എം.എസ്സ്.എം.കോളേജിലെ കഥകളി ശില്പശാല

ഇല്‍ യു.ജി.സി. സ്പോണ്‍സര്‍ ചെയ്യുന്ന രംഗകലകളെക്കുറിച്ചുള്ള ദേശീയശില്പശാലകളുടെ ഭാഗമായി 2008 ജൂലൈ 11,12 തീയതികളില്‍ കായംകുളം എം.എസ്സ്.എം.കോളേജിലെ മലയാളംവിഭാഗം ‘കഥകളി പാഠവും അരങ്ങും’ എന്ന ശില്പശാലനടത്തി. കല്പിതസര്‍വ്വകലാശാലയായ കലാമണ്ഡലത്തിന്റെ വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് ഉത്ഘാടനംചെയ്ത ശില്പശാലയില്‍ കളിക്കൊട്ട്, കഥകളിസംഗീതം, ശരീരഭാഷ കഥകളിയില്‍, കല്യാണസൌഗന്ധികം, നളചരിതം ഇവയുടെ പാഠവും അരങ്ങും ഈവിഷയങ്ങളിലുള്ള പഠനക്ലാസുകള്‍ നടത്തപ്പെട്ടു. കൂടാതെ തോടയവും ചൊല്ലിയാട്ടവും(കല്യാണസൌഗന്ധികം) നളചരിതം നാലാംദിവസം കഥകളിയും അരങ്ങേറി.
12നു ഉച്ചക്ക്ശേഷം 2:30മണിക്ക് കളി ആരംഭിച്ചു. അന്വലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയമാണ് കളി അവതരിപ്പിച്ചത്. നേരത്തെ നിശ്ചയിച്ച സമയത്തിലും താമസിച്ചുമാത്രമെ കളിതുടങ്ങാനായുള്ളു. അതിനാലാവാം ആദ്യ രണ്ടു രംഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കേശിനി ബാഹുകനെ കാണാനെത്തുന്ന രംഗം മുതലാണ് കളിതുടങ്ങിയത്. ശ്രീ കലാമണ്ഡലം ഷണ്മുഖന്‍ ബാഹുകനായും ശ്രീ മധു വാരണാസി കേശിനിയായും വേഷമിട്ടു.സര്‍പ്പദംശമേറ്റ് നിറം മാറിയനളനാണല്ലൊ ബാഹുകന്‍. ബാഹുകവേഷക്കാരന്‍ നീലക്കുപ്പായവും ഉത്തരീയങ്ങളുംനീലഞൊറിയും അണിയുന്നതിനൊപ്പം അതിന്റെ ഒരു പൂര്‍ണ്ണതയ്ക്കായി കൈകളിലും നീലചായം പുരട്ടാറുണ്ട്. എന്നാല്‍ ഇവിടെ ഷണ്മുഖന്‍ ഇതുചെയ്തു കണ്ടില്ല. എന്നാല്‍ ത്യപ്തികരമായ പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവയ്ച്ചത്. ഗോപിയാശാന്റെ അവതരണരീതിയില്‍ തന്നെയാണ് ബാഹുകനെ ഷണ്മുഖന്‍ അവതരിപ്പിച്ചത്.
കേശിനി പോയശേഷമുള്ള ആട്ടത്തില്‍ ആദ്യം കുട്ടിക്കാലംമുതല്‍ക്കെ ദമയന്തിയെ സ്നേഹിച്ചുതുടങ്ങിയതു മുതല്‍ ഇപ്പോള്‍ ഋതുപര്‍ണ്ണസാരഥിയായി കുണ്ഡിനത്തില്‍ എത്തിയതുവരേയുള്ള നളന്റെചരിതങ്ങള്‍ ചുരുക്കത്തില്‍ ഒരു ഇളകിയാട്ടാമായി അവതരിപ്പിക്കുകയാണുണ്ടായത്.
