ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരനോട്ടം
ആഗസ്റ്റ് 13,14,15 തീയതികളിലായി ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വെച്ച് 'അരങ്ങ് 2011' സംഘടിപ്പിച്ചു. മുതിർന്ന കലാകാരന്മാരെ ആദരിക്കുക, അവശകലാകാരന്മാരെ സഹായിക്കുക, യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ആസ്വാദനശീലം വളർത്തുക, കലാപരിപാടികൾ സഘടിപ്പിക്കുക ഇങ്ങിനെ പല രീതികളിലുമായി തനതുകേരളീയ കലകളെ, പ്രത്യേകിച്ച് കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിൽ കഴിഞ്ഞ അഞ്ചുവർഷക്കാലമായി തിരനോട്ടം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെയാണ്. പതിവുപോലെ ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുടയുടേയും ഡോ:കെ.എൻ.പിഷാരടി സ്മാരക കഥകളിക്ലബ്ബ്, ഇരിങ്ങാലക്കുടയുടേയും സഹകരണത്തോടേയാണ് ഇത്തവണത്തേയും 'അരങ്ങ്' സഘടിപ്പിക്കപ്പെട്ടത്. യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, കഥകളി അരങ്ങുകളുടെ വൈപുല്യം സുസാദ്ധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, 'കളിയോഗം' എന്ന ആശയത്തിൽ നിന്നുകൊണ്ടുള്ള കഥകളിശില്പശാല ആയിരുന്നു ഇത്തവണത്തെ 'അരങ്ങി'ലെ പ്രധാന പരിപാടി. അന്തരിച്ച പ്രസിദ്ധ മദ്ദളവാദകനായ കലാമണ്ഡലം ശശിയുടെ ദീപ്തസ്മരണക്കുമുന്നിൽ സമർപ്പിതമായിരുന്നു 'അരങ്ങ് 2011'. കഥകളി നാട്യാചാര്യന്മാരായ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ, പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ എന്നിവരെ 'അരങ്ങ്11'ന്റെ ഭാഗമായി ആദരിക്കുകയുണ്ടായി. 'അരങ്ങി'ന്റെ വേദിയിൽ വെച്ച് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക എൻഡോവ്മെന്റ് കുമ്മത്ത് വേണുഗോപാലനും, തിരനോട്ടത്തിന്റെ പ്രത്യേക എൻഡോവ്മെന്റ് ആയാകുടി കുട്ടപ്പമാരാർക്കും സമ്മാനിക്കപ്പെട്ടു. കൂടാതെ, പോയവർഷം തിരനോട്ടം സ്പോൺസർ ചെയ്തിരുന്ന കലാമണ്ഡലം മനോജിന് കളിപ്പണവും, ഈവർഷം സ്പോൺസർ ചെയ്യപ്പെടുന്ന കലാനിലയം മനോജ്, ആർ.എൽ.വി.പ്രമോദ് എന്നിവർക്കു് സമ്മതപത്രവും ഏൽപ്പിക്കുകയുമുണ്ടായി.
കോട്ടക്കൽ ശിവരാമന്റെ അരങ്ങിലേയും അണിയറയിലേയും
ഉജ്ജ്വലമുഹൂർത്തങ്ങൾ ദൃശ്യവൽക്കരിച്ച 'ശിവരാമണീയം' എന്ന ചിത്രപ്രദർശനവും 'അരങ്ങ്11'നോടനുബന്ധിച്ച് നടന്നിരുന്നു. ആറുവർഷങ്ങളോളം നടത്തിയ അനുയാത്രയിലൂടെ മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ രാജൻ കാരിമൂല തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ശിവരാമചിത്രങ്ങളാണ് ഇവിടെ പ്രദർശിക്കപ്പെട്ടത്.
