ദൃശ്യവേദിയുടെ മെയ്‌മാസപരിപാടി



തിരുവനന്തപുരം ദൃശ്യവേദിയുടെ മെയ്‌മാസത്തെ പരിപാടി 
12/05/2016ന് കാർത്തികതിരുനാൾ തീയേറ്ററിൽ വെച്ച് നടത്തപ്പെട്ടു. ദൃശ്യവേദി അംഗങ്ങളായ ശ്രീമതി ലൈലാതമ്പി, ശ്രീ ഹരികുമാർ എന്നിവരുടെ പിതാവും, പ്രമുഖ കഥകളിയാസ്വാദകനുമായിരുന്ന ശ്രീ ജി.മോഹൻദാസിന്റെ സ്മരണക്കായി സമർപ്പിക്കപ്പെട്ടതായിരുന്നു മെയ്‌മാസപരിപാടി. വൈകിട്ട് 6മണിക്ക് ശ്രീ ജി.മോഹൻദാസ് അനുസ്മരണപ്രഭാഷണത്തിനുശേഷം , ശ്രീ മന്ത്രേടത്തു നമ്പൂതിരിപ്പാടിനാൽ വിരചിതമായ സുഭദ്രാഹരണം കഥകളി അവതരിപ്പിക്കപ്പെട്ടു. ‘മാലയിടീൽ’ എന്ന് പ്രശസ്തമായ സുഭദ്ര-വിജയ വിവാഹരംഗം മുതൽ വിപൃഥു-വിജയ യുദ്ധരംഗം വരെയുള്ള ഭാഗമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. വിവാഹം, പതിഞ്ഞപദം,സൃഗാരപ്പദം, പോരുവിളി,യുദ്ധം ഇങ്ങിനെ ഈ ഭാഗത്തെ എല്ലാ രംഗങ്ങളും കളരിചിട്ടയാർന്നവയാണ്.
'മാലയിടീൽ'
ചിട്ടയാർന്നതും അഴകാർന്നതുമായ  അവതരണം കൊണ്ട് 
ഹൃദ്യമായ അനുഭവമായിരുന്നു കലാ:ഷണ്മുഖദാസിന്റെ അർജ്ജുനൻ.

