കൂടിക്കാഴ്ച്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൂടിക്കാഴ്ച്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വൈയ്ക്കം തങ്കപ്പന്‍പിള്ള


ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്.
.
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
.
തങ്കപ്പനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്‍ ചേറുപ്രായത്തില്‍ തെന്നെ സംഗീതം പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇങ്ങിനെ തങ്കപ്പന്‍പിള്ള ഏതാണ് എട്ടുവര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. ശ്രീ വൈയ്ക്കം ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു ഗുരു.
.
പിന്നീട് തങ്കപ്പന്‍ 1121മുതല്‍ ശ്രീ ചെമ്പില്‍ വേലപ്പന്‍പിള്ളയാശാന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. സോപാനവഴിയില്‍ തന്നെ കഥകളിസംഗീതം ആലപിക്കുന്ന ഗായകനായിരുന്നു വേലപ്പന്‍പിള്ള. കുറച്ചു കാലത്തിനു ശേഷം തങ്കപ്പന്‍പിള്ള ധാരാളമായി കളികള്‍ക്ക് പങ്കെടുക്കുവാനും പലര്‍ക്കും ശിങ്കിടി പാടുവാനും ആരംഭിച്ചു. പള്ളിപ്പുറം കേശവന്‍‌നായരുടേയും വെച്ചൂര്‍ ഗോപാലപിള്ളയുടേയും കളിയോഗങ്ങളായിരുന്നു ആ കാലത്ത് ഈ പ്രദേശത്ത് കളികള്‍ നടത്തിയിരുന്നത്. വെച്ചൂര്‍ ഗോപാലപിള്ള ഒരു കളരിയും നടത്തിയിരുന്നു. അതില്‍ പ്രധാന ആശാന്‍ ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ ആയിരുന്നു.
.
പിന്നീട് പൊതുവാളാശാന്റെ നിര്‍ദ്ദേശാനുസ്സരണം തങ്കപ്പന്‍പിള്ള കോട്ടക്കല്‍ നാട്ട്യസംഘം കളരില്‍ ചേര്‍ന്നു. അവിടെ ഗോപാലക്കുറുപ്പിനോടും ഉണ്ണികൃഷ്ണക്കുറുപ്പിനോടുമൊപ്പമാണ് തങ്കപ്പന്‍പിള്ള അധികവും പാടിയത്. ആ കാലത്ത് വാസുനെടുങ്ങാടി ആയിരുന്നു കോട്ടക്കലിലെ മുതിര്‍ന്ന സംഗീതാദ്ധ്യാപകന്‍. കുഞ്ചുനായരാശാന്‍ പ്രധാനാദ്ധ്യാപകനും കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായരാശാന്‍ അദ്ധ്യാപകനും(വേഷം) ആയിരുന്ന അന്നത്തെ കളരിയില്‍ കോട്ടക്കല്‍ കുട്ടന്‍‌മാരാര്‍,ചെറിയ കുട്ടന്‍‌മാരാര്‍(ചെണ്ട), പാലൂര്‍ അച്ചുതന്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍(മദ്ദളം) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍. ഇങ്ങിനെ ഒന്‍പത് വര്‍ഷങ്ങളോളം കോട്ടക്കല്‍ കളരിയില്‍ പ്രവര്‍ത്തിച്ചതോടെ കറതീര്‍ന്ന കഥകളിപാട്ടുകാരനായി തീര്‍ന്നു വൈയ്ക്കം.
.
കോട്ടക്കലില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം തകഴികളിയോഗത്തില്‍ അംഗമായി തകഴിയില്‍ താമസിച്ചു. ഈ കാലത്ത് തകഴികുട്ടന്‍പിള്ളക്കൊപ്പം ധാരാളം അരങ്ങുകളില്‍ പാടി. തങ്കപ്പന്‍പിള്ള 1136മുതല്‍ കളിയോഗം പിരിച്ചുവിടുന്നതുവരെ തിരുവനന്തപുരം വലിയകൊട്ടാരം കളിയോഗത്തില്‍ അംഗമായിരുന്നു.

.
1150മുതല്‍ തങ്കപ്പന്‍പിള്ള അനുജനായ പുരുഷോത്തമനുമായി ചേര്‍ന്ന് പാടിത്തുടങ്ങി. ‘വൈക്കം സഹോദരന്മാര്‍’ എന്നപേരില്‍ ഇവര്‍ പിന്നീട് പ്രശസ്തരായി തീര്‍ന്നു. പുരുഷോത്തമന്‍പിള്ള കലാമണ്ഡലത്തിലും കുച്ചുകാലം സദനത്തിലും കഥകളിവേഷം പഠിച്ചിട്ടുണ്ട്. പിന്നീട് പാട്ടിലേക്കുമാറിയ ഇദ്ദേഹം ജന്മവാസനയാലും ശാരീരഗുണംകൊണ്ടും കഥകളിപാട്ടില്‍ തങ്കപ്പന്‍പിള്ളക്ക് സമാനനായി തീര്‍ന്നു. തിരുവിതാങ്കൂറില്‍ പ്രശസ്തരായി തീര്‍ന്ന വൈക്കംസഹോദരന്മാര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലും, കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ പ്രധാനിയായി വെള്ളിനേഴിയില്‍ നടന്നിരുന്ന ‘സഹൃദയസംഘ’ത്തിനൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും നടന്ന കളികള്‍ക്കും പാടുകയുണ്ടായിട്ടുണ്ട്.

