അരങ്ങ് 2011

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരനോട്ടം 
ആഗസ്റ്റ് 13,14,15 തീയതികളിലായി ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വെച്ച് 'അരങ്ങ് 2011' സംഘടിപ്പിച്ചു. മുതിർന്ന കലാകാരന്മാരെ ആദരിക്കുക, അവശകലാകാരന്മാരെ സഹായിക്കുക, യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ആസ്വാദനശീലം വളർത്തുക, കലാപരിപാടികൾ സഘടിപ്പിക്കുക ഇങ്ങിനെ പല രീതികളിലുമായി തനതുകേരളീയ കലകളെ, പ്രത്യേകിച്ച് കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിൽ കഴിഞ്ഞ അഞ്ചുവർഷക്കാലമായി തിരനോട്ടം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെയാണ്. പതിവുപോലെ ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുടയുടേയും ഡോ:കെ.എൻ.പിഷാരടി സ്മാരക കഥകളിക്ലബ്ബ്, ഇരിങ്ങാലക്കുടയുടേയും സഹകരണത്തോടേയാണ് ഇത്തവണത്തേയും 'അരങ്ങ്' സഘടിപ്പിക്കപ്പെട്ടത്. യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, കഥകളി അരങ്ങുകളുടെ വൈപുല്യം സുസാദ്ധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, 'കളിയോഗം' എന്ന ആശയത്തിൽ നിന്നുകൊണ്ടുള്ള കഥകളിശില്പശാല ആയിരുന്നു ഇത്തവണത്തെ 'അരങ്ങി'ലെ പ്രധാന പരിപാടി. അന്തരിച്ച പ്രസിദ്ധ മദ്ദളവാദകനായ കലാമണ്ഡലം ശശിയുടെ ദീപ്തസ്മരണക്കുമുന്നിൽ സമർപ്പിതമായിരുന്നു 'അരങ്ങ് 2011'. കഥകളി നാട്യാചാര്യന്മാരായ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ, പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ എന്നിവരെ 'അരങ്ങ്11'ന്റെ ഭാഗമായി ആദരിക്കുകയുണ്ടായി. 'അരങ്ങി'ന്റെ വേദിയിൽ വെച്ച് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക എൻഡോവ്മെന്റ് കുമ്മത്ത് വേണുഗോപാലനും, തിരനോട്ടത്തിന്റെ പ്രത്യേക എൻഡോവ്മെന്റ് ആയാകുടി കുട്ടപ്പമാരാർക്കും സമ്മാനിക്കപ്പെട്ടു. കൂടാതെ, പോയവർഷം തിരനോട്ടം സ്പോൺസർ ചെയ്തിരുന്ന കലാമണ്ഡലം മനോജിന് കളിപ്പണവും, ഈവർഷം സ്പോൺസർ ചെയ്യപ്പെടുന്ന കലാനിലയം മനോജ്, ആർ.എൽ.വി.പ്രമോദ് എന്നിവർക്കു് സമ്മതപത്രവും ഏൽപ്പിക്കുകയുമുണ്ടായി.
കോട്ടക്കൽ ശിവരാമന്റെ അരങ്ങിലേയും അണിയറയിലേയും 
ഉജ്ജ്വലമുഹൂർത്തങ്ങൾ ദൃശ്യവൽക്കരിച്ച 'ശിവരാമണീയം' എന്ന ചിത്രപ്രദർശനവും 'അരങ്ങ്11'നോടനുബന്ധിച്ച് നടന്നിരുന്നു. ആറുവർഷങ്ങളോളം നടത്തിയ അനുയാത്രയിലൂടെ മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ രാജൻ കാരിമൂല തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ശിവരാമചിത്രങ്ങളാണ് ഇവിടെ പ്രദർശിക്കപ്പെട്ടത്.
വിഖ്യാത ചലചിത്രകാരൻ പത്മഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ 
