കോട്ടയം കളിയരങ്ങിന്റെ 504മതു കഥകളി

കോട്ടയം കളിയരങ്ങിന്റെ 504മത് കഥകളി 2011 ജൂലൈ 3 ഞായറാഴ്ച്ച
 വൈകിട്ട് 5മുതൽ കോട്ടയം തിരുനക്കര ശ്രീരംഗം ഹാളിൽ നടന്നു. ബാലകവി രാമശാസ്ത്രികൾ രചിച്ച ബാണയുദ്ധം ആട്ടകഥയിലെ പ്രസിദ്ധങ്ങളായ 'ഗോപുരം', 'ഉഷ-ചിത്രലേഖ' രംഗങ്ങളുമാണ് അന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.
'ബാണന്റെ തിരനോട്ടം'
പ്രഹ്ലാദപൗത്രനും മഹാബലിപുത്രനും ശിവപാർവ്വതിമാരുടെ 
മാനസപുത്രനും സഹസ്രബാഹുക്കളോടുകൂടിയവനും വരബലശാലിയും മഹാപരാക്രമിയുമായ ബാണാസുരൻ തന്റെ രാജധാനിയായ ശോണിതപുരിയിൽ സസുഖം വസിച്ചുവന്നു. ശിവദർശ്ശനത്തിനായി ഒരിക്കൽ ശ്രീകൈലാസത്തിലെത്തിയ ബാണൻ ശിവന്റെ നൃത്തത്തിന് താളവാദ്യം പ്രയോഗിച്ചു. അതിൽ സന്തോഷിച്ച് ശിവൻ ബാണന് ആയിരം കൈകൾ നൽകി അനുഗ്രഹിച്ചു. ആയിരം കൈകളാൽ വിവിധവാദ്യങ്ങൾ വായിച്ച് തന്റെ നൃത്തത്തിനു കൊഴുപ്പേകിയ ബാണനിൽ സമ്പ്രീതനായ ശ്രീപരമേശ്വരൻ ബാണന് ഇഷ്ടവരം പ്രദാനം ചെയ്യാൻ സന്നദ്ധനായി. പരിവാരസമേതം തന്റെ ഗോപുരദ്വാരത്തിൽ വന്നുവസിച്ച് രക്ഷിക്കണമെന്ന് ബാണൻ വരം ചോദിക്കുന്നു. അതിൻപ്രകാരം ശിവൻ പരിവാരസമേതം ശോണിതപുരിദ്വാരിയിൽ വന്ന് വാസമാരംഭിക്കുന്നു. ഇങ്ങിനെ ശ്രീപരമേശ്വരന്റെ തന്നെ കാവൽ ഉള്ളതിനാൽ ശത്രുഭീതിയില്ലാതെ വസിച്ചുവന്ന ബാണൻ കൈത്തരിപ്പടക്കാൻ വഴിയില്ലാതെ വലഞ്ഞു. തന്റെ കൈത്തരിപ്പ് ശമിപ്പിക്കാനായി ലേശം യുദ്ധത്തിലേർപ്പെടുവാൻ ശിവനോടുതന്നെ അഭ്യർത്ഥിക്കുവാനുറച്ച് ഒരിക്കൽ ബാണൻ തന്റെ ഗോപുരത്തിലേയ്ക്ക് ചെല്ലുന്നു. ശിവഭൃത്യനായ നന്ദി, പുത്രരായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരെ ക്രമത്തിൽ കണ്ട്, സുഖവിവരങ്ങൾ അന്യൂഷിച്ച് യുദ്ധം ആവിശ്യപ്പെടുന്നു ബാണൻ. എന്നാൽ അവരാരും അതിനു തയ്യാറാകുന്നില്ല. ശിവ സമീപമെത്തുന്ന ബാണൻ അദ്ദേഹത്തിന്റെ മുഖത്ത് എന്താണൊരു വിഷാദഛായ എന്ന് സംശയിക്കുന്നു. ഭഗവാന്റെ വാഹനമായ ഋഷഭവും പാർവ്വതിയുടെ വാഹനമായ സിംഹവും തമ്മിലും, ഭഗവാന്റെ ആഭരണങ്ങളായ സർപ്പങ്ങളും ഗണപതിവാഹനമായ മൂഷികനും തമ്മിലും, സുബ്രഹ്മണ്യവാഹനമായ മയിലും സർപ്പങ്ങളും തമ്മിലും ശത്രുതയുണ്ട്. ഇവകളുടെ ഈ കുടുംബകലഹമായിരിക്കാം കുടുംബനാഥനായ ശിവനെ വിഷാദിപ്പിക്കുന്നത് എന്ന് ബാണൻ കരുതുന്നു. തുടർന്ന് ശിവനെ കണ്ടുവന്ദിച്ച് തന്റെ അവസ്ഥ അറിയിക്കുകയും താനുമായി ഒരു സൗഹൃദമത്സരത്തിന്-ദ്വന്ദയുദ്ധത്തിന്- തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ദ്വാരപാലകനായ തന്നോട് യുദ്ധം ചെയ്യുന്നത് ഒരു രാജാവിന് ഒരുതരത്തിലും ഉചിതല്ലെന്നും പരിഹാസകാരണമാകുമെന്നും അറിയിച്ച് ആ ആവശ്യം നിരസിക്കുന്ന ശിവൻ മറ്റൊരു അറിയിപ്പും ബാണനു നൽകുന്നു. ശോണിതപുരത്തിലുള്ള ബാണന്റെ കൊടിമരം ഒരു ദിവസം ഒടിഞ്ഞുവീഴുമെന്നും അന്ന് എനിക്കൊത്ത ഒരു എതിരാളി വന്നെത്തുമെന്നുമാണ് ശിവൻ അറിയിക്കുന്നത്. ശിവൻ തന്റെ ആവശ്യം നിരസിച്ചത് ഏറ്റവും ജുഗുപ്സാവഹമാണെന്ന് അറിയിച്ചുകൊണ്ട് തന്റെ പുരിയിലേയ്ക്ക് മടങ്ങുന്ന ബാണൻ തന്റെ കൊടിമരത്തിന്റെ ബലം പരീക്ഷിക്കുന്നു. കൊടിമരത്തിന്റെ ഉറപ്പ് മനസ്സിലാക്കുന്ന ബാണൻ ഇനി അത് ഒടിയുന്ന ദിവസം വരെ കാത്തിരിക്കാം എന്ന് ആശ്വസിക്കുന്നു. ഈ സമയത്ത് ഉദ്യാനത്തിൽ സഖിയുമൊത്ത് കളിക്കുന്ന തന്റെ പുത്രി ഉഷയെ ബാണൻ കാണുന്നു. ഉഷ യവ്വനയുക്തയായിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന ബാണൻ ഈ കാലം കാമശരമേൽക്കാനുതകുന്നതാണ് എന്ന് ചിന്തിക്കുകയും, അതിനാൽ പുത്രിക്ക് ഗാന്ധർവ്വം ഉണ്ടാകുന്നതിന്നു മുൻപുതന്നെ ഉചിതനായൊരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ തന്റെ മന്ത്രിവര്യനുമായി ആലോചിക്കാനായി ബാണൻ പോകുന്നു. ഇത്രയും ഭാഗങ്ങളാണ് ബാണയുദ്ധത്തിലെ 'ഗോപുരം' എന്ന ഭാഗത്ത് അവതരിപ്പിക്കുക പതിവ്.
'ശിവതാണ്ഡവം'

