ പാടുവാനായി കുറച്ചുകൂടി ഘനശാരീരമുള്ള ഗായകരെ ഉള്‍പ്പെടുത്താമായിരുന്നു. സംഘാടകര്‍തന്നെ പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിന് വിപണനോദ്ദേശം ഉളളതുകൊണ്ടായിരിക്കാം ഹാളില്‍ മറ്റുള്ളവര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് നിരോധിച്ചിരുന്നു.
.
വൈകിട്ട് ഏഴുമണിയോടു കൂടി തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി അഡ്വ. രഞ്ജിനി സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായര്‍ ‘രാജസം‘ ഉത്ഘാടനം ചെയ്തു. രാമന്‍‌കുട്ടിനായരാശാനെ ചടങ്ങില്‍ വെച്ച് തൃപ്പൂണിത്തുറ കഥകളികേന്ദ്രം പ്രസിഡന്റ് ഡോ. എ.കെ.സഭാപതി ആദരിക്കുകയുണ്ടായി.
.
തുടര്‍ന്ന് ആരംഭിച്ച രാജസത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥയിലെ ദുര്യോധന്റെ ശൃഗാരപദം ഉള്‍ക്കോള്ളുന്ന രംഗമാണ്. ഇതില്‍ ആരാമലക്ഷ്മിയായ പത്നി ഭാനുമതിയുടെ രതികേളികളില്‍ പരവശനായ ദുര്യോധനനെ അവതരിപ്പിച്ചത് പത്മശ്രീ കലാമണ്ഡലം ഗോപിയാണ്. നായികയുടെ മുഖത്തെ ചന്ദ്രനെന്നുകരുതി പ്രിയവിരഹത്തെ ചിന്തിച്ച് ദു:ഖിക്കുന്ന കോകിയെ അവതരിപ്പിക്കുന്ന പ്രസിദ്ധമായ ‘ഏകലോചനം’ ആണ് ഈ രംഗത്തെ പ്രധാന ഭാഗം. കളരിചിട്ടക്കുകോട്ടമില്ലാതെ വെടിപ്പായി അവതരിപ്പിച്ചു എന്നതല്ലാതെ സാധാരണ അവതരിപ്പിക്കുന്ന പച്ചവേഷങ്ങളിലേതുപോലെ പ്രത്യേകതകളൊന്നും ഗോപിയാശാന്റെ ദുര്യോധനനില്‍ കണ്ടിരുന്നില്ല. ഭാനുമതിയായി ശ്രീ കലാമണ്ഡലം ഷണ്മുഖന്‍ വേഷമിട്ട ഈ രംഗത്തില്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്ന് സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം ശശിയും(മദ്ദളം) ചേര്‍ന്ന് മികച്ചരീതിയില്‍ മേളവും ഒരുക്കിയിരുന്നു.

.
രണ്ടാമതായി അരങ്ങിലെത്തിയത് കഥകളി തെക്കന്‍ ചിട്ടയിലെ ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ്. അപാരമായ കൈത്തരിപ്പുതീര്‍ക്കാന്‍ തന്റെ ഗോപുരപാലകനായ പരമശിവനെ യുദ്ധത്തിനു വിളിക്കുന്ന ബാണനായാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. ബലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം ആട്ടകഥയിലേതാണ് ‘ഗോപുരം’ എന്ന് പ്രസിദ്ധമായ ഈ രംഗം. അനുവദനീയമായ സമയത്തിനുള്ളില്‍ ഒരു ഭാഗവും വിടാതെ, വിസ്തരിക്കാതെ ഭംഗിയായും അനുഭവദായകമായും ഇദ്ദേഹം അവതരിപ്പിച്ചു. ‘ആശാന്‍ ഭംഗിയായി ചെയ്തു, ഒന്നുകൂടി വിസ്തരിക്കാമായിരുന്നു’ എന്ന് ആസ്വാദകരെ ചിന്തിപ്പിച്ചുകൊണ്ട് അദ്ദേഹം കടന്നുപോയി. മറ്റു കലാകാരന്മാര്‍ തങ്ങള്‍ക്ക് അനുവദനീയമായ സമയത്തില്‍ രംഗം തീര്‍ക്കുവാനായി ആട്ടഭാഗങ്ങളോ പദഭാഗങ്ങളോ ഉപേക്ഷിച്ചപ്പോള്‍ മടവൂരാശാന്‍ ഒന്നും ഉപേക്ഷിച്ചില്ല എന്നുള്ളതാണ് എടുത്തു പറയേണ്ടകാര്യം. ഒരുഭാഗവും ഉപേക്ഷിക്കാതെയും സമയദൈര്‍ഘ്യം വരുത്താതെയും അതേസമയം അനുഭവവേദ്യമായും ഈ വേഷം അവതരിപ്പിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചത് ‘ആടിച്ചുരുക്കുക’ എന്ന കൈയ്യടക്കവിദ്യവശമുള്ളതിനാലാണ്. ഇന്നത്തെ കലാകാരന്മാരില്‍ ഭൂരിഭാഗത്തിനും ഈ വിദ്യ വശമില്ലെന്നുമാത്രമല്ല, ‘ആടിപരത്താനാണ്’ താല്‍പ്പര്യവും. ശ്രീ ആര്‍.എല്‍.വി. സുനില്‍ പള്ളിപ്പുറം ശിവനായും ശ്രീ രതീഷ് പാര്‍വ്വതിയായും ശ്രീ ആര്‍.എല്‍.വി.അഖില്‍ സുബ്രഹ്മണ്യനായും ശ്രീ ബിജോയ് ഗണപതിയായും ശ്രീ ആര്‍.എല്‍.വി.സുനില്‍ നന്ദികേശ്വരനായും ശ്രീ ബിജു ഭാസ്ക്കര്‍ ഭൂതഗണമായും വേഷമിട്ട ഈ രംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു പാടിയത്. ചെണ്ടയില്‍ ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും മദ്ദളത്തില്‍ ശ്രീ കലാനിലയം മനോജും അനുഗുണമായ മേളം പകര്‍ന്നുകൊണ്ട് മടവൂരാശാനെ പിന്തുണച്ചു.

