ഇരിങ്ങാലക്കുട കഥകളികളിക്ലബ്ബിന്റെ വാര്‍ഷികം


ഡോ: കെ.എന്‍.പിഷാരോടിസ്മാരക കഥകളിക്ലബ്ബ് ഇരിങ്ങാലക്കുടയുടെ മുപ്പത്തിനാലാമത് വാര്‍ഷികം ജനുവരി 25ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി രാത്രി 9മുതല്‍ പുലരും വരെ കഥകളിയും അവതരിപ്പിക്കപ്പെട്ടു. കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘമായിരുന്നു കളി അവതരിപ്പിച്ചത്.

“മുഖാംബുജമധുവൊന്നു പുണരേണം”
.
നാലുനോക്കോടുകൂടിയുള്ള പുറപ്പാടോടെയാണ് കഥകളി ആരംഭിച്ചത്. ഇതില്‍ ശ്രീരാമനായി ശ്രീ കോട്ടക്കല്‍ മനോജും, ലക്ഷ്മണനായി ശ്രീ കോട്ടക്കല്‍ പ്രദീപും, ഭരതനായി ശ്രീ കോട്ടക്കല്‍ ബാലനാരായണനും, ശത്രുഘ്നനായി ശ്രീ കോട്ടക്കല്‍ ശ്രീജിത്തും വേഷമിട്ടു.

“നുകരുക മധു വീര”
.
തുടര്‍ന്ന് ബാലകവി രാമശാസ്ത്രികള്‍ രചിച്ച ‘ബാണയുദ്ധം’(ഉഷ-ചിത്രലേഖ വരെ) കഥ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ബാണനായെത്തിയ ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരും ബാണപത്നിയായി വേഷമിട്ട ശ്രീ കോട്ടക്കല്‍ രാജ്‌മോഹനനും മികച്ചപ്രകടമാണ് കാഴ്ച്ചവെയ്ച്ചിരുന്നത്.