'കൈത്തരിപ്പാട്ടം'
കഥകളി തെക്കൻ ചിട്ടയിലെ ആചാര്യനായ മടവൂർ വാസുദേവൻ നായരാണ് 
ഇവിടെ ബാണനെ അവതരിപ്പിച്ചത്. ശതാഭിഷേകപ്രായത്തിലും അദ്ദേഹം തന്റെ കഴിവിനൊത്ത്, പൂർണ്ണ ആത്മാർത്ഥതയോടെയാണ് അരങ്ങിൽ ആടുന്നത്. തിരനോട്ടശേഷമുള്ള തന്റേടാട്ടം, തനിക്ക് ആയിരം ബാഹുക്കൾ ലഭിച്ചതായ കഥ ആടുന്നതിലെ ബാണന്റെ വാദ്യപ്രയോഗവും ശിവന്റെ നൃത്തവും, കൈത്തരിപ്പ് ആട്ടം, ഗോപുരദ്വാരിയിലെത്തി ശിവപരിവാരങ്ങളെ ഓരോരുത്തരെയായി കണുന്നതും അവരുടെ പൂർവ്വകഥകൾ സ്മരിക്കുന്നതുമായ ആട്ടം, 'കുടുംബകലഹം' ആട്ടം, പദഭാഗങ്ങൾ ചൊല്ലിവട്ടംതട്ടുമ്പോഴുള്ള ആട്ടങ്ങൾ, മടങ്ങിയെത്തി കൊടിമരത്തിന്റെ ബലം പരീക്ഷിക്കുന്നതും, ഉഷയെ കണ്ട് ചിന്തിക്കുന്നതുമായ ആട്ടങ്ങൾ എന്നിവയാണ് ഈ ഭാഗത്തിന്റെ മാറ്റുകൂട്ടുന്നത്. ഒന്നും വിട്ടുപോകാതെയും എന്നാൽ അധികസമയമെടുത്ത് വിരസമാക്കെതെയുമുള്ള തന്റെ ശൈലിയിൽ ഈ ആട്ടങ്ങളും ചൊല്ലിയാട്ടവും അവതരിപ്പിച്ച് മടവൂരാശാൻ ആസ്വാദകരിൽ മികച്ച അനുഭവമുണർത്തി. 
ബാണൻ തന്റെ ഗോപുരദ്വാരിയിലേയ്ക്ക്....
ഭഗിയാർന്ന ചുട്ടിയും മുന്തിയചമയങ്ങളും വൃത്തിയായ ഉടുത്തുകെട്ടും 
മടവൂരാശാന്റെ വേഷത്തിന്റെ മാറ്റുകൂട്ടി.
'കുടുംബകലഹം ആട്ടം'
ശിവനായി കലാഭാരതി ഹരികുമാറും ഗണപതിയായി 
തിരുവല്ല സദാശിവനും സുബ്രഹ്മണ്യനായി കലാകേന്ദ്രം ഹരീഷും നന്ദികേശ്വരനായി തിരുവഞ്ചൂർ സുഭാഷും ഭൂതമായി തട്ടേൽ ഉണ്ണികൃഷ്ണനും വേഷമിട്ടു.
'ഏണാങ്കചൂട ഭഗവൻ'
പാർവ്വതി, ഉഷ വേഷങ്ങളിൽ അരങ്ങിലെത്തിയത് 
കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയായിരുന്നു.
'എത്രയും ജുഗുപ്സിതാവഹം'
ചെണ്ട കൈകാര്യം ചെയ്ത കുറൂർ വാസുദേൻ നമ്പൂതിരി 
മടവൂരിന്റെ തിരനോട്ടത്തിനും ആട്ടങ്ങൾക്കും വളരെ ചേർച്ചയായി മേളം പകർന്നുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
കൊടിമരത്തിന്റെ ബലം പരീക്കുന്ന ബാണൻ
പത്മഭൂഷൺ ബഹുമതി ലഭിച്ച മടവൂരാശാനെ, 
ഗോപുരം രംഗത്തിനെ തുടർന്ന് നടന്ന ചടങ്ങിൽ കോട്ടയം കളിയരങ്ങിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. 
ഉപഹാരസമർപ്പണം
തുടർന്ന് അവതരിപ്പിക്കപ്പെട്ട ഉഷ-ചിത്രലേഖരംഗത്തിൽ 
ചിത്രലേഖയായി മാർഗ്ഗി വിജയകുമാർ പാത്രോചിതമായ അഭിനയത്തിലൂടെ മികവുകാട്ടി.
സാരിനൃത്തം

