തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രോത്സവം

തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ 
ഈ വർഷത്തെ തിരുവുത്സവം 23/11/2011മുതൽ 30/11/2011വരെ ആഘോഷിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 25/11/2011ന് കഥകളി അവതരിപ്പിക്കപ്പെട്ടു. വൈകിട്ട് 7:30ന് കുടമാളൂർ മുരളീകൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ച പുറപ്പാടോടുകൂടി കളി ആരംഭിച്ചു.
'രാമപാലയ മാം'
തുടർന്ന് ഇരട്ടമേളപ്പദവും അവതരിപ്പിക്കപ്പെട്ടു. 
പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം ബാബു നമ്പൂതിരിയും ചേർന്ന് സമ്പ്രദായം വിടാതെയും എന്നാൽ സംഗീതപ്രയോഗങ്ങളോടെയും പദങ്ങൾ ആലപിച്ച മേളപ്പദത്തിൽ കലാമണ്ഡലം കൃഷ്ണദാസും കോട്ടക്കൽ പ്രസാദും ചെണ്ടയിലും, കോട്ടക്കൽ രാധാകൃഷ്ണനും കലാമണ്ഡലം അച്ചുതവാര്യരും മദ്ദളത്തിലും, പങ്കെടുത്തു. പരസ്പരധാരണയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ചിരുന്ന ഇവരെല്ലാം ചേർന്ന് മേളപ്പദം ആസ്വാദ്യമാക്കിതീർത്തു.
'നവഭവ'
പൂതനാമോക്ഷം ആട്ടക്കഥയിലെ 'ലളിത'യുടെ ഭാഗമാണ് 
ഇവിടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലളിതയായി അരങ്ങിലെത്തിയ മാർഗ്ഗി വിജയകുമാർ മനോഹരമായ ചൊല്ലിയാട്ടം, മികച്ച ഭാവാഭിനയം, ഔചിത്യപൂർവ്വമായ ആട്ടം എന്നിവയാൽ ആസ്വാദകർക്ക് നല്ല അനുഭവത്തെ പ്രദാനംചെയ്തു. സുന്ദരീരൂപം ധരിച്ച് അമ്പാടിയിലെത്തിയ പൂതന അമ്പാടിയുടെ ഗുണങ്ങളെ കണ്ട് വിസ്മയപ്പെടുന്ന ആദ്യത്തെ പദമായ 'അമ്പാടിഗുണം' നൃത്തച്ചുവടുകളോടെയും അഭിനയത്തോടെയും മാർഗ്ഗി അവതരിപ്പിച്ചു. 'നർത്തകരുടെ കളിചാതുരി' എന്ന ഭാഗത്ത് നർത്തകരുടെ നൃത്തവും, പന്തടിയും കൂടാതെ ഓരോ ഗോപസ്ത്രീകൾ വീണ, മൃദംഗം എന്നിവ ശ്രുതിചേർത്ത് വായിക്കുന്നതായും വിസ്തരിച്ച് അഭിനയിക്കുകയുണ്ടായി. 'ദധിവിന്ദു പരിമളവും ഇളകുന്നു' എന്ന ഭാഗത്ത് ഗോപികമാരുടെ തൈരുകടയൽ വിസ്തരിച്ച് ആടുകയും ഉണ്ടായി. വീണ,മൃദംഗ വായനകളും, തൈരുകടയാൻ പോകാനായി കൂട്ടുകാരികളെ വിളിക്കുന്ന ഭാഗവും(ഒരുവളെ വിളിച്ചിട്ട് കൂട്ടാക്കാതിരിക്കുന്നു, മറ്റൊരുവൾ കൂടെ ചെല്ലുന്നു, അതുകണ്ട് ആദ്യത്തവൾ 'താനും വരുന്നു' എന്നുപറഞ്ഞ് കൂടെ ചെല്ലുന്നു, മത്സരിച്ച് തൈരുകടയുന്നു ഇങ്ങനെ) അല്പം കാടുകയറലായോ അന്ന് സംശയം തോന്നി.
