അനുസ്മരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുസ്മരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെങ്കിടക്യഷ്ണ ഭാഗവതര്‍

കഥകളിലോകംകണ്ട എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളായിരുന്നു ശ്രീ മുണ്ടായ വെങ്കിടക്യഷ്ണ ഭാഗവതര്‍. ഈ മേടം7ന് അദ്ദേഹത്തിന്റെ 51മത് ചരമദിനമാണ്.

ഘനശാരീരം,രാഗജ്ഞാനം,തെളിഞ്ഞ കണ്ഠവും സാധകവും,കടുകട്ടിയായ താളസ്ഥിതി,അക്ഷരസ്ഫുടത ഇവയെല്ലാമാണ് ഇദ്ദേഹത്തിന്റെ പാട്ടിന്റെ പ്രത്യേകതകള്‍.

ഷൊര്‍ണ്ണൂരിനടുത്ത് മുണ്ടായഗ്രാമത്തില്‍ 1056കന്നിമാസത്തില്‍ വെങ്കിടക്യഷ്ണന്‍ ഭൂജാതനായി.1070ല്‍ ഇദ്ദേഹം മൂത്തേടത്ത് വാസുദേവന്‍ നന്വൂതിരിയുടെ ശിഷ്യനായി കഥകളിക്ക് കച്ചകെട്ടി. തുടര്‍ന്ന് കഥകളി പഠിച്ച് മൂത്തേടത്ത് കളിയോഗത്തില്‍ സ്ത്രീവേഷങ്ങള്‍ കെട്ടി വരവെ,അദ്ദേഹത്തിന്റെ സംഗീതവാസന മനസ്സിലാക്കിയ ഗുരു കഥകളി സംഗീതത്തിലും ശിക്ഷണം നല്‍കി. പിന്നീട് വെങ്കിടക്യഷ്ണന്‍ ഈകളിയോഗത്തിലെ ശിങ്കിടിപാട്ടുകാരനായി മാറി.
എന്നാല്‍ പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍ മൂത്തേടത്ത് പാരന്വര്യത്തില്‍നിന്നും വിട്ട് ഭിന്നമായ ഒരു സംഗീതരീതി മെനഞ്ഞെടുത്തു. അനുജനും കര്‍ണ്ണാടകസംഗീതജ്ഞനുമായ രാമഭാഗവതരുമായിച്ചേര്‍ന്ന് കഥകളിസംഗീതത്തേ ശാസ്ത്രീയസംഗീതോപാധികളാല്‍ പുന:സംവിധാനം ചെയ്തു.വെങ്കിടക്യഷ്ണ ഭാഗവതര്‍ കര്‍ണ്ണാടകസംഗീതശൈലികള്‍ സാര്‍വ്വത്രീകമായി ഉപയോഗിച്ചിരിന്നു. ഭാവപ്രധാനമായിരുന്നു ഇദ്ദേഹത്തിന്റെ സംഗീതം.ആട്ടക്കഥാകാരന്‍ നിശ്ചയിച്ചിട്ടുള്ള രാഗങ്ങളെ മാറ്റിപാടുന്ന രീതി വെങ്കിടക്യഷ്ണ ഭാഗവതരോടുകൂടിയാണ് തുടങ്ങിയത്.

ചെറുപ്രായത്തില്‍ തന്നെ ചൊല്ലിയാടിക്കുവാനും അരങ്ങുനിര്‍വഹിക്കുവാനുമുള്ള പ്രാപ്തിനേടിയ വെങ്കിടക്യഷ്ണന്‍ 1078ല്‍ ഇടമന കളിയോഗത്തില്‍ പൊന്നാനി പാട്ടുകാരനായി ചേര്‍ന്നു. പിന്നീട് ഇദ്ദേഹം നെടുന്വുള്ളി,കവളപ്പാറ കളിയോഗങ്ങളിലും പ്രധാന പാട്ടുകാരനായി പ്രവര്‍ത്തിച്ചു. 1132ചിങ്ങത്തില്‍ വാതരോഗം മൂര്‍ഛിച്ച് കിടപ്പിലായ ഭാഗവതര്‍ ആവര്‍ഷം മേടം7ന് ഇഹലോകവാസം വെടിഞ്ഞു.

ഇദ്ദേഹത്തിന്റെ കാലശേഷം ശിഷ്യരില്‍പ്രധാനിയായ ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍ ഭാഗവതരുടെ സംഗീതരീതികള്‍ പിന്തുടര്‍ന്ന് ജനപ്രിയമാക്കി.

കലാമണ്ഡലം നീലകണ്ഠന്‍ നന്വീശന്‍



കഥകളിസംഗീതലോകത്ത് ഒരു വടവ്യക്ഷം പോലെ വിളങ്ങിനിന്നിരുന്ന മഹാഗായകനായിരുന്നു ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍. ഇന്ന് കഥകളി സംഗീതലോകത്തുള്ള ഗായകരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യന്മാരാണ്. നന്വീശനാശാന്റെ 23മത് ചരമവാര്‍ഷികമാണ് ഇന്ന്(മാര്‍ച്ച്29).

1095തുലാമാസത്തില്‍ പൊന്നാനിതാലൂക്കില്‍ കോതച്ചിറ‌അംശത്തില്‍ ജനിച്ച നീലകണ്ഠന്‍നന്വീശന്‍, ബാല്യത്തില്‍ത്തന്നെ വെള്ളാറ്റഞ്ഞൂര്‍ രാമന്‍‌നന്വീശന്റെ കൂടെ അഷ്ടപദിപ്പാട്ടും മേളക്കൊട്ടും പരിശീലിച്ചു. പിന്നീട് ഒരു പിഷാരോടിയുടെ അടുക്കല്‍നിന്നും തുള്ളലും വശമാക്കി. ജേഷ്ടന്‍ പരമേശ്വരന്‍ നന്വീശനുമായിചേര്‍ന്ന് തുള്ളല്‍ അവതരിപ്പിച്ചുനടന്നിരുന്നകാലത്ത് ഒരിക്കല്‍ കുന്നംകുളത്ത് മണപ്പാട്ട് എത്തുകയും, കക്കാട് കാര്‍ണപ്പാട് തന്വുരാന്‍ നീലകണ്ഠനെ സംഗീതം അഭ്യസിപ്പിക്കുകയുമുണ്ടായിട്ടുണ്ട്. പിന്നീട് കലാമണ്ഡലത്തിലെ ആദ്യബാച്ച്