.
മാങ്കുളം വിഷ്ണുനമ്പൂതിരി കീരിക്കാട്ട് നടത്തിയിരുന്ന ‘സമസ്തകേരള കഥകളി വിദ്യാലയ’ത്തില്‍ തങ്കപ്പന്‍പിള്ളയാശാന്‍ പതിമൂന്ന് വര്‍ഷം സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
.
വൈയ്ക്കം രാജശേഘരന്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടകഥയിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയതും, ആദ്യമായി ഈ കഥ അരങ്ങില ആലപിച്ചതും തങ്കപ്പന്‍പിള്ളയാണ്.
.
വളരെകാലമായി സായിഭക്തനായ തങ്കപ്പന്‍പിള്ളഭാഗവതര്‍ ഏതാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരേ സ്തിരമായി എല്ലാവര്‍ഷവും പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു. 1149ല്‍ പുട്ടപര്‍ത്തിയെത്തിയപ്പോള്‍ സായിബാബയുടെ സമക്ഷം പാടുകയും അദ്ദേഹത്തില്‍ നിന്നും സമ്മാനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. അതാണ് ഇദ്ദേഹത്തിനു ലഭിച്ച ആദ്യ സമ്മാനം. 1987ല്‍ കലാദര്‍പ്പണം പുരസ്ക്കാരവും, കൊല്ലം കഥകളിക്ലബ്ബിന്റെ പുരസ്ക്കാരവും, 1989ല്‍ ആലപ്പുഴക്ലബ്ബിന്റെ പുരസ്ക്കാരവും നേടിയ ഈ മുതിര്‍ന്ന കഥകളിഗായകനെ 2007ല്‍ കേരള സംഗീത-നാടക അക്കാദമി ‘ഗുരുപൂജ പുരസ്ക്കാരം’ നല്‍കി ആദരിക്കുകയും ഉണ്ടായി.
.

വൈക്കംതങ്കപ്പന്‍പിള്ള കേരളസംഗീത-നാടക അക്കാദമിയുടെ ‘ഗുരുപൂജ പുരസ്ക്കാരം’ ബഹു:സാസ്ക്കാരീക മന്ത്രി എം.എ.ബേബിയില്‍ നിന്നും ഏറ്റുവാങ്ങുന്നു. പ്രശസ്തമൃദംഗവാദകന്‍ ശ്രീ ഉമയാള്‍പുരം ശിവരാമന്‍, സിനിമാ നടന്‍ മുരളി എന്നിവര്‍ സമീപം
.
കഥകളിസംഗീതത്തില്‍ ഭ്രമിക്കുകയും, അതില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ശേഷജീവിതത്തില്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ തലമുതിര്‍ന്ന കലാകാരനുമുന്നില്‍ പ്രണമിച്ചുകൊള്ളുന്നു.

കളിയരങ്ങില്‍ നിന്നും കളരിയിലേക്ക്

കോട്ടയം കളിയരങ്ങ് ആഗസ്റ്റ് 25,26 തീയതികളിലായി ഒരു യാത്ര സംഘടിപ്പിച്ചിരുന്നു. 1974മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കോട്ടയത്തെ കളിയരങ്ങിന്റെ സെക്രടറി ശ്രീ പള്ളം ചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍, കഥകളി പ്രേമികളായ 24 അംഗസംഘം 25ന് വെളുപ്പിന് കോട്ടയത്തുനിന്നും യാത്ര ആരംഭിച്ചു. പ്രസിദ്ധ കഥകളി നടന്‍ ശ്രീ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും സംഘത്തില്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ ഏതാണ്ട് 11 മണിയോടെ കേരള കലാമണ്ഡലത്തില്‍ എത്തി. കഥകളി ചൊല്ലിയാട്ടകളരി അപ്പോഴേക്കും കഴിഞ്ഞിരുന്നതിനാല്‍ അത് കാണാനായില്ല. മൃദംഗം,തിമില,മിഴാവ്,തുടങ്ങിയവയുടേയും ഓട്ടന്തുള്ളല്‍,മോഹിനിയാട്ടം തുടങ്ങിയവയുടേയും കഥകളി ചുട്ടി,കോപ്പുപണി എന്നിവയുടേയും ക്ലാസുകള്‍ നടക്കുന്നുണ്ടായിരുന്നു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷണന്‍,ശ്രീ കലാമണ്ഡലം വിജയകൃഷണന്‍ എന്നിവര്‍ ചെണ്ടക്ലാസും ശ്രീ കലാമണ്ഡലം ശശി മദ്ദളക്ലാസും എടുക്കുന്നതും കണ്ടു. ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍ കഥകളി ക്ലാസും എടുക്കുന്നുണ്ടായിരുന്നു. പാട്ടും കൊട്ടും അദ്ദേഹം തന്നെ ചെയ്തുകൊണ്ട് ‘കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍’ എന്ന കിര്‍മ്മീരവധം കൃഷ്ണന്റെ പദമാണ് ആസമയത്ത് അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് കലാമണ്ഡത്തിലെ ആര്‍ട്ട് ഗാലറിയില്‍ കുറച്ച് ചിത്രങ്ങളും കഥകളി രൂപങ്ങളും കണ്ടു. ഈ ദിവസം കലാമണ്ഡലത്തില്‍ സന്ദര്‍ശ്ശകരായി എത്തിയിരുന്ന നൂറോളം വരുന്ന സ്ക്കൂള്‍വിദ്യാര്‍ദ്ധികള്‍ക്കായി കൂത്തമ്പലത്തില്‍ സോദാഹരണക്ലാസ് നടക്കുന്നുണ്ടായിരുന്നു. ഇതില്‍ മോഹിനിയാട്ടത്തിന്റേയും തുള്ളലുകളുടേയും (ഓട്ടന്‍,ശീതങ്കന്‍,പറയന്‍) കഥകളിയുടേയും ക്ലാസുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കലാമണ്ഡലം വിദ്യാര്‍ദ്ധികള്‍ കഥകളിയും അവതരിപ്പിച്ചു. നളചരിതം രണ്ടാം ദിവസത്തെ കലി-ദ്വാപരന്മാരുടെ ഭാഗമായിരുന്നു അവതരിപ്പിച്ചത്.