സംവിധാനം ചെയ്ത 'കലാമണ്ഡലം രാമൻകുട്ടിനായർ' എന്ന കഥേതര ചലചിത്രത്തിന്റെ പ്രദർശനമായിരുന്നു മറ്റൊരു മുഖ്യ ആകർഷണം. അരങ്ങിന്റെ സമാപനദിവസം രാവിലെ 9:30മുതൽ ഇരിങ്ങാലക്കുട പ്രഭാത് തീയ്യറ്ററിലായിരുന്നു പ്രദർശനം. കേന്ദ്രസംഗീതനാടക അക്കാദമി നിർമ്മിച്ച ഈ ചലചിത്രം ഇതിനുമുൻപ് ഒരിക്കൽ മാത്രമാണ് കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഥകളിപ്രേമികൾക്ക് രാമൻകുട്ടിയാശാനോടൊപ്പമിരുന്ന് ഈ ചലചിത്രം കാണുന്നതിനുള്ള ഒരു അസുലഭ അവസരമാണ് തിരനോട്ടം ഒരുക്കിയത്. തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളേയും പ്രധാന മുഹൂർത്തങ്ങളേയും ആശാൻ തന്നെ വിവരിക്കുന്ന രീതിയിലാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. വിവരണങ്ങൾക്കിടയിൽ ആശാന്റെ പലവേഷങ്ങളുടേയും അവതരണങ്ങളും അല്പാല്പമായി ചേർത്തിരിക്കുന്നു. ആശാന്റെ ചില പ്രസിദ്ധവേഷങ്ങളായ കീചകൻ, ഹനുമാൻ എന്നിവകൂടാതെ ഉത്ഭവത്തിലെ രാവണൻ, പരശുരാമൻ, കാർത്യവീര്യാർജ്ജുനവിജയത്തിലെ രാവണൻ, കിർമ്മീരവധത്തിലെ ധർമ്മപുത്രൻ, കാലകേയവധത്തിലെ അർജ്ജുനൻ, നലാംദിവസത്തിലെ നളൻ, സുഭദ്രാഹരണത്തിൽ അർജ്ജുനൻ, ദൂതിലെ കൃഷ്ണൻ എന്നിവയും ഈ വിധം ചേർത്തിട്ടുണ്ട്. ഇതുതന്നെയാണ്  ഈ ചിത്രത്തിന്റെ ഒരു പ്രധാന വത്യസ്തതയും.
'കുവലയവിലോചനേ'
നളചരിതം രണ്ടാംദിവസം കഥകളിയുടെ അവതരണത്തോടെയാണ് 
'അരങ്ങ്11' പൂർണ്ണമായത്. പകലും രാത്രിയുമായാണ് ഈ കളി അവതരിപ്പിക്കപ്പെട്ടിരുന്നത്. ഹാളിന്റെ ജനലുകളും വാതിലുകളും അടച്ചിട്ട് കളി ആരംഭിക്കവെ തൊട്ടന്മുൻപ് കണ്ട ചിത്രത്തിൽ രാമൻകുട്ടിയാശാൻ പറഞ്ഞൊരു പഴയ കഥയാണ് ഓർമ്മയിലെത്തിയത്. പണ്ട് ഒളപ്പമണ്ണമനയ്ക്കൽ വാതിലും ജനലും അടച്ചിട്ട് ഇരുട്ടുവരുത്തി ഒരു പകൽക്കളി നടന്നപ്പോൾ, ഒരു സരസൻ ചൂട്ടുകറ്റയും കത്തിച്ചുകൊണ്ട് കളികാണുവാൻ വന്നുവത്രെ!' രാത്രിയേക്കാൾ കൂടുതൽ പെട്ടന്ന് ക്ഷീണം വരും പകൽ കളിക്കുമ്പോൾ എന്നാണ് പല കലാകാരന്മാരുടേയും അഭിപ്രായം അറിഞ്ഞത്. രാവിലെ തെന്നെ ഒരുങ്ങിതുടങ്ങേണ്ടിവരുന്ന പ്രധാനവേഷം ചെയ്യുന്ന കലാകാർന്മാർക്ക് കളി രാത്രിവരെ നീളുമ്പോൾ ഭക്ഷണാദി കാര്യങ്ങൾക്കും ബുദ്ധിമുട്ടുകൾ വന്നുചേരുന്നുണ്ട്.
'കുവലയവിലോചനേ'
15ന് ഉച്ചയ്ക്ക് 3മണിയോടെ ആരംഭിച്ച നളചരിതം 
രണ്ടാംദിവസം കളിയിൽ നളനെ അവതരിപ്പിച്ചത് കലാമണ്ഡലം ഷണ്മുഖദാസായിരുന്നു. ഭംഗിയുള്ള വേഷത്താലും നിഷ്കർഷയോടും ഔചിത്യത്തോടുമുള്ള അവതരണത്താലും ഷണ്മുഖന്റെ നളൻ മികവുപുലർത്തി. രസാഭിനയ പ്രധാനമായ ഭാഗങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിച്ച്, മുഖാഭിനയത്തിൽ ഒന്നുകൂടി നിഷ്കർഷവരുത്തിയാൽ ആസ്വാദകർക്ക് കൂടുതൽ അനുഭവം പ്രദാനം ചെയ്യുവാൻ ഈ നടനു കഴിയും. പതിഞ്ഞപദം ഉൾപ്പെടെയുള്ള പദങ്ങളുടെ ചൊല്ലിയാട്ടങ്ങൾ മനോഹരമായിത്തന്നെ ചെയ്ത ഇദ്ദേഹം സന്ദർഭത്തിനും കഥാപാത്രത്തിനും യോജിക്കുന്ന രീതിയിൽ ആട്ടങ്ങളും ഭംഗിയായി അവതരിപ്പിച്ചു. ഉദ്യാനത്തിൽ ക്രീഡിക്കുന്ന 'കോക ഹംസ'ങ്ങളെ ദമയന്തി കാട്ടുമ്പോൾ, തന്നെ സഹായിച്ച