വിദ്യാര്‍ത്ഥികളിലൊരാളായി ചേര്‍ന്ന ഇദ്ദേഹത്തിനെ അവിടെവെച്ച് സ്വാമിക്കുട്ടി ഭാഗവതര്‍,കുട്ടന്‍(രാമഗുപ്തന്‍)ഭാഗവതരും കഥകളിപ്പാട്ട് പഠിപ്പിച്ചു. പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍, പൂമുള്ളി കേശവന്‍നായര്‍, നീലകണ്ഠനുണ്ണിത്താന്‍, പനമണ്ണ കുഞ്ചുപ്പോതുവാള്‍ തുടങ്ങിയ ആക്കാലത്തെ പ്രധാനഗായകരോടോപ്പം പാടി നന്വീശന്‍ രംഗപരിചയം നേടി.

പൊന്നാനിപ്പാട്ടുകാരനായശേഷം തന്റെ ആലാപനത്തിലെ ചില സംഗീതപരമായ പിശകുകളെപറ്റിയുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ട് നന്വീശന്‍, ശാസ്ത്രീയസംഗീത അടിത്തറനേടുവാനായി കൊല്ലംങ്കോട് ഗോവിന്ദസ്വാമിയെ ഗുരുവാക്കി പഠനം നടത്തി. ‘കഥകളിപ്പാട്ട് പഠിക്കുന്നവര്‍ വെറും വാസനക്കാരായാല്‍പ്പോരാ, അവരെ ആദ്യം ശാസ്ത്രീയസംഗീതം പഠിപ്പിക്കണം’ എന്ന് നന്വീശനാശാന്‍ പിന്നീട് കലാമണ്ഡലത്തിന് നിര്‍ദ്ദേശം നല്‍കിയത് തന്റെ ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

പിന്നീട് കലാമണ്ഡലത്തില്‍ കഥകളിസംഗീതാദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, അവിടെനിന്നും പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ
പ്രധാനഗായകനും അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.

ഉറച്ച ചിട്ടയും താളവും,ശുദ്ധമായ സാഹിത്യോച്ചാരണം,അരങ്ങുനിയന്ത്രണം, സര്‍വ്വോപരി ഘനഗംഭീരമായ ശാരീരം എന്നിവയാണ് നന്വീശന്റെ അരങ്ങുപാട്ടിന്റെ പ്രധാന ഗുണങ്ങള്‍.
കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഭാഗവതര്‍ക്കുശേഷം ആ ദൌത്യം നന്വീശന്‍ ഏറ്റെടുത്തു. എന്നാല്‍ ഭാഗവതരുടെ ശൈലി അതുപോലെ പിന്തുടരുകയായിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച്, ആശൈലിയില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവുകത്വം നല്‍കി അവതരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ കോട്ടയം കഥകള്‍ തുടങ്ങിയ ചിട്ടപ്രധാനമായ കഥകള്‍ പാടുവാന്‍ പ്രധമഗുരുവായ സ്വാമിക്കുട്ടി ഭാഗവതരുടെ ശൈലിതന്നെയായിരുന്നു നന്വീശനാശാന്‍ സ്വീകരിച്ചിരുന്നത്.

അദ്ധ്യാപനപടുത്വവും ശിഷ്യവാത്സല്യവും ഉള്ള ഗുരുവായിരുന്നു കലാ:നീലകണ്ഠന്‍ നന്വീശന്‍. അതിനാല്‍തന്നെ ഇദ്ദേഹത്തിന് വളരെയധികം ശിഷ്യരുമുണ്ടായി. ഇത്രയധികം ശിഷ്യസന്വത്തുള്ള(ഒന്നാകിടക്കാരായ) ഒരു കഥകളിസംഗീതജ്ഞന്‍ വേറെ ഇല്ലതന്നെ എന്നു പറയാം. കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്,കലാ:എബ്രാന്തിരി,കലാ:ഹൈദ്രാലി തുടങ്ങിയവര്‍ എല്ലാം അരങ്ങുപാട്ടിന്റെ മാധുര്യത്താല്‍ ജനപ്രീതി നേടിയ ശിഷ്യരാണ്. ഇവരില്‍ കുറുപ്പാണ് നന്വീശന്‍ശൈലിയിടെ പ്രധാന പിന്തുടര്‍ച്ചക്കാരന്‍. മറ്റുചില ശിഷ്യരായ കലാ:ഗംഗാധരന്‍,കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ മുതലായവര്‍ ചൊല്ലിയാടിക്കുവാനുള്ള നന്വീശനാശാന്റെ കഴിവുസിദ്ധിച്ചിട്ടുള്ളവരാണ്.

1985 മാര്‍ച്ച് 29ന് ഈ കല്യഗായകന്‍ ജീവിതമാകുന്ന അരങ്ങില്‍ നിന്നും ചേങ്കിലവെച്ച് വിടവാങ്ങി. എന്നാല്‍ ഇന്നും സഹ്യദയമനസ്സുകളില്‍ ആഗാനങ്ങള്‍ മായാതെ നില്‍ക്കുന്നു.

കലാമണ്ഡലം ഉണ്ണിക്യഷ്ണകുറുപ്പ്(2)

ആദ്യപോസ്റ്റിനു അനുബന്ധമായി കുറുപ്പാശാന്റെ ചില ഓഡിയോകളും ഒരു വീഡിയോയും കൂടി ചേര്‍ക്കുന്നു.

നളചരിതം 2ംദിവസത്തിലെ നളനോട് വേര്‍പെട്ട ദമയന്തിയുടെ വിലാപമായ ‘അലസതാ വിലസിതം’,ഇത്ര ഭാവോദീപകമായി മറ്റൊരാളും പാടികേട്ടിട്ടില്ല.



കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത്
ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും
ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന്
നിഷ്പ്രയാസം സാധിക്കുന്നു.



നളചരിതം 3ംദിവസത്തിലെ ഉത്സാഹിതനായി പുറപ്പെടുന്ന സുദേവന്റെ ‘യാമി യാമി ഭൈമീ’
അദ്ദേഹത്തിന്റെ അരങ്ങുപാട്ടിന്റെ മഹിമ വിളിച്ചോതുന്ന ഒരു പദമാണ്.

‘യാമി യാമി‘ ശ്രദ്ധിക്കു-പതുക്കെ തുടങ്ങി പിന്നീട് കാലമുയര്‍ത്തി മദ്ദ്യമാവതിയുടെ മേളക്കൊഴുപ്പിലൂടെ ഒരു യാത്ര. ഓരോ വരികളും ആവര്‍ത്തിക്കുന്വോള്‍ ഒക്കെ വിവിധരീതിയിലാണ് പാടുന്നത്.
‘നാം‌-ഇഹസേവിച്ചുനില്‍പ്പു’ ,
‘അത്തലില്ലതുകൊണ്ട്-ആര്‍ക്കും’ ,
’ദി-ത്രി-ദിന പ്രാപ്യം’
‘ഞാന്‍ അറിയും എന്നല്ല അവന്‍’ ഇവിടെയൊക്കെ താളം മുറിയാതെ വാക്കുകള്‍ മുറിചും നിര്‍ത്തിയും ഉള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കു.
“ആളകന്വടികളോടും മേളവാദ്യഘോഷത്തോടും’ ഒന്നിനൊന്നുവെത്യസ്തമായാണ് ആവര്‍ത്തിക്കുന്നത്.


ഈ വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍-

http://www.blogger.com/video-play.mp4?contentId=25980096c3a077ad&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=bb04f75bbd13b396&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=ea0e747eabd64f5d&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=ec88bad9b1339eee&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=1c9d46747eda0aec&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=15a1230644afbaf0&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=5c404c19840505b6&type=video%2Fmp4

കലാമണ്ഡലം ഉണ്ണിക്യഷ്ണകുറുപ്പ്



കഥകളിസംഗീതലോകത്തെ എക്കാലത്തേയും മികച്ചഗായകനും അസാധാരണ പ്രതിഭയും ആയിരുന്ന ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ് ഇഹലോകവാസംവെടിഞ്ഞിട്ട് 20ആണ്ടുകള്‍ തികയുകയാണ് ഈ മാര്‍ച്ച് 4ന്.എന്നാല്‍ ഇന്നും അദ്ദേഹമുതിര്‍ത്ത സംഗീതാമ്യതം കളികന്വക്കാരുടെ മനസ്സുകളില്‍ മധുരസ്മരണകളായി നിലനില്‍ക്കുന്നു. ശേഘരിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ അരങ്ങുപാട്ടുകള്‍ കേട്ട് അതില്‍ ആക്യഷ്ടരായി, കുറുപ്പാശാന്റെ പാട്ടിനേക്കുറിച്ച് ഐതീഹ്യം‌പുരണ്ട കഥകളുമായി ഇന്നത്തെതലമുറ കളിയരങ്ങിലേക്കെത്തുന്നു. നിഷ്ക്കളങ്കശാരീരം,ത്രിസ്ഥായികളിലും ആയാസരഹിതമായുള്ള സഞ്ചാരം,ഉറച്ചതാളം,അഷരസ്ഫുടത, സോപാനരീതിയോടുള്ള ആഭിമുഖ്യം, പദങ്ങളുടെ അര്‍ത്ഥജ്ഞാനം,ഓരോ രംഗങ്ങളിലേയും ഭാവഘടനയെപ്പറ്റിയുള്ള ബോധം,സര്‍വ്വോപരി ലാളിത്യപൂര്‍ണ്ണവും അനായാസയതയും ഇവയൊക്കെയാണ് ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ സവിശേഷതകള്‍.


കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴിഗ്രാമത്തില്‍,പ്രശസ്ത വീണവിദ്വാനായിരുന്ന രാമന്‍‌കുളങ്ങര രാമക്കുറുപ്പിന്റേയും തെക്കേക്കര ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ല്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് ജനിച്ചു. ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ഇദ്ദേഹം ബാല്യത്തില്‍ തന്നെ സ്വപിതാവില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പാരന്വര്യകലയായ കളം‌പാട്ട് ഇദ്ദേഹം വശമാക്കി.പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്ന് കലാ: നീലകണ്ഠന്‍ നന്വീശന്റെ ശിഷ്യനായി കഥകളി സംഗീതം അഭ്യസിച്ചു.ചേര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോഴേക്കും തന്നെ നന്വീശനൊപ്പം പാടാറായി. ആ കാലത്ത് പ്രമുഖഗായകനായ ശ്രീ വെങ്കിടക്യഷ്ണഭാഗവതര്‍, ‘ഉണ്ണിക്യഷ്ണാ വാ’ എന്ന്പറഞ്ഞ് അദ്ദേഹത്തിനൊപ്പം പാടാന്‍ കുറുപ്പിനെ വിളിച്ചിരുന്നത്രെ. എന്നാല്‍ ഈ പഠനം കേവലം 3വര്‍ഷങ്ങളേ നീണ്ടുനിന്നുള്ളു. ഇന്നാല്‍ ഈ കാലയളവവില്‍ തന്നെ കുറുപ്പിലെ കഥകളിഗായകന്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ കലാമണ്ഡലം വിട്ട അദ്ദേഹം തന്റെ കനത്തപാരന്വര്യഗുണത്താലും ജന്മവാസനയാലും പില്‍ക്കാലത്ത് കഥകളിസംഗീതത്തിലെ കിരീടംവെയ്ക്കാത്ത രാജാവായിത്തീര്‍ന്നു.


