അറിവുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അറിവുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നെടുമ്പുള്ളി റാം‌മോഹൻ




പഠിച്ചത് കർണ്ണാടകസംഗീതമെങ്കിലും, പാരമ്പര്യവും ജന്മസിദ്ധവുമായ 
കളിക്കമ്പവും സംഗീതവാസനയും നെടുമ്പുള്ളി റാംമോഹനെ കഥകളിലോകത്തിലേയ്ക്ക് എത്തിച്ചു. കഥകളിയിൽ വേഷം പഠിക്കാനാരംഭിച്ചു എങ്കിലും വാസന ഇദ്ദേഹത്തിനെ ഗായകൻ തന്നെയാക്കിതീർത്തു. കർണ്ണാടസംഗീത പഠനം ശ്രുതി-രാഗശുദ്ധികളോടെ പാടുന്നതിനും, സംഗീതത്തിന്റെ കർണ്ണാടക-കേരള വഴികളെ വേർതിരിച്ചറിയുന്നതിനും നെടുമ്പുള്ളിയെ സഹായിച്ചപ്പോൾ, വേഷപഠനം അരങ്ങുപാട്ടിലെ അവശ്യഘടകങ്ങളായ ഭാവപരിചരണാദി കാര്യങ്ങളെ മനസ്സിലാക്കുവാൻ സഹായകമായിതീർന്നു. ഗായകൻ എന്നതിൽ ഉപരിയായി ഒരു ആസ്വാദകൻ കൂടിയായ അദ്ദേഹം അരങ്ങിൽ നിൽക്കുന്ന ഓരോ നിമിഷവും ബദ്ധശ്രദ്ധൻ ആയിരിക്കും. പാടുമ്പോഴും താളമിടുമ്പോഴും വേഷക്കാരനിൽ നിന്നും കണ്ണുപറിക്കുകയില്ല ഇദ്ദേഹം. വേഷക്കാരന്റെ നാട്ട്യത്തെ മനസ്സിലാക്കുവാനും, അതിനനുഗുണമായരീതിയിൽ സംഗീതത്തെ നൽകുവാനും, ഇതുമൂലം തന്നെ റാംമോഹനു സുഗമമായി സാധിക്കുന്നു. കഥകളിസംഗീതത്തിലെ ഗുരുനാഥൻ ആയ കലാ:ശ്രീകുമാർ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെപ്പോലെ സമ്പ്രദായനിഷ്ഠരും, സംഗീതാതിപ്രസരവാസന ഇല്ലാത്തവരുമായ ഗായകരുടെ ശിങ്കിടിയായ് പാടുകവഴി കൈവന്ന അനുഭവങ്ങൾ കാരണമായും, കലയോടുള്ള അഭിനിവേശവും, ആത്മാർത്ഥതയും മൂലമായുള്ള തീവ്രപരിശ്രമം കാരണമായും, സുഗമമായി അരങ്ങുകൈകാര്യംചെയ്തു കൊണ്ടുപോകുവാനുള്ള കഴിവ് ഇദ്ദേഹത്തിന് ഇന്ന് കൈവന്നിട്ടുണ്ട്. ഏതു കഥയാലും ചിട്ടതെറ്റാതെയും, ഏതു നടന്മാർ ആയാലും അവരുടെ വ്യക്തിനിഷ്ടമായ രീതികൾക്ക് വിപരീതമാകാതെയും അരങ്ങുപാട്ടിനെ മുന്നോട്ട് നയിക്കുവാൻ നെടുമ്പുള്ളി പൂർണ്ണമായി ശ്രമിക്കുന്നു. സംഗീതാതിപ്രസരവും, താൻപോരിമ കാട്ടലും, കൃത്രിമഭാവവത്കരണവും തൊട്ടുതീണ്ടാത്ത നല്ല അരങ്ങുപാട്ട് കളിയരങ്ങുകളിൽ അന്യംനിന്നുപോയിട്ടില്ല എന്ന് ഇദ്ദേഹത്തിനേപ്പോലെയുള്ള ചില ഗായകർ  പ്രവർത്തിക്കുന്ന അരങ്ങുകളിലൂടെ അറിഞ്ഞ്, ആശ്വസിക്കുന്നു കഥകളിലോകം.

എന്നാൽ കേരളീയ അഥവ ദ്രാവിഡ രാഗങ്ങളുടെ ആലാപനം, 
ഹംസം, കാട്ടാളൻ ഇന്നിങ്ങിനെ നൃത്തപ്രധാനമായ അഭിനയം വരുന്ന ചില കഥാപാത്രങ്ങളുടെ പദാലാപനങ്ങൾ, എന്നിവയിലൊക്കെ ഇദ്ദേഹം കൂടുതൽ പരിചയിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണന്ന് തോന്നിയിട്ടുണ്ട്.

ആത്മാർത്ഥമായ പരിശ്രമവും കലയോടുള്ള അടങ്ങാത്ത 
അഭിനിവേശവും കൈമുതലായുള്ള നെടുമ്പുള്ളി റാംമോഹന് ഇനിയും കലാലോകത്തിന്റെ ഉന്നതങ്ങളിലേയ്ക്ക് നിഷ്പ്രയാസം പറന്നുകയറാൻ ആകും. അതിന് അദ്ദേഹത്തിലും, അതിലൂടെ അനവധി ധന്യമായ അരങ്ങുകളെ നൽകി കഥകളി ആസ്വാദക സഹസ്രങ്ങളിലും സർവ്വേശ്വരൻ കൃപചൊരിയട്ടെ എന്ന് ആശിക്കുന്നു, പ്രാർത്ഥിക്കുന്നു. രാമേട്ടന് സർവ്വമംഗളങ്ങളും ആശംസിക്കുന്നു.

'കലയാമി സുമതേ'


കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണ
രജതജൂബിലിയോടനുബന്ധിച്ച് അനുസ്മരണദിനാചരണസമിതി, ഇരിങ്ങാലക്കുട പുറത്തിറക്കിയ പുസ്തകമാണ് 'കലയാമി സുമതേ'. കഥകളി സംഗീതത്തിൽ ആവിഷ്ക്കാരത്തിന്റെ നവസാദ്ധ്യതകൾ കണ്ടെത്തി പ്രയോഗിക്കുവാനും, അതിലൂടെ തനതായൊരു വഴി രൂപപ്പെടുത്തിയെടുക്കുവാനും സാധിച്ച കുറുപ്പാശാന്റെ അനുപമവും അനനുകരണീയവുമായ സംഗീതസുധയെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യാൻ ശ്രമിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ധം ഇരുപത്തിയേഴോളം ലേഘനങ്ങളുടെ സമാഹാരമാണ്. ഇതിനായി അത്തിപ്പറ്റ രവി, വാസുദേവൻ വെമ്പോല എന്നിവരുടെ സഹകരണത്തോടെ ഡോ.എ.എൻ.കൃഷ്ണനാണ് ലേഖനങ്ങളുടെ സമാഹരണവും സംശോധനവും നിർവ്വഹിച്ചിരിക്കുന്നത്.

 കുറുപ്പാശാന്റെ അരങ്ങുപാട്ടിന്റേയും അദ്ധ്യാപനരീതിയേയും
വിശദീകരിക്കുന്ന 'കുറുപ്പാശാനെ ഓർക്കുമ്പോൾ' എന്ന പ്രിയശിഷ്യൻ പാലനാട് ദിവാകരൻ നമ്പൂതിരിയുടെ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്നുള്ള ലേഖനങ്ങളിലായി പ്രമുഖകലാകാരന്മാരായ പത്മശ്രീ കലാ:ഗോപി, ചേർപ്പുളശ്ശേരി ശിവൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:സുബ്രഹ്മണ്യൻ, കലാ:ഉണ്ണികൃഷ്ണൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ കുറുപ്പാശാനെ അനുസ്മരിച്ചിരിക്കുന്നു.
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗുരു കലാ:നീലകണ്ഠൻ നമ്പീശന്റെ പുത്രൻ പി.എം.ജനാർദ്ദനൻ സഹോദരതുല്യനായ കുറുപ്പാശാനെ അനുസ്മരിക്കുന്ന ഒരു ലേഖനവും ആദ്യഭാഗത്തിലുണ്ട്. ഇതിൽ കുറുപ്പാശാന്റെ ജീവിതദശകളെയും, നമ്പീശനാശാനുമായുള്ള ഗുരുശിഷ്യബന്ധത്തേയും സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.
ഗ്രന്ധത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ  
പാലക്കീഴ് നാരായണൻ, പാലേലി മോഹനൻ, കെ.വി.വി.നമ്പൂതിരി തുടങ്ങിയവരുടെ ആസ്വാദകപക്ഷത്തുനിന്നുള്ള അനുസ്മരണങ്ങളാണുള്ളത്. ഡോ:എ.എൻ.കൃഷ്ണൻ തന്റെ 'പാദമുദ്രകൾ' എന്ന ലേഖനത്തിലൂടെ സ്വാനുഭവത്തെ വിവരിക്കുകയും, സമകാലീനരായ പ്രഗത്ഭരുടെ വാക്കുകളിലൂടെ കുറുപ്പാശാൻ എങ്ങിനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. 'പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം ചേങ്ങിലം' എന്ന ലേഖനത്തിലൂടെ പ്രദീപ് കുഴിക്കാട് കുറുപ്പാശാന്റെ അന്ത്യകാലത്തേയും, അവസാന അരങ്ങിനേയും ഹൃദയസ്പർശികളായ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു. ഡോ:എസ്സ്.എസ്സ്.ശ്രീകുമാർ എന്ന കുറുപ്പാശാന്റെ ത്രീവ്രാരാധകന്റെ സ്മരണകളാണ് 'മഹാഗായകസന്നിധിയിൽ' എന്ന ലേഖനം.  തന്റെ വ്യക്തിജീവിതത്തിലെ തീവ്രനുഭവങ്ങളുടെ കാലഘട്ടങ്ങളിൽ പ്രണയവും വിരഹവും വ്യക്തിപരമായ രാഗദ്വേഷങ്ങളും കുറുപ്പാശാന്റെ പദങ്ങളിലൂടെയാണ് താൻ അനുഭവിച്ചതെന്ന് ഇതിൽ ശ്രീകുമാർ പറയുന്നു.
അന്ത്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നവയിൽ അധികവും 
കഥകളിഗാനശാഖയുടേയും, കുറുപ്പാശാന്റെ പാട്ടുവഴികളുടേയും ചരിത്രവും പ്രത്യേകതകളും അന്വേഷിക്കുന്ന പ്രബന്ധങ്ങളാണ്.  ആട്ടക്കഥാസാഹിത്യത്തെ അരങ്ങുപാട്ടിൽ പരിചരിക്കപ്പെടുന്ന രീതികളെ വിശദമാക്കുന്നു 'കഥകളിസംഗീതം-സാഹിത്യവും ആലാപനവും' എന്ന ഡോ:ഇ.എൻ.നാരായണന്റെ പ്രബന്ധത്തിൽ. സാഹിത്യത്തെ ആവിഷ്ക്കാരവുമായി ലയിപ്പിക്കുന്ന കുറുപ്പാശാന്റെ അനിതരസാധാരണമായ വൈഭത്തേയും ഇതിൽ വിശദീകരിച്ചിരിക്കുന്നു. എം.എൻ.നീലകണ്ഠന്റെ 'മഹിതം ഗഹനം രുചിരം മധുരം' എന്ന പ്രൗഡവും സുദീർഘവുമായ ലേഖനത്തിൽ കഥകളിപ്പാട്ടിന്റെ ചരിത്രത്തേയും, കുറുപ്പാശാന്റെ ജീവിതത്തേയും, വിശദീകരിക്കുന്നതിനൊപ്പം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടിന്റെ ഗുണദോഷവിചാരവും ചെയ്തിരിക്കുന്നു. ഭാരതസംഗീതത്തിന്റെ വിവിധങ്ങളായ കൈവഴികളുടെ അംശങ്ങൾ സംഗമിച്ച കുറുപ്പുസംഗീതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനമാണ് കുന്നം വിഷ്ണുവിന്റെ 'ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ഒരു അപൂർവ്വ താരത്തിളക്കം'. കുറുപ്പുപാട്ടിന്റെ പശ്ചാത്തലത്തേയും രസതന്ത്രത്തേയും വിശകലംചെയ്ത് അവതരിപ്പിക്കുന്ന പ്രബന്ധമാണ് പി.എം.നാരായണനും കെ.ശശി, മുദ്രാഖ്യയും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന 'കഥകളിപ്പാട്ടിലെ കാലാതീതഗായകൻ'. 'കാതുകളിൽ തിരിച്ചെത്തുന്ന ഒരു പാട്ടുകാലം' എന്ന തന്റെ വിജ്ഞാനപ്രദമായ ലേഖനത്തിലൂടെ മനോജ് കുറൂർ കുറുപ്പാശാന്റെ പാട്ടിനേയും കാലഘട്ടത്തേയും വസ്തുനിഷ്ടമായി വിലയിരുത്തിയിരിക്കുന്നു. 'നിത്യസഞ്ചാരത്തിനിടയിൽ അരങ്ങുകളെ വഴിയമ്പലമാക്കിയവൻ' എന്ന് കുറുപ്പാശാനെ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഇതിലൂടെ കുറുപ്പുപാട്ടിന്റെ താളാത്മകമായി വിശകലനം ചെയ്യുന്നു. ഇതുതന്നെയാണ് ഇതരലേഘനങ്ങളിൽ നിന്നും ഈ ലേഘനത്തെ വത്യസ്ഥമാക്കുന്നതും വിജ്ഞാനപ്രദമാക്കുന്നതുമായ മുഖ്യ ഘടകവും. എ.എൻ.കൃഷ്ണൻ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിലെ അക്ഷരവിന്യാത്തിലെ സവിശേഷതകളെ ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു തന്റെ ലേഖനമായ 'ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതം-ഒരു ശില്പവിചാര'ത്തിൽ.  തുടർന്നുവരുന്നത് 'ഭാവസംഗീതത്തിന്റെ വർണ്ണപ്രപഞ്ചം' എന്ന ഡോ:കെ.ജി.വിശ്വനാഥൻ നായരുടെ ലേഖനമാണ്. ഭാവാത്മകമായ നിശബ്ദത, സംഗീതം ചോരാതെതന്നെ പദങ്ങളെ വാചികതലത്തിൽ അവതരിപ്പിക്കുവാനുള്ള മാസ്മരവിദ്യ എന്നിങ്ങിനെ കുറുപ്പാശാന്റെ കളിപ്പാട്ടിന്റെ സവിശേഷതകളെ ഉദാഹരണസഹിതം വിശകലനം ചെയ്തിരിക്കുന്നു ഡോ:കെ.ജി.വിശ്വനാഥൻ നായർ. പാലനാട് ദിവാകരൻ നമ്പൂതിരിയുടെ രണ്ടാമതൊരു ലേഖനം കൂടി ഗ്രന്ധത്തിന്റെ അന്ത്യഭാഗത്തിൽ ഉണ്ട്. ശിഷ്യൻ, ആസ്വാദകൻ, ആരാധകൻ എന്നീനിലകളിലെല്ലാം കുറുപ്പാശാനെ അനുസമിരിക്കുന്ന പൂർവ്വഘണ്ഡവും, താളാത്മകത, ഭാവസൃഷ്ടി, രാഗപ്രയോഗസവിശേഷതകൾ എന്നിങ്ങിനെ ആശാന്റെ അരങ്ങുപാട്ടിന്റെ മാഹാത്മ്യങ്ങൾ വർണ്ണിക്കുന്ന ഉത്തരഭാഗവും ചേർന്ന സുദീർഘമായ ഒരു ലേഖനമാണ് പാലനാടിന്റെ 'കുറുപ്പാശാൻ' എന്നത്. തന്റെ പിതാവിനെ അനുസ്മരിക്കുന്ന വെള്ളിനേഴി ഹരിദാസന്റെ 'എന്റെ അച്ഛൻ' എന്നതാണ് അവസാന ലേഘനം. തുടർന്ന് കുറുപ്പാശാനെക്കുറിച്ചുള്ള മൂന്ന് കവിതകളും ഈ ഗ്രന്ധത്തിൽ ചേർത്തിരിക്കുന്നു. അത്തിപ്പറ്റ രവിയുടെ 'ബാഷ്പാഞ്ജലി', നെടുംബുള്ളി നാരായണൻ നമ്പൂതിരിയുടെ 'വിത്തും കൈക്കോട്ടും', കുറുവല്ലൂർ മാധവന്റെ 'സ്മരണാഞ്ജലി' എന്നിവയാണ് കവിതകൾ.

കുറുപ്പാശാന്റെ ജീവിതത്തിലേയ്ക്കു വെളിച്ചം വീശുക, 
അനുസ്മരിക്കുക എന്നതിലുപരിയായി ആ ഗന്ധർവ്വഗായകന്റെ സംഗീതത്തിലെ സവിശേഷവഴികളെ, പ്രയോഗങ്ങളെ സാഹിത്യ-സംഗീത-താള-ഭാവ പരങ്ങളായി വിശകലനം ചെയ്ത് അപഗ്രഥിക്കുകയും, വിലയിരുത്തുകയും ചെയ്തുകാട്ടുന്നതായ ഒരുപിടി ലേഖനങ്ങൾ നിറഞ്ഞ 'കലയാമി സുമതേ' എന്ന ഈ ഗ്രന്ധം കലാലോകത്തിന് വിലപ്പെട്ടതുതന്നെയാണ്. കേവലം കുറുപ്പാശാൻ ആരാധകർ മാത്രമല്ല, എല്ലാ കഥകളിയാസ്വാദകരും ഇത് വായിക്കേണ്ടതാണ്. എന്തുകൊണ്ട് ഒരുപറ്റം ആളുകൾ ആ ശബ്ദം നിലച്ച് കാൽനൂറ്റാണ്ടിനുശേഷവും അതിൽ ഭ്രമിച്ച് കഴിയുന്നു എന്ന് ഏറെക്കുറെ മനസ്സിലാക്കുവാൻ ഈ ഗ്രന്ധത്തിന്റെ വായനയിലൂടെ ഏവർക്കും സാധിക്കും. ഇക്കാലത്തെ കഥകളിഗായകരും ഇത് മനസ്സിരുത്തിവായിക്കേണ്ടതാണ്. അരങ്ങുപാട്ടിന്റെ കുറുപ്പാശാൻവഴിയുടെ സവിശേഷതകൾ മനസ്സിലാക്കുക എന്നതിനൊപ്പം, കേവലം സംഗീതം എന്നതിലുപരിയായി കളിപ്പാട്ടിനെ സാഹിത്യ-സംഗീത-ഭാവ-താളാത്മകങ്ങളായി വിശകലനം ചെയ്ത് ആസ്വദിക്കുന്ന ഒരുപിടി ആസ്വാദകരുടെ സാന്നിദ്ധ്യം ഇപ്പോഴും കഥകളിലോകത്തിലുണ്ടെന്ന് ഓർമ്മിക്കുവാനും ഇതിലൂടെ സാധിക്കും.
മൂന്ന് ഭാഷാദ്ധ്യാപകർ സംശോധനം ചെയ്ത് പുറത്തിറക്കിയതായ 
ഈ പുസ്തകത്തിലെ അക്ഷര/വാക്ക്യ പിശകുകളുടെ ഘോഷയാത്ര പുത്തനരിയിലെ കല്ലുകടിപോലെ അനുഭവപ്പെട്ടു. കുഞ്ചുനായരാശാന്റെ പേരിനുപകരം കുഞ്ചൻ നമ്പ്യാരുടെ പേർ അച്ചടിച്ചുവെച്ചതുപോലെയുള്ള പിശകുകൾ ഒറ്റനോട്ടത്തിൽത്തന്നെ ശ്രദ്ധയിൽ പെടുന്നതും നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്നതുമാണ്. സമയ‌ക്കുറവ് ഉൾപ്പെടെയുള്ള പരിമിതികൾ മനസ്സിലാക്കിക്കൊണ്ടുതന്നെ പറയട്ടെ, കലാകേരളത്തിന് മുതൽക്കൂട്ടായിതീരുന്ന എതുപോലെയൊരു പ്രഥാനപ്പെട്ട ഗ്രന്ധം പുറത്തിറക്കുമ്പോൾ കുറച്ചുകൂടി സൂക്ഷമതയും ശ്രദ്ധയും ആകാമയിരുന്നു.
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണസമിതി, 
ഇരിങ്ങാലക്കുട പുറത്തിറക്കിയിരിക്കുന്ന 'കലയാമി സുമതേ' എന്ന ഈ പുസ്തകത്തിനായി അനിയൻ, ഇരിങ്ങാലക്കുട(മൊബ്ബ്-9249800700), അത്തിപ്പറ്റ രവി(മൊബ്ബ്-9447997695) എന്നിവരെ ബന്ധപ്പെടുക.

