ഇടപ്പള്ളി കഥകളി ആസ്വാദനസദസ് വാര്‍ഷികം

ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ വാര്‍ഷികം ജനുവരി 23,24,25 തീയതികളിലായി ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. മൂന്നുദിവസങ്ങളിലും കഥകളിയും അവതരിപ്പിക്കപ്പെട്ടിരുന്നു. 24ന് നളചരിതം രണ്ടാംദിവസം കഥയാണ്(‘അലസത’ വരെ) അവതരിപ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ നളവേഷമിട്ടത് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനായിരുന്നു. ഒരു ആയാസം-വല്ലാത്തൊരു ബലം‌പിടുത്തം- ഈ ദിവസത്തെ അഭിനയത്തിലുടനീളം ഇദ്ദേഹത്തില്‍ ദര്‍ശിച്ചിരുന്നു. സാധാരണ അനായാസമായും മനോഹരമായും ആണ് ബാലസുബ്രഹ്മണ്യന്‍ കലാശങ്ങള്‍ ചവുട്ടുന്നതുകണ്ടിട്ടുള്ളത്. എന്നാല്‍ ഈദിവസം കലാശങ്ങളില്‍ പോലും അദ്ദേഹത്തിന് ആയാസത തോന്നിച്ചു. ചൊല്ലിയാട്ടത്തില്‍ മാത്രമല്ല ആട്ടങ്ങളിലും രസാഭിനയത്തിലുമൊന്നും അദ്ദേഹം നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നില്ല. ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായി വേഷമിട്ടു.


നവദമ്പതികളായ നളദമയന്തിമാരുടെ സൃഗാരപ്രധാനമായ രംഗമാണ് നളചരിതം രണ്ടാംദിവസകഥയില്‍ ആദ്യം. ഈ രംഗത്തിന്റെ അന്ത്യത്തിലുള്ള ആട്ടത്തില്‍ ‘ഇന്നലെ വരെ ചന്ദ്രകിരണം എനിക്ക് തീക്കനല്‍ പോലെ അനുഭവപ്പെട്ടിരുന്നു, ഇന്ന് ഇത് പാല്‍ പോലെ തോന്നുന്നു, ഈ ഉദ്ദ്യാനത്തില്‍ ഇന്നലെ വരെ ഒരു പ്രേതത്തെപോലെ അലഞ്ഞുനടക്കുകയായിരുന്നു ഞാന്‍, ഇന്ന് നീ കൂടെയുള്ളതുകൊണ്ട് എനിക്ക് സുഖമായി ഭവിച്ചു.’ എന്നിങ്ങിനെ പറഞ്ഞശേഷം നളന്‍, വിവാഹത്തിനുമുന്‍പ് ദു:ഖിതനായി ഈ ഉദ്യാനത്തില്‍ ഇരുന്നപ്പോള്‍ ഹംസത്തിനെ സുഹൃത്തായിലഭിച്ചതും, ഹംസം ദമയന്തിയേകാണാന്‍ പോന്നതുമായ കാര്യങ്ങള്‍ ദമയന്തിയെ ധരിപ്പിച്ചു. ഹംസം വന്ന് തന്റെ മനസ്സ് നളനില്‍ ഉറപ്പിച്ച് തിരികെപോന്ന കാര്യങ്ങള്‍ ദമയന്തിയും, തുടര്‍ന്ന് മടങ്ങിവന്ന് സഖാവ് പറഞ്ഞകാര്യങ്ങള്‍ നളനും തുടര്‍ച്ചയായി ആടി. അനന്തരം നളദമയന്തിമാര്‍ ഉദ്യാനം ചുറ്റികാണുന്നു. വല്ലികളില്‍ നിന്നും പൂവുകള്‍ ധാരാളമായി വീണുകിടക്കുന്നതുകണ്ട നളന്‍ ‘നിന്നെ വരവേല്‍ക്കാന്‍ വീഥിയില്‍ പൂവിരിച്ചിരിക്കുകയാണ് ലതകള്‍’ എന്ന് പറയുന്നു. ഇണപ്പക്ഷികളുടെ വേര്‍പാട് കണ്ട് ദു:ഖിക്കുന്ന ദമയന്തിയെ ഇതുപോലെ നമുക്ക് ഒരിക്കലും സംഭവിക്കില്ല എന്ന് പറഞ്ഞ് നളന്‍ സമാധാനിപ്പിച്ചു. രംഗാന്ത്യത്തില്‍ നളന്‍, ‘വളരെക്കാലമായി ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇവിടെ നീയുമായി ചെര്‍ന്നിരിക്കണമെന്ന്. അത് ഇന്ന് സാധിച്ചുവല്ലൊ’ എന്നുപറഞ്ഞ്, ദമയന്തിയേയും കൂട്ടി വള്ളിക്കുടിലിലേക്ക് ഗമിക്കുന്നു.