കലാമണ്ഡലം വിട്ട് ഏതാണ്ട് ഒരുവര്‍ഷത്തിനു ശേഷം ഗാന്ധിസേവാസദനത്തില്‍ കുറുപ്പിന് നിയമനം ലഭിച്ചു.കളരിചിട്ടകള്‍ ഉറപ്പിക്കുവാന്‍ ഇവിടുത്തെ സേവനം ഇദ്ദേഹത്തിനു പ്രയോജനമായി.വെങ്കിടക്യഷ്ണഭാഗവതര്‍ക്കും നീലകണ്ഠന്‍ നന്വീശനുമൊപ്പം പാടിത്തെളിഞ്ഞിട്ടും ഏതെങ്കിലും ഒരു സ്താപനത്തില്‍ അടങ്ങികഴിഞ്ഞുകൂടാന്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് തയ്യാറായില്ല. അഹമ്മദാബാദിലെ ദര്‍പ്പണ അക്കാദമിയിലും കൊല്‍ക്കത്തയിലെ ശാന്തിനികേതനിലുമായി തന്റെ യൌവനദശ മുഴുവന്‍ കഴിച്ചുക്കൂട്ടേണ്ടിവന്നു കുറുപ്പിന്. നാട്ടില്‍ തിരിച്ചെത്തിയശേഷം ഒരുപതിറ്റാണ്ടിലധികംകാലം കേരളത്തിലങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളില്‍ ആ ഗാനകല്ലോലിനികള്‍ മുഴങ്ങി.ഇക്കാലത്ത് പലപ്പോഴായി കലാമണ്ഡലത്തിലും കോട്ടക്കല്‍ നാട്യസംഘത്തിലും മാറിമാറി സേവനമനുഷ്ടിച്ചു കുറുപ്പാശാന്‍. അഹമ്മദാബാദ്, കല്‍ക്കട്ടവാസങ്ങള്‍മൂലം ദേശസഗീതത്തിന്റെ വഴികള്‍ പരിചയിക്കാനായി കുറുപ്പാശാന്. പിന്നീട് ഇവ ഗുണപരമായി കഥകളിസംഗീതത്തില്‍ ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം.


കഥകളിസംഗീതത്തില്‍ അടിസ്ഥാനപരമായി നന്വീശനാശാന്റെ ശൈലിതന്നെയാണ് ഇദ്ദേഹം പിന്‍തുടര്‍ന്നിരുന്നതെങ്കിലും അവയെ സ്യഷ്ടിപരമായി സംസ്ക്കരിച്ച് ഭാവപൂര്‍ണ്ണതയിലേക്കെത്തിക്കാനും ഒപ്പം അനവധി പുതിയ ‘സംഗതികള്‍’ ഇവയില്‍ സങ്ക്രമിപ്പിക്കുവാനും കുറുപ്പിനു കഴിഞ്ഞു. ഇങ്ങിനെ കുറുപ്പാശാന്‍ കഥകളിസംഗീതത്തില്‍ വ്യക്തിത്വമാര്‍ന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്തു. ഒരേ സമയം പ്രൌഢഗംഭീരവും ലളിതമനോഹരവുമായ, കഥകളിത്വം ഉള്ളശൈലിയാണിത്. അതിലോല ഭ്യഗപ്രയോഗങ്ങളും, വിചിത്രഗമകങ്ങളും, താളമിടഞ്ഞുള്ള പ്രയോഗങ്ങളും, താര-മന്ദ്രസ്ഥായികളിലുള്ള സുഗമമായ സഞ്ചാരങ്ങളും എല്ലാംചേര്‍ന്ന് പിന്തുടരുവാന്‍ വൈഷമ്യമുള്ളതായിരുന്നു ഈ കുറുപ്പ്ശൈലി. ഇതിനാല്‍‌ത്തന്നെയാവണം നന്വീശനാശാനേപ്പോലെ വിപുലമായൊരു ശിഷ്യസന്വത്ത് ഇദ്ദേഹത്തിന് ഉണ്ടാവാതെയിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ അകാലമ്യത്യുവിലൂടെ ആസ്വാദനലോകത്തിന് പിന്‍‌തുടര്‍ച്ചയില്ലാത്ത ആ ആലാപനശൈലി നഷ്ടമായി ഭവിച്ചു.


അഗാധമായ രാഗജ്ഞാനമുണ്ടായിരുന്ന ഇദ്ദേഹം എല്ലാരാഗങ്ങളും തീരെവ്യതിചലിക്കാതെ പൂണ്ണതയോടെ ആലപിച്ചിരുന്നു. രാഗങ്ങളുടെ മര്‍മ്മമറിഞ്ഞ് പാടിയിരുന്നു അദ്ദേഹം, പ്രത്യേകിച്ച് കേരളതനിമയാര്‍ന്ന പാടി,പുറന്നീര,ഘണ്ഡാരം,നവരസം തുടങ്ങിയവ. ഇവയെല്ലാം തന്നെ മലയാണ്മയുടെ ഗന്ധമുതിര്‍ക്കുന്ന, കളം‌പാട്ടിന്റെ സൌന്ദര്യം തെല്ലുകടാക്ഷിച്ച ഗാനശില്പങ്ങളായിരുന്നു


കാനക്കുറിഞ്ഞിയിലെ ‘ജീവിതനായക’,


ഗൌളീപ്പന്തിലുള്ള ‘നെഷധേന്ദ്രാ’,


മോഹനത്തിലുള്ള ‘പിന്നെ നാം മുനിയോടും’


ഇതെല്ലാം കുറുപ്പാശാന്റെ കണ്ഠത്തിലൂടെ നാടന്‍ ശീലുകളായി പരിണമിച്ചു. മോഹനത്തിലെ ‘ഗൌരീശം മമ’ ഇദ്ദേഹത്തിന്റെ ലാളിത്യമധുരമായ പ്രാര്‍ത്ഥനാഗീതമായിരുന്നു.