കളിയരങ്ങിലെ ലാസ്യലാവണ്യം

[തിരനോട്ടം, ദുബായുടെ ഉത്സവം10 സ്മരണികയായ ‘കേളീരവത്തിൽ’ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം]



കഥകളിയില്‍ പൊതുവെ പുരുഷവേഷങ്ങളുടെ നൃത്തം
താണ്ടവവിഭാഗത്തിലും സ്ത്രീവേഷങ്ങളുടേത് ലാസ്യവിഭാഗത്തിലുമാണ് വരുന്നത്. സ്ത്രീവേഷങ്ങളില്‍ തന്നെ, ചിട്ടപ്രധാനമായതും വിളംബകാലത്തിലുമുള്ള അവതരണങ്ങള്‍ വരുന്ന ലളിതകളും ഉര്‍വ്വശിയും അടങ്ങുന്ന ഒരു വിഭാഗവും ദമയന്തി,മോഹിനി,ദേവയാനി തുടങ്ങിയ നായികമാരുടെ ഒരു വിഭാഗവും ഉണ്ട്. ദമയന്തിമുതലായവരെ അവതരിപ്പിക്കുമ്പോള്‍ നടന് കൂടുതല്‍ സ്വാതന്ത്യം ലഭിക്കുന്നുവെങ്കിലും ആദ്യവിഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് ഒരു കഥകളികലാകാരന്റെ മാറ്റുരയ്ക്കപ്പെടുന്നത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സ്തായി സഞ്ചാരി രസാഭിനയങ്ങളോടെ പതിഞ്ഞകാലത്തിലുള്ള പദങ്ങള്‍ ചൊല്ലിയാടുകയും നൃത്തങ്ങള്‍ ചെയ്യുകയും വേണ്ടതായി വരുന്നു ഇവകളില്‍. ഈവേഷങ്ങളില്‍ തന്റെ വക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത നടനാണ് മാര്‍ഗ്ഗി വിജയകുമാര്‍. ഈ വിഭാഗത്തില്‍ തന്നെ ഏറ്റവും ശ്രേഷ്ഠമെന്നു കല്പിക്കപ്പെടുന്നത് കിര്‍മ്മീരവധത്തിലെ ലളിത(സിംഹിക)യും കാലകേയവധത്തിലെ ഉര്‍വ്വശിയുമാണ്. ഇതുരണ്ടും വിജയകുമാര്‍ ചിട്ടവിടാതെതന്നെ തന്റേതായ രീതിയില്‍ വത്യസ്തതപുലര്‍ത്തിക്കൊണ്ടാണ് അവതരിപ്പിക്കുന്നത്.
ആവശ്യമായ രസാവിഷ്ക്കരണത്തോടും മെയ്യിന്റെ ചലനങ്ങളോടും കൂടി
കാലപ്രമാണത്തിനനുശൃതമായി മുദ്രകളും ചലനങ്ങളും വിന്യസിച്ചുകൊണ്ടുള്ള മാര്‍ഗ്ഗിയുടെ ചൊല്ലിയാട്ടം നയനമനോഹരം തന്നെയാണ്. ലാസ്യനൃത്തത്തിന്റെ മനോഹരമായ ആവിഷ്ക്കാരങ്ങളായ ഉര്‍വ്വശിയുടെ ‘പാണ്ഡവന്റെ രൂപംകണ്ടാല്‍’ എന്ന പദത്തിലെ പതിഞ്ഞകാലത്തിലുള്ള ഇരട്ടിയും, കിര്‍മ്മീരവധം ലളിതയുടെ ‘കണ്ടാലതിമോദം’ എന്ന മദ്ധ്യകാലപദത്തിലെ വണ്ടുകളുടെ തിരിഞ്ഞോട്ടം, വള്ളികളുടെ നൃത്തം, എതിരേൽക്കൽ എന്നീഭാഗങ്ങളും ഇദ്ദേഹം അവിസ്മരണീയങ്ങളാക്കുന്നു. കളരിയിലെ പരിശീലനം കൊണ്ട് നേടിയെടുക്കാവുന്ന ഈ ഗുണങ്ങള്‍ക്കുപുറമെ, കഥാസന്ദര്‍ഭത്തേയും കഥാപാത്രത്തേയും നന്നായി മനസ്സിലാക്കി, ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകകൂടെ ചെയ്യുന്നതുകൊണ്ടാണ് വിജയകുമാറിന്റെ അവതരണങ്ങള്‍ സാമ്യമകന്നവയാകുന്നത്. ഭീമനെ പ്രണയിക്കുന്ന ഹിഡിംബിയേയും, അര്‍ജ്ജുനനെ കാമിക്കുന്ന ഉര്‍വശിയേയും, ജയന്തനെകണ്ട് കാമപരവശയായ നക്രതുണ്ടിയേയും, കൃഷ്ണവധം എന്ന ദൌത്യവുമായി അമ്പാടിയിലെത്തുന്ന പൂതനയേയും അതിന്റേതായ നിലകളില്‍ ഇദ്ദേഹം അവതരിപ്പിച്ചു ഭലിപ്പിക്കുന്നു. എന്നാല്‍ വിജയകുമാറിന്റെ വത്യസ്തതപുലര്‍ത്തുന്നതും മികച്ചതുമായ അവതരണം കോട്ടയത്തുതമ്പുരാന്റെ ഉദാത്തസൃഷ്ടിയായ കിര്‍മ്മീരവധം ലളിതയുടേതാണ്. ഒരേ സമയം നടന്‍ സിംഹികയായും, സിംഹിക പാഞ്ചാലിയുടെ മുന്നില്‍ ഗണികയായും അഭിനയിക്കുന്നു എന്ന് ആസ്വാദകനില്‍ ബോധം ജനിപ്പിക്കുന്ന രീതിയിലാണ് ഇദ്ദേഹം ഈ ലളിതയെ അവതരിപ്പിക്കുന്നത്. ശൃഗാരഭാവത്തിലുള്ള പ്രവേശത്തിനിടയില്‍തന്നെ അതിലെ കാപട്യവും ധ്വനിപ്പിക്കുന്ന മാര്‍ഗ്ഗിയുടെ ലളിത, തുടര്‍ന്ന് ആ രംഗത്തിലുടനീളം തന്റെ യഥാര്‍ത്ഥമായ ഉള്ളിലിരിപ്പിനേയും ലക്ഷ്യത്തേയും പ്രേക്ഷകനിലെത്തിക്കുന്ന രീതിയിലുള്ള സൂക്ഷമഭാവങ്ങളും അവിടവിടെയായി പ്രകടിപ്പിക്കുന്നു. ലളിതയില്‍ നിന്നും കരിയിലേയ്ക്ക് സങ്ക്രമിക്കുന്ന ഭാഗങ്ങളിലെ ഇദ്ദേഹത്തിന്റെ അവതരണങ്ങളും ഈടുറ്റവയാണ്. ഇവിടങ്ങളില്‍ കരിയുടെ സമ്പ്രദായത്തിലുള്ള അലര്‍ച്ച പുറപ്പെടുവിക്കുന്നതിലൂടെ രാക്ഷസീയതയിലേയ്ക്കുള്ള ഭാവപകര്‍ച്ചയെ ജ്വലിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം, സാധാരണയായി കരിവേഷം രംഗത്തുവരാറില്ലാത്ത പൂതനയുടെ അവതരണത്തിന്റെ അന്ത്യത്തില്‍ ദംഷ്ട്രങ്ങളും ഉപയോഗിക്കാറുണ്ട്. കിര്‍മ്മീരവധം ലളിതയുടെ ഭാവമാറ്റസമയത്ത് ചൊല്ലിവട്ടം തട്ടുന്നതോടെ ഊര്‍ജ്ജം ചിലവഴിച്ചുകൊണ്ട് കലാശമെടുക്കുമ്പോള്‍ ലാസ്യത്തില്‍ നിന്നും താണ്ടവത്തിലേയ്ക്കുള്ള ഭാവപകര്‍ച്ചയില്‍ ആസ്വാദകനെ ഹരംകൊള്ളിക്കുന്നു മാര്‍ഗ്ഗി.
താരതമ്യേന ചിട്ടകുറവുള്ള ദമയന്തി തുടങ്ങിയ നായികമാരുടെ അവതരണത്തിലും
ഇന്ന് വിജയന്‍ തന്നെ ഒന്നാമന്‍ എന്ന് പറയണം. ചേതോഹരമായ ചൊല്ലിയാട്ടങ്ങളിലൂടെ കഥകളിയുടെ കളരിസൌന്ദര്യത്തെ ഈ നായികമാരിലേയ്ക്കും എത്തിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. വിരഹത്തിന്റെ രണ്ടു ഭാവങ്ങളിലുള്ള നളചരിതം ഒന്നാം ദിവസത്തേയും നാലാം ദിവസത്തേയും ദമയന്തിമാരെ അവതരിപ്പിക്കുമ്പോള്‍ വികാരചാപല്യത്തില്‍ പെട്ട് ഉഴറുന്നുവെങ്കിലും സാഹചര്യങ്ങളെ സധൈര്യം നേരിടുന്ന ഒരു രാജവനിതയുടെ നില കൈവിടാതെയാണ് വിജയകുമാര്‍ അവതരിപ്പിക്കുന്നത് കണ്ടിട്ടുള്ളത്.

വേലായുധന്‍ നായരുടേയും ലളിതാമ്മയുടെയും പുത്രനായി
1960 മെയ് 31ന് ജനിച്ച വിജയകുമാര്‍ തോന്നക്കല്‍ സ്വദേശിയാണ്. 1970ല്‍ തോന്നക്കല്‍ പീതാമ്പരന്റെ കീഴില്‍ കഥകളിപഠനം ആരംഭിച്ച വിജയന്‍ സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ ചേര്‍ന്ന് കഥകളിപഠനം തുടര്‍ന്നു. അവിടെ കഥകളിയിലെ തെക്കന്‍ ചിട്ടയിലെ മുതിര്‍ന്ന കലാകാരന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍. 1980 മുതല്‍ മാര്‍ഗ്ഗിയില്‍ അദ്ധ്യാപകനായെത്തിയ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ സ്വാധീനം വിജയനിലെ നടന്റെ വളര്‍ച്ചയ്ക്ക് പ്രധാനകാരണമായി തിര്‍ന്നു.1982ല്‍ പഠനം പൂത്തിയാക്കിയതിനെ തുടര്‍ന്ന് മാര്‍ഗ്ഗിയില്‍ തന്നെ അദ്ധ്യാപകനായി പ്രവേശിച്ച എദ്ദേഹം ഇപ്പോഴും അവിടെ തന്റെ സേവനം തുടര്‍ന്നുവരുന്നു.

കേരള കലാമണ്ഡലത്തില്‍ നിന്നുള്ള 2005ലെ ‘വി.എസ്സ്.ശര്‍മ്മ
എന്റോമെന്റ് പുരസ്ക്കാരം‘, പ്രധമ ‘കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക പുരസ്ക്കാരം‘, മുംബയിലെ കേളിയുടെ ‘സുവര്‍ണ്ണശംഖ്‘, ഏറണാകുളം കഥകളിക്ലബ് നല്‍കുന്ന ‘കളഹംസ പുരസ്ക്കാരം’, ‘കെ.വി.കൊച്ചനിയന്‍ സ്മാരക പുരസ്ക്കാരം‘ തുടങ്ങി കഥകളിക്ലബ്ബുകളുടേയും അസ്വാദകരുടേയും നിരവധി പുരസ്കാരങ്ങള്‍ വിജയനെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും കൂടാതെ ഭൂട്ടാന്‍, ശ്രീലങ്ക,സിങ്കപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ്, സ്വീഡന്‍, ജപ്പാന്‍, ജര്‍മ്മനി, സ്പെയ്ന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇദ്ദേഹം കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുവായ പത്മശ്രീ കലാ:കൃഷ്ണന്‍ നായര്‍ക്കൊപ്പവും പത്മശ്രീ കലാ:ഗോപിക്കൊപ്പവും
നിരവധി അരങ്ങുകളില്‍ കൂട്ടുവേഷമായി അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള ഈ കലാകാരന്‍ നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രവര്‍ത്തി മെച്ചപ്പെട്ടുത്തിക്കൊണ്ട് അരങ്ങിലെ ജൈത്രയാത്ര തുടരുന്നു. കലാകേരളത്തിന്റെ സൌഭാഗ്യമായ ഈ നടന്‍ ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്നും, അതിലൂടെ കഥകളിയെന്ന ക്ലാസിക്കല്‍ കലയും അതിന്റെ ആസ്വാദകരും ധന്യരായിതീരട്ടെ എന്നും ഈ എളിയ ആസ്വാദകന്‍ കാംക്ഷിക്കുന്നു.

‘കഞ്ജദളങ്ങള്‍’


ആറു പതിറ്റാണ്ടുകളായി കഥകളികാണുകയും ഈ കലയെപറ്റി
ധാരാളമായി ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ സി.എം.ഡി. നമ്പൂതിരിപ്പാടിന്റെ കഥകളി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ്
‘കഞ്ജദളങ്ങള്‍’ എന്ന പുസ്തകം. 2010 മാര്‍ച്ചില്‍ പ്രസിദ്ധീകൃതമായ ഈ പുസ്തകത്തിന്റെ ആദ്യ ഖണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നത് ആട്ടകഥാസാഹിത്യം മുതല്‍ കളിയുടെ അരങ്ങുഭാഷ വരെയുള്ള കാര്യങ്ങളെ സംബന്ധിക്കുന്നതായ 12 ലേഖനങ്ങളാണ്. അരങ്ങില്‍ കണ്ട കലാകാരന്മാരുടെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്നതാണ് അന്ത്യഭാഗം.  ‘തൃശ്ശൂര്‍ എച്ച്&സി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘കേളി’ എന്ന ആമുഖവും ‘കാഴ്ചയും ചിന്തയും’ എന്നപേരില്‍ ശ്രീ.കെ.സി.നാരായണന്റെ അവതാരികയും ഈ ഗ്രന്ധത്തിന്റെ തുടക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്. തന്റെ പത്നിയുടെ സഹോദരീഭര്‍ത്താവും അതിലുപരി സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ കലാമണ്ഡലം കേശവന്റെ സ്മരണകള്‍ക്കുമുന്‍പിലാണ് സി.എം.ഡി ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

1998ലെ കലാമണ്ഡലം ത്രൈമാസികത്തില്‍ എഴുതിയ
‘പതിഞ്ഞപദങ്ങള്‍’ എന്ന ലേഖനമാണ് പ്രഥമമായി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. പതിഞ്ഞപദങ്ങള്‍ എന്താണെന്നും അവയുടെ
ഘടനയും പ്രയോഗവും എന്താണ് എന്നും വിശദീകരിക്കുന്ന ഇതില്‍ ഇക്കാലത്ത് പതിഞ്ഞപദങ്ങള്‍ പതിഞ്ഞകാലത്തില്‍ തന്നെ വേണമെന്നുള്ള നിഷ്കര്‍ഷ കലാകാരന്മാര്‍ക്കില്ലായെന്ന് വിമര്‍ശനം ഉതിര്‍ക്കുകയും, ഇക്കാര്യത്തില്‍ കഥകളിസ്ഥാപനങ്ങളുടേയും ക്ലബ്ബുകളുടേയും സത്വരശ്രദ്ധപതിയേണ്ടതാണ് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

അവതരണത്തിലെ 
ഔചിത്യാനൌചിത്യങ്ങളെ പരാമര്‍ശിക്കുന്ന ‘അഭിനയം കഥകളിയില്‍’ എന്ന ലേഖനമാണ് രണ്ടാമതായി ചേര്‍ത്തിരിക്കുന്നത്. ഇതര കലകളില്‍ നിന്നും കഥകളിയിലെ അഭിനയം എങ്ങിനെ വത്യസ്തമായിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന ഈ പ്രബന്ധം 1999ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന മാനവീയം ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഇതില്‍, ‘കഥാപാത്രം നടനായി മാറുന്ന സന്ദര്‍ഭങ്ങളും കുറവല്ല. കഥാപാത്രത്തിനേക്കാള്‍ പ്രാധാന്യം നടനില്ല’ എന്നും, ‘അഭിനയത്തില്‍ അനുകരണം ആശാസ്യമല്ല’ എന്നും തുറന്നു പ്രസ്ഥാപിച്ചിരിക്കുന്നു. ഒരു കഥാപാത്രം ചൊല്ലിയാടുമ്പോള്‍ ഇതരന്‍ വേണ്ടത്ര പ്രതികരിക്കാറില്ല എന്ന വിമര്‍ശ്ശനത്തിന് വലിയ സാംഗത്യം ഇല്ലായെന്നും, കളിയെ നാടകവുമായി തരതമ്യം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നതെന്നും സി.എംഡി. ഈ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
‘നൃത്യകലാരംഗം’ എന്ന പ്രസിദ്ധീകരണത്തേയും 
അതിന്റെ പത്രാധിപര്‍ ശ്രീ ആര്‍.കുട്ടന്‍ പിള്ളയേയും സ്മരിച്ചുകൊണ്ട് എഴുതിയിട്ടുള്ള ‘ഒരു ഭഗീരധന്റെ അന്ത്യം’ എന്ന ലേഖനമാണ് തുടര്‍ന്നുള്ളത്. ഇത് 1999ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബിന്റെ സുവനീറിലേയ്ക്കായി രചിച്ചതാണ്.
2000ത്തിലെ തൃശ്ശൂര്‍ ക്ലബ്ബ് സുവനീറില്‍ ചേര്‍ത്തിട്ടുള്ള ‘ചര്‍ച്ചകളുടെ 
പ്രസക്തി-കഥകളിരംഗത്ത്’ എന്നതാണ് നാലാമതായി വരുന്നത്. അഞ്ചാമതായി ചേര്‍ത്തിരിക്കുന്ന ലേഖനം കഥകളിയിലെ സ്ത്രീകഥാപാത്രങ്ങളെപറ്റിയുള്ള ചിന്തകളാണ്. 2001ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബ് സുവനീറില്‍ പ്രസ്ദ്ധീകൃതമായതാണ് ഈ ലേഖനം.
2003ലെ അഖിലകേരള ത്രിദിനശില്പശാലയില്‍ അവതരിപ്പിക്കപ്പെട്ട 
‘പുതിയ ആട്ടക്കഥകളുടെ പ്രസക്തി, ഇന്ന്’ എന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്. അടുത്തതായി ചേര്‍ത്തിരിക്കുന്ന ലേഖനത്തില്‍ വടക്കന്‍ സുഭദ്രാഹരണം ആട്ടകഥയുടെ കാലനിര്‍ണ്ണയം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു. ഏട്ടാമതായി വരുന്ന ‘കുചേലവൃത്തം ആട്ടകഥയും വഞ്ചിപ്പാട്ടും’ എന്ന പ്രബന്ധം വളരെ പ്രൌഡം തന്നെ. ഭഗവതം ദശമസ്ക്കന്ധത്തിലെ കുചേലോപാഖ്യാനത്തെ അധികരിച്ച് രചിക്കപ്പെട്ട ആട്ടകഥ, വഞ്ചിപ്പാട്ട് എന്നിവയെക്കുറിച്ചുള്ള ഒരു താരതമ്യപഠനമാണിത്.
‘മധുരിക്കുന്ന ഓര്‍മ്മ’ എന്ന അടുത്തലേഖനം 
ലേഖകന്റെ അശീതിദിനസ്മരണകളാണ്. സീതാസ്വയംവരത്തിലെ പരശുരാമന്റെ വേഷവിധാനം പരിഷ്ക്കരിക്കപ്പെട്ടതിന്റെ ശരിതെറ്റുകളെ വിലയിരുത്തുന്നതാണ് പത്താമതായി വരുന്ന ലേഖനം. രവിവര്‍മ്മ ചിത്രത്തെ അധികരിച്ച് പരിഷ്ക്കരികപ്പെട്ട പുതിയ വേഷത്തേക്കാള്‍ നല്ലത് ഉടുത്തുകെട്ടും കിരീടവുമൊക്കെയുള്ള പഴയ വേഷവിധാനം തന്നെയാണന്ന് സി.എം.ഡി വാദിക്കുന്നു. ‘ലവണാസുരവധം’ എന്ന തന്റെ ആട്ടകഥയില്‍ പാലക്കാട് അമൃതശാസ്ത്രികള്‍ രാമന്‍ തുടങ്ങിയ കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്.
അനന്തരം ചേര്‍ത്തിരിക്കുന്ന ‘താളത്തിന്റെ മറിവ് കഥകളിയിലും!
കര്‍ണ്ണാടകസംഗീതത്തിലും!’ എന്ന പ്രബന്ധം കഥകളിയിലേയും കേര്‍ണ്ണാടകസംഗീതത്തിലേയും താളങ്ങളെ പ്രതിപാദിക്കുന്ന സാങ്കേതികത നിറഞ്ഞ ഒന്നാണ്.
കഴിഞ്ഞ 60വര്‍ഷത്തെ കളികാഴ്ച്ചകള്‍ക്കിടയില്‍ പരിചിതരായവരും 
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തവരുമായ ഏതാനം കലാകാരന്മാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അന്ത്യഘണ്ഡമായ ‘സ്മരണാഞ്ജലി’.പട്ടിക്കാംതൊടി, ചെങ്ങന്നൂര്‍ മുതല്‍ കോട്ട:പരമേശ്വരന്‍ നമ്പൂതിരി വരെയുള്ള കഥകളിയുടെ വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച് അരങ്ങൊഴിഞ്ഞ അന്‍പതിലധികം കലാകാരന്മാരെക്കുറിച്ച് സി.എം.ഡി ഇവിടെ സ്മരണകള്‍ പുതുക്കുന്നു.

റെയില്‍‌വേ എഞ്ചിനിയറിങ്ങ്(സാങ്കേതികശാസ്ത്രം), 
തന്റേടാട്ടം(കഥകളിലേഖനസമാഹാരം), കദനകുതൂഹലം(ആത്മകഥ), ഗാനകിരണം(കര്‍ണ്ണാടകസംഗീതാസ്വാദനസഹായി) എന്നിവയാണ് തൃശ്ശൂര്‍ ചെറുമംഗലത്തുമന സി.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പുത്രനായ ഈ പുസ്തകകാരന്റെ പ്രസിദ്ധീകൃതമായ ഇതര ഗ്രന്ധങ്ങള്‍. വളരെക്കാലമായി കഥകളികാണുകയും ഈ കലയേയും ഇതിലെ കലാകാരന്മാരേറയും അടുത്തറിയുകയും ചെയ്യുന്ന നല്ലൊരു കലാസ്വാദകനും, കഥകളിയിലും സംഗീതത്തിലും വളരെ അവഗാഹമുള്ളയാളും, ഗൌരവമായി കളികാണുകയും ഈ കലയെപറ്റി ആഴത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന സി.എം.ഡി യുടെ പഠനങ്ങളും ചിന്തകളും ഔചിത്യപരമായ നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ‘കഞ്ജദളങ്ങള്‍’ കലാകേരളത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

80രൂപ വിലയുള്ള ഈ പുസ്തകം കേരളത്തിലെ 
എല്ലാ പ്രമുഖ പുസ്തകവില്പനശാലകളിലും ലഭ്യമാണ്. നേരിട്ട് വാങ്ങുന്നതിന് ബന്ധപ്പെടുക-
സി.എം.ഡി. നമ്പൂതിരിപ്പാട്,
ചെറുമംഗലത്തുമന,
ഒല്ലൂര്‍ക്കര,
തൃശ്ശൂര്‍,680655
ഫോണ്‍:487-2370782 & 9895598496
ഈമെയില്‍:cmdnamboodiripad@gmail.com

