എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം (ഭാഗം 1)

28/02/1959ല്‍ ബഹുമാനപ്പെട്ട കൊച്ചീമഹാരാജാവ് ശ്രീമാന്‍ പരീക്ഷിത്തുതമ്പുരാനാല്‍ ഉത്ഘാടനം ചെയ്യപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം കഥകളിക്ലബ്ബ് വിജയകരമായി അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലേതന്നെ ഏറ്റവും പ്രായംകൂടിയ കഥകളി ക്ലബ്ബായ ഇതിന്റെ ഒരുവര്‍ഷം നീളുന്ന സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ 13/02/09ന് ഉത്ഘാടനം ചെയ്യപ്പെട്ടു. എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവന്‍ ഹാളില്‍ രാത്രി7മുതല്‍ നടന്നസമ്മേളനത്തില്‍വെച്ച് ബഹു: ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രനാണ് ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. കേരളകലാമണ്ഡലം സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ഡോ: കെ.ജി.പൌലോസ് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ഡോ: എം.ലീലാവതി, പ്രോഫ: അമ്പലപ്പുഴ രാമവര്‍മ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എറണാകുളം കഥകളി ക്ലബ്ബ് പ്രസിഡന്റ് ശ്രീ ഏ.ഡി.കൃഷ്ണനാശാന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഡോ: കെ.പി.പി.നമ്പ്യാര്‍ കൃതജ്ഞത അര്‍പ്പിച്ചു. വൈകിട്ട് 5മുതല്‍ ശ്രീ കലാമണ്ഡലം കേശവന്‍, ശ്രീ സി.പി.ഉണ്ണികൃഷ്ണന്‍, ഡോ: ഒ.എം.അനുജന്‍ എന്നിവര്‍ പങ്കെടുത്ത ‘കഥകളിയുടെ കാലികപ്രസക്തി’ എന്ന വിഷയത്തിലുള്ള ശില്പശാലയും നടന്നിരുന്നു.



തുടര്‍ന്ന് അടുത്തിടെ വാഹനാപകടത്തില്‍ മരണമടഞ്ഞ യുവ കഥകളിനടന്‍ ശ്രീ എളമക്കര രഞ്ജിത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൌനപ്രാര്‍ത്ഥനയും നടന്നു. പത്മപുര്‍സ്ക്കാരം ലഭിച്ച ശ്രീ കലാമണ്ഡലം ഗോപിയെ എറണാകുളം കഥകളി ക്ലബ്ബ് പൊന്നാടചാര്‍ത്തി അഭിനന്ദിച്ചു.



രാത്രി 8:30മുതല്‍ പത്മശ്രീ കലാ: ഗോപി ബാഹുകനായെത്തിയ നളചരിതം നാലാം ദിവസം കഥകളിയും അവതരിപ്പിക്കപ്പെട്ടു. (നളചരിതം നാലാംദിവസത്തെ കഥാസാരം ഇവിടെ വായിക്കാം.) തന്റെ പ്രിയപത്നി പുനര്‍വിവാഹത്തിനൊരുങ്ങി എന്ന വാര്‍ത്തകേട്ട്, അതിനു തയ്യറായി വന്ന ഋതുപര്‍ണ്ണന്റെ സാരഥീഭാവത്തില്‍ തന്റെ ഭാര്യാഗൃഹത്തില്‍ എത്തിചേര്‍ന്ന ബാഹുകന്റെ സങ്കടാവസ്ഥയും, അവിടെവെച്ച് വളരേക്കാലംകൂടി ദമയന്തിയെ ദര്‍ശ്ശിക്കുമ്പോഴുള്ള ആനന്ദവും, അതെ സമയം പുനര്‍വിവാഹത്തിന്റെ ആശങ്കകള്‍ മൂലമുണ്ടായ കോപവും എല്ലാം സമര്‍ത്ഥമായി രംഗത്ത് അവതരിപ്പിച്ചുകൊണ്ട് ഗോപിയാശാന്‍ ഈ അരങ്ങിനെയും ധന്യമാക്കി. ഭാവപ്രകടനത്തിനൊപ്പം താളാത്മകവും ചടുലവും മനോഹരവുമായ മുദ്രകളും, നിലകളും ഗോപിയാശാന്റെ പ്രത്യേകതകളാണ്.


