എറണാകുളം കരയോഗം കഥകളിക്ളബ്ബിന്റെ
മെയ് മാസ കഥകളി
24/05/2016ന് വൈകിട്ട് 6:30മുതൽ ടി.ഡി.എം.ഹൾ ഗംഗയിൽ നടന്നു. കളിയ്ക്കുമുൻപായി നടന്ന ചടങ്ങിൽ
വെച്ച് ക്ളബ്ബിന്റെ ഈ വർഷത്തെ തൗര്യത്രികപുരസ്ക്കാരം പ്രശസ്ത കഥകളി ചെണ്ടവാദകൻ
ശ്രീ കലാ:കൃഷ്ണദാസിന് സമ്മാനിക്കപ്പെട്ടു.
മന്ത്രേടത്ത് നമ്പൂതിരിപ്പാടിനാൽ വിരചിതമായ
സുഭദ്രാഹരണം ആട്ടക്കഥയിലെ സുഭദ്രാവിവാഹശേഷമുള്ള ബലഭദ്രർ-കൃഷ്ണൻ രംഗമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ബലഭദ്രരായി
കോട്ട:നന്ദകുമാർ അരങ്ങിലെത്തി. മനയോലക്കൂട്ടും മുഖമെഴുത്തും
അല്പം പഴയരീതിയിലുള്ളതായിരുന്നു ഇദ്ദേഹത്തിന്റേത്. ക്രോധസന്തോഷാദി ഭാവങ്ങൾ തീവ്രമായി പ്രകടിപ്പിക്കുന്നതിനും അഷ്ടകലാശമുൾപ്പെടെയുള്ള നൃത്തങ്ങൾ ചവുട്ടുന്നതിനും ധാരാളം ആട്ടങ്ങൾ അവതരിപ്പിക്കുന്നതിനും സാധ്യതയുള്ള ഒരു രംഗമാണിത്. ശരാശരി
നിലവാരം പുലർത്തിയ പ്രകടനം നന്ദകുമാറാശാനിൽ നിന്നുമുണ്ടായെങ്കിലും കൂട്ടുവേഷക്കാരന്റെ നിലവാരമില്ലായ്മ അവതരണത്തെ ബാധിച്ചു. ബലഭദ്രകൃഷ്ണന്മാരായെത്തുന്നവർതമ്മിലുള്ള രസതന്ത്രപരമായ ചേർച്ചയില്ലായ്മ വന്നാൽ മറ്റെന്തുണ്ടെങ്കിലും സുഭദ്രാഹരണത്തിലെ ഈ രംഗം വിജയിക്കില്ല.
സർവ്വേശ്വരനും പരിപൂണ്ണാവതാരവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തെയും
സംഘർഷ്ണമൂത്തിയുടെ അവതാരമായ ബലഭദ്രസ്വാമിയെന്ന കഥാപാത്രത്തെയും മനസ്സിലാക്കാതെ ഏതോസാധാരണക്കാരായ സഹോദരർ എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നതായി കളിയരങ്ങിൽ പലപ്പോഴും തോന്നിയിട്ടുണ്ട് ഈ രംഗം. എല്ലാം അറിയുന്നവനും, എല്ലാവരേയും
എല്ലാം ചെയ്യിച്ചുകൊണ്ട് ലോകത്തിൽ തന്റെ ലീലാനാടകമാടുന്നവനുമായ ശ്രീകൃഷ്ണഭഗവാൻ സ്വന്തം ജേഷ്ഠനായ ബലഭദ്രരുടെ മുന്നിൽ വല്ലാണ്ട് ഭയപ്പെട്ട് നിൽക്കുന്നതായി അവതരിപ്പിക്കുന്നത് അത്ര ശരിയന്ന് തോന്നുന്നില്ല. ഭയ ബഹുമാനങ്ങൾ
വേണം, അതിലുപരി സ്നേഹപൂർണ്ണമായ ഒരു അനുയനം
ആണ് ഈ രംഗത്തിൽ വേണ്ടതെന്ന് തോന്നുന്നു. അടുത്തകാലത്ത് കണ്ട
സുഭദ്രാഹരണം കൃഷ്ണന്മാരിൽ ഏറ്റവും ഔചിത്യപരമായിതോന്നിയതും മനമാർന്നതും ശ്രീ കലാനി:ബാലകൃഷ്ണന്റേതാണ്.
ഈ കളിയ്ക്ക് ശ്രീകൃഷ്ണവേഷമിട്ടുവന്നത് കലാ:രാധാകൃഷ്ണൻ ആയിരുന്നു.
കഥാപാത്രത്തെയോ സന്ദർഭത്തെയോ
മനസ്സിലാക്കിയുള്ള അഭിനയമോ ആട്ടങ്ങളോ ഇദ്ദേഹത്തിന്റെ അവതരണത്തിൽ കണ്ടില്ല. ഭയന്നുവിറച്ചുനിൽക്കുന്ന ഒരു ഭാവവും,
എന്തുചോദിച്ചാലും ‘എനിക്കൊന്നും അറിയില്ലെ’ന്നൊരുത്തരവും മാത്രമാണ്
കൃഷ്ണനിൽ കണ്ടത്. “കൃഷ്ണൻ കൂടി അർജ്ജുനപക്ഷത്താണ്,
വിവാഹം കഴിയുകയും ചെയ്തു, ഇനിയിപ്പോൾ ഞാൻ മാത്രം
ഇങ്ങിനെ ശുണ്ഡിയെടുത്തിട്ട് കാര്യമില്ല, എല്ലാം അവന്റെ ഇഷ്ടത്തിനുതന്നെ നടക്കട്ടെ’ എന്നൊക്കെ
ആത്മഗതമായി ആടി ബലഭദ്രർ മുന്നോട്ട് പോവുകയായിരുന്നു. സമാധാനമായശേഷവും ‘ഇനി ഞാൻ
ചെയ്യേണ്ട്തെന്ന്?’ എന്ന് ചോദ്യത്തിനും
‘എനിക്കറിയില്ലെന്നു’തന്നെ കൃഷ്ണന്റെ
മറുപടി. രംഗാന്ത്യത്തിൽ ഉള്ള ആട്ടങ്ങളൊന്നും ഇവിടെ
ഉണ്ടായില്ല. പദഭാഗം കഴിഞ്ഞയുടെ ഇനി പുറപ്പെടുകയല്ലെ എന്നുചോദിച്ച്,
പുറപ്പെടാനായി മറ്റുള്ളവര തയ്യാറായിനിൽക്കുന്നതുകണ്ട്, നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുകയാണുണ്ടായത്. ഭംഗിയായി തേച്ച് വേഷമൊരുങ്ങാനും, കഷ്ടിച്ച് പദഭാഗങ്ങൾ ചൊല്ലിയാടാനും വശമായി എന്നുവെച്ച് ഇങ്ങിനെയുള്ള വേഷങ്ങൾ അരങ്ങിൽ വിജയിപ്പിക്കാനാകില്ല.
കലാനി:രാജേന്ദ്രനും കലാ:സുധീഷും ചേർന്ന്
പദങ്ങൾ ആലപിച്ച ഈ കളിക്ക്
ചെണ്ടയിൽ കലാ:കൃഷ്ണദാസും മദ്ദളത്തിൽ കലാ:മനോജും ചേർന്ന് മേളവും ഒരുക്കി.
കലാ:നിക്സൺ ആയിരുന്നു ചുട്ടി കലാകാരൻ.
സുരേന്ദ്രൻ, രാമചന്ദ്രൻ,
അരുൺ എന്നിവരായിരുന്നു അണിയറസഹായികൾ.
6 അഭിപ്രായങ്ങൾ:
മണീ .. നല്ല വിലയിരുത്തലുകള്‍ .
ശരിയായി ഗൃഹപാഠം ചെയ്യാതെ മുതിര്‍ന്ന കലാകാരന്മാരുടെ കൂടെ വേഷങ്ങള്‍ ചെയ്യാന്‍ ഇറങ്ങിയാല്‍ ഇത്തരം പ്രശങ്ങള്‍ ഉണ്ടാവും . അത് മൊത്തം കളിയെയും ബാധിക്കുകയും ചെയ്യും . ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും കലാകാരന്മാര് വേണ്ട ഗൌരവത്തോടെ ഇതിനെ സമീപിക്കാതതത് അത്ഭുതകരമാണ് .
നന്ദി
മണിയുടെ വിലയിരുത്തലും സേതുവിന്റെ പ്രതികരണവും നിഷ്പക്ഷവും സത്യവുംതന്നെ. കൂട്ടുവേഷക്കാരുടെ അന്നത്തെ പ്രകടന നിലവാരം അറിഞ്ഞു പ്രവര്‍ത്തിക്കുക എന്നത് മുതിര്‍ന്നവര്‍ ചെയ്യേണ്ടതുതന്നെയാണ്. കൂട്ടുവേഷക്കാരുടെയും, ഗാന മേള വിഭാഗക്കരുടെയും; തിരശ്ശീലക്കാരുടെയും വരെ അരങ്ങു പ്രയോഗങ്ങള്‍ പ്രധാന വേഷക്കാരന് അനുകൂലമായോ പ്രതികൂലമായോ ബാധിക്കും എന്ന് നമുക്ക് എത്രയോ തെളിവുകള്‍ ഉണ്ട്. പ്രസ്തുത അരങ്ങില്‍ ഗാന മേള വിഭാഗക്കാര്‍ കൃത്യമായ പിന്തുണ നല്കി എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. കൃഷ്ണന്റെ വേഷാവതരണത്തെ കുറിച്ച് മണി പറഞ്ഞിട്ടുണ്ട്. അഷ്ടകലാശത്തിന്റെ വീഡിയോ ക്ലിപ്പിനു പ്രതികരണമായി ഞാന്‍ അതൊന്നു സൂചിപ്പിച്ചിരുന്നു. അന്നത്തെ 'കഥകളിയിലെ ബാലഭദ്രരെ' ആവശ്യാനുസരണം പ്രേരിപ്പിക്കുവാന്‍ അന്നത്തെ 'കഥകളിയിലെ കൃഷ്ണന്' സാധിച്ചില്ല്യ എന്നത് പ്രത്യക്ഷമായിരുന്നു. ശിവരാമേട്ടന്റെ ദമയന്തിയും, മോഹിനിയും, കുന്തിയും ഉയര്‍ത്തിനിര്‍ത്തിയ നള-രുഗ്മാംഗദ-കര്ണ്ണന്മാരെയും. പൊതുവാള് ആശാന്മാരുടെ മേളം ഉയര്‍ത്തിനിര്‍ത്തിയ നിരവധി വേഷങ്ങളെയും നമുക്കറിയാം. ഇത് ഒരു ഉദാഹരണം മാത്രം. നന്ദകുമാരന് നായര്‍ കൂട്ടുവേഷത്തെ ശ്രദ്ധിക്കാതെ overtake ചെയ്യന്ന ശീലക്കരനല്ല; അദ്ദേഹത്തിന്റെ വേഷത്തെ കൂട്ടുവേഷക്കാരന്‍ overtake ചെയ്യുന്നത് അനുവദിക്കുകയുമില്ല്യ; പല പ്രാവശ്യവും പുഷ്ക്കരനായി നിന്നിരുന്നപ്പോള്‍ തന്റെ ആട്ടത്തെ, മനപ്പൂര്‍വ്വമല്ലെങ്കിലും, തടസ്ഥപ്പെടുത്തുന്ന നളന്റെ ചെയ്തികളെ തടുക്കുന്നതും കണ്ടിട്ടുണ്ട്. പാട്ടിനും, മേളത്തിനും, കൂട്ടുവേഷത്തിനും അവനവന് ആവശ്യപ്പെടുന്നവര്‍തന്നെ വേണം എന്ന് മുതിര്‍ന്ന കലാകാരന്മാര് നിര്‍ബ്ബന്ധിക്കുന്നത് ചിലപ്പൊഴെങ്കിലും ശരിയാണ് എന്ന് തോന്നാറുണ്ട്; സേതു പറഞ്ഞ 'മൊത്തം കളി' എന്ന വീക്ഷണത്തില്‍!
Ref: Mani -"ശ്രീകൃഷ്ണഭഗവാൻ സ്വന്തം ജേഷ്ഠനായ ബലഭദ്രരുടെ മുന്നിൽ വല്ലാണ്ട് ഭയപ്പെട്ട് നിൽക്കുന്നതായി അവതരിപ്പിക്കുന്നത്" - മിക്കവാറും അങ്ങിനെ തന്നെയാണ് കണ്ട ഓര്‍മ്മ. അതില്‍ ഏറ്റവും കൃത്യമായ അവതരണം എന്നെ സ്വാധീനിച്ചിട്ടുള്ളത് 1. രാമന്‍കുട്ടി ആശാന് & വൈക്കം കരുണാകരന് ആശാന് 2. സദനം കൃഷ്ണന്‍കുട്ടി ആശാന് & കലാ. ബാലസുബ്രഹ്മണ്യന്.
എല്ലാം ചെയ്തു വെച്ചിട്ട് ശ്രീകൃഷ്ണന്റെ ആ ഭയപ്പെടൽ ഒരു കപട വിദ്യമാത്രമാണ്. ക്രുദ്ധനായ ബലഭദ്രരെ ശാന്തനാക്കി രംഗം വളരെ രസികത്തമായി കൊണ്ടു പോകേണ്ട ചുമതല ശ്രീകൃഷ്ണന് തന്നെയാണ്. ശ്രീ. രാമൻകുട്ടി ആശാനും ശ്രീ. വൈക്കം കരുണാകരൻ ആശാനും ഒന്നിച്ചുള്ള സുഭദ്രാഹരണം കണ്ട ഓര്‍മ്മ ഉണ്ട്. കൂടാതെ ദക്ഷിണ കേരളത്തിലെ കലാകാരന്മാരുടെ അരങ്ങുകളും ഈ അവസരത്തിൽ സ്മരിച്ചു കൊള്ളട്ടെ.
വാസുവേട്ടന്റെയും ഗോപാലകൃഷ്ണന്റെയും കൂടിയുള്ള സുഭദ്രാഹരണം ബഭദ്രർ- ശ്രീകൃഷ്ണൻ രംഗം പാലക്കാട് ജില്ലയിൽ കണ്ടിട്ടുണ്ട്. വളരെ നല്ല നിലവാരം തോന്നിയിട്ടുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ച രണ്ടെണ്ണവും ഇതും മൂന്നും മൂന്നുതരം. എല്ലാം ആ രംഗം ആവശ്യപ്പെടുന്ന ഗൗരവത്തോടെ 6 കലാകാരന്മാരും വൃത്തിയായി അവഹരിപ്പിച്ചു എന്നാണ് എന്റെ അഭിപ്രായം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