ഇരിങ്ങാലക്കുട കഥകളിക്ലബ്ബ് വാര്‍ഷികം

ഇരിങ്ങാലക്കുടയിലെ ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ
മുപ്പത്തഞ്ചാം വാഷികം 10/01/2010ന് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. പത്മശ്രീ വാഴേങ്കിട കുഞ്ചുനായരുടെ ജന്മശദാബ്ദി വര്‍ഷം പ്രമാണിച്ച് ആ മഹാനടന്റെ സ്മരണയിലാണ് വാഷികം നടത്തപ്പെട്ടത്. രാത്രി 7:30ന് ആരംഭിച്ച വാഷികാഘോഷസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് അഗ്നിശര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ചന്ദ്രന്‍ സ്വാഗതമാശംസിച്ച സമ്മേളനത്തില്‍ ഡോ:പി.വേണുഗോപാലന്‍ വാഴേങ്കിട കുഞ്ചുനായര്‍ അനുസ്മരണപ്രഭാഷണം നടത്തി. ബഹു:മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ പി.എം.രാജന്‍ ഗുരുക്കള്‍ ചടങ്ങ് ഉത്ഘാടനം ചെയ്യുകയും, ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളി പുരസ്ക്കാരം സദനം ബാലകൃഷ്ണനും, പി.ബാലകൃഷ്ണന്‍ സ്മാരക കഥകളി എന്‍ഡോവ്മെന്റ് കലാനിലയം കെ.ജി.ദീപക്കിനും സമ്മാനിക്കുകയും ചെയ്തു. കെ.ബി.രാജ് ആനന്ദ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ച ചടങ്ങില്‍ ഇ.കേശവദാസ് കൃതജ്ഞതയും അറിയിച്ചു. യോഗത്തെത്തുടര്‍ന്ന് പത്മശ്രീ വാഴേങ്കിട കുഞ്ചുനായരെക്കുറിച്ച് കേരളകലാമണ്ഡലം നിര്‍മ്മിച്ച ‘പ്രിയമാനസം’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശ്ശനവും നടത്തപ്പെട്ടു.

രാത്രി 10:30മുതല്‍ അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയം നളചരിതം രണ്ടാം
ദിവസം കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം ഷണ്മുഖദാസ് നളനായി നല്ലപ്രകടനം കാഴ്ച്ചവെച്ചു. ‘കുവലയ വിലോചന’യുടെ ആരംഭത്തില്‍ ലേശം ആയാസത ഉണ്ടായി എങ്കിലും പല്ലവി കഴിഞ്ഞതോടെ അതുമാറി. ‘ദയിതേ’ എന്ന അടുത്തപദവും മനോഹരമായിത്തന്നെ ഷണ്മുഖന്‍ അവതരിപ്പിച്ചു. വേഷത്തിലും പ്രവൃത്തിയിലും ഭംഗിയുള്ള ഇദ്ദേഹത്തിന്, തുടക്കക്കാരന്‍ എന്ന നിലയ്ക്ക് പതിഞ്ഞപദത്തിലെ ആയാസത, കാലംകയറിയുള്ള പദത്തിലെ മുദ്രകളുടെ ഒഴുക്കിലുള്ള പോരായ്ക എന്നിവയുണ്ടെങ്കിലും ഇവ കുറച്ച് അരങ്ങുകള്‍ കഴിയുമ്പോള്‍ മാറുകയും ഭാവോജ്വലത കൈവരിക്കാനാവുകയും ചെയ്തുകൊള്ളും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മനോധര്‍മ്മ ആട്ടത്തിലാണ് ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് തോന്നുന്നു. ഔചിത്യം വിടാതെതന്നെ ആട്ടത്തില്‍ വത്യസ്തതയും മിതത്വവും പുലര്‍ത്താനായാല്‍ പ്രകടനം കൂടുതല്‍ മികച്ചതാവും. ഗോപിയാശാന്‍ ചെയ്തുവരുന്ന അതേ ആട്ടങ്ങള്‍ തന്നെയാണ് ഇവിടെ ഷണ്മുഖന്‍ അനുവര്‍ത്തിച്ചു കണ്ടത്.

ദമയന്തിയായെത്തിയ കലാമണ്ഡലം വിജയകുമാറും പുഷ്ക്കരനായെത്തിയ
കലാനിലയം വിനോദ് കുമാറും നല്ല പ്രകടങ്ങളാണ് കാഴ്ച്ചവെച്ചത്.ഇന്ദ്രന്‍, മന്ത്രി വേഷങ്ങള്‍ കലാമണ്ഡലം ശുചീന്ദ്രനാഥനും ദ്വാപരന്‍, കാള വേഷങ്ങള്‍ ആര്‍.എല്‍.വി.സുനിലുമാണ് കൈകാര്യം ചെയ്തിരുന്നത്.