തുടര്‍ന്ന് ഭ്യത്യന്‍ന്മാര്‍ പാചകത്തിനാവിശ്യമായ പദാര്‍ത്ഥങ്ങളുമായി വരുന്നു. അവരോട് എല്ലാം പാചകശാലയില്‍ കൊണ്ട്പോയി വെയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പാചകശാലയിലേക്ക് കടന്ന ബാഹുകന്‍ കൊണ്ടുവരപ്പെട്ട സാധനങ്ങളൊക്കെ നോക്കി. അവയുടെ കൂടെ ജലവും വിറകും കാണാഞ്ഞിട്ട് ആലോചിക്കുന്നു. തുടര്‍ന്ന് വരുണാഗ്നിമാരേ ധ്യാനിച്ച് ആവശ്യമുള്ള ജലവും അഗ്നിയും വരുത്തി പാചകം ചെയ്യുന്നു. ഇടക്ക് ഇങ്ങിനെ അലോചിക്കുന്നു. ‘ധാരാളം ദാനധര്‍മ്മാദികള്‍ ചെയ്തിട്ടുള്ളതും ദമയന്തിയെ പാണിഗ്രഹണം ചെയ്തതുമായ ഈ കൈകള്‍ കൊണ്ട് ഇന്ന് മറ്റൊരു രാജാവിനായി പാചകവും ചെയ്യേണ്ടിവന്നല്ലൊ?’
പിന്നീട് പാകമാക്കിയ ആഹാരസാധങ്ങള്‍ പകര്‍ന്ന് കൊണ്ടുപോയി ഋതുപര്‍ണ്ണന് വിളന്വിക്കൊടുക്കുന്നു. ‘ആഹാരം കേമമായി’ എന്നഭിനന്ദിക്കുന്ന ഋതുപര്‍ണ്ണനോട് ബാഹുകന്‍ ഒരു സംശയം ചോദിച്ചു. ‘എന്താണ് അങ്ങയുടെ മുഖം പ്രസന്നമായിരിക്കുന്നത്?” ‘പ്രത്യേകിച്ചൊന്നുമില്ല‘ എന്ന് ഉത്തരവും ലഭിക്കുന്നതായി ആടിക്കണ്ടു. എന്നാല്‍ ഈചോദ്യം ശരിയൊ? ദമയന്തീസ്വയവരമുണ്ടെന്ന് കേട്ട് ഓടിപിടച്ചു കുണ്ഡിനത്തിലെത്തിയ ഋതുപര്‍ണ്ണന്‍, അതിനുളള ഒരുക്കങ്ങളൊന്നുംകാണാതെ ശങ്കിച്ചിരിക്കുന്നതായ ഈ വേളയില്‍ മുഖം പ്രസന്നമായിരിക്കുമൊ? സാധാരണ ഗോപിയാശാന്റെ ബാഹുകന്‍ ഇവിടെ ചോദിക്കുന്ന ചോദ്യം -‘ഇങ്ങോട്ട് വന്നപ്പോള്‍
‍പ്രസന്നമായിരുന്നു വദനം തെല്ലൊന്നുവാടിയതായി തോന്നുന്നല്ലൊ,എന്തേ?’ എന്നാണ്.
ഋതുപര്‍ണ്ണസമീപത്തുനിന്നും പോന്ന ബാഹുകന്‍ പരിസരമാകെ വീക്ഷിക്കുന്നു. എന്നിട്ടിങ്ങിനെ ചിന്തിക്കുന്നു-‘രണ്ടാംസ്വയത്തിനുള്ള ഒരുക്കങ്ങളും കാണുന്നില്ല. അതിനായി ധാരാളം രാജാക്കന്മാര്‍ ഇവിടെ വന്നു എന്നുകേട്ടിട്ട് ഇവിടെ ആരേയും കാണാനില്ല. അവരുടെ ആന,തേര്‍,കുതിര പടകളേയോന്നും കാണ്മാനില്ല. എന്തേ ഇങ്ങിനെ? ഇനി സ്വയംവരം ഇല്ലെ? അങ്ങിനെയെന്നാല്‍ ബ്രാഹ്മണന്‍ വ്യാജം പറഞ്ഞതായിരിക്കുമൊ? എന്തോ അറിയില്ല. ഏതായാലും സത്യം വെളിപ്പെടും വരേ എന്റെ തനിരൂപം മറച്ച് കഴിയുക തന്നെ.‘
തുടര്‍ന്ന് രഥസമീപമെത്തിയ ബാഹുകന്‍ അതില്‍ അലങ്കരിച്ചിരിക്കുന്ന പൂക്കളെല്ലാം വാടിയതായി കണ്ട് ഇങ്ങീനെ വിചാരിക്കുന്നു-‘പൂക്കള്‍ വിരിഞ്ഞിരിക്കുന്വോള്‍ വണ്ടുകള്‍ തേന്‍‌ കുടിക്കാനായെത്തുന്നു, സുന്ദരിമാര്‍ അവ പറിച്ച് ശിരസ്സില്‍ ചൂടുന്നു. അതുപോലെ മനുഷ്യന് സന്വത്തുള്ളകാലത്ത് എല്ലാവരും ചുറ്റുംകൂടി സ്തുതിച്ചു നില്‍ക്കും. പൂവ് വാടിക്കഴിഞ്ഞാല്‍ ആരും അതിനെ തിരിഞ്ഞ് നോക്കില്ല. അതുപോലെ തന്നെയാണ് മനുഷ്യന്റെ കാര്യവും.‘ബാഹുകന്‍ വാടിയപൂക്കളെ സ്പര്‍ശിക്കുന്നതോടെ അവ വിടര്‍ന്ന് ശോഭിക്കുന്നു.


