തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 2)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ 
രണ്ടാം ദിവസമായ 24/11/2011ന് രാത്രി 12:30മണിയോടുകൂടി കളിയ്ക്കു വിളക്കുവെച്ചു. മനുമോഹൻ, ഏവൂർ അവതരിപ്പിച്ച പുറപ്പാടോടുകൂടി ആരംഭിച്ച കഥകളിയിൽ തുടർന്ന് നളചരിതം രണ്ടാംദിവസം കഥയാണ് അവതരിക്കപ്പെട്ടത്.
'കളയോല്ലാ കാലം'
നളനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 
തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ചൊല്ലിയാട്ടത്തിൽ, ഇടയ്ക്ക് ചടുലമായും ഇടയ്ക്ക് കാലം താഴ്ത്തിയും മുദ്രകൾ കാട്ടുന്ന ഗോപിയാശാന്റെ അഭിനയരീതിയാണ് ഇദ്ദേഹം പിന്തുടർന്നിരുന്നത്. എന്നാൽ അതിൽ പൂർണ്ണമായ അനുഭവം സൃഷ്ടിക്കുന്നതിന് ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യരംഗത്തിന്റെ അന്ത്യത്തിൽ നളനും ദമയന്തിയും ചേർന്നുള്ള ആട്ടത്തിൽ, നാരദൻ നളനെ വന്നുകാണുന്നതുമുതൽ ദമയന്തീസ്വയംവരം വരേയുള്ള ഒന്നാംദിവസംകഥകൾ മുഴുവൻ ആടിയിരുന്നു. ആടിനിറച്ചു എന്നല്ലാതെ പ്രത്യേക അനുഭവം സൃഷ്ടിക്കുവാൻ ഇവിടെയും കഴിഞ്ഞിരുന്നില്ല.
'ദയിതേ'
ആർ.എൽ.വി. രാധാകൃഷ്ണനായിരുന്നു ദമയന്തിവേഷത്തിൽ 
എത്തിയിരുന്നത്. നാടകീയതകലർന്നതും ആയാസമേറിയതുമായ അഭിനയരീതി പിന്തുടരുന്ന ഇദ്ദേഹം ചൊല്ലിയാട്ടത്തിൽ നൃത്തഭാഗങ്ങൾ വേണ്ടവണ്ണം അവതരിപ്പിച്ചിരുന്നുമില്ല.
'സൗവർണ്ണഹംസം ചെയ്തൊരു'
കലിയായെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി 
പതിവുപോലെ നല്ല പ്രകടനം കാഴ്ച്ചവെച്ചു. 'ഭൂമിതന്നിലുണ്ടു ഭീമസുത' എന്ന് ചൊല്ലിവട്ടം തട്ടിയ അവസരത്തിൽ, സദാസമയവും കിടന്ന് ഉറങ്ങുന്നവനായ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് ലക്ഷ്മി ഭൂമിയിൽ വന്ന് അവതരിച്ചതാണ് ദമയന്തി' എന്ന ആശയം ഇദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. 'കലിയാട്ട'ത്തിൽ, നളന്റെ ഭരണത്താൽ കാട്ടിലും സഹുണുത പുലരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് സിംഹത്തിന്റെ സടയിൽ പിടിച്ച് കളിക്കുന്ന ആനക്കുട്ടി, പെൺപുലിയുടെ മുലകുടിക്കുന്ന മാൻകുട്ടികൾ, ഒരുമിച്ച് കളിക്കുന്ന പാമ്പും കീരിയും എന്നിവയെ കാണുന്നതായി ആടിയിരുന്നു. സതിഅനുഷ്ടിക്കൽ, സന്യാസദീക്ഷസ്വീകരിക്കൽ എന്നിവ കാണുന്നതായ ചില പതിവ് ആട്ടങ്ങൾ ഇവിടെ ഒഴിവാക്കിയിരുന്നു.
'ആദരേണ കണ്ടുപോന്നിതു'
ദ്വാപരനായി സദനം മോഹനനും ഇന്ദ്രനായി ആർ.എൽ.വി.ശ്രീകാന്ത് 
ശർമ്മയും അരങ്ങിലെത്തി.
'ദേവനെ ജയിപ്പാനും'
പുഷ്ക്കരവേഷമിട്ടത് കലാമണ്ഡലം കൃഷ്ണകുമാറായിരുന്നു. 
മുദ്രകൾ പിടിക്കുന്നതിലും, 'നില'കളിലും ഗോപിയാശാന്റെ രീതികൾ പിന്തുടർന്നിരുന്നു എങ്കിലും അഭംഗി തോന്നിപ്പിക്കാതെയും പാത്രബോധത്തോടെയും ഉള്ള പ്രകടനം ആയിരുന്നു ഇദ്ദേഹത്തിന്റേത്. എന്നു മാത്രമല്ല, ചില അവസരങ്ങളിൽ നളനേക്കാൾ 'നില' പുഷ്ക്കരനു തോന്നുകയും ചെയ്തു. പുഷ്ക്കരന്റെ 'ഉണ്ടാകേണ്ടാ' എന്ന പദത്തിലെ 'വസ്ത്രതണ്ഡുലാദികൾ' എന്ന അന്ത്യചരണം പതിവുപോലെ ഇവിടെയും ഉപേക്ഷിക്കപ്പെട്ടിരുന്നു. എങ്കിലും അതിന്റെ ആശയം ചുരുക്കത്തിൽ ആട്ടമായി പുഷ്ക്കരൻ ഇവിടെ അവതരിപ്പിച്ചിരുന്നു.
'അരികിൽ വന്നതാരെന്തഭിമതം?'
ആദ്യരംഗവും പുഷ്ക്കരൻ മുതലുള്ള ഭാഗവും പൊന്നാനി പാടിയത് 
പത്തിയൂർ ശങ്ക‌രൻകുട്ടിആയിരുന്നു. കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരായിരുന്നു സഹഗായകർ. ഈ ഭാഗങ്ങളിലെ പാട്ട് പൊതുവെ മെച്ചപ്പെട്ടതായിരുന്നു. 
'അമിത്രവീരന്മാരെ അമർക്കും വൻപടയും'
രണ്ടാം രംഗത്തിൽ പൊന്നാനി പാടിയത് കോട്ട:മധു ആയിരുന്നു. 
സംഗീതപ്രയോഗങ്ങൾ നിറഞ്ഞതെങ്കിലും നടന്റെ അഭിനയത്തിന് അനുഗുണമായി തോന്നിയില്ല ഈ ഭാഗത്തെ ആലാപനം. താളത്തിൽ ഇടഞ്ഞുള്ള ചില പ്രയോഗങ്ങൾ സംഗീതപരമായി നോക്കുമ്പോൾ മെച്ചമെന്ന് തോന്നാമെങ്കിലും കളിയരങ്ങിൽ ഇവ ചേർച്ചയായി തോന്നിയില്ല.