കലാ:വിപിൻ ആയിരുന്നു സുഭ്രയായി അരങ്ങിലെത്തിയത്. 
ആഗ്രഹിച്ചയാളെ പതിയാക്കുന്നതിലുള്ള സന്തോഷവും, സൃഗാരവും ഒക്കെ സുഭദ്രയ്ക്കുണ്ടേങ്കിലും, കൃഷ്ണനും ദേവാദികളുമുള്ള വിവാഹവേദിയിൽ ലജ്ജയിൽ മുങ്ങിയ ഒരു സൃഗാരമാവുമല്ലോ ഭാവം. ഇവിടെ അല്പം വീരരസം കലർന്നൊരു സൃംഗാരഭാവമാണ് സുഭദ്രയിൽ കണ്ടത്. അന്ത്യത്തിലെ തേരാളിയായിരിക്കുന്ന ഭാഗത്ത് മാത്രം കൊള്ളാം ഈ ഭാവം.
'പാണിഗ്രഹണം'
ശ്രീകൃഷ്ണനായെത്തിയ കലാ:ആദിത്യനും നല്ലപ്രകടനം കാഴ്ച്ചവെച്ചു.
 ഇന്ദ്രവേഷമിട്ടിരുന്നത് കലാ:അതുൽ ആയിരുന്നു.
"സുകരമായ് വിവാഹവും"
 സുഭദ്രാഹരണത്തിലെ ഈ ഭാഗം അവതരിപ്പിക്കുമ്പോൾ 
സാധാരണയായി പോരുവിളിയോടെ കളി അവസാനിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ ഇവിടെ വിപൃഥുവിന്റെ യുദ്ധപരാജയം കൂടി അവതരിപ്പിക്കുകയുണ്ടായി. വിപൃഥുവായെത്തിയത് കലാ:ബാലകൃഷ്ണൻ ആയിരുന്നു.
“കഷ്ടം ഞാന്‍"
 പരിചിതമായ ഭാഗമല്ലാത്തതിനാൽ പുസ്തകം നോക്കി 
പാടിയിരുന്നതുകൊണ്ടാണോ എന്ന് അറിയില്ല പോരുവിളി-യുദ്ധപ്പദങ്ങൾ പതിവിലും കാലംതാഴ്ത്തിയാണിവിടെ പാടിയിരുന്നത്. ഇവകളിലെ ഭാവാവിഷ്ക്കരണത്തിന് കേറിയകാലംതന്നെ അനുഗുണം. കലാ:വിഷ്ണുവും കലാ:കൃഷ്ണകുമാറും ചേർന്നായിരുന്നു പാട്ട്. തനതു ശൈലിയിലുള്ളതും, അമിതസംഗീതപ്രയോഗത്തിന്റെ അസ്ക്കിതയില്ലാത്തതുമൊക്കെയാണ് ഇവരുടെ ആലാപനമെങ്കിലും, പരിചയകുറവിന്റേതായ പ്രശ്നങ്ങൾ ദൃശ്യമായിരുന്നു. കളരിചിട്ടയാർന്നതും തൗര്യത്രികഭംഗിയാർന്നതുമായ സുഭദ്രാഹരണത്തിലെ ഈ രംഗങ്ങളിൽ ചൊല്ലിയാടിക്കുവാൻ പൊന്നാനി ശിങ്കിടിപോര, സത്യത്തിൽ രണ്ടുപൊന്നാനിക്കാർ തന്നെ വേണം എന്ന് തോന്നാറുണ്ട്. അതായത് രണ്ടുപാട്ടുകാരും പൊന്നാനി പാടി പരിചിതരായിരിക്കണം. ഇവിടെ പതിഞ്ഞപദങ്ങളുടെ ആലാപനത്തിൽ അക്ഷരങ്ങൾ വെയ്ക്കുന്നതിൽ കൃത്യതപാലിക്കുന്നതായി തോന്നിയില്ല. കൃഷ്ണനോടായി പറയുന്ന പദത്തിലെ  കഷ്ടം’, ‘ഞെട്ടുന്നു’, ‘ഒട്ടല്ല’, ‘പെട്ടന്ന്തുടങ്ങിയ പദങ്ങൾ കൃത്യമായ സമയത്തും, ശക്തമായ ഊന്നൽ നൽകിയും പാടിയില്ലെങ്കിൽ തൗര്യത്രികഭംഗി ലഭിക്കയില്ല. തന്റെ ഭാഗം പാടിയിട്ടിട്ട് വെറുതേനിൽക്കലല്ല നല്ല പൊന്നാനിപാട്ടുകാരന്റെ ലക്ഷണം. ശിങ്കിടി പാടുമ്പോൾ കൃത്യമായി അക്ഷരങ്ങൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും, പ്രധാനഭാഗങ്ങളിൽ ശിങ്കിടിക്കൊപ്പം കേറിപ്പാടിക്കൊടുക്കയും, ഗുരുലഘുതിരിച്ച് വ്യക്തമായി താളം പിടിച്ചുകൊടുക്കയും ഒക്കെ പൊന്നാനിഗായകന്റെ ചുമതലകളാണ്. കൂടാതെ സമയസാഹചര്യങ്ങൾക്കനുസ്സരിച്ച് അരങ്ങിലും അണിയറയും ശ്രദ്ധിച്ച് ഇരുസ്ഥലത്തും വേണ്ട ‘സിഗ്നലുകളും’ നിർദ്ദേശങ്ങളും നൽകുകയും ഒക്കെ പൊനന്നാനിക്കാരന്റെ ചുമതലാണ്.
"ജളത"
 കലാ:വേണുമോഹൻ, കലാ:ശ്രീരാജ് എന്നിവരായിരുന്നു 
ചെണ്ടയിൽ മേളം നൽകിയത്. പൊതുവെ നല്ല പ്രകടനമായിരുന്നു ഇവരുടേതെങ്കിലും ‘മാലയിടീൽ’ രംഗത്തിൽ പരിചയക്കുറവിന്റേതായ പ്രശ്നങ്ങൾ നിഴലിച്ചിരുന്നു.
" കുഞ്ജരസമാനഗമനേ"
 കലാ:വിനീത്, ആർ.എൽ.വി.ജിതിൻ എന്നിവരായിരുന്നു മദ്ദളം വായിച്ചത്.
"നിന്നെ കലയേഹം"
 മാർഗ്ഗി രവീന്ദ്രൻ നായർ, മാർഗ്ഗി ശ്രീകുമാർ, മാർഗ്ഗി രവികുമാർ 
എന്നിവർ ചുട്ടികുത്തിയ ഈ കളിക്ക് ഗോപൻ, തങ്കപ്പൻ,മധു,ജോബി എന്നിവരെ കൂടാതെ കണ്ണൻ,അമ്പലപ്പുഴയും അണിയറസഹായികളായി വർത്തിച്ചിരുന്നു.
 അർജ്ജുനവേഷത്തിനുമാത്രമുള്ള ചമയങ്ങൾ സന്ദർശ്ശൻ 
കഥകളിവിദ്യാലയം,അമ്പലപ്പുഴയുടേതും, ബാക്കി ചമയങ്ങൾ മാർഗ്ഗി,തിരുവനന്തപുരത്തിന്റേതും ആണ് ഉപയോഗിച്ചിരുന്നത്.
'പോരുവിളി'
 അജന്താസൗണ്ട്സ്, തിരുവനന്തപുരമായിരുന്നു 
ഈ പരിപാടിക്ക് ശബ്ദവും വെളിച്ചവും നൽകിയിരുന്നത്.
""
""
 മൊത്തത്തിൽ നല്ലൊരു അനുഭവം തന്നെയായിരുന്നു 
ഈ സുഭദ്രാഹരണം അവതരണം ആസ്വാദകർക്ക് നൽകിയത്.  യുവകലാകാർന്മാർക്ക് അവസരം നൽകി പ്രോത്സാഹിപ്പിക്കുക എന്ന രീതിയിൽ നോക്കിയാൽ ഈ കളിനടത്തൽ നല്ലതെന്നുപറയാമെങ്കിലും, സുഭദ്രാഹരണം പോലെയുള്ള ഒരു കഥയുടെ അവതരണം എന്ന് നിലയ്ക്ക് പരിചയസമ്പന്നരായ ഒരു പൊന്നാനിക്കാരനേയും, ചെണ്ടക്കാരനേയും ഉൾപ്പെടുത്താമായിരുന്നു എന്നുതോന്നി. അങ്ങിനെയെങ്കിൽ അത് ഷണ്മുഖന്റെ പ്രവർത്തി കൂടുതൽ മിഴിവുറ്റതാക്കുന്നതിൽ സഹായകമാകുമായിരുന്നു, കളി ‘കേമം’ ആകുമായിരുന്നു.

