കുറൂര്‍ ചെറിയ വാസുദേവന്‍ നമ്പൂതിരിയുടെ ഷഷ്ട്യബ്ദ്യപൂര്‍ത്തി ആഘോഷം

ശ്രീ കുറൂര്‍ ചെറിയവാസുദേവന്‍ നമ്പൂതിരിയുടെ(മിടുക്കന്‍) ഷഷ്ട്യബ്ദ്യപൂര്‍ത്തി ആഗസ്റ്റ് 22ന് കോട്ടയത്ത് തിരുനക്കരമഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍ വയ്ച്ച് അദ്ദേഹത്തിന്റെ ശിഷ്യരും കുടുബാഗങ്ങളും സഹൃദയരും ചേര്‍ന്ന് സമുചിതമായി ആഘോഷിക്കപ്പെട്ടു. ആഘോഷപരിപാടികള്‍ രാവിലെ 9:30ന് ശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കേളിക്കുശേഷം കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരി, ആയാകുടി കുട്ടപ്പമാരാര്‍ എന്നിവരെ വാസുദേവന്‍ നമ്പൂതിരി ആദരിച്ചു. ശ്രീ കലാമണ്ഡലം കേശവന്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍വച്ച് ശ്രീ കലാമണ്ഡലം ഗോപി,പ്രഫസര്‍ അമ്പലപ്പുഴ രാമവര്‍മ്മ,തിരുവിഴ ജയശങ്കര്‍,കെ.സി.നാരായണന്‍ തുടങ്ങി അനേകം കലാകാരന്മാരും ആസ്വാദകരും ക്ലബ് ഭാരവാഹികളും ആശംസകളും ഉപഹാരങ്ങളും വാസുദേവന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് പിറന്നാള്‍ സദ്യയും നടന്നു.ഉച്ചക്ക് 2മുതല്‍ ശ്രീ ഷൈന്‍പ്രിയദര്‍ശ്ശനും സംഘവും അവതരിപ്പിച്ച ഗസലിനു ശേഷം ഇരട്ടതായമ്പകയും നടന്നു. ശ്രീ പനമണ്ണ ശശിയും ശ്രീ മട്ടനൂര്‍ ഉദയന്‍ നമ്പൂതിരിയുമാണ് തായമ്പക അവതരിപ്പിച്ചത്. വൈകുന്നേരം ശ്രീ അമ്പലപ്പുഴ വിജയകുമാര്‍ സോപാനസംഗീതം അവതരിപ്പിച്ചു.
വൈകുന്നേരം നടന്ന ചടങ്ങില്‍ വച്ച് മിടുക്കന് ശിഷ്യരുടേയും സഹൃദയരുടേയും വകയായിയുള്ള വീരശൃഘല സമര്‍പ്പിക്കപ്പെട്ടു. കേരള കലാമണ്ഡലം(കല്പിതസര്‍വ്വകലാശാല) വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസാണ് വീരശൃഘല ഇദ്ദേഹത്തിനെ അണിയിച്ചത്.


ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9:15മുതല്‍ കഥകളിയും അവതരിപ്പിക്കപ്പെട്ടു. കലാകേന്ദ്രം ഹരീഷ്,കലാമണ്ഡലം മയ്യനാട് രാജീവ്,കലാമണ്ഡലം പ്രശാന്ത്,കലാമണ്ഡലം അരുണ്‍ എന്നിവര്‍ ചേര്‍ന്ന് അരപ്പുറപ്പാട് അവതരിപ്പിച്ചു. തുടര്‍ന്ന് ഇരട്ടമേളപ്പദവും നടന്നു. ഇതില്‍ ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു സംഗീതം. പതിവുപോലെ നിരവലും രാഗമാലികാപ്രയോഗങ്ങളുമൊക്കെ ഉണ്ടായി. മേളപ്പദത്തിന്റെ അന്ത്യഭാഗത്തുള്ള മദ്ധ്യമാവതി രാഗവിസ്താര സമയത്ത് ഇരുവരും താളം പിടിക്കുന്നുണ്ടായിരുന്നില്ല. കര്‍ണ്ണാടകസംഗീതത്തിലെ പോലെയല്ല സോപാന-കഥകളി സംഗീതത്തില്‍. രാഗവിസ്താരവും താളനിബദ്ധമായിട്ടാണ് വേണ്ടത്. ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും സദനം രാമക്യഷ്ണനും ചെണ്ടയിലും ശ്രീ കോട്ടക്കല്‍ രവിയും ശ്രീ കലാമണ്ഡലം ശശിയും മദ്ദളത്തിലും മേളമുതിര്‍ത്തു.