ശിവതാണ്ഡവം
.
ശൃംഗാരലീലോത്സുകനായ ബാണന്‍ പത്നിയോട് പറയുന്നതായുള്ള ‘സാരസാക്ഷിമാരണിയും’ എന്ന പാടിപദമാണ് ആദ്യം. തുടര്‍ന്ന് ബാണപത്നിയുടെ ‘കളധൌതകമലങ്ങള്‍’ എന്നാരംഭിക്കുന്ന മറുപടിപദമാണ്. ശേഷം ആട്ടമാണ്. ഇതില്‍ സുന്ദരിയായ പത്നിയെ ആലിംഗനം ചെയ്യാന്‍ വെമ്പുന്ന തന്റെ ആയിരം കൈകളോട് ബാണന്‍ ഇപ്രകാരം പറയുന്നു. ‘ബാഹുക്കളേ, നിങ്ങളെല്ലാവരും കൂടി ആലിംഗനം ചെയ്താല്‍ ഇവള്‍ പൊടിഞ്ഞുപോകും. അതുകൊണ്ട് ഒരു കാര്യം ചെയ്യുക. ആദ്യ രണ്ട് കൈകളെ, നിങ്ങള്‍ ഇവളുടെ കാര്‍കൂന്തല്‍ അലങ്കരിക്കുക. തലമുടി വളരെ കേവലം എന്ന് വിചാരിക്കേണ്ട. പണ്ട് തലമുടിയും മയില്‍പ്പീലിയും തമ്മില്‍ തങ്ങളില്‍ ആരാണ് കൂടുതല്‍ സുന്ദരി എന്ന് മത്സരമുണ്ടായി. പിന്നീട് ഇരുവരും ബ്രഹ്മദേവനെ ചെന്നുകണ്ടു. തലമുടിതന്നെയാണ് കൂടുതല്‍ വിശിഷ്ഠ എന്ന് വിധിപറഞ്ഞ് ബ്രഹ്മാവ് തലമുടിയില്‍ പൂവ് അണിയിച്ച് അയച്ചു. വിധിയില്‍ തൃപ്തയല്ലാതെ അവിടെ നിന്ന മയിലിനെ ബ്രഹ്മാവ് കഴുത്തിനുപിടിച്ച് പുറത്താക്കി. അങ്ങിനെയാണ് മയിലിന്റെ കഴുത്തില്‍ ഇന്നുകാണുന്ന പാട് ഉണ്ടായത്. അതിനാല്‍ തലമുടിയെ നിങ്ങള്‍ ഒട്ടും കേവലമായി കണക്കാക്കരുത്. ബാക്കിയുള്ള ബാഹുക്കളേ, നിങ്ങള്‍ ഈരണ്ടുപേര്‍ വീതം ചേര്‍ന്ന് ഇവളുടെ മനോഹരമായ പുരികം എഴുതുകയും, താമരക്കണ്ണുകളില്‍ മഷിയെഴുതുകയും, നെറ്റിതടത്തില്‍ തിലകം ചാര്‍ത്തുകയും, പവിഴാധരങ്ങളില്‍ ചായം പുരട്ടുകയും, ലോലമായ കവിള്‍ത്തടങ്ങളില്‍ അംഗരാഗമണിയിക്കുകയും, കര്‍ണ്ണങ്ങളില്‍ കുണ്ഡലമണിയിക്കുകയും, ശംഖിനുസമാനമായ കഴുത്തില്‍ മാലയണിയിക്കുകയും, കൈകളില്‍ കങ്കണങ്ങള്‍ അണിയിക്കുകയും, വിരലുകളില്‍ മോതിരമണിയിക്കുകയും, സ്തനങ്ങളില്‍ കളഭം പുരട്ടുകയും, നാഭിയില്‍ നിന്നും മുകളിലേക്ക് കരിനാഗസമാനമായി നില്‍ക്കുന്ന രോമരാജിയെ തടവി ഒതുക്കുകയും, അരയില്‍ കടീസൂത്രമണിയിക്കുകയും, പാദങ്ങളില്‍ പാദസ്വരങ്ങള്‍ അണിയിക്കുകയും ഒക്കെചെയ്ത് ഇവളെ ഒരുക്കുക.’ തുടര്‍ന്ന് ബാണനും ബാണപത്നിയും ആലിംഗനബദ്ധരാവുന്നു. കുറച്ചുസമയത്തിനുശേഷം ‘നാം കാമദേവനെ സന്തോഷിപ്പിച്ചതു കാരണം ദേഹം ക്ഷീണിതമായിരിക്കുന്നു. അതിനാല്‍ ഇനി ഞാന്‍ കുറച്ച് വിശ്രമിക്കട്ടെ.’ എന്നു പറഞ്ഞ് ബാണന്‍ പത്നിയെ അന്തപ്പുരത്തിലേക്കയച്ച്, ഇരുന്ന് വിശ്രമിക്കുന്നു. തുടര്‍ന്ന് ബാണന്‍ ‘എനിക്ക് സുഖം ഭവിച്ചു, കാരണമെന്ത്?’ എന്ന് തന്റേടാട്ടം ആരംഭിക്കുന്നു.

ബാണന്റെ മിഴാവുവാദനം
.
ഇങ്ങിനെ ശൃംഗാരരസപ്രധാനമായ രംഗത്തെ തുടര്‍ന്ന് വീരരസപ്രധാനമായ തന്റേടാട്ടം മറ്റൊരു കഥയുടെ അവതരണത്തിലും ഉണ്ടെന്നു തോന്നുന്നില്ല. ശൃംഗാരരസപൂര്‍ണ്ണമായ ഭാവത്തില്‍ നിന്നും ബാണനെ പെട്ടന്ന് വീരരസത്തിലേക്ക് സങ്ക്രമിപ്പിച്ച് തന്റേടാട്ടം തുടങ്ങുകയെന്നത് വളരെ പ്രയാസകരമാണ്. നായകന് ശൃംഗാരം വിട്ട് വീരത്തിലേക്ക് പ്രവേശിക്കുവാന്‍ കാരണമായി മറ്റു കത്തിപ്രധാനമായ കഥകളിലുള്ളതുപോലെ ഒരു ശബ്ദംകേള്‍ക്കലോ, നാരദന്റേയോ ദൂതന്റേയോ ആഗമനമോ ഒന്നും ഇല്ലായെന്നുള്ളതാണ് ഇവിടെ പ്രശ്നമെന്നു തോന്നുന്നു. ഇതുകൊണ്ടായിരിക്കാം പണ്ടുമുതല്‍ തന്നെ സാധാരണയായി ബാണയുദ്ധത്തിലെ പതിഞ്ഞപദം ഒഴിവാക്കുകയും തിരനോട്ടശേഷം തന്റേടാട്ടത്തോടെ കഥ ആരംഭിക്കുകയും ചെയ്തുവരുന്നത്.

