.
പൂവക്കുളത്ത് കൃഷ്ണപിള്ള
.കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടസംഘത്തിലെ അംഗമായിരുന്നു കുറിച്ചി പൂവക്കുളത്ത്വീട്ടില്‍ കൃഷ്ണപിള്ള. ഇദ്ദേഹം പില്ക്കാലത്ത് കുറിച്ചിയിലെത്തി സ്വഗൃഹത്തില്‍ ഒരു രാമനാട്ടക്കളരിസ്ഥാപിച്ച്, അവിടെ കുറേപ്പേരേ അഭ്യസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഈ കളിയോഗവുമായി ഉത്തരകേരളത്തില്‍ പര്യടനം നടത്തി രാമനാട്ടം അവതരിപ്പിച്ചുവന്നു. രാമനാട്ടത്തില്‍ കലക്രമത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നേരിട്ടുമനസ്സിലാക്കി അതിനനുശൃതമായി ആട്ടത്തിലും ശുക്ഷണത്തിലും ഇദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിരുന്നത്രേ. പില്ക്കാലത്ത് കുറിച്ചി കിട്ടന്പിള്ളയാശാന് എന്നു പേരേടുത്ത കുറിച്ചി വലിയകൃഷ്ണപിള്ളയും, അനന്തിരവനായിരുന്ന കുട്ടന് പിള്ളയും ഇദ്ദേഹത്തിന്റെ ശിഷ്യരാണെന്നു പറയപ്പെടുന്നു.
.
കുറിച്ചി കിട്ടന്‍പിള്ള
.പഴയചിട്ടയിലുള്ള ക്ലേശകരമായ അഭ്യാസമുറകള്‍ പ്രകാരം പരിശീലിച്ചുവന്ന ഇദ്ദേഹം അഭ്യാസത്തിലും അഭ്യസനത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ പോന്നവനായിരുന്നു. ഈ നാട്യാചാര്യന് തികഞ്ഞ സാങ്കേതിക ജ്ഞാനവും നല്ല മെയ്യും ഉള്ളയാളായിരുന്നു. പൂവക്കുളത്ത് കൃഷ്ണപിള്ളയുടെ അടുത്ത് അഭ്യസിച്ചതുകൂടാതെ ഇദ്ദേഹം ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കളിയോഗത്തിലെ ആദ്യകളരിയാശാനായിരുന്ന വലിയ കൊച്ചയ്യപ്പ പണിക്കരുടെ കീഴിലും അഭ്യസിക്കുകയുണ്ടായി. ആശാന്മാരില്‍നിന്നും ലഭിച്ച വിജ്ഞാനവും, പര്യടനത്താല്‍ ലബ്ധമായ അനുഭവസമ്പത്തും, സ്വചിന്തയിലുടലെടുത്ത കണ്ടെത്തലുകളും സമഞ്ജസമായി സമ്മേളിപ്പിച്ച് കിട്ടന്പിള്ളയാശാന് തനതായ ഒരു ശൈലി മെനഞ്ഞെടുക്കുകയും, ഇത് രംഗത്ത് പ്രയോഗിച്ച് വിജയവും പ്രശസ്തിയും നേടിയെടുക്കുകയും ചെയ്തു. ഇദ്ദേഹമാണ് കഥകളിയുടെ കുറിച്ചിവഴിയുടെ രൂപകര്‍ത്താവെന്ന് പറയാം.
.
അദ്ദേഹം പില്ക്കാലത്ത് കുറിച്ചിയിലെ സ്വഭവനമായ ഐക്കരതാഴത്തുവീട്ടില്‍ ഒരു കളരി സ്ഥാപിച്ച് നടത്തിവന്നിരുന്നു. ആ കാലത്ത് കുറിച്ചി കിട്ടന്‍പിള്ളയാശാന്റെ കളരിക്കും കളിയോഗത്തിനും അപ്രമേയമായ പ്രശസ്തി ഉണ്ടായിരുന്നു.
.
കിട്ടന്പിള്ളയാശാന് ഒരിക്കല്‍ മറ്റൊരു നടനുമായി വാതുവെയ്ച്ച് ഏറ്റുമാനൂര്‍ശിവക്ഷേത്രത്തിലെ വലിയ പ്രദക്ഷിണവഴിയില്‍ കൂടി കുത്തുകാല്‍മുറുക്കിക്കൊണ്ട് മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തുവിജയിച്ചതായി ഒരു കഥ കേട്ടിട്ടുണ്ട്.