നളചരിതം ഒന്നാംദിവസത്തിന്റെ രണ്ടാംഭാഗമാണ് ഇവിടെ ആദ്യം അവതരിപ്പിക്കപ്പെട്ടത്. ഹംസം ദമയന്തിയുടെ അടുത്തുചന്ന്, അവള്‍ക്ക് നളനിലുള്ള അനുരാഗത്തെ അറിഞ്ഞ് മടങ്ങുന്നതു വരേയുള്ള ആദ്യഭാഗമാണ് സാധാരണ അവതരിപ്പിക്കാറുളളത്. തുടര്‍ന്നുള്ള രംഗങ്ങള്‍ വളരേ അപൂര്‍വ്വമായി മാത്രമെ രംഗത്ത് അവതരിപ്പിച്ചു കാണാറുള്ളു.

കഥാഭാഗംചുരുക്കത്തില്‍-
ആദ്യരംഗം.
നിഷധോദ്യാനത്തില്‍ ഹംസത്തിനേയും കാത്തിരിക്കുന്ന നളസമീപത്തേക്ക് ഹംസം പറന്ന് വരുന്നു.“രാജശ്രേഷ്ടാ, അങ്ങയുടെ ആഗ്രഹം മിക്കവാറും സാധിതമായി കഴിഞ്ഞു. ഇനി മനസ്സ് വിഷമിക്കേണ്ട. ഞാന്‍ കുണ്ഡിനപുരിയില്‍ ചെന്ന് ദമയന്തിയേ കണ്ടു.വചനകൌശലത്താല്‍ അവളുടെ മനസ്സ് ഞാന്‍ ഗ്രഹിച്ചു. ദമയന്തിയുടെ മനസ്സ് നിന്നില്‍ ഉറപ്പിക്കുകയും ചെയ്തു.”ഇങ്ങനെ പറഞ്ഞ് ഹംസം മറയുന്നു. ദമയന്തീസ്വയംവരത്തിനുള്ള ഭീമരാജാവിന്റെ ക്ഷണപത്രം ലഭിച്ചപ്പോള്‍ നളന്‍ സ്വയംവരത്തിന് പുറപ്പെടുന്നു.രണ്ടാം രംഗംകുണ്ഡിനപുരിയിലേക്കു പുറപ്പെട്ട ദേവകളും നളനും മാര്‍ഗ്ഗമധ്യേ കണ്ടുമുട്ടുന്നു. തങ്ങള്‍ ആരാണെന്ന് പരിചയപ്പെടുത്തിയതു കേട്ട് നളന്‍ അവരെ വണങ്ങി നിങ്ങളുടെ നിര്‍ദ്ദേത്തെ പാലിച്ചുകൊള്ളാം എന്ന് അറിയിക്കുന്നു. ഞങ്ങള്‍ ഭൈമീസ്വയംവരത്തിന് പോവുകയാണെന്നും, നിന്നെ വഴിയില്‍ കണ്ടതു് നന്നായി എന്നും,ഇനി നീ ദമയന്തീ സമീപത്തുചെന്ന് ഞങ്ങള്‍ക്കുവേണ്ടി പ്രേമാഭ്യര്‍ദ്ധന നടത്തിവരണമെന്നും, ആരും കാണാതെ ദമയന്തീസമീപത്തേക്ക് പോകുവാന്‍ തിരസ്ക്കരണീവിദ്യ താത്ക്കാലീകമായി നല്‍കാമെന്നും ഇന്ദ്രന്‍ പറയുന്നു.ഞാനും ഭൈമീകാമുകനാണെന്നും, അതിനാല്‍ എനിക്ക് ദമയന്തീസമീപത്ത് ചെന്ന് ഈവിധം പറയാന്‍ സാധിക്കാതെ വരും എന്നും നളന്‍ ഒഴികഴിവുവുകള്‍ പറഞ്ഞുനോക്കി എങ്കിലും, ആദ്യം നല്‍കിയ വാക്കുപാലിക്കുന്നതിന് നിര്‍ബന്ധിതനായി ഒടുവില്‍ നളന്‍ അതിനു തയ്യാറാകുന്നു.തുടര്‍ന്ന് നളന് തിരസ്ക്കരണി ഉപദേശിച്ച് ദേവന്മാര്‍ യാത്രയാക്കുന്നു.തന്റെ കാര്യം വിട്ട് ഇന്ദ്രന്റെ ദൂതഭാവം കൈക്കൊണ്ട് പരിവാരങ്ങളെ അവിടെ നിര്‍ത്തി ഭൈമീസമീപത്തേക്ക് ഏകനായി നളന്‍ പോകുന്നു. തിരസ്ക്കരണീവിദ്യാപ്രയോഗത്താല്‍ ആരുടേയും കണ്ണില്‍ പെടാതെ ദമയന്തീയുടെ കൊട്ടാരത്തില്‍ നളന്‍ എത്തുന്നു.
മൂന്നാംരംഗം
നളന്‍ കൊട്ടാരത്തിലിരിക്കുന്ന ഭൈമീസമീപത്തെത്തി തിരസ്ക്കരണിവിട്ട് പ്രത്യക്ഷനാകുന്നു.ദമയന്തി പെട്ടന്ന് ഒരാളെ സമീപത്ത് കണ്ട് ആശ്ചര്യപ്പെടുകയും, പുരുഷസാന്നിദ്ധ്യത്താല്‍ സംഭ്രമിക്കുകയും,ആഗതന്, ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന നളനോട് സാമ്യം തോന്നുകയാല്‍ ലജ്ജിക്കുകയും ചെയ്യുന്നു.