മേളപ്പെരുക്കം

‘കഥകളിയിലെസര്‍വ്വജ്ഞന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന
പ്രതിഭാശാലിയായിരുന്നു ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാള്‍. കുലത്തൊഴിലായ ക്ഷേത്രവാദ്യങ്ങള്‍ അഭ്യസിച്ചശേഷം കലാമണ്ഡലത്തിലെത്തി കഥകളിചെണ്ട അഭ്യസിച്ച ഇദ്ദേഹം അതില്‍ അഗ്രഗണ്യനായി തീര്‍ന്നു. കഥകളി മേളത്തെ ഭാവാനുസാരിയാക്കിതീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന എദ്ദേഹത്തിനെ വെല്ലാന്‍ അക്കാലത്തെന്നല്ല പില്‍ക്കാലത്തും ആരുമുണ്ടായിട്ടില്ല. എന്നാല്‍ അതുമാത്രമല്ല, കഥകളിയുടെ സമസ്തമേഘലകളിലും വ്യാപരിച്ചിരിന്ന അദ്ദേഹം ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു. പല അരങ്ങുകളിലും കഥകളിവേഷം കെട്ടുകയും, പൊന്നാനിയായി പാടുകയും ചെയ്തിട്ടുള്ള കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ ഒരു നല്ല ചിത്രകാരനും ആയിരുന്നു. കഥകളി മദ്ദളത്തില്‍ ഇദ്ദേഹത്തിന് അനവധി ശിഷ്യരുണ്ട്. നിസ്സാരവസ്തുക്കള്‍ കൊണ്ട് കളിക്കോപ്പ് നിര്‍മ്മിക്കുന്നതില്‍ അന്യാദൃശമായ വൈഭവമുള്ള ഇദ്ദേഹത്തിന് കലാകൌശലം ജന്മസിദ്ധമായിരുന്നു. പല പുതിയ ആട്ടകഥകളും ചിട്ടപ്പെടുത്തിയിട്ടുള്ള പൊതുവാളാശാന്‍ സ്വന്തമായി ആട്ടകഥകളും നൃത്തസംഗീതികകളും രചിച്ചിട്ടുമുണ്ട്. തികഞ്ഞ ഒരു ആസ്വാദകന്‍ കൂടിയായിരുന്ന അദ്ദേഹം കഥകളിയെക്കുറിച്ചും ഇതരകലകളേക്കുറിച്ചുമായി അനവധിയായ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സ്വതസിദ്ധമായ നര്‍മ്മവും ഗ്രാമീണമായ ഭാഷാശൈലിയും മൂലം ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായനക്കാരുടെ മനംകവരുന്നവയാണ്. കഥകളിയുടെ സമസ്തമേഘലകളേയും കുറിച്ച് ആധികാരികമായിതന്നെ എഴുതാന്‍ സര്‍വ്വധായോഗ്യനായ ഇദ്ദേഹത്തിന്റെ പല ലേഖനങ്ങളും കഥകളിയുടെ സാങ്കേതികവശങ്ങള്‍ വിശകലനം ചെയ്തുന്നവയാണ്. ഡാന്‍സ് അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തിട്ടുള്ള ആശാന്‍ ‘ശ്രീകൃഷ്ണലീല’ എന്നൊരു കഥകളി ഡാന്‍സും, ‘അഷ്ടപദിയാട്ടവും’ സംവിധാനം ചെയ്തിട്ടുണ്ടുമുണ്ട്.
കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളുടെ കൃതികളുടെ
സമ്പൂര്‍ണ്ണസമാഹാരമാണ് കല്പിതസര്‍വ്വകലാശാലയായ കേരളകലാമണ്ഡലത്തിന്റെ പ്രസാധനശൃഘലയില്‍ പതിനാലാമതായി പുറത്തിറക്കിയ ‘മേളപ്പെരുക്കം’ എന്ന പുസ്തകം. കലാകേരളത്തിലെ പ്രമുഖസ്ഥാപനമായി വിളങ്ങുന്ന കേരളകലാമണ്ഡലം പുസ്തകപ്രസാധന രംഗത്ത് വേണ്ടത്ര മികവ് പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത്, കല്പിതസര്‍വ്വകലാശാലയായിതീര്‍ന്ന ശേഷം ഈ രംഗത്തും കലാമണ്ഡലം ശ്രദ്ധവെയ്ക്കുകയും അനവധി വിലപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്. ഇത് കലാകേരളത്തിന്, പ്രത്യേകിച്ച് കലാഗവേഷകര്‍ക്കും വിദ്യാര്‍ദ്ധികള്‍ക്കും വളരെ പ്രയോജനപ്രദമായിതീരുന്നുണ്ട്. പ്രസാധനപ്രകൃയക്ക് തുടക്കമിട്ടുകൊണ്ട് 2008 മെയ്യില്‍ പുറത്തിറക്കിയ ‘മേളപ്പെരുക്കം’ കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ആസ്വാദകര്‍, ഗവേഷകര്‍ ഇങ്ങിനെ കഥകളിരംഗവുമായി ബന്ധപ്പെട്ട സകലര്‍ക്കും പ്രയോജനമേകുന്ന ഒരു അമൂല്യഗ്രന്ഥമാണ്. ഈ രംഗത്തുള്ളവരെല്ലാം തന്നെ അവശ്യം വായിച്ചിരിക്കേണ്ടതുമാണിത്.
528പേജുകളുള്ള ഈ പുസ്തകത്തിന് മനോഹരമായി കവര്‍
ഡിസൈന്‍ ചെയ്തിരിക്കുന്നത് ശ്രീ ടി.എ.സത്യപാലാണ്. കലാമണ്ഡലം രജിസ്ട്രാര്‍ ശ്രീ എന്‍.ആര്‍. ഗ്രാമപ്രകാശിന്റെ പ്രസാധനക്കുറിപ്പോടുകൂടി ആരംഭിക്കുന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരുടെ ‘ഓര്‍മ്മകളും’, ശ്രീ കലാമണ്ഡലം കേശവന്റെ മുന്നുരയും ചേര്‍ത്തിട്ടുണ്ട്. ‘മേളപ്പദം എഡിറ്റ് ചെയ്തതും ആമുഖപഠനം നടത്തിയിരിക്കുന്നതും കലാമണ്ഡലത്തിന്റെ ബഹു: വൈസ് ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് തന്നെയാണ്. തനിനാടനായ കൂര്‍ത്തുമൂര്‍ത്ത ഒരു ശൈലിയായിരുന്നു പൊതുവാളാശാന്റെ എഴുത്തിന്റേതെന്നും, ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയും ശാലീനതയും അതിനുണ്ടെന്നും, തന്റെ പ്രൌഢവും വിശദവുമായ ആമുഖത്തില്‍ പൌലോസ്‌മാഷ് പറയുന്നു. “കഥകളി എന്നാല്‍ വേഷമോ, മേളമോ, സംഗീതമോ അല്ല. എല്ലാം ചേര്‍ന്നതാണ്. സര്‍വ്വാംഗീണമായ ഈ ഇണക്കമാണ്. അംഗാഗിപ്പൊരുത്തമാണ് കഥകളിയുടെ ചതുരശ്രശോഭക്കാധാരം. അതുകൊണ്ടാണ് പൊതുവാളാശാന്റെ കണ്ണ് ഇവയിലെല്ലാം ചെല്ലുന്നത്. മേളത്തെപറ്റി, സംഗീതത്തെപറ്റി, അഭിനയത്തെപറ്റി, ശൈലീഭേദങ്ങളെപറ്റി ഒക്കെ മലയാളത്തില്‍ എഴുതപെട്ട ഏറ്റവും ശാസ്ത്രീയമായ ചില ലേഖനങ്ങള്‍ പൊതുവാളാശാന്റെ തൂലികയില്‍ നിന്നുതിര്‍ന്നവയാണ്. കഥകളിക്ക് തനതായൊരു ലാവണ്യശാസ്ത്രം രചിച്ചത്, ഈയര്‍ത്ഥത്തില്‍, കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളാണെന്ന് നിസ്സംശയം പറയാം” എന്നും ആമുഖത്തില്‍ പൌലോസ്‌മാഷ് പ്രസ്ഥാപിച്ചിരിക്കുന്നു.
മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന മേളപ്പെരുക്കത്തിന്റെ
ആദ്യഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നത് കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ സമാഹരിക്കപ്പെടാത്ത 34പ്രബന്ധങ്ങളാണ്. പൊതുവാളാശാന്റെ അപൂര്‍ണ്ണമായ ആത്മകഥയോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. ആശാന്റെ കുടുംബപശ്ചാത്തലം, ബാല്യം, കലാമണ്ഡലത്തിലെ അഭ്യാസം, തുടര്‍ന്ന് അദ്ധ്യാപനം, പിരിച്ചുവിടല്‍ വരേയുള്ള കാര്യങ്ങളാണ് 7ഘണ്ഡങ്ങളായുള്ള ഈ ആത്മകഥയില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.
കഥകളിക്കായി ഒരു മാസിക വേണമെന്ന് നിദ്ദേശിക്കുന്ന 
‘കഥകളിക്ക് ഒരു മാസിക’ എന്ന ലേഖനമാണ് രണ്ടാമതായുള്ളത്. ഇങ്ങിനെയുള്ള ഒരു മാസിക ചെയ്യേണ്ടതായ കാര്യങ്ങള്‍ അദ്ദേഹം ഇതില്‍ അക്കമിട്ട് നിരത്തുന്നു ‍. ആസ്വാദകരുടെയും പ്രത്യേകലേഘകരുടെയും അരങ്ങുകളുടെ മുഖംനോക്കാതെയുള്ള നിരൂപണങ്ങള്‍ മാസികയില്‍ വരണമെന്നും, അങ്ങിനെയുള്ള നിരൂപണങ്ങള്‍ കഥകളിക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും തിന്മയ്ക്കല്ല മറിച്ച് നന്മയ്ക്കെ ഉപകരിക്കൂ എന്നും പൊതുവാളാശാന്‍ ഈ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
മൂന്നാമതായി ചേര്‍ത്തിരിക്കുന്ന കഥകളിസംഗീതത്തിനെ 
കുറിച്ചുള്ള ലേഖനത്തില്‍ കഥകളിസംഗീതത്തിന്റെ അഭ്യാസത്തെക്കുറിച്ചും,സംഗീതം ശ്രുതിശുദ്ധവും സ്വരശുദ്ധവും ആക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഗായകന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും പരാമര്‍ശ്ശിച്ചിരിക്കുന്നു. കഥകളി അരങ്ങത്ത് ചെണ്ട, മദ്ദളം എന്നീ വാദ്യങ്ങള്‍ക്കൊപ്പം പാട്ടിന്റെ ശ്രുതി ചേരണമെങ്കില്‍ ഗായകര്‍ മൂന്നുകട്ട ശ്രുതിക്ക് പാടണമെന്ന് വാദിക്കുന്ന പൊതുവാളാശാന്‍ വെങ്കിടകൃഷ്ണഭാഗവതരുടെ കാലശേഷമാണ് ഗായകരുടെ ശ്രുതി താഴ്ന്നത് എന്ന് നിരീക്ഷിക്കുന്നു. ‘ചെണ്ടയുടെ ശ്രുതിക്ക് പാടാനാവില്ലന്ന്’ പാട്ടുകാര്‍ ശഠിച്ചാല്‍ അരങ്ങത്ത് ശ്രുതിലയം എന്ന ഒരവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല എന്ന് ആശാന്‍ പ്രസ്താപിക്കുന്നു. പദങ്ങള്‍ക്ക് നടപ്പുള്ളതില്‍ നിന്നും രാഗമാറ്റം വരുത്തിയാല്‍ നിലവിലുള്ളതിനേക്കാള്‍ ഭാവസ്ഫൂര്‍ത്തി ഉണ്ടാകണമെന്നും അതല്ലാതെ, ‘അതായലും തരക്കേടില്ല, ഇതായാലും തരക്കേടില്ല’ എന്നേ തോന്നുന്നുള്ളുവെങ്കില്‍ ആ മാറ്റംകൊണ്ട് പ്രയോജനമില്ലെന്നും, അവിടെ ഗായകന്‍ വിജയിക്കുന്നില്ലെന്നും വിലയിരുത്തുന്ന ഈ ലേഖനത്തില്‍; വെറും ഒരു രസത്തിനായി മാത്രം ചരണങ്ങളുടെ രാഗം മാറ്റുന്നത് നിര്‍ത്ഥകമാണെന്നും, പകരമായി ഓരോ ചരണവും ഭാവാനുസാരിയായി വിഭിന്ന സ്വരങ്ങളില്‍ നിന്ന് ആരംഭിച്ച് വത്യസ്ഥത വരുത്താമെന്നും ആശാന്‍ നിദ്ദേശിക്കുന്നു.
കഥകളിയുടെ തെക്ക്-വടക്ക് ശൈലീഭേദങ്ങളുടെ 
താരതമ്യപഠനമാണ് തുടര്‍ന്നു വരുന്ന ‘കഥകളിയിലെ പ്രാദേശികഭേദങ്ങള്‍’ എന്ന ലേഖനം. സാങ്കേതികവും വേഷപരമുമായ ശൈലീവിത്യാസങ്ങള്‍ അക്കമിട്ടുനിരത്തിക്കൊണ്ടുള്ള ഈ ലേഘനം; “രണ്ടു രീതികളും ഇടചേര്‍ന്ന് ഒന്നായികാണാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്, അതിന്നുള്ള കണ്ണും കാതും ക്ഷമയുമുള്ളവര്‍. അല്ലാതെ, തെക്കന്‍ വടക്കന്‍ എന്നിങ്ങിനെ പ്രാദേശിക മനോഭാവം പുലര്‍ത്തിക്കൊണ്ട് വ്യക്തിവിദ്വേഷകലുഷിതമായ വിമര്‍ശ്ശനങ്ങള്‍ നടത്തുന്നതുകൊണ്ട് ഒരു കാര്യവുമില്ല: കഥളിക്കില്ല, കഥകളികലാകാര്‍ന്മാര്‍ക്കുമില്ല.” എന്ന് നിദ്ദേശിച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
‘കളിക്കോപ്പ്’ എന്ന അടുത്ത ലേഖനത്തില്‍ 
കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്‍ ഒരു ഉത്തമമായ കഥകളികോപ്പില്‍ എന്തെല്ലാം സാ‍ധനങ്ങള്‍ ഉണ്ടായിരിക്കണം എന്നാണ് ആദ്യമായി വിശദീകരിക്കുന്നത്. തുടര്‍ന്ന് പ്രസിദ്ധ കോപ്പുപണിക്കാരനായിരുന്ന ശ്രീ വാഴേങ്കിട രാമവാര്യരെ പറ്റിയും, അദ്ദേഹം കോപ്പില്‍ വരുത്തിയ പരിഷ്ക്കരണങ്ങളെപറ്റിയും വിശദമായി പ്രദിപാദിക്കുന്ന ഈ ലേഘനത്തില്‍; “ഇത്രയധികം വിലപ്പെട്ട ഒരു സാധനമാണ് ഇത് എന്ന് അതെടുത്തുപെരുമാറുന്ന രീതികണ്ടാ‍ല്‍ തോന്നില്ല. അത്ര പരുക്കനാണ് ഉപയോഗരീതി” എന്ന്‍ നിരീക്ഷിക്കുകയും, “കളിക്കോപ്പ് സൂക്ഷിച്ചുപയോഗിക്കേണ്ടത് കളിക്കാര്‍ തന്നെയാണ്. പദം ചൊല്ലിയാടി ഉറപ്പിക്കുന്നതുപോലെത്തന്നെ ഈ ആഹാര്യാംശങ്ങള്‍ എടുത്തുപെരുമാറേണ്ട വിനീതമായ രീതിയും ശീലിക്കണം.” എന്ന് കലാകാരന്മാരോട് നിദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. കുറേക്കാലം ഒരു കോപ്പിന് ഉടമയായി വര്‍ത്തിച്ചിരുന്നതിന്റെ അനുഭവത്തില്‍ നിന്നുകൂടിയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.
കീചകന്റെ മരണം അഭിനയിക്കുന്നരീതികളെ പരാമര്‍ശ്ശിക്കുന്ന 
‘കീചകന്റെ മരണം’ എന്നതാണ് തുടര്‍ന്നുവരുന്ന ലേഖനം. “‘പന്തീരായിരം ആനകളുടെ ബലമുള്ള എന്നെ ഗന്ധര്‍വ്വന്മാര്‍ ഹനിക്കുകയോ എന്നു ശങ്കിക്കുന്ന’ കീചകന്‍ വലലനുമായി സ്വല്പനേരത്തെ മുഷ്ടിയുദ്ധത്തിനുപോലും ഇടവരുത്താതെ, ആ ബലവാന്റെ കൈയ്യിലമര്‍ന്നുകൊണ്ടുമാത്രം ചോരതുപ്പിമരിക്കുക എന്നു വരുന്നത്, കീചകന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തോടു ചെയ്യുന്ന അനീതിയായിരിക്കും.” എന്ന് പ്രസ്ഥാവിച്ചുകൊണ്ട്, ഇന്ന് അവതരിപ്പിക്കുന്ന കീചകന്റെ മരണരീതിയെ വിമര്‍ശ്ശിക്കുകയും, ആട്ടകഥയില്‍ പ്രസ്ഥാവിച്ചിരിക്കുന്ന രീതിയില്‍ തന്നെ ഈ രംഗം അവതരിപ്പിക്കപ്പെടണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.
കഥകളിയുടെ അഭിനയം മുതല്‍ കോപ്പുനിര്‍മ്മാണത്തില്‍ വരെ 
ഉടലെടുത്ത കലാമണ്ഡലം ശൈലിയെ വിശകലനം ചെയ്ത് നിര്‍വ്വചിക്കുന്നതാണ് തുടര്‍ന്നുള്ള ‘കഥകളിയിലെ കലാമണ്ഡലംശൈലി’ എന്ന സൈദ്ധാന്തികമായ പ്രബന്ധം. അഭിനയത്തിന്റെ കാര്യത്തില്‍ “മേന്മയാര്‍ന്ന പട്ടിക്കാംതൊടി കളരിയില്‍, രസഭാവപ്രകടനരീതിഭേദങ്ങളെക്കുറിച്ചും ഇളകിയാട്ടത്തില്‍ ഉണ്ടാവേണ്ട ഔചിത്യബോധത്തെക്കുറിച്ചും ഗുരുകുഞ്ചുക്കുറുപ്പിന്റേയും കവളപ്പാറ നാരായാന്‍‌നായരുടേയും സാരോപദേശങ്ങള്‍ കലാമണ്ഡലം വിദ്യാര്‍ദ്ധികളില്‍ കൂടികലര്‍ന്നപ്പോള്‍ അത് ഒരു പുതിയ ശൈലിയുടെ ഉദയത്തിന് കാരണമായി. അതാണ് കലാമണ്ഡലംശൈലി.” എന്ന് നിവ്വചിക്കുന്നു. കഥകളിപാട്ടില്‍; സാഹിത്യത്തിനു പരിക്കെല്‍ക്കാതെയുള്ള പ്രയോഗങ്ങളോടും കാല-താള നിഷ്ടയോടും കൂടിയുള്ള രാഗശുദ്ധവും ശ്രുതിലയമുഗ്ദ്ധവും ആയ കഥകളിസംഗീതത്തിന്റെ എല്ലാ അംശങ്ങളുമടങ്ങുന്ന ഒരു സംഗീതരീതി കലാമണ്ഡലത്തില്‍ ആവിഷ്കൃതമായിട്ടുണ്ടെന്നും, ഇത് ശ്രീ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ ശിഷ്യരിലൂടെ-പ്രത്യേകിച്ച് ശ്രീ ആലിപ്പറമ്പില്‍ ഉണ്ണികൃഷ്ണവാര്യര്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവരിലൂടെ- സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നും പറയുന്നു. കഥകളിമേളത്തില്‍ “വെങ്കിച്ചന്‍‌സ്വാമിയില്‍ നിന്നും ലഭിച്ച ശിക്ഷണത്തോടൊപ്പം മൂത്തമനയുടെ മേളവഴികൂടി യോജിപ്പിക്കുകയും കൂടാതെ പൊതുവാളന്മാരുടെ സ്വന്തമായ ചില മനോധര്‍മ്മങ്ങള്‍ കൂടി അതില്‍ കലര്‍ത്തുകയും ചെയ്തുകൊണ്ട് ഒരു പുതിയ മേളം പുറത്തുവന്നു അതു കലാമണ്ഡലം ശൈലിയായിത്തീരുകയും ചെയ്തു” എന്നും അദ്ദേഹം എഴുതുന്നു. “അഭ്യാസക്രമം, നൃത്തം, അഭിനയം, അഭിനയതികവിന് നാട്ട്യധര്‍മ്മിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള നാടകീയത, ഗീതം, വാദ്യം, മുഖത്തുതേപ്പ്, ചുട്ടി, ആഹാര്യം, കലാകാരന്മാരുടെ ജീവിതരീതി എന്നിങ്ങിനെ എല്ലാ അംശങ്ങളിലും വന്നുചേര്‍ന്നിട്ടുള്ള സര്‍വ്വാഗീണമായ ഒരു ശൈലിവിശേഷത്തെയാണ്, കഥകളിയിലെ കലാമണ്ഡലം ശൈലി എന്നു ഞാന്‍ വിളിക്കുന്നത്” എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
‘അഭിനയം സിനിമയിലും കഥകളിയിലും’ എന്ന എട്ടാമത്തെ 
ലേഖനത്തിലൂടെ പൊതുവാളാശാന്‍ ഒരു സിനിമയിലെ വികാരഭരിതമായ അഭിനയമുഹൂര്‍ത്തത്തേയും സമാനമായി കഥകളിയിലുള്ള ചില രംഗഭാഗങ്ങളേയും താരതമ്യം ചെയ്യുന്നു. സിനിമാരംഗത്തില്‍ നടന്മാര്‍ പാത്രബോധത്തോടുകൂടിയ ഭാവാഭിനയ പ്രകടനം കൊണ്ട് കഥാപാത്രങ്ങളായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്, കഥകളിനടന്മാര്‍ പലരും പാത്രബോധത്തിലും അഭിനയത്തിലും പുറകിലാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ചില കഥകളില്‍ ചില നടന്മാര്‍ ഇഴുകിചേരുമ്പോള്‍ കഥകളിരംഗത്തും ഈ ഉണര്‍വ്വും മിഴിവും സംജാതമാകാറുണ്ടെന്നും അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓര്‍ക്കുന്നു. “‘മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കുന്നു ഗോക്കളെല്ലാം’ എന്ന മൃഗീയബുദ്ധ്യാ ഭാവികലാകാരന്മാരെങ്കിലും അപകടം പിടിച്ച ഈ വഴിക്ക് തിരിയാതിരുന്നാല്‍ നന്ന്” എന്ന് സ്നേഹബുദ്ധ്യാ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്‍ ഈ ലേഖനം പൂര്‍ത്തീകരിക്കുന്നത്.
നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ കഥകളിയില്‍ 
വരുത്തിയ മാറ്റങ്ങളെയും അദ്ദേഹത്തിന്റെ കളരി സമ്പൃദായങ്ങളെയും പരാമര്‍ശ്ശിക്കുന്നതാണ് തുടര്‍ന്നു വരുന്ന ‘പട്ടിക്കാംതൊടികളരി’ എന്ന ലേഖനം. “താന്‍ പഠിച്ച കഥകളിസമ്പൃദായത്തില്‍ ആവുന്നതിലധികം നാടകീയത വരുത്തി തന്റേതായ ഒരു നൂതനശൈലിക്ക് രൂപം കൊടുത്ത ഏക വ്യക്തിയാണ് രാവുണ്ണിമെനോന്‍“ എന്നും “നൃത്യഗീതവാദ്യങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയത് നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ എന്ന ഒരേ ഒരാളാണ്” എന്നും ഇതില്‍ അദ്ദേഹം സ്മരിക്കുന്നു. കൂടുതലായി ചാടിത്തുള്ളുന്നതിനാല്‍ കഥാപാത്രത്തിന്റെ നില നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ നാട്യാചാര്യന്‍, നിലവിടരുതെന്നുകരുതി അഷ്ടകലാശം പൊലും നാലാക്കി കുറച്ചു. എന്നാല്‍ ഇതിനെ ചോദ്യംചെയ്തുകൊണ്ടെന്നവണ്ണം ചിലര്‍ എട്ടുകലാശങ്ങളും എടുക്കുകയും കലാശങ്ങളുടെ ഇടയിലുള്ള നിശബ്ദ ഇടങ്ങള്‍ കൂടി നികത്തി ചാടിതുള്ളുകയും ചെയ്യുന്നു. നാട്യാചാര്യന്റെ കളരിയില്‍ അഞ്ചെട്ടുകൊല്ലം നിഷ്കര്‍ഷയായി പഠിച്ച ഈ ശിഷ്യരുടെ വികടത്തരങ്ങള്‍ വളരെ വേദനാജനകമാണന്ന് പൊതുവാളാശാന്‍ പറയുന്നു. “ഇത്തരം കുത്തിച്ചെലുത്തലുകളും കുത്തിത്തിരുപ്പുകളും കൊണ്ട് പട്ടിക്കാംതൊടികളരിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ” എന്ന് ആശിച്ചുകൊണ്ടാണ് ഈ ലേഖനം ആശാന്‍ നിര്‍ത്തുന്നത്.
‘നളചരിതം-അരങ്ങത്ത് ഇന്നു കാണുന്ന അനൌചിത്യങ്ങള്‍’ 
എന്ന തുടര്‍ന്നുവരുന്ന ലേഖനത്തില്‍ നളചരിതം ഇന്ന് അരങ്ങത്ത് അവതരിപ്പിക്കുന്നതിലുള്ള ചിട്ടയും മട്ടും കവിഭാവനയ്ക്ക് അനുസൃതമായിട്ടുതന്നെയാണോ എന്ന് പര്യാലോചിച്ചിരിക്കുന്നു. നളചരിതം നാലുദിവസങ്ങളുടെയും അവതരണത്തില്‍ ഇന്ന് കാണുന്ന അനൌചിത്യങ്ങള്‍ പൊതുവാളാശാന്‍ ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
തുടര്‍ന്നുവരുന്ന രണ്ടുലേഖനങ്ങളിലായി സന്താനഗോപാലം, 
പരശുരാമന്‍(സീതാസ്വയംവരം) എന്നിവയുടെ അവതരണത്തിലുള്ള അപാകതകളെ ചൂണ്ടികാട്ടിക്കൊണ്ട് കൊണ്ടുവരേണ്ട പുതുമാതൃക നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പതിമൂന്നാമതായുള്ള ‘രംഗനായകി’ എന്ന ലേഖനം 
കുടമാളൂര്‍ കരുണാകരന്‍ നായരെപറ്റിയുള്ളതാണ്.
കഥകളിയില്‍ പ്രയോഗിക്കപ്പെടുന്ന താളങ്ങളെ സാങ്കേതികമായി 
വിശദീകരിക്കുന്ന ഒരു ലേഖനമാണ് തുടര്‍ന്നുള്ള ‘താളം, മേളം’ എന്നത്.
അടുത്തായിവരുന്ന ‘ആചാര്യാല്‍ പാദം........’ എന്ന 
ലേഖനത്തില്‍ കഥകളിയിലെ വിവിധ ശൈലികളെ പരാമര്‍ശിക്കുന്നു. പുതു ശൈലികള്‍ കൊണ്ടുവരേണ്ടത് ബുദ്ധിമാന്മാരായ ഭാവികലാകാരന്മാരുടെ കടമയാണെന്നും, കലാസൌന്ദര്യബോധവും പാത്രബോധവും ഉള്ളവര്‍ ത്യാജ്യഗ്രാഹ്യവിവേചനത്തോടെ വേണം പുതുശൈലികള്‍ സ്വീകരിക്കുവാനെന്നും നിര്‍ദ്ദേശിക്കുന്നതിനൊപ്പം‍, കോട്ടയംകഥകളും സമാനമായിചിട്ടപ്പെടുത്തിയവയും കഥകളിസങ്കേതത്തിന്റെ എട്ടുകെട്ടാണെന്നും, കാലഭേദംകൊണ്ട് അനാവശ്യമായിതീര്‍ന്ന ഭാഗങ്ങളുണ്ടെന്നുതോന്നാമെങ്കിലും നിറവും തരവും മാറുന്ന യാതൊരു ചായപ്പണിയും ഇവയില്‍ ആവശ്യമില്ലെന്നും, കളരിപരദേവദയുടെ ശ്രീമൂലസ്ഥാനമായ ആ കഥകളെ ഒരിക്കലും നശിപ്പിക്കരുതെന്നും കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ ഓര്‍മ്മപ്പെടുന്നു.
കഥകളിസംഗീതത്തില്‍ പുതുശൈലി ആവിഷ്ക്കരിക്കരണ ഭ്രമത്താല്‍ 
കഥകളിത്തവും ഭാവവും പലപ്പോഴും നഷ്ടപ്പെടുന്നതായി നിരീക്ഷിക്കുന്ന ആശാന്‍, “കഥകളിയില്‍ സര്‍വ്വസാധാരണമല്ലാത്ത രാഗങ്ങള്‍ തിരഞ്ഞെടുക്കല്‍, ആലാപനത്തില്‍ നാഗസ്വരക്കാരെ അനുകരിക്കല്‍, പാട്ടില്‍ ലയിക്കുന്നതായി നടിച്ച് താളം പിടിക്കാതിരിക്കല്‍, നീട്ടലും ഭൃഗകളും വരുത്തല്‍, മുകളില്‍ എത്താത്ത സ്വരങ്ങളെ ചാടിപ്പിടിക്കല്‍ തുടങ്ങിയ പല തരക്കേടുകളും ഇന്നത്തെ പാട്ടിലുണ്ട്” എന്ന് കണ്ടെത്തുകയും, “അസാധാരണ രാഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ മുഖ്യമായി ചെയ്യേണ്ടത് സാധാരണങ്ങളായ രാഗങ്ങളുടെ ആലാപനം ശുദ്ധം മാറുന്നുണ്ടോ എന്നു പരിശോധിക്കുകയും, ഉണ്ടെങ്കില്‍ ശുദ്ധമാക്കുകയുമാണ്” എന്ന് നിദ്ദേശിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുവരുന്നത് പൈങ്കുളം രാമചാക്യാര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി 
എന്നിവരെ അനുസ്മരിക്കുന്ന രണ്ടു ലേഖനങ്ങളാണ്.
ക്ഷേത്രവാദ്യങ്ങളേയും സോപാനസംഗീതത്തേയും 
സാങ്കേതികമായി വിശദമാക്കുന്ന രണ്ടു പ്രബന്ധങ്ങളാണ് പിന്നീടുള്ളത്. ‘വാദ്യവും സംഗീതവും’ എന്ന ആദ്യത്തേതില്‍ ക്ഷേത്രവാദ്യങ്ങളെ പൊതുവേയും ഇടയ്ക്ക, ചെണ്ട, സോപാനസംഗീതം ഇവകളെപറ്റി സവിസ്തരവും വിവരിച്ചിരിക്കുന്നു. “ഭക്തിഭാവമാണ് സോപാനമാര്‍ഗ്ഗത്തിന്റെ മുഖ്യ ഘടകം. സംഗതികള്‍ കൊണ്ടുള്ള കസര്‍ത്തുക്കളോ, ഭൃഗകളായ നടകളോ, അധികം ആവര്‍ത്തനങ്ങളോ ഇവിടെ ആവിശ്യമില്ല.” എന്നും, “രാഗസഞ്ചാരം വളരെ പരിമിതമായ മാര്‍ഗ്ഗത്തില്‍ കൂടെ ആയിരിക്കും സോപാനരീതിയുടെ പ്രത്യേകത ഇതാണ്. സോപാനമാര്‍ഗ്ഗത്തില്‍ സാഹിത്യശുദ്ധിയിലാണ് അധികം ഊന്നല്‍ കൊടുക്കുന്നത്” എന്നും പൊതുവാളാശാന്‍ ഇതില്‍ വ്യക്തമാക്കുന്നു. സോപാനം, കഥകളി, കൃഷ്ണനാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ കേരളീയസംഗീതങ്ങളിലെ പാട്ടുകള്‍ ക്ലാസിക്കല്‍സംഗീതശാസ്ത്രമനുസ്സരിച്ച് രാഗസ്വരശുദ്ധമാണോ? എന്ന് സംശയം പ്രടിപ്പിക്കുന്നതിനൊപ്പം ഇവ ശുദ്ധീകരിച്ചാല്‍ പലതിന്റേയും തനിമ നഷ്ടപ്പെട്ടെന്നുവരും എന്ന് ശങ്കിക്കുകയും ചെയ്യുന്നു. ‘പാണികൊട്ട്’ എന്ന രണ്ടാമത്തെ പ്രബന്ധം മരപ്പാണികൊട്ടുന്ന രീതി എണ്ണങ്ങള്‍ സഹിതം വിവരിക്കുന്നതാണ്.
ചാലക്കുടി നമ്പീശനെ അനുസ്മരിച്ചുകൊണ്ട് 
ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളിക്ലബ്ബിന്റെ 1985ലെ സുവനീറിലേയ്ക്കായി എഴുതിയ ‘സവ്യസാചി’ എന്ന ലേഖനവും, കനകജ്ജൂബിലി കൊണ്ടാടിയ വേളയില്‍ ശ്രീ ശങ്കരന്‍ എമ്പ്രാന്തിരിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടെഴുതിയ ‘ശങ്കരന്‍ എമ്പ്രാന്തിരി’ എന്ന ലേഖനവുമാണ് തുടര്‍ന്നുള്ളത്.
ഇരുപത്തിരണ്ടും ഇരുപത്തിമൂന്നുമായി വരുന്ന 
‘ചെണ്ട-കേരളീയ വാദ്യവര്യന്‍? ചര്‍മ്മവാദ്യാന്വയതിലകന്‍’, ‘ചെണ്ട-പ്രസംഗവും പ്രകടനവും’ എന്നീ പ്രബന്ധങ്ങളിലായി ചെണ്ടയുടെ ചരിത്രം, ഭാഗങ്ങള്‍, നിര്‍മ്മാണം, പഠനം, കഥകളിയിലെ പ്രയോഗം, ഈ രംഗത്തെ മുന്‍‌കാല കലാകാരന്മാര്‍ എന്നിവയെ കുറിച്ചെല്ലാം വിശദമായി പ്രദിപാദിച്ചിരിക്കുന്നു. കഥകളിയില്‍ “നടന്റെ ഭാവത്തിനും മുദ്രയ്ക്കും എന്നുവേണ്ട, സര്‍വ്വാഗചലനങ്ങള്‍ക്കും അനുസൃതങ്ങളായ പ്രയോഗങ്ങള്‍ കൊണ്ട് ജീവനുണ്ടാക്കുകയാണ് ചെണ്ടക്കാരന്‍ ചെയ്യേണ്ടത്” എന്ന് അദ്ദേഹം ആദ്യലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തതായി വരുന്ന ‘കഥകളി-ഇന്നലെ,ഇന്ന്,ഇനിയും’ എന്ന ലേഖനം 
കഥകളിയുടെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളിലെ വളര്‍ച്ചയേയും കോട്ടങ്ങളേയും ആസ്വാദനശൈലികളെയും വിശകലനം ചെയ്തുകൊണ്ടുള്ളതാണ്.
സഹപാഠിയും സഹപ്രവര്‍ത്തകനുമായ രാമന്‍‌കുട്ടി നായരുമായുള്ള 
ചില ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന സരസവും ഹൃദയഹാരിയുമായ ലേഘനമാണ് തുടര്‍ന്നുവരുന്ന ‘ഓര്‍മ്മകളിലൂടെ’.
അനന്തരമുള്ളത് നാല് അനുസ്മരണലേഖനങ്ങളാണ്. 
കോപ്പന്‍ നായരെ അനുസ്മരിക്കുന്ന ‘ദു:ഖസ്മൃതി’, മൂത്തമന കേശവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്ന ‘ശ്രീഗുരുവേ നമ:‘, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അനുസ്മരണം, നീലകണ്ഠന്‍ നമ്പീശനെ അനുസ്മരിക്കുന്ന ‘സോദരായ നമോ നമ:’.
1991ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് 
നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ കൃഷ്ണന്‍‌കുട്ടി പൊതുവാളാശാന്‍ അവതരിപ്പിച്ച പ്രബന്ധമാണ് മുപ്പതാമതായി ചേര്‍ത്തിരിക്കുന്ന ‘ശാസ്ത്രീയകലകളും ഗുരുകുല സമ്പൃദായവും’ എന്നത്.
അതിനെ തുടര്‍ന്നു വരുന്നത് അകാലത്തില്‍, 
പ്രശസ്തിയുടെ മദ്ധ്യാഹ്നത്തില്‍ ജീവന്‍ വെടിഞ്ഞ രണ്ട് അതുല്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനങ്ങളാണ്. ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണവും, തൃത്താല കേശവനെ അനുസ്മരിക്കുന്ന ‘ഓര്‍മ്മയിലൊരു താളനിര്‍ഝരി’യും. “രാഗങ്ങള്‍ മാറ്റിമറിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് അവ സ്വരശുദ്ധമാക്കാനായിരുന്നു. ‘യഥാര്‍ത്ഥമാം പരിഷ്ക്കാരം വന്ന ദോഷമൊഴിപ്പതാം’ എന്നുണ്ടല്ലൊ. കുറഞ്ഞ സഞ്ചാരം കൊണ്ട് നിറഞ്ഞ രാഗരൂപം സൃഷ്ടിക്കാന്‍ ഉണ്ണികൃഷ്ണക്കുറുപ്പിനുള്ള മിടുക്ക് ഒന്നുവേറേത്തന്നെയായിരുന്നു.” എന്ന് അനുസ്മരിച്ചുകൊണ്ട് “രാഗശുദ്ധവും ശ്രുതിലയമുഗ്ദ്ധവുമായ ആലാപനം, സംഗീതംകൊണ്ട് ആവരണം ചെയ്ത സാഹിത്യോച്ചാരണം, ഘനമുള്ള നാദം, ഭാവപൂര്‍ണ്ണമായ വഴി” എന്നീ വിശേഷതകള്‍ നിരത്തിക്കൊണ്ട് കഥകളിപാട്ടിന്റെ പൂര്‍ണ്ണത കുറുപ്പിന്റെ പാട്ടിലായിരുന്നെന്ന് പൊതുവാളാശാനന്‍ നിസ്സംശയം പ്രസ്ഥാപിക്കുന്നു ‍. “താളത്തിലും കാലത്തിലും ഒതുങ്ങാത്ത വഴികളോ ഭൃഗകളോ ഒന്നുമില്ല. എന്നാല്‍ പല കസര്‍ത്തുക്കളും അടങ്ങുന്ന ഒതുക്കമുള്ള ശ്രവണസുഖമുള്ള വഴിയായിരുന്നു” കുറുപ്പിന്റേതെന്നും എന്നാല്‍ ഈ “ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “അങ്ങിനെ ശ്രീ കുറുപ്പ് ഉയര്‍ന്നുയര്‍ന്നു പാടി, പാടിപ്പാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ തന്നെ ഉയിര്‍ വെടിഞ്ഞു” എന്ന ഹൃദയത്തില്‍ തട്ടുന്ന വരികളോടെയാണ് ഈ അനുസ്മരണം പൊതുവാളാശാന്‍ സമാപിച്ചിരിക്കുന്നത്.
‘കേരളീയവാദ്യകലയുടെ നവീകരണസാദ്ധ്യതകള്‍’ 
വിചാരം ചെയ്യുന്നതാണ് മുപ്പത്തിമൂന്നാമതായുള്ള ലേഖനം.
പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ ഒടുവിലായുള്ള ലേഖനം 
കഥകളിയില്‍ വരുന്ന പരിഷ്ക്കാരങ്ങളെ വിശകലം ചെയ്തുകൊണ്ടുള്ള ‘കഥകളി അന്നും ഇന്നും’ ആണ്. “കാലം കഴിയുന്തോറും കഥകളി കൂടുതല്‍ അറിഞ്ഞുവരുന്നുണ്ട്. ഈ അറിവ് പക്ഷേ, കാണികള്‍ കഥകളിയുടെ സങ്കേതത്തില്‍ ചെന്ന് നേടുന്നതല്ല, മറിച്ച് കഥകളി ആസ്വാദകരിലേയ്ക്ക് ഇറങ്ങി വരികയാണ്. തന്മൂലം കഥകളിക്ക് അതിന്റെ സങ്കേതബദ്ധത പൊയ്പ്പോവുന്നു” എന്ന് സംശയിക്കുന്ന് പൊതുവാളാശാന്‍ “കഥകളിയില്‍ ഇന്ന് നല്ല പരിഷ്ക്കാരമായി കാണുന്നത് കോപ്പുകളിലാണ്” എന്ന് ഭിപ്രായപ്പെട്ടുകൊണ്ടുതന്നെ “കളിക്കോപ്പുകളുടെ സൌന്ദര്യം കൂടുന്നതിനൊപ്പം ചുട്ടിയുടെയും മുഖത്തെഴുത്തിന്റെയും വൈകൃതം കൂടികൂടിവരുന്നു” എന്ന കാലിക പ്രസക്തമായ വിമര്‍ശ്ശനവും നടത്തിയിരിക്കുന്നു ഈ ലേഘനത്തില്‍. “കഥകളിക്കു വന്നുപെട്ട വലിയ ഭാഗ്യദോഷം വേഷവും പാട്ടും വാദ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയാണ്” എന്ന് വെളിവാക്കികൊണ്ട്, ഇവര്‍ തമ്മിലുള്ള പര്‍സ്പര ധാരണ നഷ്ടപ്പെട്ടു തുടങ്ങിയെന്നും, കലാകാരന്മാര്‍ക്ക് ആര്‍ക്കും ആരേയും ഭയമില്ലാതെയായി എന്നും പൊതുവാളാശാന്‍ പ്രസ്ഥാപിക്കുന്നു. ഒപ്പം തന്നെ “ഇന്നത്തെ കഥകളിക്കര്‍ക്ക് തങ്ങളെ വിമര്‍ശ്ശിക്കുന്നത് കേള്‍ക്കാനാവില്ല” എന്നും അവര്‍ക്ക് “അതിന്റെ തരക്കേട് വേണ്ടുവോളമുണ്ടെന്നും” തുറന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.