“ദയിതേ........”
.
രണ്ടാം രംഗത്തില്‍ ആകാശമാര്‍ഗ്ഗത്തില്‍ വച്ച് കലിദ്വാപരന്മാര്‍ കണ്ടുമുട്ടുന്നു. ദമയന്തീസ്വയംവരത്തില്‍ പങ്കെടുക്കുകയാണ് ഇരുവരുടേയും ലക്ഷ്യം എന്ന് മനസ്സിലാക്കിയ ഇവര്‍ പിന്നീട് ഒരുമിച്ച് യാത്രതുടരുന്നു. മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാഗ്നിയമവരുണന്മാരെ കണ്ടുമുട്ടുന്ന ഇവര്‍ കുശലപ്രശ്നം ചെയ്യുന്നു. ഇവിടെ കലിയായി അഭിനയിച്ചത് ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായിരുന്നു. ഇദ്ദേഹത്തിന്റെ മുഖമെഴുത്തില്‍ സാധാരണാറുള്ളതില്‍ നിന്നും ചില വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. പദഭാഗത്തെ ആട്ടം വിസ്തരിക്കാതെ കഴിക്കുകയും ചൊല്ലിവട്ടംതട്ടിയും അല്ലാതെയും ഉള്ള ആട്ടഭാഗങ്ങള്‍ വിസ്തരിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഉണ്ണിത്താനില്‍ കണ്ടത്. ‘കനക്കക്കൊതികലര്‍ന്നു’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ കലി, പാലാഴിമഥനം, അഹല്യാപ്രാപ്തി, തുടങ്ങിയ കഥകള്‍ വിസ്തരിച്ച് ഇന്ദ്രനെ കളിയാക്കുന്നതായി കണ്ടു. ഉണ്ണിത്താന്‍ ചുരുക്കത്തിലും എന്നാല്‍ മനോഹരമായും ഇവ ആടിയിരുന്നുവെങ്കിലും ഈ സന്ദര്‍ഭത്തിന് ഈ ആട്ടങ്ങള്‍ അത്ര യോജിക്കുന്നതായി തോന്നിയില്ല. ‘കുറുക്കന്‍ പറഞ്ഞതുപോലെ നിങ്ങളും കിട്ടാത്തമുന്തിരി പുളിക്കും എന്ന് പറയുന്നത് കഷ്ടം തന്നെ’ എന്നും ഉണ്ണിത്താന്‍ ആടുന്നതുകണ്ടു.

മിഴിച്ചുപാവകളെ....”
.
‘മിനക്കട്ടങ്ങുമിങ്ങും’ എന്ന പദഭാഗം ദ്വാപരനാണ് ഇവിടെ ആടുകയുണ്ടായത്! ഉണ്ണിത്താന്‍ നിര്‍ദ്ദേശിച്ചതനുസ്സരിച്ചാണ് നീരജ്ജ് ഇത് ആടിയത്. ഈഭാഗം ദ്വാപരന്‍ ആടേണ്ടവയല്ല. ഇന്ദ്രനോടുള്ള പദം മുഴുവനായും കലിതന്നെയാണ് ആടേണ്ടത്.