ഹംസശ്രേഷ്ഠനെ നളൻ സ്മരിച്ചത് ഔചിത്യമായി. ആദ്യരംഗത്തിൽ പദങ്ങൾക്കുശേഷം 'ഇവളുടെ സൗന്ദര്യം അനന്തനാലും വർണ്ണിക്കാൻ സാദ്ധ്യമല്ല' എന്നാരംഭിച്ച ആട്ടത്തിൽ തുടർന്ന് 'ബ്രഹ്മസൃഷ്ടി'യും ആടുകയുണ്ടായി. മുൻപ് ഹംസം സമീപമെത്തി വിവരങ്ങൾ സംവദിച്ചത് എങ്ങിനെയെന്ന് ദമയന്തിയിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ ശേഷം, സ്വയംവരവേദിയിൽ തന്റെ വേഷം ധരിച്ച് ഇരുന്നിരുന്ന ദേവകളുടെ മദ്ധ്യത്തിൽനിന്നും തന്നെ കണ്ടെത്തി വരിക്കാൻ സാധിച്ചത് എങ്ങിനെ എന്നും നളൻ ചോദിച്ച് മനസ്സിലാക്കി. തങ്ങളെ സഹായിച്ച ഹംസശ്രേഷ്ഠനേയും അനുഗ്രഹിച്ച ദേവകളേയും മനസാവണങ്ങി നളദമയന്തിമാർ ഉദ്യാനസഞ്ചാരം ആരംഭിച്ചു. തുടർന്ന് പൊയ്കയിലെ കൂമ്പിനിൽക്കുന്ന താമരകൾ, മുല്ലവള്ളി പടർന്ന തേന്മാവ്, ദമയന്തിയുടെ നടപ്പ് കണ്ട് അനുകരിക്കുന്ന അന്നങ്ങൾ, മുലയൂട്ടുന്ന പേടമാൻ, ഇണയുടെ വേർപാടിൽ സങ്കടവതിയാകുന്ന പെൺപക്ഷി എന്നിങ്ങിനെ സാധാരണ പതിവുള്ള ഉദ്യാനവർണ്ണനാ ആട്ടങ്ങളും നളദമയന്തിമാർ യോജിച്ച് അവതരിപ്പിക്കുകയുണ്ടായി.
'ദയിതേ'
ദമയന്തിയായി അഭിനയിച്ച കലാമണ്ഡലം ചെമ്പക്കര വിജയകുമാറും 
നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. ഷണ്മുഖന്റേയും വിജയന്റേയും ചേർച്ചയായ പ്രവർത്തനം കളിയുടെ വിജയത്തിൽ പ്രധാനമായ പങ്കുവഹിച്ചു. അമിതമായ നാടകീയ വരുത്താതെ നല്ല ഭാപ്രകാശനത്തോടെ വിജയൻ ദമയന്തിയെ അവതരിപ്പിച്ചിരുന്നു. മറുപടിപ്പദത്തിൽ 'കാമ്യം നിയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും' എന്ന പാഠമാണ് ഗായകർ പിന്തുടർന്നത്. എന്നാൽ 'സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതുരണ്ടും' എന്ന പാഠഭേദമനുസ്സരിച്ചാണ് വിജയൻ അഭിനയിച്ചത്.
' എങ്ങുനിന്നെഴുന്നള്ളി സുരാധിപ'
കലിയായി കലാമണ്ഡലം ഹരി ആർ. നായരും, 
ദ്വാപരനായി കലാനിലയം സന്ദീപും, ഇന്ദ്രനായി കലാമണ്ഡലം ചിനോഷുമാണ് വേഷമിട്ടത്. പാത്രാനുസൃതമായ അഭിനയങ്ങളോടേ മൂവരും ചേർന്ന് രണ്ടാം രംഗം ഭംഗിയായി അവതരിപ്പിച്ചു.  'ഓരോരുത്തർക്കും ഓരോ സ്ത്രീകളെ ഭാര്യയായി വിധിച്ചിട്ടുണ്ട്, മറ്റു സ്ത്രീകളിൽ കാമം വെയ്ക്കുന്നതും, അതുസാധിക്കാനായി ക്രോധത്തോടെ പ്രവർത്തിക്കുന്നതും ശരിയല്ല' എന്ന് ഇന്ദ്രന്റെ ഉപദേശം കേട്ട് കലി 'അങ്ങിനെ വിധിച്ച സ്ത്രീകളെ മാത്രം കാമിച്ചതുകൊണ്ടായിരിക്കും അങ്ങയുടെ ദേഹം മുഴുവൻ കണ്ണുകളായി വന്നത്' എന്ന് പരിഹസിച്ചു. 'തനിക്ക് ഒരിക്കൽ വന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, ഇങ്ങിനെ ഓരോ ദുഷ്പ്രവൃർത്തികൾക്ക് തുനിഞ്ഞാൽ നിനക്കും ആ പാപത്തിന്റെ ഫലം അനുഭവിക്കേണ്ടതായിവരും' എന്ന് ഇന്ദ്രൻ വീണ്ടും കലിയെ ഓർമ്മിപ്പിക്കുകയുമുണ്ടായി. എന്നാൽ ഇന്ദ്രനോട് പരിഹസിച്ച് ചോദിച്ചതിനെ തുടർന്ന്, കലി ദ്വാപരനോടായി ഇന്ദ്രൻ സഹസ്രാക്ഷനായി ഭവിച്ച കഥ വിസ്തരിച്ച് ആടുകയുണ്ടായി. അത് അല്പം വിരസതയുണർത്തി. ഭംഗിയായും മിതമായുമുള്ള രീതിയിൽ 'കലിയാട്ട'മുൾപ്പെടെയുള്ള മറ്റുഭാഗങ്ങൾ ഹരി ആർ. നായർ അവതരിപ്പിച്ചു.