കലിയായെത്തിയ ഇ.കെ.വിനോദ് വാര്യര്‍ ഇനിയും ഏറെ മെച്ചപ്പെടുവാനുണ്ട്.
തുടക്കകാരന്‍ എന്ന നിലയില്‍ വേഷത്തിലും ചൊല്ലിയാട്ടത്തിലും കൂടുതല്‍ വൃത്തിവരുത്തുവാനും ആട്ടങ്ങള്‍ മികച്ചതാക്കുവാനും ഇദ്ദേഹം ശ്രദ്ധിക്കേണ്ടതായുണ്ട്. കലിയുടെ മുഖം തേപ്പും അത്ര മികച്ചതായി തോന്നിയില്ല. അരങ്ങിലേയും അണിയറയിലേയും ചെറിയ ശ്രദ്ധക്കുറവുകള്‍ മൂലം ഇദ്ദേഹത്തിന്റെ നെറ്റിചുട്ടി, കാലിലെ ദണ്ഡപതിപ്പ് ഇവയൊക്കെ അരങ്ങില്‍ വെച്ച് അഴിഞ്ഞുവീണിരുന്നു.
സദനം ബാലകൃഷ്ണനായിരുന്നു കാട്ടാളവേഷമിട്ടത്. എടുത്തുപറയത്തക്ക
പ്രത്യേകതകളൊന്നും ഇദ്ദേഹത്തിന്റെ കാട്ടാളനില്‍ ഇല്ലെങ്കിലും, ആട്ടത്തിലും ചൊല്ലിയാട്ടത്തിലും അടുത്തകാലത്തായി കാട്ടാളന്മാരില്‍ കണ്ടുവരുന്ന ഏച്ചുകെട്ടലുകളൊന്നുമില്ലാതെ സമ്പൃദായാനുശ്രിതമായി തന്നെയാണ് ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്.ആദ്യഭാഗം പത്തിയൂര്‍ ശങ്കന്‍‌കുട്ടിയും കലാമണ്ഡലം വിനോദും ചേര്‍ന്നും,
കലിയുടേയും പുഷ്ക്കരന്റേയും ഭാഗങ്ങള്‍ കലാ:വിനോദും കലാനിലയം ബാബുവും ചേര്‍ന്നും, തുടര്‍ന്നുള്ള ഭാഗങ്ങള്‍ പത്തിയൂരും കലാനി:ബാബുവും ചേര്‍ന്നുമാണ് പാടിയിരുന്നത്. പൊതുവെ രാഗമാറ്റങ്ങളും സംഗതിപ്രയോഗങ്ങളും കുറവായിരുന്നു അന്നത്തെ പാട്ടില്‍. അതിനാല്‍ തന്നെ കളിക്കിണങ്ങുന്നതുമായിരുന്നു പാട്ട്. പ്രത്യേകിച്ച് കാട്ടാളന്റെ ഭാഗം. എന്നാല്‍ പതിവുപോലെതന്നെ ദ്വാപരന്റേയും പുഷ്ക്കരന്റേയും ചരണങ്ങള്‍ പാടാതെ വിട്ടിരുന്നു. വളരെ അധികം സമയമൊന്നും നഷ്ടപ്പെടുവാന്‍ സാധ്യതയില്ലാത്തതും എന്നാല്‍ കഥയിലും കഥാപാത്രത്തിനും പ്രാധാന്യമുള്ളതുമായ പല ചരണങ്ങളും ഇതുപോലെ ഒഴിവാക്കപ്പെടുന്നത് കഷ്ടം തന്നെയാണ്. ഇതില്‍ പാട്ടുകാരും വേഷക്കാരും ഒരുപോലെ പങ്കുണ്ടന്ന് തോന്നുന്നു. ആസ്വാദകരും സംഘാടകരും ഇതിനെതിരെ പ്രതികരിച്ചില്ലായെങ്കില്‍ ഭാവിയില്‍ ഇതുപോലെ കൂടുതല്‍ ചരണങ്ങള്‍ അരങ്ങില്‍നിന്നും അപ്രത്യക്ഷമാകും.
കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയും കലാനിലയം മനോജിന്റെ മദ്ദളവും നല്ല
നിലവാരം പുലര്‍ത്തിയിരുന്നു. കലാനിലയം ദീപക്ക്(ചെണ്ട), കലാനിലയം രാകേഷ്(മദ്ദളം) എന്നിവരായിരുന്നു മറ്റു മേളക്കാര്‍.കലാമണ്ഡലം സുകുമാരനും കലാമണ്ഡലം നിധിനും ആയിരുന്നു ഈ കളിക്ക്
ചുട്ടികലാകാരന്മാര്‍. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍, നാരായണന്‍ എന്നിവര്‍ അണിയറപ്രവര്‍ത്തകരായിരുന്ന ഈ കളിയ്ക്ക് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റേതായിരുന്നു ചമയങ്ങള്‍.

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ദണ്ഡപതിപ്പ്??? - തണ്ടപ്പതപ്പ് എന്നാണോ ഉദ്ദേശിച്ചത്?

ഇന്ദ്രന്‍ മന്ത്രി വേഷങ്ങള്‍... - മന്ത്രി, അതെവിടെയാണ്?

ചരണങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് എഴുതിയതിനോട് യോജിക്കുന്നു. മുതിര്‍ന്ന കലാകാരന്മാര്‍ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ സൌകര്യാര്‍ത്ഥം പദങ്ങള്‍ വിടുന്നത് മനസിലാക്കാം; എന്നാലതു തന്നെ ചെറുപ്പക്കാര്‍ അരങ്ങിലെത്തുമ്പോഴും അനുവര്‍ത്തിച്ചാലോ!
--

Ganesh-Iyer പറഞ്ഞു...

Mantri: May be to keep the things for the game and later to listen to the words from Pushkaran...

nair പറഞ്ഞു...

Good. Keep it up.