സന്ദര്‍ശനിലെ മാസപരിപാടി

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ സെപ്തബര്‍ മാസത്തെ കഥകളി 30ന് വൈകിട്ട് 7മണിക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ നടന്നു. ഈ വര്‍ഷത്തെ കലാമണ്ഡലം ഹരിദാസ് സ്മാരക പുരസ്ക്കാരം ലഭിച്ച സന്ദര്‍ശനിലെ ഗായകനായ ശ്രീ പത്തിയൂര്‍ ശങ്കരങ്കുട്ടിയെ ഈ വേദിയില്‍ വെച്ച് പൊന്നാടനല്‍കി ആദരിക്കുകയും ഉണ്ടായി.
.

‘കല്യാണാംഗി ’

.

മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്‍ രചിച്ച രുഗ്മാംഗദചരിതം ആയിരുന്നു അന്ന് അവതരിപ്പിച്ച കഥ. വനത്തില്‍ നായാട്ടുകഴിഞ്ഞ് വിശ്രമിക്കുന്ന അയോദ്ധ്യാരാജാവായ രുഗ്മാംഗദന്‍ അവിടെയെത്തിയ മോഹിനിയെ കണ്ട് മോഹിക്കുന്നു. അവളോട് തന്റെ പ്രിയയായിരിക്കുവാന്‍ അപേക്ഷിക്കുന്നു. തനിക്ക് അപ്രിയമായതൊന്നും ഒരുകാലത്തും ചെയ്യുകയില്ല എന്നു സത്യംചെയ്തു നല്‍കാമെങ്കില്‍ അപ്രകാരം ചെയ്യാം എന്ന് മോഹിനി പറയുന്നു. രുഗ്മാംഗദന്‍ സത്യം ചെയ്ത് നല്‍കി അവളെ കൂട്ടി കൊട്ടാരത്തിലേക്ക് മടങ്ങുന്നു. ഇതാണ് ആദ്യരംഗത്തിലെ കഥാഭാഗം.
.
‘മദസിന്ധുരഗമനേ’
.
ഇവിടെ രുഗ്മാംഗദനായി എത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് മനോഹരമായി തന്നെ ഇതിലെ പദഭാഗവും ആട്ടവും കൈകാര്യം ചെയ്തു. പദത്തിനു ശേഷമുള്ള ആട്ടത്തില്‍ മോഹിനിയുടെ ‘ബ്രഹ്മസൃഷ്ടി’ ആട്ടം സാധാരണയില്‍ നിന്നും വ്യത്യസ്തമായി, ‘എല്ലാസൃഷ്ടിയും കഴിഞ്ഞ്, ഒരു ഉത്തമസ്ത്രീരൂപത്തെ ചിന്തിച്ച ബ്രഹ്മദേവന്റെ മനസ്സില്‍ നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടു’ എന്ന രീതിയിലാണ് അവതരിപ്പിക്കുകയുണ്ടായത്. തുടര്‍ന്ന്, ‘അതീവ സുന്ദരിയായ ഇവളുടെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ അനന്തനാലും(ആയിരം നാവുള്ളയാളാണല്ലൊ അനന്തന്‍) സാധ്യമല്ല, കാണാന്‍ ഇന്ദ്രനാലും(ആയിരം കണ്ണുള്ളയാളാണല്ലൊ ഇന്ദ്രന്‍) സാധ്യമല്ല. ഇവളെ പുല്‍കുവാന്‍ ആയിരം കൈകള്‍ മതിയാകാതെ വരും, ഇപ്രകാരമുള്ള ഈ ദേവനാരിയെ എനിക്ക് ലഭിക്കാന്‍ കാരണം മുജ്ജെന്മ സുകൃതം ഒന്നുമാത്രമാണ്.’ എന്നും രുഗ്മാഗദന്‍ സ്വഗതമായി ആടി. ശേഷം ‘സത്യം ചെയ്തു വാങ്ങാന്‍ കാരണമെന്ത്?‘,’ഭവതി ഇവിടെ വരുവാന്‍ കാരണമെന്ത്?’ എന്നെല്ലാം മോഹിനിയോട് ചോദിച്ച് മനസ്സിലാക്കുകയും ‘ഏകാദശിമാഹാത്മ്യം’ എന്ന ആട്ടം ആടുകയും ഉണ്ടായി. രംഗാരംഭത്തില്‍ രുഗ്മാഗദന്‍ വാള്‍ കുത്തിപ്പിടിച്ചിരിക്കുന്നതായിട്ടാണ് സാധാരണ കണ്ടിട്ടുള്ള അരങ്ങുവഴക്കം. എന്നാല്‍ ഇവിടെ രുഗ്മാഗദന്റെ പക്കല്‍ ആയുധങ്ങളോന്നും കണ്ടിരുന്നില്ല. ശ്രീ കലാമണ്ഡലം വിജയനായിരുന്നു മോഹിനി. മോഹിനിയുടെ ‘സോമ വദനാ’ എന്ന പദം പതിവിലും ലേശം കാലം വലിച്ചാണ് വിജയന്‍ എടുക്കുന്നതുകണ്ടത്.