കലാമണ്ഡലം നിളാക്യാമ്പസ്


തുടര്‍ന്ന് ഞങ്ങള്‍ നിളാതീരത്തുള്ള പഴയ കലാമണ്ഡലത്തിലേക്ക് നീങ്ങി. നിളാക്യാമ്പസ് ഹെഡ് ശ്രീ എം.പി.എസ്സ്.നമ്പൂതിരിയും പ്രശസ്ത നര്‍ത്തകി നീനാ പ്രസാദും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. മഹാകവി വളളത്തോളും മുകുന്ദരാജാവും ചേര്‍ന്ന് കലാമണ്ഡലം തുടങ്ങിയതു മുതല്‍ കുറേകാലം കളരികളും മറ്റും ഇവിടെ നടന്നിരുന്നു. ഇപ്പോള്‍ മ്യൂസിയം, ഗവേഷണകേന്ദ്രം എന്നൊക്കെയുള്ള നിലയിലാണ് ഇത് ഉള്ളത്. പുതിയ കലാമണ്ഡലത്തില്‍ കെട്ടിടങ്ങളുടേയും സന്ദര്‍ശകരുടെയും ബാഹുല്യം മൂലം ഒരു നഗരാന്തരീക്ഷം അനുഭവപ്പെട്ടു. എന്നാല്‍ നിളാതീരത്ത് വന്‍‌മരങ്ങള്‍ നിറഞ്ഞതും പഴയകെട്ടിടങ്ങളോടുകൂടിയതും ആള്‍തിരക്കില്ലാത്തതുമായ പഴയ കലാമണ്ഡലത്തില്‍ ചെന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രശാന്തതയാണ് അനുഭവപ്പെട്ടത്. മഹാഗുരുക്കള്‍ പഠിപ്പിച്ചിരുന്ന ഇവിടുത്തെ കളരിയില്‍ നിന്നും എത്രമഹാന്മാരാണ് പ്രസ്തിയുടെ പടവുകളേറി ഉയര്‍ന്നുവന്നത്. അവരെയൊക്കെ സ്മരിച്ചുകൊണ്ട് നടന്നപ്പോള്‍ അവിടെ കളരിയുടെ വലിയ പൂമുഖം കണ്ടു. പണ്ട് വിശേഷാവസരങ്ങളില്‍ ഈ പൂമുഖം സ്റ്റേജാക്കിയാണ് കഥകളികള്‍ നടത്താറ്. ഈ സമയത്ത് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി കുഞ്ചുനായരാശാന്റെ ഷ്ടഷ്ട്യബ്ദപൂര്‍ത്തിക്ക് തന്റെ ഭാര്യാപിതാവിനൊപ്പം(കുടമാളൂര്‍ കരുണാകരന്‍ നായര്‍) ഇവിടെ വന്നതും ‘ഉഷ-ചിത്രലേഖ’ ആടിയതുമായ സ്മരണകള്‍ ഞങ്ങളുമായി പങ്കുവെച്ചു. മഹാകവിയുടേയും പത്നിയുടേയും ശവകുടീരങ്ങള്‍ വലംവച്ച് അദ്ദേഹത്തെ നമിച്ചുകൊണ്ട് ഞങ്ങള്‍ മ്യൂസിയത്തിലേക്ക് കടന്നു. ഇവിടെ കണ്ട പ്രധാനകാഴ്ച്ചകള്‍-

കഥകളിലോകത്തെ മണ്‍മറഞ്ഞ കലാകാരന്മാരുടേയും മഹാകവിയുടേയും മുകുന്ദരാജാവിന്റേയും രേഖാചിത്രങ്ങള്‍, ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌നായരാശാന്റേയും(പച്ചവേഷത്തില്‍) കലാമണ്ഡലം ഗോപിയുടേയും (പച്ച,കത്തി വേഷങ്ങളിലായി) ചെറുപ്പകാലത്തെ നവരസാഭിനയത്തിന്റെ ചിത്രങ്ങള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്നതായി കരുതുന്ന മെയ്ക്കോപ്പുകളും കിരീടങ്ങളും ‍(ശിവനുള്ള നാഗപ്പത്തികൊത്തിയ ഉത്തരീയം, പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത കരിയുടെ മുടി,വണ്ടിന്‍‌തോട് തുടങ്ങിയവയാല്‍ മോടിപിടിപ്പിച്ച പഴയ കിരീടങ്ങള്‍,തടിയില്‍ നിര്‍മ്മിച്ച കൊക്ക്,പന്നിയുടെ മുഖം‌മൂടി,ആനക്കൊമ്പ് തുടങ്ങിയവ), മഹാനടന്‍ കാവുങ്കല്‍ ശങ്കരപണിക്കര്‍ ഉപയോഗിച്ചിരുന്ന കൃഷ്ണമുടി.

കലാമണ്ഡലം ക്യാമ്പസിനുളളില്‍ ചിത്രമെടുക്കുന്നത് നിരോധിച്ചിരിക്കുന്നതിനാല്‍ ചിത്രങ്ങളൊന്നും പകര്‍ത്താനായില്ല.

