നെല്ലിയോട് തിരുമേനിക്കൊപ്പം.


കഴിഞ്ഞദിവസം, കഥകളിയില്‍ ഇക്കാലത്തെ ചുവന്നതാടി വേഷക്കാരില്‍ അഗ്രഗണ്യനായ ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയോടോപ്പം കുറച്ചു സമയം ചിലവിടാനായി.മലപ്പുറം വണ്ടൂരില്‍ നെല്ലിയോട് ഇല്ലത്ത് 1957 ജനിച്ച ഇദ്ദേഹം കുലധര്‍മ്മങ്ങളായ പൂജാദികള്‍ കുട്ടിക്കാലത്തു തന്നെ പഠിച്ചു, കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തില്‍,പത്മശ്രീ വാഴേങ്കിട കുഞ്ചുനായരാശാന്റെ കീഴിലാണ് നന്വൂതിരി കഥകളി അഭ്യാസം ആരംഭിച്ചത്.പിന്നീട് കുഞ്ചുനായരാശാന്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി പോയപ്പോള്‍ നെല്ലിയോടും കലാമണ്ഡലത്തില്‍ ചേര്‍ന്ന് അഭ്യസനം തുടര്‍ന്നു.ചുവന്നതാടിക്കു ചേര്‍ന്ന മുഖവും കണ്ണും ആണ് തിരുമേനിക്കുള്ളത്.അരങ്ങുകളില്‍ താമസ സ്വഭാവികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാസുദേവന്‍ നന്വൂതിരി ജീവിതത്തില്‍ പരമ സാത്വികനാണ്. തിരുവന്തപുരം സെന്‍‌ട്രല്‍ സ്കൂളില്‍നിന്നും കഥകളി അദ്ധ്യാപകനായി വിരമിച്ച നന്വൂതിരി ഇപ്പോള്‍ പൂജപ്പുരയിലാണ് താമസം.സ്വഭവനത്തില്‍ തന്നെ ഇദ്ദേഹവും പുത്രനും ചേര്‍ന്ന് വാഴേങ്കിട കുഞ്ചുനായര്‍ സ്മാരകമായി ഒരു കലാകേന്ദ്രം നടത്തിവരുന്നുണ്ട്.കഴിഞ്ഞവര്‍ഷങ്ങളിലായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിക്ക് കേന്ദ്ര-കേരള സംഗീത നാടക അക്കാദമികളുടെ പുരസ്ക്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഏറ്റവും അടുത്ത കിട്ടിയ ഇരിങ്ങാലക്കുടക്ലബ്ബിന്റെ പുരസ്ക്കാരമുള്‍പ്പെടെ മറ്റു നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒരു താടിവേഷക്കാരന്റെ അടുക്കല്‍ പ്രത്യേകമായി പഠനം ഉണ്ടായിട്ടില്ല എന്നും കുഞ്ചുനായരാശാനാണ് തന്നെ എല്ലാം പഠിപ്പിച്ചിട്ടുള്ളതെന്നും, പില്‍ക്കാലത്ത് സ്വന്തമായി പുരാണപരിചയത്തിലൂടെ കഥയേയും കഥാപാത്രങ്ങളേയും കൂടുതല്‍ പഠിക്കുകയും അങ്ങിനെ ആട്ടങ്ങള്‍ ചിട്ടപ്പെടുത്തുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ഈ പഠനം തുടരുന്നു എന്നാണ് തിരുമേനിപറഞ്ഞത്.കഥകളിയെന്ന കലാരൂപത്തെ അത്യധികം സ്നേഹിക്കുന്ന നെല്ലിയോട്, താനാടുന്ന ഓരോകഥാപാത്രത്തേയും കുറിച്ച് ബോധവാനാണ്.ഈ ഓരോകഥാപാത്രത്തേയും കുറിച്ച് ഇദ്ദേഹം വളരെ സംസാരിച്ചു.
ചുവന്നതാടിവേഷം എന്നാല്‍ കുറേബഹളം വയ്ക്കുന്ന രീതീല്‍ ആണ് ഇപ്പോള്‍ കണ്ടുവരുന്നത് എന്നും,പലരും ആട്ടത്തിനായി അരങ്ങില്‍ കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നതായി തോന്നുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തനിക്കും പണ്ട് അങ്ങിനെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ പില്‍ക്കാലത്ത് അതുമാറ്റി ആട്ടം ചിട്ടപ്പെടുത്തി മിതപ്പെടുത്താനായി ശ്രമിച്ചു. ഇങ്ങനെ താന്‍ ചിട്ടപ്പെടുത്തിയെടുത്ത ആട്ടങ്ങള്‍ ഒരു ആട്ടപ്രകാരം എന്നരീതിയില്‍ എഴുതി വച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ അത് പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

2 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

നെല്ലിയോടിനെ ഞാന്‍ അറിയുമോ എന്നു ചോദിച്ചാല്‍ എന്താ പറയാ? അറിയില്ല, അറിയാം എന്നൊക്കെ പറയേണ്ടി വരും. ഒരു ആസ്വാദകന്‌, ഇഷ്ടമുള്ള എല്ലാവരേയും അറിയാമല്ലോ.