വിഖ്യാത ചലചിത്രകാരൻ പത്മഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ
സംവിധാനം ചെയ്ത 'കലാമണ്ഡലം രാമൻകുട്ടിനായർ' എന്ന കഥേതര ചലചിത്രത്തിന്റെ പ്രദർശനമായിരുന്നു മറ്റൊരു മുഖ്യ ആകർഷണം. അരങ്ങിന്റെ സമാപനദിവസം രാവിലെ 9:30മുതൽ ഇരിങ്ങാലക്കുട പ്രഭാത് തീയ്യറ്ററിലായിരുന്നു പ്രദർശനം. കേന്ദ്രസംഗീതനാടക അക്കാദമി നിർമ്മിച്ച ഈ ചലചിത്രം ഇതിനുമുൻപ് ഒരിക്കൽ മാത്രമാണ് കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഥകളിപ്രേമികൾക്ക് രാമൻകുട്ടിയാശാനോടൊപ്പമിരുന്ന് ഈ ചലചിത്രം കാണുന്നതിനുള്ള ഒരു അസുലഭ അവസരമാണ് തിരനോട്ടം ഒരുക്കിയത്. തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളേയും പ്രധാന മുഹൂർത്തങ്ങളേയും ആശാൻ തന്നെ വിവരിക്കുന്ന രീതിയിലാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. വിവരണങ്ങൾക്കിടയിൽ ആശാന്റെ പലവേഷങ്ങളുടേയും അവതരണങ്ങളും അല്പാല്പമായി ചേർത്തിരിക്കുന്നു. ആശാന്റെ ചില പ്രസിദ്ധവേഷങ്ങളായ കീചകൻ, ഹനുമാൻ എന്നിവകൂടാതെ ഉത്ഭവത്തിലെ രാവണൻ, പരശുരാമൻ, കാർത്യവീര്യാർജ്ജുനവിജയത്തിലെ രാവണൻ, കിർമ്മീരവധത്തിലെ ധർമ്മപുത്രൻ, കാലകേയവധത്തിലെ അർജ്ജുനൻ, നലാംദിവസത്തിലെ നളൻ, സുഭദ്രാഹരണത്തിൽ അർജ്ജുനൻ, ദൂതിലെ കൃഷ്ണൻ എന്നിവയും ഈ വിധം ചേർത്തിട്ടുണ്ട്. ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ ഒരു പ്രധാന വത്യസ്തതയും.![]() |
| 'കുവലയവിലോചനേ' |
നളചരിതം രണ്ടാംദിവസം കഥകളിയുടെ അവതരണത്തോടെയാണ്
'അരങ്ങ്11' പൂർണ്ണമായത്. പകലും രാത്രിയുമായാണ് ഈ കളി അവതരിപ്പിക്കപ്പെട്ടിരുന്നത്. ഹാളിന്റെ ജനലുകളും വാതിലുകളും അടച്ചിട്ട് കളി ആരംഭിക്കവെ തൊട്ടന്മുൻപ് കണ്ട ചിത്രത്തിൽ രാമൻകുട്ടിയാശാൻ പറഞ്ഞൊരു പഴയ കഥയാണ് ഓർമ്മയിലെത്തിയത്. പണ്ട് ഒളപ്പമണ്ണമനയ്ക്കൽ വാതിലും ജനലും അടച്ചിട്ട് ഇരുട്ടുവരുത്തി ഒരു പകൽക്കളി നടന്നപ്പോൾ, ഒരു സരസൻ ചൂട്ടുകറ്റയും കത്തിച്ചുകൊണ്ട് കളികാണുവാൻ വന്നുവത്രെ!' രാത്രിയേക്കാൾ കൂടുതൽ പെട്ടന്ന് ക്ഷീണം വരും പകൽ കളിക്കുമ്പോൾ എന്നാണ് പല കലാകാരന്മാരുടേയും അഭിപ്രായം അറിഞ്ഞത്. രാവിലെ തെന്നെ ഒരുങ്ങിതുടങ്ങേണ്ടിവരുന്ന പ്രധാനവേഷം ചെയ്യുന്ന കലാകാർന്മാർക്ക് കളി രാത്രിവരെ നീളുമ്പോൾ ഭക്ഷണാദി കാര്യങ്ങൾക്കും ബുദ്ധിമുട്ടുകൾ വന്നുചേരുന്നുണ്ട്.![]() |
