തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വാഷികം (ഭാഗം 1)


തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വര്‍ഷികം മെയ്16,17തീയതികളിലായി തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു.
തദ്ദവസരത്തില്‍ ഈയിടെ അശീതി(80) പിറന്നാള്‍ ആഘോഷിച്ച കഥകളി ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരെ കഥകളികേന്ദ്രം ആദരിക്കുകയുണ്ടായി.


16ന് വൈകിട്ട് 6ന് കഥകളി നടന്നു. രാജസൂയ(തെക്കന്‍)മാണ് അന്ന് അവതരിപ്പിക്കപ്പെട്ട കഥ. പല കഥകളും തെക്കും വടക്കും വത്യസ്തമായ ചിട്ടകളിലാണ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ എല്ലായിടത്തും ഒരേ സാഹിത്യം തന്നെയാണ് എടുക്കാറ്. എന്നാല്‍ രണ്ടു സാഹിത്യം നിലവിലുള്ള ഒരേഒരു കഥ രാജസൂയമാണ്. തെക്കന്‍ രാജസൂയത്തിന്റെ രചയിതാവ് ശ്രീ കാര്‍ത്തികതിരുനാള്‍ മഹാരാജാവാണ്. കഥയ്ക്ക് മാറ്റമൊന്നുമില്ലെങ്കിലും തെക്കന്‍ ചിട്ടയനുസ്സരിച്ച് രാജസൂയത്തില്‍ ജരാസന്ധന്‍ കത്തിവേഷവും ശിശുപാലന്‍ താടിവേഷവുമാണ്. വടക്ക് ജരാസന്ധന്‍ താടിയും ശിശുപാലന്‍ കത്തിയുമാണ്. വടക്കന്‍ രിതിയില്‍ ജരാസന്ധന്‍ തന്റേടാട്ടത്തോടെ കളി ആരംഭിക്കുമ്പോള്‍ തെക്കനില്‍ ജരാസന്ധന്റെ പതിഞ്ഞപദത്തോടെയാണ് കളി ആരംഭിക്കുന്നത്.


ഇവിടെ ജരാസന്ധനായെത്തിയ മടവൂര്‍ വാസുദേവന്‍ നായര്‍ മികച്ച പ്രകടനമാണ്
കാഴ്ച്ചവെയ്ച്ചത്. ശ്രീ സദനം വിജയനായിരുന്നു ജരാസന്ധപത്നിയായി വേഷമിട്ടത്. ജരാസന്ധന്റെ ‘രാകാശശിശോഭന വദനെ’ എന്ന പതിഞ്ഞപദത്തിന്റേയും പത്നിയുടെ മറുപടിപദത്തിന്റേയും ശേഷം കാമോത്സുകനായ നായകന്‍ നായികയെ വര്‍ണ്ണിക്കുന്നതായ ആട്ടമാണ്. പ്രസിദ്ധമായ ‘ബ്രഹ്മസൃഷ്ടി’ എന്ന ആട്ടമാണ് ഇവിടെ ആടിയത്. തുടര്‍ന്ന്‘പണ്ട് ദേവാസുരന്മാര്‍ ചേര്‍ന്ന് മന്ധരപര്‍വ്വതത്തെ കടകോലും വാസുകിയെ പാശവുമാക്കി പാലാഴികടഞ്ഞപ്പോള്‍ ഒരു അമൃതകുഭം അതില്‍നിന്നും ഉയര്‍ന്നു വന്നു. അതിനു സമാനമാണ് നിന്റെ രണ്ടു കുചകുംഭങ്ങള്‍’ എന്നു പറഞ്ഞ് ജരാസന്ധന്‍ പത്നിയുമൊത്ത്
ആലിംഗനചുമ്പനാദികളിലേര്‍പ്പെട്ടിരിക്കവേ പെരുമ്പറമുഴക്കങ്ങള്‍ ശ്രവിക്കുന്നു. പെട്ടന്ന് പത്നിയെ അന്ത:പ്പുരത്തിലേക്കയച്ച് ശബ്ദത്തിനു കാരണമന്യൂഷിക്കുന്ന ജരാസന്ധനോട് ‘ഗോപുരവാതില്‍ക്കലുള്ള പെരുമ്പറകള്‍ ആരോ അടിച്ച് തകര്‍ത്തിരിക്കുന്നു’ എന്ന വാര്‍ത്ത ഒരു ഭൃത്യന്‍ അറിയിക്കുന്നു. തന്റെ പിതാവിനാല്‍ വധിക്കപ്പെട്ട അസുരന്റെ ചര്‍മ്മമുപയോഗിച്ച് ആ പെരുമ്പറകള്‍ നിര്‍മ്മിക്കപ്പെട്ട കഥ ഓര്‍ത്തിരിക്കവെ മൂന്ന് ബ്രാഹ്മണര്‍ മതില്‍ ചാടിക്കടന്ന് രാജധാനിയിലേയ്ക്ക് വരുന്നതായി കണ്ട് അത്ഭുതപ്പെടുന്നു. ‘ഏതായാലും ബ്രാഹ്മണരല്ലെ സാരമില്ല. ഇനി അവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുക തന്നെ‘ എന്നു നിശ്ചയിച്ച് ബ്രാഹ്മണഭക്തനായ ജരാസന്ധന്‍ അവരെ കാണുവാനായി പോകുന്നു.