മഹാകവിയുടെ ചാരുകസേര


പിന്നീട് ഞങ്ങള്‍ മഹാകവിയുടെ ഭവനം സംന്ദര്‍ശിച്ചു. ഇരുനിലകളിലായി കല്ലിലും തടിയിലും തീര്‍ത്തിരിക്കുന്ന ഈ ഭവനം ഇപ്പോള്‍ മ്യൂസിയമായി സൂക്ഷിച്ചിരിക്കുകയാണ്. മഹാകവിഉപയോഗിച്ചിരുന്ന കട്ടില്‍, കസേരകള്‍, പാദരക്ഷകള്‍, പേനകള്‍, ഡയറികള്‍, കണ്ണട,ഊന്നുവടികള്‍,വസ്ത്രങ്ങള്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പഴയ പതിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കവിയുടെ ജീവിതചര്യയുടെ ഭാഗങ്ങള്‍

അദ്ദേഹത്തിന്റെ യാത്രകളില്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ലഭിച്ചിട്ടുള്ളതായ സമ്മാനങ്ങളും(ബഹുമതിപത്രങ്ങള്‍,വെള്ളിയിലും കളിമണ്ണിലും ഉള്ള വിശേഷങ്ങളായ പാത്രങ്ങള്‍, പെട്ടികള്‍,പുസ്തകങ്ങള്‍ തുടങ്ങിയവ), മഹാകവി മുന്‍പ് കുഞ്ചുനായരാശാനു സമ്മാനിച്ചതായ ഒരു കിരീടവും ഇവിടെ കണ്ടു.




വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തിയ ഞങ്ങള്‍ അവിടെ തങ്ങി. തിരക്ക് നന്നെ കുറവായിരുന്നതിനാല്‍ സുഖമായി ദര്‍ശനം കഴിക്കുവാന്‍ സാധിച്ചു.

26നു വെളുപ്പിന് 4:30നു യാത്രയാരംഭിച്ച ഞങ്ങള്‍ കാടാമ്പുഴയില്‍ എത്തി ദേവീദര്‍ശനം ചെയ്ത ശേഷം കോട്ടക്കലേക്ക് യാത്ര തുടര്‍ന്നു. 8:30ന് കോട്ടക്കലില്‍ എത്തിയ ഞങ്ങള്‍ ആര്യവൈദ്യശാലവക വിശ്വഭരക്ഷേത്രത്തിലും(വിഷ്ണു) കോവിലകംവക വെങ്കിട്ടതേവര്‍(ശിവന്‍) ക്ഷേത്രത്തിലും ദര്‍ശനം കഴിഞ്ഞ് കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘത്തിന്റെ കളരികളിലേക്ക് നീങ്ങി. ശ്രീ കോട്ടക്കല്‍ നാരായണന്‍ സംഗീതത്തിന്റേയും ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയുടേയും ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിന്റേയും ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. കോപ്പുപണികളും ഒരുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു.



ചൊല്ലിയാട്ട കളരിയില്‍ ആദ്യം തോടയം പുറപ്പാട് എന്നിവകളാണ് എടുക്കുന്നത് കണ്ടത്. ശ്രീ കോട്ടക്കല്‍ ദേവദാസന്‍ ആണ് ഇവ ചൊല്ലിയാടിച്ചിരുന്നത്. അഞ്ച് കുട്ടികളാണ് അഭ്യസിച്ചിരുന്നത്. ശ്രീ കോട്ടക്കല്‍ സന്തോഷ് പൊന്നാനിപാടിയിരുന്നു. ശ്രീ കോട്ടക്കല്‍ മനിഷും ശ്രീ കോട്ടക്കല്‍ പ്രതീഷും യഥാക്രമം ചെണ്ടയും മദ്ദളവും വായിച്ചിരുന്നു.


തുടര്‍ന്ന് കഥചൊല്ലിയാടിക്കുവാന്‍ ആരംഭിച്ചു. കഥ നരകാസുരവധം ആയിരുന്നു. നരകാസുരന്റെ തിരനോട്ടം,പതിഞ്ഞപദം,പത്നിയുടെ മറുപടിപദം, ശബ്ദവര്‍ണ്ണന, നിണംവരവിന്റെ കേട്ടാ‍ട്ടം,പടപ്പുറപ്പാട് എന്നിവയൊക്കെയുള്‍ക്കൊള്ളുന്ന ചെറിയനരകാസുരന്റെ രംഗമാണ് അന്നെദിവസം ചൊല്ലിയാടിച്ചത്. നരകാസുരനായും പത്നിയായും ഈരണ്ടുകുട്ടികളെ ചൊല്ലിയാടിച്ചിരുന്നത് ശ്രീ കോട്ടക്കല്‍ കേശവനായിരുന്നു. ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണനും ശ്രീ സുരേഷും ആയിരുന്നു പദങ്ങള്‍ പാടിയത്. ശ്രീ കോട്ടക്കല്‍ വിജയരാഘവനും മനീഷും ചെണ്ടയും പ്രതീഷ് മദ്ദളവും കോട്ടിയിരുന്നു.


ഉച്ചക്കുശേഷം മടക്കയാത്ര ആരംഭിച്ച ഞങ്ങള്‍ പോരുംവഴി നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട് മഹാദേവക്ഷേത്രം,തൃപ്രയാര്‍ ശ്രീരാമക്ഷേത്രം,കോടുങ്ങല്ലൂര്‍ ശ്രീകുറുമ്പക്കാവ്, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.




“നിളയുടെ തീരത്ത് നാവായില്‍”


ഇങ്ങിനെ തിരുനക്കരതേവരുടെ നാട്ടില്‍നിന്നും തിരുവഞ്ചിക്കുളംതേവരുടെ അടുത്തുവരെയുള്ള യാത്ര സംഘത്തിലെ എല്ലാവര്‍ക്കും തൃപ്തികരമായി. ഈ യാത്ര സംഘടിപ്പിച്ച കോട്ടയം കളിയരങ്ങിനും സംഘാടകനായ പള്ളം ചന്ദ്രന്‍സാറിനും അകൈതവമായ നന്ദി.

