മേളപ്പെരുക്കം

‘കഥകളിയിലെസര്‍വ്വജ്ഞന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന
പ്രതിഭാശാലിയായിരുന്നു ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാള്‍. കുലത്തൊഴിലായ ക്ഷേത്രവാദ്യങ്ങള്‍ അഭ്യസിച്ചശേഷം കലാമണ്ഡലത്തിലെത്തി കഥകളിചെണ്ട അഭ്യസിച്ച ഇദ്ദേഹം അതില്‍ അഗ്രഗണ്യനായി തീര്‍ന്നു. കഥകളി മേളത്തെ ഭാവാനുസാരിയാക്കിതീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന എദ്ദേഹത്തിനെ വെല്ലാന്‍ അക്കാലത്തെന്നല്ല പില്‍ക്കാലത്തും ആരുമുണ്ടായിട്ടില്ല. എന്നാല്‍ അതുമാത്രമല്ല, കഥകളിയുടെ സമസ്തമേഘലകളിലും വ്യാപരിച്ചിരിന്ന അദ്ദേഹം ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു. പല അരങ്ങുകളിലും കഥകളിവേഷം കെട്ടുകയും, പൊന്നാനിയായി പാടുകയും ചെയ്തിട്ടുള്ള കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ ഒരു നല്ല ചിത്രകാരനും ആയിരുന്നു. കഥകളി മദ്ദളത്തില്‍ ഇദ്ദേഹത്തിന് അനവധി ശിഷ്യരുണ്ട്. നിസ്സാരവസ്തുക്കള്‍ കൊണ്ട് കളിക്കോപ്പ് നിര്‍മ്മിക്കുന്നതില്‍ അന്യാദൃശമായ വൈഭവമുള്ള ഇദ്ദേഹത്തിന് കലാകൌശലം ജന്മസിദ്ധമായിരുന്നു. പല പുതിയ ആട്ടകഥകളും ചിട്ടപ്പെടുത്തിയിട്ടുള്ള പൊതുവാളാശാന്‍ സ്വന്തമായി ആട്ടകഥകളും നൃത്തസംഗീതികകളും രചിച്ചിട്ടുമുണ്ട്. തികഞ്ഞ ഒരു ആസ്വാദകന്‍ കൂടിയായിരുന്ന അദ്ദേഹം കഥകളിയെക്കുറിച്ചും ഇതരകലകളേക്കുറിച്ചുമായി അനവധിയായ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സ്വതസിദ്ധമായ നര്‍മ്മവും ഗ്രാമീണമായ ഭാഷാശൈലിയും മൂലം ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായനക്കാരുടെ മനംകവരുന്നവയാണ്. കഥകളിയുടെ സമസ്തമേഘലകളേയും കുറിച്ച് ആധികാരികമായിതന്നെ എഴുതാന്‍ സര്‍വ്വധായോഗ്യനായ ഇദ്ദേഹത്തിന്റെ പല ലേഖനങ്ങളും കഥകളിയുടെ സാങ്കേതികവശങ്ങള്‍ വിശകലനം ചെയ്തുന്നവയാണ്. ഡാന്‍സ് അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തിട്ടുള്ള ആശാന്‍ ‘ശ്രീകൃഷ്ണലീല’ എന്നൊരു കഥകളി ഡാന്‍സും, ‘അഷ്ടപദിയാട്ടവും’ സംവിധാനം ചെയ്തിട്ടുണ്ടുമുണ്ട്.
കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളുടെ കൃതികളുടെ
സമ്പൂര്‍ണ്ണസമാഹാരമാണ് കല്പിതസര്‍വ്വകലാശാലയായ കേരളകലാമണ്ഡലത്തിന്റെ പ്രസാധനശൃഘലയില്‍ പതിനാലാമതായി പുറത്തിറക്കിയ ‘മേളപ്പെരുക്കം’ എന്ന പുസ്തകം. കലാകേരളത്തിലെ പ്രമുഖസ്ഥാപനമായി വിളങ്ങുന്ന കേരളകലാമണ്ഡലം പുസ്തകപ്രസാധന രംഗത്ത് വേണ്ടത്ര മികവ് പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത്, കല്പിതസര്‍വ്വകലാശാലയായിതീര്‍ന്ന ശേഷം ഈ രംഗത്തും കലാമണ്ഡലം ശ്രദ്ധവെയ്ക്കുകയും അനവധി വിലപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്. ഇത് കലാകേരളത്തിന്, പ്രത്യേകിച്ച് കലാഗവേഷകര്‍ക്കും വിദ്യാര്‍ദ്ധികള്‍ക്കും വളരെ പ്രയോജനപ്രദമായിതീരുന്നുണ്ട്. പ്രസാധനപ്രകൃയക്ക് തുടക്കമിട്ടുകൊണ്ട് 2008 മെയ്യില്‍ പുറത്തിറക്കിയ ‘മേളപ്പെരുക്കം’ കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ആസ്വാദകര്‍, ഗവേഷകര്‍ ഇങ്ങിനെ കഥകളിരംഗവുമായി ബന്ധപ്പെട്ട സകലര്‍ക്കും പ്രയോജനമേകുന്ന ഒരു അമൂല്യഗ്രന്ഥമാണ്. ഈ രംഗത്തുള്ളവരെല്ലാം തന്നെ അവശ്യം വായിച്ചിരിക്കേണ്ടതുമാണിത്.
528പേജുകളുള്ള ഈ പുസ്തകത്തിന് മനോഹരമായി കവര്‍
ഡിസൈന്‍ ചെയ്തിരിക്കുന്നത് ശ്രീ ടി.എ.സത്യപാലാണ്. കലാമണ്ഡലം രജിസ്ട്രാര്‍ ശ്രീ എന്‍.ആര്‍. ഗ്രാമപ്രകാശിന്റെ പ്രസാധനക്കുറിപ്പോടുകൂടി ആരംഭിക്കുന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരുടെ ‘ഓര്‍മ്മകളും’, ശ്രീ കലാമണ്ഡലം കേശവന്റെ മുന്നുരയും ചേര്‍ത്തിട്ടുണ്ട്. ‘മേളപ്പദം എഡിറ്റ് ചെയ്തതും ആമുഖപഠനം നടത്തിയിരിക്കുന്നതും കലാമണ്ഡലത്തിന്റെ ബഹു: വൈസ് ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് തന്നെയാണ്. തനിനാടനായ കൂര്‍ത്തുമൂര്‍ത്ത ഒരു ശൈലിയായിരുന്നു പൊതുവാളാശാന്റെ എഴുത്തിന്റേതെന്നും, ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയും ശാലീനതയും അതിനുണ്ടെന്നും, തന്റെ പ്രൌഢവും വിശദവുമായ ആമുഖത്തില്‍ പൌലോസ്‌മാഷ് പറയുന്നു. “കഥകളി എന്നാല്‍ വേഷമോ, മേളമോ, സംഗീതമോ അല്ല. എല്ലാം ചേര്‍ന്നതാണ്. സര്‍വ്വാംഗീണമായ ഈ ഇണക്കമാണ്. അംഗാഗിപ്പൊരുത്തമാണ് കഥകളിയുടെ ചതുരശ്രശോഭക്കാധാരം. അതുകൊണ്ടാണ് പൊതുവാളാശാന്റെ കണ്ണ് ഇവയിലെല്ലാം ചെല്ലുന്നത്. മേളത്തെപറ്റി, സംഗീതത്തെപറ്റി, അഭിനയത്തെപറ്റി, ശൈലീഭേദങ്ങളെപറ്റി ഒക്കെ മലയാളത്തില്‍ എഴുതപെട്ട ഏറ്റവും ശാസ്ത്രീയമായ ചില ലേഖനങ്ങള്‍ പൊതുവാളാശാന്റെ തൂലികയില്‍ നിന്നുതിര്‍ന്നവയാണ്. കഥകളിക്ക് തനതായൊരു ലാവണ്യശാസ്ത്രം രചിച്ചത്, ഈയര്‍ത്ഥത്തില്‍, കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളാണെന്ന് നിസ്സംശയം പറയാം” എന്നും ആമുഖത്തില്‍ പൌലോസ്‌മാഷ് പ്രസ്ഥാപിച്ചിരിക്കുന്നു.
മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന മേളപ്പെരുക്കത്തിന്റെ
ആദ്യഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നത് കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ സമാഹരിക്കപ്പെടാത്ത 34പ്രബന്ധങ്ങളാണ്. പൊതുവാളാശാന്റെ അപൂര്‍ണ്ണമായ ആത്മകഥയോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. ആശാന്റെ കുടുംബപശ്ചാത്തലം, ബാല്യം, കലാമണ്ഡലത്തിലെ അഭ്യാസം, തുടര്‍ന്ന് അദ്ധ്യാപനം, പിരിച്ചുവിടല്‍ വരേയുള്ള കാര്യങ്ങളാണ് 7ഘണ്ഡങ്ങളായുള്ള ഈ ആത്മകഥയില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.
കഥകളിക്കായി ഒരു മാസിക വേണമെന്ന് നിദ്ദേശിക്കുന്ന 
‘കഥകളിക്ക് ഒരു മാസിക’ എന്ന ലേഖനമാണ് രണ്ടാമതായുള്ളത്. ഇങ്ങിനെയുള്ള ഒരു മാസിക ചെയ്യേണ്ടതായ കാര്യങ്ങള്‍ അദ്ദേഹം ഇതില്‍ അക്കമിട്ട് നിരത്തുന്നു ‍. ആസ്വാദകരുടെയും പ്രത്യേകലേഘകരുടെയും അരങ്ങുകളുടെ മുഖംനോക്കാതെയുള്ള നിരൂപണങ്ങള്‍ മാസികയില്‍ വരണമെന്നും, അങ്ങിനെയുള്ള നിരൂപണങ്ങള്‍ കഥകളിക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും തിന്മയ്ക്കല്ല മറിച്ച് നന്മയ്ക്കെ ഉപകരിക്കൂ എന്നും പൊതുവാളാശാന്‍ ഈ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
മൂന്നാമതായി ചേര്‍ത്തിരിക്കുന്ന കഥകളിസംഗീതത്തിനെ 
കുറിച്ചുള്ള ലേഖനത്തില്‍ കഥകളിസംഗീതത്തിന്റെ അഭ്യാസത്തെക്കുറിച്ചും,സംഗീതം ശ്രുതിശുദ്ധവും സ്വരശുദ്ധവും ആക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഗായകന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും പരാമര്‍ശ്ശിച്ചിരിക്കുന്നു. കഥകളി അരങ്ങത്ത് ചെണ്ട, മദ്ദളം എന്നീ വാദ്യങ്ങള്‍ക്കൊപ്പം പാട്ടിന്റെ ശ്രുതി ചേരണമെങ്കില്‍ ഗായകര്‍ മൂന്നുകട്ട ശ്രുതിക്ക് പാടണമെന്ന് വാദിക്കുന്ന പൊതുവാളാശാന്‍ വെങ്കിടകൃഷ്ണഭാഗവതരുടെ കാലശേഷമാണ് ഗായകരുടെ ശ്രുതി താഴ്ന്നത് എന്ന് നിരീക്ഷിക്കുന്നു. ‘ചെണ്ടയുടെ ശ്രുതിക്ക് പാടാനാവില്ലന്ന്’ പാട്ടുകാര്‍ ശഠിച്ചാല്‍ അരങ്ങത്ത് ശ്രുതിലയം എന്ന ഒരവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല എന്ന് ആശാന്‍ പ്രസ്താപിക്കുന്നു. പദങ്ങള്‍ക്ക് നടപ്പുള്ളതില്‍ നിന്നും രാഗമാറ്റം വരുത്തിയാല്‍ നിലവിലുള്ളതിനേക്കാള്‍ ഭാവസ്ഫൂര്‍ത്തി ഉണ്ടാകണമെന്നും അതല്ലാതെ, ‘അതായലും തരക്കേടില്ല, ഇതായാലും തരക്കേടില്ല’ എന്നേ തോന്നുന്നുള്ളുവെങ്കില്‍ ആ മാറ്റംകൊണ്ട് പ്രയോജനമില്ലെന്നും, അവിടെ ഗായകന്‍ വിജയിക്കുന്നില്ലെന്നും വിലയിരുത്തുന്ന ഈ ലേഖനത്തില്‍; വെറും ഒരു രസത്തിനായി മാത്രം ചരണങ്ങളുടെ രാഗം മാറ്റുന്നത് നിര്‍ത്ഥകമാണെന്നും, പകരമായി ഓരോ ചരണവും ഭാവാനുസാരിയായി വിഭിന്ന സ്വരങ്ങളില്‍ നിന്ന് ആരംഭിച്ച് വത്യസ്ഥത വരുത്താമെന്നും ആശാന്‍ നിദ്ദേശിക്കുന്നു.
കഥകളിയുടെ തെക്ക്-വടക്ക് ശൈലീഭേദങ്ങളുടെ 
താരതമ്യപഠനമാണ് തുടര്‍ന്നു വരുന്ന ‘കഥകളിയിലെ പ്രാദേശികഭേദങ്ങള്‍’ എന്ന ലേഖനം. സാങ്കേതികവും വേഷപരമുമായ ശൈലീവിത്യാസങ്ങള്‍ അക്കമിട്ടുനിരത്തിക്കൊണ്ടുള്ള ഈ ലേഘനം; “രണ്ടു രീതികളും ഇടചേര്‍ന്ന് ഒന്നായികാണാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്, അതിന്നുള്ള കണ്ണും കാതും ക്ഷമയുമുള്ളവര്‍. അല്ലാതെ, തെക്കന്‍ വടക്കന്‍ എന്നിങ്ങിനെ പ്രാദേശിക മനോഭാവം പുലര്‍ത്തിക്കൊണ്ട് വ്യക്തിവിദ്വേഷകലുഷിതമായ വിമര്‍ശ്ശനങ്ങള്‍ നടത്തുന്നതുകൊണ്ട് ഒരു കാര്യവുമില്ല: കഥളിക്കില്ല, കഥകളികലാകാര്‍ന്മാര്‍ക്കുമില്ല.” എന്ന് നിദ്ദേശിച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
