കളിയരങ്ങിന്റെ മാസപരിപാടി
കോട്ടയം കളിയരങ്ങിന്റെ ജുണ്‍ മാസപരിപാടി 3/06/07ല്‍ തിരുനക്കര ശ്രീരംഗം ഹാളില്‍ നടന്നു. വൈകിട്ട് 4മുതല്‍ ആയിരുന്നു കളി. കഥ കീചകവധം ആയിരുന്നു. ശ്രീ ഏറ്റുമാനൂര്‍ കണ്ണന്‍ ആയിരുന്നു കീചകന്‍. കഥകളിയോടുള്ളഅഭിനിവേശത്താല്‍ കുട്ടിക്കാലം മുതല്‍ അതു പഠിച്ച് അഭ്യാസംചെയ്ത് ഉയര്‍ന്നുവന്ന കലാകാരനാണിദ്ദേഹം.ശ്രീ കലാ:മോഹന്‍ കുമാറാണ് കണ്ണന്റെ പ്രധമഗുരു. കലാമണ്ഡലത്തില്‍ ഉപരിപഠനം ചെയ്തകാലത്ത് പ്രധാനമായും ശ്രീ കലാ:വാസുപ്പിഷാരൊടിയുടെ അടുത്താണ് ചൊല്ലിയാടിയിട്ടുള്ളത്.അതിനാല്‍ എദ്ദേഹത്തിന്റെ അഭിനയത്തില്‍ ഷാരടിയുടെ ചില ശൈലികള്‍ നമുക്ക് കാണാനാകുന്നുണ്ട്. കണ്ണന്‍ നല്ലരീതിയില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ലേശം ആയാസപ്പെടുന്നില്ലേ എന്നു കണ്ടാല്‍ തോന്നും.
ശ്രീ കലാകേന്ദ്രം മുരളീക്യഷ്ണന്‍ സൈരന്ധ്രിയായി നല്ലപ്രകടനം കാഴ്ച്ചവെച്ചു.ശ്രീ കലാകേന്ദ്രം പ്രതീപ് കുമാര്‍ ആയിരുന്നു സുദേഷ്ണയായി വേഷമിട്ടത്.
കോട്ടക്കല്‍നാരായണനുംകലാ:രാജീവന്‍ നന്വൂതിരിയും ആയിരുന്നു പാട്ട്. ഇന്നുള്ള ഗായകരില്‍ ചിട്ടപ്രധാനമായ കഥകള്‍പാടുന്നതില്‍ പ്രധമഗണനീയനായനാണ് നാരായണന്‍. ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്റെ ശിഷ്യനായ ഇദ്ദേഹം നന്വീശന്റെ വഴികളാണ് പിന്തുടരുന്നതെങ്കിലും അതില്‍ചിലപുതുക്കലുകള്‍ നടത്തി സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നു തോന്നുന്നു. വേണ്ടഭാഗങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പാടുക, താളപ്പിടിപ്പ്, അരങ്ങുഭരണം, എന്നിവയെല്ലാം തന്നെ നന്വീശനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ഗുണങ്ങളാണ്. കൂടാതെ നാരായണന്‍ ചിട്ടപ്രധാന കഥകള്‍ കളരിയിലും അരങ്ങത്തും പാടി ഉറപ്പിച്ചിട്ടുണ്ട്. പദത്തിന്റെ ഭാവം അനുസരിച്ച് ശബ്ദംനിയന്ത്രിച്ച് എല്ലാ സ്തായിലും പാടുക, ഗമകപ്രയോഗങ്ങളുടെധാരാളിത്തം, സര്‍വോപരി അനായാസത എന്നിവയാണ് കോട്ടക്കല്‍ നാരായണന്റെ പ്രത്യേകതകള്‍.
ചെണ്ടകൊട്ടിയ ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.യുവചെണ്ടക്കാരില്‍ എത്ര നന്നായി മുദ്രക്കുകൂടി കൊട്ടുന്നവര്‍ കുറവാണ്.മദ്ദളം ശ്രീ കലാ:അചുതവാര്യര്‍ ആയിരുന്നു.

4 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

ഏറ്റുമാനൂര്‍ കണ്ണന്റെ പ്രധാന പോരായ്മകളിലൊന്ന് എല്ലാ ഭാവങ്ങളും മുഖത്ത് പ്രതിഫലിക്കില്ലെന്നതാണ്. പച്ചവേഷങ്ങളാണ് ഞാന്‍ കണ്ടിട്ടുള്ളത്... വട്ടമുഖവും, നല്ല നാസികയുമൊക്കെ ചേര്‍ന്ന് നല്ല സൌന്ദര്യമാണ് വേഷത്തിന്. കത്തി വേഷം എങ്ങിനെയിരുന്നു?