‘പുഷ്ക്കരാ നീ പഴുതേ’


’കേട്ടില്ലേ ഭൂദേവന്‍ മാരേ’ തുടങ്ങിയ പദങ്ങള്‍ കേവല വാചീകതലത്തിലാണ് കുറുപ്പാശാന്‍ പ്രയോഗിച്ചിരുന്നത്.


കത്തിവേഷങ്ങളുടെ രംഗപ്രവേശമറിയിക്കുന്ന പാടിരാഗവും


കഥകളിയുടെ മാത്രം സ്വത്തായ ദണ്ഡകങ്ങളും സഹ്യദയരേ കോള്‍മയിര്‍കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹം ആലപിച്ചിരുന്നു.



ആശാന്‍ സംഗീതപ്രയോഗങ്ങള്‍കൊണ്ട് പാടിതിമര്‍ത്തിരുന്ന് പദമാണ് കാന്വോജിയിലെ ‘ഹരിണാക്ഷി’,




എന്നാല്‍, ‘കോമളസരോജമുഖി’ എന്നുള്ള പദമാകട്ടെ പ്ലയിനോട്ടുകള്‍ മാത്രമുള്ള കാന്വോജിയുടെ ഒരു കരടുരൂപം.




കുറുപ്പാശാന്റെ നളചരിതാലാപനത്തിന് ഒരു പ്രത്യേക വശ്യതയാണ്.പ്രത്യേകിച്ച് ഇതിലെ ശ്ലോകങ്ങള്‍. അടുത്ത രംഗത്തിന്റെ പശ്ചാത്തലം നടനിലുംആസ്വാദകരിലും സ്യഷ്ടിക്കുവാനുതകുന്നരീതിയിനാണ് അദ്ദേഹം ശ്ലോകങ്ങള്‍ ആലപിച്ചിരുന്നത്. എന്നാല്‍അധികരാഗവിസ്താരങ്ങള്‍ നടത്തി മുഷിച്ചിലുളവാക്കിയിരുന്നുമില്ല.പകരം കുറഞ്ഞ സഞ്ചാരം കൊണ്ട്തന്നെ രാഗസ്വരൂപവും ഭാവതലവും സ്യഷ്ടിക്കുകയാണ് കുറുപ്പാശാന്‍ ചെയ്തിരുന്നത്.




നളചരിതം രണ്ടാം ദിവസത്തിലെ ‘സാമ്യം അകന്നോരു ഉദ്യാനം’എന്ന പൂര്‍വ്വിയിലുള്ളപദം അദ്ദേഹത്തിന്റേതു കേള്‍ക്കേണ്ടതു തന്നെയാണ്.




കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത് ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന് നിഷ്പ്രയാസം സാധിക്കുന്നു.


തന്റെ ഉത്തരേന്ത്യന്‍ബന്ധം മൂലമാകണം നാളിതുവരെ കളിയരങ്ങിന് അന്യങ്ങളായിരുന്ന സരസ്വതി,കാനഡ, ഭാഗേശ്വരി,ദേശ് തുടങ്ങിയ രാഗങ്ങള്‍ കുറുപ്പാശാന്‍ പ്രയോഗത്തില്‍ കൊണ്ടുവന്നത്. ആലോചനയൊ ചിട്ടപ്പെടുത്തലൊ കൂടാതെ പെട്ടന്ന് അരങ്ങില്‍ ചിലചരണങ്ങള്‍ പുതുരാഗങ്ങളിലേക്ക് മാറ്റിപ്പാടുന്ന സംന്വ്യദായം ആശാനിലൂടെയാണ് കഥകളിയില്‍ വന്നുചേര്‍ന്നത്. രുഗ്മാഗതചരിതത്തിലെ ‘അംബാ തൊഴുന്നേന്‍’ എന്നപദം ക്യാനഡയിലേക്ക് മാറ്റിയാണ് അദ്ദേഹം പാടിയിരുന്നത്. ഈമാറ്റത്തിലൂടെ ആരംഗത്തിന്റെ കരുണരസത്തിന്റെ ആഴം കൂടി.




മുദ്രകള്‍ക്ക് ഭാവപൂര്‍ണ്ണത നല്‍കുവാനും സംബോധനകളെ യഥാര്‍ത്ഥ വാചികതലത്തിലേക്ക്എത്തിക്കുവാനുമായി ഉണ്ണിക്യഷണക്കുറുപ്പാശാന്‍ ചിലപദങ്ങളുടെ വരികള്‍ മുറിച്ച് വാക്കുകള്‍ എടുത്തു പറയുകയും ചില അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആലപിക്കുകയും ചെയ്തിരുന്നു. അരങ്ങിലെ വികാരതരളിത സന്ദര്‍ഭങ്ങളില്‍പ്പോലും ഇദ്ദേഹം നിര്‍ദാക്ഷിണ്യം ചേങ്കിലയില്‍ താളമിട്ടിരുന്നു. മാത്രമല്ല ചിലരംഗങ്ങളില്‍ പാത്രത്തിന് ഉന്‍മേഷമേറ്റാന്‍ ചേങ്കിലയില്‍ ഇടഞ്ഞുകൊട്ടുകയും ചെയ്തിരുന്നു.


കളിക്കുപാടുകയാണ് പാട്ടുകാരന്റെ ചുമതലയെന്നും പാടിക്കളിപ്പിക്കേണ്ട ബാദ്ധ്യത പാട്ടുകാരനില്ലെന്നും ഉറച്ചുവിശ്വസിച്ചിരുന്ന കുറുപ്പ്, അരങ്ങത്ത് ഒന്നാന്തരം വേഷക്കാരനായാലും കുട്ടിവേഷക്കാരനായാലും അതുശ്രദ്ധിക്കാതെ ഒന്നുപോലെ പാടിയിരുന്നു. അതുപോലെ ശിങ്കിടിപാടുന്നതാരാണെന്നതും അദ്ദേഹത്തിനൊരു പ്രശ്നമല്ലായിരുന്നു.എന്നാല്‍ കൂടെപ്പാടുന്നയാളുടെ വ്യവഹാരങ്ങളെ തമസ്ക്കരിക്കാനൊ വിലക്കാനൊ കുറുപ്പാശാന്‍ ശ്രമിക്കാറുമില്ല. അപകര്‍ഷത ഇദ്ദേഹത്തിനെ തെല്ലും തീണ്ടിയിരുന്നില്ല.


