കഥകളിയിലെ ചില കീഴ്വഴക്കങ്ങള്‍

കഥ തുടങ്ങുമ്പോഴും ഓരോ രംഗത്തിനു ശേഷവും തിരശ്ശീല പിടിക്കുന്നു. ചിലപ്പോള്‍ തിരശ്ശീല പിടിക്കാതെതന്നെ ഒരു രംഗം മറ്റൊന്നിലേക്കു സംങ്ക്രമിക്കുകയൊ ലയിക്കുകയൊ ചെയ്യും. ഒരേരംഗത്തില്‍ തന്നെ മറ്റുചില ആവശ്യങ്ങള്‍ക്കു് തിരശ്ശീല ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ദേവന്മാര്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍, പോര്‍വിളിക്ക്, സൂതികാകര്‍മ്മാദികള്‍ക്ക് ഇങ്ങനെ പലതിനും തിരശ്ശീല ഉപയോഗിക്കുന്നു.
.
കത്തി,താടി,കരി,ഭീരു തുടങ്ങിയ വേഷങ്ങള്‍ ആദ്യമായി രംഗത്തുവരുന്നതിനു മുപായി ‘തിരനോക്ക്’എന്നോരു ചടങ്ങു നടത്തുന്നു. തിരനോക്കില്‍ കത്തിക്ക് ശൃഗാരവീരങ്ങളും താടിക്ക് വീരരൌദ്രാദികളും കരിക്ക് രൌദ്രബീഭത്സാദികളും ഭീരുവിന് ഹാസ്യവുമാണ് സ്ഥായീഭാവങ്ങള്‍.

.
പല രംഗങ്ങളിലും കഥയിലുള്ളതും ശ്ലോകത്തിലുംമറ്റും കവി സൂചിപ്പിക്കുന്നതുമായ കഥാപാത്രങ്ങള്‍ ‍അവര്‍ക്ക് ആടുവാന്‍ ഒന്നുമില്ലെങ്കില്‍ രംഗത്തു വരാറില്ല. ഉദാ:ഉത്തരാസ്വയംവരം,ദുര്യോധനവധം തുടങ്ങിയ കഥകളില്‍ സഭാരംഗത്ത് ധ്യതരാഷ്ട്രര്‍, ഭീഷ്മര്‍, ക്യപര്‍,കര്‍ണ്ണന്‍ തുടങ്ങി കൌരവസഭയിലെ എല്ലാവരും വേണ്ടതാണെങ്കിലും കളിയില്‍ അതുണ്ടാവില്ല. എന്നാല്‍ ആടാനൊന്നുമില്ലെങ്കിലും ചില കഥാപാത്രങ്ങള്‍ ആവശ്യമായതിനാല്‍ ഉണ്ടാവുകയും ചെയ്യും.
.
രംഗത്തുള്ള കഥാപാത്രം മറ്റൊരു സ്ഥലത്തേക്കുപോയി മറ്റൊരു കഥാപാത്രത്തെ കാണുന്ന പലസന്ദര്‍ഭങ്ങളിലും മറിച്ചാണ് രംഗത്ത് കാണുക. രണ്ടു കഥാപാത്രങ്ങള്‍ ഒരേസമയം രംഗത്തുണ്ടായിരുന്നാലും അവര്‍ തമ്മില്‍ കാണണമെന്നില്ല. ശ്ലോകമോ പദമൊ ചൊല്ലി കഴിഞ്ഞ് ചടങ്ങനുസ്സരിച്ചേ തമ്മില്‍ കാണുകയുള്ളു.
.
നടന്‍ സാധാരണയായി ഇടതുവശത്തുനിന്നുമാണ്(കാണികളുടെ വലത്) രംഗത്ത് പ്രവേശിക്കുക. പ്രവേശിച്ച് പരസ്പ്പരം കണ്ടുകഴിഞ്ഞാല്‍-വലതുവശത്തിരിക്കുന്ന കഥാപാത്രം ദേവത്വത്താലൊ,ഗുരുത്വത്താലൊ പ്രായത്താലൊ ഉയര്‍ന്നവരായാല്‍-അദ്ദേഹത്തെ വന്ദിക്കുന്നു. മറിച്ചായാല്‍ വലത്തുവശത്തുള്ളയാള്‍ വന്നയാളെ വലത്തുവശത്തുള്ള ഇരിപ്പിടം നല്‍കി ആദരിച്ച് പ്രണമിക്കുന്നു. കഥകളിയില്‍ വലത്തുവശം മാന്യസ്താനമായി നിശ്ചയിച്ചിരിക്കുന്നു. കഥാപാത്രങ്ങളില്‍ദേവത്വം,ഗുരുത്വം,പ്രായം ഇവയാല്‍ ഉപരിസ്താനമുള്ളവര്‍ വലതുവശം നില്‍ക്കുന്നു.