.
കിട്ടന്‍പിള്ളയാശാന്റെ പ്രശസ്തവേഷമായിരുന്നു കാലകേയവധത്തിലെ അര്ജ്ജുനന്. ഇതിലെ ‘വിജയാ തേ ബാഹു വിക്രമം’ എന്ന പദസമയത്തെ അര്‍ജ്ജുനന്റെ ഉരലിലെ ഞെളിഞ്ഞിരിപ്പ് കേമമായിരുന്നു. ഇദ്ദേഹം ഞെളിഞ്ഞിരിക്കുമ്പോള്‍ പിന്നില്‍ തൂങ്ങുന്ന ചാമരവും ഇദ്ദേഹത്തിന്റെ പുറവും സ്പര്‍ശിക്കാതെ ഒരാള്‍ക്ക് സുഖമായി കടന്നുപോകാമായിരുന്നത്രെ!
.
സൌഗന്ധികത്തില്‍ ഹനുമാന്, ദുര്യോധനവധത്തില്‍ ദുര്യോധനന്,ബാലിവധത്തില്‍ രാവണന്, നളചരിതത്തില്‍ കാട്ടാളന്, ഉത്തരാസ്വയംവരത്തില്‍ ബൃഹന്ദള തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാന വേഷങ്ങള്‍. സമകാലീനനായിരുന്ന വയസ്ക്കര ആര്യന് നാരായണന് മൂസത് രചിച്ച ദുര്യോധനവധം ചിട്ടപ്പെടുത്തുന്നതിലും പങ്കുവഹിച്ചിരുന്ന ഇദ്ദേഹം ആ ആട്ടകഥ വയസ്ക്കരഇല്ലത്തുവെയ്ച്ച് ആദ്യമായി അരങ്ങേറിയപ്പോള്‍ ഇതിലെ രൌദ്രഭീമനെ രംഗത്തവതരിപ്പിക്കുകയും ചെയ്തു.
.
നീലംപേരൂര്‍കാരായ, കളത്തില്‍വീട്ടില്‍ അയ്യപ്പക്കുറുപ്പും വേലുക്കുറുപ്പും, കൊല്ലപ്പള്ളിവീട്ടില്‍ ഗോവിന്ദപ്പിള്ളയും മാധവപ്പിള്ളയും, ഏലൂര്‍വീട്ടില്‍ കൊച്ചയ്യപ്പപ്പണിക്കരും രാമപ്പണിക്കരും(കൊച്ചപ്പിരാമന്മാര്), വെച്ചൂര്‍ അയ്യപ്പക്കുറുപ്പ്, അനന്തിരവന് പരമേശ്വരന്‍പിള്ള തുടങ്ങിയ അനവധി പ്രശസ്തരും പ്രഗത്ഭരുമായ ശിഷ്യസമ്പത്തും കിട്ടന്പിള്ളയാശാന് ഉണ്ടായി.
.
കഥകളിക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാട്യാചാര്യന് കുറിച്ചി കിട്ടന്‍പിള്ള കൊല്ലവര്‍ഷം 1100ല്‍ എണ്‍പതാം വയസ്സില്‍ ഇഹലോകവാസംവെടിഞ്ഞു. ഇദ്ദേഹത്തിന്റെ കാലാനന്തരം കുറിച്ചി കളിയോഗം അനന്തിരവനായ പരമേശ്വരന്‍പിള്ളയും, അതിനുശേഷം പരമേശ്വരന്‍പിള്ളയുടെ ഭഗിനേയനായ കുറിച്ചി കൃഷ്ണപിള്ളയും നടത്തിവന്നു.
.
.
കുറിച്ചി കൃഷ്ണപിള്ള
.പരമേശ്വരന്‍പിള്ളയുടെ ഭഗിനേയനായ കുറിച്ചി കൃഷ്ണപിള്ള കൊല്ലവര്‍ഷം1177 കുഭത്തില്‍ ഭൂജാതനായി. അമ്മാവന്റെ കളരിയില്‍തന്നെ കഥകളിയഭ്യാസം പൂര്‍ത്തിയാക്കിക ഇദ്ദേഹവും പില്ക്കാലത്ത് നല്ലൊരു കഥകളി ആചാര്യനായി തീര്‍ന്നു. ആജാനബാഹുത്വം, ആകാരസൌഷ്ഠവം, ദൃഷ്ടിവൈശിഷ്ട്യം തുടങ്ങിയ ജന്മസിദ്ധികളും സ്വയാര്‍ജ്ജിതമായ മെയ്യും, പാണ്ഡിത്യവും ഒത്തിണങ്ങിയ അപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം. ആജന്മ ആഢ്യത്തമുള്ള സുമുഖനായ കൃഷ്ണപിള്ളയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു ആഢ്യന്‍ നമ്പൂതിരിയാണെന്നു തോന്നിയിരുന്നത്രേ. ഫലിതപ്രയോഗങ്ങളിലും പിന്നിലല്ലായിരുന്നു ഇദ്ദേഹം.