എന്നാല്‍ തിരസ്ക്കരണി പ്രയോഗിച്ച് വന്നതിനാല്‍ നളനല്ലാ ഏതൊദിവ്യനാണെന്നു മനസ്സിലാക്കിയ ഭൈമി ലജ്ജവിട്ട് ആഗതനെ ആദരിച്ചുകൊണ്ട്,“മഹാനുഭാവാ താങ്കള്‍ ആരാണ്? ആഗമനോദ്ദേശ്യം എന്താണ്?“ എന്ന് ചോദിക്കുന്നു.“ഞാന്‍ അമരാപതിയുടെ ദൂതനാണ്,നിന്നില്‍ അനുരുക്തരായ ഇന്ദ്രയമാഗ്നിവരുണന്മാര്‍ സ്വയംവരത്തിനെത്തിയിട്ടുണ്ട്,അതിനാല്‍ തങ്ങളില്‍ ഒരുവനെ ഭവതി വരിക്കേണം എന്ന് അവര്‍ അറിയിക്കുന്നു.”എന്ന് നളന്‍ മറുപടി പറയുന്നു.ദമയന്തി ഇന്ദ്രാദികളുടെ അഭിലാഷത്തിന്റെ ഔചിത്യത്തെ ചോദ്യംചെയ്തു കൊണ്ട് അവരുടെ ആവശ്യത്തെ നിരസിക്കുന്നു എന്നു മാത്രമല്ലാ, താന്‍ മറ്റൊരാളില്‍ അനുരുക്തയാണെന്നും അറിയിക്കുന്നു. നളന്‍ ഭൈമീവചനങ്ങള്‍ കേട്ട് അവളുടെ തന്റേടത്തില്‍ ആശ്ചര്യ ബഹുമാനങ്ങളോടും അവളോടുള്ള പ്രണയഭാവത്തോടും ഇനി ഇന്ദ്രാദികളോട് ഇതുപറയണമല്ലൊ എന്നുള്ള സംഭ്രമത്തോടും കൂടി നളന്‍ അന്തര്‍ധാനം ചെയ്യുന്നു.
നാലാം രംഗം
ഈ രംഗത്തില്‍ നളന്‍ തിരിച്ച് ദേവകളുടെ അടുത്തെത്തി അവരെ വന്ദിച്ച് പോയകാര്യം സാധിക്കാനായില്ലാ എന്നും, ദമയന്തി ദേവകളുടെ അപേക്ഷനിരസിച്ചു എന്നുമറിയിക്കുന്നു.
അഞ്ചാം രംഗം
സര്‍വാലങ്കാരവിഭൂഷിതയായ ദമയന്തിയെ മംഗളവാദ്യങ്ങളുടെ അകന്വടിയോടെ സരസ്വതീ ദേവി ദേവാസുരമാനുഷപ്രമുഖരാല്‍ നിറഞ്ഞ സ്വയംവരമംണ്ഡപത്തിലേക്ക് ആനയിച്ചു. സരസ്വതി സന്നിഹിതരായവരെ ഓരോരുത്തരെയായി ഭൈമിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു.ദമയന്തി നളനേവരിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയ ദേവകള്‍ നളരൂപത്തിലാണ് മണ്ഡപത്തില്‍ സന്നിഹിതരായിരുന്നത്. ഇവരില്‍ യഥാര്‍ത്ഥ നളനേതെന്ന് അറിയാതെ ദമയന്തി വിഷമിക്കുന്നു. ഈശ്വരന്മാരേ മനമുരുകി പ്രാര്‍ഥിക്കുന്നു.ഭൈമീപ്രാര്‍ഥനയാല്‍, വിധീആനുകൂല്യത്താല്‍ ദേവകള്‍ താന്താങ്ങളുടെ രൂപത്തെ ധരിച്ചു. യഥാര്‍ത്ഥനളനെ തിരിച്ചറിഞ്ഞ ദമയന്തി നളനെ വരിച്ചു. ദമയന്തിയുടെ സുദ്യഢപ്രണയത്തിലും അകമഴിഞ്ഞ പ്രാര്‍ഥനയിലും സന്തുഷ്ടരായ ദേവകള്‍ നളദമയന്തിമാരെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് പരമാത്മസായൂജ്യം ഉണ്ടാകട്ടെ എന്ന് ഇന്ദ്രനും, അര്‍ത്ഥവും ഐശ്വര്യവും അമ്യതസമാനമായ പദപ്രയോഗസാമര്‍ദ്ധ്യവും ഉണ്ടാകട്ടെ എന്ന് സരസ്വതിയും അവരെ അനുഗ്രഹിക്കുന്നു. പൊള്ളല്‍ ഏല്‍ക്കുന്ന അവസരത്തിലും പാചകസമയത്തും ഞാന്‍ നിന്റെ സ്വാധീനനായിരിക്കുമെന്ന് അഗ്നിദേവനും, നീ ചിന്തിച്ചാല്‍ മരുഭൂവിലായാലും ജലം നിനക്ക് ലഭിക്കും എന്ന് വരുണനും നളനേ അനുഗ്രഹിക്കുന്നു.ആപത്തിലും അധര്‍മ്മവിമുക്തമായ മനസ്സും ആയുധവിദ്യാപ്രാവീണ്യവും ലഭിക്കട്ടെ എന്ന് യമന്‍ ദമയന്തിക്കും അനുഗ്രഹം നല്‍കുന്നു.ഇതോടെ നളചരിതം ഒന്നാംദിവസത്തെകഥ പൂര്‍ണ്ണമാകുന്നു.