‘കളിക്കോപ്പ്’ എന്ന അടുത്ത ലേഖനത്തില്‍ 
കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്‍ ഒരു ഉത്തമമായ കഥകളികോപ്പില്‍ എന്തെല്ലാം സാ‍ധനങ്ങള്‍ ഉണ്ടായിരിക്കണം എന്നാണ് ആദ്യമായി വിശദീകരിക്കുന്നത്. തുടര്‍ന്ന് പ്രസിദ്ധ കോപ്പുപണിക്കാരനായിരുന്ന ശ്രീ വാഴേങ്കിട രാമവാര്യരെ പറ്റിയും, അദ്ദേഹം കോപ്പില്‍ വരുത്തിയ പരിഷ്ക്കരണങ്ങളെപറ്റിയും വിശദമായി പ്രദിപാദിക്കുന്ന ഈ ലേഘനത്തില്‍; “ഇത്രയധികം വിലപ്പെട്ട ഒരു സാധനമാണ് ഇത് എന്ന് അതെടുത്തുപെരുമാറുന്ന രീതികണ്ടാ‍ല്‍ തോന്നില്ല. അത്ര പരുക്കനാണ് ഉപയോഗരീതി” എന്ന്‍ നിരീക്ഷിക്കുകയും, “കളിക്കോപ്പ് സൂക്ഷിച്ചുപയോഗിക്കേണ്ടത് കളിക്കാര്‍ തന്നെയാണ്. പദം ചൊല്ലിയാടി ഉറപ്പിക്കുന്നതുപോലെത്തന്നെ ഈ ആഹാര്യാംശങ്ങള്‍ എടുത്തുപെരുമാറേണ്ട വിനീതമായ രീതിയും ശീലിക്കണം.” എന്ന് കലാകാരന്മാരോട് നിദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. കുറേക്കാലം ഒരു കോപ്പിന് ഉടമയായി വര്‍ത്തിച്ചിരുന്നതിന്റെ അനുഭവത്തില്‍ നിന്നുകൂടിയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.
കീചകന്റെ മരണം അഭിനയിക്കുന്നരീതികളെ പരാമര്‍ശ്ശിക്കുന്ന 
‘കീചകന്റെ മരണം’ എന്നതാണ് തുടര്‍ന്നുവരുന്ന ലേഖനം. “‘പന്തീരായിരം ആനകളുടെ ബലമുള്ള എന്നെ ഗന്ധര്‍വ്വന്മാര്‍ ഹനിക്കുകയോ എന്നു ശങ്കിക്കുന്ന’ കീചകന്‍ വലലനുമായി സ്വല്പനേരത്തെ മുഷ്ടിയുദ്ധത്തിനുപോലും ഇടവരുത്താതെ, ആ ബലവാന്റെ കൈയ്യിലമര്‍ന്നുകൊണ്ടുമാത്രം ചോരതുപ്പിമരിക്കുക എന്നു വരുന്നത്, കീചകന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തോടു ചെയ്യുന്ന അനീതിയായിരിക്കും.” എന്ന് പ്രസ്ഥാവിച്ചുകൊണ്ട്, ഇന്ന് അവതരിപ്പിക്കുന്ന കീചകന്റെ മരണരീതിയെ വിമര്‍ശ്ശിക്കുകയും, ആട്ടകഥയില്‍ പ്രസ്ഥാവിച്ചിരിക്കുന്ന രീതിയില്‍ തന്നെ ഈ രംഗം അവതരിപ്പിക്കപ്പെടണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.
കഥകളിയുടെ അഭിനയം മുതല്‍ കോപ്പുനിര്‍മ്മാണത്തില്‍ വരെ 
ഉടലെടുത്ത കലാമണ്ഡലം ശൈലിയെ വിശകലനം ചെയ്ത് നിര്‍വ്വചിക്കുന്നതാണ് തുടര്‍ന്നുള്ള ‘കഥകളിയിലെ കലാമണ്ഡലംശൈലി’ എന്ന സൈദ്ധാന്തികമായ പ്രബന്ധം. അഭിനയത്തിന്റെ കാര്യത്തില്‍ “മേന്മയാര്‍ന്ന പട്ടിക്കാംതൊടി കളരിയില്‍, രസഭാവപ്രകടനരീതിഭേദങ്ങളെക്കുറിച്ചും ഇളകിയാട്ടത്തില്‍ ഉണ്ടാവേണ്ട ഔചിത്യബോധത്തെക്കുറിച്ചും ഗുരുകുഞ്ചുക്കുറുപ്പിന്റേയും കവളപ്പാറ നാരായാന്‍‌നായരുടേയും സാരോപദേശങ്ങള്‍ കലാമണ്ഡലം വിദ്യാര്‍ദ്ധികളില്‍ കൂടികലര്‍ന്നപ്പോള്‍ അത് ഒരു പുതിയ ശൈലിയുടെ ഉദയത്തിന് കാരണമായി. അതാണ് കലാമണ്ഡലംശൈലി.” എന്ന് നിവ്വചിക്കുന്നു. കഥകളിപാട്ടില്‍; സാഹിത്യത്തിനു പരിക്കെല്‍ക്കാതെയുള്ള പ്രയോഗങ്ങളോടും കാല-താള നിഷ്ടയോടും കൂടിയുള്ള രാഗശുദ്ധവും ശ്രുതിലയമുഗ്ദ്ധവും ആയ കഥകളിസംഗീതത്തിന്റെ എല്ലാ അംശങ്ങളുമടങ്ങുന്ന ഒരു സംഗീതരീതി കലാമണ്ഡലത്തില്‍ ആവിഷ്കൃതമായിട്ടുണ്ടെന്നും, ഇത് ശ്രീ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ ശിഷ്യരിലൂടെ-പ്രത്യേകിച്ച് ശ്രീ ആലിപ്പറമ്പില്‍ ഉണ്ണികൃഷ്ണവാര്യര്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവരിലൂടെ- സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നും പറയുന്നു. കഥകളിമേളത്തില്‍ “വെങ്കിച്ചന്‍‌സ്വാമിയില്‍ നിന്നും ലഭിച്ച ശിക്ഷണത്തോടൊപ്പം മൂത്തമനയുടെ മേളവഴികൂടി യോജിപ്പിക്കുകയും കൂടാതെ പൊതുവാളന്മാരുടെ സ്വന്തമായ ചില മനോധര്‍മ്മങ്ങള്‍ കൂടി അതില്‍ കലര്‍ത്തുകയും ചെയ്തുകൊണ്ട് ഒരു പുതിയ മേളം പുറത്തുവന്നു അതു കലാമണ്ഡലം ശൈലിയായിത്തീരുകയും ചെയ്തു” എന്നും അദ്ദേഹം എഴുതുന്നു. “അഭ്യാസക്രമം, നൃത്തം, അഭിനയം, അഭിനയതികവിന് നാട്ട്യധര്‍മ്മിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള നാടകീയത, ഗീതം, വാദ്യം, മുഖത്തുതേപ്പ്, ചുട്ടി, ആഹാര്യം, കലാകാരന്മാരുടെ ജീവിതരീതി എന്നിങ്ങിനെ എല്ലാ അംശങ്ങളിലും വന്നുചേര്‍ന്നിട്ടുള്ള സര്‍വ്വാഗീണമായ ഒരു ശൈലിവിശേഷത്തെയാണ്, കഥകളിയിലെ കലാമണ്ഡലം ശൈലി എന്നു ഞാന്‍ വിളിക്കുന്നത്” എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
‘അഭിനയം സിനിമയിലും കഥകളിയിലും’ എന്ന എട്ടാമത്തെ 
ലേഖനത്തിലൂടെ പൊതുവാളാശാന്‍ ഒരു സിനിമയിലെ വികാരഭരിതമായ അഭിനയമുഹൂര്‍ത്തത്തേയും സമാനമായി കഥകളിയിലുള്ള ചില രംഗഭാഗങ്ങളേയും താരതമ്യം ചെയ്യുന്നു. സിനിമാരംഗത്തില്‍ നടന്മാര്‍ പാത്രബോധത്തോടുകൂടിയ ഭാവാഭിനയ പ്രകടനം കൊണ്ട് കഥാപാത്രങ്ങളായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്, കഥകളിനടന്മാര്‍ പലരും പാത്രബോധത്തിലും അഭിനയത്തിലും പുറകിലാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ചില കഥകളില്‍ ചില നടന്മാര്‍ ഇഴുകിചേരുമ്പോള്‍ കഥകളിരംഗത്തും ഈ ഉണര്‍വ്വും മിഴിവും സംജാതമാകാറുണ്ടെന്നും അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓര്‍ക്കുന്നു. “‘മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കുന്നു ഗോക്കളെല്ലാം’ എന്ന മൃഗീയബുദ്ധ്യാ ഭാവികലാകാരന്മാരെങ്കിലും അപകടം പിടിച്ച ഈ വഴിക്ക് തിരിയാതിരുന്നാല്‍ നന്ന്” എന്ന് സ്നേഹബുദ്ധ്യാ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്‍ ഈ ലേഖനം പൂര്‍ത്തീകരിക്കുന്നത്.
നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ കഥകളിയില്‍ 
വരുത്തിയ മാറ്റങ്ങളെയും അദ്ദേഹത്തിന്റെ കളരി സമ്പൃദായങ്ങളെയും പരാമര്‍ശ്ശിക്കുന്നതാണ് തുടര്‍ന്നു വരുന്ന ‘പട്ടിക്കാംതൊടികളരി’ എന്ന ലേഖനം. “താന്‍ പഠിച്ച കഥകളിസമ്പൃദായത്തില്‍ ആവുന്നതിലധികം നാടകീയത വരുത്തി തന്റേതായ ഒരു നൂതനശൈലിക്ക് രൂപം കൊടുത്ത ഏക വ്യക്തിയാണ് രാവുണ്ണിമെനോന്‍“ എന്നും “നൃത്യഗീതവാദ്യങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയത് നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ എന്ന ഒരേ ഒരാളാണ്” എന്നും ഇതില്‍ അദ്ദേഹം സ്മരിക്കുന്നു. കൂടുതലായി ചാടിത്തുള്ളുന്നതിനാല്‍ കഥാപാത്രത്തിന്റെ നില നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ നാട്യാചാര്യന്‍, നിലവിടരുതെന്നുകരുതി അഷ്ടകലാശം പൊലും നാലാക്കി കുറച്ചു. എന്നാല്‍ ഇതിനെ ചോദ്യംചെയ്തുകൊണ്ടെന്നവണ്ണം ചിലര്‍ എട്ടുകലാശങ്ങളും എടുക്കുകയും കലാശങ്ങളുടെ ഇടയിലുള്ള നിശബ്ദ ഇടങ്ങള്‍ കൂടി നികത്തി ചാടിതുള്ളുകയും ചെയ്യുന്നു. നാട്യാചാര്യന്റെ കളരിയില്‍ അഞ്ചെട്ടുകൊല്ലം നിഷ്കര്‍ഷയായി പഠിച്ച ഈ ശിഷ്യരുടെ വികടത്തരങ്ങള്‍ വളരെ വേദനാജനകമാണന്ന് പൊതുവാളാശാന്‍ പറയുന്നു. “ഇത്തരം കുത്തിച്ചെലുത്തലുകളും കുത്തിത്തിരുപ്പുകളും കൊണ്ട് പട്ടിക്കാംതൊടികളരിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ” എന്ന് ആശിച്ചുകൊണ്ടാണ് ഈ ലേഖനം ആശാന്‍ നിര്‍ത്തുന്നത്.
‘നളചരിതം-അരങ്ങത്ത് ഇന്നു കാണുന്ന അനൌചിത്യങ്ങള്‍’ 
എന്ന തുടര്‍ന്നുവരുന്ന ലേഖനത്തില്‍ നളചരിതം ഇന്ന് അരങ്ങത്ത് അവതരിപ്പിക്കുന്നതിലുള്ള ചിട്ടയും മട്ടും കവിഭാവനയ്ക്ക് അനുസൃതമായിട്ടുതന്നെയാണോ എന്ന് പര്യാലോചിച്ചിരിക്കുന്നു. നളചരിതം നാലുദിവസങ്ങളുടെയും അവതരണത്തില്‍ ഇന്ന് കാണുന്ന അനൌചിത്യങ്ങള്‍ പൊതുവാളാശാന്‍ ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
തുടര്‍ന്നുവരുന്ന രണ്ടുലേഖനങ്ങളിലായി സന്താനഗോപാലം, 
പരശുരാമന്‍(സീതാസ്വയംവരം) എന്നിവയുടെ അവതരണത്തിലുള്ള അപാകതകളെ ചൂണ്ടികാട്ടിക്കൊണ്ട് കൊണ്ടുവരേണ്ട പുതുമാതൃക നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പതിമൂന്നാമതായുള്ള ‘രംഗനായകി’ എന്ന ലേഖനം 
കുടമാളൂര്‍ കരുണാകരന്‍ നായരെപറ്റിയുള്ളതാണ്.
കഥകളിയില്‍ പ്രയോഗിക്കപ്പെടുന്ന താളങ്ങളെ സാങ്കേതികമായി 
വിശദീകരിക്കുന്ന ഒരു ലേഖനമാണ് തുടര്‍ന്നുള്ള ‘താളം, മേളം’ എന്നത്.
അടുത്തായിവരുന്ന ‘ആചാര്യാല്‍ പാദം........’ എന്ന 