കൃഷ്ണബ്രാഹ്മണനായി ശ്രീ ഫാക്റ്റ് പത്മനാഭനും ഭീമബ്രാഹ്മണനായി സദനം വിജയനും
അര്‍ജ്ജുനബ്രാഹ്മണനായി ശ്രീ ആര്‍.എല്‍.വി പ്രദീപും ശ്രീകൃഷ്ണനായി ശ്രീ കലാമണ്ഡലം മയ്യനാട് രാജീവും ഭീമനായി ശ്രി കലാമണ്ഡലം രവികുമാറും അര്‍ജ്ജുനനായി ശ്രീ ആര്‍.എല്‍.വി.സുനിലുമാണ് വേഷമിട്ടിരുന്നത്. ഈ രംഗത്തില്‍ വാമനാവതാരകഥയും സത്യംചെയ്ത മഹാബലിയ്ക്കു പിണഞ്ഞ അബദ്ധവും ആത്മഗതമായിട്ടാണ്‍ ജരാസന്ധന്‍ ആടാറുള്ളത്(വടക്കന്‍ സമ്പൃദായത്തില്‍). എന്നാല്‍ ഇവിടെ ഈ കഥ ബ്രാഹ്മണരോട് പറയുന്നതായാണ് ആടികണ്ടത്.


ബ്രാഹ്മണര്‍ കൃഷ്ണഭീമാര്‍ജ്ജുനന്മാരാണെന്ന് വെളിവാക്കികഴിഞ്ഞപ്പോള്‍ ജരാസന്ധന്‍ ‘കഷ്ടം! എടാ, കൃഷ്ണാ നിനക്ക് നാണമില്ലല്ലോ? പതിനെട്ടു പ്രാവശ്യം എന്നോട് യുദ്ധംചെയ്ത് പരാജയപ്പെട്ട് ഓടിപ്പോയ നിനക്ക് വീണ്ടും എന്റെ മുന്നില്‍ വന്ന് ദ്വന്ദയുദ്ധം ആവശ്യപ്പെടാന്‍ നാണമാകുന്നില്ലെ?’ എന്ന് കൃഷ്ണനോടും ‘അല്ലയോ ഭീമാ, ഒരു ക്ഷത്രിയനായ നിനക്ക് ഈ പശുപാലകനായ യാദന്റെ പിറകെ നടക്കാന്‍ നാണമില്ലെ?’ എന്ന് ഭീമനോടും ചോദിച്ച് കളിയാക്കുന്നു. തുടര്‍ന്ന് ഭീമനാണ് തനിക്കുപറ്റിയ എതിരാളി എന്നു പറഞ്ഞ് ഭീമനെ യുദ്ധത്തിനു വിളിക്കുകയും, രണ്ടു ഗധകള്‍ ഭീമനു നല്‍കിയിട്ട് ഇഷ്ടമുള്ളത് ഇടുത്തുകൊള്ളുവാന്‍ പറയുകയും ചെയ്യുന്നു. ഭീമന്‍ ഒരു ഗധ എടുത്ത് തയ്യാറാവുന്നു. ജരാസന്ധന്‍ ഗധ എടുക്കുമ്പോള്‍ ഒരു അപശകുനം പോലെ അത് താഴെവീഴുന്നു. അതു കണക്കാക്കാതെ യുദ്ധം ആരംഭിക്കുന്ന ജരാന്ധനെ ഗധായുദ്ധത്തില്‍ ഭീമന്‍ പരാജയപ്പെടുത്തുന്നു. തുടര്‍ന്ന് ഇരുവരും മല്ലയുദ്ധം നടത്തുന്നു. ഒടുവില്‍ ശ്രീകൃഷ്ണന്റെ നിദ്ദേശാനുസ്സരണം ജരാസന്ധന്റെ ശരീരം രണ്ടായികീറി തിരിച്ചിട്ട് ഭീമന്‍ അവനെ വധിക്കുന്നു. തുടര്‍ന്ന് കൃഷ്ണനും ഭീമാര്‍ജ്ജുനന്മാരും ചേര്‍ന്ന് ജരാസന്ധന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അനവധി രാജാക്കാന്മാരെ മോചിപ്പിക്കുകയും, ജരാസന്ധപുത്രനെ മഗഥത്തിലെ അടുത്തരാജാവായി വാഴിക്കുകയും ചെയ്തിട്ട് രാജസൂയയാഗത്തിന് തയ്യാറെടുപ്പ് നടത്താനായി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് ഗമിക്കുന്നു.


ശിശുപാലനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ആട്ടങ്ങള്‍ ഒട്ടും അടുക്കും ചിട്ടയുമില്ലാത്തതായിതോന്നി. വല്ലപ്പോഴും മാത്രം കൈകാര്യം ചെയ്യേണ്ടിവരുന്ന ഇതുപോലെയുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഇദ്ദേഹം കുറച്ചുകൂടി തെയ്യാറെടുപ്പ് നടത്തേണ്ടതായിരുന്നു. രാജസൂയയാഗവേദിയിലെത്തുന്ന ശിശുപാലന്‍ യാഗശാല കാണുന്ന ഭാഗമൊന്നും വിസ്തരിച്ചില്ല. നിരവധി രാജാക്കന്മാര്‍ ധര്‍മ്മപുത്രര്‍ക്ക് കപ്പം കൊടുക്കുനതായി കണ്ട് ‘ഇത് ഒട്ടും സഹിച്ചിരിക്കുവാനാകില്ല’ എന്നു പറഞ്ഞ് പെട്ടന്ന് യാഗശാലയിലേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. പ്രവേശിച്ച ശിശുപാലന്‍ ഉടനെ തന്നെ അര്‍ജ്ജുനനെ കാണുകയും ‘തന്നെ ബഹുമാനിച്ചില്ല‘ എന്ന കാരണം പറഞ്ഞ് അര്‍ജ്ജുനനോട് കയര്‍ക്കുകയും ചെയ്യുന്നതു കണ്ടു! സാധാരണ ചുവന്നതാടിയുടേതില്‍ നിന്നും വത്യസ്തമായ രീതിയിലായിരുന്നു ഇദ്ദേഹം ചായം തേച്ചിരുന്നത്.
ശ്രീ കലാമണ്ഡലം സുരേന്ദ്രനും കലാഭാരതി സന്തോഷുമായിരുന്നു ഈ കളിക്ക് പാട്ട്. പാട്ട് ഒട്ടും മെച്ചമായിഒരുന്നില്ല. മൈക്കുസെറ്റിന്റെ തകരാറുകള്‍ കൂടിയായപ്പോള്‍ സംഗീതം ഒട്ടും ആസ്വദിക്കാനായില്ല.

ആദ്യ ഭാഗത്ത് മേളം കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും
(ചെണ്ട) ശ്രീ കലാനിലയം മനോജും(മദ്ദളം) മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ടാംഭാഗത്ത് ഇവര്‍ക്കൊപ്പം ചെണ്ടയ്ക്ക് ശ്രീ കലാമണ്ഡലം ഹരിശങ്കറും മദ്ദളത്തിന് ശ്രീ കലാവിന്നിതും പങ്കെടുത്തു. കലാമണ്ഡലത്തിലെ ഏഴാം വര്‍ഷ വിദ്ദ്യാര്‍ത്ഥിയായ ഹരിശങ്കറിന്റെ മേളം എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ശ്രീ കലാനിലയം സജി, ശ്രീ ഏരൂര്‍ മനോജ് എന്നിവരാണ് ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. സാധാരണയായി ചുട്ടിക്ക് മൂന്ന് ദളങ്ങള്‍(പേപ്പറുകള്‍) ആണ് കാണാറ്. എന്നാല്‍ ഇവിടെ എല്ലാവര്‍ക്കും നാലുദളങ്ങളോടു കൂടിയ ചുട്ടിയാണ് കുത്തിയിരുന്നത്. തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ തന്നെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രീ ഏരൂര്‍ ശശി, ഏരൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവരാണ്.