അരങ്ങില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെടുന്നഭാഗമാണല്ലൊ ഇത്. അതുകൊണ്ടുള്ള പരിചയകുറവുമൂലം ഉള്ള ചെറിയ പിശകുകള്‍ ഇതില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരുടെ ഭാഗത്തും ഉണ്ടായതായി കണ്ടു. ഇവിടെ നളനായി എത്തിയത് ശ്രീ കലാമണ്ഡലം ഗോപി ആയിരുന്നു. അദ്ദേഹത്തേപോലെ ഒരു മിതിര്‍ന്ന നടനില്‍ നിന്നും അസ്വാദകര്‍ പ്രതീക്ഷിക്കുന്നത്ര ഉയര്‍ന്ന പ്രകടമായില്ല ഈ ദിവസത്തേത്. ഇദ്ദേഹത്തെ സംബന്ധിച്ച് പരിചയക്കുറവ് മൂലമാണന്ന് ഒരിക്കലും പറയാനാവില്ല. ഈ ദിവസത്തെ കളിയെ അദ്ദേഹം അത്ര ഗൌരവബുദ്ധ്യാ സമീപിച്ചില്ല എന്നാ‍ണു തോന്നുന്നത്. ഹംസമായി വേഷമിട്ട സദനം കൃഷണന്‍കുട്ടി പ്രകടനത്തില്‍ മാത്രമല്ല വേഷം ഒരുങ്ങുന്നതിലും ശ്രദ്ധവെച്ചിരുന്നില്ല എന്നും തോന്നി.


