നാട്യധർമ്മി ആസ്വാദന പരിശീലന കളരി


നാട്യധർമ്മി, പാറക്കടവിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8മുതൽ 12വരെ 
മൂഴിക്കുളംശാല ജൈവ ക്യാമ്പസിൽ വെച്ച് ആസ്വാദന പരിശീലന കളരി സംഘടിപ്പിക്കപ്പെട്ടു. എറ്റുമാനൂർ പി. കണ്ണന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കളരിയിൽ ഡോ:കെ.ജി.പൗലോസ്, കെ.ബി.രാജാനന്ദ്, നരിപ്പറ്റ നാരായണൻ നമ്പൂതിരി, ശ്രീചിത്രൻ തുടങ്ങിയവരും വിവിധവിഷയങ്ങൾ അവതരിപ്പിച്ചു. സദനം രാമകൃഷ്ണൻ, കലാനിലയം പ്രകാശൻ, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം വിപിൻ തുടങ്ങിയകലാകാരന്മാരും കളരിയിൽ പങ്കെടുത്തു. കളരിയുടെ സമാപനദിനമായ 12ന് വൈകിട്ട് 6മുതൽ കഥകളിയും അവതരിപ്പിക്കപ്പെട്ടു. 
"ലോകോത്തര ഗുണശാലിനി"
കോട്ടയത്തുതമ്പുരാൻ രചിച്ച കിർമ്മീരവധം ആട്ടക്കഥയിലെ 
ആദ്യഭാഗമാണ്(ആദ്യാവസാന ധർമ്മപുത്രന്റെ ഭാഗം) ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
"ശന്തനുകുലദീപ"
ചിട്ടക്കും ഭാവത്തിനും അതീവപ്രാധാന്യം നൽകി അവതരിപ്പിക്കേണ്ടതായ 
ധർമ്മപുത്രവേഷത്തിൽ അരങ്ങിലെത്തിയത് ഏറ്റുമാനൂർ കണ്ണനായിരുന്നു. മനോഹരമായ ചൊല്ലിയാട്ടത്താലും ആട്ടങ്ങളാലും ഇദ്ദേഹം തന്റെ വേഷം നന്നായി ചെയ്തിരുന്നു. ധർമ്മപുത്രരുടെ അവതരണത്തിലെതന്നെ പരമപ്രധാനമായ ഭാഗം ആദ്യരംഗത്തിലെ 'ബാലെ കേൾ' എന്ന പതിഞ്ഞപദമാണ്. സൂക്ഷവീക്ഷണത്തിൽ ഇതിന്റെ അവതരണത്തിൽ തൈര്യത്രികമായ യോജിപ്പിൽ കുറവ് ചിലഭാഗങ്ങളിൽ തോന്നിച്ചിരുന്നു.
"താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍”
കലാമണ്ഡലം മുകുന്ദൻ പാഞ്ചാലിവേഷവും 
കലാമണ്ഡലം അരുൺ വാര്യർ ധൗമ്യവേഷവും നന്നായി അവതരിപ്പിച്ചു.
“മൂര്‍ദ്ധ്നിവിലിഖിതം"
സൂര്യനായി കലാ:വിപിൻ(മാർഗ്ഗി) വേഷമിട്ടു.
"സുജനനമനരത"
അതേ വരെ ദുഃഖിതനായിരുന്ന ധർമ്മപുത്രൻ സൂര്യനിൽ നിന്നും 
പാത്രം ലഭിക്കുന്നതോടെ ഏറ്റവും സന്തോഷവാനാകുന്ന നിലയിലാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. പാത്രവുമായി പാഞ്ചാലിയേയും ധൗമ്യനേയും സമീപിക്കുന്നവേളയിൽ വെച്ച അല്പം ചടുലമായ ചുവടുകൾ ധർമ്മപുത്രനിൽ ഒരു കുട്ടിത്തം ജനിപ്പിച്ചു. ധർമ്മപുത്രരുടെ നിലയിൽ മാറ്റംവരുത്തികൊണ്ടുള്ള ഈ അവതരണം ഉചിതമായി തോന്നിയില്ല.
 
ശ്രീകൃഷ്ണനായി കലാമണ്ഡലം മനോജ് രംഗത്തെത്തി.
“നാഗകേതനന്‍ തന്റെ നികൃതിയാല്‍"
 സുദർശ്ശനവേഷമിട്ട കലാമണ്ഡലം നീരജ്ജ് വത്യസ്ഥമായ 
മുഖത്തെഴുത്തിനാലും ഭംഗിയാർന്ന ചുവടുകളാലും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. അധികമായി പ്രവർത്തിക്കാനില്ലാത്ത ഒരു വേഷം എന്ന നിലയ്ക്ക് ചുട്ടി ഒഴിവാക്കിയത് പ്രായോഗികമായി ചിന്തിക്കുമ്പോൾ നന്നെന്നുതോന്നി. എന്നാൽ മുഖത്തെഴുത്തും ചുട്ടിപ്പൂവുകളും ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുംതോന്നി.
"ഞങ്ങളെകണ്ടോരു നാണമില്ലയോ തവ"
അന്ത്യത്തിൽ, 'അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, 
അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു' എന്നു തുടങ്ങിയ പതിവ് ആട്ടത്തെതുടർന്ന് ധർമ്മപുത്രൻ, ദശാവതാരങ്ങളും അല്പം വിസ്ഥരിച്ച് ഭംഗിയായി അവതരിപ്പിക്കുകയുണ്ടായി. 'ഇത്രയുമൊക്കെ അറിവും, സത്യധർമ്മനിഷ്ഠയുമുള്ള നീ എന്തിനാണ് കേവലമാനുഷ്യന്മാരെപ്പോലെ ദുഃഖം വരുമ്പോൾ അമിതമായി സങ്കടപ്പെടുകയും സുഖം വരുമ്പോൾ അമിതമായി സന്തോഷിക്കുകയും ചെയ്യുന്നതെന്ത്?' എന്ന് അവസരോചിതമായി ചോദിച്ചശേഷം ശ്രീകൃഷ്ണൻ, 'ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘ എന്ന് അനിഗ്രഹിക്കുകയും ചെയ്തു.
'ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാ'
കലാനിലയം രാജീവൻ, കലാ:സുധീഷ് എന്നിവർ ചേർന്ന് നല്ല അരങ്ങുപാട്ട് 
ഒരുക്കിയപ്പോൾ കലണ്മണ്ഡലം ബാലസുന്ദരനും(ചെണ്ട) കലനി: പ്രകാശനും(മദ്ദളം) ഒരുക്കിയ മേളം കളിക്ക് അപര്യാപ്തമായതായിരുന്നു. ആദ്യരംഗത്തിൽ കലാശങ്ങൾക്കുൾപ്പെടെ മേളം വല്ലാതെ ഒതുക്കികൊട്ടിയിരുന്നത് അരങ്ങിനെ മങ്ങലേൽപ്പിച്ചു. വലന്തലമേളം ഉൾപ്പെടെ തുടർന്നുള്ള ഭാഗങ്ങളിലും പൂർണ്ണമായും അനുയോജ്യമായ മേളം ഒരുക്കുവാൻ ഇവർക്ക് സാധിച്ചിരുന്നില്ല.
"കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു"
 ഏരൂർ മനോജ് ചുട്ടികുത്തിയ ഈ കളിക്ക് 
ശ്രീ ഭവാനീശ്വരി കഥകളിയോഗം, ഏരൂരിന്റേതായിരുന്നു ചമയങ്ങൾ.

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

വിവരണം നന്നായിട്ടുണ്ട് .