'ഗോവർദ്ധനഗിരിയും'
നന്ദഭവനത്തിലെത്തി നന്ദകുമാരനെ ദർശ്ശിക്കുന്നതോടെ 
പൂതനയിലെ മാതൃത്വം ഉണരുന്നു. ആഗമനോദ്യേശ്യംതന്നെ മറന്ന് ഉണ്ണിക്കണ്ണനെ എടുത്തുലാളിച്ചും, ചുംമ്പിച്ചും, മുലപ്പാൽ കോടുത്തും ആനന്തഭരിതയായിരിക്കുന്ന പൂതന പെട്ടന്ന് കംസന്റെ ആജ്ഞ സ്മരിക്കുന്നു. തന്റെ കഥ രാജാവ് കഴിച്ചാലും ശരി ഈ ഓമലുണ്ണിയെ വധിക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് ഉറപ്പിച്ച് ആദ്യം പൂതന പിന്തിരിയുന്നു. എന്നാൽ ഉള്ളിലെ രാക്ഷസീയ ഉണർന്ന് അവൾ പെട്ടന്നുതന്നെ തിരിച്ചുവന്ന് മുലയിൽ വിഷം പുരട്ടി ഉണ്ണിയെ വധിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ സാക്ഷാൽ ശ്രീനാരായണൻ തന്നെയായ ഉണ്ണിക്കണ്ണൻ മുലദ്വാരത്തിലൂടെ അവളുടെ പ്രാണനെത്തന്നെ തന്നിലേയ്ക്ക് വലിച്ചെടുത്ത് മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ഭഗവാനെ ദർശ്ശിച്ചുകൊണ്ട് സ്വരൂപം ധരിച്ച് പൂതന നിലമ്പതിക്കുന്നു.
'സുകുമാര....'
സുകുമാരനായ നന്ദകുമാരന്റെ പ്രഥമദർശ്ശനത്തിൽ തന്നെ 
തന്നിലെ മാതൃത്വമുണരുന്ന് മുലകളിൽനിന്നും താനെ പാൽചുരന്നതായും, ഉണ്ണിക്കണ്ണനെ എടുക്കുവാൻ ഒരുങ്ങവെ കൈയ്യ്, പുരികം മുതലായ അംഗങ്ങളിൽ അപശകുനങ്ങൾ കാണുന്നതായും, കൃഷ്ണന്റെ കണ്ണിൽനിന്നും കൈവിരലാൽ ഒപ്പിയെടുത്ത കണ്ണുനീരിൽ തന്റെ ശരീരം പ്രതിബിംബിച്ച് കാണുകയും, കണ്ണുനീർ ശിരസ്സിൽ തളിച്ച് നിർവൃതികൊള്ളുന്നതും, സ്വവേഷം ധരിച്ചതായി നടിച്ച് ദംഷ്ടകൾ കാട്ടി മരണവേദനയാൽ അലറുന്നതുയുമുള്ള മാർഗ്ഗിയുടെ ആട്ടങ്ങൾ മികച്ച അനുഭവമുഹൂർത്തളായിരുന്നു.
'പാനം ചെയ്താലും'
പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം ഹരീഷും 
ചേർന്ന് സംഗീതാത്മകമായും അഭിനയത്തിന് അനുഗുണമായും പദങ്ങൾ പാടി. കോട്ട:രാധാകൃഷ്ണൻ മദ്ദളത്തിൽ തരക്കേടില്ലാത്തരീതിയിൽ മേളമുതിർത്തു. ശ്രദ്ധയോടെ മദ്ദളം വായിച്ച ഇദ്ദേഹത്തിന് മാർഗ്ഗിയുടെ കണ്ണിനും കൈയ്യിനും സുഗമമായി കൂടുവാൻ സാധിച്ചിരുന്നു. എന്നാൽ ചുവടുകൾക്ക് കൂടുന്നതിൽ പോരായ്ക തോന്നി. അന്ത്യഭാഗത്തെ ആട്ടത്തിന് ചെണ്ടയിൽ കൃഷ്ണദാസും മേളത്തിന് കൂടിയിരുന്നു.
