ഞങ്ങള്‍ ഏതാണ്ട് 11 മണിയോടെ കേരള കലാമണ്ഡലത്തില്‍ എത്തി. കഥകളി ചൊല്ലിയാട്ടകളരി അപ്പോഴേക്കും കഴിഞ്ഞിരുന്നതിനാല്‍ അത് കാണാനായില്ല. മൃദംഗം,തിമില,മിഴാവ്,തുടങ്ങിയവയുടേയും ഓട്ടന്തുള്ളല്‍,മോഹിനിയാട്ടം തുടങ്ങിയവയുടേയും കഥകളി ചുട്ടി,കോപ്പുപണി എന്നിവയുടേയും ക്ലാസുകള്‍ നടക്കുന്നുണ്ടായിരുന്നു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷണന്‍,ശ്രീ കലാമണ്ഡലം വിജയകൃഷണന്‍ എന്നിവര്‍ ചെണ്ടക്ലാസും ശ്രീ കലാമണ്ഡലം ശശി മദ്ദളക്ലാസും എടുക്കുന്നതും കണ്ടു. ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍ കഥകളി ക്ലാസും എടുക്കുന്നുണ്ടായിരുന്നു. പാട്ടും കൊട്ടും അദ്ദേഹം തന്നെ ചെയ്തുകൊണ്ട് ‘കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍’ എന്ന കിര്‍മ്മീരവധം കൃഷ്ണന്റെ പദമാണ് ആസമയത്ത് അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് കലാമണ്ഡത്തിലെ ആര്‍ട്ട് ഗാലറിയില്‍ കുറച്ച് ചിത്രങ്ങളും കഥകളി രൂപങ്ങളും കണ്ടു. ഈ ദിവസം കലാമണ്ഡലത്തില്‍ സന്ദര്‍ശ്ശകരായി എത്തിയിരുന്ന നൂറോളം വരുന്ന സ്ക്കൂള്‍വിദ്യാര്‍ദ്ധികള്‍ക്കായി കൂത്തമ്പലത്തില്‍ സോദാഹരണക്ലാസ് നടക്കുന്നുണ്ടായിരുന്നു. ഇതില്‍ മോഹിനിയാട്ടത്തിന്റേയും തുള്ളലുകളുടേയും (ഓട്ടന്‍,ശീതങ്കന്‍,പറയന്‍) കഥകളിയുടേയും ക്ലാസുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കലാമണ്ഡലം വിദ്യാര്‍ദ്ധികള്‍ കഥകളിയും അവതരിപ്പിച്ചു. നളചരിതം രണ്ടാം ദിവസത്തെ കലി-ദ്വാപരന്മാരുടെ ഭാഗമായിരുന്നു അവതരിപ്പിച്ചത്.
കലാമണ്ഡലം നിളാക്യാമ്പസ്
തുടര്‍ന്ന് ഞങ്ങള്‍ നിളാതീരത്തുള്ള പഴയ കലാമണ്ഡലത്തിലേക്ക് നീങ്ങി. നിളാക്യാമ്പസ് ഹെഡ് ശ്രീ എം.പി.എസ്സ്.നമ്പൂതിരിയും പ്രശസ്ത നര്‍ത്തകി നീനാ പ്രസാദും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. മഹാകവി വളളത്തോളും മുകുന്ദരാജാവും ചേര്‍ന്ന് കലാമണ്ഡലം തുടങ്ങിയതു മുതല്‍ കുറേകാലം കളരികളും മറ്റും ഇവിടെ നടന്നിരുന്നു. ഇപ്പോള്‍ മ്യൂസിയം, ഗവേഷണകേന്ദ്രം എന്നൊക്കെയുള്ള നിലയിലാണ് ഇത് ഉള്ളത്. പുതിയ കലാമണ്ഡലത്തില്‍ കെട്ടിടങ്ങളുടേയും സന്ദര്‍ശകരുടെയും ബാഹുല്യം മൂലം ഒരു നഗരാന്തരീക്ഷം അനുഭവപ്പെട്ടു. എന്നാല്‍ നിളാതീരത്ത് വന്‍മരങ്ങള്‍ നിറഞ്ഞതും പഴയകെട്ടിടങ്ങളോടുകൂടിയതും ആള്‍തിരക്കില്ലാത്തതുമായ പഴയ കലാമണ്ഡലത്തില്‍ ചെന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രശാന്തതയാണ് അനുഭവപ്പെട്ടത്. മഹാഗുരുക്കള്‍ പഠിപ്പിച്ചിരുന്ന ഇവിടുത്തെ കളരിയില്‍ നിന്നും