ഉദയനാപുരത്തപ്പൻ ചിറപ്പ്

ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ 
സ്വർണ്ണക്കൊടിമരപ്രതിഷ്ടാവാർഷികത്തോടനുബന്ധിച്ച് ഉദയനാപുരത്തപ്പൻ ചിറപ്പ് 15/01/2012മുതൽ 24/01/2012വരെ ആഘോഷിക്കപ്പെടുന്നു. ബ്രഹ്മശ്രീ ഒറവങ്കര അച്ചുതൻ നമ്പൂതിരി യജ്ഞാചാര്യനായുള്ള ശ്രീമത്‌ഭാഗവതസപ്താഹം, ലക്ഷാച്ചന, ഉദയാസ്തമനപൂജ എന്നിവകൂടാതെ വിവിധ കലാപരിപാടികളും ചിറപ്പിന്റെ ഭാഗമായി നടത്തപ്പെടുന്നു. 21/01/2012ന് വൈകിട്ട് 7:30മുതൽ സന്ദർശ്ശൻ കഥകളിവിദ്യാലയം, അമ്പലപ്പുഴ രുഗ്മാഗദചരിതം കഥകളി അവതരിപ്പിച്ചു.
മോഹിനിയുടെ സാരിനൃത്തം
ഇതിൽ മോഹിനിയായി വേഷമിട്ട കലാമണ്ഡലം ചെമ്പക്കര വിജയൻ 
മികച്ച ഭാവപ്രകാശനത്തോടെയും, ഭംഗിയാർന്ന ചൊല്ലിയാട്ടത്തോടെയുംകൂടി കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള പ്രകടനം കാഴ്ച്ചവെച്ചു. മോഹിയുടെ പ്രവേശത്തിലുള്ള സാരിനൃത്തം തുടക്കത്തിലുള്ള രാഗാലാപനത്തോടെ പൂർണ്ണമായാണ് ഇവിടെ അവതരിപ്പച്ചത്. സാരിക്കു് രാഗമാലപിക്കുന്ന സമ്പ്രദായം ഇപ്പോൾ സാധാരണയായി പതിവില്ലാത്തതാണ്.

'മദസിന്ധുരഗമനേ'


'മദസിന്ധുരഗമനേ'

കലാമണ്ഡലം ഷണ്മുഖനാണ് രുഗ്മാംഗദനായി അഭിനയിച്ചത്. 

വെടിപ്പായ ചൊല്ലിയാട്ടം, പാത്രാനുസൃതമായ ആട്ടങ്ങൾ എന്നിവയോടുകൂടിത്തനെ ഇദ്ദേഹം തന്റെ വേഷം ഭംഗിയാക്കി.

'ത്വൽപ്രിയതമയായി'


'അല്പമാത്രവും നിന്നോടു'

ആദ്യരംഗത്തിലെ പദാഭിനയശേഷമുള്ള ആട്ടവും 

ഇരുവരും ചേർന്ന് ഭംഗിയായി അവതരിപ്പിച്ചു. 'ഇവളുടെ സൗന്ദര്യാദി ഗുണഗണങ്ങൾ വർണ്ണിക്കുവാൻ സർപ്പശ്രേഷ്ഠനായ അനന്തനേപ്പോലെ എനിക്ക് ആയിരം നാവുകൾ ഇല്ലല്ലൊ, ഇവളുടെ സൗന്ദര്യത്തെ നുകരുവാൻ ദേവരാജനേപ്പോലെ എനിക്ക് ആയിരം കണ്ണുകൾ ഇല്ലല്ലൊ, ഇവളുടെ സുന്ദരമേനിയെ പുണരുവാൻ കാർത്ത്യവീര്യർജ്ജുനനെപ്പോലെ എനിക്ക് അനവധി കൈയ്യുകൾ ഇല്ലല്ലൊ.' എന്നിങ്ങിനെയാണ് രുഗ്മാംഗദൻ ആട്ടം ആരംഭിച്ചത്. തുടർന്ന് മോഹിനിയോട് പറയുന്നതായി 'ഏകാമാഹാത്മ്യം' എന്ന പ്രശസ്തമായ ആട്ടവും ഭംഗിയായി ഇവിടെ അവതരിപ്പിക്കുകയുണ്ടായി.