മുന്‍പ് പ്രസിദ്ധീകൃതമായുള്ള കൃഷ്ണന്‍കുട്ടിപൊതുവാളാശാന്‍ രചിച്ച‘മേളപ്പദം’ എന്ന ഗ്രന്ഥം,
‘പുറപ്പാട്’ എന്ന ശ്രീ കെ.പി.ബാബുദാസിന്റെ പ്രൌഢമായ അവതാരികയും, പൊതുവാളാശാന്റെ ‘സമര്‍പ്പയാമി’ എന്ന സമര്‍പ്പണവും ഉള്‍പ്പെടെ ചേര്‍ത്തിരിക്കുന്നതാണ് മേളപ്പെരുക്കത്തിന്റെ രണ്ടാം ഭാഗം. “എന്റെ കുത്തിക്കുറുപ്പുകള്‍ ലേഖനരൂപത്തിലാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതും, ലേഖനമാക്കുമ്പോള്‍ അവ തിരുത്തിത്തന്നിരുന്നതും, ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ‘എഴുത്ത്’ പഠിപ്പിച്ചത് അന്ന് കേരളകലാമണ്ഡലത്തിലെ സാഹിത്യാദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ കുമ്മിണി വാസുദേവന്‍ നമ്പൂതിരിയാണ്” എന്നു വെക്തമാക്കിക്കൊണ്ട്, “പരമശുദ്ധനും, സാത്വികനും, മഹാപണ്ഡിതനും സഹൃദയനുമായിരുന്ന കുമ്മിണിമാസ്റ്ററുടെ അകാല നിര്യാണം കഥകളിക്ക്, പ്രത്യേകിച്ചും കഥകളിനിരൂപണശാഖയ്ക്ക് വമ്പിച്ചൊരു നഷ്ടമാണ് വരുത്തിവെച്ചതെന്ന വസ്തുത” ഖേദപൂര്‍വ്വം പൊതുവാളാശാന്‍ തന്റെ അവതരണത്തില്‍ അനുസ്മരിക്കുന്നു. തന്റെ പുസ്തകമായ “ഈ മേളപ്പദത്തിന് ഓണപ്പുടവയുണ്ടെങ്കില്‍ അത് കുമ്മിണിമാസ്റ്റര്‍ക്കുള്ളതാണ്” എന്നും പൊതുവാളാശാന്‍ ഇതില്‍ വെക്തമാക്കുന്നു.

‘കഥകളി ഒരു മുഖവുര’ എന്ന മേളപ്പദത്തിലെ ആദ്യലേഖനം കഥകളിയുടെ
അഭിനയ ഗാന വാദ്യ വിഭാഗങ്ങളെയും ആസ്വാദനത്തേയും പരാമര്‍ശ്ശിക്കുന്നതാണ്. “കഥകളിയിലൊഴികെ മറ്റൊരു കേരളീയകലയിലും നൃത്തഗീതവാദ്യങ്ങള്‍ ഇത്ര സമഞ്ജസമായി സമ്മേളിച്ചിട്ടില്ല” എന്നും, അതിനാല്‍ തന്നെ “ഭിന്നരുചിക്കാരായ ആസ്വാദകരെ മുഴുവന്‍ തൃപ്തിപ്പെടുത്താനുള്ള ശക്തി കഥകളിക്കുണ്ട്; കഥകളിക്കുമാത്രമെ ഉള്ളുതാനും” എന്നും ഇതില്‍ പൊതുവാളാശാന്‍ ഉറപ്പിച്ചു പറയുന്നു. “യുക്തിബോധവും കഥാജ്ഞാനവുമുള്ള കഥകളികമ്പക്കാര്‍ക്ക് കഥകളിയുമായുള്ള ചിരപരിചയംകൊണ്ടു വല്ലതുമൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരാം” എന്നാല്‍ “ഒരു ഗുരുവിന്റെ കീഴില്‍ കുറച്ചുകാലം മിനക്കെട്ട് അദ്ധ്യയനം ചെയ്താല്‍ മാത്രമേ അതിന്റെ സ്വഭാവം കുറച്ചെങ്കിലും മനസ്സിലാകുവാന്‍ ആര്‍ക്കും കഴിയൂ” എന്നും പൊതുവാളാശാന്‍ പ്രസ്താപിക്കുന്നു.

രണ്ടാമതായി വരുന്ന ‘കഥകളി തെക്കും വടക്കും’ എന്ന ലേഖനത്തില്‍ 
രണ്ടു സമ്പൃദായങ്ങളിലുമുള്ള ദോഷാംശങ്ങള്‍ വസ്തുനിഷ്ടമായി ചൂണ്ടിക്കാണിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. വേഷത്തിന്റെ നില, ചൊല്ലിയാട്ടത്തിന്റെ കണക്ക് എന്നിവയെക്കുറിച്ചുള്ള തെറ്റിധാരണമൂലം കഥകളിയില്‍ അവശ്യം കണ്ണെത്തേണ്ട പലഭാഗത്തും തീരെ ശ്രദ്ധിക്കായ്ക, കഥാപ്രകൃതമില്ലായ്മ, പറഞ്ഞതുതന്നെ പറയുകയാലും പറയാത്തതു പറഞ്ഞെന്നു നടിക്കുകയാലും ഇളകിയാട്ടങ്ങളില്‍ വരുന്ന വിരസത എന്നിവയാണ് പ്രധാനമായി വടക്കരില്‍ പൊതുവാളാശാന്‍ കണ്ടെത്തുന്ന ദോഷങ്ങള്‍. കൂടാതെ പുതിയ കഥകള്‍ പ്രചാരത്തില്‍ വരുത്തുന്നതിലും രംഗത്ത് കൂട്ടുവേഷക്കാരന്റെ നേര്‍ക്കുള്ള ശ്രദ്ധയിലും തെക്കരെ മാതൃകയാക്കാനും ആശാന്‍ വടക്കരോട് നിര്‍ദ്ദേശിക്കുന്നു. കറതീര്‍ന്ന കളരിയഭ്യാസത്തിന്റെ കുറവോ കഷ്ടപ്പെട്ടു പഠിക്കുവാനുള്ള സന്നദ്ധതക്കുറവോമൂലം കഥകളിയുടെ അന്തസ്സു നിലനിര്‍ത്തിക്കൊണ്ട് കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, വേഷങ്ങള്‍ക്കനുസ്സരിച്ച് ആട്ടശൈലി വത്യാസപ്പെടായ്ക, രസാഭിനയത്തിലും ആംഗീകാഭിനയത്തിലും ഉള്ള ഗ്രാമ്യത, ഇങ്ങിനെ കഥകളിയുടെ മര്‍മ്മപ്രഥാന അംശമായ കളികോപ്പുവരെ തെക്കര്‍ക്ക് അലക്ഷ്യാവസ്ഥ കാണാമെന്ന് ആശാന്‍ ആരോപിക്കുന്നു. “സന്ദര്‍ഭാനുസാരിയായ അഭിനയംകൊണ്ടും മനോധര്‍മ്മപ്രകടനംകൊണ്ടും രംഗം പോഷിപ്പിക്കാന്‍ ഉതകുന്ന വേഷങ്ങള്‍ ചെറിയ കുട്ടികളെകൊണ്ട് കെട്ടിച്ച് നിര്‍ജ്ജീവമാക്കുക എന്നത്” സര്‍വ്വസാധാരണമായൊരു ദോഷമായി വിലയിരുത്തുന്ന പൊതുവാളാശാന്‍ “ആടുന്ന വേഷക്കാരനില്‍ മാത്രമല്ല, അരങ്ങത്തുള്ള എല്ലാ വേഷങ്ങളിലും, കഥയിലും ശ്രദ്ധിക്കുന്നവാരാണ് ഇന്നത്തെ ആസ്വാദകര്‍” എന്ന് നിരീക്ഷിക്കുകയും ചെയ്തിരിക്കുന്നു ഈ ലേഖനത്തില്‍. തുടര്‍ന്ന്, ഇന്നുകാണുന്ന ദോഷങ്ങളകറ്റി ഒരു ഏകീകൃത കഥകളി സമ്പൃദായമുണ്ടാക്കുവാനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നു.