ഇന്ദ്രനായി ശ്രീ കലാമണ്ഡലം മയ്യനാട് രാജീവും അഗ്നിയായി ശ്രീ ആര്‍.എല്‍.വി.സുനിലും വരുണനായി ശ്രീ തിരുവഞ്ചൂര്‍ സുഭാഷും യമനായി ശ്രീ കലാമണ്ഡലം ഗോപനും വേഷമിട്ടു. ‘ചെയ്‌വനെന്നു മുന്നേ’ എന്ന ചരണം യമധര്‍മ്മന്‍ ആടേണ്ടതാണെന്നു പോലും മനസ്സിലാക്കാതെയാണ് ഗോപന്‍ അരങ്ങിലെത്തിയിരുന്നത്. ദമയന്തീസമീപത്തേക്ക് അയക്കുമ്പോള്‍ നളന് തിരസ്ക്കരണി നല്‍കാം എന്നു പറയുന്നതല്ലാതെ അത് ഉപദേശിക്കുന്നതായി ആടികണ്ടില്ല.


ദമയന്തി വേഷമിട്ട ശ്രീ മാര്‍ഗ്ഗി വിജയകുമാറായായിരുന്നു ഈ ദിവസത്തെ എറ്റവും നല്ല പ്രകടനത്തോടെ പ്രേക്ഷകരെ പിടിച്ചിരുത്തിയത്. കണക്കൊത്തചൊല്ലിയാട്ടവും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അഭിനയവുമായിരുന്നു ഇദ്ദേഹത്തിന്റേത്. ശ്രീ മുരളീധരന്‍ നമ്പൂതിരി ആണ് സരസ്വതിയായി അരങ്ങിലെത്തിയത്.


ആദ്യമൂന്നു രംഗങ്ങളിലേയും സംഗീതം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ശ്രീ കോട്ടക്കല്‍ മധുവും ചേര്‍ന്ന് നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഇരുവരുടെയും സമ്പൃദായങ്ങളിലുള്ള അന്തരം പലഭാഗങ്ങളിലും അനുഭവപ്പെട്ടു.തുടര്‍ന്നുള്ള രംഗങ്ങള്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ വിനോദും ചേര്‍ന്നാണ് പാടിയത്. ഈ കഥക്ക് ചെണ്ടകൊട്ടിയത് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും, മദ്ദളം കൊട്ടിയത് ശ്രീ കോട്ടകല്‍ രവി, കലാമണ്ഡലം ശശി(മൂന്നാം രംഗം പകുതിമുതല്‍) എന്നിവരും ആണ്.
ബാണയുദ്ധംത്തിലെ ആദ്യഭാഗമാണ് രണ്ടാമതായി അവതരിപ്പിച്ച കഥ. ഇതും അപൂര്‍വ്വമായി മാത്രം രംഗത്തെത്തുന്ന ഒരു ഭാഗമാണ്.