മരണവേദനയാൽ അലറുന്ന പൂതന
കല്യാണസൗഗന്ധികം ആട്ടക്കഥയിലെ സാധാരണപതിവുള്ള രംഗങ്ങളാണ് 
തുടർന്ന് ഇവിടെ അവതരിപ്പക്കപ്പെട്ടിരുന്നത്. ഇതിൽ സദനം കൃഷ്ണൻകുട്ടി ഭീമനായി രംഗത്തെത്തി. മൊത്തത്തിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റേത് എങ്കിലും, ചിട്ടവിട്ട് ചടുലമായ മുദ്രകാട്ടലും, അമിതമായ ദേഹം ഉലച്ചിലും, ചവുട്ടലും ഒക്കെ ക്കൊണ്ട് പതിഞ്ഞപദം ഉൾപ്പെടെയുള്ള ചൊല്ലിയാട്ടങ്ങൾക്ക് ഭംഗിക്കുറവ് അനുഭവപ്പെട്ടിരുന്നു. ആട്ടങ്ങൾ സന്ദർഭോചിതങ്ങളും അമിതവിസ്താരമില്ലാത്തവയും ആയിരുന്നു എങ്കിലും അമിതമായ ഹാസ്യത്താൽ ഭീമൻ എന്ന് കഥാപാത്രത്തിന്റെ ഗൗരവം/നില ഒന്നും അനുഭവപ്പെടാതെപോയി.
'പഞ്ചസായക നിലയേ'
പാഞ്ചാലിയായും രംഗത്തുവന്നിരുന്നത് കലാകേന്ദ്രം മുരളീകൃഷ്ണൻ നമ്പൂതിരിയായിരുന്നു.
'അഞ്ചിത സൗഗന്ധികങ്ങൾ'
 ഹനുമാൻ വേഷം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനായിരുന്നു 
കെട്ടിയിരുന്നത്. അധികം ചെയ്തുകണ്ടിട്ടില്ലാത്ത ഈ വേഷത്തിൽ ചില പോരായ്കകൾ തോന്നിയിരുന്നു, എങ്കിലും മുൻപ് ഏറ്റുമാനൂരിൽ കണ്ട ഹനുമാനിൽ നിന്നും വളരെ മെച്ചപ്പെട്ടതായിരുന്നു ഇദ്ദേഹത്തിന്റെ ഈ ദിവസത്തെ പ്രകടനം. അടിക്കടിയുള്ള ഹനുമാന്റെ അലർച്ച അല്പം അരോചകമായി തോന്നി. രംഗാന്ത്യത്തിൽ ഭീമനുമായുള്ള കൂടിയാട്ടം സമഗ്രമായിരുന്നു എങ്കിലും കുറച്ചുകൂടി അടുക്കും ചിട്ടയും പാലിച്ചിരുന്നു എങ്കിൽ കൂടുതൽ മനോഹരമാക്കാമായിരുന്നു എന്നു തോന്നി. 'നിങ്ങൾക്ക് സുഖമാണോ?', 'കാട്ടിൽ നിങ്ങളുടെ ഭക്ഷണകാര്യമൊക്കെ എങ്ങിനെ?', 'പാഞ്ചാലിയുടെ മുടി ഇപ്പോഴും അഴുഞ്ഞുതന്നെയാണോ?' എന്നിങ്ങിനെയുള്ള ഹനുമാന്റെ ചോദ്യങ്ങൾ പാത്രോചിതങ്ങളായി തോന്നിയില്ല. യുഗങ്ങളായി തപം ചെയ്യുന്ന സാധകനും, തികഞ്ഞ ഭക്തനും, ജിതേന്ദ്രിയനുമായ ശ്രീഹനുമാൻ ഒരിക്കലും തന്റെ അനുജനെ വിഷമിപ്പിക്കുന്ന, കളിയാക്കുന്ന രീതിയിൽ സംസാരിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. എന്നാൽ, പിതാവായ വായുദേവനാണ് നമ്മുടെ സമാഗമത്തിന് കാരണഭൂതനായത് എന്നും, മാറുപിളർന്ന് സീതാരാമന്മാരെ ഹനുമാന് കാട്ടിക്കൊടുക്കുന്ന ആട്ടം, ഈ ദേവമാർഗ്ഗത്തിലൂടെ പോയാൽ ശാപമേൽക്കും എന്നുപദേശിച്ച് വൈശ്രവണപുരിയിലേയ്ക്കുള്ള വഴിപറഞ്ഞുകൊടുക്കുനത്, തുടങ്ങിയ മറ്റ് ആട്ടങ്ങളെല്ലാം ഔചിത്യപരം തന്നെയായിരുന്നു.