എത്രമഹാന്മാരാണ് പ്രസ്തിയുടെ പടവുകളേറി ഉയര്‍ന്നുവന്നത്. അവരെയൊക്കെ സ്മരിച്ചുകൊണ്ട് നടന്നപ്പോള്‍ അവിടെ കളരിയുടെ വലിയ പൂമുഖം കണ്ടു. പണ്ട് വിശേഷാവസരങ്ങളില്‍ ഈ പൂമുഖം സ്റ്റേജാക്കിയാണ് കഥകളികള്‍ നടത്താറ്. ഈ സമയത്ത് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാത്തൂര്‍ ഗോവിന്ദന്‍കുട്ടി കുഞ്ചുനായരാശാന്റെ ഷ്ടഷ്ട്യബ്ദപൂര്‍ത്തിക്ക് തന്റെ ഭാര്യാപിതാവിനൊപ്പം(കുടമാളൂര്‍ കരുണാകരന്‍ നായര്‍) ഇവിടെ വന്നതും ‘ഉഷ-ചിത്രലേഖ’ ആടിയതുമായ സ്മരണകള്‍ ഞങ്ങളുമായി പങ്കുവെച്ചു. മഹാകവിയുടേയും പത്നിയുടേയും ശവകുടീരങ്ങള്‍ വലംവച്ച് അദ്ദേഹത്തെ നമിച്ചുകൊണ്ട് ഞങ്ങള്‍ മ്യൂസിയത്തിലേക്ക് കടന്നു. ഇവിടെ കണ്ട പ്രധാനകാഴ്ച്ചകള്‍-
കഥകളിലോകത്തെ മണ്‍മറഞ്ഞ കലാകാരന്മാരുടേയും മഹാകവിയുടേയും മുകുന്ദരാജാവിന്റേയും രേഖാചിത്രങ്ങള്‍, ശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരാശാന്റേയും(പച്ചവേഷത്തില്‍) കലാമണ്ഡലം ഗോപിയുടേയും (പച്ച,കത്തി വേഷങ്ങളിലായി) ചെറുപ്പകാലത്തെ നവരസാഭിനയത്തിന്റെ ചിത്രങ്ങള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്നതായി കരുതുന്ന മെയ്ക്കോപ്പുകളും കിരീടങ്ങളും (ശിവനുള്ള നാഗപ്പത്തികൊത്തിയ ഉത്തരീയം, പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത കരിയുടെ മുടി,വണ്ടിന്‍തോട് തുടങ്ങിയവയാല്‍ മോടിപിടിപ്പിച്ച പഴയ കിരീടങ്ങള്‍,തടിയില്‍ നിര്‍മ്മിച്ച കൊക്ക്,പന്നിയുടെ മുഖംമൂടി,ആനക്കൊമ്പ് തുടങ്ങിയവ), മഹാനടന്‍ കാവുങ്കല്‍ ശങ്കരപണിക്കര്‍ ഉപയോഗിച്ചിരുന്ന കൃഷ്ണമുടി.
കലാമണ്ഡലം ക്യാമ്പസിനുളളില്‍ ചിത്രമെടുക്കുന്നത് നിരോധിച്ചിരിക്കുന്നതിനാല്‍ ചിത്രങ്ങളൊന്നും പകര്‍ത്താനായില്ല.
പിന്നീട് ഞങ്ങള്‍ മഹാകവിയുടെ ഭവനം സംന്ദര്‍ശിച്ചു. ഇരുനിലകളിലായി കല്ലിലും തടിയിലും തീര്‍ത്തിരിക്കുന്ന ഈ ഭവനം ഇപ്പോള്‍ മ്യൂസിയമായി സൂക്ഷിച്ചിരിക്കുകയാണ്. മഹാകവിഉപയോഗിച്ചിരുന്ന കട്ടില്‍, കസേരകള്‍, പാദരക്ഷകള്‍, പേനകള്‍, ഡയറികള്‍, കണ്ണട,ഊന്നുവടികള്‍,വസ്ത്രങ്ങള്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പഴയ പതിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ യാത്രകളില്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ലഭിച്ചിട്ടുള്ളതായ സമ്മാനങ്ങളും(ബഹുമതിപത്രങ്ങള്‍,വെള്ളിയിലും കളിമണ്ണിലും ഉള്ള വിശേഷങ്ങളായ പാത്രങ്ങള്‍, പെട്ടികള്‍,പുസ്തകങ്ങള്‍ തുടങ്ങിയവ), മഹാകവി മുന്‍പ് കുഞ്ചുനായരാശാനു സമ്മാനിച്ചതായ ഒരു കിരീടവും ഇവിടെ കണ്ടു.
വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തിയ ഞങ്ങള്‍ അവിടെ തങ്ങി. തിരക്ക് നന്നെ കുറവായിരുന്നതിനാല്‍ സുഖമായി ദര്‍ശനം കഴിക്കുവാന്‍ സാധിച്ചു.
26നു വെളുപ്പിന് 4:30നു യാത്രയാരംഭിച്ച ഞങ്ങള്‍ കാടാമ്പുഴയില്‍ എത്തി ദേവീദര്‍ശനം ചെയ്ത ശേഷം കോട്ടക്കലേക്ക് യാത്ര തുടര്‍ന്നു. 8:30ന് കോട്ടക്കലില്‍ എത്തിയ ഞങ്ങള്‍ ആര്യവൈദ്യശാലവക വിശ്വഭരക്ഷേത്രത്തിലും(വിഷ്ണു) കോവിലകംവക വെങ്കിട്ടതേവര്‍(ശിവന്‍) ക്ഷേത്രത്തിലും ദര്‍ശനം കഴിഞ്ഞ് കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘത്തിന്റെ കളരികളിലേക്ക് നീങ്ങി. ശ്രീ കോട്ടക്കല്‍ നാരായണന്‍ സംഗീതത്തിന്റേയും ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയുടേയും ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിന്റേയും ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. കോപ്പുപണികളും ഒരുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു.
ചൊല്ലിയാട്ട കളരിയില്‍ ആദ്യം തോടയം പുറപ്പാട് എന്നിവകളാണ് എടുക്കുന്നത് കണ്ടത്. ശ്രീ കോട്ടക്കല്‍ ദേവദാസന്‍ ആണ് ഇവ ചൊല്ലിയാടിച്ചിരുന്നത്. അഞ്ച് കുട്ടികളാണ് അഭ്യസിച്ചിരുന്നത്. ശ്രീ കോട്ടക്കല്‍ സന്തോഷ് പൊന്നാനിപാടിയിരുന്നു. ശ്രീ കോട്ടക്കല്‍ മനിഷും ശ്രീ കോട്ടക്കല്‍ പ്രതീഷും യഥാക്രമം ചെണ്ടയും മദ്ദളവും വായിച്ചിരുന്നു.
തുടര്‍ന്ന് കഥചൊല്ലിയാടിക്കുവാന്‍ ആരംഭിച്ചു. കഥ നരകാസുരവധം ആയിരുന്നു. നരകാസുരന്റെ തിരനോട്ടം,പതിഞ്ഞപദം,പത്നിയുടെ മറുപടിപദം, ശബ്ദവര്‍ണ്ണന, നിണംവരവിന്റെ കേട്ടാട്ടം,പടപ്പുറപ്പാട് എന്നിവയൊക്കെയുള്‍ക്കൊള്ളുന്ന ചെറിയനരകാസുരന്റെ രംഗമാണ് അന്നെദിവസം ചൊല്ലിയാടിച്ചത്. നരകാസുരനായും പത്നിയായും ഈരണ്ടുകുട്ടികളെ ചൊല്ലിയാടിച്ചിരുന്നത് ശ്രീ കോട്ടക്കല്‍ കേശവനായിരുന്നു. ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണനും ശ്രീ സുരേഷും ആയിരുന്നു പദങ്ങള്‍ പാടിയത്. ശ്രീ കോട്ടക്കല്‍ വിജയരാഘവനും മനീഷും ചെണ്ടയും പ്രതീഷ് മദ്ദളവും കോട്ടിയിരുന്നു.
“നിളയുടെ തീരത്ത് നാവായില്‍”
ഇങ്ങിനെ തിരുനക്കരതേവരുടെ നാട്ടില്‍നിന്നും തിരുവഞ്ചിക്കുളംതേവരുടെ അടുത്തുവരെയുള്ള യാത്ര സംഘത്തിലെ എല്ലാവര്‍ക്കും തൃപ്തികരമായി. ഈ യാത്ര സംഘടിപ്പിച്ച കോട്ടയം കളിയരങ്ങിനും സംഘാടകനായ പള്ളം ചന്ദ്രന്‍സാറിനും അകൈതവമായ നന്ദി.
2 അഭിപ്രായങ്ങൾ:
നന്ദി. വിവരണം നന്നായി മണീ.
Nannaayirikkunnu yathraavivaranam...koode vanna oru pratheethiyundutto...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