'ചെല്ലേണം നാമധുനാ'
പുഷ്ക്കരനായെത്തിയ കലാനി:വിനോദ്കുമാറും തന്റെ ഭാഗം 
ഭംഗിയായി നിർവ്വഹിച്ചു. പുഷ്ക്കരന്റെ 'ഉണ്ടാകേണ്ട' എന്ന പദത്തിലെ ഇപ്പോൾ സാധാരണയായി പതില്ലാത്ത 'പുരത്തിൽ മരുവും മഹാജനങ്ങളും' എന്ന അന്ത്യചരണവും ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു.
............................
'നമുക്കില്ല നാടും നഗരവും'
സദനം ഭാസിയാണ് കാട്ടാളനായി അരങ്ങിലെത്തിയത്. 
കീഴ്പ്പടം ശൈലിയിൽ മനോഹരമായ നൃത്തങ്ങളോടെ ഇദ്ദേഹം കാട്ടാളനെ അവതരിപ്പിച്ചു.
ചൂതുകളിയിൽ എല്ലാം നഷ്ടപ്പെട്ട് ദമയന്തിക്കൊപ്പം കാട്ടിലെത്തിയ നളൻ തന്റെ വസ്ത്രം വിരിച്ച് പക്ഷികളെ പിടിക്കുവാൻ ശ്രമിക്കുന്നതും, പക്ഷിരൂപത്തിലെത്തുന്ന കലി നളന്റെ വസ്ത്രം അപഹരിച്ച് കൊണ്ടുപോകുന്നതുമായ സധാരണപതിവില്ലാത്തതായ രംഗവും ഇവിടെ അവതരിപ്പിച്ചിരുന്നു. കലാമണ്ഡലം സുചീന്ദ്രനാണ് പക്ഷിവേഷത്തിലെത്തിയത്. മഞ്ഞ ഞൊറിയും സ്വണ്ണനിറത്തിലുള്ള കൊക്കും ചുണ്ടുകളുമാണ് സാധാരണയായി പക്ഷിക്ക്  കണ്ടിട്ടുള്ളത്. 'നളന്റെ പദത്തിൽ "പക്ഷങ്ങൾ ചഞ്ചുക്കളും പരിചെഴും പൊൻനിറമാം പക്ഷികളിതാവന്നു" എന്നും പക്ഷിയുടെ പ്രവേശത്തിലെ ശ്ലോകത്തിൽ "ധൃത്വാ സുവർണ്ണശകുനത്വമതീവദുഷ്ടോ" എന്നുമാണ് ഉള്ളതും. എന്നാൽ ഇവിടെ കറുത്തനിറത്തിലുള്ള ഞൊറിയും കൊക്കും ചിറകുകളും ഉപയോഗിച്ചാണ് പക്ഷിവേഷം ഒരുങ്ങിയിരുന്നത്.
'നീയോ?'..........'ഞാൻ തന്നെ!'
കലിയുടേയും കാട്ടാളന്റേയും ഒഴിച്ചുള്ള ഭാഗങ്ങളിൽ 
പത്തിയൂർ ശങ്കരൻകുട്ടിയായിരുന്നു പൊന്നാനിഗായകൻ. നന്നായി പദങ്ങളാലപിച്ച ഇദ്ദേഹത്തിനൊപ്പം പാടിയിരുന്നത് കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവൻ, കലാമണ്ഡലം രാജേഷ് മേനോൻ എന്നിവരായിരുന്നു. കലിയുടെ ഭാഗത്ത് കലാനി:രാജീവനും കലാ:രാജേഷ് മേനോനും ചേർന്നായിരുന്നു പാട്ട്. കളിക്കിണങ്ങുന്നതും മികച്ചതുമായിരുന്നു ഈ ഭാഗത്തെ ആലാപനം. കലാ:ബാബു നമ്പൂതിരിയും കലാ:രാജേഷ് മേനോനും ചേർന്ന് കാട്ടാളന്റെ രംഗവും നന്നായി പാടി.
'കടന്നു പോ'
കലാമണ്ഡലം നന്ദകുമാറും കലാനിലയം രതീഷും ചെണ്ടയിലും 
കലാനിലയം മനോജ് കുമാറും കലാനിലയം പ്രകാശനും മദ്ദളത്തിലും നല്ല മേളമൊരുക്കിക്കൊണ്ട് കളിയുടെ വിജയത്തിൽ തങ്ങളുടേതായ പങ്കുവഹിച്ചു.
'വികൃതഹൃദയ ഞങ്ങൾ വികിരങ്ങളല്ല'
കലാനിലയം സജി, കലാമണ്ഡലം സുകുമാരൻ എന്നിവർ ചുട്ടി കലാകാരന്മാരായിരുന്ന ഈ കളിക്ക് ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്റെ ചമയങ്ങളാണ് ഉപയോഗിച്ചിരുന്നത്. നാരായണൻ നായർ, മുരളി, നാരായണൻ, നാരായണൻകുട്ടി എന്നിവരായിരുന്നു അണിയറയിലും അരങ്ങിലും സഹായികളായി വർത്തിച്ചിരുന്നത്. പ്രഭാ സൗണ്ടാണ് ഈ പരിപാടിയ്ക്ക് വെളിച്ചവും ശബ്ദവും നൽകിയിരുന്നത്. 