.
കല്ലേക്കുളങ്ങര രാഘവപിഷാരടിയുടെ ‘രാവണോത്ഭവം’ കഥയിലെ സുപ്രധാനഭാഗമായ രാവണന്റെ തന്റേടാട്ടമാണ് മൂന്നാമതായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ‘ലോകേശാത്തവര പ്രതാപബലവാനായ’ രാവണനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അനുവദിച്ചതിലും കൂടുതല്‍ സമയമെടുത്തിരുന്നു എങ്കിലും മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചത്. വിസ്തരിച്ചുതന്നെ ആടിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന് പലപ്പോഴും ‘സമയമേറുന്നു’ എന്ന് സംഘാടകരുടെ സന്ദേശങ്ങള്‍ അരങ്ങിലെത്തിയിരുന്നു. ഇതര കഥകളിലെ ആട്ടങ്ങളെ പോലെ തപസ്സാട്ടത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുകളയുക എന്നത് പ്രായോഗികമല്ല. കൃത്യമായ താള-കാല പ്രമാണങ്ങളില്‍ ചിട്ടചെയ്ത് അഭ്യസിച്ചിരിക്കുന്ന ഈ തന്റേടാട്ടം അതിന്റേതായ സമയമെടുത്ത് ചെയ്താലെ ഭംഗിയുണ്ടാകു. എന്നു മാത്രമല്ല, മാറ്റങ്ങള്‍ പെട്ടന്ന് വരുത്തിയാല്‍ കലാകാരന്റെ പ്രകടനത്തില്‍ പാളിച്ചയും ഉണ്ടാകാം. ഇതിനാലായിരിക്കാം ബാലസുബ്രഹ്മണ്യന്‍ ഒട്ടും വെട്ടിചുരുക്കുവാന്‍ തയ്യാറാവാതിരുന്നതും. നേരത്തെപറഞ്ഞ കൈയ്യടക്കവിദ്യ വശമുണ്ടെങ്കിലെ ഈ ആട്ടത്തിന്റെ അനുഭവം ചോരാതെ ചുരുക്കുവാന്‍ സാധിക്കുകയുള്ളു. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം വാസുദേവന്‍, ശ്രീ കലാമണ്ഡലം രാജേഷ് ബാബു എന്നിവരായിരുന്നു ഗായകര്‍. കലാ: ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം കൃഷ്ണദാസും ചേര്‍ന്ന് ചെണ്ടയിലും കലാ:ശശിയും ശ്രീ കലാമണ്ഡലം പ്രശാന്തും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളമൊരുക്കി. ഉത്ഭവത്തിന്റെ വിജയത്തില്‍ ഉണ്ണികൃഷ്ണന്റെ മേളത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.

.
പ്രണയകലഹിതയായ മണ്ഡോദരിയെ അനുനയിപ്പിക്കുന്ന സംഭോഗലാലസനായ രാവണനായിരുന്നു നാലാമതായി രംഗത്തുവന്ന കത്തി. പുതിയിക്കല്‍ തമ്പാന്‍ രചിച്ച കാര്‍ത്ത്യവീരാര്‍ജ്ജുനവിജയത്തിലെ ‘കമലദളം’ എന്ന പ്രസിദ്ധ രംഗത്തിലായിരുന്നു ഇത്. ചിട്ടപ്രധാനമായ ‘കമലദളോപമനയനെ’ എന്ന പതിഞ്ഞപദം ഉള്‍ക്കൊള്ളുന്ന ഈരംഗം ഭംഗിയായിതന്നെ ശ്രീ കലാമണ്ഡലം ശ്രീകുമാര്‍ അവതരിപ്പിച്ചു. എന്നാല്‍ അവസാനഭാഗം ചുരുക്കത്തില്‍ കഴിക്കുകയായിരുന്നു. പ്രത്യേകിച്ച് ‘ദാസിയാമുര്‍വ്വശി’ എന്ന പദഭാഗമൊക്കെ ഒട്ടും വിസ്തരിക്കാതെ തീര്‍ത്തിരുന്നു. ശ്രീ സദനം വിജയന്‍ മണ്ഡോദരി വേഷമിട്ടു. ഈ രംഗത്തിലെ പാട്ട് ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും കലാനി:രാജീവനും ചേര്‍ന്നായിരുന്നു. കലാ:രാമന്‍ നമ്പൂതിരി ചെണ്ടയിലും ശ്രീ കലാമണ്ഡലം പ്രകാശന്‍ മദ്ദളത്തിലും മേളം പകര്‍ന്നു.

.
‘അഴകുരാവണന്‍‘ ആയിരുന്നു അഞ്ചാമത്തെ കത്തിവേഷം. കൊട്ടാരക്കര തമ്പുരാന്റെ തോരണയുദ്ധം ആട്ടക്കഥയിലെ, മാരതാപം സഹിയാഞ്ഞ് സര്‍വ്വാലങ്കാരവിഭൂഷിതനായി പരിവാരസമേതം അശോകവനികയില്‍ സീതാസമീപമെത്തുന്ന രാവണന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചും തന്റെ കേമത്തങ്ങള്‍ പറഞ്ഞും സീതയെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നതായ രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരാണ് അഴകുരാവണനായി അഭിനയിച്ചത്. അഴകുരാവണന്റെ പുറപ്പാട് ഭാഗം വിസ്തരിക്കുകയുണ്ടായില്ല. ‘കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍’ എന്ന ആദ്യ ചരണവും ഉണ്ടായില്ല. രതീഷ് സീതയായും ബിജൂഭാസ്ക്കര്‍ മണ്ഡോദരിയായും ആര്‍.എല്‍.വി.സുനില്‍ പ്രഹസ്തനായും ആര്‍.എല്‍.വി.അഖിലും ബിജോയിയും കിങ്കരരായും വേഷമിട്ടു. കലാ:ഗോപാലകൃഷ്ണനും കലാ:വാസുദേവനും ചേര്‍ന്ന് പാടിയ ഈ രംഗത്തില്‍ കലാ: ഉണ്ണികൃഷ്ണനും ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാനും ചേര്‍ന്ന് ചെണ്ടയും കലാനി:മനോജും ശ്രീ കലാമണ്ഡലം വിനീതും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.