തന്റെ അച്ഛനായ മഹാബലി ഭിക്ഷയാചിച്ച് വന്ന വിഷ്ണുവിന് സകലസ്വത്തുക്കളും, തന്നെത്തന്നെയും ദാനംചെയ്ത് പ്രശസ്തിനേടി, പാതാളത്തില്‍ വിഷ്ണുവിനെ കാവല്‍ക്കാരനായി നിര്‍ത്തി സസുഖം വാഴുന്നു എന്ന കഥയും, തുടര്‍ന്ന് താന്‍ ശിവപാര്‍വ്വതിമാരുടെ മാനസപുത്രനായിതീര്‍ന്ന കഥയും, തനിക്ക് ശിവാനുഗ്രഹത്താല്‍ ആയിരം കൈകള്‍ ലഭ്യമായ സംഭവവും, താന്‍ വരംചോദിച്ചതനുസ്സരിച്ച് ശിവകുടുബം തന്റെ ഗോപുരം കാത്തുരക്ഷിച്ചുകൊണ്ട് ഇവിടെവന്ന് വസിക്കുവാനിടയായതും ഒക്കെയാണ് ബാണന്‍ തന്റേടാട്ടത്തില്‍ ആദ്യം അവതരിപ്പിച്ചത്. ഇതില്‍ ശിവന്റെ നടനവും, ബാണന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് മിഴാവ്, മദ്ദളം, ഇടയ്ക്ക തുടങ്ങിയവാദ്യങ്ങള്‍ വായിക്കുന്നഭാഗവും വിസ്തരിച്ചാണ് അവതരിപ്പിച്ചത്. ഈ ഭാഗത്ത് ചെണ്ട, മദ്ദളം എന്നിഇവയെ കൂടാതെ ഇടയ്ക്കയും ഉപയോഗിക്കുകയും, ബാണന്‍ ഓരോന്നും കൊട്ടുന്നതായി അഭിനയിക്കുന്നതിനൊപ്പം ഇവകളില്‍ തനിയാവര്‍ത്തനം പോലെ വായിക്കുകയും ചെയ്യുന്നതായി കണ്ടു. ഈ ഭാഗം ഇങ്ങിനെ കൂടുതലായി വിസ്തരിക്കുന്നത് വിരസമായി അനുഭവപ്പെട്ടു.

“ബാണനഹമേഷ കലയേ”
.
തുടര്‍ന്ന് ബാണന്‍ തന്റെ കൈത്തരിപ്പ് അടക്കാനാവാതെ അഷ്ടദിഗജങ്ങളെ ചെന്ന് എതിര്‍ക്കുന്നു. ബാണന്റെ കരപ്രഹരമേറ്റ് അവകള്‍ തോറ്റോടുന്നു. ബാണന്‍ ഇന്ദ്രനെ പോരിനുവിളിക്കുന്നു. എന്നാല്‍ ഇന്ദ്രന്‍ ഭയന്നോടുന്നു. ‘ഇനി തന്റെ കൈത്തരിപ്പ് തീര്‍ക്കാന്‍ എന്തുവഴി?’ എന്നാലോചിക്കുന്നബാണന്‍, ‘ഭഗവാന്‍ ശങ്കരനോട് യുദ്ധത്തിനാവിശ്യപ്പെടുകതന്നെ’ എന്നുറപ്പിക്കുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.


