തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം
നവമ്പർ 23മുതൽ 30വരെ ആഘോഷിക്കപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമായി പതിവുപോലെ ആദ്യ 7ദിവസങ്ങളിലും കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒന്നാം ഉത്സവദിവസമായ 23/11/2011ന് രാത്രി 12മണിയോടുകൂടി കളിവിളക്കിൽ തിരിതെളിഞ്ഞു. ഗോപികാ വസന്തം അവതരിപ്പിച്ച പുറപ്പാടോടുകൂടിയാണ് കഥകളി ആരംഭിച്ചത്. കൃഷ്ണദാസ് ആയാസരഹിതമായും ഭംഗിയായും പുറപ്പാട് അവതരിപ്പിച്ചിരുന്നു. വേഷത്തിലും പ്രവർത്തിയിലും ഭംഗിയും, നല്ല രസവാസനയും ഉള്ള ഈ ബാലന് കളിയരങ്ങിൽ നല്ല ഭാവിതോന്നുന്നു. കലാമണ്ഡലം ഹരീഷ്(പാട്ട്), ഗോപീകൃഷ്ണൻ തമ്പുരാൻ(ചെണ്ട), കലാമണ്ഡലം പ്രശാന്ത്(മദ്ദളം) എന്നിവർ പുറപ്പാടിന് അരങ്ങിൽ പ്രവർത്തിച്ചു. ![]() |
| 'രാമ പാലയമാം' |
നളചരിതം ഒന്നാംദിവസം പൂർവ്വഭാഗമാണ് ആദ്യമായി
അവതരിപ്പിച്ച കഥ. ഇതിൽ പത്മശ്രീ കലാമണ്ഡലം ഗോപി നളനെ അവതരിപ്പിച്ചു. പതിവുപോലെ തന്നെ നാരദനോടുള്ള പദത്തിലെ 'വരവിന്നെങ്ങുനിന്ന്', 'ഹരിമന്ദിരം', 'ഉന്നതതപോനിധേ' തുടങ്ങിയഭാഗങ്ങൾ വിസ്തരിച്ച് അഭിനയിച്ചുകൊണ്ടുതന്നെ ഗോപിയാശാൻ ഭംഗിയാക്കി. ആർ.എൽ.വി.ദാമോദരപിഷാരോടി നാരദവേഷത്തിലെത്തി.![]() |
| 'ഹരിമന്ദിരത്തിൽ നിന്നോ' |
![]() |
| 'കുണ്ഡിനനായകനന്ദിനിക്കൊത്തൊരു....' |
![]() |
| 'അവരവർ ചൊല്ലിക്കേട്ടു' |
ഫാക്റ്റ് പത്മനാഭൻ ഹംസത്തെ അവതരിപ്പിച്ചു.
പാത്രബോധത്തോടെയുള്ള അഭിനയം, സവിശേഷമായ നൃത്തച്ചുവടുകൾ എന്നിവയാൽ മികച്ചുനിന്നു ഇദ്ദേഹത്തിന്റെ പ്രകടനം.
ആദ്യഭാഗത്ത് കലാമണ്ഡലം ബാബുനമ്പൂതിരിയായിരുന്നു
പൊന്നാനി പാടിയത്. കലാ:ഹരീഷ്, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ശിങ്കിടി ഗായകർ. ഈ ഭാഗത്തെ ആലാപനം ശരാശരി നിലവാരം പുലർത്തിയിരുന്നു.![]() |
| 'മോഹഭരമുദിതം നിങ്കൽ' |
ഈ ഭാഗത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനായിരുന്നു
ചെണ്ടയിൽ മേളം പകർന്നത്. ഇദ്ദേഹം ഗോപിയാശാന്റെ വേഷത്തിന് ചേർച്ചയായും അനുഗുണമായും മികച്ചമേളം നൽകിയിരുന്നു. എന്നാൽ ഹംസത്തിന് അതുപോലെ മേളം നൽകുന്നതിൽ ഉപേക്ഷകാട്ടുന്നതായി തോന്നി. ഈ ഭാഗത്ത് 'ഒരുകൊട്ട്' എന്നല്ലാതെ മുദ്രകൾക്ക് ചേർച്ചയായി വക്കുംനടുവും തിരിച്ചുള്ള മേളം നൽകുന്നതായി കണ്ടില്ല. മാത്രമല്ല, ഹംസത്തിന്റെ പദാഭിനയത്തിലെ ഒരുഭാഗത്ത് ഇദ്ദേഹം ഹംസത്തിന്റെ മുദ്രകൾക്കുകൂടുന്നതിനുപകരം നളന്റെ കൈക്കുകൂടുന്നതായികണ്ടു!