.
ഇരയിമ്മന്‍ തമ്പി രചിച്ച കീചകവധം കഥയിലെ പ്രസിദ്ധമായ ‘ഹരിണാക്ഷി’ എന്ന പദമുള്‍ക്കൊള്ളുന്ന രംഗമാണ് ആറാമതായി അവതരിപ്പിച്ചത്. സുദേഷ്ണയുടെ നിര്‍ദ്ദേശാനുസ്സരണം ഓദനവും മധുവും ശേഖരിക്കാനായി ഏകയായി തന്റെ ഗൃഹത്തിലെത്തുന്ന സൈരന്ധ്രിയെ സുഖമായി രമിക്കുവാന്‍ മഞ്ചത്തിലേയ്ക്കു ക്ഷണിക്കുന്ന കാമാസക്തചിത്തനായ കീചകനെ ശ്രീ കലാമണ്ഡലം പ്രദീപാണ് അവതരിപ്പിച്ചത്. കെട്ടിപഴക്കമില്ലായ്മയുടെ കുറവുകളുണ്ടേങ്കിലും പ്രദീപ് നന്നയിതന്നെ അഭിനയിച്ചിരുന്നു. എന്നാല്‍ നിഷേധിയായ സൈരന്ധ്രിയെ ബലമായി ഗ്രഹിക്കാനുറച്ച കീചകന്‍ അതിനു ശ്രമിക്കുന്നതിനുമുന്‍പായി, അനുവദിച്ച സമയം തികയ്ക്കുവാനെന്നോണം കുറെ ആട്ടങ്ങള്‍ ആടിയത് പ്രേക്ഷകരില്‍ വിരസതയുണര്‍ത്തി. തന്റെ വാക്കുകള്‍ അനുസ്സരിക്കാത്ത സൈരന്ധ്രിയോട് ക്രുദ്ധനായി ‘രണ്ടുപക്ഷമില്ല ഞാനും പൂണ്ടീടുവനിപ്പോള്‍’ എന്നു പറഞ്ഞ് അടുക്കുന്ന കീചകന്‍, പിന്നെയും ‘എന്റെ രാജ്ഞിയായി വാഴുമോ?’, ‘ഒരു നാള്‍ എന്റെ കൂടെ വസിക്കുമോ?’, ഒരു രാത്രി എന്റെ കൂടെ ശയിക്കുമോ?’, ‘ഒന്ന് ചുമ്പിക്കുവാന്‍ അനുവദിക്കുമോ?’, ‘ഒന്ന് ആലിംഗനം ചെയ്യാന്‍ മാത്രം അനുവദിക്കുമോ?’ എന്നിങ്ങനെ ചോദിച്ചുകൊണ്ട് ഇവിടെ വിസ്തരിക്കുന്നത് അനുചിതമെന്നു തോന്നി. കലാ:ഷണ്മുഖനാണ് സൈരന്ധ്രിയായെത്തിയത്. ‘ഭീതിപരിതാപപരിഭൂതയായ’ ലക്ഷണമൊന്നും ഇവിടെ സൈരന്ധ്രിയില്‍ കണ്ടില്ല. തന്റേടത്തോടെ നില്‍ക്കുന്ന ഒരു സൈരന്ധ്രിയായിരുന്നു ഷണ്മുഖന്റേത്. കലാ:ബാബു നമ്പൂതിരിയും കലാനി:രാജീവനും ചേര്‍ന്നായിരുന്നു പാട്ട്. ഈ പരിപാടിയിലെ ഏറ്റവും മോശമായ ആലാപനം ഈ ഹരിണാക്ഷിയുടേതായിരുന്നു. നടന്റെ പ്രവൃത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിച്ചിരുന്നില്ല പാട്ട്. ഹരിണാക്ഷിപോലെയുള്ള പദങ്ങള്‍ താളനിബദ്ധമായ സംഗതികളോടെ പാടിയാലെ അരങ്ങത്ത് ശോഭിക്കുകയുള്ളു. ഈ രംഗത്തിന് ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയിലും കലാ:ശശി മദ്ദളത്തിലും മേളം പകര്‍ന്നു.

.
കുട്ടിത്തരം കത്തിവേഷങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘടോല്‍കചനാണ് അടുത്തതായി രംഗത്തുവന്നത്. ജനിച്ച് ക്ഷണമാത്രയില്‍ വളര്‍ന്ന ഘടോല്‍ക്കചന്‍ ഉത്സാഹഭരിതനായി പ്രവേശിച്ച് അച്ഛനമ്മമാരായ ഭീമനേയും ഹിഡുംബിയേയും വന്ദിക്കുന്ന, കോട്ടയത്തുതമ്പുരാന്റെ ബകവധം കഥയിലെ രംഗമാണ് അവതരിപ്പിക്കപെട്ടത്. ഘടോല്‍കചനായി വേഷമിട്ട ശ്രീ ആര്‍.എല്‍.വി.പ്രമോദ് ഇനിയും അഭ്യാസപാടവം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നി. ഭീമനായി ശ്രീ സദനം മോഹനനും ഹിഡുംബി(ലളിത)യായി സദനം വിജയനും വേഷമിട്ടിരുന്നു. കലാനി:രാജീവനും കലാ:വാസുദേവനും ചേര്‍ന്ന് ഈ രംഗത്തിലെ സംഗീതവും കലാ:കൃഷ്ണദാസും(ചെണ്ട) കലാ:പ്രശാന്തും(മദ്ദളം) ചേര്‍ന്ന് മേളവും ഭംഗിയായി കൈകാര്യം ചെയ്തു.

.
രാജസത്തിലെ സ്ത്രീ പ്രാതിനിദ്ധ്യമായിരുന്ന ശ്രീമതി പാര്‍വ്വതി യു. മേനോനും ശ്രീമതി ഗീതാ വര്‍മ്മയുമാണ് തുടര്‍ന്ന് രംഗത്തെത്തിയത്. യഥാക്രമം ദുര്യോധനന്റേയും ദുശ്ശാസനന്റേയും വേഷങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. പാണ്ഡവരുടെ പ്രൌഢമായ സഭാഗൃഹം കണ്ട് അസൂയാലുവാകുന്ന ദുര്യോധനന്‍ ദുശ്ശാസനാദികളോട് കൂടിയാലോചിക്കുന്ന രംഗമാണ് അവതരിപ്പിച്ചത്. വയസ്ക്കര ആര്യന്‍ മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടകഥയിലേതാണ് ഈ രംഗം. ദുശ്ശാസന്റെ തിരനോക്കോടെയാണ് രംഗം ആരംഭിച്ചത്. ഈ രംഗത്തില്‍ കലാ:ബാബു നമ്പൂതിരിയും കലാ:രാജേഷ് ബാബുവും ചേര്‍ന്ന് സമ്പൃദായാനുഷ്ടിതമായ ആലാപനമാണ് കാഴ്ച്ചവെച്ചത്. കോട്ട:പ്രസാദ് ചെണ്ടയിലും കലാ:പ്രകാശന്‍ മദ്ദളത്തിലും മികച്ചമേളവും ഒരുക്കിയിരുന്നു.

.
ഒന്‍പതാമതായി കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ ബാലിവിജയം ആട്ടകഥയിലെ, രാവണനെ കാണാന്‍ നാരദനെത്തുന്ന രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. രാവണനായി ശ്രീ കോട്ടക്കല്‍ നന്ദകുമാരന്‍ നായരും നാരദനായി ശ്രീ ആര്‍.എല്‍.വി.ഗോപിയും അരങ്ങിലെത്തി. നാരദനോടുള്ള രാവണന്റെ ആട്ടം സാധാരണ വൈശ്രവണന്റെ ദൂതന്‍ പ്രവേശിക്കുന്ന ഭാഗം മുതലാണ് പതിവ്. ചിലപ്പോഴൊക്കെ രാവണന്റെ തപസ്സാട്ടം മുതലും ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നും ഉണ്ടായില്ല. നേരേ കൈലാസോദ്ധാരണം ആട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. തുടര്‍ന്ന് പാര്‍വ്വതീവിരഹവും ആടുകയുണ്ടായി. എന്നാല്‍ ഇവകളിലെ പലഭാഗങ്ങളും വെട്ടിച്ചുരുക്കിയാണ് ആടിയിരുന്നത്. ഇതിനാല്‍ തന്നെ ഈ ആട്ടം പ്രേക്ഷകരെ പൂര്‍ണ്ണതൃപ്തരാക്കന്‍ പോന്നതായില്ല. ഈ രംഗത്തില്‍ പാടിയിരുന്നത് പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാ:രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. മേളം കലാ:രാമന്‍ നമ്പൂതിരിയും(ചെണ്ട) കലാനി:മനോജും(മദ്ദളം) ചേര്‍ന്നുമായിരുന്നു.