.
‘കേട്ടില്ലെ ഭൂദേവന്മാരേ’
.
ദ്വാദശിഊട്ടില്‍ പങ്കെടുക്കുവാന്‍ അയോദ്ധ്യാരാജധാനിയിലേക്ക് പോകുന്ന ബ്രാഹ്മണര്‍ വഴിയില്‍ കണ്ടുമുട്ടി സംസാരിക്കുന്നതാണ് രണ്ടാം രംഗത്തില്‍. ശ്രീ കലാനിലയം വിനോദും, ശ്രീ ആര്‍.എല്‍.വി.സുനിലുമാണ് ബ്രാഹ്മണവേഷമിട്ടിരുന്നത്. ഇത്ര ചെറിയ വേഷമായിട്ടുപോലും സുനിലിന് അത് വേണ്ടവിധം കൈകാര്യം ചെയ്യാന്‍, എന്തിന് പദത്തിന് കൃത്യമായി മുദ്രകാട്ടാന്‍ പോലും സാധിച്ചില്ല. എന്നാല്‍ വിനോദ് നന്നായി പ്രവര്‍ത്തിച്ചിരുന്നു.
.
‘ചിത്തജകേളിയിലിഹ മേ’
.
അടുത്ത രംഗത്തില്‍ മോഹിനി, പതിവുപോലെ വൃശ്ചികമാസത്തിലെ ഏകാദശിനാളിലും വ്രതം അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന രുഗ്മാംഗദനെ സമീപിച്ച്, കാമകേളിക്കായി ക്ഷണിക്കുന്നു. ഏകാദശിനാളില്‍ എല്ലാവരും സര്‍വ്വഥാ ഗോവിന്ദനെ സ്മരിച്ച് വ്രതം അനുഷ്ടിക്കണമെന്നും, കാമകേളിയും മറ്റും ഒഴിവാക്കണമെന്നും പറയുന്ന രുഗ്മാഗദനോട് മോഹിനി, താന്‍ വ്രതം നോല്‍ക്കുകയില്ലെന്നു മാത്രമല്ല അങ്ങയും ഇതു നോല്‍ക്കരുതെന്ന് ശഠിക്കുന്നു. രാജ്യംതന്നെ വേണമെങ്കില്‍ ഉപേക്ഷിക്കാം എന്നാലും വ്രതം ഉപേക്ഷിക്കാന്‍ പറയരുതെന്ന് രാജാവ് അപേക്ഷിക്കുന്നു. തന്നോട് അപ്രിയം ഒന്നും ചെയ്കയില്ല എന്ന് പണ്ടുചെയ്ത സത്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോഹിനി, പുത്രനായ ധര്‍മ്മാംഗദനെ അമ്മയുടെ മടിയില്‍ വച്ച് അല്പംപോലും കണ്ണുനിറയാതെ വെട്ടിക്കൊല്ലാമെങ്കില്‍ അങ്ങ് ഈ വ്രതം നോറ്റുകൊളുക എന്ന് പറയുന്നു. ഈ കഠിനവാക്കുകള്‍ ശ്രവിച്ച് ബോധരഹിതനായി നിലം‌പതിക്കുന്ന രുഗ്മാഗദന്‍, ബോധംതെളിഞ്ഞപ്പോള്‍ ലോകനാഥനായ വിഷ്ണുഭഗവാനെ വിളിച്ച് വിലപിക്കുന്നു. അപ്പോള്‍ ധര്‍മ്മാംഗദന്‍ മാതാവായ സന്ധ്യാവലിയോടുകൂടി പ്രവേശിക്കുന്നു. അച്ഛന് ഇനിയും സത്പുത്രന്മാര്‍ ഉളവാകും അതിനാല്‍ തന്നെ വധിച്ച് സത്യം കാത്തുകൊണ്ട് വ്രതം അനുഷ്ടിച്ചുക്കൊള്ളുവാനും, മറിച്ചായാല്‍ ഉണ്ടാകുന്ന സത്യഭംഗത്താല്‍ നമ്മുടെ വംശത്തിനുതന്നെ തീരാകളങ്കം വന്നുചേരുമെന്നും, പറഞ്ഞ് ധര്‍മ്മാംഗദന്‍ അച്ഛന്റെ കയ്യില്‍ വാള്‍ നല്‍കി അമ്മയുടെ മടിയില്‍ കിടക്കുന്നു. ഇവിടെ രാജാവിന്റെ താപവും മോഹിനിയുടെ കോപവും ഒരുപോലെ വര്‍ദ്ധിതമാവുന്നു. ദുഷ്ടമനസ്തിതിയുള്ള മോഹിനിയേയും വാളിനേയും പുത്രനേയും നോക്കി താപാന്ധനായി പുലമ്പുന്നു. താന്‍ ഉണ്ണിയെ വധിക്കില്ല എന്നു പറയുന്ന രാജാവിനോട്, എന്നാല്‍ വരൂ നമുക്കൊരുമിച്ച് പോയി സമൃദ്ധമായ ഭോജനം കഴിക്കാം എന്ന് മോഹിനി ക്ഷണിക്കുന്നു. അതും സാധ്യമല്ല, വ്രതലോപവും ഞാന്‍ ചെയ്യില്ല എന്ന് രുഗ്മാംഗദന്‍ പറയുന്നു. അങ്ങിനെയെന്നാല്‍ ഞാന്‍ ഇവിടെ ജീവൊനൊടുക്കും, അങ്ങിനെ സത്യഭംഗം സംഭവിച്ചതിന്റെ ദുഷ്കീര്‍ത്തി അങ്ങയില്‍ വന്നു പതിക്കും എന്ന് മോഹിനിയും ഉറപ്പിച്ച് പറയുന്നു. ഗത്യന്തരമില്ലാതെയായപ്പോള്‍ രുഗ്മാഗദന്‍ എല്ലാം വിഷ്ണുഭഗവാനില്‍ സമര്‍പ്പിച്ചുകൊണ്ട് പുത്രവധത്തിനൊരുങ്ങുന്നു. പെട്ടന്ന് അവിടെ പ്രത്യക്ഷനായ മഹാവിഷ്ബു രുഗ്മാഗദനെ തടഞ്ഞുകൊണ്ട്, നിന്നെ പരീക്ഷിക്കുവാന്‍ ബ്രഹ്മാവിനാല്‍ നിയോഗിക്കപ്പെട്ടവളാണ് മോഹിനി എന്ന സത്യം അറിയിക്കുന്നു. തുടര്‍ന്ന് ഭഗവാന്റെ നിര്‍ദ്ദേശാനുസ്സരണം ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തിട്ട്, രുഗ്മാംഗദന്‍ പത്നീസമേതനായി വിഷ്ണുസാരൂപ്യം നേടി വിഷ്ണുലോകത്തേക്ക് ഭഗവാനൊടോപ്പം ഗമിക്കുന്നു.
.
‘കണ്ണിലശ്രു തെല്ലും വീണീടാതെ ഇച്ചരിതം ചെയ്യാമെങ്കില്‍’
.
എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ലതുപോലെ ഭാവപ്രകടനത്തിന് സാധ്യതയുള്ള ഈ രംഗത്തില്‍ രുഗ്മാംഗദനെ ഷണ്മുഖന്‍ തൃപ്തികരമായി അവതരിപ്പിച്ചു. എന്നാല്‍ അതിനൊത്ത ഒരു മോഹിനിയെ അവതരിപ്പിക്കുവാന്‍ വിജയന് കഴിഞ്ഞില്ല. ‘സത്യഭംഗം’ എന്ന ചരണം മുതല്‍ ക്രമമായി ഉയര്‍ന്നു വരേണ്ട കോധഭാവം നിലനിര്‍ത്തി, നന്നായി പ്രകടിപ്പിക്കുന്നതിലും മറ്റും വിജയന്‍ വേണ്ടത്ര വിജയിച്ചില്ല. മോഹിനിയുടെ അന്ത്യചരണങ്ങള്‍ കാലം തള്ളി ആടുന്നവയാണല്ലൊ. ഇവ ആടിഭലിപ്പിക്കുവാനും ഉയര്‍ന്നകാലത്തില്‍ മുദ്രകള്‍ കാട്ടുവാനും വിജയന്‍ ആയാസപ്പെടുന്നതായി തോന്നി.
.
‘നാഥാ ജനാര്‍ദ്ദനാ’
.
ധര്‍മ്മാംഗദനായി എത്തിയ ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ ഒരു കുട്ടിത്തരം വേഷക്കാരനില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അളവിലുള്ള ഭാവാഭിനയത്തോടെ ചൊല്ലിയാട്ടവും കലാശങ്ങളും വെടിപ്പായി ചെയ്തിരുന്നു. കലാനിലയം വിനോദായിരുന്നു സന്ധ്യാവലിയായി രംഗത്തുവന്നത്.