.

ശ്രീ മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തിയായിവേഷമിട്ടത്. നാലിലെ ദമയന്തിയെ സ്മരിക്കുമ്പോള്‍ കോട്ടക്കല്‍ ശിവരാമനെന്ന പ്രതിഭയായിരിക്കും കളികമ്പക്കാരുടെ മനസ്സില്‍ പെട്ടന്ന് ഓര്‍മ്മവരിക. കാരണം, കഠോരമായ വിരഹക്കടലില്‍ വിധുരവിധുരം വീണുഴറുമ്പോളും ആശകൈവെടിയാതെ പുന:സമാഗമത്തിനായി പരിശ്രമിച്ച് വിജയത്തിലെത്തുന്ന സമര്‍ത്ഥയായ ദമയന്തിയെന്ന നായികയെ അത്രമാത്രം തന്മയത്തോടെ അരങ്ങുകളില്‍ ആവിഷ്ക്കരിച്ച് പ്രേക്ഷകമനസ്സുകളെ വിസ്മയിപ്പിച്ച കലാകാരനാണദ്ദേഹം. പലപ്പോഴും അദ്ദേഹം മുദ്രകള്‍ മുഴവനായും കാട്ടിയിരുന്നില്ലെങ്കില്‍ പോലും കവിഞ്ഞൊഴുകുന്ന ഭാവാഭിനയതികവില്‍ അതൊരു പോരായ്കയായി ആര്‍ക്കും തോന്നിയിട്ടില്ല. കഥകളിയിലെ ഇതരകഥകളിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് നാലിലെ ദമയന്തി ചിട്ടവട്ടങ്ങളേക്കാള്‍ ഭാവാഭിനയ പ്രധാനവുമാണല്ലൊ. തികഞ്ഞകഥകളിത്തതോടെയുള്ള ഒരു അഭിജാതനായികയുടെ നിലയും, താളാത്മകവും ഭംഗിയുള്ളതുമായ മുദ്രകളുമാണ് വിജയകുമാറിന്റെ അഭിനയത്തിലെ പ്രത്യേകതകള്‍. അംഗാരനദിയിലെ തരംഗാവലികളില്‍ ഏതുമറിയാതെ മുങ്ങി മങ്ങിയ ഭാവത്തേക്കാളധികം വിജയകുമാറിന്റെ ദമയന്തിയില്‍ ദര്‍ശ്ശിച്ചത് പ്രതിസന്ധികളെ ധീരമായി നേരിടുന്ന രാജപത്നിയുടെ ഭവമാണ് .