രണ്ടാം രംഗത്തില്‍ ഗോപുരദ്വാരത്തില്‍ വസിക്കുന്ന ശിവകുടുബത്തിനെ ദര്‍ശ്ശിക്കുവാനായി ബാണന്‍ എത്തുന്നു. ശിവന്റെ മുഖത്ത് വിഷാദഭാവം കണ്ട്, ബാണന്‍ അതിനുകാരണം ‘പാര്‍വ്വതിയും ഗംഗയുമായുള്ള കലഹമാണോ?, സര്‍പ്പാഭരണങ്ങളും ഗണേശവാഹനമായ മൂഷികനുമായുള്ള കലഹമാണോ?, അതോ ഭഗവാന്റെ വാഹനമായ ഋഷഭനും ദേവിയുടെ വാഹനമായ സിംഹവും തമ്മിലുള്ള കലഹമാണോ?, സര്‍പ്പങ്ങളും ഷണ്മുഖവാഹനമായ മയിലും തമ്മിലുള്ള കലഹമാണോ? എന്നൊക്കെ ശങ്കിക്കുന്നു. തുടര്‍ന്ന് ബാണന്‍ ശിവനെ കണ്ടുവന്ദിച്ച് തന്റെ അവശ്യം അറിയിക്കുന്നു. നിന്റെ ഭൃത്യനായ എന്നോടെതിര്‍ക്കുന്നത് ഉചിതമല്ലെന്നും, നിന്റെ ഉന്നതാമായുള്ള കേതു ഒരുനാള്‍ ശൂന്യമായിതീരുമെന്നും, അന്ന് എനിക്കൊത്ത ഒരു എതിരാളി നിന്നോട് സമരത്തിനു വരുമെന്നും ശിവന്‍ ബാണനെ അറിയിക്കുന്നു. അങ്ങയുടെ വാക്കുകള്‍ അത്ഭുതകരവും ജുഗുപ്സിതാവഹവും ആണെന്നും, ഏതായാലും എന്റെ കൈത്തരിപ്പുതീര്‍ക്കാനായി ഞാന്‍ ആ ശത്രുവിന്റെ വരവിനെ കാത്തിരിക്കുന്നു എന്നും പറഞ്ഞ് ബാണന്‍ മടങ്ങുന്നു.


മടങ്ങും വഴി ഗണപതി,നന്ദികേശ്വരന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവരോട് ബാണന്‍ യുദ്ധത്തിന് ആവശ്യപ്പെടുന്നതു കണ്ടു. ശിവന്റെ തക്കതായ മറുപടികേട്ടശേഷവും ബാണന്‍ ഇങ്ങിനെ ചെയ്യുന്നത് ഉചിതമെന്നുതോന്നിയില്ല. തെക്കന്‍ സമ്പൃദായമനുസ്സരിച്ച് ശിവന്റെ മറുപടിക്കുശേഷമല്ല ബാണന്‍ ഇവരോട് യുദ്ധം ആവശ്യപ്പെടുന്നത്. വരുന്നവഴിതന്നെ ക്രമമായി നന്ദികേശ്വരന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ഭൂതം എന്നിവരെകണ്ട്, കുശലപ്രശ്നം ചെയ്ത്, പ്രീതിപ്പെടുത്തി, യുദ്ധമാവശ്യപ്പെട്ടശേഷമാണ് ശിവസമീപം എത്തുന്നത്. ഇതുതന്നെയാണ് ഉചിതമെന്നുതോന്നുന്നു.


ശിവന്റെ വാക്കുകള്‍കേട്ട് കൊട്ടാരത്തില്‍ മടങ്ങിയെത്തുന്ന ബാണന്‍ തന്റെ കൊടിമരം ഇളക്കിനോക്കി, അതു വീഴുന്നലക്ഷണമില്ലെന്നുകണ്ട്, ശത്രുവരുന്ന കാലം പാര്‍ത്തിരിക്കുകതന്നെ എന്നു തീരുമാനിക്കുകയും, ആ സമയം ഉദ്യാനത്തില്‍ സഖിമാരോടോപ്പം ക്രീഡിക്കുന്ന തന്റെ പുത്രി ഉഷയെ കണ്ട്, ഇവള്‍ക്ക് യൌവനപൂര്‍ത്തി വന്നിരിക്കുന്നു എന്നു മനസ്സിലാക്കി, ഇനി ഇവള്‍ക്ക് ഗാന്ധര്‍വ്വം വരാതെയിരിക്കുവാന്‍ വേണ്ടതുചെയ്യണം എന്നുനിശ്ചയിച്ചാണ് സാധാരണ ബാണന്‍ ഈ രംഗത്തുനിന്നും നിഷ്ക്രമിക്കുക പതിവ്. വാര്യരാശാന്‍ ക്ഷീണിതനായിതീര്‍ന്നതു കൊണ്ടുകൂടിയായിരിക്കാം, രംഗാന്ത്യത്തില്‍ ഈ വിധ ആട്ടങ്ങള്‍ ഒന്നും ഇവിടെ ചെയ്തുകണ്ടില്ല.