| 'കുവലയവിലോചനേ' |
15ന് ഉച്ചയ്ക്ക് 3മണിയോടെ ആരംഭിച്ച നളചരിതം
രണ്ടാംദിവസം കളിയിൽ നളനെ അവതരിപ്പിച്ചത് കലാമണ്ഡലം ഷണ്മുഖദാസായിരുന്നു. ഭംഗിയുള്ള വേഷത്താലും നിഷ്കർഷയോടും ഔചിത്യത്തോടുമുള്ള അവതരണത്താലും ഷണ്മുഖന്റെ നളൻ മികവുപുലർത്തി. രസാഭിനയ പ്രധാനമായ ഭാഗങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിച്ച്, മുഖാഭിനയത്തിൽ ഒന്നുകൂടി നിഷ്കർഷവരുത്തിയാൽ ആസ്വാദകർക്ക് കൂടുതൽ അനുഭവം പ്രദാനം ചെയ്യുവാൻ ഈ നടനു കഴിയും. പതിഞ്ഞപദം ഉൾപ്പെടെയുള്ള പദങ്ങളുടെ ചൊല്ലിയാട്ടങ്ങൾ മനോഹരമായിത്തന്നെ ചെയ്ത ഇദ്ദേഹം സന്ദർഭത്തിനും കഥാപാത്രത്തിനും യോജിക്കുന്ന രീതിയിൽ ആട്ടങ്ങളും ഭംഗിയായി അവതരിപ്പിച്ചു. ഉദ്യാനത്തിൽ ക്രീഡിക്കുന്ന 'കോക ഹംസ'ങ്ങളെ ദമയന്തി കാട്ടുമ്പോൾ, തന്നെ സഹായിച്ച ഹംസശ്രേഷ്ഠനെ നളൻ സ്മരിച്ചത് ഔചിത്യമായി. ആദ്യരംഗത്തിൽ പദങ്ങൾക്കുശേഷം 'ഇവളുടെ സൗന്ദര്യം അനന്തനാലും വർണ്ണിക്കാൻ സാദ്ധ്യമല്ല' എന്നാരംഭിച്ച ആട്ടത്തിൽ തുടർന്ന് 'ബ്രഹ്മസൃഷ്ടി'യും ആടുകയുണ്ടായി. മുൻപ് ഹംസം സമീപമെത്തി വിവരങ്ങൾ സംവദിച്ചത് എങ്ങിനെയെന്ന് ദമയന്തിയിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ ശേഷം, സ്വയംവരവേദിയിൽ തന്റെ വേഷം ധരിച്ച് ഇരുന്നിരുന്ന ദേവകളുടെ മദ്ധ്യത്തിൽനിന്നും തന്നെ കണ്ടെത്തി വരിക്കാൻ സാധിച്ചത് എങ്ങിനെ എന്നും നളൻ ചോദിച്ച് മനസ്സിലാക്കി. തങ്ങളെ സഹായിച്ച ഹംസശ്രേഷ്ഠനേയും അനുഗ്രഹിച്ച ദേവകളേയും മനസാവണങ്ങി നളദമയന്തിമാർ ഉദ്യാനസഞ്ചാരം ആരംഭിച്ചു. തുടർന്ന് പൊയ്കയിലെ കൂമ്പിനിൽക്കുന്ന താമരകൾ, മുല്ലവള്ളി പടർന്ന തേന്മാവ്, ദമയന്തിയുടെ നടപ്പ് കണ്ട് അനുകരിക്കുന്ന അന്നങ്ങൾ, മുലയൂട്ടുന്ന പേടമാൻ, ഇണയുടെ വേർപാടിൽ സങ്കടവതിയാകുന്ന പെൺപക്ഷി എന്നിങ്ങിനെ സാധാരണ പതിവുള്ള ഉദ്യാനവർണ്ണനാ ആട്ടങ്ങളും നളദമയന്തിമാർ യോജിച്ച് അവതരിപ്പിക്കുകയുണ്ടായി.![]() |
| 'ദയിതേ' |
ദമയന്തിയായി അഭിനയിച്ച കലാമണ്ഡലം ചെമ്പക്കര വിജയകുമാറും
നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. ഷണ്മുഖന്റേയും വിജയന്റേയും ചേർച്ചയായ പ്രവർത്തനം കളിയുടെ വിജയത്തിൽ പ്രധാനമായ പങ്കുവഹിച്ചു. അമിതമായ നാടകീയ വരുത്താതെ നല്ല ഭാപ്രകാശനത്തോടെ വിജയൻ ദമയന്തിയെ അവതരിപ്പിച്ചിരുന്നു. മറുപടിപ്പദത്തിൽ 'കാമ്യം നിയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും' എന്ന പാഠമാണ് ഗായകർ പിന്തുടർന്നത്. എന്നാൽ 'സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതുരണ്ടും' എന്ന പാഠഭേദമനുസ്സരിച്ചാണ് വിജയൻ അഭിനയിച്ചത്.![]() |
| ' എങ്ങുനിന്നെഴുന്നള്ളി സുരാധിപ' |
കലിയായി കലാമണ്ഡലം ഹരി ആർ. നായരും,
ദ്വാപരനായി കലാനിലയം സന്ദീപും, ഇന്ദ്രനായി കലാമണ്ഡലം ചിനോഷുമാണ് വേഷമിട്ടത്. പാത്രാനുസൃതമായ അഭിനയങ്ങളോടേ മൂവരും ചേർന്ന് രണ്ടാം രംഗം ഭംഗിയായി അവതരിപ്പിച്ചു. 'ഓരോരുത്തർക്കും ഓരോ സ്ത്രീകളെ ഭാര്യയായി വിധിച്ചിട്ടുണ്ട്, മറ്റു സ്ത്രീകളിൽ കാമം വെയ്ക്കുന്നതും, അതുസാധിക്കാനായി ക്രോധത്തോടെ പ്രവർത്തിക്കുന്നതും ശരിയല്ല' എന്ന് ഇന്ദ്രന്റെ ഉപദേശം കേട്ട് കലി 'അങ്ങിനെ വിധിച്ച സ്ത്രീകളെ മാത്രം കാമിച്ചതുകൊണ്ടായിരിക്കും അങ്ങയുടെ ദേഹം മുഴുവൻ കണ്ണുകളായി വന്നത്' എന്ന് പരിഹസിച്ചു. 'തനിക്ക് ഒരിക്കൽ വന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, ഇങ്ങിനെ ഓരോ ദുഷ്പ്രവൃർത്തികൾക്ക് തുനിഞ്ഞാൽ നിനക്കും ആ പാപത്തിന്റെ ഫലം അനുഭവിക്കേണ്ടതായിവരും' എന്ന് ഇന്ദ്രൻ വീണ്ടും കലിയെ ഓർമ്മിപ്പിക്കുകയുമുണ്ടായി. എന്നാൽ ഇന്ദ്രനോട് പരിഹസിച്ച് ചോദിച്ചതിനെ തുടർന്ന്, കലി ദ്വാപരനോടായി ഇന്ദ്രൻ സഹസ്രാക്ഷനായി ഭവിച്ച കഥ വിസ്തരിച്ച് ആടുകയുണ്ടായി. അത് അല്പം വിരസതയുണർത്തി. ഭംഗിയായും മിതമായുമുള്ള രീതിയിൽ 'കലിയാട്ട'മുൾപ്പെടെയുള്ള മറ്റുഭാഗങ്ങൾ ഹരി ആർ. നായർ അവതരിപ്പിച്ചു.![]() |
| 'ചെല്ലേണം നാമധുനാ' |
പുഷ്ക്കരനായെത്തിയ കലാനി:വിനോദ്കുമാറും തന്റെ ഭാഗം
ഭംഗിയായി നിർവ്വഹിച്ചു. പുഷ്ക്കരന്റെ 'ഉണ്ടാകേണ്ട' എന്ന പദത്തിലെ ഇപ്പോൾ സാധാരണയായി പതില്ലാത്ത 'പുരത്തിൽ മരുവും മഹാജനങ്ങളും' എന്ന അന്ത്യചരണവും ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു.
............................
![]() |
| 'നമുക്കില്ല നാടും നഗരവും' |
സദനം ഭാസിയാണ് കാട്ടാളനായി അരങ്ങിലെത്തിയത്.
കീഴ്പ്പടം ശൈലിയിൽ മനോഹരമായ നൃത്തങ്ങളോടെ ഇദ്ദേഹം കാട്ടാളനെ അവതരിപ്പിച്ചു.