ലേഖനത്തില്‍ കഥകളിയിലെ വിവിധ ശൈലികളെ പരാമര്‍ശിക്കുന്നു. പുതു ശൈലികള്‍ കൊണ്ടുവരേണ്ടത് ബുദ്ധിമാന്മാരായ ഭാവികലാകാരന്മാരുടെ കടമയാണെന്നും, കലാസൌന്ദര്യബോധവും പാത്രബോധവും ഉള്ളവര്‍ ത്യാജ്യഗ്രാഹ്യവിവേചനത്തോടെ വേണം പുതുശൈലികള്‍ സ്വീകരിക്കുവാനെന്നും നിര്‍ദ്ദേശിക്കുന്നതിനൊപ്പം‍, കോട്ടയംകഥകളും സമാനമായിചിട്ടപ്പെടുത്തിയവയും കഥകളിസങ്കേതത്തിന്റെ എട്ടുകെട്ടാണെന്നും, കാലഭേദംകൊണ്ട് അനാവശ്യമായിതീര്‍ന്ന ഭാഗങ്ങളുണ്ടെന്നുതോന്നാമെങ്കിലും നിറവും തരവും മാറുന്ന യാതൊരു ചായപ്പണിയും ഇവയില്‍ ആവശ്യമില്ലെന്നും, കളരിപരദേവദയുടെ ശ്രീമൂലസ്ഥാനമായ ആ കഥകളെ ഒരിക്കലും നശിപ്പിക്കരുതെന്നും കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ ഓര്‍മ്മപ്പെടുന്നു.
കഥകളിസംഗീതത്തില്‍ പുതുശൈലി ആവിഷ്ക്കരിക്കരണ ഭ്രമത്താല്‍ 
കഥകളിത്തവും ഭാവവും പലപ്പോഴും നഷ്ടപ്പെടുന്നതായി നിരീക്ഷിക്കുന്ന ആശാന്‍, “കഥകളിയില്‍ സര്‍വ്വസാധാരണമല്ലാത്ത രാഗങ്ങള്‍ തിരഞ്ഞെടുക്കല്‍, ആലാപനത്തില്‍ നാഗസ്വരക്കാരെ അനുകരിക്കല്‍, പാട്ടില്‍ ലയിക്കുന്നതായി നടിച്ച് താളം പിടിക്കാതിരിക്കല്‍, നീട്ടലും ഭൃഗകളും വരുത്തല്‍, മുകളില്‍ എത്താത്ത സ്വരങ്ങളെ ചാടിപ്പിടിക്കല്‍ തുടങ്ങിയ പല തരക്കേടുകളും ഇന്നത്തെ പാട്ടിലുണ്ട്” എന്ന് കണ്ടെത്തുകയും, “അസാധാരണ രാഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ മുഖ്യമായി ചെയ്യേണ്ടത് സാധാരണങ്ങളായ രാഗങ്ങളുടെ ആലാപനം ശുദ്ധം മാറുന്നുണ്ടോ എന്നു പരിശോധിക്കുകയും, ഉണ്ടെങ്കില്‍ ശുദ്ധമാക്കുകയുമാണ്” എന്ന് നിദ്ദേശിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുവരുന്നത് പൈങ്കുളം രാമചാക്യാര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി 
എന്നിവരെ അനുസ്മരിക്കുന്ന രണ്ടു ലേഖനങ്ങളാണ്.
ക്ഷേത്രവാദ്യങ്ങളേയും സോപാനസംഗീതത്തേയും 
സാങ്കേതികമായി വിശദമാക്കുന്ന രണ്ടു പ്രബന്ധങ്ങളാണ് പിന്നീടുള്ളത്. ‘വാദ്യവും സംഗീതവും’ എന്ന ആദ്യത്തേതില്‍ ക്ഷേത്രവാദ്യങ്ങളെ പൊതുവേയും ഇടയ്ക്ക, ചെണ്ട, സോപാനസംഗീതം ഇവകളെപറ്റി സവിസ്തരവും വിവരിച്ചിരിക്കുന്നു. “ഭക്തിഭാവമാണ് സോപാനമാര്‍ഗ്ഗത്തിന്റെ മുഖ്യ ഘടകം. സംഗതികള്‍ കൊണ്ടുള്ള കസര്‍ത്തുക്കളോ, ഭൃഗകളായ നടകളോ, അധികം ആവര്‍ത്തനങ്ങളോ ഇവിടെ ആവിശ്യമില്ല.” എന്നും, “രാഗസഞ്ചാരം വളരെ പരിമിതമായ മാര്‍ഗ്ഗത്തില്‍ കൂടെ ആയിരിക്കും സോപാനരീതിയുടെ പ്രത്യേകത ഇതാണ്. സോപാനമാര്‍ഗ്ഗത്തില്‍ സാഹിത്യശുദ്ധിയിലാണ് അധികം ഊന്നല്‍ കൊടുക്കുന്നത്” എന്നും പൊതുവാളാശാന്‍ ഇതില്‍ വ്യക്തമാക്കുന്നു. സോപാനം, കഥകളി, കൃഷ്ണനാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ കേരളീയസംഗീതങ്ങളിലെ പാട്ടുകള്‍ ക്ലാസിക്കല്‍സംഗീതശാസ്ത്രമനുസ്സരിച്ച് രാഗസ്വരശുദ്ധമാണോ? എന്ന് സംശയം പ്രടിപ്പിക്കുന്നതിനൊപ്പം ഇവ ശുദ്ധീകരിച്ചാല്‍ പലതിന്റേയും തനിമ നഷ്ടപ്പെട്ടെന്നുവരും എന്ന് ശങ്കിക്കുകയും ചെയ്യുന്നു. ‘പാണികൊട്ട്’ എന്ന രണ്ടാമത്തെ പ്രബന്ധം മരപ്പാണികൊട്ടുന്ന രീതി എണ്ണങ്ങള്‍ സഹിതം വിവരിക്കുന്നതാണ്.
ചാലക്കുടി നമ്പീശനെ അനുസ്മരിച്ചുകൊണ്ട് 
ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളിക്ലബ്ബിന്റെ 1985ലെ സുവനീറിലേയ്ക്കായി എഴുതിയ ‘സവ്യസാചി’ എന്ന ലേഖനവും, കനകജ്ജൂബിലി കൊണ്ടാടിയ വേളയില്‍ ശ്രീ ശങ്കരന്‍ എമ്പ്രാന്തിരിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടെഴുതിയ ‘ശങ്കരന്‍ എമ്പ്രാന്തിരി’ എന്ന ലേഖനവുമാണ് തുടര്‍ന്നുള്ളത്.
ഇരുപത്തിരണ്ടും ഇരുപത്തിമൂന്നുമായി വരുന്ന 
‘ചെണ്ട-കേരളീയ വാദ്യവര്യന്‍? ചര്‍മ്മവാദ്യാന്വയതിലകന്‍’, ‘ചെണ്ട-പ്രസംഗവും പ്രകടനവും’ എന്നീ പ്രബന്ധങ്ങളിലായി ചെണ്ടയുടെ ചരിത്രം, ഭാഗങ്ങള്‍, നിര്‍മ്മാണം, പഠനം, കഥകളിയിലെ പ്രയോഗം, ഈ രംഗത്തെ മുന്‍‌കാല കലാകാരന്മാര്‍ എന്നിവയെ കുറിച്ചെല്ലാം വിശദമായി പ്രദിപാദിച്ചിരിക്കുന്നു. കഥകളിയില്‍ “നടന്റെ ഭാവത്തിനും മുദ്രയ്ക്കും എന്നുവേണ്ട, സര്‍വ്വാഗചലനങ്ങള്‍ക്കും അനുസൃതങ്ങളായ പ്രയോഗങ്ങള്‍ കൊണ്ട് ജീവനുണ്ടാക്കുകയാണ് ചെണ്ടക്കാരന്‍ ചെയ്യേണ്ടത്” എന്ന് അദ്ദേഹം ആദ്യലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തതായി വരുന്ന ‘കഥകളി-ഇന്നലെ,ഇന്ന്,ഇനിയും’ എന്ന ലേഖനം 
കഥകളിയുടെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളിലെ വളര്‍ച്ചയേയും കോട്ടങ്ങളേയും ആസ്വാദനശൈലികളെയും വിശകലനം ചെയ്തുകൊണ്ടുള്ളതാണ്.
സഹപാഠിയും സഹപ്രവര്‍ത്തകനുമായ രാമന്‍‌കുട്ടി നായരുമായുള്ള 
ചില ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന സരസവും ഹൃദയഹാരിയുമായ ലേഘനമാണ് തുടര്‍ന്നുവരുന്ന ‘ഓര്‍മ്മകളിലൂടെ’.
അനന്തരമുള്ളത് നാല് അനുസ്മരണലേഖനങ്ങളാണ്. 
കോപ്പന്‍ നായരെ അനുസ്മരിക്കുന്ന ‘ദു:ഖസ്മൃതി’, മൂത്തമന കേശവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്ന ‘ശ്രീഗുരുവേ നമ:‘, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അനുസ്മരണം, നീലകണ്ഠന്‍ നമ്പീശനെ അനുസ്മരിക്കുന്ന ‘സോദരായ നമോ നമ:’.
1991ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് 
നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ കൃഷ്ണന്‍‌കുട്ടി പൊതുവാളാശാന്‍ അവതരിപ്പിച്ച പ്രബന്ധമാണ് മുപ്പതാമതായി ചേര്‍ത്തിരിക്കുന്ന ‘ശാസ്ത്രീയകലകളും ഗുരുകുല സമ്പൃദായവും’ എന്നത്.
അതിനെ തുടര്‍ന്നു വരുന്നത് അകാലത്തില്‍, 
പ്രശസ്തിയുടെ മദ്ധ്യാഹ്നത്തില്‍ ജീവന്‍ വെടിഞ്ഞ രണ്ട് അതുല്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനങ്ങളാണ്. ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണവും, തൃത്താല കേശവനെ അനുസ്മരിക്കുന്ന ‘ഓര്‍മ്മയിലൊരു താളനിര്‍ഝരി’യും. “രാഗങ്ങള്‍ മാറ്റിമറിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് അവ സ്വരശുദ്ധമാക്കാനായിരുന്നു. ‘യഥാര്‍ത്ഥമാം പരിഷ്ക്കാരം വന്ന ദോഷമൊഴിപ്പതാം’ എന്നുണ്ടല്ലൊ. കുറഞ്ഞ സഞ്ചാരം കൊണ്ട് നിറഞ്ഞ രാഗരൂപം സൃഷ്ടിക്കാന്‍ ഉണ്ണികൃഷ്ണക്കുറുപ്പിനുള്ള മിടുക്ക് ഒന്നുവേറേത്തന്നെയായിരുന്നു.” എന്ന് അനുസ്മരിച്ചുകൊണ്ട് “രാഗശുദ്ധവും ശ്രുതിലയമുഗ്ദ്ധവുമായ ആലാപനം, സംഗീതംകൊണ്ട് ആവരണം ചെയ്ത സാഹിത്യോച്ചാരണം, ഘനമുള്ള നാദം, ഭാവപൂര്‍ണ്ണമായ വഴി” എന്നീ വിശേഷതകള്‍ നിരത്തിക്കൊണ്ട് കഥകളിപാട്ടിന്റെ പൂര്‍ണ്ണത കുറുപ്പിന്റെ പാട്ടിലായിരുന്നെന്ന് പൊതുവാളാശാനന്‍ നിസ്സംശയം പ്രസ്ഥാപിക്കുന്നു ‍. “താളത്തിലും കാലത്തിലും ഒതുങ്ങാത്ത വഴികളോ ഭൃഗകളോ ഒന്നുമില്ല. എന്നാല്‍ പല കസര്‍ത്തുക്കളും അടങ്ങുന്ന ഒതുക്കമുള്ള ശ്രവണസുഖമുള്ള വഴിയായിരുന്നു” കുറുപ്പിന്റേതെന്നും എന്നാല്‍ ഈ “ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “അങ്ങിനെ ശ്രീ കുറുപ്പ് ഉയര്‍ന്നുയര്‍ന്നു പാടി, പാടിപ്പാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ തന്നെ ഉയിര്‍ വെടിഞ്ഞു” എന്ന ഹൃദയത്തില്‍ തട്ടുന്ന വരികളോടെയാണ് ഈ അനുസ്മരണം പൊതുവാളാശാന്‍ സമാപിച്ചിരിക്കുന്നത്.
‘കേരളീയവാദ്യകലയുടെ നവീകരണസാദ്ധ്യതകള്‍’ 
വിചാരം ചെയ്യുന്നതാണ് മുപ്പത്തിമൂന്നാമതായുള്ള ലേഖനം.
പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ ഒടുവിലായുള്ള ലേഖനം 
കഥകളിയില്‍ വരുന്ന പരിഷ്ക്കാരങ്ങളെ വിശകലം ചെയ്തുകൊണ്ടുള്ള ‘കഥകളി അന്നും ഇന്നും’ ആണ്. “കാലം കഴിയുന്തോറും കഥകളി കൂടുതല്‍ അറിഞ്ഞുവരുന്നുണ്ട്. ഈ അറിവ് പക്ഷേ, കാണികള്‍ കഥകളിയുടെ സങ്കേതത്തില്‍ ചെന്ന് നേടുന്നതല്ല, മറിച്ച് കഥകളി ആസ്വാദകരിലേയ്ക്ക് ഇറങ്ങി വരികയാണ്. തന്മൂലം കഥകളിക്ക് അതിന്റെ സങ്കേതബദ്ധത പൊയ്പ്പോവുന്നു” എന്ന് സംശയിക്കുന്ന് പൊതുവാളാശാന്‍ “കഥകളിയില്‍ ഇന്ന് നല്ല പരിഷ്ക്കാരമായി കാണുന്നത് കോപ്പുകളിലാണ്” എന്ന് ഭിപ്രായപ്പെട്ടുകൊണ്ടുതന്നെ “കളിക്കോപ്പുകളുടെ സൌന്ദര്യം കൂടുന്നതിനൊപ്പം ചുട്ടിയുടെയും മുഖത്തെഴുത്തിന്റെയും വൈകൃതം കൂടികൂടിവരുന്നു” എന്ന കാലിക പ്രസക്തമായ വിമര്‍ശ്ശനവും നടത്തിയിരിക്കുന്നു ഈ ലേഘനത്തില്‍. “കഥകളിക്കു വന്നുപെട്ട വലിയ ഭാഗ്യദോഷം വേഷവും പാട്ടും വാദ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയാണ്” എന്ന് വെളിവാക്കികൊണ്ട്, ഇവര്‍ തമ്മിലുള്ള പര്‍സ്പര ധാരണ നഷ്ടപ്പെട്ടു തുടങ്ങിയെന്നും, കലാകാരന്മാര്‍ക്ക് ആര്‍ക്കും ആരേയും ഭയമില്ലാതെയായി എന്നും പൊതുവാളാശാന്‍ പ്രസ്ഥാപിക്കുന്നു. ഒപ്പം തന്നെ “ഇന്നത്തെ കഥകളിക്കര്‍ക്ക് തങ്ങളെ വിമര്‍ശ്ശിക്കുന്നത് കേള്‍ക്കാനാവില്ല” എന്നും അവര്‍ക്ക് “അതിന്റെ തരക്കേട് വേണ്ടുവോളമുണ്ടെന്നും” തുറന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.