'അധികതരമായാസം'
പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം സജീവനും 
ചേർന്നായിരുന്നു പദങ്ങൾ പാടിയിരുന്നത്. മൊത്തത്തിൽ തരക്കേടില്ലാത്ത പാട്ടായിരുന്നുവെങ്കിലും പാടി, നീലാബരി തുടങ്ങിയ രാഗങ്ങൾക്ക് വ്യക്തതയും ലയവും കുറവായി തോന്നി. രഞ്ജിനി രാഗത്തിൽ ആലപിച്ച ചിത്രലേഖയുടെ 'മതി മതി വിഹാരം' എന്ന പദം 'സംഗതി'കളോടുകൂടിയതും സംഗീതപരമായി മികച്ചതും ആയിരുന്നുവെങ്കിലും ആ ആലാപനം അരങ്ങിന് ഇണങ്ങുന്നതായി തോന്നിയില്ല. 'കിം കിം അഹോസഖീ' എന്ന പദത്തിന്റെ ആലാപനത്തിൽ പലയിടത്തും കുറുപ്പാശാന്റെ സംഗീതവഴിയോട് സാമ്യം തോന്നിപ്പിച്ചു എന്നു പറഞ്ഞാൽ അതിശയോക്തി അല്ല. ചിത്രലേഖയുടെ മറ്റൊരു പദമായ 'പേശലാനനെ'യാണ് ഏറ്റവും ഹൃദ്യമായി അനുഭവപ്പെട്ടത്. നടന്റെ അഭിനയത്തിന് ഏറ്റവും അനുഗുണമായ രീതിയിലാണ് ഈ പദം ആലപിച്ചത്.
'പോക ശയനായ നാം'