പലവിധ ഭാവോദ്ദീപകങ്ങളായ ഗാനങ്ങള്‍ കണ്ഠത്തില്‍ നിന്നുമുതിര്‍ത്തിക്കൊണ്ട് അരങ്ങില്‍ നില്‍ക്കുന്വോഴും കുറുപ്പാശാന്റെ മുഖത്ത് നിസ്സംഗഭാവമായിരിക്കും കാണാന്‍ കഴിയുക. വിമര്‍ശ്ശനങ്ങളോടും അംഗീകാരങ്ങളോടും എല്ലാം അദ്ദേഹത്തിന് ഈ നിസംഗമനോഭാവം തന്നെയായിരുന്നു. അഭിന്ദനങ്ങളും അക്ഷേപങ്ങളും ഇദ്ദേഹത്തിനെ ബാധിച്ചിരുന്നുല്ല,ആശാന്‍ അവക്കെല്ലാം അതീതനായി നിലകൊണ്ടു. അഹന്ത,അസൂയ തുടങ്ങിയവയില്‍ നിന്നും തികച്ചും മുക്തനായിരുന്നു ഉണ്ണിക്യഷ്ണക്കുറുപ്പ്.


പ്രസിദ്ധ ചെണ്ട കലാകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ശ്രീ കലാ: ക്യഷ്ണന്‍‌കുട്ടിപൊതുവാള്‍, കുറുപ്പിനെ ഇങ്ങിനെ വിലയിരുത്തുന്നു. “ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല. അത് ഒരു പ്രത്യേകരീതിയാണ്. എന്നാല്‍ പല കസര്‍ത്തുകളും അടങ്ങുന്ന ഒരു ഒതുക്കമുള്ള ശ്രവണസുഖമായ വഴിയായിരുന്നു. അങ്ങിനെ കുറുപ്പ് ഉയര്‍ന്ന് പാടി, പാടിപാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ത്തന്നെ ഉയിര്‍വെടിഞ്ഞു.”


അരങ്ങിലുണ്ടായിരുന്ന നിയന്ത്രണപടുത്വം ആദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തില്‍ കണ്ടിരുന്നില്ല. അതിപ്രതിഭാശാലികളായുള്ള വ്യതികള്‍ക്ക് പൊതുവേ സംഭവിക്കുന്ന ദുരന്തമാണല്ലൊ ഇത്. കുറുപ്പാശാന്‍ തന്റെ തിരക്കേറിയ കലാജീവിതത്തില്‍ നിന്നും ഒന്നും സംഭരിക്കുവാനൊ സൂക്ഷിച്ചുവയ്ക്കാനൊ ശ്രമിച്ചിരുന്നില്ല. രോഗബാധിതനും അവശനുമായിതീര്‍ന്ന ഉണ്ണിക്യഷ്ണക്കുറുപ്പ് വിദഗ്ധചികിത്സക്കുപോലുംകാത്തുനില്‍ക്കാതെ തന്റെ 57ം വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞുപോയി.


സുപ്രസിദ്ധ കഥകളിനടന്‍ പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനാരാശാന്‍ തന്റെ ആത്മകഥയായ തിരനോട്ടത്തില്‍ കുറുപ്പിനെ എങ്ങിനെ അനു:സ്മരിക്കുന്നു. “കഥകളി സംഗീതവേദിയില്‍ അകാലത്തില്‍ പടുതിരികത്തിയണഞ്ഞ ഒരു ഭദ്രദീപമായിരുന്നു ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്. പാരന്വര്യത്തിന്റേയും ജന്മവാസനയുടേയും മാത്രം പിന്‍ബലംകൊണ്ട് ഇത്രമാത്രം ബഹുജനപ്രീതി നേടിയ ഒരാള്‍ സംഗീതത്തിലെന്നു വേണ്ട മറ്റൊരുകലയിലും ഏറെ ഉണ്ടാവില്ല. കഥകളിസംഗീതത്തില്‍ കന്വക്കാരെ അന്വരപ്പിക്കുന്ന വിധത്തില്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് പ്രയോഗിച്ചുകാണിച്ചിട്ടുള്ള അത്ഭുതങ്ങളും ശൈലീഭേദങ്ങളും എടുത്തുപറയേണ്ടതാണ്. എല്ലാത്തിനും പുറമെ ആ ഗായകന്റെ ലാളിത്യവും അനായാസതയും, ആസ്വാദകന്റെ ഹ്യദയത്തോളമെത്തുന്ന കൂര്‍ത്തശബ്ദവും മറക്കാനാവില്ല. ആ ഗായകന് നിഷ്ടയോടും നിഷ്ക്കര്‍ഷയോടും കൂടി നീണ്ടകാലത്തെ അഭ്യാസംകൂടി കിട്ടിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? അതങ്ങിനെയാണല്ലൊ! കരിന്വിനു കന്വ് ദോഷം എന്നല്ലെ?ഇന്ന് ഉണ്ണിക്യഷ്ണക്കുറുപ്പ് നമ്മോടോപ്പമില്ല.വേദനയോടെ നഷ്ടബോധത്തോടെ ആ ഗാനപ്രതിഭക്കുമുന്‍പില്‍ രണ്ടുതുള്ളി കണ്ണുനീരര്‍പ്പിക്കട്ടെ.”