മൂന്നാമതായുള്ള ‘കല്ലുവഴിചിട്ട’ എന്ന പ്രബന്ധത്തില്‍ കഥകളിയിലെ 
കല്ലുവഴിചിട്ടയുടെസ്വഭാവവിശേഷങ്ങളെ അക്കമിട്ട് നിരത്തിയിരിക്കുന്നു.തുടര്‍ന്നുള്ള നാലുലേഖനങ്ങളിലായി പൊതുവാളാശാന്‍ കഥകളിയിലെ തോടയം, പുറപ്പാടും മേളപ്പദവും, സാരി, അഷ്ടകലാശം എന്നീ ചടങ്ങുകളെ പറ്റി വിശദമായി വിവരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭക്ത്യാഹ്ലാദാദികളില്‍ മതിമറന്നു തുള്ളിച്ചാടുന്ന ലോകസ്വഭാവത്തെ കഥകളിയില്‍ പ്രകടമാക്കുന്നതാണ് അഷ്ടകലാശം എന്ന നൃത്തവിശേഷം എന്ന് പൊതുവാളാശാന്‍ നിര്‍വ്വചിക്കുന്നതിനൊപ്പം, ഹനുമാനും ബാലിയും ഇത് എടുക്കുന്നതിലുള്ള ഔചിത്യത്തെ ചോദ്യം ചെയ്യുന്നുമുണ്ട് ഈ ലേഖനത്തില്‍. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്റെ അഷ്ടകലാശം ഒട്ടും അവസരോചിതമല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ചെയ്യാനാകാത്തതു ചെയ്യാന്‍ സാധിക്കുകയോ, നേടാനാകാത്തതു നേടുവാന്‍ സാധിക്കുകയോ ചെയ്യുന്ന സാഹചര്യമൊന്നും ഇല്ലാത്ത് ഹനുമാന് ഇവിടെ ആനന്ദനൃത്തം ചവുട്ടാന്‍ അവസരമില്ലെന്നും, “സിദ്ധാഷ്ടൈശ്വര്യവാനായ ഹനുമാന്‍ ആനന്ദനൃത്തം ചെയ്യണമെങ്കില്‍ യാദൃശ്ചികമായി അദ്ദേഹത്തിന് ശ്രീരാമദര്‍ശ്ശനമുണ്ടാകണം. ദിവ്യനായ, മന:പരിപാകം വന്ന ആ തപോനിധിക്കു ഭക്തിയൊഴിച്ചു മറ്റൊരു വികാരവും അതിരുകവിയില്ല.” എന്നും തുടര്‍ന്ന് അദേഹം പ്രസ്ഥാപിക്കുന്നു. ഇഴുതിയ കാലത്തുതന്നെ ധാരാളം ചര്‍ച്ചചെയ്യപ്പെടുകയും ഇതിര്‍ അഭിപ്രായങ്ങള്‍ വരുകയും ചെയ്യപ്പെട്ട ഒരു ലേഖനമാണ് ‘അഷ്ടകലാശം’.
എട്ടാമതായുള്ളത് ചുട്ടിയെ പറ്റിയുള്ള ഒരു ലേഖനമാണ്.
തുടര്‍ന്ന്‍ വരുന്ന ‘സംഗീതം കഥകളിയില്‍’, കഥകളി സംഗീതത്തെ പറ്റിയുള്ള സാങ്കേതികതികവാര്‍ന്നതും വിപുലവും ആധികാരികവുമായ ഒരു പ്രബന്ധമാണ്. ഇതില്‍; “കര്‍ണ്ണാടകസംഗീതത്തിലുള്ള അതിപരിചയം കഥകളിസംഗീതത്തിന്റെ അഭിനയയോഗ്യതയെ പാടേ നശിപ്പിക്കും” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പൊതുവാളാശാന്‍, “കഥകളി സംഗീതം നൃത്താഭിനയസംഗീതമാണ്. അഭിനയത്തിന്റെ അംഗമാണത്. അതുകൊണ്ടുതന്നെ കഥകളിഗായകന്‍ തികച്ചും അസ്വതന്ത്രനുമാണ്” എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ “ഇത്രമാത്രം അസ്വാതന്ത്ര്യങ്ങളുണ്ടെങ്കിലും ഒരു കഥകളിഗായകന്‍ അരങ്ങത്ത് തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നു തോന്നണം. എങ്കിലെ അത് കലയാകൂ” എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ചെണ്ടയുടെയും മദ്ദളത്തിന്റേയും കളിയരങ്ങത്തെ പ്രയോഗങ്ങളെ പ്രതിപാദിക്കുന്ന
സാങ്കേതികമായ രണ്ടു പ്രബന്ധങ്ങളാണ് തുടര്‍ന്നു വരുന്നത്.
കഥകളിയുടെ വേഷ-രംഗസംവിധാന ഘടകങ്ങളുടെ 
പരിഷ്ക്കരണ ചിന്തകള്‍ പങ്കുവെയ്ക്കുന്ന ലേഘനമാണ് പന്ത്രണ്ടാമതായി ചേര്‍ത്തിരിക്കുന്ന ‘കഥകളിപരിഷ്ക്കരണം’.ഓട്ടന്‍‌തുള്ളലിന്റെ ആവിഷ്ക്കരണരീതികളെ വിശദമാക്കുന്ന പൌഢമായ ഒരു പ്രബന്ധമാണ് അനന്തരം ഉള്ളത്.
വള്ളത്തോള്‍, പട്ടിക്കാംതോടി, കവളപ്പാറ, കോപ്പന്‍‌നായര്‍, 
വെങ്കിടകൃഷ്ണഭാഗവതര്‍, കൃഷ്ണന്‍‌നായര്‍, രാമന്‍‌കുട്ടിനായര്‍ എന്നിവരുമായുള്ള ഓര്‍മ്മകള്‍ പങ്കിടുന്ന അത്മാംശം നിറഞ്ഞതും ഹൃദയസ്പര്‍ശ്ശിയും വൈകാരികവുമായ 7ലേഖനങ്ങളാണ് അവസാനമായി ഉള്ളത്.
ആശാന്റെ ഈ ലേഖനങ്ങള്‍ പലകാലങ്ങളിലായി രചിച്ചവയായതിനാല്‍
പലതിലും ആവര്‍ത്തനങ്ങള്‍ തോന്നും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ശ്രമിച്ച് എഡിറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇവയുടെ ഭംഗി പാടെ നഷ്ടപ്പെട്ടേനെ. ഇതു ചെയ്യാതെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നത് വളരെ ഉചിതമായി.

മേളപ്പെരുക്കത്തിന്റെ മൂന്നാം ഭാഗമായി ചേര്‍ത്തിരിക്കുന്നത്
കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ രംഗരചനകളാണ്. ഇതില്‍ അദ്ദേഹത്തിന്റെ ആട്ടകഥകളായ ‘അംബ’, ‘ഭീഷ്മപ്രതിജ്ഞ’(ആട്ടപ്രകാരങ്ങള്‍ സഹിതം) എന്നിവയും ‘മൃഗസേവനചരിതം‘(നൃത്തസംഗീതിക), നളചരിതം കഥ പൂര്‍ണ്ണമായും ആറുമണിക്കൂറില്‍ ഒതുക്കിക്കൊണ്ടുള്ള അവതരണവിധം, നളചരിതം അവതരണവിധം, ഗീതാഗോവിന്ദം ആസ്പദമാക്കിയുള്ള ‘അഷ്ടപദിയാട്ടം’, പൂതപ്പാട്ടിനെ അധികരിച്ചുള്ള ‘ബ്ഡേ. ഡോം’(സംഗീതനൃത്തനാടകം), ശ്രീകൃഷ്ണലീല(കഥകളിഡാന്‍സ്) എന്നിവയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൃഷ്ണന്‍‌കുട്ടിപ്പൊതുവാളാശാന്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ‘മഗ്ദലനമറിയം’, ‘കരുണ’, ‘ചിലപതികാരം’, ‘ഗണപതി’ തുടങ്ങിയ ആട്ടകഥകളും, രാമായണകഥ മുഴുവനായി 8മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കുന്ന വിധവും, വടക്കന്‍ രാജസൂയം അവതരണവിധവും മറ്റും ഈ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടില്ല. കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ സമ്പൂര്‍ണ്ണകൃതികള്‍ എന്ന ഉദ്ദേശത്തോടെ ‘മേളപ്പെരുക്കം’ പുറത്തിറക്കുമ്പോള്‍ ഇവകള്‍ കൂടി ഉള്‍ക്കോള്ളിക്കുവാന്‍ പ്രസാധകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

മേളപ്പെരുക്കത്തിന്റെ അവസാന ഭാഗമായുള്ള അനുബന്ധത്തില്‍
ആദ്യമായുള്ളത് ആശാന്റെ അപൂര്‍ണ്ണമായ ആത്മകഥയ്ക്ക് അനുബന്ധമെന്ന രീതിയില്‍ പുത്രന്‍ മുരളീകൃഷ്ണന്‍ എഴുതിയ ‘സാഷ്ടാംഗം’ എന്ന ഓര്‍മ്മക്കുറിപ്പുകളാണ്. അച്ഛനേപ്പോലെത്തന്നെ ഭംഗിയാര്‍ന്ന ശൈലിയില്‍ എഴുതിയിരിക്കുന്ന മുരളീകൃഷ്ണന്‍, പൊതുവാളാശാന്റെ അന്ത്യകാലത്തെയൊക്കെ വിവരിക്കുന്നത് വായനക്കാരുടെ മനസ്സിനെ ആദ്രമാക്കും. തുടര്‍ന്ന് വരുന്നത് 1969ല്‍ തൃശ്ശൂര്‍ക്ലബ്ബിന്റെ ചോദ്യാവലിക്ക് ആശാന്‍ നല്‍കിയ മറുപടികളാണ്. അവസാനമായി അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നത് കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ 2 അഭിമുഖങ്ങളാണ്. ഒന്ന് 1986ല്‍ ആകാശവാണിക്കുവേണ്ടി ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടിയുമായി നടത്തിയതും, മറ്റൊന്ന് 1989ല്‍ ദൂരദര്‍ശ്ശനുവേണ്ടി ഈയങ്കോട് ശ്രീധരനുമായി നടത്തിയതും.കേരളകലാമണ്ഡലത്തില്‍ ലഭ്യമായ ഈ പുസ്തക(മേളപ്പെരുക്കം)ത്തിന്റെവില 280രൂപയാണ്.

ബന്ധപ്പെടേണ്ട വിലാസം:
kerala kalamandalam,
vallathol nagar,
cheruthuruthy (p.o),
thrissuur Dt.
kerala.
ph:04884-262418, 262562, 263440
Fax:04884-262019
E-mail: info@kalamandalam.org
Website:http://www.blogger.com/www.kalamandalam.org

കഥകളിയുടെ രംഗപാഠചരിത്രം

ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം എം.പി.എസ്സ്.നമ്പൂതിരിയും ചര്‍ന്ന് രചിച്ചിട്ടുള്ള ഒരു കഥകളി ചരിത്രാന്വേഷണഗ്രന്ഥമാണ് ‘കഥകളിയുടെ രംഗപാഠചരിത്രം’. കഥകളിയുടെ പൂര്‍വ്വകാലത്തേയും അതിന്റെ പരിണാമക്രിയകളേയും പഠിക്കുകയും അതിലൂടെ നേടിയ അറിവുകളും നിഗമനങ്ങളും ചരിത്രാന്യൂഷകര്‍ക്ക് സഹായകരമായ രീതിയില്‍ അടുക്കിവെച്ച് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു ഈ പുസ്തകത്തില്‍.


ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി 50തിലധികം വര്‍ഷങ്ങളായി കഥകളികാണുകയും ഈ കലയേ അടുത്തറിയുകയും ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു കലാമര്‍മ്മജ്ഞനാണ്. കലാമണ്ഡലം ആര്‍ട്ട് സൂപ്രണ്ട്, നമ്പൂതിരിവിദ്യാലയം അദ്ദ്യാപകന്‍, റിപ്പപ്ലിക്ക് ദിനപത്രത്തിന്റെ പത്രാധിപര്‍, ദേശാഭിമാനി പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് മുകുന്ദരാജാ പുരസ്ക്കാരം, രാമചാക്യാര്‍ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുമുണ്ട്.
.
പത്മശ്രീ വാഴേങ്കിടകുഞ്ചുനായര്‍, പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായര്‍, ശ്രീ കലാ:പത്മനാഭന്‍‌നായര്‍, ശ്രീ കലാ: ഗോപി എന്നിവരുടെയൊക്കെ ശിഷ്യനായി കലാമണ്ഡലത്തില്‍ കഥകളിവേഷം അഭ്യസിച്ചിട്ടുള്ള ശ്രീ മൂത്തേടത്ത് പാലശ്ശേരി ശങ്കരന്‍‌(എം.പി.എസ്സ്.) നമ്പൂതിരി കലാമണ്ഡലത്തില്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും, അമേരിക്കയിലെ യു.സി.എല്‍.എ, വിസ്കോണ്‍സ് എന്നീ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫൊസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ കലാമണ്ഡലം നിളാക്യാമ്പസ്സിന്റെ തലവനായ ഇദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും കഥകളിസംബന്ധമായ അനവധി ലേഘനങ്ങള്‍ രചിച്ചിട്ടുണ്ട്.
.
കഥകളിയെക്കുറിച്ച് ആധുനികാര്‍ഥത്തിലുള്ള ചരിത്രബോധത്തോടെ എഴുതിയ അദ്യത്തെ പുസ്തകമാണിതെന്നും, കഥകളിയുടെ ഓരോ പരിണാമപ്രക്രിയയില്‍ തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വിശേഷതയെന്നും, അനവധി വിചാരസാധ്യതകള്‍ക്ക് വാതില്‍തുറക്കുന്നതായ ഈ കഥകളിചരിത്രം കലാചരിത്രചിന്തയിലെ അതിപ്രധാനമായ സംഭാവനയാണെന്നും, രംഗപാഠചരിത്രത്തിന്റെ അവതാരികയില്‍ ശ്രീ കെ.സി.നാരായണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
.
രാമനാട്ടത്തില്‍ നിന്നും ഇന്നു നാം കാണുന്ന രീതിയിലേക്ക് കഥകളി എത്തപെട്ടതെങ്ങിനെ എന്ന ഒരു അന്യൂഷ്ണമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരോ കാലഘട്ടങ്ങളിലായി ഓരോരുത്തരുടെ പ്രയത്നഭലമായി വന്നിട്ടുള്ള മാറ്റങ്ങള്‍ ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. കൊട്ടാരക്കരതമ്പുരാന്റെ കാലം മുതല്‍ കപ്ലിങ്ങാടന്റെ കാലം വരെ പ്രതിപാദിച്ചശേഷം, പ്രധാനമായും പട്ടിക്കാം‌തൊടി നടത്തിയ കല്ലുവഴിചിട്ടയുടെ നവീകരണത്തേയും, അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയും കലാമണ്ഡലത്തിലൂടെയും ആ നവീനരീതിക്കുണ്ടായ വികാസത്തേയുമാണ് പ്രതിപാദിക്കുന്നത്.
.
ആദ്യഅദ്ധ്യായത്തില്‍ കഥകളിയുടെ സാമാന്യരൂപത്തേയും, ഭക്തിപ്രസ്ഥാനവും അതിലൂടെ ഉദയംചെയ്ത രാമനാട്ടത്തേയും, ആ കാലത്തെ മറ്റു കലകളായ രാമനാട്ടം,ഗീതാഗോവിന്ദം ഇവകളേയും, കൂടിയാട്ടത്തിന്റെ സ്വാധീനത്തേയും പരാമര്‍ശ്ശിക്കുന്നു.
.
കഥകളിയുടെ ചരിത്രത്തെ ‘കര്‍ത്തൃപാഠചരിത്രം’(ആട്ടകഥ), ‘രംഗപാഠചരിത്രം’(അരങ്ങ്) , ‘ശിക്ഷണപാഠചരിത്രം’(കളരി), ആസ്വാദനപാഠചരിത്രം’(സദസ്സ്) ഇങ്ങിനെ നാലായി തിരിച്ച്, നാല് അദ്ധ്യായങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിലോരോ പാഠത്തേയും മറ്റുള്ളവയുമായി പരസ്പരം ബന്ധപ്പെടുത്തി വിവരിക്കുന്നുമുണ്ട്. പട്ടിക്കാം‌തൊടിക്ക് മുന്‍പുള്ള കാലത്തെ ചരിത്രങ്ങള്‍ അധികവും ശ്രീ കെ.പി.എസ്സ്. മോനോന്റെ ‘കഥകളിരംഗ’ത്തില്‍ പറയുന്നുണ്ടെങ്കിലും, അവ അതില്‍ പലയിടത്തായി ചിതറിയാണ് കിടക്കുന്നത്. അതിനാല്‍ ഒരു കാര്യം പെട്ടന്ന് ഒരാള്‍ക്ക് പരതി കണ്ടുപിടിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ രംഗപാഠചരിത്രത്തിലാകട്ടെ ഒരോവിഭാഗങ്ങളിലും ഓരോകാലത്തും വന്നിട്ടുള്ള മാറ്റങ്ങളേയും വളര്‍ച്ചയേയും അപഗ്രധിച്ച് സൌകര്യപ്രദമായ രീതിയില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. അതുപോലെ തന്നെ ആട്ടകഥകളുടേയും, കളരിയില്‍ ചൊല്ലിയാടിക്കുന്ന ആട്ടകഥകളുടേയും, അവയിലെ കുട്ടിത്തരം, ഇടത്തരം, ആദ്യാവസാനം വേഷങ്ങളുടേയും വിവരങ്ങള്‍ പട്ടികകളായി നല്‍കിയിരിക്കുന്നു. ശിക്ഷണപാഠം അദ്ധ്യായത്തിന്റെ അന്ത്യത്തില്‍ കിര്‍മ്മീരവധത്തിലെ ‘ബാലേകേള്‍’ എന്ന പതിഞ്ഞപദത്തിന്റെ ആലാപനരീതിയും (കര്‍ണ്ണാടകസംഗീത പദ്ധതിപ്രകാരമുള്ള നൊട്ടേഷനോടുകൂടി) അഭിനയക്രമവും വിവരിച്ചിട്ടുണ്ട്.
.
ആധുനീകം എന്ന അന്ത്യ അദ്ധ്യായം കഥകളിയുടെ ആധുനീകചരിത്രത്തിന്റെ സംക്ഷിപ്തമായ ഒരു അവലോകനമാണ്.
.
പുസ്തകത്തിന്റെ മറ്റുഭാഗങ്ങളേപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇതിലെ അനുബന്ധങ്ങളും. ഇവയിലും വിലപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. പട്ടിക്കാം‌തൊടിയാശാന്റെ ആട്ടക്കുറിപ്പുകളാണ് ആദ്യമൂന്ന് അനുബന്ധങ്ങള്‍. നാലാമതായി ഉള്ളത് കിള്ളിമംഗലം എഴുതിയ അഭിനയസംബന്ധിയായ ലേഘനവും. പിന്നീട് നല്‍കിയിരിക്കുന്ന കലാകാരന്മാരുടേയും കളിയോഗങ്ങളുടെയും ലഭ്യമായ വിശദാംശങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പട്ടികകള്‍ ഇതര ചരിത്രപഠിതാക്കള്‍ക്ക് വളരേ പ്രയോജനപ്രദമാണ്. തുടര്‍ന്ന്, കഥകളിസംബന്ധിയായ ഗ്രന്ഥങ്ങളുടേയും ഡ്യോക്യുമെന്റ്റികളുടെയും വിവരങ്ങള്‍ സമാഹരിച്ച് നല്‍കിയിരിക്കുന്ന പട്ടികകള്‍ കഥകളിപ്രേമികള്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമായ ഒന്നാണ്.
.
2007ല്‍ മാതൃഭൂമി ബുക്‍സ് പുറത്തിറക്കിയ ‘കഥകളിയുടെ രംഗപാഠചരിത്രം’ എന്ന ഈ പുസ്തകത്തിനാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസബന്ധമായ ഗ്രന്ധത്തിനുള്ള കലാമണ്ഡലം പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. കഥകളി പ്രണയികളായുള്ളവരും, കഥകളിയേയും അതിന്റെ ചരിത്രത്തേയും മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നവരും അവശ്യം വായിക്കേണ്ടുന്നതും വാങ്ങിസൂക്ഷിക്കേണ്ടുന്നതുമായ ഒന്നാണ് ഈ ഗ്രന്ഥം.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 4)