ശിവനായി കോട്ട: മനോജും, പാര്‍വ്വതിയായി ശ്രീ കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണനും, ഗണപതിയായി ശ്രീ കോട്ടക്കല്‍ കൃഷ്ണദാസും, സുബ്രഹ്മണ്യനായി കോട്ട: പ്രദീപും, നന്ദികേശ്വരനായി ശ്രീ കോട്ടക്കല്‍ സുനില്‍ കുമാറും, ശിവഭൂതമായി കോട്ട: ബാലനാരായണനുമായിരുന്നു വേഷമിട്ടിരുന്നത്. ഈ ഭാഗത്ത് ശ്രീ കോട്ടക്കല്‍ നാരായണന്‍, ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ നമ്പൂതിരി, ശ്രീ കോട്ടക്കല്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു പാട്ട്. ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കോട്ടക്കല്‍ രവിയും(മദ്ദളം) ചേര്‍ന്ന് ഈ രംഗങ്ങളില്‍ മികച്ചരീതിയില്‍ മേളമൊരുക്കി. ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥന്‍(ബാണപത്നിയുടെ പദാഭിനയ സമയത്ത്), ശ്രീ കോട്ടക്കല്‍ വിജയരാഘവന്‍(ബാണന്റെ ആട്ടസമയത്ത്) എന്നിവരാണ് ഇടയ്ക്ക കൈകാര്യം ചെയ്തത്.


ബാണനും മന്ത്രിയുമായുള്ള മൂന്നാമത്തെ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. തുടര്‍ന്ന് ബാണയുദ്ധത്തിലെ പ്രസിദ്ധമായ ഉഷ-ചിത്രലേഖ രംഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ഉഷയായി ശ്രീ കോട്ടക്കല്‍ ഹരികുമാറും, ചിത്രലേഖയായി ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായരും, അനിരുദ്ധനായി കോട്ട: ശ്രീജിത്തും അരങ്ങിലെത്തി. ഈ രംഗങ്ങളിലെ സംഗീതം ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കോട്ടക്കല്‍ സുരേഷും ചേര്‍ന്നായിരുന്നു. മദ്ദളം ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും ഇടയ്ക്ക കോട്ട: മനീഷ് രാമനാഥനും കൈകാര്യം ചെയ്തു.

“താപസേന്ദ്ര”
.
തുടര്‍ന്ന് രണ്ടാമത്തെ കഥയായി ദക്ഷയാഗം(‘അറിയാതെ മുതല്‍) അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ ദക്ഷവേഷം ഭംഗിയായി കൈകാര്യംചെയ്തു. കോട്ട: പ്രദീപാണ് ഇന്ദ്രനായെത്തിയത്. ദക്ഷന്റെ ‘അറിയാതെ മമ പുത്രിയെ’ എന്ന പ്രധാന പദമുള്‍ക്കൊള്ളുന്ന ആദ്യരംഗത്തില്‍ കോട്ട: വിജയരാഘവനും(ചെണ്ട) കോട്ട:രവിയും ചേര്‍ന്ന് നല്ല മേളമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഈ ഭാഗത്ത് കോട്ട:മധുവിന്റെ പാട്ട് വേണ്ടവിധം ശോഭിച്ചിരുന്നില്ല. ‘അറിയാതെ’ പോലെയുള്ള പദങ്ങള്‍ നടന്റെ അഭിനയത്തിനനുസ്സരിച്ച് പദത്തിലെ അതാതു അക്ഷരങ്ങള്‍ക്ക് പ്രത്യേകമായി ഊന്നല്‍ നല്‍കി, തുറന്ന് പാടിയാല്‍ മാത്രമെ രംഗത്ത് ശോഭിക്കു. ഉച്ചാരണശുദ്ധിയും അത്യാവശ്യമാണ്. ഈ ഗുണങ്ങളൊന്നും മധുവിന്റെ ആലാപനത്തില്‍ ഉണ്ടായിരുന്നില്ല.

“നിന്‍ കൃപാ വേണം”
.
നന്ദികേശ്വരനായി ശ്രീ കോട്ടക്കല്‍ ഹരിദാസും ദധീചിയായി ശ്രീ കോട്ടക്കല്‍ മുരളീധരനും അരങ്ങിലെത്തി. നന്ദികേശ്വരന്റെ രംഗത്തില്‍ കോട്ട: വെങ്ങേരി നാരായണന്‍ നമ്പൂതിരിയും കോട്ട: സന്തോഷും ചേര്‍ന്നും, ദധീചിയുടെ രംഗത്തില്‍ കോട്ട:നാരായണനും കോട്ട: വെങ്ങേരി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്നും നല്ലരീതിയില്‍ സംഗീതമൊരുക്കി. ഈ രംഗങ്ങളില്‍ ചെണ്ടവായിച്ചത് വിജയരാഘവനും മദ്ദളം വായിച്ചത് ശ്രീ കോട്ടക്കല്‍ ശബരീഷും ആയിരുന്നു.