ബാണന്റെ തിരനോട്ടവും തന്റേടാട്ടവുമാണ് ആദ്യം. താന്‍ ബഹ്മാവിനെ തപസ്സുചെയ്ത് വരങ്ങള്‍ സമ്പാദിച്ച് സുഖമായി വസിക്കുന്ന കാലത്ത് ഒരു ദിവസം കൈലാസത്തില്‍ പോയ കഥ ഇവിടെ വിസ്തരിച്ച് ആടുന്നു. ആ സമയം ശിവന്‍ താണ്ഡവനൃത്തം ചെയ്യുന്നത് കണ്ടു. നന്ദിയും ഭൂതഗണങ്ങളും വാദ്യങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു.ബാണന്‍ അവര്‍ക്കൊപ്പം വാദ്യം വായിച്ചു. ശിവന്‍ അതില്‍ സം‌പ്രീതനായി ബാണന് ആയിരം കൈകള്‍ ഉണ്ടാവട്ടെ എന്ന് അനുഗ്രഹിച്ചു. അങ്ങിനെ അനേകം കൈകള്‍കൊണ്ട് പല വാദ്യങ്ങള്‍ വായിച്ചതില്‍ സന്തോഷിച്ച ശിവന്‍ വീണ്ടും എഷ്ടവരം ചോദിച്ചുകൊള്ളാന്‍ ബാണനോട് പറയുന്നു. അങ്ങ് പരിവാര സമേതം എന്റെ ഗോപുരദ്വാരത്തിങ്കല്‍ വന്നു വസിക്കണം എന്ന് ബാണന്‍ ആവശ്യപ്പെടുന്നു. ശിവന്‍ അതനുസ്സരിച്ച് ബാണന്റെ ഗോപുരദ്വാരത്തിങ്കല്‍ വന്ന് വസിക്കുന്നു. ആയിരം കൈകളുള്ള ബാണന്‍ ഒത്തൊരു എതിരാളിയെ കിട്ടാതെ കൈത്തരിപ്പ് തീര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നു. ഒടുവില്‍ കൈത്തരിപ്പുതീര്‍ക്കാന്‍ ശിവനോട് തന്നെ യുദ്ധം ആവശ്യപ്പെടാന്‍ തീര്‍മാനിച്ച് ബാണന്‍ ഗോപുരത്തില്‍ എത്തുന്നു. തന്റേയും പരിവാരങ്ങളുടേയും വാഹനങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധമൂലം മ്ലാനവദനനായി ഇരിക്കുകയാണ് ശിവന്‍ എന്ന് ബാണന് തോന്നുന്നു. ശിവവാഹനമായ ഋഷഭനും പാര്‍വ്വതിയുടെ വാഹനമായ സിംഹവും തമ്മിലും ശിവാഭരണമായ സര്‍പ്പവും സുബ്രഹ്മണ്യവാഹനമായ മയിലും തമ്മിലും മറ്റുമുള്ള കലഹത്തെ ഇവിടെ വിസ്തരിച്ചു കാണിക്കുന്നു. നന്ദികേശ്വരനേയും ഗണപതിയേയും സുബ്രഹമണ്യനേയും ശിവനേയും ക്രമത്തില്‍ കണ്ട് ബാണന്‍ തന്നോട് യുദ്ധം ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കുന്നു. തങ്ങളാല്‍ അതിനു കഴിയില്ല എന്ന് എല്ലാവരും അറിയിക്കുന്നു. നിന്റെ കൊടിമരം ഒരു നാള്‍ മുറിഞ്ഞുവീഴുമെന്നും, അന്ന് നിന്നോട് യുദ്ധം ചെയ്യാന്‍ എനിക്കു തുല്യനായ ഒരാള്‍ വരുമെന്നും, അതുവരെ കാത്തിരിക്കണമെന്നും ശിവന്‍ ബാണനെ അറിയിക്കുന്നു. കൊട്ടാരത്തിലേക്ക് മടങ്ങി ബാണന്‍ ആ കാലംവരുന്നത് കാത്തിരിക്കുന്നു. ഇത്രയും ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
ഇതില്‍ ബാണനായെത്തിയ ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍ വളരെ നല്ല പ്രകടമാണ് കാഴ്ചവെയ്ച്ചത്. ശിവനായി ശ്രീ കലാമണ്ഡലം രവികുമാറും പാര്‍വ്വതിയായി ശ്രീ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും നന്ദികേശ്വരനായി ശ്രീ കലാമണ്ഡലം അരുണും സുബ്രഹ്മണ്യനായി ശ്രീ ആര്‍.എല്‍.വി.സുനിലും അരങ്ങിലെത്തി.ശ്രീ പള്ളം മാധവനായിരുന്നു പൊന്നാനി പാടിയത്. പ്രായാധിക്യം മൂലം ശ്വാസംകിട്ടായകയാലും പദങ്ങള്‍ തോന്നായ്കയാലും ഇദ്ദേഹം നന്നെ വിഷമിച്ചിരുന്നു. ശ്രീ കലാമണ്ഡലം സജീവന്‍ ആണ് കൂടെ പാടിയിരുന്നത്. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.