കലാ: അപ്പുക്കുട്ടിപ്പൊതുവാളാശാന് ആദരാഞ്ജലികള്‍


കളിയരങ്ങിലും പുറത്തും മദ്ദളവാദനത്തില്‍ അസാമാന്യ മികവു പ്രകടിപ്പിച്ച,പഴയതലമുറയിലെ സമുന്നതനായ കലാകാരന്‍ ശ്രീ കലാ:അപ്പുക്കുട്ടിപ്പൊതുവാള്‍ 27/01/08ല്‍ നമ്മൊട് വിടപറഞ്ഞുപോയി.തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും അരങ്ങിലും കളരിയിലും പ്രവര്‍ത്തിച്ചിരുന്ന ആശാന്‍ 1924ല്‍ തിരുവില്വാമല രാമചന്ദ്ര അയ്യരുടേയും കുഞ്ഞുമാളു പൊതുവാളസ്യാരുടേയും പുത്രനായി ഭൂജാതനായി.തന്റെ പതിമൂന്നാം വയസ്സില്‍ തന്നെ മദ്ദളാചാര്യന്‍ ശ്രീ തിരുവില്വാമല വെങ്കിച്ചന്‍സ്വാമിയുടെ ശിഷ്യനായി മദ്ദളപഠനമാരംഭിച്ചു.അത്യല്യനായ ഗുരുവിന്റെ ശിക്ഷണത്താല്‍ ചെറുപ്രായത്തില്‍ തന്നെ മദ്ദളവാദനത്തില്‍ ഉന്നതസ്താനത്തെത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കലാമണ്ഡലം ആരംഭിച്ചപ്പോള്‍ അവിടെ ചേര്‍ന്ന്അപ്പുക്കുട്ടി പഠനം തുടര്‍ന്നു. പഠനശേഷം കലാമണ്ഡലത്തില്‍ തന്നെ നാലുപതിറ്റാണ്ടുകാലത്തോളം അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.അദ്ദേഹം മികച്ച ഒരു ഗുരുനാഥനുമാണെന്നുള്ളതിന്റെ തെളിവാണ് പ്രഖ്യാതരായ ശിഷ്യര്‍. ശ്രീ കലാ:നാരായണന്‍ നന്വീശന്‍,ശ്രീ കലാ:ശങ്കരവാര്യര്‍,ശ്രീ കലാ:നാരായണന്‍ നായര്‍,ശ്രീ കലാ:ശശി തുടങ്ങിയവരൊക്കെ എദ്ദേഹത്തിന്റെ പ്രമുഘശിഷ്യരാണ്.



അപ്പുക്കുട്ടിപ്പൊതുവാളാശാനും ക്യഷ്ണന്‍‌കുട്ടിപ്പൊതുവാളാശാനും ചെര്‍ന്ന് കഥകളി മേളപ്പദത്തിന് ഹ്യദ്യമായൊരു പുതുശൈലിതന്നെ ഉണ്ടാക്കിയെടുത്തു.അന്യദ്യശ്യമായ ഒരു കലാപരമായ കൂട്ടായമയായിരുന്ന ‘കുട്ടിത്രയം’(കലാ:രാമന്‍‌കുട്ടിനായര്‍-വേഷം,കലാ:ക്യഷ്ണന്‍‌കുട്ടിപ്പൊതുവാള്‍-ചെണ്ട,കലാ:അപ്പൊക്കുട്ടിപ്പൊതുവാള്‍-മദ്ദളം) ത്തിന്റെ പ്രകടനം ഇന്നും കളിക്കന്വക്കാരുടെ മനസ്സുകളില്‍ ഒരു ആവേശമായി നിലകൊള്ളുന്നു.
കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം ഫെല്ലോഷിപ്പും വിശിഷ്ടാംഗത്വം,ദേവീപ്രസാദംട്രസ്റ്റ് പുരസ്ക്കാരം,വാഴേങ്കിട പുരസ്ക്കാരം,ഉണ്ണായിവാര്യര്‍ പുരസ്ക്കാരം,പട്ടിക്കാതൊടി അവാര്‍ഡ്,എം.കെ.കെ. നായര്‍സ്മാരക അവാര്‍ഡ്,കലാ: ക്യഷ്ണന്‍‌നായര്‍ പുരസ്ക്കാരം,പല്ലാവൂര്‍ പുരസ്ക്കാരം എന്നിവ എദ്ദേഹത്തിനു ലഭിച്ച ബഹുമതികളില്‍ ചിലതുമാത്രം.പൌരാവലിയുടെ വീരശ്യംഖലയും എദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
‘വാനപ്രസ്ഥം’ സിനിമയില്‍ അഭിനയിക്കുവാനായി ശ്രീ മോഹന്‍ലാലിന് ചില പരിശീലനങ്ങള്‍ നല്‍കിയിട്ടുള്ള പൊതുവാളാശാന്‍ ‘മേളപ്പദം’ എന്നൊരു സീരിയലില്‍ അഭിനയിക്കുകയും ഉണ്ടായിട്ടുണ്ട്.
ആ സര്‍ഗ്ഗധനായ പുണ്യാത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാര്‍ദ്ധിക്കാം.