കലിയുടെ പദത്തിനുശേഷം ഇന്ദ്രന് ‘പ്രവണനെങ്ങളില്‍ ഭക്തിമാന്‍ നളന്‍’ എന്ന ഒരു മറുപടി ചരണം കൂടി ഉണ്ട്. ‘വിനയവാനും ഭക്തിമാനും ആശ്രിതരക്ഷകനുമാണ് നളന്‍, ഗുണത്തിന് ഏകാവലമ്പങ്ങളായ ആ സ്ത്രീപുരുഷന്മാരെ തമ്മില്‍ ഘടിപ്പിച്ച് തങ്ങളുടെ കടമ നിറവേറ്റി വരികയാണ് ഞങ്ങള്‍. കുമതിയായ നീ ഗുണവാനായ നളനില്‍ വൈരം വെയ്ക്കുന്നത് അനര്‍ത്ഥകരമാണ്. ഞങ്ങളുടെ നല്ലവാക്കുകള്‍ കേട്ടില്ലെങ്കില്‍ നിനക്ക് തീര്‍ച്ചയായും വ്യസനമാണ് ഫലം’ എന്നിങ്ങിനെയാണ് ഈ ചരണത്തില്‍ ഇന്ദ്രന്‍ കലിയോട് പറയുന്നത്. ഈ ചരണം വളരേ കാലമായി നടപ്പിലില്ല. ഈ പദഭാഗം അവതരിപ്പിച്ചില്ലെങ്കിലും ഇന്ദ്രന്‍ ഇവിടെ ഈ ആശയം ആട്ടത്തിലൂടെ അവതരിപ്പിച്ചിട്ട് നിഷ്ക്രമിക്കുന്നതാണ് ഉചിതമെന്നുതോന്നുന്നു. എന്നാല്‍ ക്രുദ്ധനായ കലി ഇന്ദ്രനോട് പൊയ്ക്കോള്ളുവാന്‍ പറയുന്നതായും, ഇന്ദ്രന്‍ ഒന്നും പറയാതെ പോകുന്നതായുമാണ് ഇപ്പോള്‍ കാണാറ്. ഇവിടെയും അങ്ങിനെയാണ് ഉണ്ടായത്. ഇന്ദന്‍, മന്ത്രി വേഷങ്ങള്‍ ചെയ്തത് ശ്രീ ഫാക്റ്റ്.ബിജുഭാസ്ക്കരനും, ദ്വാപരന്‍, കാള വേഷങ്ങള്‍ ചെയ്തത് ശ്രീ കലാമണ്ഡലം നീരജ്ജും ആയിരുന്നു. തുടര്‍ന്നുള്ള ‘കലിയാട്ടവും’ രാമചന്ദ്രനുണ്ണിത്താന്‍ ഭംഗിയായിതന്നെ അവതരിപ്പിച്ചു.

“ചതിപ്പതിന്നിവനാഗതായ്”
.
നളനോട് ചൂതുപൊരുതുക എന്നും, ചൂതില്‍ വിജയിച്ച് രാജ്യധനാദികള്‍ നിനക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ സഹായിക്കാമെന്നും പറയുന്ന കലിദ്വാപരന്മാരന്മാരോട് ‘നിങ്ങള്‍ ശരിക്കും എന്നെ സഹായിക്കാന്‍ തന്നെ വന്നവരാണോ? അതോ എന്നെ ആപത് ഗര്‍ത്തത്തില്‍ ചാടിക്കാനായി വന്നവരോ?’ എന്ന് പുഷ്ക്കരന്‍ ചോദിക്കുന്നു. ‘അങ്ങയെ ആപത് ഗര്‍ത്തത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്താന്‍ വന്ന യഥാര്‍ത്ഥ സുഹൃത്തുക്കളാണ് ഞങ്ങള്‍’ എന്ന കലിയുടെ മറുപടികേട്ട്, ‘ഇവരുടെ വാക്കുകള്‍ കേട്ടാല്‍ ദോഷം സംഭവിക്കുമോ?’ എന്ന് പുഷ്ക്കരന്‍ ചിന്തിക്കുന്നു. ‘ഏതായാലും ഇവര്‍ പറഞ്ഞത് അനുസ്സരിക്കുകതന്നെ‘ എന്നുറച്ച് പുഷ്ക്കരന്‍ നളനെ ചൂതിനു വിളിക്കുന്നു. ശ്രീ കലാമണ്ഡലം ശ്രീകുമാറാണ് പുഷ്ക്കരനെ അവതരിപ്പിച്ചത്.


തന്നെ ചൂതിനുവിളിക്കുന്ന, ചൂതുകളിയില്‍ പ്രഗത്ഭനല്ലാത്ത പുഷ്ക്കരനോട് ‘മേലും കീഴും നോക്കിയിട്ടാണോ നീ ഇതിന് പുറപ്പെട്ടത്?’ എന്ന് നളന്‍ ചോദിച്ചു. ‘അതെ’ എന്ന ഉറപ്പായ മറുപടികേട്ട്, ‘എന്ത് നോക്കാന്‍? മുകളില്‍ ആകാശവും താഴെ ഭൂമിയും അല്ലെ!’ എന്ന് നളന്‍ പ്രതിവചിക്കുകയും ചെയ്തു. ഈ രംഗത്തില്‍ ബാലസുബ്രഹ്മണ്യന്റെ നളനേക്കാള്‍ പക്വതയും നിലയും ശ്രീകുമാറിന്റെ പുഷ്ക്കരന് തോന്നിച്ചിരുന്നു!