'അപുത്രമിത്ര കാന്താരം'
അരങ്ങിന്റെ പിൻഭാഗം കൂടാതെ വശങ്ങളിലും കറുത്തതുണികൊണ്ട് മറച്ചും, 
ഗായകർക്കുപിന്നിലായിള്ള ഡസ്ക്കിൽ കറുത്തതുണിവിരിച്ചും, പിന്നിൽ ബാനറുകളോന്നും തൂക്കാതെയും, വീഡീയോയും ഫോട്ടോയും പിടിക്കുവാൻ പാകത്തിന് ഭഗിയായി വേദിയൊരുക്കാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. എന്നാൽ വശങ്ങൾ കൂടി മറച്ചതിനാൽ കാറ്റോട്ടം കുറയുകയും അരങ്ങിലെ ചൂട് വർദ്ധിക്കുകയും ചെയ്തതായി കലാകാരന്മാർ  അഭിപ്രായപ്പെട്ടത്. കർക്കിടകമാസമെങ്കിലും പൊതുവെ ചൂടുള്ള ഒരു ദിവസവുമായിരുന്നു അന്ന്.

13 അഭിപ്രായങ്ങൾ:

മുരളി പറഞ്ഞു...

കളി കണ്ട ഛായ മണി. നന്ദി. വിഡിയോ കിട്വോ?

Haree പറഞ്ഞു...

ചുവന്ന താടിയല്ലാത്ത ദ്വാപരന്‍. ഹൊ, മനം കുളിര്‍ത്തു. :) പക്ഷിയുമൊക്കെ ഉണ്ടായിരുന്നെന്നു തോന്നുന്നു, അതിനെക്കുറിച്ച് ഒന്നും എഴുതി കണ്ടില്ല! ആ ഭാഗത്തെയും പദങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നോ?

"അരങ്ങിന്റെ പിന്‍ഭാഗം കൂടാതെ വശങ്ങളിലും കറുത്തതുണികൊണ്ട് മറച്ചും,
ഗായകര്‍ക്കുപിന്നിലായിള്ള ഡസ്ക്കില്‍ കറുത്തതുണിവിരിച്ചും, പിന്നില്‍ ബാനറുകളോന്നും തൂക്കാതെയും, വീഡീയോയും ഫോട്ടോയും പിടിക്കുവാന്‍ പാകത്തിന് ഭഗിയായി വേദിയൊരുക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചിരുന്നു. " - ഇതിനു പ്രത്യേകം കയ്യടി. ചൂടു കൂടുന്നെങ്കില്‍ രണ്ട് ഫാന്‍ വീതം ഇരുവശവും വെയ്ക്കാവുന്നതേയുള്ളൂ!

ബ്ലോഗര്‍മാര്‍ക്കുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്തൊക്കെയായിരുന്നു? :)

ഇതിന്റെ MP3 സി.ഡി. പുറത്തിറക്കുന്നുണ്ടോ 'തിരനോട്ടം'? വാങ്ങുവാന്‍ താത്പര്യപ്പെടുന്നു.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മുരളിയേട്ടാ,
മുഴുവൻ പരിപാടിയും തിരനോട്ടം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാൽ ലഭിച്ചേക്കാം...

ഹരീ,

പക്ഷിയേക്കുറിച്ചുള്ള ഭാഗം പോസ്റ്റ് ചെയ്തപ്പോൾ വിട്ടുപോയതാണ്.

വേദിയിലെ ഒരു ഫാൻ തകരായിപോയിരുന്നു ഇടയ്ക് ഇതും ചൂടിനൊരു കാരണമായി.

പ്രത്യേകസൗകര്യങ്ങൾ ഞാൻ ആവശ്യപ്പെട്ടിരുന്നില്ലല്ലോ. അതിനാൽ അറിയില്ല. എല്ലാവർക്കും തന്നെ എല്ലാ നേരങ്ങളിലും ഭക്ഷണവും, കളിക്കിടയിൽ തന്നെ ചായയും ലഘുഭക്ഷണവും ഉണ്ടായിരുന്നു അവിടെ.

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗിലെ വിവരണങ്ങള്‍ വളരെ നന്നായിട്ടുണ്ട്. കളി നേരിട്ട് കണ്ട പോലെ. വീഡിയോ/ഓഡിയോ സി ഡി പുറത്തിറക്കുന്നുന്ടെന്കില്‍ വാങ്ങാന്‍ ആഗ്രഹമുണ്ട്.

VP Narayanan Namboothiri പറഞ്ഞു...

മണിയുടെ ആസ്വാദനം ഭംഗിയായി. അസൌകര്യം മൂലം അവസാന ദിവസം മാത്രമാണ് വരുവാന്‍ സാധിച്ചത് ..കണ്ണന്റെ മൂന്നാം ദിവസത്തെ കുറിച്ച് മണി ഒന്നും എഴുതി കണ്ടില്ലല്ലോ ഭംഗിയായി എന്നാ അഭിപ്രായം കേട്ടു.വരാന്‍ സാധിക്കാതിരുന്നതില്‍ നഷ്ട ബോധം തോന്നുന്നു .
രണ്ടാം ദിവസത്തില്‍ ദയിതേ ..കഴിഞ്ഞുള്ള ആട്ടങ്ങളെ കുറിച്ച് മണിയുടെ അഭിപ്രായത്തോട് യോജിക്കുന്നു . വളരെ ഹൃദ്യമായി ..എന്നാല്‍ ആ പദാഭിനയത്തിനു കുറച്ചു കൂടി ഒരു നിറവു വേണ്ടിയിരുന്നു എന്ന അഭിപ്രായമുണ്ട് .ഇത് ഒരു കുറ്റമോ കുറവോ ആയി കരുതേണ്ട .നളചരിതം പോലുള്ള കഥകളില്‍ പ്രത്യേകിച്ച് രണ്ടാം ദിവസത്തിലെ രംഗാഭിനയത്തിലെ ഒരു നടന്നുണ്ടാവുന്ന ആത്മ സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്‌ .കെട്ടിപരിചയം കൊണ്ട് തീര്‍ക്കാവുന്ന നൂനതകളാണ് ഞാന്‍ സൂചിപിച്ചത് .ഷന്‍മുഘനെ പോലെ പ്രതിഭയുള്ള ഒരു നടന് ഇത് അസാധ്യമല്ല .അതിഭാവുകത്വമില്ലാത്ത മനോഹരമായ ഒരു പ്രകടനമായിരുന്നു ശ്രീ.shanmughanteyum വിജയന്റെയും ..കലാനിലയം വിനോദിന്റെ പുഷ്കരനും മിതത്വം കൊണ്ട് ശ്രദ്ധേയമായി.നൃത്തസമൃദ്ധമായ കാട്ടാളനും മുഷിഞ്ഞില്ല .ഇവരിലെല്ലാം പരിചയത്തിന്റെ കുറവ് കണ്ടിരുന്നു ..ശ്രമിച്ചാല്‍ ഭംഗി വരുത്താവുന്ന സൂചനകള്‍ ഏറെ .
ശ്രീ .ഹരി r നായരുടെ കലിയും പ്രതീക്ഷയ്ക്ക് വക തരുന്നു.കലിയുടെ ആട്ടങ്ങള്‍ അല്പം കൂടി വിസ്തരിക്കമായിരുന്നു എന്ന് തോന്നി .നളനില്‍ ആവേശിക്കുന്നതിനു തടസ്സമായി ബ്രാഹ്മണരുടെ പൂജയും സന്യാസവരണവും മാത്രമായി ചുരുക്കരുതായിരുന്നു.ഋതുഭേദങ്ങള്‍ കാണിച്ചുവെങ്കിലും നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പാണെന്ന ഭാവം ഉണര്‍ത്താന്‍ ആയില്ല ..
നൂനം ഈ വഴി ചെന്നാല്‍ ..എന്ന ഭാഗത്ത്‌ വിജയന്‍, നളന്‍ പിന്നിലേക്ക്‌ മാറിയോ എന്ന് ഇടംകണ്ണിട്ടു നോക്കുന്നതായി കണ്ടു.ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല .
ഇനി അല്പം വേറിട്ട ചിന്തകള്‍ ..
കാന്തന്‍ കനിഞ്ഞു പറയുന്നൊരു ..എന്ന ശ്ലോകം കഴിഞ്ഞാല്‍ നളദമയന്തിമാര്‍ കൂടുതല്‍ അടുപ്പമായില്ലേ ..തുടര്‍ന്നുള്ള ആട്ടങ്ങളില്‍ ദമയന്തിക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൂടെ ..നളനു വിധേയമായിട്ടുള്ള ഒരു ശൈലിയാണ് ഇന്ന് നടപ്പുള്ളത് .ചില നളന്മാരെങ്കിലും, ദമയന്തിയെ ഇടയ്ക്ക് കയറി ആടുന്നതില്‍നിന്നും കൈപിടിച്ചു വിലക്കുന്ന രീതിയുമുണ്ട്‌.അതുപോലെ ബ്രഹ്മസൃഷ്ടി ആട്ടം ഒഴിവാക്കുകയല്ലേ ഭംഗി? പകരം വിവാഹത്തിന് മുമ്പുള്ള മനോവിചാരങ്ങളും സംഭവങ്ങളും പരസ്പരം പറയുന്ന രീതി ആയാല്‍ രംഗാനുഭവം അധികം ഉണ്ടാവും .ചൂത് കളി സമയത്ത് പെട്ടെന്ന് ദമയന്തി കുട്ടികളെ പിതൃഭവനത്തിലേക്ക്‌ അയക്കുന്നതായി കാണിക്കുന്ന രീതി അല്പം വ്യത്യാസപ്പെടുതിയാല്‍ നല്ലതാണെന്ന് തോന്നുന്നു .ചൂത് കളിക്കുമ്പോള്‍ നളന്റെ അടുതിരിക്കാതെ, ആപല്‍സൂചന കാണുന്നതായി നടിച്ചു. ആലോചിച്ചെടുത്ത തീരുമാനം പോലെ കുട്ടികളെ അയച്ചാല്‍ കൂടുതല്‍ സ്വാഭാവികത ഉണ്ടാവാം.
ഇനി അല്പം കലിചിന്ത :-)- കാണികള്‍ രസിക്കുമെങ്കിലും ദേവേന്ദ്രന്റെ മുമ്പില്‍ അഹല്യാസംഗമംവും, ഗൌതമശാപവുമൊക്കെ വിവരിച്ചു അധിക്ഷേപിക്കാന്‍ തക്ക ശക്തനാണോ കലി?
നളനോട് പോലും നേരിട്ടെതിര്‍ക്കാന്‍ ത്രാണിയില്ലാത്ത വക്രത മാത്രം പ്രവര്‍ത്തിക്കുന്ന കലിയുടെ പാത്രബോധതിനു ചേര്‍ന്നതാണോ ഈ ആട്ടങ്ങള്‍ എന്ന് ചിന്തിക്കേണ്ടതുണ്ട് .
പക്ഷിയുടെ പദം ഒഴിവാക്കുക എന്നതാണ് നല്ലതെന്ന് തോന്നുന്നു .രംഗത്തിന്റെ തീവ്രതകെടുത്തുന്ന അനുഭവമാണ്.പ്രത്യേകിച്ച് ചിട്ടപെടുതാത്ത അവതരണ രീതിയും .
കഥ രണ്ടാം ദിവസം നിശ്ചയിക്കുമ്പോള്‍ രണ്ടാം ചെണ്ടക്കാരനും നല്ല പ്രവര്‍ത്തിപരിചയമുള്ള കലാകാരനാവണം.അല്ലെങ്കില്‍ കാട്ടാളന്‍,കലി തുടങ്ങിയ വേഷങ്ങളുടെ ആട്ടങ്ങളെ സാരമായി ബാധിക്കും.ശ്രീ.കലാനിലയം രതീഷിന്റെ പ്രകടനം തരക്കേടില്ല എങ്കിലും പരിചയക്കുറവു വല്ലാതെ ബാധിച്ചിരുന്നു.
ചെറിയ ചെറിയ അഭിപ്രായ ഭേദങ്ങള്‍ പറഞ്ഞുവെങ്കിലും സാമാന്യേന ഹൃദ്യമായൊരു ദ്രിശ്യാനുഭാവമായി നളചരിതം രണ്ടാംദിവസം .സൂക്ഷ്മതയോടെ വിലയിരുത്തിയ മണിയുടെ ആസ്വാദനം മറ്റുള്ളവര്‍ക്ക് കളികണ്ട ഒരു പ്രതീതി ഉളവാക്കുവാന്‍ പര്യാപ്തമാണ്.അഭിനന്ദനങ്ങള്‍ ..