മുന്‍പ് പ്രസിദ്ധീകൃതമായുള്ള കൃഷ്ണന്‍കുട്ടിപൊതുവാളാശാന്‍ രചിച്ച‘മേളപ്പദം’ എന്ന ഗ്രന്ഥം,
‘പുറപ്പാട്’ എന്ന ശ്രീ കെ.പി.ബാബുദാസിന്റെ പ്രൌഢമായ അവതാരികയും, പൊതുവാളാശാന്റെ ‘സമര്‍പ്പയാമി’ എന്ന സമര്‍പ്പണവും ഉള്‍പ്പെടെ ചേര്‍ത്തിരിക്കുന്നതാണ് മേളപ്പെരുക്കത്തിന്റെ രണ്ടാം ഭാഗം. “എന്റെ കുത്തിക്കുറുപ്പുകള്‍ ലേഖനരൂപത്തിലാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതും, ലേഖനമാക്കുമ്പോള്‍ അവ തിരുത്തിത്തന്നിരുന്നതും, ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ‘എഴുത്ത്’ പഠിപ്പിച്ചത് അന്ന് കേരളകലാമണ്ഡലത്തിലെ സാഹിത്യാദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ കുമ്മിണി വാസുദേവന്‍ നമ്പൂതിരിയാണ്” എന്നു വെക്തമാക്കിക്കൊണ്ട്, “പരമശുദ്ധനും, സാത്വികനും, മഹാപണ്ഡിതനും സഹൃദയനുമായിരുന്ന കുമ്മിണിമാസ്റ്ററുടെ അകാല നിര്യാണം കഥകളിക്ക്, പ്രത്യേകിച്ചും കഥകളിനിരൂപണശാഖയ്ക്ക് വമ്പിച്ചൊരു നഷ്ടമാണ് വരുത്തിവെച്ചതെന്ന വസ്തുത” ഖേദപൂര്‍വ്വം പൊതുവാളാശാന്‍ തന്റെ അവതരണത്തില്‍ അനുസ്മരിക്കുന്നു. തന്റെ പുസ്തകമായ “ഈ മേളപ്പദത്തിന് ഓണപ്പുടവയുണ്ടെങ്കില്‍ അത് കുമ്മിണിമാസ്റ്റര്‍ക്കുള്ളതാണ്” എന്നും പൊതുവാളാശാന്‍ ഇതില്‍ വെക്തമാക്കുന്നു.