കുചേലവ്യത്താന്തം

lgunypaഅടുത്തിടെയായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയുടെ കുചേലനായുള്ള കുചേലവ്യത്തം ധാരാളമായി കളിയരങ്ങുകളില്‍ നടക്കുന്നുണ്ട്. അതില്‍ 2-3എണ്ണം കാണുവാന്‍ സാധിച്ചു. ഉദയനാപുരത്തെ കളികഴിഞ്ഞ് എന്റെ ഭവനത്തില്‍ താമസിച്ച വേളയില്‍ അദ്ദേഹം കുചേലവേഷത്തേക്കുറിച്ച്,അനുഭവങ്ങളെകുറിച്ച് കുറച്ച് സംസാരിക്കുകയും ചെയ്തു.ഈ പസ്ചാസ്ഥലത്തിലാണ് എനിക്ക് എങ്ങിനെയൊന്ന് എഴുതണം എന്നു തോന്നിയത്.

ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല കുചേലന്‍ നെല്ലിയോട് തിരുമേനിയുടേതുതന്നെ എന്ന് നിസംശയം പറയാംഭക്തിയുടെ മൂര്‍ത്തീഭാവമായ കുചേലന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് ഉള്‍ക്കൊണ്ടാണദ്ദേഹം അവതരിപ്പിക്കുന്നത്. കുചേലന്റെ ദാരിദ്ര്യവും ദൈന്യതയും എദ്ദേഹം സ്തായിയായി നിലനിര്‍ത്തുന്നു.



ദാരിദ്ര്യദു:ഖത്തെപറഞ്ഞ് ക്യഷ്ണനെകാണാന്‍ പോകാന്‍ അഭ്യര്‍ദ്ധിക്കുന്ന പത്നിയോട് കുചേലന്‍ ‘രണ്ടുനാലു ദിനം കൊണ്ടോരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍”എന്ന ഈരടി മുദ്രാരൂപത്തില്‍ അവതരിപ്പിക്കും.
ഏഴുനിലമാളികയുടെ മുകളിലാണ് ഭഗവാന്‍ ഇരിക്കുന്നത് എന്നറിയുന്ന കുചേലന്‍ വിചാരിക്കുന്നു-‘കാമം,ക്രോദ്ധം,ലോഭം,മോഹം,മദം,മാത്സര്യം എന്നീ ആറുവിചാരങ്ങളാകുന്ന നിലകള്‍ കടന്നു ചെന്നാലേ ഈശ്വരസമീപം ചെല്ലാനാകു.’ ഈ ആട്ടങ്ങള്‍ കുചേലന്റെ ഭക്തിയും അറിവും ദോദിപ്പിക്കുന്നവയാണ്.





പദത്തിലെ വാക്കുകള്‍ക്ക് മുദ്രകാണിക്കുക എന്നതിലുപരിയായി വാക്കുകളെ വ്യാഘാനിച്ചു മുദ്രകാണിക്കുന്ന സന്വ്യദായമാണ് നെല്ലിയോട് അനുവര്‍ത്തിച്ചു വരുന്നത്.ക്യഷ്ണപര്യായമായി ‘അച്യതന്‍’ എന്ന് പദത്തില്‍ വരുന്നസ്തലത്ത് സാധാരണ എല്ലാവരും ക്യഷ്ണന്‍ എന്നുള്ള മുദ്രതന്നെയാണ് കാണിക്കുക പതിവ്. എന്നാല്‍ തിരുമേനി ആ പദത്തിന്റെ അര്‍ത്ഥമായ ‘നാശമില്ലാത്തവന്‍’ എന്നു തന്നെ മുദ്രകാണിക്കുന്നു.
‘വിജയസാരഥേ’ എന്നുള്ള സ്തലത്ത്, ‘അര്‍ജ്ജുനസാരഥിയായ് നിന്ന്, തളര്‍ച്ചയുണ്ടായസ്മയത്ത് വേണ്ട ഉപദേശങ്ങള്‍ നല്‍കി പാര്‍ത്ഥന് ധൈര്യത്തേനല്‍കി രക്ഷിച്ചവനേ‘ എന്നാണദ്ദേഹം മുദ്രകാണിക്കുക.
നെല്ലിയോടിന്റെകുചേലന്‍ ക്യഷ്ണനോട് യത്രപറയും മുന്‍പായി ലഘുവായി ഒരു ദശാവതാരം ആടാറുണ്ട്. ഇതും വളരേ മനോഹരമാണ്.