കോട്ട്‌യ്ക്കല്‍ നാരായണനെപ്പറ്റി പറഞ്ഞത് വളരെ ശരി... അല്പം കൂടി ശബ്ദ സൌകുമാര്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു... രാജീവനാവട്ടെ, ഭാവത്തിലും സംഗീതത്തിലും ശബ്ദസൌകുമാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഒരു യുവഗായകനാണ്... എനിക്ക് രണ്ടുപേരുടേയും പാട്ടിഷ്ടമാണ്...

ആരാ‍യിരുന്നു വലലന്‍?

കലാനിലയം ഉണ്ണികൃഷ്ണനെക്കുറിച്ചു പറയുമ്പോള്‍ പഴയ ഒരു അരങ്ങാണ് എനിക്കോര്‍മ്മവരുന്നത്. നരകാസുരവധം നിണത്തോടു കൂടിയുള്ള അവതരണമാണ്. നരകാസുരന്‍ ദൂരെനിന്നും നക്രതുണ്ഡി വരുന്നത് കാണുന്നു. ആ രംഗത്ത് രണ്ടു ചെണ്ട പതിവുണ്ടല്ലോ... ഒരാള്‍ വീരരസം ദ്യോതിപ്പിക്കുവാന്‍ അതിനു തക്ക മേളമിടുമ്പോ‍ള്‍ അടുത്ത ചെണ്ട മുദ്രയ്ക്കുകൂടുന്നു... കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ഒരു ചെണ്ടയിലും കലാനിലയം ഉണ്ണികൃഷ്ണന്‍ അടുത്തതിലും. ആ ഭാഗത്ത് ഉണ്ണികൃഷ്ണനാണ് മുദ്രയ്ക്ക് കൂടുന്നത്. പക്ഷെ, ചക്രവാകം കരയുന്ന മുദ്രയൊക്കെ കാണിച്ചിട്ടും ഉണ്ണികൃഷ്ണന്‍ ചെണ്ടയിലതൊന്നും കൊട്ടുന്നില്ല... വെറുതെ താളമിട്ടിങ്ങനെ നില്‍ക്കുകയാണ്... എന്തോ അലോചനയിലായിരുന്നെന്നു തോന്നുന്നു.. പിന്നെ കുറൂര്‍ ആഞ്ഞ് ചെണ്ടയില്‍ രണ്ടുമൂന്നടി, അപ്പോള്‍ ഉണ്ണികൃഷ്ണന്‍ മുദ്രയ്ക്ക് കൊട്ടുവാന്‍ തുടങ്ങി... :) കലാ. കൃഷ്ണദാസിനെ വിട്ടുപോവണ്ട കേട്ടോ... :)
--

മണി പറഞ്ഞു...

വലലനായി വന്ന നടന്റെ പേര് ഓമിക്കുന്നില്ല.
കലാഭാരതി ഉണ്ണിക്യഷ്ണനായിരുന്നു ചെണ്ട.(ആയാംകുടി കുട്ടപ്പമാരാരുടെ മകന്‍)അദ്ദേഹത്തേ തന്നെയാണൊ ഹരി ഉദ്ദേശിച്ചത്?
പിന്നെ ക്യഷ്ണദാസിനെ വിട്ടുപോയിട്ടില്ല. അദ്ദേഹവും കലാ:ഉണ്ണിക്യഷ്ണനുമാണ് ഇന്നുള്ള കളികൊട്ടുകാരില്‍ കേമന്‍മാര്‍.

Haree | ഹരീ പറഞ്ഞു...

ശ്ശൊ.. അത് അക്ഷരപ്പിശകായിരുന്നു... കലാഭാരതി ഉണ്ണികൃഷ്ണന്‍ തന്നെ... ഫോട്ടോയില്‍ കാണാമല്ലോ... :)
--

പുള്ളി പറഞ്ഞു...

മണീ...കളിഭ്രാന്ത് കാണാറും വായിക്കാറുമുണ്ട്.

പിന്നെ തികച്ചും നിര്‍ദ്ദോഷമായ ഒരു അഭിപ്രായം: "കളിയരങ്ങിന്റെ മാസപരിപാടി" എന്നതിനു പകരം മാസക്കളി എന്നാക്കികൂടേ? ഒറ്റവാക്കിന്റെ എളുപ്പത്തിനേയ്. എഴുതുമ്പോള്‍ അല്പ്പം സൂക്ഷിക്കണം എന്നേ ഉള്ളൂ. :)