‘കഥകളി ഒരു മുഖവുര’ എന്ന മേളപ്പദത്തിലെ ആദ്യലേഖനം കഥകളിയുടെ
അഭിനയ ഗാന വാദ്യ വിഭാഗങ്ങളെയും ആസ്വാദനത്തേയും പരാമര്‍ശ്ശിക്കുന്നതാണ്. “കഥകളിയിലൊഴികെ മറ്റൊരു കേരളീയകലയിലും നൃത്തഗീതവാദ്യങ്ങള്‍ ഇത്ര സമഞ്ജസമായി സമ്മേളിച്ചിട്ടില്ല” എന്നും, അതിനാല്‍ തന്നെ “ഭിന്നരുചിക്കാരായ ആസ്വാദകരെ മുഴുവന്‍ തൃപ്തിപ്പെടുത്താനുള്ള ശക്തി കഥകളിക്കുണ്ട്; കഥകളിക്കുമാത്രമെ ഉള്ളുതാനും” എന്നും ഇതില്‍ പൊതുവാളാശാന്‍ ഉറപ്പിച്ചു പറയുന്നു. “യുക്തിബോധവും കഥാജ്ഞാനവുമുള്ള കഥകളികമ്പക്കാര്‍ക്ക് കഥകളിയുമായുള്ള ചിരപരിചയംകൊണ്ടു വല്ലതുമൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരാം” എന്നാല്‍ “ഒരു ഗുരുവിന്റെ കീഴില്‍ കുറച്ചുകാലം മിനക്കെട്ട് അദ്ധ്യയനം ചെയ്താല്‍ മാത്രമേ അതിന്റെ സ്വഭാവം കുറച്ചെങ്കിലും മനസ്സിലാകുവാന്‍ ആര്‍ക്കും കഴിയൂ” എന്നും പൊതുവാളാശാന്‍ പ്രസ്താപിക്കുന്നു.