.
അവസാനമായി അവതരിപ്പിക്കപെട്ടത് കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ നരകാസുരവധം കഥയിലെ ചെറിയ നരകാസുരന്റെ പതിഞ്ഞപദശേഷമുള്ള ഭാഗമായിരുന്നു. ശബ്ദവര്‍ണ്ണന, നിണത്തിന്റെ കേട്ടാട്ടം, പടപ്പുറപ്പാട്, യുദ്ധം, സ്വര്‍ഗ്ഗജയം, ഐരാവതത്തിനെ നിലം‌പതിപ്പിക്കല്‍ എന്നിങ്ങനെയുള്ള ചടുലവും മേളപ്രധാനവുമായ ആട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രംഗം ലഭ്യമായ ഒന്നരമണിക്കൂര്‍ സമയം ഉപയോഗിച്ചുകൊണ്ട് മനോഹരമായി അവതരിപ്പിച്ചു ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍. നരകാസുരപത്നിയായി ബിജുഭാസ്ക്കറും ഇന്ദ്രനായി സദനം മോഹനനും വേഷമിട്ടു. രാജസത്തില്‍ പങ്കെടുത്ത രണ്ടാംതരം കുട്ടിത്തരം വേഷക്കാരും തങ്ങളുടെതായ ഭാഗങ്ങള്‍ പിഴവുറ്റതാക്കിയിരുന്നു. ഇതിനൊരപവാദം സദനം മോഹനന്റെ ഇന്ദ്രന്‍ മാത്രമായിരുന്നു. ഇന്ദ്രന്റെ രംഗപ്രവൃത്തികളോ പദഭാഗത്തെ മുദ്രകളോ വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇദ്ദേഹം അരങ്ങിലെത്തിയിരുന്നത് എന്ന് തോന്നുന്നു. ചെറിയനരകാസുരന്‍ ഒരു നല്ല അനുഭവമാക്കിതീര്‍ക്കുന്നതില്‍ മേളക്കാര്‍ നല്ല പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ച് കോട്ട:പ്രസാദ്. ഇദ്ദേഹം ഇത്രനന്നായി പണിയെടുക്കുന്നത് വളരെ അപൂര്‍വ്വമായെ കണ്ടിട്ടുള്ളു. കോട്ട:പ്രസാദിനൊപ്പം കലാ:കൃഷ്ണദാസും ഗോപീകൃഷ്ണന്‍ തമ്പുരാനുമായിരുന്നു ചെണ്ടകൊട്ടിയിരുന്നത്. മദ്ദളം കൊട്ടിയത് കലാ:പ്രകാശനും കലാ:വിനീതും ആയിരുന്നു.

.
ശ്രീ കലാമണ്ഡലം ശിവരാമനും ശ്രീ കലാനിലയം സജിയും ശ്രീ സദനം അനിലും ശ്രീ ഏരൂര്‍ മനോജുമായിരുന്നു രാജസത്തിലെ ചുട്ടികലാകാരന്മാര്‍.

ശ്രീ എരൂര്‍ ശശി, എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ ചേര്‍ത്തല കുമാരന്‍, ശ്രീ തൃപ്പൂണിത്തുറ ശശി, ശ്രീ ചേര്‍ത്തല സുരേന്ദ്രന്‍, ശ്രീ ചന്ദ്രന്‍, ശ്രീ കണ്ണന്‍ എന്നിവരായിരുന്നു രാജസത്തിലെ അരങ്ങിലേയും അണിയറയിലേയും സഹായികള്‍.
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേയും എരൂര്‍ ഭവാനീശ്വരി കഥകളിയോഗത്തിന്റേതും കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്.
സംഘാടകര്‍തന്നെ ‘തട്ടുകട’ സംവിധാനമൊരുക്കിയിരുന്നത് പുലരും വരെ നീളുന്ന രാജസത്തിനെത്തിയ സഹൃദയര്‍ക്ക് ഉപകാരപ്രദമായി തീര്‍ന്നിരുന്നു.

20 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

:-)
വളരെ മനോഹരമായ ആസ്വാദനം. പത്തു ഭാഗങ്ങളെക്കുറിച്ചും നന്നായിത്തന്നെ എഴുതിയിരിക്കുന്നു. ഈ രീതിയില്‍ തന്നെ തുടര്‍ന്നും എഴുതുവാന്‍ ശ്രമിക്കുമല്ലോ...

എന്തുകൊണ്ടോ എനിക്ക് ഈവക പരിപാടികളോട് അത്ര താത്പര്യം തോന്നുന്നില്ല. ഒരു രാത്രി മുഴുവന്‍ കത്തിയുടെ പതിഞ്ഞുള്ള ആട്ടങ്ങളും, ഇളകിയാട്ടങ്ങളും കണ്ടിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്തായാലും പരിപാടി ആസ്വാദ്യകരമായിരുന്നു എന്നറിയുന്നത് സന്തോഷം തന്നെ. ഒരു പക്ഷെ ഇനി ‘സാത്വിക’വും ആരെങ്കിലും നടത്തുമായിരിക്കും, അല്ലേ? :-)

ആടിച്ചുരുക്കലും, ആടിപ്പരത്തലും പറഞ്ഞതങ്ങ് രസിച്ചു. :-)

ഹ ഹ ഹ... തട്ടുകട സൌകര്യം നോട്ടീസില്‍ ശ്രദ്ധിച്ച കാര്യമാണ്. രാത്രിയിലും വെളുപ്പിനുമൊക്കെ തട്ടുദോശയും കട്ടന്‍‌ചായയും കഴിക്കുന്നതും ഒരു സുഖമുള്ള ഏര്‍പ്പാടാണ്.

ഇത്രയും തിരക്കുള്ളപ്പോള്‍ ഫോട്ടോയും വീഡിയോയും നിരോധിച്ചതില്‍ സംഘാടകരെ കുറ്റം പറയുവാനൊക്കില്ല. പക്ഷെ, അതു കൂടി നോട്ടീസില്‍ പറയാമായിരുന്നു. ഏതായാലും ഞാന്‍ വരാഞ്ഞത് നന്നായി. :-)
--

സഹ്യന്‍‌ പറഞ്ഞു...

ഞാനും ഉണ്ടായിരുന്നു അവിടെ..
താങ്കളുടെ ബ്ലോഗിലേക്ക് ഒരു ലിങ്ക് ഇട്ടിട്ടുണ്ട് എന്‍റെ ഫോട്ടോ ബ്ലോഗില്‍..
ഇതാ.. ഇതില്‍.!!
http://photo-snap.blogspot.com/2009/08/blog-post.html
വിരോധമുണ്ടാവില്ല എന്നു കരുതട്ടെ...!!

വികടശിരോമണി പറഞ്ഞു...