'മൽപ്രിയതമേ'

കലാനിലയം കരുണാകരക്കുറുപ്പും കലാമണ്ഡലം അരുണുമാണ് 

ബ്രാഹ്മണരായി രംഗത്തെത്തിയത്.

'പുഷ്ടി ബലാൽ നശിക്കും'

മോഹിനിയോടു ചെയ്ത സത്യം ലംഘിക്കാതേകണ്ട് 

മഹത്തായ ഏകാദശീവ്രതം നോൽക്കുന്നതിനായി സ്വപുത്രനെ വധിക്കുവാൻ നിർബന്ധിതനായ വേളയിൽ രുംഗാംഗദൻ വിഷ്ണുവിനെ അകമഴിഞ്ഞ് പ്രാർത്ഥിക്കുകയും, 'ഗജേന്ദ്രമോക്ഷ'കഥയും 'നരസിംഹാവതാര'കഥയും അനുസ്മരിച്ചിട്ട് അവിടെയൊക്കെ ഭക്തരക്ഷയ്ക്കായി പെട്ടന്നെത്തിയ വിഷ്ണുഭഗവാനോട് എന്റെ പുത്രന്റേയും തന്റേയും രക്ഷകനായി എത്തുവാൻ അപേക്ഷിക്കുകയും ചെയ്യുന്നതായി ആടുകയുണ്ടായി.

കലാ:ഷണ്മുഖൻ അന്ത്യഭാഗത്തിൽ ചാമരം മുന്നോട്ടിട്ട് 

ഭാവതലം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നതുകണ്ടു. ഭാവപരമായി കുറച്ചുകൂടി തീവ്രത പ്രകടനത്തിൽ വരുത്തുവാനായാൽ ഇദ്ദേഹത്തിന് ആസ്വാദകരിൽ കൂടുതൽ അനുഭമുണ്ടാക്കുവാൻ സാധിക്കും.

ധർമാംഗദനായെത്തിയ മധു വാരണാസിയും, 

സന്ധ്യാവലിയായെത്തിയ കലാ:അരുണും, വിഷ്ണുവായി വേഷമിട്ട കലാനിലയം വിനോദും താന്താങ്ങളുടെ വേഷം ഭംഗിയായിത്തന്നെ കൈകാര്യം ചെയ്തു.

'നോൽക്കരുതിന്നു ഭവാനും'

കലാനിലയം രാജീവും കോട്ടക്കൽ വെങ്ങേരി നാരായണനും 

ചേർന്നായിരുന്നു പദങ്ങൾ ആലപിച്ചിരുന്നത്. കളിക്കിണങ്ങുന്നതും ആസ്വാദ്യവുമായ നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്.

'പാദയുഗം തേ'

കലാമണ്ഡലം ശ്രീകാന്ത് വർമ്മ, കലാനിലയം മനോജ് 

എന്നിവർ ചേർന്ന് യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നല്ലമേളമാണ് ഈ കളിക്ക് ഒരുക്കിയത്. ചൊല്ലിയാട്ടത്തിലും ആട്ടത്തിലും കലാകാരന്മാർക്ക് മദ്ദളത്തിലൂടെ മികച്ച പിന്തുണനൽകുന്ന മനോജിന്റെ സാന്നിദ്ധ്യം കളിയുടെ വിജയത്തിൽ പ്രധാനഘടകം തന്നെയായിരുന്നു.കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരൻ

ഗ്രഹിക്ക പുണ്യരാശേ'

സന്ദർശ്ശൻ കഥകളിവിദ്യാലയത്തിന്റെ ചമയങ്ങൾ ഉപയോഗിച്ച് ഈ കളിക്ക് 

അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് നെടുമുടി ഹരി, അമ്പലപ്പുഴ കണ്ണൻ എന്നിവരായിരുന്നു.

3 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

ബ്ലോഗ്‌ വായിച്ചു. സൂഷ്മമായി കഥകളി കണ്ട് ആസ്വാദനം എഴുതിയ മണിക്ക് ആശംസകള്‍.

RamanNambisanKesavath പറഞ്ഞു...

മദസിന്ധുരഗമനേ എന്നാണു സംബോധന.

മണി,വാതുക്കോടം പറഞ്ഞു...

RamanNambisanKesavath ,
നന്ദി, തെറ്റ് തിരുത്തിയിട്ടുണ്ട്.