“സ്വല്പപുണ്യയായേന്‍”
ക്ലേശവിനാശനത്തിനു കൌശലമുള്ള കേശിനിയെ ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് ശ്രീ കലാമണ്ഡലം ഷണ്മുഖദാസും മികവുപുലര്‍ത്തി.
“ഈര്യതേ എല്ലാം”
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്ന് നല്ല സംഗീതം പകര്‍ന്നിരുന്ന ഈ കളിയില്‍ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാനിലയം മനോജ്ജും(മദ്ദളം) നടന്മാരുടെ കൈക്കുകൂടികൊണ്ട് മനോഹരമായിതന്നെ മേളവും നല്‍കി. “ബഹുതരംഗാവലിയില്‍ ഞാനോ”
ശ്രീ കലാനിലയം സജി ചുട്ടികുത്തിയ കളിക്ക് ശ്രീ കുമാരനും സംഘവും ചേര്‍ന്ന്
അണിയറകൈകാര്യം ചെയ്തു. എറണാകുളം കഥകളിക്ലബ്ബിന്റെ തന്നെയായിരുന്നു കളിക്കോപ്പ്. സമയകുറവുമൂലമായിരിക്കാം ദമയന്തിയുടെ “തീര്‍ന്നു സന്ദേഹമെല്ലാം”
എന്നപദമുള്‍ക്കൊള്ളുന്ന ആദ്യരംഗം ഒഴിവാക്കുകയും, കേശിനിയുടെ “പൂമാതിനൊത്ത ചാരുതനോ” എന്ന പദവും ദമയന്തിയുടെ “പ്രേമാനുരാഗിണി” എന്ന ചരണവും ലേശം കാലംതള്ളിപാടുകയും ചെയ്തു എന്നതൊഴിച്ചുനിര്‍ത്തിയാല്‍ എല്ലാക്കാര്യങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയതായിരുന്നു ഈ കളി. “അണക നീ അവനോടു”
അവസാന രംഗത്തിലെ “സ്ഥിരബോധം മാഞ്ഞു” എന്ന നളന്റെ ചരണവും തുടര്‍ന്നുവരുന്ന “മുന്നേ ഗുണങ്ങള്‍” എന്ന ദമയന്തിയുടെ ചരണവും ഇവിടെയും ഒഴിവാക്കിയിരുന്നു. കലിബാധയാല്‍ സ്ഥിരബോധം മാഞ്ഞതിനാലാണ് ഞാന്‍ നിന്നോട് വളരെ അപരാധങ്ങള്‍ ചെയ്തതെന്നും, ഇപ്പോള്‍ നിന്റെ രണ്ടാംസ്വയംവര വാര്‍ത്തകേട്ട് വന്നതാണെന്നുമാണ് നളന്‍ ഈ ചരണത്തില്‍ പറയുന്നത്. മുന്‍പേ അങ്ങയില്‍തന്നെ മനസ്സുറപ്പിച്ചവളും, പിന്നെ അരയന്നത്തിന്റെ വാക്കുകള്‍കേട്ട അന്നുതന്നെ മനസാ അങ്ങയെ വരിച്ചവളുമാണ് താനെന്നും, പിന്നീട് ദേവരും മന്നവരും നിറഞ്ഞസദസ്സില്‍ വെച്ച് അങ്ങെന്നെ വരിച്ചതുപോലെ ഇന്നും എന്നെ സ്വീകരിക്കണമെന്നും പറയുന്നതിനൊപ്പം ദമയന്തി ഈ ചരണത്തില്‍ എന്റെ സങ്കടാവസ്ഥയില്‍ എനിക്കാരായിരുന്നു തുണ? അന്ന് അങ്ങ് എവിടെയായിരുന്നു? എന്ന് ചോദ്യവുമുതിര്‍ക്കുന്നു. കഥാഗതിക്കു വളരെ ആവശ്യമായ ഈ ചരണങ്ങള്‍ സാധാരണ ഒഴിവാക്കാന്നതായാണ് കാണുന്നത്. ഇതിനെതിരെ ആസ്വാദകരും കളിനടത്തിപ്പുകാരും പ്രതികരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.

7 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, ആകപ്പാടെ ഒരു മാറ്റം ഭാഷക്കും എഴുത്തുരീതിക്കുമൊക്കെ (സ്റ്റൈലിനും) തോന്നുന്നു. വളരെ നല്ലത്. നല്ല കളികണ്ട സുഖം കൊണ്ടായിരിക്കും നല്ലതായി എഴുതിയത് അല്ലേ? :):):)

എനിക്കറിയത്തത്:
“കഠോരമായ വിരഹക്കടലില്‍ വിധുരവിധുരം വീണുഴറുമ്പോളും“ വിധുരംവിധുരം ന്ന് വെച്ചാൽ എന്താ അർത്ഥം?
അ.പിശാച്:“സമര്‍ദ്ധയായ“=സമർത്ഥമായ

‘കഥകളിയുടെ കാലികപ്രസക്തി‘ എന്ന ശിൽ‌പ്പശാലയിൽ പങ്കെടുത്തില്ലേ? എന്തായിരുന്നു അവിടെ അവതരിപ്പിച്ച പ്രമേയങ്ങളുടെ ചുരുക്കം? അതും എഴുതാമായിരുന്നു.