ഓരോരുത്തരുടെ ഓരോ മോഹങ്ങൾ…നടക്കട്ടെ.
കഥകളിയിലെ നവീനമായ അന്വേഷണങ്ങളോട് എന്നും എനിക്ക് അനുകൂലമനസ്സാണ്.കഥകളിയുടേയും കലാസംസ്കാരത്തിന്റെയും പുരോഗതിയിലൂന്നിയ ഒരു ദർശനത്തെ അത്തരം അന്വേഷണങ്ങൾ മുന്നോട്ടു വെക്കണം എന്നൊരു ചെറിയമോഹം ഉണ്ടെന്നുമാത്രം.താടിയരങ്ങ് കണ്ടിരുന്നു,രാജസത്തിന് എത്താനായില്ല.ഏതായാലും എന്താണ് ഇത്തരം അന്വേഷണങ്ങൾ ഗൌരവമായി കലാലോകത്തോടു പറയുന്നത് എന്നെനിക്ക് ഇന്നും മനസ്സിലായിട്ടില്ല.എന്റെ അറിവില്ലായ്മയാകാം.
എന്തായാലും മണിയുടെ എഴുത്തിലെ മാറ്റം,എന്നെ സന്തോഷിപ്പിക്കുന്നു.ഇനിയും കുറേക്കൂടി കൃത്യതയാർന്ന നിരൂപണബുദ്ധിയിലേക്ക് മണിയുടെ പോസ്റ്റുകൾക്ക് എത്താനാവും എന്ന പ്രതീക്ഷ എനിക്കുണ്ട്.
സസ്നേഹം,
വികടശിരോമണി.

Ranjith പറഞ്ഞു...

vayichu .. nannayittundu. ozhivakkanakatha chila kaaranathal kalikk varan pattiyilla. veshangalkk anuvadicha bhagagal uchithamayittilla ennu thonnukayundayi

VAIDYANATHAN, Chennai പറഞ്ഞു...

മണീ, അതി മനോഹരമായ ആസ്വാദനവും വിമർശനവും. എനിക്കു് അങ്ങു സുഖിച്ചു. താടിയരങ്ങിനു ഞാൻ എത്തിയിരുന്നു (ഒരു ചില ആവശ്യങ്ങൾക്കായി നാട്ടിൽ ഉണ്ടായിരുന്നപ്പോൾ (തിരുവനന്തപുരത്തു്) ‘താടിഅരങ്ങിനു്’ യാഥർച്ചികമായി എത്താൻ സാധിച്ചു. പക്ഷെ, ഓഫീസിലെ ഒഴിച്ചുകൂടാനാവാത്ത ചില ജോലിതിരക്കുകൾ കാരണം രാജസത്തിന് എത്താനായില്ല. ഇന്റെർനെറ്റിലൂടെ, തുടക്കത്തിൽ ‘രാജസത്തിനു്’ ഒരു വിപുലമായ ആസ്വാദകവൃന്ദം ഉണ്ടാക്കുവാൻ എനിക്കും ഒരു ചെറിയതോതിൽ സാധിച്ചിരുന്നു എന്നതിൽ അഭിമാനിക്കാൻ വകയുണ്ട്. പക്ഷെ, നേരിട്ട് കളിക്ക് എത്തുകയും ആസ്വദിക്കാനും സാധിക്കാത്തതിൽ വലിയ പശ്ചാത്താപം തോന്നുന്നു. റികോർ‌ഡ് ചെയ്തു വെച്ചത് എന്നെങ്കിലും കാണാൻ സാധിക്കും എന്നതു് ഒരു ആശ്വാസം.) കളി കഴിഞ്ഞ് നമ്മൾ തമ്മിൽ സംസാരിച്ചതിൽ ഒരു അക്ഷരം പോലും വിടാതെ താൻ എഴുതീട്ടുണ്ടല്ലോ! വളരെ വളരെ സന്തോഷം. പത്തു ഭാഗങ്ങളെക്കുറിച്ചും ഒന്നും വിടാതെ തന്നെ എഴുതിയല്ലോ! ഹരിക്കും തന്റെ ഈ രീതി വല്ലാണ്ട് അങ്ങ് സുഖിച്ചിട്ടുണ്ട് എന്നു തോന്നുന്നു. വെറുതെ ഫോണിൽ ക്കൂടി തന്നെ അഭിനന്ദിച്ചാൽ പോരാ എന്നു തോന്നി……..അതുകൊണ്ടാണ് പതിവില്ലാതെ മറുമൊഴി എഴുതിയതു്.

ഒരു രാത്രി മുഴുവൻ കത്തിവേഷങ്ങളുടെ പതിഞ്ഞാട്ടങ്ങളും, ഇളകിയാട്ടങ്ങളും കണ്ടിരിക്കുക മുഷിപ്പ് ഉണ്ടാക്കുമെങ്കിലും പരിപാടി ആസ്വാദ്യകരമായിരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. (ഉടനെ തന്നെ ഒരു “പച്ച അരങ്ങും” ഉണ്ടാവും എന്നല്ലേ കേൾവി!) ഓരോരുത്തരുടെ ഓരോ മോഹങ്ങൾ! നടക്കട്ടെ!

മടവൂർ ആശാന്റെ ആടിച്ചുരുക്കലും കൈയടക്കവും എത്ര കണ്ടാലും മതിവരില്ല! ആടിപ്പരത്തൽ ഇപ്പോ എല്ലാരും തുടങ്ങീട്ടുണ്ട്.

തട്ടുകട സൌകര്യത്തെ കുറിച്ച് നമ്മൾ തമ്മിൽ പരിപാടിക്കു മുൻപേതന്നെ ‘കളിയാക്കി’ സംസാരിച്ചിരുന്നു എങ്കിലും അതു് ഒരു ‘അനുഗ്രഹമായിരുന്നു‘ എന്ന് കളി കഴിഞ്ഞ് പറഞ്ഞപ്പോൾ സന്തോഷം തോന്നി.

ഫോട്ടോയും വീഡിയോയും നിരോധിച്ചതിൽ സംഘാടകരെ കുറ്റം പറയുവാനൊക്കില്ല. പക്ഷെ, അതു കൂടി നോട്ടീസിൽ പറയാമായിരുന്നു. വീഡിയോ ക്യാമറയും ഡിജിറ്റൽ ക്യാമറയുമായി ഒക്കെ വന്നവരുടെ ‘രോഷം’ പലരും എന്നോട് നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു.
കഥകളിയിലെ നവീനമായ അന്വേഷണങ്ങളെ അനുകൂലിക്കവുന്നതാണ്. പക്ഷെ, മണി അഭിപ്രായപ്പെട്ടപോലെ “ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടോ വേഷങ്ങളുടെ എണ്ണം കുറച്ചുകൊണ്ടോ പരിപാടി നടത്തിയിരുന്നെങ്കിൽ ഓരോരുത്തര്‍ക്കും വേണ്ട സമയം ലഭിക്കുകയും നടന്മാര്‍ക്കും ആസ്വാദകര്‍ക്കും പരിപാടി കൂടുതല് തൃപ്തികരമായി തീരുകയും ചെയ്തേനെ“.എന്തായാലും മണിയുടെ എഴുത്തിലെ മാറ്റം, എന്നെയും സന്തോഷിപ്പിക്കുന്നു.ഇനിയും കുറേക്കൂടി കൃത്യതയാർന്ന ‘ആസ്വാദനത്തിന്റെയും’ ക്കൂട്ടത്തിൽ നിരൂപണത്തിന്റെയും തലങ്ങിലേക്ക് മണിയുടെ പോസ്റ്റുകൾക്ക് എത്താനാവും എന്ന് എനിക്കും പ്രതീക്ഷ ഉണ്ട്.
“വേഷങ്ങൾക്ക് അനുവധിച്ച ഭാഗങ്ങൾ ഉചിതമായീട്ടില്ല“ എന്ന രഞിത്തിന്റെ കമെന്റ് കുറച്ചുകൂടി വ്യക്തമാക്കാമയിരുന്നു.
മണി, ഒരിക്കൽക്കൂടി എന്റെ മനസ്സുനിറഞ്ഞ ആശംസകൾ.

nair പറഞ്ഞു...