നാട്ടകം വേലുപ്പിള്ള
.
കൊച്ചപ്പിരാമന്മാരുടെ അനുജനായ കൃഷ്ണപ്പണിക്കരുടേയും പത്നി ചാന്നാനിക്കാട്ടുകാലയില്‍ കുഞ്ഞുപെണ്ണമ്മയുടേയും ദ്വതീയപുത്രനായി 1074 കുംഭം 11ന് നാട്ടകം വേലുപ്പിള്ള ഭൂജാതനായി. സാമാന്യവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം 1086ല്‍, തന്റെ പന്ത്രണ്ടാം വയസ്സില്‍ രാമപ്പണിക്കരുടെ കീഴില്‍ കച്ചകെട്ടി കഥകളിപഠനം ആരംഭിച്ചു. തുടര്‍ന്ന് വളരേക്കാലം വല്യച്ഛന്മാരായ കൊച്ചപ്പിരാമന്മാരുടെ ഏലൂരെ കളരിയില്‍ അദ്ദേഹം അഭ്യസനം തുടര്‍ന്നുപോന്നു. ഈ കാലത്ത് കൊച്ചപ്പിരാമന്മാരേക്കൂടാതെ അവരുടെ സതീര്‍ത്ഥ്യരായ കൊല്ലപ്പള്ളി മാധവപിള്ളയും കൊല്ലപ്പള്ളി ഗോവിന്ദപ്പിള്ളയും ആ കളരിയില്‍ ആശാന്മാരായി ഉണ്ടായിരുന്നു. വേലുപ്പിള്ളയുടെ മച്ചുനനായ(അച്ഛന്റെ അനന്തിരവന്‍) കുറിച്ചി കുഞ്ഞന്‍ പണിക്കരും ഈ കാലത്ത് ഏലൂര്‍ കളരിയില്‍ അഭ്യസിക്കുന്നുണ്ടായിരുന്നു. അതിനുശേഷം വടക്കുപോയി അപ്പുണ്ണിപൊതുവാളിന്റെയടുത്തും കൂട്ടില്‍ കുഞ്ഞന്‍‌മേനോന്റെയടുത്തും ശിഷ്യപ്പെട്ട് മടങ്ങിയെത്തിയ കുഞ്ഞന്‍ പണിക്കര്‍ വീണ്ടും ഏലൂര്‍കളരിയില്‍ ചേര്‍ന്നു. ഈ കാലത്തും വേലുപ്പിള്ള കളരിയഭ്യാസം തുടരുന്നുണ്ടായിരുന്നു. ആ സാഹചര്യം കൊണ്ട് വേലുപ്പിള്ളയ്ക്ക് കുഞ്ഞന്‍പണിക്കരുടെ ശിഷ്യത്വവും ഉണ്ടായി. ദീര്‍ഘകാലം അഭ്യസിച്ച തെക്കന്‍‌ചിട്ടയില്‍ കുഞ്ഞന്‍പണിക്കരില്‍ നിന്നും ലഭിച്ച വടക്കന്‍സമ്പൃദായങ്ങളും കലര്‍ത്തി ഒരു നൂതനശൈലി വേലിപ്പിള്ള രംഗത്ത് അവതരിപ്പിച്ചു. ഇത് സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. സത്യത്തില്‍ വടക്കുപോയി പഠിച്ചത് കുഞ്ഞന്‍പണിക്കരായിരുന്നെങ്കിലും അതിന്റെ ഗുണഫലം ലഭ്യമായത് നാട്ടകത്തിനായിരുന്നു എന്നുപറയാം.
.
ആജാനബാഹുത്വവും, ആകാരസൌഷ്ഠവവും, ദൃഷ്ടിവൈശിഷ്ട്യവും ഉള്ള ആളായിരുന്നു വേലുപ്പിള്ള. തന്റെ ഇരുപത്തിനാലാംവയസ്സില്‍ തന്നെ ഏത് ആദ്യാവസാനവേഷവും കെട്ടി വിജയിപ്പിക്കുവാനുള്ള അഭ്യാസബലവും, മെയ്യും, പുരാണപരിചയവും നേടിയിരുന്നു ഇദ്ദേഹം. തികഞ്ഞ ഔചിത്യബോധവും നല്ല മനോധര്‍മ്മവിലാസവും നാട്ടകത്തിന്റെ പ്രത്യേകതകളായിരുന്നു.
.
.
പച്ചയും കത്തിയും കരിയും ഒരുപോലെ യോജിച്ചിരുന്നുവെങ്കിലും നാട്ടകത്തിന്റെ കത്തിവേഷങ്ങളാണ് കൂടുതല്‍ തിളങ്ങിയിരുന്നത്. വേഷം തീര്‍ന്നുവന്നാലുള്ള വടിവും തികവും, തിരനോക്കിന്റെ പ്രൌഢിയും ഗാഭീര്യവും, പാട്ടിന്റെ ശ്രുതിചേര്‍ത്ത് രാഗച്ഛായപിടിച്ചുള്ള അലര്‍ച്ച, ഔചിത്യദീക്ഷയോടേയുള്ള ആട്ടം ഇവയെല്ലാം ഇദ്ദേഹത്തിന്റെ കത്തിയുടെ സവിശേഷതകളായിരുന്നു. ആശാന്‍ രാമപ്പണിക്കരുടെ വേഷസൌഭാഗ്യത്തിന്റെ അസ്സല്‍ പകര്‍പ്പുതന്നെയാരുന്നു വേലുപ്പിള്ളയിലും കണ്ടിരുന്നത്. രാമപ്പണിക്കരുടെ പ്രധാനവേഷങ്ങളായിരുന്ന കാലകേയവധത്തില്‍ അര്‍ജ്ജുനന്‍, ബൃഹന്ദള, ദക്ഷന്‍, കീചകന്‍, വിജയത്തില്‍ രാവണന്‍ എന്നിവ അതേ ചിട്ടയില്‍തന്നെയാണ് നാട്ടകവും അവതരിപ്പിച്ചുവന്നിരുന്നത്.
.
ചെറിയനരകാസുരന്‍, കീചകന്‍, വിജയത്തില്‍ രാവണന്‍, ബാണന്‍, ഉത്തരാസ്വയംവരത്തില്‍ ദുര്യോധനന്‍, ഹിരണ്യകശുപു, രൌദ്രഭീമന്‍ എന്നിവയായിരുന്നു നാട്ടകത്തിന്റെ പ്രശസ്തമായ വേഷങ്ങള്‍. നാട്ടകത്തിന്റെ നളനും കുറിച്ചിയുടെ ഹംസവുമായുള്ള അരങ്ങുകള്‍ ധരാളമായി ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. വേലുപ്പിള്ളയുടെ ഹംസവും കാണികള്‍ക്ക് ഹരമായിരുന്നു.
.
രാമപ്പണിക്കരാശാന്‍ പ്രായാധിക്യത്താല്‍ അരങ്ങില്‍നിന്നുംവിട്ട് കളരിയില്‍മാത്രം ഒതുങ്ങിയപ്പോള്‍ നാട്ടകം വേലുപ്പിള്ള ഏലൂര്‍ കളിയോഗത്തിലെ ആദ്യാവസാനവേഷക്കാരനായിതീര്‍ന്നു. കുറിച്ചി കുഞ്ഞന്‍പണിക്കരുടെ കളിയോഗത്തിലും, നീലമ്പേരൂര്‍ കളിയോഗത്തിലും വേലുപ്പിള്ള ആദ്യാവസാനക്കാരനായി പങ്കെടുത്തിരുന്നു. ഇന്നത്തെ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളുള്‍പ്പെടുന്ന പഴയ വടക്കന്‍‌തിരുവിതാം‌കൂര്‍ പ്രദേശത്ത് നാട്ടകം അല്പകാലംകൊണ്ട് ജനസമ്മതിയും പ്രാമാണികത്വവും നേടിയെടുത്തു. കൂടാതെ ഇദ്ദേഹം തിരുവിതാം‌കൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളിലെല്ലാം പലകളികള്‍ക്ക് പങ്കെടുക്കുകയും അനവധി കഥകളിപ്രേമികളുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയും ഉണ്ടായിട്ടുണ്ട്. പില്‍ക്കലത്ത് ഏലൂര്‍ കളിയോഗം വെച്ചൂര്‍ ഗോപാലപിള്ളയ്ക്ക് കൈമാറിയപ്പോള്‍ അതിലും അദ്ദേഹം ആദ്യാവസാനക്കാരനായി തുടര്‍ന്നുപോന്നു.
.
ഏലൂര്‍കളിയോഗം വാങ്ങിയ വെച്ചൂര്‍ ഗോപാലപിള്ള വൈക്കത്തിനടുത്ത് തോട്ടകത്തുള്ള സ്വഭവനത്തില്‍ കുറച്ചുകാലം കളരിയും നടത്തുകയുണ്ടായിട്ടുണ്ട്. അതില്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളായിരുന്നു ആശാന്‍. ആയിടയ്ക്ക് കലാമണ്ഡലത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി വന്ന കൃഷ്ണന്‍‌കുട്ടിയും വൈക്കം കരുണാകരനും ആയിരുന്നു ഈ കളരിയില്‍ ചൊല്ലിയാടിയിരുന്നത്. ഈ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി കുറിച്ചികുഞ്ഞന്‍പണിക്കരുടെ പുത്രനും, വെച്ചൂര്‍ ഗോപാലപിള്ളയുടെ പുത്രിയുടെ ഭര്‍ത്താവും ആയിരുന്നു. സ്ത്രീവേഷങ്ങളാണ് ഇയാള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. വൈക്കംബ്രദേഴ്സ്(പാട്ട്), ആയാം‌കുടി കുട്ടപ്പമാരാര്‍(ചെണ്ട), നീലകണ്ഠമാരാര്‍(മദ്ദളം), നീലമ്പേരൂര്‍ തങ്കപ്പന്‍(ചുട്ടി) തുടങ്ങിയവരായിരുന്നു ഈ കളിയോഗത്തില്‍ ആ കാലത്ത് അംഗങ്ങളായിരുന്ന മറ്റുകലാകാരന്മാര്‍. ഈ കളരിയില്‍ വെച്ച് കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ കുറച്ചു പെണ്‍കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുകയുണ്ടായിട്ടുണ്ട്.
.

.
ആ കാലത്തെ മുതിര്‍ന്ന നടന്മാരായിരുന്ന നാട്യാചാര്യന്‍ മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, തോട്ടം ശങ്കരന്‍ പോറ്റി, ഗുരു കുഞ്ചുക്കുറുപ്പ്, എന്നിവര്‍ക്കൊപ്പവും, സമകാലീനരായിരുന്ന കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, ഗുരു ചെങ്ങനൂര്‍ രാമന്‍ പിള്ള, കുറിച്ചി കൃഷ്ണപിള്ള തുടങ്ങിയവരോടോപ്പവും അനവധി അരങ്ങുകളില്‍ പയറ്റിതെളിഞ്ഞ നാട്ടകം വേലുപ്പിള്ള അടുത്തതലമുറക്കാരായ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, പള്ളിപ്പുറം ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ക്കൊപ്പവും അനവധി അരങ്ങുകളില്‍ കൂട്ടുവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തോട്ടം ശങ്കരന്‍ പോറ്റിയും നാട്ടകവും ബാലിവധത്തില്‍ രാവണനായും നാരദനായും മാറിമാറിയുള്ള അരങ്ങുകള്‍ ഉണ്ടാകാറുണ്ട്. 1940കളോടെ തിരുവിതാം‌കൂറിലെ അരങ്ങുകളുടെ അവിഭാജ്യഘടകമായി മാറിയ കലാമണ്ഡലം കൃഷ്ണന്‍ നായരുമായി പലപ്പോഴും വേലുപ്പിള്ള കൂട്ടുവേഷം കെട്ടുകയുണ്ടായിട്ടുണ്ട്. പലപ്പോഴും അദ്യകഥയിലെ വേഷം കഴിഞ്ഞ് രണ്ടാം വേഷമായി വലലന്‍ കെട്ടി നാട്ടകത്തിന്റെ കീചകനൊപ്പം കൃഷ്ണന്‍ നായര്‍ അരങ്ങിലെത്തിയിട്ടുണ്ട്. പത്മശ്രീ കൃഷ്ണന്‍ നായര്‍ക്കു് വേലുപ്പിള്ളയുടെ വേഷസൌഭാഗ്യത്തില്‍ ആദരവും അസൂയയും തോന്നിയിട്ടുള്ളതായി പറയുന്നു. പില്‍ക്കാലത്ത് വെലുപ്പിള്ളക്ക് പക്ഷാഘാതം സംഭവിച്ചപ്പോള്‍ ‘കൃഷ്ണന്‍ നായരുടെ വലലന്‍ അസൂയമൂത്ത് ഞെക്കിഞെക്കിയാണ് നാട്ടകത്തിന് തളര്‍ച്ചയുണ്ടായത്’ എന്നൊരു തമാശക്കഥ നാട്ടകപ്രിയന്മാരായ കളികമ്പക്കാരുടെ ഇടയില്‍ കേട്ടിരുന്നുത്രെ!
.
നാട്ടകം വേലുപ്പിള്ളയുടെ കലാജീവിതത്തിന്റെ ജൈത്രയാത്ര അധികകാലം തുടരാന്‍ വിധി അനുവദിച്ചില്ല. തിരുവിതാം‌കൂറിലെ പ്രമുഖക്ഷേത്രമായ വൈക്കം മഹാദേവക്ഷേത്രത്തില്‍ അക്കാലത്ത് ഒരാണ്ടില്‍ 8ദിവസങ്ങളില്‍ കഥകളിയരങ്ങുകള്‍ ഉണ്ടായിരുന്നു. അഷ്ടമിയുത്സവക്കാലത്ത് 4ദിവസങ്ങളിലും, കല്പിച്ചകലശക്കാലത്ത് (തിരുവിതാം‌കൂര്‍ മഹാരാജാവ് കല്പിച്ച് വഴിപാടായി നടത്തുന്ന സഹസ്രകലശം) 2ദിവസങ്ങളിലും, ദേവസ്വം കലശാട്ടക്കാലത്ത് 2ദിവസങ്ങളിലും വൈക്കം പെരുംതൃക്കോവിലില്‍ കഥകളി നടത്തപ്പെട്ടിരുന്നു. അങ്ങിനെ കൊല്ലവര്‍ഷം 1127ലെ സഹസ്രകലശകാലത്തെ അരങ്ങില്‍ കീചകവേഷം കെട്ടിയാടിയ വേലുപ്പിള്ള, കളികഴിഞ്ഞ് അണിയറയിലെത്തി വേഷം അഴിച്ചുകൊണ്ടിരിക്കെ പക്ഷാഘാതം ബാധിച്ചു തളര്‍ന്നു വീണു.കുറച്ചുകാലത്തെ ചികിത്സകള്‍ക്കും വിശ്രമത്തിനും ശേഷം നാട്ടകം ഉയര്‍ത്തെഴുന്നേറ്റ് അരങ്ങിലെത്തി ആദ്യാവസാനവേഷങ്ങള്‍ കെട്ടിതുടങ്ങിയെങ്കിലും, പഴയപ്രതാപം വീണ്ടേടുക്കുവാന്‍ ഇദ്ദേഹത്തിന് പിന്നീടോരിക്കലും സാധ്യമായില്ല. പിന്നീട് മിനുക്കുകളും ഇടത്തരം വേഷങ്ങളുമൊക്കെയാണ് ഇദ്ദേഹം ധാരാളമായി കെട്ടിയിരുന്നത്.
.
പ്രായാധിക്യത്താലും രോഗബാധയാലും അവശനായിതീര്‍ന്ന നാട്ടകം വേലുപ്പിള്ള ഏതാണ്ട് 1153ഓടെ കളിയരങ്ങുകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞ് വിശ്രമജീവിതം നയിച്ചുവന്നു. ഈ കാലത്ത് ഗവര്‍മ്മെന്റില്‍ നിന്നും ലഭിച്ചിരുന്ന അവശകലാകാരനുള്ള സാമ്പത്തിക സഹായം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. 1160ല്‍, തന്റെ എണ്‍പത്തിയാറാം വയസ്സില്‍ ഈ നാട്യപ്രതിഭ ജീവിതമാകുന്ന ആട്ടം വസാനിപ്പിച്ച് ഇഹലോകമാകുന്ന അരങ്ങില്‍ നിന്നും എന്നെന്നെക്കുമായി വിടവാങ്ങി.
.
കളരിയാശാനായി അഭ്യസിപ്പിക്കുക ഉണ്ടായിട്ടില്ലാത്തതിനാല്‍ നാട്ടകം വേലുപ്പിള്ളയ്ക്ക് തനതുശിഷ്യന്മാരോന്നും ഉണ്ടായതുമില്ല. എന്നാല്‍ സാഹചര്യത്താല്‍ ശിഷ്യത്വമുണ്ടായിട്ടുള്ള ധരാളം നടന്മാരുണ്ട്. കുടമാളൂര്‍ കരുണാകരന്‍ നായരും വൈക്കം കരുണാകരനും ഇത്തരുണത്തില്‍ ചിലരാണ്. യുവകാലാകാരന്മാര്‍ക്ക് സംശയനിവാരണം ചെയ്തു നല്‍കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അതീവ തല്പരനായിരുന്നു നാട്ടകം.
.

.
വിശ്രമരഹിതമായ കലാസപര്യചെയ്ത്, പ്രേക്ഷകര്‍ക്ക് ആനന്താനുഭൂതി പകര്‍ന്നുനല്‍കി, കളിയരങ്ങുകളില്‍ ജീവിതം അര്‍പ്പിച്ച ഈ കലാപ്രതിഭയ്ക്ക് വേണ്ടവിധത്തിലുള്ള പ്രതിഫലമോ പ്രശസ്തിയോ നിഭാഗ്യവശാല്‍ ലഭിച്ചിരുന്നില്ല. ഒരിക്കലും ആരോടും അപ്രിയമായി ഒന്നും സംസാരിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ചെയ്യാത്ത ഇദ്ദേഹം യാതൊരു കണക്കും പറയാതെ കിട്ടുന്ന പ്രതിഫലം വാങ്ങിപോയിരുന്നു. കലക്ക് വിലപേശുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു.
.
-------
.
കുറിച്ചി കൃഷ്ണപിള്ള, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, നാട്ടകം വേലുപ്പിള്ള എന്നിര്‍ കുറിച്ചിപാരമ്പര്യത്തിന്റെ അവസാനകണ്ണികളായിരുന്നു. ഇവരാരും തന്നെ അദ്ധ്യാപനത്തില്‍ അതീവശ്രദ്ധപുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഇവര്‍ക്കാര്‍ക്കും എണ്ണപ്പെട്ട ശിഷ്യര്‍ ഉണ്ടാ‍യതുമില്ല. പിന്നെ ഉണ്ടായ ചില ശിഷ്യര്‍ (കുടമാളൂരും,കുറൂരും മറ്റും) മറ്റുപല ശൈലിയിലുള്ള ആശാന്മാരുടെ കീഴില്‍ പോയി പഠിച്ചതിനാല്‍ ഇവരില്‍ കുറിച്ചിശൈലി നാമമാത്രമായിമാത്രമെ കണ്ടിരുന്നുമുള്ളു. ഇങ്ങിനെ രാമനാട്ടകാലം മുതല്‍ നിലനിന്നിരുന്ന കുറിച്ചി പാരമ്പര്യം അന്യം നിന്നുപോയി. കുറിച്ചിയിലുണ്ടായിരുന്ന കളിയോഗങ്ങളും കൈമാറ്റം ചെയ്തു പോയി.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 3)

കുറിച്ചി കുഞ്ഞന്‍പണിക്കര്‍
.
1062 മകരത്തിലാണ് കുറിച്ചി കുഞ്ഞന്‍പണിക്കരുടെ ജനനം. തന്റെ പന്ത്രണ്ടാം വയസ്സില്‍ മാതുലനായ കൊച്ചയ്യപ്പപണിക്കരില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളിപഠനം ആരംഭിച്ച ഇദ്ദേഹം പതിനാലാം വയസ്സില്‍ തന്നെ അരങ്ങേറുകയും ചെയ്തു. രുഗ്മിണീസ്വയംവരത്തില്‍ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കുഞ്ഞന്‍ അമ്മാവന്മാരായ കൊച്ചപ്പിരാമന്മാരുടെ കളരിയില്‍ അഭ്യസനം തുടരുകയും, ഒപ്പം അവരുടെ കളിയോഗത്തില്‍ രണ്ടാംതരംവേഷങ്ങള്‍ കെട്ടുകയും ചെയ്തുവന്നു. ഈ കാലത്ത് അദ്ദേഹം വള്ളുവനാട്ടിലെ എണ്ണപ്പെട്ട ജന്മിയായിരുന്ന ചെവ്വൂര്‍മനക്കല്‍ അനുജന്‍ നമ്പൂതിരിപ്പാടുമായി പരിചയപ്പെടാനിടയായി. നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസ്സരണം പണിക്കര്‍ ലക്കിടിയില്‍ പോയി അപ്പുണ്ണിപൊതുവാളിന്റെ കീഴിലും, അനന്തരം അങ്ങാടിപ്പുറത്തുപോയി കൂട്ടില്‍ കുഞ്ഞന്‍‌മേനോന്റെ കീഴിലും ഈരണ്ടുവര്‍ഷം വീതം കഥകളിപഠനം നടത്തുകയുണ്ടായി.
.
സ്വതേ സരസനും വിനയശീലനും ആയിരുന്ന കുറിച്ചി കുഞ്ഞന്‍പണിക്കര്‍ ഇരുനിറത്തില്‍ കുറിയ ശരീരമുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ കൈവഴക്കം അന്യാദൃശ്യമായിരുന്നു. അമ്മാവനായ രാമപണിക്കരുടെ പുത്രിയേയാണ് പണിക്കര്‍ വിവാഹം കഴിച്ചിരുന്നത്. സ്ത്രീവേഷക്കാരന്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി അദ്ദേഹത്തിന്റെ പുത്രനും, പ്രശസ്ത കഥകളി ഗായകന്‍ കുറിച്ചി കുട്ടപണിക്കര്‍ ഭഗിനേയനും ആണ്.
.