രണ്ടാമതായി വരുന്ന ‘കഥകളി തെക്കും വടക്കും’ എന്ന ലേഖനത്തില്‍ 
രണ്ടു സമ്പൃദായങ്ങളിലുമുള്ള ദോഷാംശങ്ങള്‍ വസ്തുനിഷ്ടമായി ചൂണ്ടിക്കാണിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. വേഷത്തിന്റെ നില, ചൊല്ലിയാട്ടത്തിന്റെ കണക്ക് എന്നിവയെക്കുറിച്ചുള്ള തെറ്റിധാരണമൂലം കഥകളിയില്‍ അവശ്യം കണ്ണെത്തേണ്ട പലഭാഗത്തും തീരെ ശ്രദ്ധിക്കായ്ക, കഥാപ്രകൃതമില്ലായ്മ, പറഞ്ഞതുതന്നെ പറയുകയാലും പറയാത്തതു പറഞ്ഞെന്നു നടിക്കുകയാലും ഇളകിയാട്ടങ്ങളില്‍ വരുന്ന വിരസത എന്നിവയാണ് പ്രധാനമായി വടക്കരില്‍ പൊതുവാളാശാന്‍ കണ്ടെത്തുന്ന ദോഷങ്ങള്‍. കൂടാതെ പുതിയ കഥകള്‍ പ്രചാരത്തില്‍ വരുത്തുന്നതിലും രംഗത്ത് കൂട്ടുവേഷക്കാരന്റെ നേര്‍ക്കുള്ള ശ്രദ്ധയിലും തെക്കരെ മാതൃകയാക്കാനും ആശാന്‍ വടക്കരോട് നിര്‍ദ്ദേശിക്കുന്നു. കറതീര്‍ന്ന കളരിയഭ്യാസത്തിന്റെ കുറവോ കഷ്ടപ്പെട്ടു പഠിക്കുവാനുള്ള സന്നദ്ധതക്കുറവോമൂലം കഥകളിയുടെ അന്തസ്സു നിലനിര്‍ത്തിക്കൊണ്ട് കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, വേഷങ്ങള്‍ക്കനുസ്സരിച്ച് ആട്ടശൈലി വത്യാസപ്പെടായ്ക, രസാഭിനയത്തിലും ആംഗീകാഭിനയത്തിലും ഉള്ള ഗ്രാമ്യത, ഇങ്ങിനെ കഥകളിയുടെ മര്‍മ്മപ്രഥാന അംശമായ കളികോപ്പുവരെ തെക്കര്‍ക്ക് അലക്ഷ്യാവസ്ഥ കാണാമെന്ന് ആശാന്‍ ആരോപിക്കുന്നു. “സന്ദര്‍ഭാനുസാരിയായ അഭിനയംകൊണ്ടും മനോധര്‍മ്മപ്രകടനംകൊണ്ടും രംഗം പോഷിപ്പിക്കാന്‍ ഉതകുന്ന വേഷങ്ങള്‍ ചെറിയ കുട്ടികളെകൊണ്ട് കെട്ടിച്ച് നിര്‍ജ്ജീവമാക്കുക എന്നത്” സര്‍വ്വസാധാരണമായൊരു ദോഷമായി വിലയിരുത്തുന്ന പൊതുവാളാശാന്‍ “ആടുന്ന വേഷക്കാരനില്‍ മാത്രമല്ല, അരങ്ങത്തുള്ള എല്ലാ വേഷങ്ങളിലും, കഥയിലും ശ്രദ്ധിക്കുന്നവാരാണ് ഇന്നത്തെ ആസ്വാദകര്‍” എന്ന് നിരീക്ഷിക്കുകയും ചെയ്തിരിക്കുന്നു ഈ ലേഖനത്തില്‍. തുടര്‍ന്ന്, ഇന്നുകാണുന്ന ദോഷങ്ങളകറ്റി ഒരു ഏകീകൃത കഥകളി സമ്പൃദായമുണ്ടാക്കുവാനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നു.

മൂന്നാമതായുള്ള ‘കല്ലുവഴിചിട്ട’ എന്ന പ്രബന്ധത്തില്‍ കഥകളിയിലെ 
കല്ലുവഴിചിട്ടയുടെസ്വഭാവവിശേഷങ്ങളെ അക്കമിട്ട് നിരത്തിയിരിക്കുന്നു.തുടര്‍ന്നുള്ള നാലുലേഖനങ്ങളിലായി പൊതുവാളാശാന്‍ കഥകളിയിലെ തോടയം, പുറപ്പാടും മേളപ്പദവും, സാരി, അഷ്ടകലാശം എന്നീ ചടങ്ങുകളെ പറ്റി വിശദമായി വിവരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭക്ത്യാഹ്ലാദാദികളില്‍ മതിമറന്നു തുള്ളിച്ചാടുന്ന ലോകസ്വഭാവത്തെ കഥകളിയില്‍ പ്രകടമാക്കുന്നതാണ് അഷ്ടകലാശം എന്ന നൃത്തവിശേഷം എന്ന് പൊതുവാളാശാന്‍ നിര്‍വ്വചിക്കുന്നതിനൊപ്പം, ഹനുമാനും ബാലിയും ഇത് എടുക്കുന്നതിലുള്ള ഔചിത്യത്തെ ചോദ്യം ചെയ്യുന്നുമുണ്ട് ഈ ലേഖനത്തില്‍. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്റെ അഷ്ടകലാശം ഒട്ടും അവസരോചിതമല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ചെയ്യാനാകാത്തതു ചെയ്യാന്‍ സാധിക്കുകയോ, നേടാനാകാത്തതു നേടുവാന്‍ സാധിക്കുകയോ ചെയ്യുന്ന സാഹചര്യമൊന്നും ഇല്ലാത്ത് ഹനുമാന് ഇവിടെ ആനന്ദനൃത്തം ചവുട്ടാന്‍ അവസരമില്ലെന്നും, “സിദ്ധാഷ്ടൈശ്വര്യവാനായ ഹനുമാന്‍ ആനന്ദനൃത്തം ചെയ്യണമെങ്കില്‍ യാദൃശ്ചികമായി അദ്ദേഹത്തിന് ശ്രീരാമദര്‍ശ്ശനമുണ്ടാകണം. ദിവ്യനായ, മന:പരിപാകം വന്ന ആ തപോനിധിക്കു ഭക്തിയൊഴിച്ചു മറ്റൊരു വികാരവും അതിരുകവിയില്ല.” എന്നും തുടര്‍ന്ന് അദേഹം പ്രസ്ഥാപിക്കുന്നു. ഇഴുതിയ കാലത്തുതന്നെ ധാരാളം ചര്‍ച്ചചെയ്യപ്പെടുകയും ഇതിര്‍ അഭിപ്രായങ്ങള്‍ വരുകയും ചെയ്യപ്പെട്ട ഒരു ലേഖനമാണ് ‘അഷ്ടകലാശം’.
എട്ടാമതായുള്ളത് ചുട്ടിയെ പറ്റിയുള്ള ഒരു ലേഖനമാണ്.
തുടര്‍ന്ന്‍ വരുന്ന ‘സംഗീതം കഥകളിയില്‍’, കഥകളി സംഗീതത്തെ പറ്റിയുള്ള സാങ്കേതികതികവാര്‍ന്നതും വിപുലവും ആധികാരികവുമായ ഒരു പ്രബന്ധമാണ്. ഇതില്‍; “കര്‍ണ്ണാടകസംഗീതത്തിലുള്ള അതിപരിചയം കഥകളിസംഗീതത്തിന്റെ അഭിനയയോഗ്യതയെ പാടേ നശിപ്പിക്കും” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പൊതുവാളാശാന്‍, “കഥകളി സംഗീതം നൃത്താഭിനയസംഗീതമാണ്. അഭിനയത്തിന്റെ അംഗമാണത്. അതുകൊണ്ടുതന്നെ കഥകളിഗായകന്‍ തികച്ചും അസ്വതന്ത്രനുമാണ്” എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ “ഇത്രമാത്രം അസ്വാതന്ത്ര്യങ്ങളുണ്ടെങ്കിലും ഒരു കഥകളിഗായകന്‍ അരങ്ങത്ത് തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നു തോന്നണം. എങ്കിലെ അത് കലയാകൂ” എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ചെണ്ടയുടെയും മദ്ദളത്തിന്റേയും കളിയരങ്ങത്തെ പ്രയോഗങ്ങളെ പ്രതിപാദിക്കുന്ന
സാങ്കേതികമായ രണ്ടു പ്രബന്ധങ്ങളാണ് തുടര്‍ന്നു വരുന്നത്.
കഥകളിയുടെ വേഷ-രംഗസംവിധാന ഘടകങ്ങളുടെ 
പരിഷ്ക്കരണ ചിന്തകള്‍ പങ്കുവെയ്ക്കുന്ന ലേഘനമാണ് പന്ത്രണ്ടാമതായി ചേര്‍ത്തിരിക്കുന്ന ‘കഥകളിപരിഷ്ക്കരണം’.ഓട്ടന്‍‌തുള്ളലിന്റെ ആവിഷ്ക്കരണരീതികളെ വിശദമാക്കുന്ന പൌഢമായ ഒരു പ്രബന്ധമാണ് അനന്തരം ഉള്ളത്.
വള്ളത്തോള്‍, പട്ടിക്കാംതോടി, കവളപ്പാറ, കോപ്പന്‍‌നായര്‍, 
വെങ്കിടകൃഷ്ണഭാഗവതര്‍, കൃഷ്ണന്‍‌നായര്‍, രാമന്‍‌കുട്ടിനായര്‍ എന്നിവരുമായുള്ള ഓര്‍മ്മകള്‍ പങ്കിടുന്ന അത്മാംശം നിറഞ്ഞതും ഹൃദയസ്പര്‍ശ്ശിയും വൈകാരികവുമായ 7ലേഖനങ്ങളാണ് അവസാനമായി ഉള്ളത്.
ആശാന്റെ ഈ ലേഖനങ്ങള്‍ പലകാലങ്ങളിലായി രചിച്ചവയായതിനാല്‍
പലതിലും ആവര്‍ത്തനങ്ങള്‍ തോന്നും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ശ്രമിച്ച് എഡിറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇവയുടെ ഭംഗി പാടെ നഷ്ടപ്പെട്ടേനെ. ഇതു ചെയ്യാതെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നത് വളരെ ഉചിതമായി.