രാജസം വായിച്ചു. ഗോപി ആശാന്റെയും, മടവൂരിന്റെയും, കോട്ടക്കൽ കേശവന്റെയും വേഷങ്ങളാണ് ശ്രദ്ധനേടിയതെന്ന് കളി കണ്ട ഒരു ആസ്വാദകൻ അറിയിച്ചിരുന്നു

മണി,വാതുക്കോടം. പറഞ്ഞു...

ഹരീ,
നന്ദി, തൃപ്പൂണിത്തുറയില്‍ തന്നെ അടുത്തതായി സ്വാത്തികം-‘10 പച്ച’- നടത്തുവാന്‍ ഉദ്ദേശമുണ്ടെന്ന് അന്ന് അവിടെ അറിയിപ്പുണ്ടായിരുന്നു.
വീഡിയോ നിരോധനം കേര്‍ശ്ശനമായി പാലിച്ചിരുന്നു. എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ പലരും ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ശരിയാണ് ഈ വിവരം കൂടി നോട്ടീസില്‍തന്നെ അറിയിക്കാമായിരുന്നു.പലര്‍ക്കും വെറുതേ ക്യാമറ്യും ചുമന്നുകൊണ്ടുള്ള വരവ് ഒഴിവായിക്കിട്ടിയേനേ.....

സഹ്യന്‍,
അവിടെ ഉണ്ടായിരുന്നു അല്ലെ? നേരില്‍ കാണാമായിരുന്നു......
ലിങ്ക് ഇട്ടതില്‍ ഒരു വിരോധവുമില്ല. മറിച്ച് ലിങ്ക് ഇട്ടതിലും ഫോട്ടോബ്ലോഗ് ലിങ്ക് ഇവിടെ നല്‍കിയതിലും സന്തോഷമേയുള്ളു.

വി.ശി,
നന്ദി, സന്തോഷം

രഞ്ജിത്ത്,
പരിപാടിക്ക് വരാനായില്ല അല്ലെ....
വേഷങ്ങൾക്ക് അനുവധിച്ച ഭാഗങ്ങൾ ഉചിതമായീട്ടില്ല എന്ന രഞിത്തിന്റെ കമെന്റ് കുറച്ചുകൂടി വ്യക്തമാക്കുമോ?


സ്വാമീ,
നന്ദി,സന്തോഷം.
അടുത്തതു ‘10പച്ച’:-)
തട്ടുകട ഉള്ളത് നന്നായി.ഉത്സവക്കലത്താണെങ്കില്‍ പുറത്ത് കടകള്‍ കാണും. ഈ സമയത്ത് അത് ഉണ്ടാവില്ലല്ലോ.ഒരു കട്ടന്‍ കുടിക്കാനും കൂടെ നിവൃത്തിയില്ലാതെയായാല്‍ ബുദ്ധിമുട്ടല്ലെ? പ്രത്യേകിച്ച് കത്തിയോടു കത്തികള്‍ ആടുകയും ചെയ്യുമ്പോള്‍....

അബുജാക്ഷന്‍ ചേട്ടാ,
ആ ആസ്വാദകന്‍ ബാലസുബ്രഹ്മണ്യന്റെ ഉത്ഭവം കണ്ടില്ലായിരുന്നുവോ?

Vellinezhi Anand പറഞ്ഞു...

രാജസം ഒരു നഷ്ടമായി മനസ്സില്‍ അവശേഷിയ്ക്കുന്നു....സാധകം, ഉഴിച്ചില്‍...അങ്ങനെ ചില തിരക്കുകളില്‍ പെട്ടുപോയി...മണിയുടെ ആസ്വാദനം ....കളി കണ്ട തോന്നല്‍ ....ആസ്വാദകര്‍ ഏറെ വന്നല്ലോ ! അപൂര്‍വ്വത തന്നെയല്ലേ കാരണം ? സാധാരണ കളിയായിരുന്നെങ്കിലോ ?

bharathamuni പറഞ്ഞു...

Really feeling great to note that there is no loss of generation in evaluating Kathakali. All the presentations within the time allotted were fairly good. For a student who wants to have a comparative study of important Kathi veshams, Rajasam was a good opportunity. Thattukada was empty by 12 O'clock. RAmankutty aasan's comment, "Pachaveshangalkku KAthi veshangakeppole rasabhinaya sakthiyilla", sounded quite odd.

nair പറഞ്ഞു...

മണി,
എന്റെ സുഹൃത്തിന് ഒരു പക്ഷേ ഉത്ഭവം പോലുള്ള കഥകൾ ഉൾക്കൊള്ളുവാൻ കഴിവുകാണുകയില്ലായിരിക്കാം. കഥകളി നന്നായി എന്നു കേൾക്കുന്നതു തന്നെ ഒരു സുഖമാണ്. ഇനി ഒരു “പച്ച അരങ്ങ് “ പ്രതീക്ഷിക്കാം. പുതിയ പുതിയ പരീക്ഷണങ്ങളിൽ കൂടി കളികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകട്ടെ. അതാണ് അത്യാവശ്യം.

nair പറഞ്ഞു...

ചുരുങ്ങിയ സമയം കൊണ്ട് തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുവാൻ നടന് സാധിക്കണം. പണ്ട് ഒരു കളിക്ക് രുഗ്മാംഗദചരിതവും കല്യാണസൗഗന്ധികവും ബകവധവും കഥകൾ നിശ്ചയിച്ചു. ഉണ്ണിത്താന്റെ ബകൻ. സൗഗന്ധികത്തിലെ ഭീമൻ തന്നെ ബകവധത്തിലും ഭീമനാകണം. രണ്ടു വേഷത്തിന് നടൻ സമ്മതിച്ചു. തീരെ കുറഞ്ഞത് സൗഗന്ധികത്തിലെ ഭീമൻ കഴിഞ്ഞ് കിരീടമൊന്ന് അഴിച്ച് വീണ്ടും വെച്ചുമുറുക്കാനുള്ള സമയം (സാവകാശം) ഭീമനടൻ ബകനടനോടാവശ്യപ്പെട്ടു. അതായത് ബകനടൻ ആട്ടം അൽപ്പം നീട്ടണം. ഈ നീട്ടൽ അരോചകമാക്കാതെ പ്രവർത്തിക്കുക നടന്റെ കഴിവാണ്. ഇത്തരം സാഹചര്യങ്ങൾ പണ്ട് ധാരാളം ഉണ്ടാകുമായിരുന്നു. ഓരോ കലാകാരന്മാരുടെ കഴിവുകൾ, അവർ ഓരോ കഥാപാത്രം ചെയ്യാൻ എടുക്കുന്ന സമയം പറ്റിയുള്ള ബോധവും കഥകൾ അഞ്ചായാലും ശരി കളി കൃത്യസമയത്തു തീർക്കാൻ ചുമതലയും (നടന്മാരേക്കാളേറെ) പൊന്നാനിക്കാരന് ഉണ്ടാവണം. നടൻ കൂടുതൽ സമയം എടുത്താൽ ചേങ്കിലയിൽ രണ്ട് തട്ട് തട്ടും. ഉടനെ നടന് സംഗതി പിടികിട്ടും. ഇന്ന് പല പൊന്നാനിക്കാരും നടന്റെ കണ്ട്രോളിലാണ്.
കീചകവധവും കിരാതവും കഥകൾ ഫുൾ നൈറ്റ് കളി വെച്ചിട്ട് കളി നേരത്തേ തീർത്തു എന്ന കാരണം പറഞ്ഞ് കളി നടത്തിപ്പുകാർ ശണ്ഠയിട്ട അനുഭവവും ഉണ്ട്.