.

അമ്മയുടെ മടിയില്‍ കിടക്കുന്ന പുത്രനേയും, വാളിനേയും, കഠോരഹൃദയയായ മോഹിനിയേയും മാറി മാറി നോക്കി സ്തോഭങ്ങള്‍ നടിക്കുന്ന രുഗ്മാംഗദന്‍

.

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നുള്ള സംഗീതവും നിലവാരം പുലര്‍ത്തിയിരുന്നു. ശങ്കരന്‍‌കുട്ടിയോട് ചേര്‍ന്ന് നന്നായി ശിങ്കിടിപാടിയിരുന്ന ജയപ്രകാശ് ശാരീരഗുണത്താലും അനായാസതയാലും കൂടുതല്‍ മികച്ചുനിന്നിരുന്നു.
ചേണ്ട കൈകാര്യംചെയ്ത ശ്രീ കലാനിലയം രതീഷ് തന്റെ പരിചയകുറവിനാല്‍ അറച്ചു നില്‍ക്കുന്നതായി തോന്നി. എന്നാല്‍ നല്ല കഴിവുള്ള ഈ യുവാവിന് കൂടുതല്‍ അരങ്ങുകളില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും നല്ല പ്രകടനം നടത്തുവാന്‍ സാധിക്കും.
മദ്ദളം കൈകാര്യം ചെയ്ത ശ്രീ കലാനിലയം മനോജ് ഉന്നതനിലവാരം പുലര്‍ത്തി. ചില അവസരങ്ങളില്‍ ചെണ്ടയുടെ പോരായ്ക തീര്‍ക്കാന്‍ പോന്നതായി തോന്നിച്ചു മദ്ദളം.

‘നിന്‍ വ്രതം മുടക്കുവാന്‍ ബ്രഹ്മവാചാ മോഹിനി വന്നതിവള്‍’

.


കലാമണ്ഡലം സുകുമാരന്‍ ആയിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്‍. ‍സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷ്ണനും സംഘവുമായിരുന്നു.

5 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

മണീ,
നല്ല ആസ്വാദനം.ഷണ്മുഖന്റെ പച്ചവേഷവും നന്നായി വരുന്നുവെന്നു കേൾക്കുന്നതിൽ സന്തോഷം.വിജയൻ മോഹിനിയൊക്കെ കെട്ടാനായല്ലേ!സന്ദർശനേയും വേണു മാഷെയുമൊക്കെ ഓർമ്മിപ്പിച്ചതിൽ നന്ദി.
എന്റെ പുതിയ പോസ്റ്റുകൾ കണ്ടിരുന്നുവോ?

Haree പറഞ്ഞു...

“എന്നാല്‍ ഇവിടെ രുഗ്മാഗദന്റെ പക്കല്‍ ആയുധങ്ങളോന്നും കണ്ടിരുന്നില്ല.” - സന്ദര്‍ശന്റെ അരങ്ങുകളില്‍ ഇങ്ങിനെയുള്ള വ്യത്യാസങ്ങള്‍ ഒരു കാരണവുമില്ലാതെ ചേര്‍ക്കാറില്ല. ആകസ്മികമായി സംഭവിച്ചതാണോ, അതിനെന്തെങ്കിലും കാരണമുണ്ടോ?

"മോഹിനിയുടെ ‘സോമ വദനാ’ എന്ന പദം പതിവിലും ലേശം കാലം വലിച്ചാണ് വിജയന്‍ എടുക്കുന്നതുകണ്ടത്." - കാലം വലിച്ചെടുത്തത് പാട്ടുകാരോ, വിജയനോ? വിജയനെങ്ങിനെ കാലം വലിക്കുവാന്‍ സാധിക്കും? അതോ, ആദ്യം പദം ആരംഭിച്ച കാലത്തില്‍ നിന്നും വിജയന്റെ ചുവടുകള്‍ നോക്കി പാട്ടുകാര്‍ കാലം വലിച്ചുവെന്നോ?