വി പി നാരായണന്‍ നമ്പൂതിരി പറഞ്ഞു...

.ഏതാണ്ട് 40 കൊല്ലം മുമ്പ് eranaakulathu നടന്ന നളചരിതം രണ്ടാം ദിവസത്തിലെ ശ്രീ.കലാ:ഗോപിയുടെ നളനെ കുറിച്ച്, അന്ന് പത്രത്തില്‍ കണ്ട ഒരു ആസ്വാദനകുറിപ്പ് ഇന്നും ഓര്‍ക്കുന്നു.അതിലെ ഒരു വരി " വേര്‍പാടിന്റെ രംഗത്ത് കലാ:ഗോപി കുഞ്ചുനായരുടെ നിലവാരതിലേക്കു ഉയര്‍ന്നു "..ഇത് ഇന്നും മനസ്സില്‍ മായാതെ നിറയുന്നു .സമീപഭാവിയില്‍ "ശ്രീ.കലാമണ്ഡലം ഗോപിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നു " എന്നൊരു വരി ഒരു കഥകളി നടനെ കുറിച്ച് വായിക്കാന്‍ സാധിക്കെമെന്നു പ്രത്യാശിക്കട്ടെ

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

sreeharikp , നന്ദി

നാരായണേട്ടാ,
വിശദമായ അഭിപ്രായങ്ങൾക്ക് നന്ദി.
ഷണ്മുഖൻ, വിജയൻ, രതീഷ് തുടങ്ങി എല്ലാവരുടേയും പ്രകടനത്തിൽ പരിചയയക്കുറവുമൂലമുള്ള പോരായ്കകൾ ഉണ്ടായിരുന്നു. ഞാൻ ഇതിനുമുൻപും 2തവണ ഇവരെല്ലാം ചേർന്നുള്ള രണ്ടാം ദിവസം കണ്ടിട്ടുണ്ട്. അന്നത്തേതിലും വളരെ മെച്ചപ്പെട്ടു എന്നാണ് ഇനിക്ക് ഈ കളി കണ്ടപ്പോൾ തോന്നിയത്. ഇനിയും അവസരങ്ങൾ ലഭിച്ചാൽ ഇവർ ഇനിയും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ദമയന്തിക്ക് സ്വാതന്ത്രം അനുവദിക്കാവുന്നതാണ്. ബ്രഹ്മസൃഷ്ടി ഒഴിവാക്കാവുന്നതാണ്. പുതുമയുള്ള സൗന്ദര്യ വർണ്ണന എന്തെങ്കിലും പകരമായി വേണമെങ്കിൽ ചെയ്യാവുന്നതുമാണ്. എന്നാൽ ഇവിടെ ആടാൻ ഔചിത്യമുള്ളതും എന്നാൽ ആരും ആടികണ്ടിട്ടില്ലാത്തതുമായ ഒരു വിഷയമുണ്ട്. നളദൂതിനെ കുറിച്ച്.