ദക്ഷയാഗമായിരുന്നു (‘കണ്ണിണക്കാനന്ദം’മുതല്‍) മൂന്നാമത് കഥ. ആദ്യദക്ഷനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘര വാര്യരും വേദവല്ലിയായി ശ്രീ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും അഭിനയിച്ചു. ആദ്യരംഗത്തില്‍ ചെണ്ട ശ്രീ കലാമണ്ഡലം രാധാകൃഷ്ണനും മദ്ദളം ശ്രീ കലാമണ്ഡലം ഗോപിക്കുട്ടനും കൈകാര്യം ചെയ്തു.

സതിയായി ശ്രീ കുടമാളൂര്‍ മുരളീകൃഷ്ണനാണ് വേഷമിട്ടിരുന്നത്. ശ്രീ തിരുവല്ലാ കരുണാകരക്കുറുപ്പ് വടു ആയി എത്തി. ഈഭാഗത്തെ പാട്ട് ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു.

ഇന്ദ്രനായി ശ്രീ കലാമണ്ഡലം അരുണും ശിവനായി ശ്രീ കലാമണ്ഡലം കൃഷ്ണപ്രസാദും അരങ്ങിലെത്തി. ഈ ഭാഗത്തെ മേളം ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ നാരായണന്‍ നമ്പൂതിരിയും(മദ്ദളം) ചേര്‍ന്നായിരുന്നു. ‘അറിയാതെ’ മുതല്‍ പാടിയത് ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ശ്രീ കലാമണ്ഡലം രാജേഷ്‌ബാബുവും ചേര്‍ന്നാണ്.


അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെടാറുള്ള ദധീചി മുനി ദക്ഷന്റെ അടുത്തെത്തുന്നരംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് ദധീചിയായി അഭിനയിച്ചത്. ശ്രീ എഫ്.എ.സി.റ്റി.മോഹനന്‍ രണ്ടാം ദക്ഷനായി എത്തി. ഈ രംഗത്തിലെ സംഗീതം കലാമണ്ഡലം ബാബു നമ്പൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നും, മേളം ശ്രീ കലാമണ്ഡലം രാധാകൃഷ്ണനും(ചെണ്ട) ശ്രീ നരായണന്‍ നമ്പൂതിരിയും(മദ്ദളം) ചേന്നും കൈകാര്യം ചെയ്തു. വീരഭദ്രനായി ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും ഭദ്രകാളിയായി ശ്രീ കലാമണ്ഡലം ഭാഗ്യനാധും വേഷമിട്ടിരുന്നു.