.
മാതുലന്മാരുടെ കാലശേഷം കുറിച്ചിയിലെ പാരമ്പര്യം നിലനിര്‍ത്തിപോന്നിരുന്ന കുഞ്ഞന്‍പണിക്കര്‍ ദക്ഷിണകേരളത്തിലാകമാനം പ്രശസ്തിനേടി. ഉത്തരകേരളത്തിലും ഇദ്ദേഹം സുപരിചിതനായിരുന്നു. 1084ല്‍ പണിക്കര്‍ തിരുവന്തപുരം കൊട്ടാരം കഥകളിനടനായി നിയമിനായി. അന്നുമുതല്‍ ഏതാണ്ട് അരനൂറ്റാണ്ടുകാലത്തോളം പത്മനാഭസ്വാമിക്ഷേത്രത്തിലെ കളികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
.
സാങ്കേതികജ്ഞാനം വളരേ ലഭിച്ചിട്ടുണ്ടേങ്കിലും, അരങ്ങില്‍ അതു പ്രദര്‍ശ്ശിപ്പിക്കുന്നതിനേക്കാള്‍ ‘ജനരഞ്ചകമായ’ രീതിയില്‍ അഭിനയിക്കുന്നതിലാണ് കുഞ്ഞന്‍പണിക്കര്‍ ശ്രദ്ധപുലര്‍ത്തിയിരുന്നത്. ആ കാലത്ത് സാമാന്യജനങ്ങളെ കഥകളിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം നല്ലൊരു പങ്കുവഹിച്ചു.
.
ആദ്യകാലത്ത് ബകവധത്തില്‍ ഭീമന്‍ ആയിരുന്നു കുറിച്ചി കുഞ്ഞന്‍പണിക്കര്‍ പേരെടുത്ത വേഷം. ഇദ്ദേഹത്തിന്റെ ഭീമനും വെച്ചൂര്‍ രാമന്‍പിള്ളയുടെ ബകനും ഒരുമിക്കുന്ന അരങ്ങുകള്‍ അക്കാലത്തെ ഭാഗ്യമായിരുന്നു. പില്‍ക്കാലത്ത് ആദ്യാവസാന പച്ചവേഷങ്ങളും കത്തിവേഷങ്ങളും ഇദ്ദേഹം സാധാരണയായി കെട്ടാറുണ്ടെങ്കിലും കത്തിയേക്കാള്‍ നന്ന് പച്ചയായിരുന്നു. കത്തിക്കുവേണ്ടതായ ആകാരവലുപ്പവും ശബ്ദഗാംഭീര്യവും കുഞ്ഞന് കഷ്ടിയായിരുന്നു. മാത്രമല്ല ഗാഭീര്യത്തേക്കാള്‍ ലാളിത്യപരമായ അഭിനയരീതിയുമായിരുന്നു അദ്ദേഹത്തിന്റേത്. കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രരും‍, കാലകേയവധത്തില്‍ അര്‍ജ്ജുനനും‍, രുഗ്മാംഗദനും പണിക്കര്‍ ഹൃദയദ്രവീകൃതമായ രീതിയില്‍ അവതരിപ്പിച്ച് സഹൃദയപ്രശംസ ഏറ്റുവാങ്ങി. ഇതുപോലെ തന്നെ ഇദ്ദേഹത്തിന്റെ ദക്ഷനും കൃഷ്ണനും ഒന്നാംതരങ്ങളായിരുന്നു. കുറിച്ചിയുടെ ഹംസവും ശ്രീകൃഷ്ണനും(ദുര്യോധനവധം, കുചേലവൃത്തം) ഉത്തരകേരളത്തിലും പ്രശസ്തങ്ങളായിരുന്നു. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്‍, കിരാതത്തില്‍ കാട്ടാളന്‍ തുടങ്ങിയ താടി,കരി വേഷങ്ങളും അദ്ദേഹം കെട്ടാറുണ്ട്. ചുവന്നതാടിയും അപൂര്‍വ്വമായി പണിക്കര്‍ കെട്ടിയിട്ടുണ്ട്. തന്റെ നീണ്ട കഥകളി സപര്യയില്‍, പല പ്രായത്തിലായി, പെണ്‍കരി ഒഴിച്ചുള്ള എല്ലാ വേഷങ്ങളും പണിക്കര്‍ കെട്ടിയാടിയിട്ടുണ്ട്.
.
കൊല്ലവര്‍ഷം 1075ഓടേ നളചരിതം ഒന്നാംദിവസം കഥ തിരുവിതാങ്കൂറിലെ അരങ്ങുകളില്‍ സാധാരണമായിതീര്‍ന്നിരുന്നു. കുഞ്ഞന്‍പണിക്കര്‍ അതിലെ ഹംസംകെട്ടി പേരെടുത്തു. അതിനുമുന്‍പ് ഹംസംകെട്ടിയിരുന്ന ചെന്നിത്തല കൊച്ചുപിള്ളപണിക്കരുടെ രീതിതന്നെയാണ് അവലംബിച്ചിരുന്നതെങ്കിലും ആ വേഷത്തിലൂടെ അതിപ്രശസ്തനായി തീര്‍ന്നത് കുറിച്ചി കുഞ്ഞന്‍ പണിക്കരായിരുന്നു.
.
ലോകധര്‍മ്മി കലര്‍ത്തി അഭിനയിക്കേണ്ടുന്ന ബകവധത്തില്‍ ആശാരി, കംസവധത്തില്‍ ആനക്കാരന്‍, ബാണയുദ്ധത്തില്‍ വൃദ്ധ എന്നിവ കുഞ്ഞപണിക്കര്‍ വളരെ സരസമായി കൈകാര്യം ചെയ്തിരുന്നു.
.
പ്രായാധിക്യത്താല്‍ കിരീടം,ഉടുത്തികെട്ട് തുടങ്ങിയ ഭാരിച്ച വേഷവിധാനങ്ങളോടെ അരങ്ങത്തുവരാനാകാത്തതിനാല്‍ കുഞ്ഞന്‍പണിക്കരാശാന്‍ മിനുക്കുവേഷങ്ങള്‍ അധികമായി കൈകാര്യം ചെയ്യാന്‍ തുടങ്ങി. ആ കാലത്ത് സന്ദാനഗോപാലത്തില്‍ ബ്രാഹ്മണന്‍, കുചേലന്‍, സുന്ദരബ്രാഹ്മണന്‍, അബരീക്ഷചരിതത്തില്‍ ദുര്‍വാസാവ് എന്നീ ആദ്യാവസാന മിനുക്കുകളും, വിജയത്തില്‍ നാരദന്‍, കിര്‍മ്മീരവധത്തില്‍ ദുര്‍വ്വാസാവ്, സുദേവന്‍,ആനക്കാരന്‍,വൃദ്ധ തുടങ്ങിയ ഇടത്തരം മിനുക്കുകളും ഇദ്ദേഹം കൈകാര്യം ചെയ്തുപോന്നു. ഇതില്‍ നാരദനും സുദേവനും അതികേമങ്ങളായിരുന്നു.
.
വാഴപ്പള്ളില്‍ വലിയവീട്ടില്‍ നിന്നും നല്‍കിയ ഒരുപവനാണ് കുഞ്ഞന്‍പണിക്കരുടെ കലാജീവിതത്തില്‍ ലഭിച്ച കന്നി സമ്മാനം. മഹാകവി വള്ളത്തോള്‍ നല്‍കിയ ‘രസികകലാനടന്‍’ എന്ന സ്ഥാനപ്പേരും മെഡലും, അമ്പലപ്പുഴസഹോദരന്മാരുടെ സമ്മാനം, കുമാരനെല്ലൂര്‍ ക്ഷേത്രംവക പുരസ്ക്കാരം, എറണാകുളം കഥകളിക്ലബിന്റെ പുരസ്ക്കാരം, ഓയൂര്‍ കഥകളിസമാജംവക വെള്ളിക്കപ്പ്, 1964ലെ കേരളസംഗീതനാടക അക്കാദമി പുരസ്ക്കാരം, 1968ലെ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്ക്കാരം എന്നിവ പില്‍ക്കാലത്ത് ഇദ്ദേഹത്തിനു ലഭിച്ച പുരസ്ക്കാരങ്ങളില്‍ പ്രധാനപ്പെട്ടയാണ്.
.
1969ല്‍ കേന്ദ്ര അക്കാദമി പുരസ്ക്കാരദാനചടങ്ങിനോടനുബന്ധിച്ച് ദല്‍ഹിയില്‍ നടത്തപ്പെട്ട നളചരിതം കഥകളിയില്‍ നാരദനായാണ് കുറിച്ചി കുഞ്ഞന്‍പണിക്കര്‍ അവസാനമായി അരങ്ങിലെത്തിയത്. കൊല്ലത്തിനടുത്ത് പരവൂരിലെ നാരദനാണ് ഇദ്ദേഹം കേരളക്കരയിലെ അരങ്ങില്‍ കെട്ടിയ അവസാന വേഷം. തന്റെ സുപ്രസിദ്ധവേഷമായ ഹംസം തന്നെയാണ് കുഞ്ഞന്‍ പണിക്കരാശാന്‍ അവസാനമായി കെട്ടിയ തേച്ചവേഷം. തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന കേരള അക്കാദമി പുരസ്ക്കാരദാനചടങ്ങിനോടനുബന്ധിച്ചു നടന്ന കളിയിലായിരുന്നു ഇത്.
.
സ്വതേ അദ്ധ്യാപനത്തില്‍ തല്പരനല്ലായിരുന്നതിനാല്‍ പണിക്കര്‍ക്ക് ശിഷ്യരും കുറവായിരുന്നു. അദ്ദേഹത്തിന്റെ ഒരു എണ്ണപ്പെട്ട ശിഷ്യന്‍ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയാണ്. മാങ്കുളം വിഷ്ണുനമ്പൂതിരി, നാട്ടകം വേലുപ്പിള്ള എന്നിവര്‍ സാഹചര്യംകൊണ്ട് ഇദ്ദേഹത്തിന്റെ ശിഷ്യസ്ഥാനമുള്ളവരാണ്. .തിരക്കിട്ട കലാസേവനത്തിനിടയില്‍ കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങാനോ, കിട്ടുന്നതില്‍നിന്നും എന്തെങ്കിലും മിച്ചംവെയ്ക്കുവാനോ ശ്രമിക്കാതിരുന്നതിനാല്‍ പണിക്കരാശാന് വെക്തിജീവിതത്തില്‍ സുരക്ഷസമ്പാദിക്കുവാനായില്ല. അക്കാദമിയുടേയും ഗവര്‍മ്മെന്റിന്റേയും ചിലസഹൃദയരുടേയും സഹായങ്ങളാല്‍ കഷ്ടിച്ച് അരഷ്ടിച്ചാണ് ഇദ്ദേഹം തന്റെ അന്ത്യകാലം കഴിച്ചുകൂട്ടിയിരുന്നത്. എന്നാല്‍ ഈ സാമ്പത്തിക പരാധീനതയും, സ്വപത്നിക്കുണ്ടായ മാനസീക വിഭ്രാന്തിയുടെ മനസ്താപവും ഇദ്ദേഹത്തിന്റെ മനസ്സിനെ തളര്‍ത്തിയിരുന്നില്ല. ആ അവസ്തയിലും സ്വതസിദ്ധമായ നര്‍മ്മബോധം കൈവെടിയാതിരുന്ന അദ്ദേഹം തനിക്കാകാവുന്ന വേഷങ്ങള്‍ കെട്ടി അവതരിപ്പിക്കുവാന്‍ സദാ സന്നധനായിരുന്നത്രേ. കൊല്ലവര്‍ഷം 1143ല്‍( 1976 ഫെബ്രുവരി 16ന്) കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയി.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 2)

കൊച്ചപ്പിരാമന്മാര്‍
.
കൊച്ചപ്പിരാമന്മാര്‍ എന്ന് പ്രസിദ്ധരായിതീര്‍ന്ന നീലമ്പേരൂര്‍ ഏലൂര്‍വീട്ടില്‍ കൊച്ചയ്യപ്പപണിക്കര്‍ കൊല്ലവര്‍ഷം 1039ലും അനുജനായ രാമപണിക്കര്‍ 1041ലും ജാതരായി. ഇവര്‍ നാട്യാചാര്യന്‍ കുറിച്ചി കിട്ടന്‍പിള്ളയാശാന്റെ കളരിയില്‍ ചേര്‍ന്ന് കഥകളി അഭ്യസിച്ചു.
.
പ്രധാനമായും സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കൊച്ചയ്യപ്പപണിക്കരുടെ പ്രശസ്തമായവേഷം രാവണവിജയത്തില്‍ രംഭ ആയിരുന്നു. വേഷഭംഗി കുറയുമെങ്കിലും അദ്ദേഹത്തിന്റെ ആട്ടം നല്ലതായിരുന്നു. ഇദ്ദേഹം സമകാലീനനും ശിഷ്യനുമായിരുന്ന വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന്റെ സഹോദരിയേയാണ് വിവാഹം കഴിച്ചത്. കൊച്ചയ്യപ്പപണിക്കര്‍ 1123 ധനുവില്‍ നിര്യാതനായി.
.
അനുജനായ രാമപണിക്കരുടെ പ്രധാന വേഷങ്ങളായ കാലകേയവധത്തില്‍ അര്‍ജ്ജുനന്‍, ദക്ഷന്‍, ബൃഹന്ദള, കീചകന്‍, വിജയത്തിലെ രാവണന്മാര്‍ തുടങ്ങിയവ കാഴ്ച്ചയിലും ആട്ടത്തിലും കേമങ്ങളായിരുന്നു. അദ്ദേഹം 1106 കന്നിയില്‍ അന്തരിച്ചു.
.
കൊച്ചപ്പിരാമന്മാര്‍ക്ക് നടന്മാര്‍ എന്നനിലയിലുള്ളതിനേക്കാള്‍ സ്ഥാനവും പ്രശസ്തിയും കളരിയാശാന്മാരെന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ഏലൂര്‍വീട്ടില്‍ ഒരു കളരിയും കളിയോഗവും നടത്തിവന്നിരുന്നു. ഇവരേക്കൂടാതെ സതീര്‍ത്ഥ്യരായിരുന്ന നീലമ്പേരൂര്‍ കൊല്ലപ്പള്ളിവീട്ടില്‍ മാധവപിള്ളയും ഗോവിന്ദപിള്ളയും ഈ കളരിയിലും കളിയോഗത്തിലും ആശാന്മാരായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചപ്പിരാമന്മാരുടെ സോദരന്‍ കൃഷ്ണപണിക്കര്‍ (കിട്ടപണിക്കര്‍) ആയിരുന്നു കളിയോഗത്തിലെ പ്രധാന ഗായകന്‍.
.
അഭിമാനകരമായ ശിഷ്യസമ്പത്തിന് ഉടമകളുമായിരുന്നു കൊച്ചപ്പിരാമന്മാര്‍. അനന്തിരവനായ കുറിച്ചി കുഞ്ഞന്‍പണിക്കര്‍, വെച്ചൂര്‍ അയ്യപ്പകുറുപ്പ്, കുടമാളൂര്‍ കരുണാകരന്‍‌നായര്‍ എന്നിവര്‍ ഇവരുടെ ശിഷ്യരില്‍ പ്രശസ്തരായ ചിലര്‍മാത്രമാണ്. നാട്ടകം വേലുപ്പിള്ള, പൂരത്തോട്ടു വേലുപ്പണിക്കര്‍, നീലമ്പേരൂര്‍ നാരായണപിളള, നീലമ്പേരൂര്‍ ഗോപാലപിള്ള തുടങ്ങിയ ശിഷ്യര്‍ പ്രഗത്ഭരെങ്കിലും പ്രാദേശികമായിമാത്രം പ്രശസ്തിയുണ്ടായിരുന്നവരാണ്. പില്‍ക്കാലത്ത് വടക്കന്‍‌ദേശങ്ങളില്‍ പോയി പഠിക്കുകയും വലിയനടനായി അരങ്ങുവാഴുകയും ചെയ്ത തകഴികുഞ്ചുക്കുറുപ്പ് കച്ചകെട്ടി കഥകളിഅഭ്യാസം ആരംഭിച്ചത് കൊച്ചപ്പിരാമന്മാരുടെ കളരിയില്‍‌വെച്ചായിരുന്നു.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പ്
.
1044 ഇടവത്തില്‍ കുറിച്ചി തിരുവഞ്ചിക്കുളത്തുവീട്ടില്‍ ഭൂജാതനായ ഇദ്ദേഹം കുറിച്ചി കിട്ടന്‍പിള്ളയാശാനില്‍നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളിപഠനം ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം കുറിച്ചി കുട്ടന്‍പിള്ളയുടെ കീഴിലും പഠനം നടത്തി. ഇകാലത്ത് ഈ കളരിയില്‍ കൊച്ചപ്പിരാമന്മാരും അഭ്യാസം നടത്തുന്നുണ്ടായിരുന്നു. കളരിയിലെ പ്രധാനശിഷ്യന്‍ എന്ന നിലയില്‍ കൊച്ചയ്യപ്പപണിക്കരും ആശാനുവേണ്ടി അദ്ധ്യാപനം നടത്തിവന്നിരുന്നു. ഇങ്ങിനെ സതീര്‍ത്ഥ്യനെങ്കിലും കുറുപ്പിന് കൊച്ചയ്യപ്പപണിക്കരുടെ ശിഷ്യത്വവും ഉണ്ടായി.
.
അയ്യപ്പക്കുറുപ്പ് ആദ്യാവസാനങ്ങളായ പച്ച, കത്തി, താടി വേഷങ്ങളാണ് കെട്ടുക പതിവ്. ഇദ്ദേഹത്തിന്റെ സൌഗന്ധികത്തില്‍ ഭീമന്‍, സൌഗന്ധികത്തില്‍ ഹനുമാന്‍‍, ചെറിയ നരകാസുരന്‍, ബാണന്‍, ബാലി, കുചേലന്‍, നരസിംഹം, എന്നീവേഷങ്ങളെല്ലാം സവിശേഷങ്ങളായിരുന്നു. ഇരുനിറത്തില്‍ ഒത്തദേഹപ്രകൃതിയും നല്ല നേത്രഗുണവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അലര്‍ച്ച സവിശേഷഗുണമുള്ളതുമായിരുന്നു.
.
അയ്യപ്പകുറുപ്പ് വൈക്കംതാലൂക്കില്‍ വെച്ചൂര്‍ കുഴിപ്പള്ളിവീട്ടില്‍ കുഞ്ഞിക്കാവമ്മയെ വിവാഹംകഴിക്കുകയും, തുടര്‍ന്ന് വെച്ചൂരില്‍ താമസമാക്കുകയും ചെയ്തു. സ്തലത്തെ പ്രമാണിമാരുടെ സഹായത്തോടെ വെച്ചൂരില്‍ ഇദ്ദേഹം ഒരു കളരിയും കളിയോഗവും നടത്തിവന്നിരുന്നു.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് തന്റെ കളിയോഗത്തോടുകൂടി വര്‍ഷംതോറും ഉത്തരകേരളത്തിലാകമാനം സഞ്ചരിച്ച്, പലസ്തലങ്ങളിലും അരങ്ങ് നടത്തിവന്നിരുന്നു. പ്രമുഖകഥകളികമ്പക്കാരും സ്വന്തമായി കളിയോഗങ്ങള്‍ ഉള്ളവരുമായ സ്വര്‍ണ്ണത്തുമന, പൂമുള്ളിമന, താഴേക്കാട്ടുമന, കൂടല്ലൂര്‍മന, കല്ലൂര്‍മന, മന്ത്രേടത്തുമന തുടങ്ങിയ ഇല്ലങ്ങളില്‍ കുറുപ്പിന്റെ കളിയോഗത്തിന് പ്രതിവര്‍ഷം ഒന്നിലധികം അരങ്ങുകള്‍ ലഭിച്ചിരുന്നു. 1077ല്‍ ഉത്തരകേരള പര്യടനം നടത്തിയപ്പോള്‍ കുറുപ്പിന്റെ കളിയോഗത്തില്‍ ആദ്യാവസാനം തിരുവല്ല കുഞ്ഞുപിള്ളയായിരുന്നു. അന്ന് തകഴി കുഞ്ചുക്കുറുപ്പ് രണ്ടാംതരം വേഷക്കാരനായി ഈ കളിയോഗത്തോടോപ്പം ഉണ്ടായിരുന്നു.
.
കുചേലവൃത്തം കഥ ആദ്യമായി ഉത്തരകേരളത്തില്‍ അവതരിപ്പിച്ചത് അയ്യപ്പകുറുപ്പിന്റെ കളിയോഗമായിരുന്നു. അയ്യപ്പകുറുപ്പായിരുന്നു കുചേലവേഷം കെട്ടിയിരുന്നത്. ഇദ്ദേഹം കുചേലനായി അരങ്ങിലെത്തുമ്പോള്‍ കൃത്രിമമായി ഉദരത്തിനുണ്ടാക്കുന്ന കൃശത ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കല്‍ പരീക്ഷിക്കാനായി ഒരു മനക്കാര്‍ കുചേലവേഷം കെട്ടുന്നതിനുമുന്‍പേ കുറുപ്പിനെ നിര്‍ബന്ധിച്ച് വയറുനിറയെ ഭക്ഷണം കഴിപ്പിച്ചു. എന്നാല്‍ അന്നും അരങ്ങിലെത്തിയപ്പോള്‍ കുചേലന്റെ വയര്‍ ഒട്ടിത്തന്നെ കിടന്നുവത്രേ!
.
ഇടപ്പള്ളി രാജാവ്, പൂമുള്ളി തമ്പുരാന്‍ തുടങ്ങിയ പ്രഭുക്കന്മാരില്‍നിന്നും പലപ്പോഴായി പലവിധ സമ്മാനങ്ങളും, ശ്രീമൂലംതിരുനാള്‍ മഹാരാജാവില്‍നിന്നും വീരശൃഘലയും വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന്റെ സഹോദരനായിരുന്ന വേലുക്കുറുപ്പും കഥകളിനടനായിരുന്നു. ഇവര്‍ ബാലി-സുഗ്രീവ വേഷത്തില്‍ അരങ്ങിലെത്തുമ്പോള്‍ തിരിച്ചറിയുവാന്‍ പ്രയാസമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വെച്ചൂര്‍ രാമന്‍‌പിള്ള, പില്ലങ്ങാടി കേശവപിള്ള തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ അനവധി ശിഷ്യരും അയ്യപ്പകുറുപ്പിന് ഉണ്ടായിരുന്നു. കൊല്ലവര്‍ഷം 1106ല്‍ വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് ഇഹലോകവാസം വെടിഞ്ഞു.
.
വെച്ചൂര്‍ രാമന്‍‌പിള്ള
.
തിരുവന്തപുരം മുതല്‍ മലബാര്‍വരെ സമസ്തകേരളത്തിലേയും അരങ്ങുകളിലും സാനിധ്യമറിയിക്കുകയും, കഥകളിപ്രണയികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ഒരു നടനായിരുന്നു വെച്ചൂര്‍ രാമന്‍പിള്ള. ഇദ്ദേഹം വൈക്കംതാലൂക്കില്‍ വെച്ചൂര്‍ദേശത്ത് തൊട്ടകംഗ്രാമത്തില്‍ വലിയപറമ്പ്‌വീട്ടില്‍ 1065 മിഥുനം 25ന് ഭൂജാതനായി. മൈലേക്കാട് കൃഷ്ണന്‍‌നമ്പൂതിരിയാണ് രാമന്റെ പിതാവ്. വെച്ചൂര്‍ അയ്യപ്പകുറുപ്പിന്റെ കളരിയില്‍ചെര്‍ന്ന് കഥകളി അഭ്യസിച്ചശേഷം അദ്ദേഹം, ആശാന്റെ കളിയോഗത്തില്‍ പ്രവര്‍ത്തിച്ചുവന്നു. കുറച്ചുകാലം ഇടപ്പള്ളികളിയോഗത്തിലും അംഗമായിരുന്ന രാമന്‍പിള്ള 1097മുതല്‍ തിരുവന്തപുരം വലിയകൊട്ടാരം കളിയോഗത്തിലും അംഗമായി.
.
വെച്ചൂര്‍ രാമന്‍പിള്ളയെസംബന്ധിച്ച് കഥകളി ഒരു ജീവിതോപാധിയെന്നതിലുപരിയായി മഹത്തായ ഒരു ലക്ഷ്യംകൂടിയായിരുന്നു. സാമന്യത്തിലേറെ വലിപ്പമുള്ള ശരീരപ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റേത്. തറവാടിത്തം, സ്വഭാവശുദ്ധി, അഭ്യാസപാടവം, പാണ്ഡിത്യം, രസികത്തം എന്നിവയുള്ള വെച്ചൂരിന്റെ വേഷങ്ങള്‍ ഭംഗിയും, രസവാസനയുമുള്ളവയായിരുന്നു. താടിവേഷങ്ങള്‍ പ്രധാനമായി കൈകാര്യംചെയ്തിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത ഉജ്വലവും കനത്തതുമായ അലര്‍ച്ചയായിരുന്നു. രാമന്‍പിള്ളയുടെ ബാലി, ബകന്‍, കാലകേയന്‍, വീരഭദ്രന്‍, ത്രിഗര്‍ത്തന്‍ എന്നീവേഷങ്ങള്‍ അന്യാദ്ദൃശ്യമായ പ്രഭാവമുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ ദുശ്ശാസനന്‍, കലി, നരസിംഹം എന്നിവേഷങ്ങള്‍ അതിപ്രശസ്തങ്ങളായിരുന്നു. ഉത്തരകേരളത്തിലെത്തിയതോടെ വടക്കന്‍ സമ്പൃദായത്തിലുള്ള ജരാസന്ധന്‍ (തെക്കന്‍ സമ്പൃദായത്തില്‍ ജരാസന്ധന്‍ കത്തിവേഷവും വടക്കന്‍ സമ്പൃദായത്തില്‍ താടിവേഷവുമാണല്ലൊ) രാമന്‍പിള്ള വശമാക്കുകയും പ്രശംസനീയമായ രീതിയില്‍ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു വന്നു. ചില അവസരങ്ങളില്‍ അദ്ദേഹം വലലന്‍, യവനന്‍ തുടങ്ങിയ മിനുക്കുവേഷങ്ങളും കരിവേഷങ്ങളും കെട്ടിയിട്ടുണ്ട്.
.
മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍ക്കുശേഷം ഉത്തരകേരളത്തില്‍ പേരെടുത്തിട്ടുള്ള ഒരു തെക്കന്‍നടന്‍ രാമന്‍പിള്ളയാണ്. വള്ളത്തോളിനും പട്ടിക്കാന്തൊടിക്കും സമ്മതനായിതീര്‍ന്ന വെച്ചൂര്‍ രാമന്‍പിള്ള 1103നുശേഷം കലാമണ്ഡലം അരങ്ങുകളില്‍ മിക്കപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നു. കലാമണ്ഡലംസംഘത്തോടോപ്പം സഞ്ചരിച്ച് ഇദ്ദേഹം പലപ്പോഴും കേരളത്തിനു പുറത്തുള്ള അരങ്ങുകളിലും പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പ്രശസ്തനാട്യാചാര്യന്‍ പട്ടികാന്തൊടി രാവുണ്ണിമേനോന് അഭിനയം കൂടാതെ പാട്ട്, ചെണ്ട എന്നിവയും കൈക്കാര്യം ചെയ്യാന്‍ അറിയാമായിരുന്നു. എന്നാല്‍ പലപ്പോഴും, പലരും നിര്‍ബന്ധിച്ചിട്ടുപോലും ഇദ്ദേഹം അരങ്ങില്‍ പാടുകയുണ്ടായിട്ടില്ല. എന്നാല്‍ സ്വമേധയാ തീരുമാനിച്ച് പലപ്പോഴും പാടിയിട്ടുമുണ്ട്. ഇങ്ങിനെ നാട്യാചാര്യന്‍ ചില അവസരങ്ങളില്‍ തന്റെ ആദ്യകഥയിലെ വേഷംതീര്‍ന്ന്, തിടുക്കത്തില്‍ തുടച്ച്, രണ്ടാംകഥയിലെ വെച്ചൂരിന്റെ വേഷത്തിന് പൊന്നാനി പാടാനെത്തിയതായി കേട്ടിട്ടുണ്ട്.
.
1119 വൃശ്ചികത്തില്‍ രോഗംബാധിച്ച് ശയ്യാവലംബിയായിതീര്‍ന്ന വെച്ചൂര്‍ രാമന്‍പിള്ള ആ വര്‍ഷം മീനമാസത്തില്‍ ലോകമാകുന്ന അരങ്ങില്‍ നിന്നും നിഷ്ക്രമിച്ചു.
.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 1)

കൊട്ടാരക്കര തമ്പുരാന്‍ പതിനേഴാം ശതകത്തില്‍ ആവിഷ്ക്കരിച്ച ‘രാമനാട്ടം‘ എന്ന പൂര്‍വ്വരൂപത്തില്‍ നിന്നും നാമിന്നുകാണുന്ന കഥകളിയിലേക്ക് എത്തുന്നതിനിടയില്‍ അനവധി വികാസപരിണാമങ്ങള്‍ ഈ രംഗകലയ്ക്ക് ഉണ്ടായിട്ടുണ്ട്. പലകാലങ്ങളിലായി, പലദേശങ്ങളിലായി, വെട്ടം, കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍, കല്ലുവഴി എന്നിങ്ങനെ പലചിട്ടകളും, ഇവയില്‍തന്നെ കടത്തനാടന്‍, പറശ്ശിനിക്കടവ്, കാവുങ്കല്‍(ഉത്തരകേരളത്തില്‍), കിടങ്ങൂര്‍, കുറിച്ചി, തകഴി, കരീപ്പുഴ, മാത്തൂര്‍(ദക്ഷിണകേരളത്തില്‍) എന്നിങ്ങിനെ പല വഴികളും ഉടലെടുക്കുകയുണ്ടായി. പില്‍ക്കാലത്ത് ഈ ചിട്ടകളും വഴികളും പിന്തുടര്‍ച്ചക്കാരില്ലാതെ അന്യംനിന്നുപോവുകയോ, മറ്റൊന്നിലേക്ക് ലയിച്ച്പോവുകയോ, മറ്റൊന്നുമായി ചേര്‍ന്ന് പുതിയചിട്ടയായി പരിണമിക്കുകയൊ ചെയ്തിട്ടുണ്ട്. രാമനാട്ടകാലം മുതല്‍ക്കുതന്നെയുള്ള ഒരു പാരമ്പര്യമാണ് കുറിച്ചിക്കുള്ളത്. കോട്ടയത്തിനും ചെങ്ങനാശേരിക്കും ഇടയിലുള്ളതും, പടയണി തുടങ്ങിയ ഗ്രാമീണകലകള്‍ നിറഞ്ഞതുമായ ഒരു കൊച്ചുഗ്രാമമാണ് കുറിച്ചി. പ്രാചീനകാലം മുതല്‍ക്കെ കുറിച്ചി ഒരു കഥകളികേന്ദ്രവുമായിരുന്നു.
.

