തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം
നവമ്പർ 23മുതൽ 30വരെ ആഘോഷിക്കപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമായി പതിവുപോലെ ആദ്യ 7ദിവസങ്ങളിലും കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒന്നാം ഉത്സവദിവസമായ 23/11/2011ന് രാത്രി 12മണിയോടുകൂടി കളിവിളക്കിൽ തിരിതെളിഞ്ഞു. ഗോപികാ വസന്തം അവതരിപ്പിച്ച പുറപ്പാടോടുകൂടിയാണ് കഥകളി ആരംഭിച്ചത്. കൃഷ്ണദാസ് ആയാസരഹിതമായും ഭംഗിയായും പുറപ്പാട് അവതരിപ്പിച്ചിരുന്നു. വേഷത്തിലും പ്രവർത്തിയിലും ഭംഗിയും, നല്ല രസവാസനയും ഉള്ള ഈ ബാലന് കളിയരങ്ങിൽ നല്ല ഭാവിതോന്നുന്നു. കലാമണ്ഡലം ഹരീഷ്(പാട്ട്), ഗോപീകൃഷ്ണൻ തമ്പുരാൻ(ചെണ്ട), കലാമണ്ഡലം പ്രശാന്ത്(മദ്ദളം) എന്നിവർ പുറപ്പാടിന് അരങ്ങിൽ പ്രവർത്തിച്ചു. 'രാമ പാലയമാം' |
നളചരിതം ഒന്നാംദിവസം പൂർവ്വഭാഗമാണ് ആദ്യമായി
അവതരിപ്പിച്ച കഥ. ഇതിൽ പത്മശ്രീ കലാമണ്ഡലം ഗോപി നളനെ അവതരിപ്പിച്ചു. പതിവുപോലെ തന്നെ നാരദനോടുള്ള പദത്തിലെ 'വരവിന്നെങ്ങുനിന്ന്', 'ഹരിമന്ദിരം', 'ഉന്നതതപോനിധേ' തുടങ്ങിയഭാഗങ്ങൾ വിസ്തരിച്ച് അഭിനയിച്ചുകൊണ്ടുതന്നെ ഗോപിയാശാൻ ഭംഗിയാക്കി. ആർ.എൽ.വി.ദാമോദരപിഷാരോടി നാരദവേഷത്തിലെത്തി.'ഹരിമന്ദിരത്തിൽ നിന്നോ' |
'കുണ്ഡിനനായകനന്ദിനിക്കൊത്തൊരു....' |
'അവരവർ ചൊല്ലിക്കേട്ടു' |
ഫാക്റ്റ് പത്മനാഭൻ ഹംസത്തെ അവതരിപ്പിച്ചു.
പാത്രബോധത്തോടെയുള്ള അഭിനയം, സവിശേഷമായ നൃത്തച്ചുവടുകൾ എന്നിവയാൽ മികച്ചുനിന്നു ഇദ്ദേഹത്തിന്റെ പ്രകടനം.
ആദ്യഭാഗത്ത് കലാമണ്ഡലം ബാബുനമ്പൂതിരിയായിരുന്നു
പൊന്നാനി പാടിയത്. കലാ:ഹരീഷ്, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ശിങ്കിടി ഗായകർ. ഈ ഭാഗത്തെ ആലാപനം ശരാശരി നിലവാരം പുലർത്തിയിരുന്നു.'മോഹഭരമുദിതം നിങ്കൽ' |
ഈ ഭാഗത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനായിരുന്നു
ചെണ്ടയിൽ മേളം പകർന്നത്. ഇദ്ദേഹം ഗോപിയാശാന്റെ വേഷത്തിന് ചേർച്ചയായും അനുഗുണമായും മികച്ചമേളം നൽകിയിരുന്നു. എന്നാൽ ഹംസത്തിന് അതുപോലെ മേളം നൽകുന്നതിൽ ഉപേക്ഷകാട്ടുന്നതായി തോന്നി. ഈ ഭാഗത്ത് 'ഒരുകൊട്ട്' എന്നല്ലാതെ മുദ്രകൾക്ക് ചേർച്ചയായി വക്കുംനടുവും തിരിച്ചുള്ള മേളം നൽകുന്നതായി കണ്ടില്ല. മാത്രമല്ല, ഹംസത്തിന്റെ പദാഭിനയത്തിലെ ഒരുഭാഗത്ത് ഇദ്ദേഹം ഹംസത്തിന്റെ മുദ്രകൾക്കുകൂടുന്നതിനുപകരം നളന്റെ കൈക്കുകൂടുന്നതായികണ്ടു!