“കുവലയവിലോചനേ”
.
സതിയായി അഭിനയിച്ചിരുന്ന ശ്രീ കോട്ടക്കല്‍ സുധീറിന്റെ അഭിനയത്തില്‍ നാടകീയത കൂടുതലായി തോന്നിച്ചിരുന്നു. ശിവനായി അരങ്ങിലെത്തിയത് ശ്രീ കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണനാണ്. യാഗശാല തകര്‍ക്കുവാനും ദക്ഷനെ വധിക്കുവാനും ആജ്ഞാപിച്ച ശിവനോട് വീരഭദ്രന്‍ “യാഗശാലയിലുള്ള ബ്രാഹ്മണരെ എന്തു ചെയ്യണം?” എന്നു ചോദിച്ചു. “നിങ്ങളെ കണ്ടുകഴിഞ്ഞാല്‍ പിന്നെ ബ്രാഹ്മണര്‍ അവിടെ നില്‍ക്കില്ല. അവര്‍ പേടിച്ച് ‘രണ്ടും കഴിച്ചുകൊണ്ട് ’ അവിടെ നിന്ന് ഓടിപൊയ്ക്കൊള്ളും” എന്നായിരുന്നു ശിവന്റെ മറുപടി!

“താതാ, ദുര്‍മ്മതി നല്ലതല്ലിതു തേ”
.
വീരഭ്രദ്രനായെത്തിയ ശ്രീ കോട്ടക്കല്‍ ദേവദാസും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെയ്ച്ചിരുന്നത്. ഭദ്രകാളിയായി ശ്രീ കോട്ടക്കല്‍ ഹരീശ്വരനും, ശിവഭൂതങ്ങളായി മനോജ്, പ്രദീഷ്, ബാലനാരായണന്‍, ശ്രീജിത്ത്, കൃഷ്ണദാസ്, എന്നിവരും, പൂജാബ്രാഹ്മണരായി ഹരികുമാര്‍, സി.എം.ഉണ്ണികൃഷ്ണന്‍, സുനില്‍ കുമാര്‍ എന്നിവരും അരങ്ങിലെത്തി. അന്ത്യരംഗത്തിലെ യുദ്ധഭാഗങ്ങളെല്ലാം വിസ്തരിച്ചും ഭംഗിയായും അവതരിപ്പിക്കുകയുണ്ടായി.


ഈ രംഗങ്ങളില്‍ പാടിയിരുന്നത് കോട്ട:സുരേഷും കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു. കോട്ട: വിജയരാഘവനും കോട്ട: മനീഷ് രാമനാഥനും ചേര്‍ന്ന് ചെണ്ടയിലും കോട്ട:സുഭാഷ്, കോട്ട: ശബരീഷ് എന്നിവര്‍ ചേര്‍ന്ന് മദ്ദളത്തിലും മേളമൊരുക്കി.


ശ്രീ കോട്ടക്കല്‍ ബാലകൃഷ്ണന്‍, ശ്രീ കോട്ടക്കല്‍ രാമചന്ദ്രന്‍, ശ്രീ കോട്ടക്കല്‍ സതീഷ് എന്നിവരായിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്.


കോട്ടക്കല്‍ നാട്ട്യസംഘത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ കുഞ്ഞിരാമന്‍, ശ്രീ വാസു, ശ്രീ ഉണ്ണികൃഷ്ണന്‍, ശ്രീ രാമചന്ദ്രന്‍, ശ്രീ അനൂപ് എന്നിവരായിരുന്നു.

“ചന്ദ്രചൂഡ, നമോസ്തു തേ ജയ”
.
ഈ കളിയുടെ മറ്റൊരു ആസ്വാദനം ‘കളിവെട്ട’ത്തില്‍ വായിക്കാം.
.

12 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

ആകെമൊത്തം നല്ല കളിയായി ആണ് എഴുത്തു വായിച്ചപ്പോൾ തോന്നിയത്. അല്ലേ മണീ?
ബാണയുദ്ധം ആദ്യഭാഗമൊന്നും ഞാൻ കണ്ടിട്ടേ ഇല്ല! കഷ്ടം.
-സു-

Haree | ഹരീ പറഞ്ഞു...