പണ്ട് എറണാകുളംക്ലബ്ബില്‍ ഒരു കുചേലവ്യത്തം.പ്രശസ്തനര്‍ത്തകന്‍ കൂടിയായ ശ്രീ ആനന്ദശിവറാമിന്റെ ക്യഷ്ണനും പതമശ്രീ വാഴേങ്കിട കുഞ്ചുനായരുടെ കുചേലനുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘എനിക്കു നല്ല സുഖം തോന്നുന്നില്ല,എന്ന് കളിക്ക് പോയാല്‍ നേരെയാവില്ല.നന്വൂരി പോയാല്‍മതി എനിക്കുപകരം.കുചേനോറ്റയാ വേഷം.’ എന്നു പറഞ്ഞ് കുഞ്ചുനായരാശാന്‍ നെല്ലിയോടിനെ നിയോഗിക്കുകയാണുണ്ടായത്. അങ്ങിനെ തന്റെ ഇരുപത്തി എട്ടാംവയസിലാണ് നെല്ലിയോട് ആദ്യമായി കുചേലവേഷം കെട്ടുന്നത്. അന്ന് ആസ്വാദകരുടെ മുക്തകണ്ഠം പ്രശംസക്കുപാത്രമായി അദ്ദേഹം. ആനന്ദശിവറാം തന്നെ കളിക്കുശേഷം തിരുമേനിയോടിങ്ങിനെ പറഞ്ഞു‘വളരേകാലത്തിനു ശേഷം ഒരുവേഷം കുഞ്ചുനായരശാനോടോപ്പം ചെയ്യാം എന്ന മോഹത്തിനു ഭംഗം വന്നപ്പോള്‍ ലേശം വിഷമം തോന്നി. എന്നാല്‍ ഇപ്പോള്‍ സന്തോഷായി.നമുക്കിനിയും ഒരുമിച്ചു വേഷം കെട്ടണം.’
അതിനുശേഷം കേരളത്തിലും പുറത്തുമായി അനവധി അരങ്ങുകളില്‍ നെല്ലിയോട് കുചേലവേഷംകെട്ടി, പ്രഗത്ഭരുള്‍പ്പെടെ പല നടന്മാരുടെ ക്യഷ്ണന്മാരോടോപ്പം.
ക്യഷ്ണനായരാശാനും ക്യഷ്ണന്‍‌കുട്ടിപോതുവാളും ഒക്കെ കൊല്ലത്തിനടുത്ത് ഒരു കളരിയില്‍ ജോലിചെയ്യുന്നകാലത്ത്അവിടെ ക്യഷ്ണന്‍ നായരുടെ വ്യത്യസ്തവേഷങ്ങള്‍ അവതരിപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ ‘ഈത്തവണ ക്യഷ്ണന്‍ നായരുടെ കുചേലവ്യത്തത്തില്‍ ക്യഷ്ണനാകട്ടെ’ എന്ന് പൊതുവാളാശാന്‍ നിശ്ചയിച്ചു. അപ്പോള്‍ മറ്റാരോ പറഞ്ഞു ‘എന്നാല്‍ കുടമാളൂരിന്റെ കുചേലനായിക്കോട്ടെ’ എന്ന്. അപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നിര്‍ദേശിച്ചു-‘എന്റെ ക്യഷ്ണനാകുന്വോള്‍ കുടമാളൂര്‍ രുഗ്മിണിയല്ലെ ആകേണ്ടത്. കുചേലനായി നെല്ലിയോട് മതി,നന്നാവും.’അങ്ങിനെയാണ് തിരുമേനി ആദ്യമായി കലാ:ക്യഷ്ണന്‍ നായര്‍ക്കൊപ്പം കുചേലവേഷം കെട്ടുന്നത്.
ഒരിക്കല്‍ ക്യഷ്ണന്‍ നായരുടെ ക്യഷ്ണന്‍ തിരുമേനിയുടെ കുചേലനോട് സുഖവിവരങ്ങള്‍ അന്യൂഷിക്കുന്നകൂട്ടത്തില്‍ ‘ഇല്ലത്തെങ്ങിനെയാ കഴിഞ്ഞുകൂടാനുള്ള വകയൊക്കെയൊണ്ടോ?’ എന്നുചോദിച്ചു. ഉത്തരം പറയാത്തതിനാല്‍ വീണ്ടും ഒരു വട്ടം കൂടി ചോദിച്ചു. അപ്പോള്‍ കുചേലന്‍ ഇങ്ങിനെ പറഞ്ഞു ‘സര്‍വജ്ഞനായ അങ്ങേക്ക് എല്ലാകാര്യങ്ങളും അറിവുള്ളതല്ലെ? പിന്നെ ഇങ്ങിനെ ചോദിച്ച് എന്നെ വട്ടത്തിലാക്കണോ?’അന്നത്തെ കളികഴിഞ്ഞ് തുടച്ചുകൊണ്ടിരുന്നപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നെല്ലിയോടിനോട് ഇങ്ങിനെ പറഞ്ഞുവത്രെ-‘ഏയ് ക്യഷ്ണന്‍ അങ്ങിനെ ചോദിക്കാന്‍ പാടില്ലാല്ലെ? അതു കളിയാക്കല്‍ പോലെ തോന്നുംല്ലെ?ഏതായാലും നന്വൂരി നല്ല ഉത്തരം പറഞ്ഞു രക്ഷിച്ചു.‘

നെല്ലിയോട് തിരുമേനിക്കൊപ്പം.