'യുദ്ധം'
ആയുധങ്ങൾ നഷ്ടപ്പെട്ട വിപൃഥു തോറ്റോടുന്നു

3 അഭിപ്രായങ്ങൾ:

Dr. C. P. Unnikrishnan പറഞ്ഞു...

പ്രിയപ്പെട്ട ശ്രീ. മണി,

മുഴുവന്‍ വായിച്ചു; കണ്ടു. ഇത്രയും ക്ഷമതയോടെയും ക്ഷമയോടെയും കഥകളിക്കുവേണ്ടി സമയം കണ്ടെത്തുവാനുള്ള മനസ്സിന് നന്ദി; അഭിനന്ദനങ്ങള്‍. കളികണ്ട അനുഭവം തോന്നി.

എന്റേതായ പഠനതിരക്കുകള്‍ കാരണം പലതും വായിക്കുവാന്‍ സാധിക്കാറില്ല്യ എന്ന സത്യം മറച്ചുവയ്ക്കുന്നില്ല്യ.

പ്രവര്‍ത്തനം തുടരട്ടെ.ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകുവാന്‍ പ്രാര്‍ഥിക്കുന്നു.

സ്നേഹാദരങ്ങള്‍,

ഉണ്ണികൃഷ്ണന്‍.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ബഹുമാനപ്പെട്ട ഉണ്ണികൃഷ്ണേട്ടാ,
സന്തോഷം. നന്ദി...
പാലകാട്വെച്ച് 2017 ഫെബ്11 നു രാവിലെ 10മുതൽ 'കളിഭ്രാന്തിന്റെ' ദശവാർഷികം ആഘോഷിക്കുന്നു. സാന്നിദ്ധ്യാനുഗ്രഹങ്ങൾ ഉണ്ടാവണം.

Sethunath UN പറഞ്ഞു...

മണീ... പലേ യാത്രകളിലും തിരക്കുകളിലും പെട്ട് ഇപ്പോള്‍ മാത്രമാണ് വായിക്കുവാന്‍ സാധിച്ചത് . സ്ഥലത്ത് ഇലാതിരുന്നതിനാല്‍ കളിക്ക് വരുവാന്‍ സാധിച്ചില്ല . മണിയുടെ ദൃശ്യാനുഭവം വായിച്ചു . സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് സ്പെഷ്യല്‍ നന്ദി . കലാകാരന്മാരും ഇതൊക്കെ ശ്രദ്ധിക്കും എന്ന് കരുതുന്നു . ചെറുപ്പക്കാര്‍ക്ക് ഇത്തരം അവസരങ്ങള്‍ കിട്ടുന്നത് വളരെ നല്ലത് തന്നെ . അവര്‍ ഇതിലെ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്കൂണ്ട് മുന്‍പോട്ടു പോയാല്‍ അധികം വൈകാതെ തന്നെ കുറ തീര്‍ന്നു കളിക്ക് കൂടാന്‍ അവര്‍ക്ക് കഴിയും എന്നതിന് സംശയമേതുമില്ല .
നന്ദി !