ദമയന്തി നളസമാഗമം നടക്കുന്ന അന്ത്യരംഗം ചിലമാറ്റങ്ങളോടെയാണിവിടെ അവതരിപ്പിച്ചു കണ്ടത്. ബാഹുകന്‍ വലതുവശത്ത് ഇരിക്കുകയും ഇടതുഭാഗത്തുക്കൂടി ദമയന്തി പ്രവേശിക്കുകയും ആണല്ലൊ പതിവ്. എന്നാല്‍ ഇവിടെ ഉണ്ടായത് ദമയന്തി വലതുഭാഗത്തിരിക്കുന്വോള്‍ ബാഹുകന്‍ ഇടതുവശത്തുകൂടി പ്രവേശിക്കുകയാണ്. ബാഹുകന്‍ ദിവ്യവസ്ത്രം ധരിച്ച് നളനായ് മാറുന്നതോടെ വലതുവശത്തേക്ക് മാറുകയും ചെയ്തു. നളന്റെ ‘സ്തിരബോധം മാഞ്ഞുനിന്നോട്’ എന്ന ചരണം ഇവിടെ അവതരിപ്പിച്ചുമില്ല.


ശ്രീ കലാമണ്ഡലം ചെന്വക്കര വിജയന്‍ ആണ് ദമയന്തിയായെത്തിയത്. വിജയനും ഷണ്മുഖനും നന്നായിതന്നെ അവസാനരംഗത്തില്‍ പ്രവര്‍ത്തിച്ചുകണ്ടു.




ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാനിലയം രാജീവും ചെര്‍ന്നായിരുന്നു സംഗീതം. ശ്രീ കലാമണ്ഡലം ക്യഷ്ണദാസും(ചെണ്ട), ശ്രീ കലാനിലയം മനോജും(മദ്ദളം) ചേര്‍ന്ന് നല്ലരീതിയില്‍ തന്നെ മേളം കൈകാര്യംചെയ്തു.


ഈ കളിക്ക് ശ്രീ കലാ:സുകുമാരന്‍ ചുട്ടികുത്തുകയും സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ കുമാരനും സംഘവും അണിയറകൈകാര്യം ചെയ്യുകയും ചെയ്തു.