വികടശിരോമണി പറഞ്ഞു...

സുനിൽ പറഞ്ഞ പോലെ,ഭാഷ‌യ്ക്കൊക്കെ ഒരു പുതിയ ജീവൻ!
ഗോപിയാശാൻ ഈയിടെ മിക്ക കളികളും നന്നായിചെയ്യുന്നതായാണ് കേൾക്കുന്നത്,ശരിതന്നെ,ല്ലേ?

Sreekanth | ശ്രീകാന്ത് പറഞ്ഞു...

ഗോപിയാശാന്‍ പിന്നെയും പിന്നെയും ചെറുപ്പമായി വരുന്നോ എന്നൊരു സംശയം.

ഇപ്പോള്‍ ആശാനു എല്ലാ കളികള്‍ക്കും ഒരു "Minimum Standard" ഉള്ളതായി തോന്നിയിട്ടുണ്ട്.

ഒന്ന് - രണ്ട് കൊല്ലം മുമ്പ്, ഇതു പോലെ വേദിക നടത്തിയ “ദക്ഷയാഗം” കളിയില്‍ രണ്ടാമത്തെ ദക്ഷന്‍ കെട്ടുകയുണ്ടായി (അറിയാതെ മുതല്‍). അന്നു ആശാന്റെ ശൌര്യം കണ്ട് അത്ഭുതപെട്ടുപോയി. അവസാനം വരെ ഒരു ക്ഷീണവും ഇല്ലാതെ “തകര്‍ത്ത്” കളിച്ചു.

“സ്ഥിരബോധം” വേണ്ടെന്നു വെക്കുന്നത് കഷ്ടം തന്നെ. ഇതിനെ കുറിച്ച് ഒരിക്കല്‍ കോട്ടക്കല്‍ ശിവരാമാശനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങിനെ “കഥകളികാര്‍ക്ക് ഇപ്പോള്‍ സ്ഥിരബോധം ഇല്ല. അഭിലാഷമേ ഉള്ളൂ”

ശ്രീകാന്ത് അവണാവ്

Haree പറഞ്ഞു...

:-)
സുവര്‍ണ്ണജൂബിലിയൊക്കെയായിട്ട് ഒരു നാലാം ദിവസം മാത്രമേ ഉണ്ടായുള്ളോ? (ഭാഗം 2-ല്‍ ബാക്കി വരുമായിരിക്കും, അല്ലേ?)