ശ്രീ ചിങ്ങോലി പുരുഷോത്തമന്‍, ശ്രീ നീലമ്പേരൂര്‍ ജയപ്രകാശ്, കലാനിലയം സജി എന്നിവരാണ് ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രി വല്ലഭ കഥകളിയോഗം ആയിരുന്നു കളിയോഗം. ഇവരുടെ കോപ്പുകള്‍ തരക്കേടില്ലായെങ്കിലും ഒട്ടും ഭഗിയില്ലാത്തതും വളരെ ചെറുതുമായ തിരശ്ശീല ഒരു പോരായ്മയായി തോന്നി. നാലുപേര്‍ പങ്കെടുക്കുന്ന പുറപ്പാടും അനവധി വേഷങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്ന രംഗങ്ങളും ഉള്ളതും, വലിയ സ്റ്റേജില്‍ നടത്തപ്പെടുന്നതുമായ കഥകളിക്ക് വലിയ തിരശ്ശീലതന്നെ ആവശ്യമാണ്. അരങ്ങത്ത് മറ്റുള്ളവരൊക്കെ ഷര്‍ട്ട് ധര്‍ക്കാതെ നില്‍ക്കുന്വോള്‍ തിരശ്ശീലക്കാര്‍ മാത്രം ഷര്‍ട്ട് ധരിച്ചുകൊണ്ട് നില്‍ക്കുന്നതും അഭംഗിയായി തോന്നി.

3 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

Mani.
Very good write up.
C.Ambujakshan Nair

അജ്ഞാതന്‍ പറഞ്ഞു...

ആദ്യമായി എന്റെ പ്രിയ സുഹൃത്തായ മിടുക്കനായുരാരോഗ്യസൗഖ്യം നേരുന്നു.

അന്നു തന്നെ മറ്റു സുഹൃത്തുക്കൾ വഴി ആഘോഷം ഗംഭീരമായെന്നു കേട്ടറിഞ്ഞിരുന്നു. ഇപ്പോൾ വായിച്ചും...മണിക്കഭിനന്ദനം.... ബുദ്ധിമുട്ടി ഓരോസ്ഥലത്തും ചെന്നു കളികണ്ടു,വിലയിരുത്തി,വിശദമായകുറിപ്പുകളൊടെ,ചിത്രങ്ങളോടെ ദൂരെയിരിക്കും ഞങ്ങൾക്കെല്ലാം നേരറിയാൻ ഇങ്ങനെ പ്രസിദ്ധീകരിക്കുന്നതിൽ...ഇപ്പോൾ മണിയെപ്പോലേ മറ്റൊരു ഹരി മാത്രമേയുള്ളു കഥകളിയെക്കുറിച്ചെഴുതുവാൻ....

നളചരിതം ഉത്തരഭാഗം ഞാനും മുമ്പു പലപ്പൊഴും കണ്ടിട്ടുണ്ടു...ഒരിക്കലും നന്നായതായി ഓർമ്മയില്ല. ( വെറുതെയല്ല പൂർവ്വ്ഭാഗം മാത്രം മതി എന്ന മട്ടിലായത്‌. വായിക്കുമ്പോൾ ആ രംഗങ്ങൾ കേമമാണു.രംഗത്തുവരുമ്പോൾ കുറെ സംഭവങ്ങൾ എന്നാല്ലാതെ പിടിച്ചിരുത്തുന്ന ഒന്നും ഇല്ല!

നന്ദിയുടെ ഉടുത്തുകെട്ടു തീരെ ചെറുതായിരുന്നോ ! ചിത്രത്തിൽ അങ്ങനെ തോന്നി!

രാജശേഖർ.പി.വൈക്കം
(ദോഹ:ഖത്തർ)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ C.Ambujakshan Nair,നന്ദി.
@ രാജശേഖർ.പി.വൈക്കം, നന്ദി,ഉത്തരഭാഗത്ത് അഭിനയിക്കുവാന്‍ വകുപ്പുണ്ട്,എന്നാല്‍ ഇത് അഭിനയിച്ച് ഭലിപ്പിക്കുവാന്‍ വലിയ പ്രയാസവുമാണന്നാണ് എനിക്കു തോന്നുന്നത്.
നന്ദികേശ്വര്‍ന് ചെറിയ ഉടുത്തുകെട്ടും,മുഖത്ത് മുഖം മൂടിയും ആയിരുന്നു. അതുമതിയല്ലൊ,വല്യ പ്രാധാന്യം ഇവിടെ ആവേഷത്തിനില്ലല്ലൊ.