എന്നാല്‍ അങ്ങനെ മാത്രമല്ല, കുറച്ചു കൂടെ പറയാം.

അമ്മയുടെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച്‌ ഞാന്‍ എന്റെ ഇല്ലത്ത്‌ ഒരു കളി സംഘടിപ്പിച്ചിരുന്നു. അതില്‍ നെല്ലിയോടും ഉണ്ടായിരുന്നു. കളികഴിഞ്ഞ്‌ രാവിലെ വേദിക്ക്‌ പിന്നില്‍ നോക്കിയപ്പോള്‍ നെല്ലിയോടിനെ കാണാനില്ല. അന്വേഷണമായി, ഒരു ചായയെങ്കിലും കൊടുക്കണമല്ലോ. പത്തായപ്പുരയിലും മറ്റും അന്വേഷിച്ചപ്പോള്‍ ആളെ കാണ്ടില്ല. അപ്പോ രാമങ്കുട്ടിനായരാശാന്‍ പറഞ്ഞു, ആള്‌ നെല്ലിയോടല്ലേ കുളപ്പുരയില്‍ നോക്കൂ എന്ന്‌. ശരിയാ കളി കഴിഞ്ഞ്‌ കുളി തേവാരം ആയിരുന്നു! പെട്ടെന്ന് ആള്‍ പോവുകയും ചെയ്തു.

പരിയാനമ്പറ്റയും നെല്ലിയൊടുമായിരുന്നു അന്ന്‌ ബാലി സുഗ്രീവന്മാര്‍. നേരം പരപരാ വെളുത്തു കഥ തുടങ്ങിയപ്പോള്‍. അപ്പോ എല്ലാം ഝടുതിയിലാക്കി രണ്ടുപേരും. എനിക്കല്‍പ്പം നിരാശ തോന്നി. ചോദിച്ചപ്പോള്‍ പരിയാനമ്പറ്റ പറഞ്ഞു, നേരം വെളുത്താല്‍ പിന്നെ ഇത്തരം വേഷങ്ങള്‍ക്ക്‌ ഭംഗി കിട്ടുകയില്ല എന്ന്‌.

നെല്ലിയോടിന്റെ കുചേലനായിരുന്നു ആദ്യ കഥ. താടീവേഷങ്ങള്‍ക്ക്‌ മാത്രമല്ല നെല്ലിയോട്‌ കേമന്‍ എന്ന് കുചേലന്‍ കണ്ടാലറിയാം. അത്രയും ദൈന്യനായ, സാത്വികനായ, ഭക്തനായ ഒരു കുചേലന്‍ വേറെയുണ്ടോ? ചിലപ്പോള്‍ നടനും കഥാപാത്രവും തമ്മില്‍ വലിയ അന്തരം ഇല്ലത്തതിനാലാകും എന്ന്‌ ഞാന്‍ പറയാറുണ്ട്‌.

പിന്നെ കാറല്‍മണ്ണയില്‍ കഥകളി സമാരോഹത്തിനിടയില്‍ ചുട്ടി പകുതി വെച്ച്‌ കണ്ടു. അന്ന്‌ രാമന്‍കുട്ടി നായരാശാന്റെ കീചകനായിരുന്നു എന്നാണെന്റെ ഓര്‍മ്മ. നെല്ലിയോട്‌ ഞങ്ങള്‍ക്ക്‌ ആടുന്നതും അതിലെ പുതുമ എന്താണെന്നും എല്ലാം വിസ്തരിച്ച്‌ സംസ്കൃതം ശ്ലോകം ചൊല്ലി അര്‍ത്ഥം പറഞ്ഞ്‌ വിശദീകരിച്ചു തന്നു. പതിഞ്ഞ ശബ്ദത്തിലാണ്‌ പറഞ്ഞിരുന്നതെന്നതിനാല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിനോട്‌ വര്‍ത്തമാനം പറഞ്ഞിരിക്കുക എന്നതു തന്നെ ഒരു രസമാണ്‌. ഒരു കാപട്യവുമില്ലാതെ എല്ലാം വിസ്തരിച്ച്‌ പറഞ്ഞ്‌ മനസ്സിലാക്കും നമ്മളെ.

പലപ്പോഴും തിരിവനന്തപുരത്ത്‌ പോകുമ്പോള്‍ ബന്ധപ്പെടണമെന്നും പരിചയം പുതുക്കണമെന്നും ആശിക്കാറുണ്ട്‌. കാലദോഷം കൊണ്ട്‌ ഇതുവരെ സാധിച്ചിട്ടില്ല.

നെല്ലിയോടിന്റെ മകളും നല്ലൊരു വേഷക്കാരിയാണ്‌. മകനെ കുറിച്ച്‌ അറിയില്ല.
-സു-

Sathya പറഞ്ഞു...

Makan Neliyodu Appu - Veshakaran thanne, Pinne makal alla Athu Marumakal annu.