ക്രോധവാനായ അവസ്ഥയിലുള്ള കലി ഇന്ദ്രനെ കളിയാക്കുന്നകൂട്ടത്തിൽ ശാപകഥകൂടി പറഞ്ഞു എന്നുവെച്ച് തെറ്റില്ല എന്നു തോന്നുന്നു. ഇവിടെ ഇന്ദ്രൻ പറഞ്ഞ തത്വത്തിനെ ഘണ്ഡിച്ചുകൊണ്ട് സാഹചര്യാനുസ്സരണം മാത്രമാണല്ലൊ കലി ഇതു പറഞ്ഞതും.

പക്ഷിയുടെ ഭാഗം രസമുള്ള ഒരു പദം കേൾക്കുക എന്നതിനായി മാത്രം അവതരിപ്പിക്കുന്നതാണന്ന് തോന്നുന്നു. പക്ഷിവേഷം ഒരുങ്ങുവാനായി ചിലവാക്കുന്നതിന്റെ ചെറിയൊരു സമയം മാത്രമല്ലെ രംഗത്ത് വരുന്നുള്ളു. ഈ ഭാഗം ഒഴിവാക്കപ്പെട്ടത് അതുകൊണ്ട് ആവും. നടന്നത് കള്ളചൂതായിരുന്നു എന്ന് നളൻ ആദ്യമായി അറിയുന്നത് ഇവിടെ വെച്ചാണല്ലൊ. അങ്ങിനെ ഒരു കഥാപരമായ പ്രാധാന്യം ഈ രംഗത്തിനുണ്ട്.

പ്രത്യാശകൾ വെച്ചുപുലർത്താം......

sadu engoor പറഞ്ഞു...

Dear Vathukonam & friends,
Thiranottam have documented all Utsavam and aranagu prog.(last 4 years)
Thiranottam members have these copies. Arangu11 copy will get,but take time. i have all except last utsavam. I dont mind to give to watch the old cds, including kirmeeravadham.thanks for the critic... sadu engoor

C.Ambujakshan Nair പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
C.Ambujakshan Nair പറഞ്ഞു...

ആസ്വാദനം വായിച്ചു. കളി നന്നായി എന്ന വിവരം അവിടെ കളിക്ക് പങ്കെടുത്തിരുന്ന ചില കലാകാരന്മാരില്‍ നിന്ന് തന്നെ അറിയുവാന്‍ സാധിച്ചിരുന്നു.
കലി- ദ്വാപരന്മാര്‍ തന്നെയാണ് പക്ഷികളായി എത്തുന്നത്. അത് സ്വര്‍ണ്ണ നിറത്തില്‍ എന്ന് ശ്രീ. രാമപുരത്തു വാര്യരുടെ വ്യാഖ്യാനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

RamanNambisanKesavath പറഞ്ഞു...

In comment by Ambujakshan Nair he must be mentioning Desamangalam RamaVarier as the vyakhatha of Nalacharithm.Ramapurthu Varier wrote Kuchelavrithm vanchipattu

C.Ambujakshan Nair പറഞ്ഞു...

ദേശമംഗലം എന്നതാണ് ശരി. തെറ്റ് തിരുത്തിയ ശ്രീ.രാമന്‍ നമ്പീശന്‍ കേസവത്തിനു നന്ദി. കലിയാണ് പക്ഷിയുടെ രൂപത്തില്‍ എത്തുന്നു എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കറുപ്പ് നിറ പക്ഷിക്ക് രൂപം നല്‍കിയിട്ടുണ്ടാവുക.

C.Ambujakshan Nair പറഞ്ഞു...

നളന്‍ ആടുന്ന ബ്രഹ്മസൃഷ്ടി ഒഴിവാക്കാവുന്നതാണ്. പുതുമയുള്ള സൗന്ദര്യ വർണ്ണന എന്തെങ്കിലും പകരമായി വേണമെങ്കിൽ ചെയ്യാവുന്നതുമാണ് എന്ന മണിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുവാന്‍ സാധിക്കുന്നില്ല.

കഥയുമായി ബന്ധപ്പെട്ടതാണ് ഈ ആട്ടം. ബ്രഹ്മസൃഷ്ടി എന്ന ആട്ടം സത്യത്തില്‍ നളനോട് ഹംസം ആടിയിരുന്നതാണ്. കാലം അതെല്ലാം മായ്ച്ചു കളഞ്ഞതാണ്.