ചൂതുകളിയിൽ എല്ലാം നഷ്ടപ്പെട്ട് ദമയന്തിക്കൊപ്പം കാട്ടിലെത്തിയ നളൻ തന്റെ വസ്ത്രം വിരിച്ച് പക്ഷികളെ പിടിക്കുവാൻ ശ്രമിക്കുന്നതും, പക്ഷിരൂപത്തിലെത്തുന്ന കലി നളന്റെ വസ്ത്രം അപഹരിച്ച് കൊണ്ടുപോകുന്നതുമായ സധാരണപതിവില്ലാത്തതായ രംഗവും ഇവിടെ അവതരിപ്പിച്ചിരുന്നു. കലാമണ്ഡലം സുചീന്ദ്രനാണ് പക്ഷിവേഷത്തിലെത്തിയത്. മഞ്ഞ ഞൊറിയും സ്വണ്ണനിറത്തിലുള്ള കൊക്കും ചുണ്ടുകളുമാണ് സാധാരണയായി പക്ഷിക്ക് കണ്ടിട്ടുള്ളത്. 'നളന്റെ പദത്തിൽ "പക്ഷങ്ങൾ ചഞ്ചുക്കളും പരിചെഴും പൊൻനിറമാം പക്ഷികളിതാവന്നു" എന്നും പക്ഷിയുടെ പ്രവേശത്തിലെ ശ്ലോകത്തിൽ "ധൃത്വാ സുവർണ്ണശകുനത്വമതീവദുഷ്ടോ" എന്നുമാണ് ഉള്ളതും. എന്നാൽ ഇവിടെ കറുത്തനിറത്തിലുള്ള ഞൊറിയും കൊക്കും ചിറകുകളും ഉപയോഗിച്ചാണ് പക്ഷിവേഷം ഒരുങ്ങിയിരുന്നത്.![]() |
| 'നീയോ?'..........'ഞാൻ തന്നെ!' |
കലിയുടേയും കാട്ടാളന്റേയും ഒഴിച്ചുള്ള ഭാഗങ്ങളിൽ
പത്തിയൂർ ശങ്കരൻകുട്ടിയായിരുന്നു പൊന്നാനിഗായകൻ. നന്നായി പദങ്ങളാലപിച്ച ഇദ്ദേഹത്തിനൊപ്പം പാടിയിരുന്നത് കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവൻ, കലാമണ്ഡലം രാജേഷ് മേനോൻ എന്നിവരായിരുന്നു. കലിയുടെ ഭാഗത്ത് കലാനി:രാജീവനും കലാ:രാജേഷ് മേനോനും ചേർന്നായിരുന്നു പാട്ട്. കളിക്കിണങ്ങുന്നതും മികച്ചതുമായിരുന്നു ഈ ഭാഗത്തെ ആലാപനം. കലാ:ബാബു നമ്പൂതിരിയും കലാ:രാജേഷ് മേനോനും ചേർന്ന് കാട്ടാളന്റെ രംഗവും നന്നായി പാടി.![]() |
| 'കടന്നു പോ' |
കലാമണ്ഡലം നന്ദകുമാറും കലാനിലയം രതീഷും ചെണ്ടയിലും
കലാനിലയം മനോജ് കുമാറും കലാനിലയം പ്രകാശനും മദ്ദളത്തിലും നല്ല മേളമൊരുക്കിക്കൊണ്ട് കളിയുടെ വിജയത്തിൽ തങ്ങളുടേതായ പങ്കുവഹിച്ചു.![]() |
| 'വികൃതഹൃദയ ഞങ്ങൾ വികിരങ്ങളല്ല' |
![]() |
| 'അപുത്രമിത്ര കാന്താരം' |
അരങ്ങിന്റെ പിൻഭാഗം കൂടാതെ വശങ്ങളിലും കറുത്തതുണികൊണ്ട് മറച്ചും,
ഗായകർക്കുപിന്നിലായിള്ള ഡസ്ക്കിൽ കറുത്തതുണിവിരിച്ചും, പിന്നിൽ ബാനറുകളോന്നും തൂക്കാതെയും, വീഡീയോയും ഫോട്ടോയും പിടിക്കുവാൻ പാകത്തിന് ഭഗിയായി വേദിയൊരുക്കാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. എന്നാൽ വശങ്ങൾ കൂടി മറച്ചതിനാൽ കാറ്റോട്ടം കുറയുകയും അരങ്ങിലെ ചൂട് വർദ്ധിക്കുകയും ചെയ്തതായി കലാകാരന്മാർ അഭിപ്രായപ്പെട്ടത്. കർക്കിടകമാസമെങ്കിലും പൊതുവെ ചൂടുള്ള ഒരു ദിവസവുമായിരുന്നു അന്ന്.