‘കഥകളിയുടെ കാലികപ്രസക്തി’ എന്നതിനെക്കുറിച്ച് എല്ലാവരും എന്താണ് പറഞ്ഞത്? ‘കാലോചിതമായി കഥകളിയുടെ രംഗാവതരണത്തില്‍ കൊണ്ടുവരേണ്ട പരിഷ്കാരങ്ങള്‍’ എന്നതിനെക്കുറിച്ചൊക്കെയാണെന്നു തോന്നുന്നു ചിന്തിക്കേണ്ടത്. തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഒരു അനുഭവമാവണം; അങ്ങിനെയല്ലാത്തത് സി.ഡി.യിട്ട് കാണാം എന്നു വിചാരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. അവര്‍ക്കു മുന്നില്‍ പഴയ ആം‌പ്ലിഫയറും, പാട്ടിനൊപ്പം മറ്റു ചിലതൊക്കെ കൂടി കേള്‍ക്കുന്ന സ്പീക്കറുകളും, ലൈറ്റിനേക്കുറിച്ചോ ഷേഡിനേക്കുറിച്ചോ ഒരു ചിന്തയുമില്ലാതെ തെളിക്കുന്ന ലൈറ്റുകളും ഒക്കെയായി ദൃശ്യ/ശ്രാവ്യ സുഖം പരിമിതമായ അവസ്ഥയിലാണ് പലയിടത്തും കഥകളി അവതരിപ്പിക്കുന്നത്. അങ്ങിനെയല്ലാതെ വേണമെന്നു വെച്ചാല്‍ ചെലവു കൂടും, ആത്യന്തികമായി ഇതെങ്ങിനെ കലാമൂല്യം നഷ്ടപ്പെടുത്താതെ മാര്‍ക്കറ്റ് ചെയ്യാം എന്നതാണ് ചിന്തിക്കേണ്ടത്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതുപോലെയുള്ള വേദികളില്‍ ഉണ്ടാവേണ്ടത്. അല്ലാതെ, ‘കഥകളിയുടെ കാലികപ്രസക്തി’ എന്നതുപോലെയുള്ള വിഷയങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതുകൊണ്ട് എന്തു കാര്യം! ഇതുപോലെയുള്ള ബ്ലോഗുകളില്‍ പോലും, അതിന്റെ പേരുമാത്രം അവശേഷിക്കും, കേട്ടവര്‍ക്കുപോലും കാര്യമായി എന്തെങ്കിലും ഗുണമുണ്ടാവുകയുമില്ല! എന്താണ് കാലികപ്രസക്തിയെക്കുറിച്ച് പലരും പറഞ്ഞതെന്നറിയുവാന്‍ സ്റ്റില്‍, താത്പര്യമുണ്ട്. ഞാനാലോചിച്ചിട്ട് ഒന്നും തോന്നുന്നില്ലേ... കഥകളി ആസ്വദിക്കുവാന്‍ അറിയാവുന്നവര്‍ സഹൃദയരായിരിക്കും, തിന്മ മനസില്‍ കുറവായിരിക്കും എന്നൊരു പ്രസക്തി വേണമെങ്കില്‍ പറയാം. :-D

കുറച്ചു കൂടി അലങ്കാരികമായിട്ടുണ്ട് എഴുത്ത്. :-)

@ -സു‍-|Sunil,
“വിധുമുഖിയുടെ രൂപമധുരത കേട്ടു മമ, വിധുരത വന്നു, കൃത്യചതുരത പോയി...” അതിലെ വിധുരം തന്നെ ഇവിടെയും! :-) പക്ഷെ, ആ സാമാന്യ അര്‍ത്ഥത്തില്‍ വിധുരവിധുരം നില്‍ക്കുമോ എന്ന് സംശയം. യമകത്തിനു സാധ്യതയുണ്ടല്ലോ, ശബ്ദതാരാവലി തന്നെ റഫര്‍ ചെയ്യേണ്ടി വരും.

@ ശ്രീകാന്ത് അവണാവ്,
:-) ഗോപിയാശാന്റെ സൌകര്യാര്‍ത്ഥം തന്നെയാണ് “സ്ഥിരബോധം മാഞ്ഞു നിന്നോട്...” ഒഴിവാക്കുന്നത്. ‘കര്‍ണ്ണശപഥ’ത്തിലെ “ജേഷ്ഠ! കേള്‍ക്കുക...”, “ശെഠ, ശെഠ, മതിയെട...” എന്നിവയൊക്കെ അതുപോലെ ഒഴിവാക്കപ്പെടാറുണ്ട്. ഏവൂരില്‍ കഴിഞ്ഞ കൊല്ലം സംഘടിപ്പിച്ച ‘നളചരിതോത്സവ’ത്തില്‍ മുഴുവന്‍ ഉണ്ടായിരുന്നു. ഒരു പദവും ഒഴിവാക്കുന്നത്, വ്യക്തിപരമായി എനിക്കിഷ്ടമല്ല. :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@സൂ,
അതെ കളിനന്നായപ്പോള്‍ എഴുതാനും ഒരു സുഖംതോന്നി.

യമകവും അലങ്കാരവും ഒന്നും വല്യപിടിത്തമില്ല:-)
“കടലിതു വീതഗാധപാരം
വിധുരവിധുരമതില്‍ വീണുഴന്നു”
എന്നവരികളെ ആസ്പദമാക്കി എഴുതിയെന്നെയുള്ളു.

അ.പിശാചിനെ ഓടിച്ചേക്കാം......

ശില്പശാലയില്‍ പങ്കെടുത്തില്ല. അതിനുശേഷ എനിക്ക് അവിടെ എത്താന്‍ കഴിഞ്ഞുള്ളു.

@ഹരീ,
അന്ന് നാലാംദിവസം മാത്രമെ ഉണ്ടായുള്ളു. പിറ്റേദിവസം പുലരുംവരെ കളിയുണ്ടായി. ഭാഗം 2ഉടനെ.....

ഹരീ,രണ്ടാം ദിവസം ‘ഇന്നത്തെ കഥകളുടെ അവതരണരീതി’ എന്ന വിഷയത്തിലും ശില്പശാലയുണ്ടായിരുന്നു.(അതിനും എനിക്ക് പങ്കെടുക്കാനായില്ലാ)

ഇങ്ങിനെ ഗോപിയാശാന്റെ-അല്ലെങ്കില്‍ മറ്റൊരാശാന്റെയൊ പാട്ടുകാരന്റെയൊ-സൌകര്യാര്‍ദ്ധം ഒഴിവാക്കുന്ന ചരണങ്ങള്‍ പലതും പിന്നീടങ്ങോട്ട് കീഴ്വഴക്കമായി-ചിട്ടയായി-മാറുന്നതായാണ് കണ്ടുവരുന്നത്.ഇതാണ് തീരെ ശരിയല്ലാത്തത്.ആശാന് പ്രായമായകാരണത്താല്‍ ഒഴിവാക്കിതുടങ്ങിയ പല ചരണങ്ങളും പിന്നീട് യുവനടന്മാരും ഒഴിവാക്കുന്നതായി കാണുന്നു. ചോദിച്ചാല്‍ ‘ഇപ്പോള്‍ ഇങ്ങനെയാണ് പതിവ്’ എന്ന ഒറ്റ ഉത്തരമാണ് കലാകാരന്മാര്‍ക്കുള്ളത്.

@വികടന്‍,
അതെ ഗോപിയാശാന്‍ ഇപ്പോള്‍ മിക്ക കളികളും നന്നായി ചെയ്യുന്നുണ്ട്. ദൈവാധീനത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വലിയ ശാരീരിക അസ്വാസ്ഥ്യങ്ങളും ഉള്ളതായി തോന്നുന്നില്ല.

കപ്ലിങ്ങാട്‌ പറഞ്ഞു...

കുറച്ചു കാലമായി ഗോപിയാശാന്റെ നാലാം ദിവസവും അതു കഴിഞ്ഞാൽ ഒന്നുമാണ്‌ നളചരിതത്തിൽ അധികം പതിവുള്ളത്‌ എന്ന്‌ തോന്നുന്നു. നാലാം ദിവസം ആടാൻ അദ്ധ്വാനം കുറവായതു കാരണമായിരിക്കാം. അതു കൊണ്ട്‌ "സ്ഥിര ബോധം" അസൗകര്യമാകേണ്ട കാരണമൊന്നുമില്ല.. അദ്ധ്വാനമല്ലാതെ മറ്റു കാരണങ്ങൾ വല്ലതും?