.
സ്ത്രീവേഷങ്ങള് ഒഴികെ മറ്റെല്ലാവേഷങ്ങളും കെട്ടി വിജയിപ്പിച്ചിരുന്നു കൃഷ്ണപിള്ള. ചെറിയനരകാസുരന്, ബാണന്, ഹിരണ്യകശുപു എന്നീ കത്തികളും, ബാലി, സുഗ്രീവന്, ത്രിഗര്ത്തന്, ദുശ്ശാസനന്, കലി തുടങ്ങിയ താടിവേഷങ്ങളും, ദുര്‍വ്വാസാവ്, വിശ്വാമിത്രന് തുടങ്ങിയ മിനുക്കുകളും, പൂതന, നക്രതുണ്ഡി, സിംഹിക, ശൂര്‍പ്പണഖ എന്നീ കരിവേഷങ്ങളും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യംതെളിയിക്കുന്ന വേഷങ്ങളാണ്. നിണമണിഞ്ഞ് കരി അവതരിപ്പിക്കുവാന്‍ നല്ല വശമുണ്ടായിരുന്ന ഇദ്ദേഹം കുറിച്ചി ഇണ്ടളയപ്പങ്കാവില്‍(ഇടനാട്ടുകാവ്) അക്കാലത്ത് എല്ലാവര്‍ഷവും ‘നിണം‘ അവതരിപ്പിക്കാറുമുണ്ട്.
.
പിന്നീട് കുറിച്ചികൃഷ്ണപിള്ള തിരുവന്തപുരം വെലിയകൊട്ടാരം കളിയോഗത്തില്‍ രണ്ടാംതരം താടിക്കാരനായി നിയമിക്കപ്പെട്ടു.
ദുശാസനനായി കുറിച്ചി കൃഷ്ണപിള്ള
.മികച്ച കളരിയാശാനും കൂടിയായിരുന്ന കൃഷ്ണപിള്ളയുടെ പ്രധാനശിഷ്യരാണ് കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരിയും, വെച്ചൂര്‍ അയ്യപ്പക്കുറുപ്പും.
.
പാരമ്പര്യമായി ലഭിച്ച കളിയോഗം മദ്ധ്യതിരുവിതാങ്കൂറിലെ എണ്ണപ്പെട്ട കളിയോഗം എന്ന നിലയില്‍ തന്നെ കൃഷ്ണപിള്ളയും നടത്തികൊണ്ടിരിന്നു. എന്നാല്‍ പില്ക്കാലത്ത് നടന്മാരുടേയും മറ്റും കൃത്യനിഷ്ടയില്ലായ്മയും മറ്റും മൂലം കളിയോഗം നടത്തികൊണ്ടുപോകാന്‍ വളരെ കഷ്ടപ്പാടായിതീര്‍ന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം കളിയോഗം കൈമാറ്റം ചെയ്തു. ഇതാണ് പില്ക്കാലത്ത് കുടമാളൂര്‍ കളിയോഗമായി മാറിയത്.
1 അഭിപ്രായം:
മണീ,
ഇന്റെർനെറ്റിൽ ഇത്തരം അറിവുകളൊക്കെ അനവധികാലം നാശം കൂടാതെ നിൽക്കും എന്നതിനാൽ, നമ്മൾ (ഞാനടക്കം) ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അക്ഷരത്തെറ്റ്. അത് കഴിയുന്നതും കുറക്കാൻ നോക്കണം. അല്ലെങ്കിൽ വരും തലമുറയോടും നമ്മുടെ ഭാഷയോടും നാം ചെയ്യുന്ന വലിയ അപരാധം ആയിരിക്കും. (ഇത് എന്നോട് തന്നെ ഞാൻ പറയുന്ന ഒരു കാര്യം കൂടെ ആണ്)
-സു-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