കഴിഞ്ഞദിവസം, കഥകളിയില്‍ ഇക്കാലത്തെ ചുവന്നതാടി വേഷക്കാരില്‍ അഗ്രഗണ്യനായ ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയോടോപ്പം കുറച്ചു സമയം ചിലവിടാനായി.മലപ്പുറം വണ്ടൂരില്‍ നെല്ലിയോട് ഇല്ലത്ത് 1957 ജനിച്ച ഇദ്ദേഹം കുലധര്‍മ്മങ്ങളായ പൂജാദികള്‍ കുട്ടിക്കാലത്തു തന്നെ പഠിച്ചു, കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തില്‍,പത്മശ്രീ വാഴേങ്കിട കുഞ്ചുനായരാശാന്റെ കീഴിലാണ് നന്വൂതിരി കഥകളി അഭ്യാസം ആരംഭിച്ചത്.പിന്നീട് കുഞ്ചുനായരാശാന്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി പോയപ്പോള്‍ നെല്ലിയോടും കലാമണ്ഡലത്തില്‍ ചേര്‍ന്ന് അഭ്യസനം തുടര്‍ന്നു.ചുവന്നതാടിക്കു ചേര്‍ന്ന മുഖവും കണ്ണും ആണ് തിരുമേനിക്കുള്ളത്.അരങ്ങുകളില്‍ താമസ സ്വഭാവികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാസുദേവന്‍ നന്വൂതിരി ജീവിതത്തില്‍ പരമ സാത്വികനാണ്. തിരുവന്തപുരം സെന്‍‌ട്രല്‍ സ്കൂളില്‍നിന്നും കഥകളി അദ്ധ്യാപകനായി വിരമിച്ച നന്വൂതിരി ഇപ്പോള്‍ പൂജപ്പുരയിലാണ് താമസം.സ്വഭവനത്തില്‍ തന്നെ ഇദ്ദേഹവും പുത്രനും ചേര്‍ന്ന് വാഴേങ്കിട കുഞ്ചുനായര്‍ സ്മാരകമായി ഒരു കലാകേന്ദ്രം നടത്തിവരുന്നുണ്ട്.കഴിഞ്ഞവര്‍ഷങ്ങളിലായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിക്ക് കേന്ദ്ര-കേരള സംഗീത നാടക അക്കാദമികളുടെ പുരസ്ക്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഏറ്റവും അടുത്ത കിട്ടിയ ഇരിങ്ങാലക്കുടക്ലബ്ബിന്റെ പുരസ്ക്കാരമുള്‍പ്പെടെ മറ്റു നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒരു താടിവേഷക്കാരന്റെ അടുക്കല്‍ പ്രത്യേകമായി പഠനം ഉണ്ടായിട്ടില്ല എന്നും കുഞ്ചുനായരാശാനാണ് തന്നെ എല്ലാം പഠിപ്പിച്ചിട്ടുള്ളതെന്നും, പില്‍ക്കാലത്ത് സ്വന്തമായി പുരാണപരിചയത്തിലൂടെ കഥയേയും കഥാപാത്രങ്ങളേയും കൂടുതല്‍ പഠിക്കുകയും അങ്ങിനെ ആട്ടങ്ങള്‍ ചിട്ടപ്പെടുത്തുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ഈ പഠനം തുടരുന്നു എന്നാണ് തിരുമേനിപറഞ്ഞത്.കഥകളിയെന്ന കലാരൂപത്തെ അത്യധികം സ്നേഹിക്കുന്ന നെല്ലിയോട്, താനാടുന്ന ഓരോകഥാപാത്രത്തേയും കുറിച്ച് ബോധവാനാണ്.ഈ ഓരോകഥാപാത്രത്തേയും കുറിച്ച് ഇദ്ദേഹം വളരെ സംസാരിച്ചു.
ചുവന്നതാടിവേഷം എന്നാല്‍ കുറേബഹളം വയ്ക്കുന്ന രീതീല്‍ ആണ് ഇപ്പോള്‍ കണ്ടുവരുന്നത് എന്നും,പലരും ആട്ടത്തിനായി അരങ്ങില്‍ കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നതായി തോന്നുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തനിക്കും പണ്ട് അങ്ങിനെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ പില്‍ക്കാലത്ത് അതുമാറ്റി ആട്ടം ചിട്ടപ്പെടുത്തി മിതപ്പെടുത്താനായി ശ്രമിച്ചു. ഇങ്ങനെ താന്‍ ചിട്ടപ്പെടുത്തിയെടുത്ത ആട്ടങ്ങള്‍ ഒരു ആട്ടപ്രകാരം എന്നരീതിയില്‍ എഴുതി വച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ അത് പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വാസുപ്പിഷാരടിക്കൊപ്പം
















കഴിഞ്ഞ ദിവസം പ്രശസ്ത കഥകളി നടന്‍ ശ്രീ കലാ:വാസുപ്പിഷാരടിക്കൊപ്പം കുറച്ചുസമയം ചിലവഴിക്കാനായി.പച്ച,കത്തി,കരി,മിനുക്ക് വേഷങ്ങള്‍ എല്ലാം കൈകാര്യം ചെയ്തുകൊണ്ട് കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി കഥകളിരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വാതസംബന്ധരോഗം നിമിത്തം എപ്പോള്‍ ചികിത്സയിലാണ്.ഒരു വേഷം കെട്ടിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷങ്ങളായി എന്ന് ഷാരടിയാശാന്‍ പറഞ്ഞു.
ശ്രീ വാഴേങ്കിടകുഞ്ചുനായര്‍ ആണ് വാസുപ്പിഷാരടിയുടെ പ്രധാന ഗുരു. കഥകളിയില്‍ കുഞ്ചുനായര്‍ക്കുണ്ടായിരുന്ന പ്രത്യേകമായഒരു ശൈലിയാണ് ഇദ്ദേഹം അനുവര്‍ത്തിച്ചു പോരുന്നത്. സര്‍ഗ്ഗവാസനയാലും അഭ്യാസഗുണത്താലും അഭിനയഗുണത്താലും ഇദ്ദേഹം കഥകളിരംഗത്ത് തന്റേതായഒരു സ്താനം നേടിയെടുത്തിട്ടുണ്ട്. അവതരിപ്പിച്ച ഒരോവേഷങ്ങളുംആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പച്ച,കത്തി,കരി,മിനുക്ക് എല്ലാവേഷങ്ങളും നന്നായി കൈകാര്യം ചെയ്യും എന്നുള്ളതും എദ്ദേഹത്തിന്റെ പ്രത്യേകതയാണ്. കലാമണ്ഡലത്തില്‍ അദ്ധ്യാപകനായിരുന്ന വാസുപ്പിഷാരടി ഇപ്പോള്‍ കോങ്ങാടുള്ള തന്റെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്നു.
അസുഖം പിടിപെട്ടതും തുടര്‍ന്നുള്ള ജീവിതത്തേയും അദ്ദേഹം ഇങ്ങനെ അനുസ്മരിക്കുന്നു.-“ഏതാണ്ട് നാലുവര്‍ഷങ്ങള്‍ക്കു മുന്വാണ് വാതരോഗം പിടിപെട്ട് വേഷം കെട്ടുവാന്‍ സാധിക്കാതെ വന്നുത്. തുടര്‍ന്ന് കോട്ടക്കല്‍ പി.സ്സ്.വാര്യരുടേയും പ്രശസ്ത അലോപ്പതി ഡോക്ടര്‍മനോജ് കുമാറിന്റേയും ചികിത്സയില്‍ ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് അസുഖം ഏറെക്കുറെ ഭേദമായി.തുടര്‍ന്ന് ആ കൊല്ലം എഴുപതിലേറെ വേഷങ്ങള്‍ കെട്ടി. എന്നു മാത്രമല്ലാ കൈകാര്യം ചെയ്യുന്ന വേഷം നന്നായിചെയ്യണം എന്നു നിര്‍ബന്ധം ഉള്ളതിനാലും, ഉപായത്തില്‍ കഴിക്കുന്ന ശീലമില്ലാത്തതിനാലും അന്നും അരങ്ങില്‍ നല്ലവണ്ണം പണിയേടുത്തു.എതിനാല്‍ അസുഖം വീണ്ടും തലപൊക്കിതുടങ്ങി. ഈ സമയത്താണ് സംഗീതനാടകഅക്കാദമി അവാര്‍ഡ് ലഭിക്കുന്നത്.അത് ന്യൂദല്‍ഹിയില്‍