'ചേലയുടെ തുമ്പും കടന്നഥ പിടിച്ചു'
കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിൽ പകർന്ന മേളവും 
ശരാശരി നിലവാരം പുലർത്തി.
'കിംകിമഹോ സഖി'
'അവനേകാന്തേ മെല്ലയണിഞ്ഞു'
 കലാനിലയം സജിയായിരുന്നു ചുട്ടി കലാകാരൻ.
'അനിരുദ്ധൻ കാൺക'
 ശ്രീവല്ലഭവിലാസം കഥകളിയോഗം, തിരുവല്ലയുടേതായിരുന്നു ചമയങ്ങൾ.
'പേശലാനനെ കാൺക'

9 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

ഉഗ്രൻ! ഇപ്രാവശ്യം പാട്ടിന്മേലും കൈ വെച്ചല്ലോ മണീ. :):) ഇങ്ങനെ തുറന്നെഴുതാറില്ലല്ലൊ. അതോണ്ട് പറഞ്ഞതാട്ടോ.

ഓ.ടോ. മടവൂരാശാന്റെ ഇന്റെർവ്യൂവിൽ ഈ ഗോപുരം ആട്ടം വരുന്നുണ്ട്. :) കാത്തിരിക്കൂ. :):)-സു-

-സു‍-|Sunil പറഞ്ഞു...

-su-

AMBUJAKSHAN NAIR പറഞ്ഞു...

മണി, ആസ്വദിച്ചു

Kalarcode Murali പറഞ്ഞു...

Dear Mani,
Good appreciation and analysis of the "attam". Really appreciate you for the well studied observation and detailing of each scene. Though Madavoor had done justice to the "vesham", it was not probably superior and did not include all "attams" narrated by you.
You should have analised performance of Margi vijayan and explained certain flavours of his "Chitralekha".During padam starting "Chitra patalam ithu kanka", Vijayan recollects story of ahalyamoksham Indran, when resemblence with Indra is asked and when Krishnas resemblence is asked, vijayan compares with stealing of gopashree,s "Vasthram". I had mentioned that Vijayan should have linked name of "Pradyumnan" to Kamadevan,s memory, which was omitted.
I sincerely applaud you for good analytical skill and wish you good kathakali viewing in coming days.

Rgds,
Kalarcode Murali

മണി,വാതുക്കോടം പറഞ്ഞു...

സുനിലേട്ടാ,അമ്പുച്ചേട്ടാ,മുരളിയേട്ടാ,
നന്ദി...

മുരളിയേട്ടാ,
മടവൂരാശാൻ ആട്ടങ്ങൾ പലതും സൂചിപ്പിച്ചു പോയതെ ഉള്ളു. എന്നാൽ ആദ്ദേഹത്തിന്റെ അടുത്തിടെ ഞാൻ കണ്ട ഗോപുരം അവതരണങ്ങളെക്കാൾ വിസ്തരിച്ചിരുന്നു അന്ന്. വിജയന്റെ ആട്ടങ്ങളെ പറ്റി അങ്ങ് പറഞ്ഞ്ത് വളരെ ശരിയാണ്. കൃഷ്ണന്റെ ചിത്രം കാട്ടുന്നവേളയിൽ വസ്ത്രാപഹരണകഥയാണ് വിജയൻ സ്മരിച്ചത്. രാസലീലാകഥ സ്മരിക്കുന്നത് കൂടുതൽ ഉചിതമാകും എന്ന് എനിക്ക് തോന്നുന്നു.

Srikumar K പറഞ്ഞു...

Your analysis is exclellent.

സുരേശന്‍ പറഞ്ഞു...

ശ്രീ മണി വാതുക്കോടം കോട്ടയത്ത് ഉണ്ടായിരുന്നു അല്ലെ അടുത്ത തവണ ഈ പരിസരത്ത് വരുമ്പോള്‍ ഒന്ന് ബന്ധപ്പെടുവാന്‍ മറക്കല്ലേ എന്‍റെ നമ്പര്‍. 9447210560

സുരേശന്‍ പറഞ്ഞു...

ശ്രീ മണി വാതുക്കോടം കോട്ടയത്ത് ഉണ്ടായിരുന്നു അല്ലെ അടുത്ത തവണ ഈ പരിസരത്ത് വരുമ്പോള്‍ ഒന്ന് ബന്ധപ്പെടുവാന്‍ മറക്കല്ലേ എന്‍റെ നമ്പര്‍. 9447210560

മണി,വാതുക്കോടം പറഞ്ഞു...

സുരേശൻ,
ഇനി ബന്ധപ്പെടാം