മേളപ്പെരുക്കത്തിന്റെ മൂന്നാം ഭാഗമായി ചേര്‍ത്തിരിക്കുന്നത്
കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ രംഗരചനകളാണ്. ഇതില്‍ അദ്ദേഹത്തിന്റെ ആട്ടകഥകളായ ‘അംബ’, ‘ഭീഷ്മപ്രതിജ്ഞ’(ആട്ടപ്രകാരങ്ങള്‍ സഹിതം) എന്നിവയും ‘മൃഗസേവനചരിതം‘(നൃത്തസംഗീതിക), നളചരിതം കഥ പൂര്‍ണ്ണമായും ആറുമണിക്കൂറില്‍ ഒതുക്കിക്കൊണ്ടുള്ള അവതരണവിധം, നളചരിതം അവതരണവിധം, ഗീതാഗോവിന്ദം ആസ്പദമാക്കിയുള്ള ‘അഷ്ടപദിയാട്ടം’, പൂതപ്പാട്ടിനെ അധികരിച്ചുള്ള ‘ബ്ഡേ. ഡോം’(സംഗീതനൃത്തനാടകം), ശ്രീകൃഷ്ണലീല(കഥകളിഡാന്‍സ്) എന്നിവയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൃഷ്ണന്‍‌കുട്ടിപ്പൊതുവാളാശാന്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ‘മഗ്ദലനമറിയം’, ‘കരുണ’, ‘ചിലപതികാരം’, ‘ഗണപതി’ തുടങ്ങിയ ആട്ടകഥകളും, രാമായണകഥ മുഴുവനായി 8മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കുന്ന വിധവും, വടക്കന്‍ രാജസൂയം അവതരണവിധവും മറ്റും ഈ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടില്ല. കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ സമ്പൂര്‍ണ്ണകൃതികള്‍ എന്ന ഉദ്ദേശത്തോടെ ‘മേളപ്പെരുക്കം’ പുറത്തിറക്കുമ്പോള്‍ ഇവകള്‍ കൂടി ഉള്‍ക്കോള്ളിക്കുവാന്‍ പ്രസാധകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

മേളപ്പെരുക്കത്തിന്റെ അവസാന ഭാഗമായുള്ള അനുബന്ധത്തില്‍
ആദ്യമായുള്ളത് ആശാന്റെ അപൂര്‍ണ്ണമായ ആത്മകഥയ്ക്ക് അനുബന്ധമെന്ന രീതിയില്‍ പുത്രന്‍ മുരളീകൃഷ്ണന്‍ എഴുതിയ ‘സാഷ്ടാംഗം’ എന്ന ഓര്‍മ്മക്കുറിപ്പുകളാണ്. അച്ഛനേപ്പോലെത്തന്നെ ഭംഗിയാര്‍ന്ന ശൈലിയില്‍ എഴുതിയിരിക്കുന്ന മുരളീകൃഷ്ണന്‍, പൊതുവാളാശാന്റെ അന്ത്യകാലത്തെയൊക്കെ വിവരിക്കുന്നത് വായനക്കാരുടെ മനസ്സിനെ ആദ്രമാക്കും. തുടര്‍ന്ന് വരുന്നത് 1969ല്‍ തൃശ്ശൂര്‍ക്ലബ്ബിന്റെ ചോദ്യാവലിക്ക് ആശാന്‍ നല്‍കിയ മറുപടികളാണ്. അവസാനമായി അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നത് കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ 2 അഭിമുഖങ്ങളാണ്. ഒന്ന് 1986ല്‍ ആകാശവാണിക്കുവേണ്ടി ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടിയുമായി നടത്തിയതും, മറ്റൊന്ന് 1989ല്‍ ദൂരദര്‍ശ്ശനുവേണ്ടി ഈയങ്കോട് ശ്രീധരനുമായി നടത്തിയതും.കേരളകലാമണ്ഡലത്തില്‍ ലഭ്യമായ ഈ പുസ്തക(മേളപ്പെരുക്കം)ത്തിന്റെവില 280രൂപയാണ്.

ബന്ധപ്പെടേണ്ട വിലാസം:
kerala kalamandalam,
vallathol nagar,
cheruthuruthy (p.o),
thrissuur Dt.
kerala.
ph:04884-262418, 262562, 263440
Fax:04884-262019
E-mail: info@kalamandalam.org
Website:http://www.blogger.com/www.kalamandalam.org

9 അഭിപ്രായങ്ങൾ:

VAIDYANATHAN, Chennai പറഞ്ഞു...

മണീ, അതിമനോഹരം. ഒരു കാര്യം പറഞ്ഞോട്ടേ! ‘മേളപ്പെരുക്കത്തിന്റെ’ ഈ റെവ്യൂ വായിച്ചാൽ പിന്നെ ആരും ആ പുസ്തകം വാങ്ങില്ല! ഹ ഹ ഹ........ പുസ്തകത്തിലെ മുഴുവൻ കാര്യങ്ങളും അക്കമിട്ട് താൻ തന്നെ റെവ്യൂയിൽ എഴുതീട്ടുണ്ടല്ലോ! പൊതുവാളാശാന്റെ വാക്കുകൾ അതെപടി കൊടുത്തതു് വളരെ നന്നായി. സംഗീതത്തെപറ്റിയുള്ള ആശാന്റെ പരാമർശങ്ങൾ.......അവ മാത്രം തന്നെ ഒരു പുസ്തകരൂപത്തിൽ ആക്കാൻ ഉണ്ട്! ഇത്ര ‘ഗഹനമായ’ റെവ്യൂ എഴുതിയതിന് നന്ദി.

Haree പറഞ്ഞു...

"ആസ്വാദകരുടെയും പ്രത്യേകലേഘകരുടെയും അരങ്ങുകളുടെ മുഖംനോക്കാതെയുള്ള നിരൂപണങ്ങള്‍ മാസികയില്‍ വരണമെന്നും, അങ്ങിനെയുള്ള നിരൂപണങ്ങള്‍ കഥകളിക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും തിന്മയ്ക്കല്ല മറിച്ച് നന്മയ്ക്കെ ഉപകരിക്കൂ എന്നും പൊതുവാളാശാന്‍ ഈ ലേഘനത്തില്‍ അഭിപ്രായപ്പെടുന്നു." - :-)

" ആട്ടകഥയില്‍ പ്രസ്ഥാവിച്ചിരിക്കുന്ന രീതിയില്‍ തന്നെ ഈ രംഗം അവതരിപ്പിക്കപ്പെടണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു." - അതേതാണ് ആ രീതി? എന്തുകൊണ്ട് അത് ഇന്ന് അവതരിപ്പിക്കപ്പെടുന്ന രീതിയിലായി? (അവിടെയൊരു ദ്വന്ദയുദ്ധത്തിനു സാധ്യതയുണ്ടോ? കീചകന്‍ യുദ്ധം ചെയ്യുവാനായെത്തിയതല്ലല്ലോ, ചതിയിലൂടെയാണ് കീചകന്‍ വധിക്കപ്പെടുന്നത്. അപ്പോള്‍ പിന്നെ കീചകന്റെ സ്വഭാവത്തോട് അനീതി ചെയ്തു എന്നു കരുതേണ്ടതില്ല.)