പുഷ്ക്കരന്‍ ചൂതുകളിയിലൂടെ രാജ്യധനാദികള്‍ തച്ചുപറിച്ചിട്ട് നാട്ടില്‍നിന്നും കടന്നുപോകാന്‍ ആവശ്യപ്പെടുമ്പോള്‍ നളന്‍ സാധാരണയായി ദമയന്തിയേയും പിടിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നതായാണ് കാണാറ്. എന്നാല്‍ ഇവിടെ ബാലസുബ്രഹ്മണ്യന്റെ നളന്‍ കുറച്ചുനേരം പുഷ്ക്കരനെ നോക്കിനിന്നിട്ട്, അവജ്ഞനടിച്ച് കൈകള്‍ പുറകില്‍കെട്ടി പെട്ടെന്ന് പിന്തിരിഞ്ഞ് പോരുന്നതായിട്ടാണ് കണ്ടത്. ഇതുകണ്ടപ്പോള്‍ ‘ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍’ എന്ന പുഷ്ക്കരവചനം ശ്രവിച്ച് നളന്‍, ഭൈമിയേയും അവിടെ ഉപേക്ഷിച്ചിട്ട് പോവുകയാണോ എന്ന് തോന്നി!
“ഒരുനാളും നിരൂപിതമല്ലേ....”
.
അനുജനോട് തോറ്റ് രാജ്യാധികാരവും സമ്പത്തും നഷ്ടപ്പെട്ട് ഭൈമിയുമായി കാട്ടിലെത്തിയ നളന്റെ, ‘ഒരുനാളും നിരൂപിതമല്ല’ എന്ന ദു:ഖപദം, ശക്തിയായി ശ്വാസം വലിച്ച് ഒരു ഏങ്ങലടിശബ്ദം പുറപ്പെടുവിച്ചുകൊണ്ടാ‍ണ് ഇവിടെ അവതരിപ്പിക്കുന്നതുകണ്ടത്. നാട്ട്യധര്‍മ്മിതമായ അഭിനയം പിന്‍‌തുടരുന്ന കഥകളിയില്‍ ഒരു നായകന്റെ ദു:ഖം ഈ രീതിയിലല്ല അവതരിപ്പിക്കേണ്ടത്. സമയം വൈകിയതിനാലാവാം ഈ രംഗം വളരെ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നതായാണ് കണ്ടത്.
.
ദമയന്തിയെ ഉപേക്ഷിച്ച് പോകാനൊരുങ്ങുന്ന നളന്‍ തന്റെ നഗ്നതമറയ്ക്കുവാനായി ഭൈമിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറി ഉടുക്കുന്നു. നളന് യാദൃശ്ചികമായി ഒരു കത്തി കിട്ടുകയും, അതുപയോഗിച്ച് വസ്ത്രം മുറിച്ചെടുക്കുന്നതുമായാണ് സാധാരണ ആടാറുള്ളത്. എന്നാല്‍ ഇവിടെ ഇതു കണ്ടില്ല. നളന്‍ കൈകൊണ്ടുതന്നെയാണ് വസ്ത്രം മുറിച്ചെടുക്കുന്നതുകണ്ടത്! ‘ഈ ജന്മത്തില്‍ നാം പിരിയുകയാണ്, ഭാഗ്യമുണ്ടെങ്കില്‍ അടുത്തജന്മത്തില്‍ നമുക്ക് വീണ്ടും ഒത്തുചേരാം’ എന്നു പറഞ്ഞ്, ഉറങ്ങിക്കിടക്കുന്ന ദമയന്തിയുടെ കാല്‍ക്കല്‍ നമസ്ക്കരിച്ചശേഷമാണ് നളന്‍ വേര്‍പെടുന്നതുകണ്ടത്!വേര്‍പാട്ഭാഗത്ത് ചാമരം മുന്‍പിലേക്കിട്ട് ആകെ ഒരു ബഹളം വച്ചതല്ലാതെ കാര്യമായ ഭാവാഭിനയമൊന്നും ബാലസുബ്രഹ്മണ്യന്റെ നളനില്‍ കണ്ടില്ല.
.
ഉണര്‍ന്നെഴുനേല്‍ക്കുന്ന ദമയന്തി നളനെ കാണാതെ ദു:ഖിക്കുന്ന ‘അലസത’ എന്ന പദവുംകൂടി ഇവിടെ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഈ ഭാഗം ചടങ്ങുപോലെ വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടത്.