പൂവക്കുളത്ത് കൃഷ്ണപിള്ള
.
കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടസംഘത്തിലെ അംഗമായിരുന്നു കുറിച്ചി പൂവക്കുളത്ത്‌വീട്ടില്‍ കൃഷ്ണപിള്ള. ഇദ്ദേഹം പില്‍ക്കാലത്ത് കുറിച്ചിയിലെത്തി സ്വഗൃഹത്തില്‍ ഒരു രാമനാട്ടക്കളരിസ്ഥാപിച്ച്, അവിടെ കുറേപ്പേരേ അഭ്യസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഈ കളിയോഗവുമായി ഉത്തരകേരളത്തില്‍ പര്യടനം നടത്തി രാമനാട്ടം അവതരിപ്പിച്ചുവന്നു. രാമനാട്ടത്തില്‍ കലക്രമത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നേരിട്ടുമനസ്സിലാക്കി അതിനനുശൃതമായി ആട്ടത്തിലും ശുക്ഷണത്തിലും ഇദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിരുന്നത്രേ. പില്‍ക്കാലത്ത് കുറിച്ചി കിട്ടന്‍പിള്ളയാശാന്‍ എന്നു പേരേടുത്ത കുറിച്ചി വലിയകൃഷ്ണപിള്ളയും, അനന്തിരവനായിരുന്ന കുട്ടന്‍ പിള്ളയും ഇദ്ദേഹത്തിന്റെ ശിഷ്യരാണെന്നു പറയപ്പെടുന്നു.
.


കുറിച്ചി കിട്ടന്‍പിള്ള
.
പഴയചിട്ടയിലുള്ള ക്ലേശകരമായ അഭ്യാസമുറകള്‍ പ്രകാരം പരിശീലിച്ചുവന്ന ഇദ്ദേഹം അഭ്യാസത്തിലും അഭ്യസനത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ പോന്നവനായിരുന്നു. ഈ നാട്യാചാര്യന്‍ തികഞ്ഞ സാങ്കേതിക ജ്ഞാനവും നല്ല മെയ്യും ഉള്ളയാളായിരുന്നു. പൂവക്കുളത്ത് കൃഷ്ണപിള്ളയുടെ അടുത്ത് അഭ്യസിച്ചതുകൂടാതെ ഇദ്ദേഹം ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കളിയോഗത്തിലെ ആദ്യകളരിയാശാനായിരുന്ന വലിയ കൊച്ചയ്യപ്പ പണിക്കരുടെ കീഴിലും അഭ്യസിക്കുകയുണ്ടായി. ആശാന്മാരില്‍നിന്നും ലഭിച്ച വിജ്ഞാനവും, പര്യടനത്താല്‍ ലബ്ധമായ അനുഭവസമ്പത്തും, സ്വചിന്തയിലുടലെടുത്ത കണ്ടെത്തലുകളും സമഞ്ജസമായി സമ്മേളിപ്പിച്ച് കിട്ടന്‍പിള്ളയാശാന്‍ തനതായ ഒരു ശൈലി മെനഞ്ഞെടുക്കുകയും, ഇത് രംഗത്ത് പ്രയോഗിച്ച് വിജയവും പ്രശസ്തിയും നേടിയെടുക്കുകയും ചെയ്തു. ഇദ്ദേഹമാണ് കഥകളിയുടെ കുറിച്ചിവഴിയുടെ രൂപകര്‍ത്താവെന്ന് പറയാം.
.
അദ്ദേഹം പില്‍ക്കാലത്ത് കുറിച്ചിയിലെ സ്വഭവനമായ ഐക്കരതാഴത്തുവീട്ടില്‍ ഒരു കളരി സ്ഥാപിച്ച് നടത്തിവന്നിരുന്നു. ആ കാലത്ത് കുറിച്ചി കിട്ടന്‍പിള്ളയാശാന്റെ കളരിക്കും കളിയോഗത്തിനും അപ്രമേയമായ പ്രശസ്തി ഉണ്ടായിരുന്നു.
.
കിട്ടന്‍പിള്ളയാശാന്‍ ഒരിക്കല്‍ മറ്റൊരു നടനുമായി വാതുവെയ്ച്ച് ഏറ്റുമാനൂര്‍ശിവക്ഷേത്രത്തിലെ വലിയ പ്രദക്ഷിണവഴിയില്‍ കൂടി കുത്തുകാല്‍മുറുക്കിക്കൊണ്ട് മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തുവിജയിച്ചതായി ഒരു കഥ കേട്ടിട്ടുണ്ട്.
.
കിട്ടന്‍പിള്ളയാശാന്റെ പ്രശസ്തവേഷമായിരുന്നു കാലകേയവധത്തിലെ അര്‍ജ്ജുനന്‍. ഇതിലെ ‘വിജയാ തേ ബാഹു വിക്രമം’ എന്ന പദസമയത്തെ അര്‍ജ്ജുനന്റെ ഉരലിലെ ഞെളിഞ്ഞിരിപ്പ് കേമമായിരുന്നു. ഇദ്ദേഹം ഞെളിഞ്ഞിരിക്കുമ്പോള്‍ പിന്നില്‍ തൂങ്ങുന്ന ചാമരവും ഇദ്ദേഹത്തിന്റെ പുറവും സ്പര്‍ശിക്കാതെ ഒരാള്‍ക്ക് സുഖമായി കടന്നുപോകാമായിരുന്നത്രെ!
.
സൌഗന്ധികത്തില്‍ ഹനുമാന്‍, ദുര്യോധനവധത്തില്‍ ദുര്യോധനന്‍,ബാലിവധത്തില്‍ രാവണന്‍, നളചരിതത്തില്‍ കാട്ടാളന്‍, ഉത്തരാസ്വയംവരത്തില്‍ ബൃഹന്ദള തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാന വേഷങ്ങള്‍. സമകാലീനനായിരുന്ന വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസത് രചിച്ച ദുര്യോധനവധം ചിട്ടപ്പെടുത്തുന്നതിലും പങ്കുവഹിച്ചിരുന്ന ഇദ്ദേഹം ആ ആട്ടകഥ വയസ്ക്കര‌ഇല്ലത്തുവെയ്ച്ച് ആദ്യമായി അരങ്ങേറിയപ്പോള്‍ ഇതിലെ രൌദ്രഭീമനെ രംഗത്തവതരിപ്പിക്കുകയും ചെയ്തു.
.
നീലംപേരൂര്‍കാരായ, കളത്തില്‍‌വീട്ടില്‍ അയ്യപ്പക്കുറുപ്പും വേലുക്കുറുപ്പും, കൊല്ലപ്പള്ളിവീട്ടില്‍ ഗോവിന്ദപ്പിള്ളയും മാധവപ്പിള്ളയും, ഏലൂര്‍വീട്ടില്‍ കൊച്ചയ്യപ്പപ്പണിക്കരും രാമപ്പണിക്കരും(കൊച്ചപ്പിരാമന്മാര്‍), വെച്ചൂര്‍ അയ്യപ്പക്കുറുപ്പ്, അനന്തിരവന്‍ പരമേശ്വരന്‍പിള്ള തുടങ്ങിയ അനവധി പ്രശസ്തരും പ്രഗത്ഭരുമായ ശിഷ്യസമ്പത്തും കിട്ടന്‍പിള്ളയാശാന് ഉണ്ടായി.
.
കഥകളിക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാട്യാചാര്യന്‍ കുറിച്ചി കിട്ടന്‍പിള്ള കൊല്ലവര്‍ഷം 1100ല്‍ എണ്‍പതാം വയസ്സില്‍ ഇഹലോകവാസംവെടിഞ്ഞു. ഇദ്ദേഹത്തിന്റെ കാലാനന്തരം കുറിച്ചി കളിയോഗം അനന്തിരവനായ പരമേശ്വരന്‍പിള്ളയും, അതിനുശേഷം പരമേശ്വരന്‍പിള്ളയുടെ ഭഗിനേയനായ കുറിച്ചി കൃഷ്ണപിള്ളയും നടത്തിവന്നു.
.
.


കുറിച്ചി കൃഷ്ണപിള്ള
.
പരമേശ്വരന്‍പിള്ളയുടെ ഭഗിനേയനായ കുറിച്ചി കൃഷ്ണപിള്ള കൊല്ലവര്‍ഷം1177 കുഭത്തില്‍ ഭൂജാതനായി. അമ്മാവന്റെ കളരിയില്‍തന്നെ കഥകളിയഭ്യാസം പൂര്‍ത്തിയാക്കിക ഇദ്ദേഹവും പില്‍ക്കാലത്ത് നല്ലൊരു കഥകളി ആചാര്യനായി തീര്‍ന്നു. ആജാനബാഹുത്വം, ആകാരസൌഷ്ഠവം, ദൃഷ്ടിവൈശിഷ്ട്യം തുടങ്ങിയ ജന്മസിദ്ധികളും സ്വയാര്‍ജ്ജിതമായ മെയ്യും, പാണ്ഡിത്യവും ഒത്തിണങ്ങിയ അപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം. ആജന്മ ആഢ്യത്തമുള്ള സുമുഖനായ കൃഷ്ണപിള്ളയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു ആഢ്യന്‍ നമ്പൂതിരിയാണെന്നു തോന്നിയിരുന്നത്രേ. ഫലിതപ്രയോഗങ്ങളിലും പിന്നിലല്ലായിരുന്നു ഇദ്ദേഹം.
.
സ്ത്രീവേഷങ്ങള്‍ ഒഴികെ മറ്റെല്ലാവേഷങ്ങളും കെട്ടി വിജയിപ്പിച്ചിരുന്നു കൃഷ്ണപിള്ള. ചെറിയനരകാസുരന്‍, ബാണന്‍, ഹിരണ്യകശുപു എന്നീ കത്തികളും, ബാലി, സുഗ്രീവന്‍, ത്രിഗര്‍ത്തന്‍, ദുശ്ശാസനന്‍, കലി തുടങ്ങിയ താടിവേഷങ്ങളും, ദുര്‍വ്വാസാവ്, വിശ്വാമിത്രന്‍ തുടങ്ങിയ മിനുക്കുകളും, പൂതന, നക്രതുണ്ഡി, സിംഹിക, ശൂര്‍പ്പണഖ എന്നീ കരിവേഷങ്ങളും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യംതെളിയിക്കുന്ന വേഷങ്ങളാണ്. നിണമണിഞ്ഞ് കരി അവതരിപ്പിക്കുവാന്‍ നല്ല വശമുണ്ടായിരുന്ന ഇദ്ദേഹം കുറിച്ചി ഇണ്ടളയപ്പങ്കാവില്‍(ഇടനാട്ടുകാവ്) അക്കാലത്ത് എല്ലാവര്‍ഷവും ‘നിണം‘ അവതരിപ്പിക്കാറുമുണ്ട്.
.
പിന്നീട് കുറിച്ചികൃഷ്ണപിള്ള തിരുവന്തപുരം വെലിയകൊട്ടാരം കളിയോഗത്തില്‍ രണ്ടാംതരം താടിക്കാരനായി നിയമിക്കപ്പെട്ടു.


ചെങ്ങനൂര്‍ രാമന്‍പിള്ളയാശാന്റെ ദുര്യോധനനൊപ്പം
ദുശാസനനായി കുറിച്ചി കൃഷ്ണപിള്ള
.
മികച്ച കളരിയാശാനും കൂടിയായിരുന്ന കൃഷ്ണപിള്ളയുടെ പ്രധാനശിഷ്യരാണ് കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരിയും, വെച്ചൂര്‍ അയ്യപ്പക്കുറുപ്പും.
.
പാരമ്പര്യമായി ലഭിച്ച കളിയോഗം മദ്ധ്യതിരുവിതാങ്കൂറിലെ എണ്ണപ്പെട്ട കളിയോഗം എന്ന നിലയില്‍ തന്നെ കൃഷ്ണപിള്ളയും നടത്തികൊണ്ടിരിന്നു. എന്നാല്‍ പില്‍ക്കാലത്ത് നടന്മാരുടേയും മറ്റും കൃത്യനിഷ്ടയില്ലായ്മയും മറ്റും മൂലം കളിയോഗം നടത്തികൊണ്ടുപോകാന്‍ വളരെ കഷ്ടപ്പാടായിതീര്‍ന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം കളിയോഗം കൈമാറ്റം ചെയ്തു. ഇതാണ് പില്‍ക്കാലത്ത് കുടമാളൂര്‍ കളിയോഗമായി മാറിയത്.

വൈയ്ക്കം തങ്കപ്പന്‍പിള്ള


ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്.
.
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
.
തങ്കപ്പനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്‍ ചേറുപ്രായത്തില്‍ തെന്നെ സംഗീതം പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇങ്ങിനെ തങ്കപ്പന്‍പിള്ള ഏതാണ് എട്ടുവര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. ശ്രീ വൈയ്ക്കം ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു ഗുരു.
.
പിന്നീട് തങ്കപ്പന്‍ 1121മുതല്‍ ശ്രീ ചെമ്പില്‍ വേലപ്പന്‍പിള്ളയാശാന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. സോപാനവഴിയില്‍ തന്നെ കഥകളിസംഗീതം ആലപിക്കുന്ന ഗായകനായിരുന്നു വേലപ്പന്‍പിള്ള. കുറച്ചു കാലത്തിനു ശേഷം തങ്കപ്പന്‍പിള്ള ധാരാളമായി കളികള്‍ക്ക് പങ്കെടുക്കുവാനും പലര്‍ക്കും ശിങ്കിടി പാടുവാനും ആരംഭിച്ചു. പള്ളിപ്പുറം കേശവന്‍‌നായരുടേയും വെച്ചൂര്‍ ഗോപാലപിള്ളയുടേയും കളിയോഗങ്ങളായിരുന്നു ആ കാലത്ത് ഈ പ്രദേശത്ത് കളികള്‍ നടത്തിയിരുന്നത്. വെച്ചൂര്‍ ഗോപാലപിള്ള ഒരു കളരിയും നടത്തിയിരുന്നു. അതില്‍ പ്രധാന ആശാന്‍ ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ ആയിരുന്നു.
.
പിന്നീട് പൊതുവാളാശാന്റെ നിര്‍ദ്ദേശാനുസ്സരണം തങ്കപ്പന്‍പിള്ള കോട്ടക്കല്‍ നാട്ട്യസംഘം കളരില്‍ ചേര്‍ന്നു. അവിടെ ഗോപാലക്കുറുപ്പിനോടും ഉണ്ണികൃഷ്ണക്കുറുപ്പിനോടുമൊപ്പമാണ് തങ്കപ്പന്‍പിള്ള അധികവും പാടിയത്. ആ കാലത്ത് വാസുനെടുങ്ങാടി ആയിരുന്നു കോട്ടക്കലിലെ മുതിര്‍ന്ന സംഗീതാദ്ധ്യാപകന്‍. കുഞ്ചുനായരാശാന്‍ പ്രധാനാദ്ധ്യാപകനും കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായരാശാന്‍ അദ്ധ്യാപകനും(വേഷം) ആയിരുന്ന അന്നത്തെ കളരിയില്‍ കോട്ടക്കല്‍ കുട്ടന്‍‌മാരാര്‍,ചെറിയ കുട്ടന്‍‌മാരാര്‍(ചെണ്ട), പാലൂര്‍ അച്ചുതന്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍(മദ്ദളം) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍. ഇങ്ങിനെ ഒന്‍പത് വര്‍ഷങ്ങളോളം കോട്ടക്കല്‍ കളരിയില്‍ പ്രവര്‍ത്തിച്ചതോടെ കറതീര്‍ന്ന കഥകളിപാട്ടുകാരനായി തീര്‍ന്നു വൈയ്ക്കം.
.
കോട്ടക്കലില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം തകഴികളിയോഗത്തില്‍ അംഗമായി തകഴിയില്‍ താമസിച്ചു. ഈ കാലത്ത് തകഴികുട്ടന്‍പിള്ളക്കൊപ്പം ധാരാളം അരങ്ങുകളില്‍ പാടി. തങ്കപ്പന്‍പിള്ള 1136മുതല്‍ കളിയോഗം പിരിച്ചുവിടുന്നതുവരെ തിരുവനന്തപുരം വലിയകൊട്ടാരം കളിയോഗത്തില്‍ അംഗമായിരുന്നു.

.
1150മുതല്‍ തങ്കപ്പന്‍പിള്ള അനുജനായ പുരുഷോത്തമനുമായി ചേര്‍ന്ന് പാടിത്തുടങ്ങി. ‘വൈക്കം സഹോദരന്മാര്‍’ എന്നപേരില്‍ ഇവര്‍ പിന്നീട് പ്രശസ്തരായി തീര്‍ന്നു. പുരുഷോത്തമന്‍പിള്ള കലാമണ്ഡലത്തിലും കുച്ചുകാലം സദനത്തിലും കഥകളിവേഷം പഠിച്ചിട്ടുണ്ട്. പിന്നീട് പാട്ടിലേക്കുമാറിയ ഇദ്ദേഹം ജന്മവാസനയാലും ശാരീരഗുണംകൊണ്ടും കഥകളിപാട്ടില്‍ തങ്കപ്പന്‍പിള്ളക്ക് സമാനനായി തീര്‍ന്നു. തിരുവിതാങ്കൂറില്‍ പ്രശസ്തരായി തീര്‍ന്ന വൈക്കംസഹോദരന്മാര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലും, കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ പ്രധാനിയായി വെള്ളിനേഴിയില്‍ നടന്നിരുന്ന ‘സഹൃദയസംഘ’ത്തിനൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും നടന്ന കളികള്‍ക്കും പാടുകയുണ്ടായിട്ടുണ്ട്.

.
മാങ്കുളം വിഷ്ണുനമ്പൂതിരി കീരിക്കാട്ട് നടത്തിയിരുന്ന ‘സമസ്തകേരള കഥകളി വിദ്യാലയ’ത്തില്‍ തങ്കപ്പന്‍പിള്ളയാശാന്‍ പതിമൂന്ന് വര്‍ഷം സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
.
വൈയ്ക്കം രാജശേഘരന്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടകഥയിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയതും, ആദ്യമായി ഈ കഥ അരങ്ങില ആലപിച്ചതും തങ്കപ്പന്‍പിള്ളയാണ്.
.
വളരെകാലമായി സായിഭക്തനായ തങ്കപ്പന്‍പിള്ളഭാഗവതര്‍ ഏതാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരേ സ്തിരമായി എല്ലാവര്‍ഷവും പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു. 1149ല്‍ പുട്ടപര്‍ത്തിയെത്തിയപ്പോള്‍ സായിബാബയുടെ സമക്ഷം പാടുകയും അദ്ദേഹത്തില്‍ നിന്നും സമ്മാനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. അതാണ് ഇദ്ദേഹത്തിനു ലഭിച്ച ആദ്യ സമ്മാനം. 1987ല്‍ കലാദര്‍പ്പണം പുരസ്ക്കാരവും, കൊല്ലം കഥകളിക്ലബ്ബിന്റെ പുരസ്ക്കാരവും, 1989ല്‍ ആലപ്പുഴക്ലബ്ബിന്റെ പുരസ്ക്കാരവും നേടിയ ഈ മുതിര്‍ന്ന കഥകളിഗായകനെ 2007ല്‍ കേരള സംഗീത-നാടക അക്കാദമി ‘ഗുരുപൂജ പുരസ്ക്കാരം’ നല്‍കി ആദരിക്കുകയും ഉണ്ടായി.
.

വൈക്കംതങ്കപ്പന്‍പിള്ള കേരളസംഗീത-നാടക അക്കാദമിയുടെ ‘ഗുരുപൂജ പുരസ്ക്കാരം’ ബഹു:സാസ്ക്കാരീക മന്ത്രി എം.എ.ബേബിയില്‍ നിന്നും ഏറ്റുവാങ്ങുന്നു. പ്രശസ്തമൃദംഗവാദകന്‍ ശ്രീ ഉമയാള്‍പുരം ശിവരാമന്‍, സിനിമാ നടന്‍ മുരളി എന്നിവര്‍ സമീപം
.
കഥകളിസംഗീതത്തില്‍ ഭ്രമിക്കുകയും, അതില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ശേഷജീവിതത്തില്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ തലമുതിര്‍ന്ന കലാകാരനുമുന്നില്‍ പ്രണമിച്ചുകൊള്ളുന്നു.