സുനില്‍ അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ പിന്നിലോട്ടാണ്. സഭാകമ്പമാണെന്നു തോന്നുന്നു പ്രധാനപ്രശ്നം. ജയപ്രകാശ് നല്ല ഗായകന്‍ തന്നെ. രതീഷിന് അരങ്ങുപരിചയമാണ് വേണ്ടത്, സന്ദര്‍ശനിലൂടെ അത് ലഭിക്കുമെന്നു കരുതാം. പ്രയോജനപ്പെടുത്തുമോ ഇല്ലയോ എന്നതേയുള്ളൂ പ്രശ്നം. മനോജ് സന്ദര്‍ശനില്‍ മദ്ദളം വായിച്ചു തെളിഞ്ഞ കലാകാരനാണ്. ഷണ്മുഖന്റെ രുഗ്മാംഗദന്‍ നന്നായതില്‍ സന്തോഷമുണ്ട്... :-) വിജയന്റെ മോഹിനിയുടെ പ്രശ്നങ്ങള്‍ ശരിയായി ഇവിടെ നിന്നും മനസിലാക്കുവാന്‍ കഴിഞ്ഞില്ല! :-(
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ വികടശിരോമണി,
പുതിയ പോസ്റ്റ്കള്‍ കണ്ടിരുന്നു.
@ ഹരീ,
സന്ദര്‍ശ്ശന്‍ കഥകളിയില്‍ ഒരുപാട് അരങ്ങുവ്യത്യാസങ്ങള്‍ ചേര്‍ക്കുന്നു എന്നൊരു മുന്‍ധാരണ വെച്ചുകൊണ്ട് നോക്കുമ്പോള്‍ അങ്ങിനെ തോന്നാം. എന്നാല്‍ സന്ദര്‍ശ്ശന്‍ നടത്തുന്ന ചില മാറ്റങ്ങള്‍ കൃഷ്ണന്‍‌കുട്ടി പൊതുവാളാശാനേപ്പൊലെ ചില കഥകളി മര്‍മ്മജ്ഞര്‍ മുന്‍പേ തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളവയാണ്.(ഉദാ:നാലാം ദിവസത്തിലെ അന്ത്യരംഗത്തിലെ പ്രവേശരീതി മാറ്റം) ഇവിടെ രുഗ്മാഗദന്‍ വാള്‍ എടുക്കാതെയിരുന്നത് മനപ്പൂര്‍വ്വമായിരുന്നു(പ്രായോഗിക ബുദ്ധിമുട്ട്) എങ്കിലും ഇത് സന്ദര്‍ശ്ശന്റെ വകയായി ഉള്ള ഒരു അരങ്ങുവഴക്കതിലെ മാറ്റം അല്ലാ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതേ, ആദ്യം പദം ആരംഭിച്ച കാലത്തില്‍ നിന്നും വിജയന്റെ ചുവടുകള്‍ നോക്കി പാട്ടുകാര്‍ കാലം വലിച്ചു. “ലേശം” എന്നു ഞാന്‍ പറഞ്ഞിരുന്നു.
മോഹിനിയുടെ പ്രശ്നങ്ങള്‍ എനിക്ക് പറയാനറിയുന്നതുപോലെ ഞാന്‍ പറഞ്ഞു. ഹരിയുടെ സുഹൃത്തുക്കള്‍(ആലപ്പുഴയില്‍ നിന്നും) കളികാണാന്‍ ഉണ്ടായിരുന്നു. അവരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കു......

AMBUJAKSHAN NAIR പറഞ്ഞു...

Hello,
Vettakku pokunna Rajavinu aayudhangal venam. Val aakam, ambum villum aakam. Ivide valinu mukyatham nalkunnathu Dharmangadane vettanam ennullathu kondanu. Ambum villum aadya rangathil Rugmangadanu aakam.
Dharmangadan varumbol valumayi pravesikkam. pandu nadappu undayirunnathu ingineyanu.
Ekadasi mahalmyam aadiyennu arinjathil santhosham. Asianet Rugamangadacharithathil mahalmyam aadiyittilla. ithu pala nadanmarum skipcheyyunnundu.
C.Ambujakshan Nair

AMBUJAKSHAN NAIR പറഞ്ഞു...

What happened here. Vishnu used "Krishnamudi" as like thekkan kathakali style.
C.Ambujakshan Nair