.
കലി ദ്വാപരന്മാരുടെ രംഗത്തിലെ ‘നരപതി നളനവന്‍’ എന്നദ്വാപരന്റെ ആദ്യചരണം ഇക്കാലത്ത് പലഗായകരും ഒഴിവാക്കുന്നതായാണ് കാണുന്നത്. ‘നളന്‍ നിരവധി ഗുണനിധിയാണ്, സുരപതിയുടെ വരത്താലും അജയ്യനാണ്, അതിനാല്‍ ഒരുത്തനും അവനെ ജയിക്കാമെന്ന മോഹം വേണ്ടാ. പിന്നെ ചൂതുപൊരുതുകിലേ ജയം വരുകയുള്ളു’ എന്ന പ്രധാന ആശയം ഉള്‍ക്കോള്ളുന്ന ഈ ചരണം ഉപേക്ഷിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. പുഷ്ക്കരന്റെ ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിലെ ‘ധരിത്രിയെച്ചേറിയെന്നെ ജയിച്ചതും’ എന്നു തുടങ്ങുന്ന ആദ്യ ചരണം ഉപേക്ഷിക്കുന്നതായും, ‘നിനക്കില്ലിനി രാജ്യമിതൊരിക്കിലും’ എന്നു തുടങ്ങുന്ന രണ്ടാംചരണം പാടുന്നതായുമാണ് കാണുന്നത്. ‘കുട്ടിക്കാലത്തില്‍ തന്നെ എന്നെ തഴഞ്ഞ് നീ അധികാരിയായി ഭരിച്ചതും, സാര്‍വഭൌമനെന്നു നീ ഭാവിച്ചതും എനിക്കറിയാം. നീ വിസ്തരിപ്പിച്ച ഭൂമിയും സമ്പാദിച്ച ധനവും എല്ലാം ഇനി എനിക്കു സ്വന്തം. ഞാന്‍ ഇനി ഉല്ലസിക്കട്ടെ. നീയിനി നാട്ടിലൊ ചവിട്ടായ്ക, കാട്ടില്‍ പോയ് തപം ചെയ്ക.’ എന്ന് ആശയം വരുന്ന ആദ്യ ചരണം പാടാതെ വിടുന്നത് ശരിയല്ല. ഇനി ഒരു ചരണം ഉപേക്ഷിക്കണം എന്നുനിര്‍ബന്ധമുണ്ടെങ്കില്‍ രണ്ടാംചരണം ഉപേക്ഷിക്കയാണ് നല്ലതെന്നു തോന്നുന്നു. ഇതുപോലെതന്നെ ഈ പദത്തിന്റെ മൂന്നാമത്തെ ചരണവും ഇപ്പോള്‍ ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. പുഷ്ക്കരന് പെട്ടന്ന് രാജ്യസമ്പത്തുകള്‍ ലഭിച്ചപ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ പ്രകടമാക്കുന്ന ഈ പദഭാഗവും ഉപേക്ഷിക്കുന്നത് ശരിയെന്നു തോന്നുന്നില്ല. മേല്‍പ്പറഞ്ഞ ചരണങ്ങളൊന്നും ഇവിടെയും പാടിയിരുന്നില്ല. ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരിയും ശ്രീ നെടുമ്പള്ളി രാമമോഹനനും ചേര്‍ന്നായിരുന്നു ഈ കളിക്ക് പാടിയിരുന്നത്. ശ്രീ കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ മുരളീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരുടെ ചെണ്ടയും ശ്രീ കലാമണ്ഡലം നാരായണന്‍ നായരുടെ മദ്ദളവും നിലവാരം പുലത്തിയതായിരുന്നു.