1. പിറകില്‍ തൂക്കില്ലാത്ത മേല്‍ക്കട്ടിക്ക് ഒരു പൂര്‍ണത തോന്നിക്കുന്നില്ല, അല്ലേ?
2. കൊള്ളാല്ലോ ബാണന്റെ ആട്ടം.
3. ശൃംഗാരം - Sr^mgAram
4. “...ഇവകളില്‍ തനിയാവര്‍ത്തനം പോലെ വായിക്കുകയും ചെയ്യുന്നതായി കണ്ടു.” - ഇതൊരു രസകരമായ അരങ്ങായി തീരേണ്ടതാണല്ലോ, മേളം നന്നായി കൈകാര്യം ചെയ്താല്‍.
5. വേഷമാകെ മാറ്റം അനുഭവപ്പെടുന്നല്ലോ, അതിനെക്കുറിച്ച് ഒന്നും എഴുതിക്കാണുകയുണ്ടായില്ല. ശിവന്‍ (പഴുക്ക, മഞ്ഞ ഞൊറി സഹിതം)‍, നന്ദികേശന്‍ (ചുവപ്പ് താടി, ചുവപ്പ് വട്ടമുടി, ചുവപ്പ് കുപ്പായം, ചുവപ്പ് ഞൊറി, ചുവപ്പ് ചാമരം); ഈ രീതിയിലല്ലേ വേണ്ടത്?
--

nair പറഞ്ഞു...

തെക്കന്‍ സമ്പൃദായമനുസ്സരിച്ച് ശിവന്റെ മറുപടിക്കുശേഷമല്ല ബാണന്‍ ഇവരോട് യുദ്ധം ആവശ്യപ്പെടുന്നത്. വരുന്നവഴിതന്നെ ക്രമമായി നന്ദികേശ്വരന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ഭൂതം എന്നിവരെകണ്ട്, കുശലപ്രശ്നം ചെയ്ത്, പ്രീതിപ്പെടുത്തി, യുദ്ധമാവശ്യപ്പെട്ടശേഷമാണ് ശിവസമീപം എത്തുന്നത്. ഇതുതന്നെയാണ് ഉചിതമെന്നുതോന്നുന്നു.

മണി.
ഇങ്ങിെന എഴുതിയാൽ മിത്രങ്ങൾ പലരും വിഷമിക്കും.

Ganesh പറഞ്ഞു...

Good blog. Very nicely written except few spelling mistakes.

Arun പറഞ്ഞു...

Good blog.. Please continue

Dr. T. S. Madhavankutty പറഞ്ഞു...

It was a nice :Aaswadanam" of a Kathakali "Arangu". Keep it up

Dr. T. S. Madhavankutty പറഞ്ഞു...

It was a nice :Aaswadanam" of a Kathakali "Arangu". Keep it up

അജ്ഞാതന്‍ പറഞ്ഞു...

ഹരീ, നന്ദികേശ്വരൻ വെള്ളത്താടി ആണ്.
മണീ, “യാമി യാമി”യിൽ അല്ലേ ഇതുപോലെ കാണിക്കുന്നത്? അത് ഭംഗിയാവാറുണ്ടല്ലോ.
-സു-

വികടശിരോമണി പറഞ്ഞു...

ബാണന്റെ ആട്ടത്തിന് കുറേക്കൂടി ഘടനയുണ്ടാകണമെന്നു തോന്നുന്നു.തെക്കൻ ശൈലിയിലെ ഗോപുരവർണ്ണനയ്ക്കുള്ള പല സൌന്ദര്യാംശങ്ങളും ഇവിടെ ചോർന്നു പോകുന്നുണ്ടല്ലോ.
പതിഞ്ഞപദത്തിനും ഒരു സമഗ്രഭംഗി തോന്നിയിട്ടില്ല.
മടവൂരിന്റെ ബാണൻ തന്നെയാണ് ഇതിലും നന്നായി തോന്നുന്നത്.
നല്ല വിവരണമായി,മണീ.ആശംസകൾ!

മണി,വാതുക്കോടം. പറഞ്ഞു...

@ -സു-,
അതെ,കളി നന്നായീ. യാമിയാമിയില്‍ ബ്രാഹ്മണന്‍ കാണിക്കാറുണ്ട്. ഇവിടെ ബാണന്‍(കത്തിവേഷം) ആണ്, അതും വീരരസപ്രധാനമായ തന്റേടാട്ടത്തിനിടയിലാണ് ഇതുവരുന്നത്. അതിനാലാണ് അധികമായി വിസ്തരിക്കുന്നത് വിരസമാവുന്നത്.