ഉദാ:1 കല്യാണസൌഗന്ധികത്തില്‍ ജേഷ്ടനായഹനൂമാനെ തിരിച്ചറിഞ്ഞ ഉടന്‍ ഭീമന്‍ ഹനൂമാന് വലതുവശം നല്‍കി എടത്തുവശത്തേക്കു മാറും.
2 ദുര്യോധനവധത്തില്‍ പാണ്ഡവരെ ചൂതില്‍ തോറ്റ് സ്ഥാന നഷ്ടം വന്നാല്‍ എടതുവശത്തേക്കു നീക്കും.

4 അഭിപ്രായങ്ങൾ:

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

അങ്ങയുടെ ഈ ഉദ്യമം അഭിനന്ദനാര്‍ഹമാണ്. കഥകളിയുടെ സാങ്കേതത്വം പരിചയിക്കണമെന്ന ആഗ്രഹം ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നു എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

kalamandalam sreekanth പറഞ്ഞു...

വളരെ നന്നയി മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

Dinkan-ഡിങ്കന്‍ പറഞ്ഞു...

<>കഥ തുടങ്ങുന്വോഴും ഓരോരംഗത്തിനു ശേഷവും തിരശീല പിടിക്കുന്നു.ചിലപ്പോള്‍ തിരശീലപിടിക്കാതെയും ഒരു രംഗം മ്റ്റോന്നിലേക്കു സംക്രമിക്കുകയൊ ലയിക്കുകയൊ ചെയ്യും. ഒരേരംഗത്തില്‍ തന്നെ മറ്റുചില ആവശ്യങ്ങള്‍ക്കു തിരശീല ഉപയോഗിക്കേണ്ടിവരുന്നു. ദേവന്മാര്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്വോള്‍, പോര്‍വിളിക്ക്, സൂതികാകര്‍മ്മാദികള്‍ക്ക് <>
ആദ്യമായി വിദേശത്ത് കഥകളി നടക്കുന്നു. രം‌ഗത്ത് ബാലി കിടന്ന് ഒച്ചപ്പാടെടുത്ത് അലറിവിളിക്കുന്നു. മുന്നില്‍ തിരശീല. കഥ മുഴുവനും കഴിഞ്ഞപ്പോള്‍ സായിപ്പ് കര്‍ട്ടന്‍ പിടിച്ച നാണൂനും പാച്ചൂനും ഡോളര്‍ എടുത്ത് വീശുന്നു. കണ്ട് നിന്ന വേറൊരാള്‍ ചോദിച്ചു “എന്തിനാ സായിപ്പേ അവര്‍ക്ക് കൊടുത്തത്? അട്ടക്കാരില്‍ നല്ലവരുണ്ടാരുന്നല്ലോ?”
സായിപ്പ് പറഞ്ഞു “പണ്ടാരം അടങ്ങാന്‍ അവരാ കര്‍ട്ടനെങ്ങാനും വിട്ടിരുന്നെങ്കില് ആ അലറി വിളിക്കണ ചെകുത്താന്‍ സ്ജേജ് വിട്ട് ആള്‍ക്കൂട്ടത്തിലേയ്ക്ക് വരില്ലായിരുന്നോ? അവരെ സമ്മതിക്കണം”

ഈ ശ്രമം നല്ലതാണ്. എങ്കിലും ചമയം, കേളി എന്നിവ തൊട്ട് ആകാമായിരുന്നു. ആശംസകള്‍

Unknown പറഞ്ഞു...

ഈഉദ്യമത്തെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു