രസരഞ്ജനത്തിന്റെ രണ്ടാം ഘട്ടം(മൂന്ന്,നാല് ദിവസത്തെ പരിപാടികൾ)
ജൂൺ4,5 ദിവസങ്ങളിലായി
തൃപ്പൂണിത്തുറ സംസ്കൃതകോളേജിൽ നടന്നു. അവസാനദിവസമായ 5/6/2017ന് രാവിലെ 10മുതൽ തൃപ്പൂണിത്തുറ
കഥകളികേന്ദ്രത്തിന്റെ വാഷീകാഘോഷസമ്മേളനം നടന്നു.
ചടങ്ങിൽ വെച്ച് കെ.വി.കൊച്ചനിയൻ സ്മാരകപുരസ്ക്കാരം,
ഉണ്ണികൃഷ്ണൻ സ്മാരകപുരസ്ക്കാരം
എന്നിവ ചുട്ടികലാകാരൻ മനോജ് എരൂരിനും, കലാ:കരുണാകരൻ സ്മാരകപുരസ്ക്കാരം മുതിർന്ന അണിയറകലാകാരൻ
അപ്പുണ്ണിതരകനും, രാജീവ് വർമ്മ സ്മാരകപുരസ്ക്കാരം വാരണാസി വിഷ്ണു നമ്പൂതിരിക്കും സമ്മാനിക്കപ്പെട്ടു.
കൂടാതെ ഏവൂർ രാജേന്ദ്രൻ പിള്ള, ഹരിപ്രിയ നമ്പൂതിരി, കുമാരി ആര്യ പറപ്പൂർ, മാസ്റ്റർ
മിഥുൻ മുരളി എന്നിവരെ അനുമോദിക്കുകയും ചെയ്തു. യോഗത്തെ തുടർന്ന് സുഭദ്രാഹരണം കഥയിലെ
മാലയിടീൽ ഭാഗം കഥകളിയും നടന്നു.
ഇരു ദിവസങ്ങളിലും ഉച്ചക്ക് ശേഷം സോദാഹരണപ്രഭാഷത്തോടെ
കോട്ടയം കഥകൾ അവതരിപ്പിക്കപ്പെട്ടു.
4നു കല്യാണസൗഗന്ധികവും, 5നു കാലകേയവധവുമായിരുന്നു അവതരിപ്പിക്കപ്പെട്ടത്. സൗഗന്ധികത്തിൽ
ഭീമന്റെ ശൃഗാരപ്പദം മുതൽ ഹനുമാനുമായി കൂടിപ്പിരിയുന്നതുവരെയുള്ള പതിവ് അവതരണഭാഗങ്ങൾ
കൂടാതെ, അതിനുമുൻപായുള്ള ‘ശൗര്യഗുണം’ എന്ന ആദ്യരംഗവും, ശ്രീകൃഷ്ണൻ ധർമ്മപുത്രരെ സംഗമിക്കുന്ന
രംഗവും, ഭീമന്റെ പതിഞ്ഞപദങ്ങൾ ഉൾപ്പെടെ ഘടോത്ക്കചന്റെ ഭാഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി.
സാധാരണയായി അരങ്ങിൽ പതിവില്ലാത്തതും കളരിയിൽ മാത്രം ഒതുങ്ങിയിരിക്കുന്നതുമായ സൗഗന്ധികത്തിലെ
ഇവിടെ അവതരിപ്പിക്കപ്പെട്ട ഭാഗങ്ങളെല്ലാം ആദ്യാവസന-ഇടത്തരം-കുട്ടിത്തരം വേഷങ്ങൾക്കൊക്കെ
സാധ്യതകളുള്ളതും, കാണാൻ രസമുള്ളതും ആണ്. ഇവ കൂടുതൽ അരങ്ങുകളിൽ വ്യാപിക്കട്ടെ എന്ന്
ആശിക്കുന്നു.
ഘടോത്ക്കന്റെ രംഗത്തിലും,
അതിനു മുൻപായി പാഞ്ചാലിയുമായുള്ള രംഗത്തിലും ഭീമന് പതിഞ്ഞ
പദങ്ങളാണുള്ളത്. ആദ്യാവസാവേഷക്കാർക്ക് നല്ല സാധ്യതയുള്ള ഈ രംഗങ്ങളിൽ ഭീമനായെത്തിയ ഡോ:ഇ.എൻ
നാരായണൻ മനോഹരമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്. പ്രത്യേകിച്ച് ഘടോത്കചനുമായുള്ള രംഗത്തിലെ
‘അർച്ചനം ചെയ്തു പരമേശൻ തന്നോടു’ എന്ന കാമോദരിരാഗപദത്തിന്റെ അവതരണം എന്നെന്നും ഓർക്കുവാൻപോന്നതായി.
അടന്ത ഒന്നാംകാലത്തിലുള്ള ഈ പദം വളരെ മനസ്സിരുത്തി, ഓരോ മുദ്രകളും കൃത്യമായി ഈ കാലപ്രമാണത്തിൽ
നിർത്തി, അനുഗുണമായ ഭാവാഭിനയത്തോടെ മനോഹരമായി ഇവിടെ അവതരിപ്പിക്കപ്പെട്ടു. പദഭാഗശേഷമുള്ള
ആട്ടം കൂടി പതികാലത്തിൽതന്നെ ചെയ്തുകൊണ്ട് അനുഭവവേദ്യമാക്കി നാരായണൻ. പതിഞ്ഞപദങ്ങളിലും
മറ്റും നടന്റെ ഓരോ ചലനങ്ങളും, മുദ്രകളുടെ എടുക്കലും വിടലും ഒക്കെ ആ പതിഞ്ഞകാലത്തിൽ
തന്നെ ആകുമ്പോൾ ആണ് പൂണ്ണാനുഭവം ലഭിക്കുക. പദാഭിനയത്തിലെ ഓരോ മുദ്രകളും പ്രത്യേകമായി
നോക്കിയാൽ പതിഞ്ഞകാലപ്രമാണത്തിൽ അല്ലാതെവരുകയും, കാലത്തിൽകൊണ്ട് മുദ്രകൾ അവസാനിക്കുന്നതിനായി
പലയിടങ്ങളിലും വളരെനേരം കാത്തുനില്ക്കുന്നതായും ഇന്ന് പലരിലും കാണാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ
തീർത്തും കാലപ്രമാണനിഷ്ടമായ മുദ്രകളും ചലനങ്ങളും ആണ് ഡോകടറുടെ അഭിനയത്തിൽ ഹഠാദാകർഷിച്ച
വിഷയം. രസരജ്ഞനത്തിലെ ‘മാൻ ഓഫ് ദി സീരീസ്’ ഇ.എൻ.നാരായണൻ തന്നെ. കിർമ്മീരവധം ധർമ്മപുത്രരേയും
സൗഗന്ധികം ഭീമനേയും അവതരിപ്പിച്ചുകൊണ്ട് കാണികളുടെ പ്രശംസ ഇദ്ദേഹം പിടിച്ചുപറ്റി.
രസരഞ്ജനം പരമ്പരയിൽ ജൂനിയർ
താരങ്ങളിൽ
ഏറ്റവും പ്രശംസനീയമായിതോന്നിയത് ആർച്ച വർമ്മയുടെ പ്രകടനങ്ങളാണ്. ബകവധം ആദ്യഭീമൻ,
കിർമ്മീരവധത്തിൽ സഹദേവനും ഭീമനും, സൗഗന്ധികത്തിൽ ശ്രീകൃഷ്ണൻ എന്നീവേഷങ്ങൾ കെട്ടി വിജയിപ്പിച്ചിരുന്നു
ആർച്ച. കലാശാദികൾ നിറഞ്ഞ ഈ കുട്ടിത്തരം, ഇടത്തരം വേഷങ്ങൾ അനായാസമായി നല്ല ഊർജ്ജത്തോടെ,
ഒപ്പം കഥാപാത്രത്തെഅറിഞ്ഞും ഭാവപ്രകടനത്തോടേയും ഇവർ കൈകാര്യം ചെയ്തിരുന്നു. പതിവുള്ളഭാഗങ്ങൾ
കൂടി വേണ്ടത്ര തയ്യാറെടുപ്പില്ലായ്മ കൊണ്ടാവാം സ്ഥാപനത്തിലെ കളരികളിൽ നിന്നും പഠിച്ചിറങ്ങിയവർ
ചെയ്തൊപ്പിക്കുവാൻ പാടുപെടുന്നതുകണ്ടപ്പോൾ; പതിവില്ലാത്ത ഭാഗങ്ങൾ കൂടി ആർച്ച പരിചിതങ്ങൾ
എന്ന രീതിയിൽ സംഭ്രമമില്ലാതെ അവതരിപ്പിക്കുന്നതുകണ്ടു, ശ്ളാഘനീയം!