@ ഹരീ,
1. മേല്‍ക്കട്ടിക്ക് പിറകില്‍ തൂക്കും വേണ്ടതാണ്.
2.ആട്ടം കൊള്ളാം, വാര്യരാശാന്‍ തളര്‍ന്നുപോയീന്നേയുള്ളു.
3.തിരുത്താം.
4.മേളം നന്നായിരുന്നു. എന്നാല്‍ ഇങ്ങിനെ വിസ്തരിക്കുന്നതുകൊണ്ട് രസമല്ല, മറിച്ച് വിരസതയാണ് കളിയില്‍ അനുഭവപ്പെട്ടത്.
5.ശിവന്റെ വേഷം ഈ രീതിയിലാണ് കോട്ടക്കല്‍കാര്‍ അവതരിപ്പിച്ചു വരുന്നത്. അതിനു കാരണമെന്തെന്ന് അറിയില്ല.
നന്ദികേശ്വരന്റെ വേഷം ഹനുമാന്റേതുപോലെതന്നെയാണ് വേണ്ടത്(വെള്ളത്താടി). ചുവപ്പ് താടി അല്ല. ‘ചുവപ്പ് വട്ടമുടി’! അങ്ങിനെ ഒരു മുടി ഉണ്ടോ?

@ നായര്‍,
മിത്രങ്ങള്‍ വിഷമിച്ചാലും ഉള്ളത് പറയാതെ വയ്യല്ലൊ.....

@ഗണേഷ്, അരുണ്‍,ഡോ:ടി.എസ്സ്.മാധവന്‍ കുട്ടി,
നന്ദി.

@ വി.ശി,
ബാണന്റെ ആട്ടം കുറച്ചൊന്നു ചുരുക്കിയാല്‍ നന്നാവും എന്നു തോന്നുന്നു. ശരിയാണ്, തെക്കനിലെ സൌന്ദര്യാശങ്ങള്‍ ചോരുന്നുണ്ട്. മടവൂര്‍ ഇത്രയൊന്നും വിസ്തരിക്കുന്നില്ലായെങ്കിലും ഇതിലും അനുഭവവത്താണ് അദ്ദേഹത്തിന്റെ ബാണന്‍.

Haree | ഹരീ പറഞ്ഞു...

നന്ദികേശ്വരന് ചുവന്ന താടിയാണ് ഞാന്‍ കണ്ടിരിക്കുന്നത്. അടുത്തിടെ നിശാഗന്ധി ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന ‘കാലകേയവധം’ കഥകളിയിലെ നന്ദികേശ്വരനും ചുവപ്പ് താടിയാണ് കണ്ടത്. അവിടെ പക്ഷെ വെള്ള വട്ടമുടി തന്നെയായിരുന്നു. ചുവപ്പ് വട്ടമുടി, ചുവപ്പ് താടി ഉപയോഗിച്ചൊരു ‘ദക്ഷയാഗ’ത്തിലെ നന്ദിയെ തിരുവനന്തപുരത്ത് ഒന്നു രണ്ടു വര്‍ഷം മുന്‍പ് കണ്ടതോര്‍മ്മയുണ്ട്. കുപ്പായവും, ഞൊറിയും, ചാമരവും ചുവപ്പാണ് ഞാന്‍ കണ്ടിരിക്കുന്നത്. മുഖത്തു തേപ്പിലും, ചുട്ടിയിലുമേ ഹനുമാനോട് സാമ്യമുള്ളൂ.
--

Sajeesh പറഞ്ഞു...

സാധാരണയായി ഹനുമാനും, നന്ദികേശനും വെള്ളത്താടി ആണ് പതിവ്. ആകെ ഉള്ള ഒരു വ്യത്യാസം ഹനുമാന് മൂക്കിന്റെ മുകളില്‍ ഒരു ചെറിയ പച്ച തേപ്പു ഉണ്ടാകും എന്നാല്‍ നന്ദികേശന് പച്ചക്ക് പകരം ഒരു മഞ്ഞ തേപ്പു ആണ് ഉപയോഗിക്കാറ്. ഹനുമാന് സാത്യുക സ്വഭാവം ഉള്ളത് കൊണ്ടാണ് പച്ച തേപ്പു ഉപയോഗിക്കുന്നത്.

നന്ദി
സജീഷ്