ദമയന്തിവേഷമിട്ടത് കലാമണ്ഡലം ഷണ്മുഖനായിരുന്നു.
വേഷത്തിലും അവതരണത്തിലും ഭംഗിയും മികച്ച പാത്രബോധവും തോന്നിയെങ്കിലും ഭാവങ്ങളിൽ തീവ്രമായ അനുഭവം സൃഷ്ടിക്കുവാൻ ഇനിയും ഇദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നി. തൃപ്പൂണിത്തുറ രതീശൻ, തൃപ്പൂണിത്തുറ രഞ്ജിത്ത് എന്നിവരായിരുന്നു തോഴിമാരായി അരങ്ങിലെത്തിയിരുന്നത്.![]() |
| 'സഖിമാരേ നമുക്കു' |
ദമയന്തിയുടെ ഭാഗത്ത് കലാ:ഹരീഷും കലാ:വിനോദും
ചേർന്നായിരുന്നു പദങ്ങൾ ആലപിച്ചിരുന്നത്. ചില ഹിന്തുസ്ഥാനി രാഗങ്ങളിലേയ്ക്ക് പദങ്ങൾ മാറ്റിപാടൽ ഉൾപ്പെടെ സംഗീതപരമായി പാട്ട് നന്നായി എന്ന് പറയാമെങ്കിലും, അരങ്ങുപാട്ട് എന്നരീതിയിൽ തീരെ പറ്റുന്നതായി തോന്നിയില്ല. പ്രത്യേകിച്ച് ഹംസത്തിന്റെ പദഭാഗങ്ങൾ. നൃത്തചലനങ്ങളോടെ അഭിനയിക്കുന്ന ഹംസവേഷത്തിന് താളാത്മകമായ പ്രയോഗങ്ങളോടെ പാടുന്നതാണ് അരങ്ങിൽ യോജിക്കുക. ഇതിന് ശ്രമിക്കുന്നത് കണ്ടില്ല എന്നുമാത്രമല്ല, ഹംസത്തിന്റെ നൃത്തച്ചുവടുകളും അതിനുചേർന്നുള്ള ഉറച്ചമേളത്തിനും ഇടയിൽ പാടുവാൻ ഹരീഷ് വല്ലാതെ വിഷമിക്കുന്നതായും തോന്നി. കണ്ണുകൾ അടച്ചുനിന്ന് പാടുന്നതുകൊണ്ടാണോ പരിചയകുറവുകൊണ്ടാണോ എന്തോ, ഹംസത്തിന്റെ പദങ്ങളിൽ പലപ്പോഴും മുദ്രകൾതീരും മുൻപെ പാട്ട് അവസാനിക്കുകയും, മുദ്രതീർന്നിട്ടും പാടിക്കൊണ്ടിരിക്കുന്നതും കണ്ടിരുന്നു. കലാ:വിനോദ് പാട്ടിൽ പലയിടങ്ങളിലും പദങ്ങളിൽ ക്രിതൃമഭാവം നൽകുന്നതിനായി ശ്രമിക്കുന്നതായി തോന്നി.![]() |
| 'നളിനമിഴിമാർക്കെല്ലാം നടപഠിപ്പാൻ' |
ദമയന്തിയുടെ ഭാഗത്ത് കലാമണ്ഡലം ശങ്കരവാര്യരുടെ
മദ്ദളവാദമായിരുന്നു ശ്രദ്ധേയമായ ഒരു ഘടകം. നടന്റെ കൈകാലുകൾക്കും കണ്ണിനും കൂടിയും ഇതിന്റെ ഇടവേളകളിൽ പാട്ടിന് അനുഗുണമായും മദ്ദളം വായിക്കുന്ന ഇദ്ദേഹത്തിന്റെ വാദനരീതി ശ്രേഷ്ടം തന്നെ. ഗോപീകൃഷ്ണൻ തമ്പുരാനായിരുന്നു ഈ ഭാഗത്ത് ചെണ്ട കൈകാര്യം ചെയ്തത്.![]() |
| 'കമ്രരൂപമതിരമ്യചാടുവചനം' |
നളചരിതം ഒന്നാംദിവസത്തെതുടർന്ന് പ്രഹളാദചരിതവും
ഈ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നു. കലാനിലയം സജി, എരൂർ മനോജ് എന്നിവർ ചുട്ടികുത്തിയിരുന്ന ഈ ദിവസത്തെ കളിക്ക് തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതായിരുന്നു കളിയോഗം. എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്