ഘടോൽക്കചന്റെ രംഗം വരെയുള്ള
ഭാഗത്ത്
പാഞ്ചാലിയായെത്തിയ ഡോ:ഹരിപ്രിയ നമ്പൂതിരി, ഘടോത്കചനായെത്തിയ കലാ:അരുൺ രമേശ്
എന്നിവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
മൂന്നാമത് ദിവസത്തെ മറ്റൊരു
നല്ല പ്രകടനം
രജ്ഞിനിസുരേഷിന്റേതായിരുന്നു. ഇവർ പാത്രാനുഗുണമായുള്ള ആട്ടങ്ങളോടെയും
അഭിനയത്തോടേയും സൗഗന്ധികം ഹനുമാനായി അഭിനയിച്ചു.
നെടുമ്പുള്ളിസ്ക്കുളിന്റെ
മികവുകാട്ടിക്കൊണ്ട് ഒരു യുവഗായകൻ
‘പാഞ്ചാലരാജതനയെ’ മുതലുള്ള ഭാഗങ്ങൾ പൊന്നാനിപാടിവിജയിപ്പിക്കുന്നത്
കണ്ടു എന്നുള്ളതായിരുന്നു ഈ ദിവസത്തെ മറ്റൊരു പ്രത്യേകത. അഭിജിത്ത് വർമ്മയായിരുന്നു
ഈ ഭാഗം പാടിയത്. സദനം സായിക്കുമാർ ശിങ്കിടിയായും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
മേളവിഭാഗത്തിൽ ഇടുത്തുപറയത്തക്ക
പ്രകടനം
കാഴ്ച്ചവെച്ചത് ഹനുമാന്റെ ഭാഗത്ത് കൊട്ടിയ ഗോപീകൃഷ്ണൻ തമ്പുരാന്റേതായിരുന്നു.
വളരെ നല്ല മേളമാണ് ഇദ്ദേഹം ഒരുക്കിയത്.
ആദ്യഭാഗത്തെ കുട്ടിത്തരം വേഷങ്ങളുടേത് ഒഴിച്ച്,
ഈ ദിവസത്തെ ഉടുത്തുകെട്ടുകൾ പൊതുവെ അത്ര ഭംഗിയായവ ആയിരുന്നില്ല.
ഹനുമാന്റെ ഉടുത്തുകെട്ട് ഒട്ടും സുഖമുള്ളതായിരുന്നില്ല.
'പാശുപതം അസ്ത്രം' |
അവസാനദിവസത്തലെ കാലകേയവധം
അവതരണത്തിൽ
ഇന്ദ്രനായിവേഷമിട്ട ബിജു ഭാസ്ക്കർ, മാതലിയായെത്തിയ സദനം മോഹനൻ, ഇന്ദ്രാണി
സഖി വേഷങ്ങൾ ചെയ്ത ആർ.എൽ.വി പ്രമോദ് എന്നിവരൊക്കെത്തന്നെ ശരാശരി നിലവാരം പുലർത്തിയ
പ്രകടനം കാഴ്ച്ചവെച്ചു.
'തൊണ്ടി.......' |
'കുരുവര' |
അന്ത്യദിനത്തിലെ മുഖ്യ
ആകർഷണം
ഡോ:ഹരിപ്രിയ നമ്പൂതിരി അവതരിപ്പിച്ച ഉർവ്വശി ആയിരുന്നു. തികച്ചും കളരിസങ്കേതങ്ങളിൽ
നിബദ്ധവും, ഭാവാവിഷ്ക്കരണപ്രധാനവും, ഒന്നാംതരം സ്ത്രീവേഷങ്ങളിൽ പ്രാധനവുമായ ഉർവ്വശിയെ
അവതരിപ്പിച്ച് വിജയിപ്പിക്കുക എന്നത് ഏതു കലാകാരർക്കും എന്നും ഒരു വെല്ലുവിളി തന്നെയാണ്.
ചിട്ടയായി, കോട്ടമില്ലാതെ ഉർവ്വശിചെയ്തു വിജയിപ്പിച്ചതിൽ സ്ത്രീയും, ഒരു സ്ഥാപനത്തിന്റേയും
ഉത്പന്നവുമല്ലാത്ത ഹരിപ്രിയയ്ക്ക് അഭിമാനിക്കാം. ‘പാണ്ടവന്റെ രൂപത്തിൽ’ തെല്ല് ആയാസം
ദൃശ്യമായെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ അതു കണ്ടില്ല. നൃത്തഭാഗങ്ങൾ കൂടുതൽ അഴകുള്ളതാക്കാൻ
ശ്രമിക്കണമെന്നു തോന്നിയപ്പോൾ, രസാഭിനയത്തിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നു ഇവർ എന്നും
തോന്നി. സാധാരണ ‘ദു:ഖം’ എന്നു കാട്ടുന്നതിൽ നിന്നും വത്യസ്ഥമായി കാമദു:ഖം വ്യജ്ഞിപ്പിക്കുന്നതുപോലെയുള്ള
പല മുഖാഭിനയങ്ങളും ഹൃദ്യമായി. ‘സ്മരസായക’ എന്ന
പദാഭിനയം മികച്ചതായിരുന്നു. അന്ത്യത്തിൽ അർജ്ജുനനെ ശപിക്കുന്നതായ ഭാഗം മുഖാഭിനയപരമായി
വളരെ മികച്ചുനിന്നു എങ്കിലും ഇത് കൂടുതൽ അനുഭവവേദ്യമാക്കാൻ ശ്രമിക്കേണ്ടതാണ് എന്നും
തോന്നി. സാരി അഥവ ഞൊറി നിലത്തിഴയുന്നരീതിയിൽ ഉടുത്തിരുന്നത് കാലുകളുടെ നീക്കങ്ങളുടെ
വ്യക്തത കുറച്ചു.
'നല്ലതിനല്ലടോ' |
ഉർവ്വശിയുടെ ഭാഗം പാടിയത്
കലാ:വിഷ്ണുവും കലാ:കൃഷ്ണകുമാറും ചേർന്നായിരുന്നു. തനതുസമ്പ്രദായത്തിലുള്ള സംഗീതത്തോടെയും
ഭംഗിയായി താളമിട്ടുകൊണ്ടും ഇവർ തങ്ങളുടെ പ്രവർത്തി ഭംഗിയായി നിർവ്വഹിച്ചു.
'ജനനിയല്ലയോ തവ' |
'ഷണ്ഡനായിവരുമെന്നു നിർണ്ണയം' |
കേമന്മാരുടെ കളികളോടെ
നടത്തപ്പെടുന്ന
പതിവു വാർഷികങ്ങളിൽ നിന്നും വത്യസ്ഥമായി ഈ രസരഞ്ജകമായ പരിപാടി നടത്തി
വിജയിപ്പിക്കാനായതിൽ പ്രവർത്തനത്തിന്റെ നാലാം ദശകത്തിലൂടെ സഞ്ചരിക്കുന്ന തൃപ്പൂണിത്തുറകലാകേന്ദ്രത്തിന്
അഭിമാനിക്കാം. സോദാഹരണാദികളിലൂടെ കാണികളുടെ നിലവാരമുയർത്തുവാനും കലാകാരർക്ക് മികച്ച
അവസരം നൽകുവാനും ശ്രമിച്ചുകൊണ്ടുള്ള പരിപാടികൾ ഇനിയും തുടർന്ന് നടത്താവാനവട്ടെ ഇവർക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