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

> ചുട്ടി നാലുദളവും മൂന്നു ദളവും കാണാറുണ്ട്. വേഷസംബന്ധമായി ഇതിന് പ്രത്യേകിച്ചെന്തെങ്കിലും കാരണം ഉള്ളതായി അറിയില്ല. തെക്ക് നാലുദളം, വടക്ക് മൂന്നുദളം അങ്ങിനെയാണത്രേ തുടങ്ങിയത്. നാലുദളം ശരിയായി വെച്ച് ചുട്ടി തീര്‍ക്കുവാന്‍ എളുപ്പമാണ്, മൂന്നു ദളം പ്രയാസവും. കൂടുതല്‍ വേഷങ്ങള്‍ കുറഞ്ഞ സമയത്തില്‍ തീരേണ്ടപ്പോള്‍ നാലു ദളങ്ങള്‍ വെച്ചു ചുട്ടി തീര്‍ക്കും. ഇവിടെയും അതാണുണ്ടായതെന്നു തോന്നുന്നു.
> ശിശുപാലന്റെ നെറ്റിയുടെ ഭാഗത്ത് മാത്രമാണല്ലോ വ്യത്യാസം. അവിടെയൊരു വ്യത്യാസം നല്‍കുന്നത് നല്ലതല്ലേ? അതല്ലാതെ ദുഃശാസനന്‍, ത്രിഗര്‍ത്തന്‍ എന്നിവരുടേതിനു സമാനമായ മുഖത്തു തേപ്പ് സ്വീകരിക്കുന്നതില്‍ രസക്കുറവുണ്ട്.
> ജരാസന്ധന്‍ കത്തി, ശിശുപാലന്‍ താടി അതു തന്നെയല്ലേ കൂടുതല്‍ യോജിപ്പ്? ജരാസന്ധനായി (താടി / വടക്കന്‍) ഉണ്ണിത്താന്‍ നല്ല ആട്ടമാണ്. ഒരുപക്ഷെ, അധികം ചെയ്യുവാന്‍ അവസരമില്ലാത്തതിനാലാവാം ഇവിടെ ശിശുപാലന്‍ നന്നാവാഞ്ഞത്.

അടുത്ത ദിവസം ഏതായിരുന്നു കളി?
--

C.Ambujakshan Nair പറഞ്ഞു...

കുറച്ചുകാലമായി കമന്റുകൾ ഒഴിവാക്കുകയാണ്. മടവൂർകല്ലുവഴി സമ്പ്രദായം സ്വീകരിച്ചതിനാലാണ്
രാവണനും,ജരാസന്ധനും വിജയിക്കുന്നതെന്ന ചില കുബുദ്ധികളുടെനേരിട്ടുള്ള കമന്റുകൾ കാരണം ഒരു വരി എഴുതട്ടെ.



ഗുരു ചെങ്ങന്നൂർ സ്വീകരിച്ചിരുന്ന കഥകളി മാർഗ്ഗം മടവൂർ നിലനിർത്തിയിരിക്കുന്നു എന്ന് അഭിമാനിക്കാം.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ ഹരീ,
ചെയ്തു പരിചയമില്ലാത്തതിനാല്‍ തന്നെയാണ് ശിശുപാലന്‍ നന്നാകാഞ്ഞത്. അദ്ദേഹം ഒന്ന് മനസ്സിരുത്തിയിരുന്നെങ്കില്‍ നന്നാക്കമായിരുന്നു.

അടുത്തദിവസത്തെ കളിയുടെ വിവരങ്ങള്‍ പോസ്റ്റിയിട്ടുണ്ട്.

@നായരേട്ടാ,
മടവൂര്‍ കല്ലുവഴിസമ്പൃദായം സ്വീകരിച്ചെന്നോ! ആരു പറഞ്ഞൂ ഇത്?
ചെങ്ങന്നൂരിന്റെ സമ്പൃദായം മടവൂര്‍ നിലനിര്‍ത്തി. എന്നാല്‍ മടവൂരിനുശേഷം ആര് എന്നതാണ് പ്രശ്നം.

Unknown പറഞ്ഞു...

My god..this is the joke of the year!!!Madavoor is migrated to Kalluvazhi style!!! hahaha...

How can one suddenly migrated to Kalluvazhi style? That too in the age of 80? Years of training needed to do something in Kalluvazhi style. It is not that one can suddenly starts performing in kalluvazhi style.