ഗദയും ശംഖുമേന്തിയുള്ള ഭീമന്റെ വനയാത്ര
സാധാരണ പതിവില്ലാത്ത 'കുമതെ കാലം കളയാതെ' എന്നുതുടങ്ങുന്ന 
പദഭാഗം(ഭീമ-ഹനുമത് സംവാദം) ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു.
'ജരകൊണ്ടു നടപ്പാനും'
പത്തിയൂർ ശങ്കരൻകുട്ടി, കലാ:ബാബു നമ്പൂതിരി, കലാ:ഹരീഷ് 
എന്നിവരുടെ ആലാപനം നല്ല നിലവാരം പുലർത്തിയിരുന്നു.
'വൃളാനതോ ഗത ധൃതിര്‍ വിവശോ'
കലാ:കൃഷ്ണദാസ്, കോട്ട:പ്രസാദ് എന്നിവർ ചെണ്ടയിലും 
 കോട്ട:രാധാകൃഷ്ണൻ, കലാ:അച്ചുതവാര്യർ എന്നിവർ മദ്ദളത്തിലും നല്ല മേളവും ഒരുക്കിയിരുന്നു ഈ കളിക്ക്.
'വ്യഗ്രം കൂടാതെ കടന്ന'
ദേവീവിലാസം കഥകളിയോഗം, കുടമാളൂരിന്റെ കോപ്പുകളായിരുന്നു ഈ കളിക്ക് ഉപയോഗിച്ചിരുന്നത്.

3 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

ശ്രീ. മാര്‍ഗി വിജയകുമാറിന്റെ പൂതനാമോക്ഷത്തില്‍ ലളിത കണ്ടുള്ള അനുഭവം, ഈ വിവരണത്തില്‍ ഒന്നുകൂടി പുതുക്കി ആസ്വദിച്ചു .

vp narayanan namboothiri പറഞ്ഞു...

തിരുപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കളിയെക്കുറിച്ച് മണി എഴുതിയ ആസ്വാദനം ഹൃദ്യമായി.കല്യാണസൌഗന്ധികം കാണാതെ പോരെണ്ടിവന്ന മണിയുടെ വിവരണം കളി കാണാന്‍ കഴിയാത്തതിലുള്ള നഷ്ടബോധം നീക്കി.
ശ്രീ മാര്‍ഗി വിജയകുമാറിന്റെ ലളിത ഏറെ നല്ല അഭിനയ മുഹുര്ത്തങ്ങള്‍ സൃഷ്ടിച്ചു.മണി വിശദമായി എഴുതിയിട്ടുണ്ടല്ലോ. എനിക്ക് ഏറെ ആകര്‍ഷകമായി തോന്നിയ ഒരു സന്ദര്‍ഭം തൈര് കടയല്‍ കഴിഞ്ഞു വെണ്ണ എടുത്തു ആ ദധി ബിന്ദു പരിമളം അവിടെയാകെ വിലസുന്നതായി കാണിച്ചതില്‍ നല്ല അനുഭവം തോന്നി.ആ ഹൃദ്യ ഗന്ധം അവിടെയാകെ നിറഞ്ഞ പ്രതീതി.കഥകളി ഒരു അഭിനയ കല എന്ന നിലയില്‍ നടന്റെ ഭാവാവിഷ്ക്കാര പൂര്‍ണ്ണത നിറഞ്ഞ ഒരു സന്ദര്‍ഭം .കണ്ണുനീര്‍ തുള്ളിയില്‍ സ്വന്തം പ്രതിബിംബം ദര്‍ശിക്കുന്നതും നിര്‍വൃതി കൊള്ളുന്നതും എല്ലാം ഭാവോജ്വലമാക്കി.അത് പോലെ തന്നെ മരണ രംഗവും അഭിനയ തികവിന്റെ അപൂര്‍വ്വ മുഹുര്ത്തങ്ങള്‍.