2 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

യു.ജി.സി. സ്പോണ്‍സര്‍ ചെയ്യുന്ന രംഗകലകളെക്കുറിച്ചുള്ള ദേശീയശില്പശാലകളുടെ ഭാഗമായി 2008 ജൂലൈ 11,12 തീയതികളില്‍ കായംകുളം എം.എസ്സ്.എം.കോളേജിലെ മലയാളംവിഭാഗം ‘കഥകളി പാഠവും അരങ്ങും’ എന്ന ശില്പശാലനടത്തി. കല്പിതസര്‍വ്വകലാശാലയായ കലാമണ്ഡലത്തിന്റെ വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് ഉത്ഘാടനംചെയ്ത ശില്പശാലയില്‍ കളിക്കൊട്ട്,കഥകളിസംഗീതം, ശരീരഭാഷ കഥകളിയില്‍,കല്യാണസൌഗന്ധികം,നളചരിതം ഇവയുടെ പാഠവും അരങ്ങും ഈവിഷയങ്ങളിലുള്ള പഠനക്ലാസുകള്‍ നടത്തപ്പെട്ടു. കൂടാതെ തോടയവും ചൊല്ലിയാട്ടവും(കല്യാണസൌഗന്ധികം) നളചരിതം നാലാംദിവസം കഥകളിയും അരങ്ങേറി.ശ്രീ കലാമണ്ഡലം ഷണ്മുഖന്‍ ബാഹുകനായും ശ്രീ മധു വാരണാസി കേശിനിയായും വേഷമിട്ടു.ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാനിലയം രാജീവും ചെര്‍ന്നായിരുന്നു സംഗീതം. ശ്രീ കലാമണ്ഡലം ക്യഷ്ണദാസും(ചെണ്ട), ശ്രീ കലാനിലയം മനോജും(മദ്ദളം) ചേര്‍ന്ന് നല്ലരീതിയില്‍ തന്നെ മേളം കൈകാര്യംചെയ്തു.ഈ കളിക്ക് ശ്രീ കലാ:സുകുമാരന്‍ ചുട്ടികുത്തുകയും സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ കുമാരനും സംഘവും അണിയറകൈകാര്യം ചെയ്യുകയും ചെയ്തു.

Haree പറഞ്ഞു...

കൈകളില്‍ മാത്രമല്ല, മുഖത്തെ പച്ചയ്ക്കും ഇത്രയും തെളിച്ചം വേണ്ടിയിരുന്നില്ല.

‘എന്താണ് അങ്ങയുടെ മുഖം പ്രസന്നമായിരിക്കുന്നത്?” ‘പ്രത്യേകിച്ചൊന്നുമില്ല‘ എന്ന് ഉത്തരവും ലഭിക്കുന്നതായി ആടിക്കണ്ടു. - ഇത് ഇങ്ങിനെ തന്നെയാണോ? ഷണ്മുഖദാസ് ചോദിച്ചതും ഗോപിയാശാന്‍ ചോദിക്കുന്നതു തന്നെയാവില്ലേ? അല്ല്ലാതെ ഇങ്ങിനെയൊരു ചോദ്യം അവിടെ ഷണ്മുഖദാസ് ചോദിക്കുമെന്നു കരുതുവാന്‍ വയ്യ.

ദമയന്തി സമീപത്തേക്ക് ബാഹുകന്‍ എത്തുന്നതു തന്നെയാണ് ശരി. ആശാന്മാര്‍ക്ക് അടുപ്പിലും തൂറാം എന്നതാണല്ലോ നമ്മുടെ നാട്ടുനടപ്പ്... അതുകൊണ്ട് ഋതുപര്‍ണ്ണനെന്ന അയല്‍‌രാജാവിന്റെ വെറുമൊരു സാരഥിയായ ബാഹുകനെക്കാണാന്‍, രാജകുമാരിയായ ദമയന്തി ഇറങ്ങിപ്പോവുമെന്നത് കാഴ്ചശീലമായിപ്പോയി!!!
--