-സു‍-|Sunil പറഞ്ഞു...

മണീ, നെറ്റ് കുഴപ്പങ്ങള്‍ കാരണം കാണാന്‍ താമസിച്ചു. “മണിയുടെ പുതിയ് ബ്ലോഗ് പോസ്റ്റ് കണ്ടുവൊ?” എന്ന് നാട്ടില്‍ നിന്നും വിളിച്ചു ചോദിച്ചിരുന്നു.
എന്തായാലും തന്റെ എഴുത്തിന്റെ ലാളിത്യവും ആത്മാര്‍ത്ഥതയും കാരണം വായിക്കാന്‍ നല്ല സുഖമുണ്ട്. ഈ ശൈലി തുടരെടോ.
മാങ്കുളത്തിന്റേയും മടവൂരിന്റേയും ഒക്കെ കളി കാണാന്‍ കൊതിയാവുന്നു. വിശദമായി എഴുതണം എന്നുണ്ട്‌, പക്ഷെ ഇപ്പോ ഒരു മൂഡ് ഇല്ല, ഞാന്‍ പിന്നെ വിസ്തരിച്ച് എഴുതാം അല്ലെങ്കില്‍ പറയാം.
സ്നേഹപൂര്‍വ്വം,
-സു-

Jyothi പറഞ്ഞു...

Adipoli aswadanam!

Kali kanda oru pratheethi, ippol!

ശ്രീകാന്ത് അവണാവ് പറഞ്ഞു...

മണി,

ആസ്വാദനം വളരെ നന്നായിട്ടുണ്ട്. എനിക്കും ഈ പരീക്ഷണങ്ങളോട് വലിയ താല്പര്യം ഒന്നും ഇല്ല.


പിന്നെ അന്നത്തെ തിരക്ക് ശ്രദ്ധിച്ചില്ലേ? കഥകളി വര്‍ഷങ്ങളായി കാണാതിരിക്കുന്ന പലരും അന്നു വന്നിരുന്നു. അതു തന്നെ നല്ലോരു കാര്യം ആണ്.


പിന്നെ കളിയെ കുറിച്ചു പറയുകയാണെങ്കില്, എല്ലാം നന്നായി, ചിലതു വളരെ നന്നായി. ഗോപിയാശാന്റെ കത്തി, ആശാ‍ന് പരമാവധി നന്നാക്കി. ഗോപിയാശാനു കത്തി വേഷങ്ങള് ചേരും എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും “ഏകലോചനം” ഇവിടെ തരക്കേടില്ലാതെ ചെയ്തു.

മടവൂരാശന്റെ ബാണന് മനോഹരമായിരുന്നു. നിശ്ചിത സമയത്തിനുള്ളില് ആട്ടം ചുരുക്കി മനോഹരമായി ആടാം എന്നതിനുള്ള വഴികാട്ടിയാണ് അന്നത്തെ ബാണന്. പിന്നെ രാമന് നമ്പൂതിരിയും ഈ വിജയത്തില് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഉത്ഭവം. നന്നായിരുന്നു. എങ്കിലും സമയം ഏറെ എടുത്തു. അല്ലെങ്കിലും തപസ്സാട്ടം മുഴുവന് ഒരു മണിക്കൂറില് തീര്ക്കാം അന്നു വിചാരിച്ച സംഘാടകര്ക്കു നമോവാകം. ഒരു ആസ്വാദകന് ചോദിച്ചു, “സമയക്കുറവും കാരണം രാവണന് 9 തല വെട്ടുന്നതു, 4 ആക്കി ചുരുക്കുമോ?”. ബാലസുബ്രഹ്മണ്യന് നന്നായി ചെയ്തു. എങ്കിലും അദ്ദേഹത്തിനു ഇനിയും അനായാസത വന്നിട്ടില്ല എന്നു തോന്നി. പലഭാഗങ്ങളും വളരെ പ്രയാസപ്പെടുന്നതു പോലെ തോന്നുന്നു. പിന്നെ ഉണ്ണികൃഷ്ണനും കൃഷ്ണദാസും ചേര്ന്നോരുക്കിയ മേളം വളരെ നന്നായി.

ഇതിനു ശേഷം ധാരാളം ആസ്വാദകര് സ്ഥലം കാലിയാക്കി. പിന്നീട് ഉണ്ടായ “കമലദളം”, “അഴകിയ രാവണന്” എന്നിവ വിരസത സൃഷ്ട്ടിച്ചു.

അതിനു ശേഷം എടുത്ത് പറയണ്ടതു കോട്ടക്കല് നന്ദകുമാറാശന്റെ “ബാലി വിജയം” രാവണനും, കേശവന്റെ “നരകാസുരനും” ആണ്. രാവണനും സമയത്ത് തീര്ക്കുന്നതിനു വേണ്ടി നന്നായി ചുരുക്കി ആടി. കേശവന് പിന്നെ അവസാനം ശരിക്കും “കത്തി” കയറി.

ഇതിലെ എടുത്തു പറയേണ്ട ഒരു സവിശേഷത മേളമാണ്. ഈ പരിപാടിയെ വിജയിപ്പിച്ചതും അവരാണ്. പിന്നെ സംഗീതം മഹാമോശമായി. ഇതൊനൊക്കെ ഈ “സുഖിയന്” പാട്ടുകാരെ തിരെഞ്ഞെടുത്തത് അത്ഭുതം തന്നെ. “പാടിയും” “ഘണ്ടാരവും” പാടുമ്പോള് ഒരു ഗാഭീര്യം വേണ്ടെ. കലാനിലയം രാജീവന് മാത്രമായിരുന്നു ഇതിനു ഒരു അപവാദം. ഇത്രയും മോശമായ ഒരു “ഹരിണാക്ഷി” ഈ അടുത്ത് കേട്ടിട്ടില്ല. അതെങ്കിലും നന്നാക്കും എന്നു വിചാരിച്ചു.

മണി,വാതുക്കോടം. പറഞ്ഞു...

ആനന്ദേട്ടാ,
വരാനായില്ല അല്ലെ.....
സാധാരണകളിയാണ്ര്ങ്കില്‍ ഇത്ര ആളുകൂടുമെന്നു തോന്നിന്നില്ല. എല്ലാവര്‍ക്കും വത്യസ്ഥതയോടല്ലെ താല്‍പ്പര്യം...

ഭരതമുനി,അബുച്ചെട്ടാ,ജോതി,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

സൂ ഏട്ടാ,
സമയവും മൂഡും ഉള്ളപ്പോള്‍ എഴുതൂ.

ശ്രീകാന്ത്,
അഭിപ്രായങ്ങള്‍ കമന്റില്‍ ഒതുക്കാതെ ‘കളിവെട്ട’ത്തില്‍ ഒര്രു പോസ്റ്റ് ആക്കാമായിരുന്നു.....

Haree | ഹരീ പറഞ്ഞു...

:-)
ലേഖകന്‍ ഘനഗാംഭീര്യമുള്ള ഗായകര്‍ വേണമായിരുന്നെന്നെഴുതി, ശ്രീകാന്താവട്ടെ ഗാംഭീര്യമുള്ള ഗായകര്‍ വേണമെന്നും. ഒരു സംശയം, ശബ്ദസൌകുമാര്യമുണ്ട് എന്നതു കൊണ്ടുമാത്രമാണോ സംഗീതം മോശമായി എന്നു പറയുന്നത്? ശൃംഗാരരസപ്രധാനമായ രംഗങ്ങളിലുപയോഗിക്കുന്ന പാടി പാടുവാനെന്തിനാണ് ഘനഗാംഭീര്യം? (“ഹരിണാക്ഷി...” മോശമാവാന്‍ അതല്ലായിരുന്നു/അതുമാത്രമല്ലായിരുന്നു കാരണമെന്നു മനസിലാക്കുന്നു.) യുദ്ധപദങ്ങളോ, പോര്‍വിളികളോ മറ്റോ പാടുവാന്‍ ഘനം വേണമെന്നു പറഞ്ഞാല്‍ പിന്നെയും യുക്തിയുണ്ട്, അതല്ലാതെ ശൃംഗാരത്തിനെന്തിനാണ് ഘനം! ഇങ്ങിനെ ചിന്തിക്കുവാന്‍ പോയാല്‍ സ്ത്രീ വേഷങ്ങള്‍ക്ക് സ്ത്രീഗായകര്‍ വേണമെന്നും പറയേണ്ടിവരും.

പിന്നെ മണി പറഞ്ഞതുപോലെ ‘കളിവെട്ട’ത്തില്‍ വിശദമായി തന്നെ ഒരു കുറിപ്പാവാമായിരുന്നു. :-)

മാതൃഭൂമി റിപ്പോര്‍ട്ട്
ദി ഹിന്ദു റിപ്പോര്‍ട്ട്
(വിശേഷിച്ചൊന്നുമില്ല, എല്ലാം ഗംഭീരം എന്നു തന്നെ രണ്ടിലും. എങ്കിലും ലിങ്കുകള്‍ ഇവിടെ സൂക്ഷിക്കുന്നത് നല്ലതായിരിക്കുമല്ലോ, അതുകൊണ്ട് നല്‍കുന്നെന്നു മാത്രം.)
--

കപ്ലിങ്ങാട്‌ പറഞ്ഞു...

രാജസം ഗംഭീരമായി, നല്ല തിരക്കുണ്ടായിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇത്തരം hype സൃഷ്ടിച്ച് ആള്‍ക്കാരെ ആകര്‍ഷിക്കുക കഥകളിക്കും ആവശ്യമാണ്‌. ഇപ്പോഴധികം കളി കാണാന്‍ സാധിക്കാത്ത എന്റെ ഒരു കാരണവരും ഈ പരിപാടിക്കെത്തിയിരുന്നു. മണിയുടെ ബ്ലോഗിനും ഉണര്‍വ്വ്, കമന്റുകളും പതിവിലുമധികം. രാജസം ഇവിടെയും ഒരു ചെറിയ കോളിളക്കം സൃഷ്ടിച്ചു അല്ലേ?

പക്ഷെ ഒറ്റരാത്രിയില്‍ ഇത്രകാശ് ചിലവാക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധവെച്ചാല്‍ ഇത്തരം പരിപാടികള്‍ കഥകളിക്ക് കൂടുതല്‍ ഉപയോഗപ്രദമാകും എന്നാണ്‌ എന്റെ അഭിപ്രായം. കുറെ പേര്‍ വന്നു, കളി കണ്ടു, പോയി എന്നതിലപ്പുറം, കഥകളിയുടെ ഭാവിയിലും ഒരു കണ്ണുണ്ടായാല്‍ വളരെ നന്നായിരിക്കും എന്നു തോന്നുന്നു. അക്കാദമിക്കായ പഠനങ്ങള്‍, അധികം അവസരം ലഭിക്കാത്ത ഒന്നോ രണ്ടോ കലാകാരന്മാര്‍ക്കവസരം കൊടുക്കല്‍, ആസ്വാദക സദസ്സുകള്‍, വിവിധ കഥകളി സംഘടനകളുടെ membership campaign-ഉകള്‍, അങ്ങനെ പുതിയ അംഗങ്ങളെ,ആസ്വാദകരെ സൃഷ്ടിക്കാന്‍ (നിലനിര്‍ത്താനും) ഉതകുന്ന രീതിയിലുള്ള പുതുമയുള്ള പരിപാടികളും ഇതിന്റെ കൂടെ ചെയ്താല്‍ നന്നായിരിക്കും. ഏതെങ്കിലും സ്കൂള്‍/കോളേജുമായി സഹകരിച്ച് അവരുടെ വിദ്യാര്‍ത്ഥികളേയുമുള്‍ക്കൊള്ളിച്ച് പരിപാടി നടത്താം. കഥകളിക്ക് ജാതി/മതാതീതമായ ഒരു messagingഉം ഇത്തരം പരിപാടികളില്‍ നിന്നുരുത്തിരിഞ്ഞു വരേണ്ടതാണ്‌.

മണി,വാതുക്കോടം. പറഞ്ഞു...

ഹരീ,
രാജസസ്വഭാവമുള്ള കത്തിക്ക് ഘനശ്ശാരീരമല്ലെ യോജിപ്പ്?

പത്രറിപ്പോര്‍ട്ടുകളുടെ ലിങ്ക് നല്‍കിയത് നന്നായി.

കപ്ലിങ്ങാട്‌,
‘രാജസത്തിന്റെ’ ജനത്തിരക്ക് ബ്ലോഗിലും ദൃശ്യമായി.
പരീക്ഷണങ്ങള്‍ നടക്കട്ടെ.എല്ലാം ഈ കലയുടെ നന്മയ്ക്ക് ഉതകട്ടെ എന്ന് വിചാരിക്കാം......

Athippatta Ravi പറഞ്ഞു...

കളിയ്ക്കു വരണമെന്നാഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.എന്നാല്‍ മണിയുടെ ഈ റിപ്പോര്‍ട്ട് കളി കണ്ട ഫലം തന്നു...സന്തോഷം...നന്ദി...

Subhash, Pachalam പറഞ്ഞു...

Kalamandalam Gopi's (Kathi) Duryodhanan is not that much good. Only his mudra is good. Madavoor's Banan OK. Balasubramanian's Ravanan in Ulbhavam was some what ok.
Kottakkal Kesavan's Narakasuran was really very very fine.
Subhash,