മേളത്തെ കുറിച്ച് ഒരു അഭിപ്രായ ഭേദം അറിയിക്കട്ടെ.നൃത്ത പ്രധാനമായ "അമ്ബാടിഗുണം"എന്ന പദത്തില്‍ മദ്ദള വാദനത്തില്‍ വേണ്ടത്ര മിഴിവ് നല്‍കാന്‍ ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന് സാധിച്ചതായി തോന്നിയില്ല.മുദ്രകള്‍ക്കും നൃത്ത ചുവടുകള്‍ക്കും വേണ്ടത്ര ഊര്‍ജ്ജം പകരാനായില്ല.
മാര്‍ഗി വിജയകുമാറിന്റെ അഭിനയ മികവിനെ ആദരിച്ചു കൊണ്ട് തന്നെ പറയട്ടെ കതാപാത്രാവിഷ്ക്കാരത്തില്‍ ചില അതിഭാവുകത്വങ്ങള്‍ തോന്നി.ഏറെ കുട്ടികളെ വധിച്ച രാക്ഷസിയായ പൂതനക്ക് അമ്പാടിയില്‍ ഉണ്ണിക്കണ്ണന്റെ കോമള രൂപം കണ്ടു അതിയായ വാത്സല്യം തോന്നാം .ഈ കുട്ടിയെ വധിക്കാന്‍ കഴിയില്ല എന്നും തോന്നാം.സ്വാഭാവികം മാത്രം.അതിലുപരി കുഞ്ഞിന്റെ ജന്മ രഹസ്യമോ ദിവ്യത്വമോ ഒന്നും പൂതനക്ക് അറിവുല്ലതല്ലല്ലോ."സുകുമാരാ നന്ദകുമാരാ "എന്ന പദ അഭിനയത്തില്‍ ഉടനീളം പ്രത്യേകിച്ച് കണ്ണുനീര്‍ തുള്ളിയില്‍ സ്വന്തം പ്രതിബിംബം ദര്‍ശിച്ചു ദേഹത്ത് തളിച്ച് നിര്‍വൃതി കൊള്ളുന്നതില്‍ എല്ലാം തുടര്‍ന്ന് വരുന്ന അനിവാര്യതയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സൂചന പോലെ.കഥാപാത്രത്തിനും പ്രേക്ഷകനും ആ തരത്തില്‍ ഒരു ബോധം പകരുന്ന തലത്തില്‍ ഉള്ള ആവിഷ്ക്കാരം ആസ്വാദ്യതക്ക് മംഗല്‍ എല്പ്പിക്കുന്നതായി തിന്നി.

vp narayanan namboothiri പറഞ്ഞു...

മണി എന്റെ കുറിപ്പില്‍ ഒരു തിരുത്ത് അനിവാര്യം.
"കല്യാണ സൌഗന്ധികം കാണാതെ പോരേണ്ടി വന്ന "ഭാഗം കഴിഞ്ഞു "എനിക്ക്"എന്നവാക്ക് അറിയാതെ വിട്ടുപോയി.താഴെ പറയും പ്രകാരം തിരുത്തി വായിക്കാന്‍ അപേക്ഷ.
കല്യാണസൌഗന്ധികം കാണാതെ പോരെണ്ടിവന്ന എനിക്ക് മണിയുടെ വിവരണം കളി കാണാന്‍ കഴിയാത്തതിലുള്ള നഷ്ട ബോധം നീക്കി.
ശ്രദ്ധക്കുറവു വന്നതില്‍ ക്ഷമ ചോദിക്കുന്നു.