കുറച്ചു കാലം മുമ്പു വരെ എറണാകുളം വാർഷികം രണ്ട്‌ ദിവസം വിസ്തരിച്ചായിരുന്നുവല്ലേ? ഇപ്പോഴത്‌ തിരക്കു കുറവായതു കാരണമാണെന്നാണ്‌ കേട്ടത്‌, കുറച്ച്‌ ചുരുക്കി. അതു കൊണ്ടു "കാലിക പ്രസക്തി"യെക്കുറിച്ചുള്ള ചർച്ച പ്രസക്തം തന്നെ. കഥകളിയെ ജനങ്ങളിലേക്ക്‌ കൊണ്ടു വരാൻ ക്രിയാത്മകമായ വല്ല നല്ല ആശയങ്ങളും രൂപപ്പെട്ടു വന്നാൽ നന്നായി, എറണാകുളം ക്ലബ്ബിനെപ്പോലെയുള്ളവരൊക്കെയാണ്‌ ഇതിനു നേതൃത്വം കൊടുക്കേണ്ടത്‌.

ഇതിനു വരണമെന്നാണ്‌ വിചാരിച്ചത്‌, പക്ഷെ അടുത്ത ആഴ്ച തൃശ്ശൂർ ക്ലബ്ബിന്റെ വാർഷികമായിപ്പോയി (ഗോപിയാശാൻ - മൂന്നാം ദിവസം, കോട്ട.ചന്ദ്രശേഖരൻ - കീചകവധം), അതിനു ചിലപ്പോൾ വന്നേക്കും, ആരെങ്കിലുമുണ്ടെങ്കിൽ കാണാം :-)

Unknown പറഞ്ഞു...

മണിയ്ക്ക്‌:

പലരും തിരിച്ചറിഞ്ഞു എഴുതിക്കഴിഞ്ഞു, മണിയുടെ എഴുത്തിലെ പുതുമ. അഭിനന്ദനം. അദ്യത്തെ 2 വരികൾ കൂടി ഭംഗി യാക്കമായിരുന്നു.

എർണാകുളം ക്ലബ്ബിലെ വാർഷിക ക്കളി എല്ലാവർഷവും നന്നാകാറുണ്ട്‌. ഈക്കുറി യും നന്നായി എന്നറിഞ്ഞതിൽ സന്തോഷം.കളി കാണുവാൻ കഴിഞ്ഞില്ലല്ലോ , എന്ന ദുഃഖവും.

'കഥകളി യുടെ കാലിക പ്രസക്തി' എന്ന വിഷയത്തിനു പ്രസക്തി യുണ്ടു. പറ്റുമെങ്കിൽ മണീ, ആ പ്രബന്ധങ്ങൾ സംഘടിപ്പിച്ചു ,കർത്താക്കളുടെ അനുമതിയോടു ഒരോന്നായി പോസ്റ്റ്‌ ചെയ്യൂ.

ഹരി സൂചിപ്പിച്ച തു പോലെ, രംഗത്തെ ശബ്ദവും വെളിച്ചവും വേണ്ടവിധമാക്കേണ്ട കാലം കഴിഞ്ഞു. ഒരു പാടു ആധുനിക സംവിധാനങ്ങൾ വന്ന ആ മേഖലയുടെ ഗുണഭോക്താവാകുവാൻ സാമ്പത്തിക പരാധീനത ഒന്നു കൊണ്ടു മാത്രം കഥകളിക്കു സാധ്യമല്ലാതെ പോകുന്നു. കളിക്കാർക്കു 'കവർ' കൊടുക്കുവാൻ ഞെരുങ്ങുന്നതിനിടയിൽ പത്തിരുപത്തയ്യായിരം 'ലൈറ്റ്‌-സൗണ്ട്‌' ചിന്തിക്കാനാവില്ല.
ഞാനിതെഴുന്ന സമയം, എർണാകുളത്തു തന്നെ , മറ്റൊരു 'ക്ലാസ്സിക്കൽ' പരിപാടി ലക്ഷങ്ങളുടെ ചിലവിൽ(7 ലഖം എന്നെല്ലാം കേട്ടു) നടക്കുന്നു. അതാണു ചില പരിപാടികളുടെ കാലിക പ്രസക്തി!!!!

Rajasekhar.P.Vaikom