പത്മശ്രീ കീഴ്പ്പടം ആശാന് ആദരാഞ്ജലികള്‍

കഥകളിയില്‍ കല്ലുവഴിച്ചിട്ടയുടെ വക്താവും പ്രയോക്താവുമായി കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി അരങ്ങുകളിലും കളരിയിലും പ്രവര്‍ത്തിച്ച സാത്വികനായപത്മശ്രീ കീഴ്പ്പടം കുമാരന്‍‌നായരാശാന്‍ ഇഹലോകവാസം വെടിഞ്ഞു.
ഇദ്ദേഹം പുത്തന്മഠത്തില്‍ രാമുണ്ണിനായരുടേയും കീഴ്പ്പടത്തില്‍ ലക്ഷ്മിഅമ്മയുടേയും പുത്രനായി 15/02/1916ല്‍ ജനിച്ചു. വെള്ളിനേഴിയിലെ കാന്തളൂര്‍ കളരിയില്‍ ഗുരു പട്ടിക്കാതൊടി രാമുണ്ണി മേനോന്റെ കീഴില്‍ കഥകളി പഠനം ആരംഭിച്ച കുമാരന്‍ നായര്‍ തന്റെ ഒന്‍പതാം വയസ്സില്‍ കാന്തളൂര്‍ക്ഷേത്രത്തില്‍ സുഭദ്രാഹരണത്തിലെ ക്യഷ്ണവേഷം കെട്ടി അരങ്ങേറ്റം നടത്തി.
പ്രധാനമായും ആദ്യാവസാന്‍ കത്തി,വെള്ളത്താടി,മിനുക്ക് വേഷങ്ങള്‍ കെട്ടിയിരുന്ന കീഴ്പ്പടമാശാന്‍ 1937ല്‍ നര്‍ത്തകി രാഗിണീദേവിയോടോപ്പം വിദേശപര്യടനം നടത്തി. ഗ്രീസ്,യൂറോപ്പ് യൂഗോസ്ലാവ്യ,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ അന്ന് കഥകളികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
1955 മുതല്‍ 1957 വരെ കേരളകലാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തുടന്ന് പ്രശസ്ത സാഹിത്യകാരന്‍ ചേലാട്ട് അച്ചുത മേനോന്റെ നിര്‍ദേശപ്രകാരം ചെന്നയില്‍ സിനിമാന്യത്ത സംവിധായകനായി പ്രവര്‍ത്തിച്ചു.ആക്കാലത്ത് എം.ജി,ര്‍ കീഴപ്പടത്തിന്റെ ശിഷ്യനായി ന്യത്തം പഠിച്ചിട്ടുണ്ട്.
പിന്നീട് കുമാരന്‍ നായര്‍ കോട്ടക്കല്‍ പി.സ്.വി.നാട്യസംഘത്തിലും 1975 മുതല്‍ 6വര്‍ഷക്കാലം ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്ററിലും കഥകളി ആശാനായി പ്രവര്‍ത്തിച്ചു.1960 മുതല്‍ പേരൂര്‍ ഗാന്ധി സേവാസംഘത്തില്‍ ആശാനായി. ഗുരു പാരന്വര്യമനുസ്സരിച്ച് കളരിആശായ്മ നിലനിര്‍ത്തിപോന്നിരുന്ന ആശാന്‍ വെള്ളിനേഴിയില്‍ പട്ടിക്കാതൊടികലാഭവനം ആരംഭിച്ച് കളരി നടത്തിപോന്നിരുന്നു.
കലാ:ഗോപി,കലാ:കുട്ടന്‍,സദനം ക്യഷ്ണന്‍ കുട്ടി,നരിപ്പറ്റ നാരായണന്‍ നന്വൂതിരി, കെ.ജി.വസു,നന്ദകുമാര്‍,കുറ്റുശ്ശേരി രാമന്‍കുട്ടി,സദനം ഹരികുമാര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ പ്രധാന ശിക്ഷ്യരാണ്.
പട്ടിക്കാന്തൊടിയാശാന്റെഅടുത്ത് ഒരു പന്തീരാണ്ടുകാലത്തോളം പഠിക്കുവാന്‍ ഭാഗ്യംസിദ്ധിച്ച കീഴപ്പടം കുമാരന്‍ നായര്‍ അരങ്ങില്‍ രാമുണ്ണിമേനോനോടോപ്പം ധാരാളം കൂട്ടുവേഷങ്ങള്‍ കെട്ടിയാടിയിട്ടുമുണ്ട്. മുദ്രകള്‍ കാണിക്കുന്വോഴും കലാശങ്ങള്‍ ചവിട്ടുന്വോഴും കോട്ടംതട്ടാത്ത മെയ്യ്, കരചരണ ദ്യഷ്ടികളുടെ ഒത്തിണക്കം ചൊല്ലിയാട്ടത്തിലെ ഒതുക്കവും വടിവും ഇങ്ങനെ രാവുണ്ണിയാശാന്റെ മഹത്വപൂണമായ അഭിനയസിദ്ധികള്‍ തന്നിലേക്ക് പകര്‍ത്താന്‍ കീഴ്പ്പടത്തിന് ഇത് സഹാകയമായി.
രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച ഇദ്ദേഹത്തിന് കേന്ദ്ര-കേരള സംഗീതനാട അക്കാടമികളുടെ അവാര്‍ഡുകള്‍,കേരള അക്കാദമിയുടെ ഫെല്ലോഷിപ്പ്, കലാമണ്ഡലം അവാര്‍ഡ് എന്നിവയും നല്‍കപ്പെട്ടിട്ടുണ്ട്. ആശാന്റെ സപ്തതി 1986ല്‍ പാലക്കാട്ട് ‘കളിയരങ്ങില്‍‘ വച്ച് ശിഷ്യരും കലാരസികരും ചേര്‍ന്ന് സമുചിതമായി ആഘോഷിച്ചിരുന്നു.അന്ന് അദ്ദേഹത്തിന് ഒരു വീരശ്യംഖലയും സമ്മാനിച്ചാദരിക്കപ്പെട്ടിരുന്നു.

‘വാനപ്രസ്ഥം’ തുടങ്ങിയ ചില സിനിമകളിലും കീഴ്പ്പടമാശാന്‍ അഭിനയിച്ചിട്ടുണ്ട്.
92വയസ്സ് പ്രായമായിരുന്ന കുമാരാന്‍‌നായരാശാന്‍ കുറച്ചുകാലങ്ങളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.പ്രായാധിക്യം മൂലമുള്ള അസുഖം മൂര്‍ഛിച്ചതിനേതുടര്‍ന്ന് ആശാന്‍ എന്ന്(26/07/07) 6എ.എംന് ഭൌതീകശരീരം വെടിഞ്ഞുപോയി. ഇതോടെ കഥകളിക്ക് തലമുതിര്‍ന്ന ഒരു ആശാനേക്കൂടി നഷ്ടമായ് തീര്‍ന്നു.എന്നാല്‍ കഥകളിയാസ്വാദകരുടെ സ്മരണകളിലൂടെ അദ്ദേഹം എക്കാലത്തും ജീവിക്കും, ശിഷ്യരിലൂടെ എന്നും സ്മരിക്കപ്പെടും.ആ അതുല്യ നടന് ആദരാജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ദ്ധിക്കുന്നു.