വച്ചാണ്‍സമ്മാനിക്കപ്പെട്ടത്.അതിനോടനുബ്ന്ധിച്ച് അന്ന് ദല്‍ഹിയില്‍നടന്ന കളിയില്‍ രണ്ടു ദിവസവും വേഷം ഉണ്ടായിരുന്നു. സാധാരണ പുര‍സ്ക്കാരം ലഭിക്കുന്ന കലാകാരന് ഒരു ദിവസത്തേപരിപാടിയിലേ അവസരം ലഭിക്കാറുള്ളു. എന്നാല്‍ എനിക്ക് രണ്ടുദിവസവും വേഷം ലഭിച്ചു. ആ അസുലഭാവസരം പാഴാക്കണ്ടാ എന്നുകരുതി അസുഖം കണക്കാക്കാതെ വേഷംകെട്ടി. വേദനയുള്ള കാലില്‍ വേദനയറിയാതെയിരിക്കുവാനുള്ള ഇഞക്ഷനെടുത്തുകൊണ്ടാണ് അന്ന് കളിച്ചത്. അതിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ അസുഖം മൂര്‍ച്ചിച്ചു. കാലുകള്‍ മാത്രമല്ലാ കൈകളേയും വാതം ബാധിച്ചു. ഈ സമയത്താണ് ഇന്റെ ഷഷ്ഠിപൂര്‍ത്തി ആസ്വാദകരുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കപ്പെട്ടത്. അതിനാല്‍ എനിക്ക് അന്നു വേഷം കെട്ടാനായില്ലാ. ഇക്കാര്യത്തില്‍ ഗോപിയേട്ടനൊക്കെ വളരെ ഭാഗ്യവാനാണ് തന്റെ എഴുപതാം പിറന്നാളിനും വേഷംകെട്ടി അരങ്ങില്‍ പ്രവര്‍ത്തിക്കുവാനായല്ലൊ. അദ്ദേഹം പ്രത്യേകമായിവിളിച്ചിരുന്നു, എങ്കിലും അനാരോഗ്യം നിമിത്തം അതില്‍ എനിക്ക് പങ്കെടുക്കാനായില്ലാ.
കുറച്ചുനാള്‍ മുന്‍പ് രോഗം മാറാന്‍ ശസ്ത്രക്രിയ ചെയ്താലൊ എന്ന് ആലോചിച്ചു.എന്നാല്‍ ആയിടക്ക് വൈദ്യമഠം നന്വൂതിരിയുമായി യാദ്യശ്ചികമായി ബെന്ധപ്പെടാന്‍ ഒരു അവസരമുണ്ടായി.അന്ന് തന്റെ രോഗവിവരങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം എന്നേഅങ്ങോട്ട് വിളിപ്പിച്ച് പരിശോധിച്ചു.”ശസ്ത്രക്രിയ വേണ്ടാഡൊ, നമുക്കൊരൂട്ടം ചികിത്സകളോക്കെ നോക്കാടൊ,”എന്ന് അദ്ദേഹംപറഞ്ഞതനുസ്സരിച്ച് അവിടെ ചികിത്സകള്‍ ചെയ്തുതുടങ്ങി.ഇപ്പോള്‍ നല്ല വിത്യാസങ്ങള്‍ ഉണ്ട്.കുഴന്വുതേച്ചുകുളി,കഷായസേവാ,പധ്യം ഒക്കെയായി പോകുന്നു.കൂടാതെ എപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് കോഴ്സുകള്‍ ചെയ്യുന്നുണ്ട്. ഇത് ശരീരത്തിനും മനസ്സിനും വളരെ നല്ലതായി അനുഭവപ്പെടുന്നുണ്ട്.“
തന്റെ ശിഷ്യരായ ഏറ്റുമാനൂര്‍ കണ്ണന്‍, കലാ:ഷണ്മുഖന്‍ തുടങ്ങിയുള്ളവര്‍ അരങ്ങില്‍ പ്രവര്‍ത്തിച്ച് നന്നായി വരുന്നുണ്ടെന്നുകേള്‍ക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രംഗത്ത് പ്രോത്സാഹിപ്പിക്കുകയും തന്റെ രോഗാവസ്തയില്‍ വന്നുകാണുകയും ചെയ്ത സഹ്യദയര്‍ക്കെല്ലാം സ്നേഹവും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാരടിയാശാന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ ഉണ്ടാകട്ടെ എന്നുംഅദ്ദേഹത്തിന്റെ അസുഖം ഭേദമായി അരങ്ങില്‍ എനിയും ചിലവേഷങ്ങള്‍ കെട്ടാനാകട്ടെ എന്നും ആശംസിച്ചുകൊണ്ടും ഇതിനായി സര്‍വേശ്വരനോടു പ്രാര്‍ധിച്ചുകൊണ്ടും ഈ റിപ്പോര്‍ട്ട്അവസാനിപ്പിക്കുന്നു.