ദമയന്തിവേഷമിട്ടത് കലാമണ്ഡലം ഷണ്മുഖനായിരുന്നു.
വേഷത്തിലും അവതരണത്തിലും ഭംഗിയും മികച്ച പാത്രബോധവും തോന്നിയെങ്കിലും ഭാവങ്ങളിൽ തീവ്രമായ അനുഭവം സൃഷ്ടിക്കുവാൻ ഇനിയും ഇദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നി. തൃപ്പൂണിത്തുറ രതീശൻ, തൃപ്പൂണിത്തുറ രഞ്ജിത്ത് എന്നിവരായിരുന്നു തോഴിമാരായി അരങ്ങിലെത്തിയിരുന്നത്.'സഖിമാരേ നമുക്കു' |
ദമയന്തിയുടെ ഭാഗത്ത് കലാ:ഹരീഷും കലാ:വിനോദും
ചേർന്നായിരുന്നു പദങ്ങൾ ആലപിച്ചിരുന്നത്. ചില ഹിന്തുസ്ഥാനി രാഗങ്ങളിലേയ്ക്ക് പദങ്ങൾ മാറ്റിപാടൽ ഉൾപ്പെടെ സംഗീതപരമായി പാട്ട് നന്നായി എന്ന് പറയാമെങ്കിലും, അരങ്ങുപാട്ട് എന്നരീതിയിൽ തീരെ പറ്റുന്നതായി തോന്നിയില്ല. പ്രത്യേകിച്ച് ഹംസത്തിന്റെ പദഭാഗങ്ങൾ. നൃത്തചലനങ്ങളോടെ അഭിനയിക്കുന്ന ഹംസവേഷത്തിന് താളാത്മകമായ പ്രയോഗങ്ങളോടെ പാടുന്നതാണ് അരങ്ങിൽ യോജിക്കുക. ഇതിന് ശ്രമിക്കുന്നത് കണ്ടില്ല എന്നുമാത്രമല്ല, ഹംസത്തിന്റെ നൃത്തച്ചുവടുകളും അതിനുചേർന്നുള്ള ഉറച്ചമേളത്തിനും ഇടയിൽ പാടുവാൻ ഹരീഷ് വല്ലാതെ വിഷമിക്കുന്നതായും തോന്നി. കണ്ണുകൾ അടച്ചുനിന്ന് പാടുന്നതുകൊണ്ടാണോ പരിചയകുറവുകൊണ്ടാണോ എന്തോ, ഹംസത്തിന്റെ പദങ്ങളിൽ പലപ്പോഴും മുദ്രകൾതീരും മുൻപെ പാട്ട് അവസാനിക്കുകയും, മുദ്രതീർന്നിട്ടും പാടിക്കൊണ്ടിരിക്കുന്നതും കണ്ടിരുന്നു. കലാ:വിനോദ് പാട്ടിൽ പലയിടങ്ങളിലും പദങ്ങളിൽ ക്രിതൃമഭാവം നൽകുന്നതിനായി ശ്രമിക്കുന്നതായി തോന്നി.'നളിനമിഴിമാർക്കെല്ലാം നടപഠിപ്പാൻ' |
ദമയന്തിയുടെ ഭാഗത്ത് കലാമണ്ഡലം ശങ്കരവാര്യരുടെ
മദ്ദളവാദമായിരുന്നു ശ്രദ്ധേയമായ ഒരു ഘടകം. നടന്റെ കൈകാലുകൾക്കും കണ്ണിനും കൂടിയും ഇതിന്റെ ഇടവേളകളിൽ പാട്ടിന് അനുഗുണമായും മദ്ദളം വായിക്കുന്ന ഇദ്ദേഹത്തിന്റെ വാദനരീതി ശ്രേഷ്ടം തന്നെ. ഗോപീകൃഷ്ണൻ തമ്പുരാനായിരുന്നു ഈ ഭാഗത്ത് ചെണ്ട കൈകാര്യം ചെയ്തത്.'കമ്രരൂപമതിരമ്യചാടുവചനം' |
നളചരിതം ഒന്നാംദിവസത്തെതുടർന്ന് പ്രഹളാദചരിതവും
ഈ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നു. കലാനിലയം സജി, എരൂർ മനോജ് എന്നിവർ ചുട്ടികുത്തിയിരുന്ന ഈ ദിവസത്തെ കളിക്ക് തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതായിരുന്നു കളിയോഗം. എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്
8 അഭിപ്രായങ്ങൾ:
gud work.
Purapadu performed by Gopika Vasantham, disciple of f.a.c.t.Padmanabhan
നന്നായി ആസ്വടനക്കുറിപ്പ്..മണിയേട്ട ..ഷന്മുഘന്റെ ദമയന്തി ..വളരെ പക്വമതി ആയി തോന്നി ..അതാണോ കഥാപാത്രം ആവശ്യപ്പെടുന്നത് എന്ന് സംശയം തോന്നുന്നു ..ഭാവ തീവ്രത ഒക്കെ ഉണ്ടായിരുന്നു എങ്കിലും ...
@രമേശ് വര്‍മ പുറപ്പാട് കെട്ടിയ കുട്ടിയുടെ പേര് പറഞ്ഞു തന്നതിന് നന്ദി ..ഭംഗിആയി കളിച്ചു ആ കുട്ടി
പ്രിയപ്പെട്ട മണി, നമസ്കാരം. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചിക ഉത്സവത്തിലെ ആദ്യദിവസത്തെ (23 നവംബർ 2011) കളിയുടെ ആസ്വാദനം വളരെ ഹൃദ്യമായി തോന്നി. ഇത്തവണത്തെ ഉത്സവത്തിനു എത്താൻ സാധിക്കാത്തതിൽ ഉള്ള വിഷമം തന്റെ ആസ്വാദനകുറിപ്പുകളിലൂടെ മാറ്റി തരണം എന്ന് അപേക്ഷ. ഫാക്റ്റ് പത്മനാഭന്റെ ഹംസം എന്നും നമ്മൾ ആസ്വാദകർക്കു് ഹരം പകരുന്ന ഒന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ ശൈലി പിന്തുടരുവാൻ യുവ കഥകളി കലാകാരന്മാർ തീർച്ചയായും ശ്രമിക്കണം. സർവ്വശ്രീ ഓയൂർ കൊച്ചുഗോവിന്ദ പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം എം.പി.എസ്സ്. നമ്പൂതിരി, കലാനിലയം രാഘവൻ...........തുടങ്ങി പ്രഗൽഭരായ ഹംസവേഷക്കാരുടെ പാരമ്പര്യം നിലനിറുത്തുവാൻ ഇനിയെങ്കിലും യുവ കലാകാരന്മാർ ശ്രദ്ധിക്കണം. മണി, കളിയുടെ മറ്റ് അംശങ്ങളിലേക്കു് കടക്കുന്നില്ല..........കാരണം ഈ ആസ്വാദനകുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ എത്രയോ തവണ നേരിട്ടും അല്ലാതെയും കലാകാരന്മാരോട് നാം സംവേദിച്ചിട്ടുള്ളതാണല്ലോ! വീണ്ടും വീണ്ടും പറയാം. ഏതായാലും “വിമർശനാന്മകമായ ആസ്വാദനം” ഇനിയും വരട്ടെ. ആശംസകൾ.
@Ramesh Varma , സുനിൽ, വൈത്തിയണ്ണാ,
അഭിപ്രായങ്ങൾക്ക് നന്ദി.
പുറപ്പാട് അവതരിപ്പിച്ച കുട്ടിയുടെ പേർ പ്രോഗ്രാം ബുക്കിൽ കണ്ടത് അനുസ്സരിച്ച് ചേർത്തതാണ് ഞാൻ. തെറ്റുതിരിത്തി തന്നതിന് Ramesh Varma യ്ക്ക് പ്രത്യേക നന്ദി.
സുനിലേ, ഷണ്മുഖന്റെ പാത്രപരിചരണത്തിൽ കുഴപ്പമൊന്നും തോന്നിയിരുന്നില്ല.
അണ്ണാ, അണ്ണനെ മിസ്സ് ചെയ്യുന്നുണ്ട്. നമ്മൾ ഒരുമിച്ചല്ലെ കളികാണൽ പതിവ്. യുവകലാകാരന്മാർ ഹംസം പോലെയുള്ള വേഷങ്ങൾ ശീലിക്കേണ്ടതാണ്. എന്നാൽ ഹംസംകെട്ടാൻ ശ്രമിക്കാതെ നളനാകുവാനാണ് പലർക്കും മോഹം എന്ന് തോന്നുന്നു.
തൃപ്പൂണിത്തുരയിലെ ആദ്യ കളിയില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് പുറപ്പാടെടുത്ത ഗോപിക വസന്തം എന്ന കുട്ടി തന്നെ.സദസ്സില്‍ നിന്നും ഉണ്ടായ കയ്യടി ആത്മാര്‍ഥതയോടെ തന്നെ. ആ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും.ശ്രീ കലാമണ്ഡലം ഗോപി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മിതത്വത്ത്തോടെ സൌന്ദര്യാത്മകമായി നളനെ അവതരിപ്പിച്ചു ആദ്യ രണ്ടു രംഗങ്ങളിലും .മണിയുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ ഹംസവുമായി ചേര്‍ന്നുള്ള ഭാഗങ്ങളില്‍ അത്ര പുഷ്ടിമ തോന്നിയില്ല.ഒരു പക്ഷെ ശാരീരികമായി ക്ഷീണിചിരിക്കാം.ശ്രീ ഫാക്റ്റ് പദ്മനാഭന്റെ ഹംസം അദ്ദേഹത്തിന്റെ ഗുരുനാഥന് ആയിരുന്ന ശ്രീ കലാമണ്ഡലം കരുണാകരന്റെ ഹംസത്തെ ഓര്‍മ്മിപ്പിച്ചു.ഞാന്‍ കണ്ടിട്ടുള്ളതില്‍ തികഞ്ഞ പാത്ര ബോധാതോടെയും ചടുലതയോടെയും ഉള്ള പ്രകടനം ശ്രീ കരുണാകര ന്റേതു ആണ്. ആ ശൈലിയോട് പല സാമ്യങ്ങളും തോന്നി. കുറച്ചുകൂടി കെട്ടിപ്പഴക്കം ഉണ്ടായാല്‍ ശ്രീ പദ്മനാഭന്റെ ഹംസം ഒരു ഹൃദ്യാനുഭാവമാകും. മേളത്തില്‍ ഉണ്ടായ അലസത ഹംസത്തിന്റെ അവതരണത്തെ വളരെയധികം ബാധിച്ചു എന്നത് ദുഖകരമാണ്.അതെ സമയം തന്നെ സമാനതകളില്ലാത്ത ആസ്വാദ്യമായ പ്രകടനംകൊണ്ട് ശ്രീ കലാമണ്ഡലം ശങ്കര വാര്യര്‍ അരങ്ങു നിറച്ചു. "യവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം"എന്ന് തോന്നിച്ചില്ല ഷണ്മുഖന്റെ ദമയന്തി .അല്‍പ്പം കൂടി ലാസ്യ മാവാമായിരുന്നു ഭാവത്തില്‍. എങ്കിലും തികച്ചും ലോകധര്‍മ്മി രീതിയില്‍ നിലവാരമില്ലാത്ത ദാമയന്തിമാരില് നിന്നും വ്യതസ്തമായി കുലീനത്വം നിറഞ്ഞ പാത്ര ബോധം സൂക്ഷിച്ച ദമയന്തി ആയി ഷണ്മു ഖന്റെത്.
ഫാക്റ്റ് പത്മനാഭന് ചേട്ടന്റെ ഹംസം വളരെ നല്ലതാണ്. ഇന്നത്തെ നളന്മാര് ഹംസത്തിനോട് മനോധര്‍മ്മ പരമായ ആട്ടങ്ങള്‍ ചെയ്യുന്നതായി കാണുന്നില്ല. അങ്ങിനെയുള്ള സന്ദര്‍ഭം കൂടി ഉണ്ടാകുമ്പോള്‍ മാത്രമേ കലാകാരന്റെ മനോധര്‍മ്മ പരമായ കഴിവ് മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. പത്മനാഭന് കുട്ടി ചേട്ടന് തെക്കും വടക്കും ഉള്ള പല നടന്മാരുടെ ഹംസത്തിനോടൊപ്പം ദമയന്തി വേഷം ചെയ്തു നേടിയ മഹത്തായ അനുഭവം കൂടി ഉണ്ട് .
ആത്മാര്‍ഥമായ ആസ്വാദനം മണി . സൂക്ഷ്മമായി തന്നെ വിലയിരുത്തിയിരിക്കുന്നു . ഈ കളിയൊക്കെ നഷ്ടമാവുന്നു എന്നുള്ള സങ്കടം വേറെ .
വളരെ നന്ദി ഇതിവിടെ പങ്കു വെച്ചതിനു .
അമ്പുചേട്ടാ, നാരായണേട്ടാ, നിഷ്ക്കളങ്കാ,
വായനയ്ക്കും അഭിപ്രായങ്ങൾ രേഘപ്പെടുത്തലനിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