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മണീ, അക്ഷരതെറ്റുകൾ ഒന്നു കൂടെ ശ്രദ്ധിച്ചു കൂടേ? താങ്കളെപ്പോലുള്ള സീനിയർ കഥകളി ബ്ലോഗേഴ്സ് ഇങ്ങനെ അലംഭാവം കാണിച്ചാൽ...

അജ്ഞാതന്‍ പറഞ്ഞു...

ഇന്ദന്‍, മന്ത്രി വേഷങ്ങള്‍ !

What "Manthri" ????

വികടശിരോമണി പറഞ്ഞു...

മണി,
എനിക്കു പറയാനുള്ളത് അനോനിച്ചേട്ടൻ പറഞ്ഞു.ഇതുശരിയല്ലാട്ടോ.ഇങ്ങനെ അലസത അരുത്.എത്ര അക്ഷരത്തെറ്റാ?ആധികാരികമായ വിവരങ്ങളടങ്ങുന്ന കഥാഖ്യാനങ്ങളുടെ ഇടയിലും ഇതേപോലെ അക്ഷരങ്ങൾ പിഴയ്ക്കുന്നു.അത് അതിന്റെ മൂല്യത്തെത്തന്നെ ദോഷം ചെയ്യും.ഒന്നു സൂക്ഷിക്കണേ...
നാട്യധർമ്മിക്ക് പരമാവധി നാട്യധർമ്മിത വരെ പോവാം,ഈ എഴുതിയ രൂപമൊന്നും ചെയ്യല്ലേ...
സ്നേഹം,
താങ്കളുടെ ബ്ലോഗിന്റെ അഭ്യുദയകാംക്ഷിയായ,
വി.ശി.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ അനോനി1,
അലംഭാവം മാറ്റാം.....

@ അനോനി2,

ചൂതില്‍ വിജയിച്ച് രാജ്യഭാരം ഏല്‍ക്കുന്ന പുഷ്ക്കരന്‍ മന്ത്രിയെ വിളിച്ച് രാജശാസനം പുറപ്പെടുവിക്കുന്നുണ്ട്. ഈ ഭാഗത്ത് മന്ത്രിവേഷം വരുന്നുണ്ട്.

@വി.ശി,
സൂക്ഷിക്കാം,തിരുത്താം. അഭ്യുതയകാംക്ഷിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

ee zaasanam manthriyoodaNO ? munkalangalil kandathayi oormayilla.

'vastra thandulaathikal sammanikkolla' enningeellam janangalootayi pushkaran prakhyapikkukaye pathivullu ,
evide manthrikku prasakthi undo ?

annon:2

അജ്ഞാതന്‍ പറഞ്ഞു...

മന്ത്രി വേഷങ്ങള്‍ !
(ചൂതില്‍ വിജയിച്ച് രാജ്യഭാരം ഏല്‍ക്കുന്ന പുഷ്ക്കരന്‍ മന്ത്രിയെ വിളിച്ച് രാജശാസനം പുറപ്പെടുവിക്കുന്നുണ്ട്. ഈ ഭാഗത്ത് മന്ത്രിവേഷം വരുന്നുണ്ട്.)
ചില നാട്യധർമ്മികൾക്കായി വരുത്തുന്നുണ്ട് എന്നതാണ് ശരി.
മന്ത്രിയുെട നാട്യം കേമാണേ. ഈ മന്ത്രി ഒന്നിലുമുണ്ടേ അവിടെ
മന്ത്രിയുെട നാട്യം ഇല്ലേ?

അജ്ഞാതന്‍ പറഞ്ഞു...

ee zaasanam manthriyoodaNO ? munkalangalil kandathayi oormayilla.
Athinu thankal Mankulathinte pushkaran kantittunto? Mankulam Natyadharmmi allallo?
Avidyum sasanam undu. Manthri rangathu prathykshappedunnilla ennu dharichal mathi.
Natyadharmmi Pushkaranu Manthri rangathethanam.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മന്ത്രിവേഷം പലപ്പോഴും രംഗത്തുണ്ടാകും. ചിലപ്പോള്‍ കാണുകയുമില്ല. അതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഇവിടെ പുഷ്ക്കരന്‍ മന്ത്രിയോട് പറയുന്നതുതന്നെയല്ലെ ഉചിതം. രാജാവ് കൊട്ടാരത്തിലിരുന്നുനടത്തുന്ന പ്രസ്താവന രാജ്യവാസികള്‍ മുഴുവന്‍ അറിഞ്ഞുകൊള്ളണമെന്നില്ല. അതിന് അന്ന് പത്രക്കാരില്ലായിരുന്നല്ലൊ :‌). മന്ത്രിയോടായി
കാര്യങ്ങള്‍ പറഞ്ഞശേഷം ഈ ശാസനം പെരുമ്പറമുഴക്കി രാജത്താകമാനം വിളംബരം ചെയ്യാന്‍ മന്ത്രിയോട് ആഞ്ജാപിക്കുകയുമല്ലെ ഇവിടെ ഉചിതം?
എന്നാല്‍ ഇപ്പോള്‍ മന്ത്രിവേഷം രംഗത്തുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചരണം പാടാറില്ലായെന്നതാണ് സത്യം.