“സിനിമാരംഗത്തില്‍ നടന്മാര്‍ പാത്രബോധത്തോടുകൂടിയ ഭാവാഭിനയ പ്രകടനം കൊണ്ട് കഥാപാത്രങ്ങളായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്, കഥകളിനടന്മാര്‍ പലരും പാത്രബോധത്തിലും അഭിനയത്തിലും പുറകിലാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ” - അപ്പോള്‍ കൂട്ടുവേഷങ്ങള്‍ വെറുതേ നിന്നാല്‍ പോര! :-)

ലേഖനം എന്നാണേ... പുസ്തകപരിചയത്തിനു വളരെ നന്ദി. :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@VAIDYANATHAN, Chennai,
ആശാന്റെ വാക്കുകള്‍ അല്ലാതെ അതിനു തുല്യമായി നമുക്കെഴുതാന്‍ സാധിക്കില്ലല്ലൊ. അപ്പോള്‍ പിന്നെ അതു തന്നെ നല്‍കുയല്ലെ ഉചിതം.

@Haree | ഹരീ,
കീചകന്‍ യുദ്ധത്തിനായല്ല വന്നത്. ചതിയിലൂടെ അവിടെ കീചകനെ വരുത്തിയത്. എന്നാല്‍ ഭീമന്‍ യുദ്ധസന്നദ്ധനായിരുന്നു.
ഇവര്‍ യുദ്ധം ഉണ്ടാകുന്നതായും, ആദ്യം കീചന്‍ വലലനെ മറിച്ചിടുന്നതായും, തുടര്‍ന്ന് വലലന്‍ കീചകനെ ഞെരിച്ച് കൊന്ന് ശവശ്ശരീരം ചവുട്ടിമെതിച്ച് ഒരു മാംസപിഢം കണക്കെയാക്കുന്നു എന്നുമാണ് പുരാണത്തിലും ആട്ടകഥയിലും പറയുന്നത്. ആട്ടകഥയില്‍ ഇവിടെ യുദ്ധപദങ്ങളും ഉണ്ട്.(കഥയറിഞ്ഞിട്ട് വേണം എതിരഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ട്ടോ ഹരീ‍. പ്രത്യേകിച്ച് പൊതുവാളാ‍ശാനെപ്പോലെ പ്രഗത്ഭമതികളുടെ അഭിപ്രായങ്ങളോട്)തെക്കര്‍ ആ രീതിയിലായിരുന്നു അവതരിപ്പിച്ചിരുന്നതും. കല്ലുവഴിക്കാരാണ് രീതിമാറ്റിയത്. പണ്ട് ചെങ്ങന്നൂരാശാന്‍ തന്റെ പ്രായാധിക്യകാലത്തും കീചനായപ്പോള്‍ യുദ്ധം ഉണ്ടായതായും, യുദ്ധാന്ത്യത്തില്‍ കയ്യും കാലും ഉത്തരീയത്താല്‍ വരിഞ്ഞുകൊണ്ട് കീടന്ന് കീചകന്റെ കാല്‍ചവുട്ടിനനുസൃതമായി ചാടിയതായും ഒക്കെയുള്ള കാഴ്ച്ചാനുഭവം പൊതുവാളാശാന്‍ ഒരു ലേഖനത്തില്‍ എഴൂതിയിട്ടുണ്ട്.

അതേ കൂട്ടുവേഷങ്ങള്‍ വെറുതേ നിന്നാല്‍ പോരാ എന്നാണ് ആശാന്റെ മതം.

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, ഇതു കലക്കി. വളരെ നല്ലത്‌. ചില വസ്തുതാപരമായ തെറ്റുകളുണ്ടോ? ടൈപ്പിംഗ്‌ മിസ്റ്റേക്ക്‌ ആകാം. എന്റെ ധാരണ പിശകും ആകാം. മിക്കവാറും അതിനായിരിക്കും വഴി. ന്നാലും പറയട്ടെ:
"1991ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ കൃഷ്ണന്‍‌കുട്ടി പൊതുവാളാശാന്‍ അവതരിപ്പിച്ച"
എന്ന് പറയുമ്പോൾ 1991 എന്നത്‌ തെറ്റീരിക്ക്വോ? അതിനെത്രയോ മുൻപ്‌ ആശാൻ ഉയിർ വെടിഞ്ഞില്ലേ? 1981ന്‌ മുൻപ്‌ മരിച്ചിട്ടുണ്ടെന്ന് ഒരു ധാരണ.

-സു-

അജ്ഞാതന്‍ പറഞ്ഞു...

മണേ..
ച്ചാൽ...കേമം.

സുനിൽ,
പൊദുവാളാശാൻ മരിച്ചതു 1992 ഒക്ടോബർ 14 നു ആണു.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@-സു‍-|Sunil, & പരദൂഷണൻ,
നന്ദി...സന്തോഷം.

സൂവിന്റെ സംശയത്തിന് പരദൂഷന്‍ മറുപടി പറഞ്ഞിട്ടുണ്ടല്ലൊ.....പൊതുവാളാശാന്‍ മരിക്കുന്നതിനു തലേക്കൊല്ലം തന്നെയാണ് ഈ പ്രബന്ധം എഴുതിയത്. ആരോഗ്യപരമായി ക്ഷിണിതനായിരുന്നെങ്കിലൂം ശ്രീമതി കല്യാണിക്കുട്ടിയമ്മയുടെ പ്രത്യേകക്ഷണം ഉപേക്ഷിക്കാന്‍ സാധിക്കാത്തതിന്നാലാണ് ഈ പരിപാടിയില്‍ പങ്കെടുത്തത് എന്ന് പൊതുവാളാശാന് ‍ ലേഖനാരംഭത്തില്‍ എഴുതിയിട്ടുണ്ട്.

nandakumar പറഞ്ഞു...

ആദ്യവസാന കളി ഭ്രാന്തന്‍ മണിക്ക്,
കലാ കൃഷ്ണന്‍ കുട്ടി പോതുവളുടെ സമ്പൂര്‍ണ സമാഹാര കൃതി ആയ "മേലപ്പെരുക്ക" ത്തെ പരിചയ പെടുത്തിയത് ഉചിതവും കര്യപ്രസക്തവും ആയീ. ഈ ദ്രുതകലത്തിലും ഇത്തരം കലപ്രോചോടന പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്ന തങ്ങളെ എത്ര പ്രശംസിച്ചാലും അധികരിക്കില്ല. എന്നാലും കണ്ണ് തട്ടാതിരിക്കാന്‍ ചിലത് കുറിക്കാം. പുസ്തകത്തിന്റെ വലുപ്പം കൂട്ടാന്‍ മാത്രം ഉപകരിക്കുന്നവ ആയിരിക്കും ഒഴിവക്കപെട്ടത്. ഭീഷ്മ പ്രതിക്ജഞ" മാത്രമാണ് അദ്ദേഹത്തിന്റെ സ്വന്തം ആട്ടകഥ - മണിക്കും സഹൃദയ സംഘത്തിനും ഭാവുകങ്ങള്‍ ..ഒരു ഇടത്തരം ഭ്രാന്തന്‍

അജ്ഞാതന്‍ പറഞ്ഞു...

പൊദ്വാളാശാന്റെ ജീവചരിത്രവും കലാമണ്ഡലം പുറത്തിറക്കിയിട്ടുണ്ട് ഏന്നു കേടു. “ശൌര്യഗുണം“ എന്നൊ മറ്റൊ ആണു പേരു. വാങ്ങാൻ പറ്റിയില്ല്യ. ഒരു റിവ്യു കണ്ടു, മാടംബിന്റെ. അടുത്ത തവണ നാട്ടിൽ വരുംബോൾ വാങ്ങണം.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ nandakumar, nandakumar,
നന്ദി.
ഷ്ണന്‍‌കുട്ടിപൊതുവാളിന്റെ 85മത് ജന്മവാഷികം 28/05/09ന് കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ച് നടന്നപ്പോള്‍, ശ്രീ ഇയ്യങ്കോട് ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ച് കേരളകലാമണ്ഡലം പ്രസിദ്ധീകരിക്കുന്ന ‘ശൌര്യഗുണം’(കൃഷ്ണന്‍‌കുട്ടി പൊതുവാളിന്റെ ജീവചരിത്രം) എന്ന പുസ്തകം കലാമണ്ഡലം വൈസ്‌ചാന്‍സിലര്‍ ശ്രീ കെ.ജി.പൈലോസ് പ്രകാശനം ചെയ്തു. ശ്രീ മാടമ്പ് കുഞ്ഞുക്കുട്ടനാണ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയത്. റിപ്പോറ്ട്ട് ഇവിടെ-http://kalibhranthan.blogspot.com/2009/06/85.html