കലാമണ്ഡലം രാമൻ നമ്പൂതിരി, കോട്ടക്കൽ പ്രസാദ് 
എന്നിവർ ചെണ്ടയിലും കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവർ മദ്ദളത്തിലും പ്രവർത്തിച്ച ഈ ദിവസത്തെ മേളവും പൊതുവെ നന്നായിരുന്നു.
'ദേവനം വിനോദനായ'
കലാനിലയം ജനാർദ്ദനൻ, കലാനിലയം സജി എന്നിവരായിരുന്നു 
ഈ ദിവസം ചുട്ടി കലാകാരന്മാർ.
'ഉണ്ടാകേണ്ടാ'
പതിവുപോലെ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കളിയോഗം 
ഉപയോഗിച്ച ഈ ദിവസവും അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു.

10 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

ആസ്വാദനം വായിച്ചു. സന്തോഷം.

Anoop പറഞ്ഞു...

valare nannayi maniyetta,ethan pattiyillenkilum angayude vivaranangal aa sankadam theerkkunnu...

VAIDYANATHAN, Chennai പറഞ്ഞു...

മണി, വിചാരിച്ചപോലെ തന്നെ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ രണ്ടാം ദിവസമായ 24 നവംബർ 2011ന്റെ ആസ്വാദനവും നന്നായീ. വളരെ സന്തോഷം. കളി രാത്രി 12.00 മണിക്കു ശേഷം തുടങ്ങുമെങ്കിലും നളചരിതം രണ്ടാം ദിവസം പോലുള്ള കഥകൾക്കു് സമയം പോരാ എന്നു തന്നെ പറയാം.........അതും എല്ലാം സീനിയർ ആയ കലാകാരന്മാർ ആകുമ്പോൾ! തീർച്ചയായും കഥകളി ക്ലബ്ബുകളിൽ രണ്ടാം ദിവസം “ഗുളിക കളി”യാക്കി കളിക്കാൻ വിഷമവും ആണ്. വേണ്ടതായ ആട്ടങ്ങൾ ചുരുക്കി വൃത്തിയായി ആടുക എന്നത് ഒരു റ്റെൿനിക്ക് തന്നെയാണ്. നെല്ലിയോട് തിരുമേനിയുടെ മാസ്റ്റർപീസ്സ് ആട്ടമാണല്ലോ....'ഭൂമിതന്നിലുണ്ടു ഭീമസുത' എന്ന് ചൊല്ലി വട്ടം തട്ടുന്ന അവസരത്തിൽ, “സദാസമയവും കിടന്ന് ഉറങ്ങുന്നവനായ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് ലക്ഷ്മിദേവി ഭൂമിയിൽ വന്ന് അവതരിച്ചതാണ് ദമയന്തി“എന്ന ആശയം. (അതിൽ ലക്ഷ്മീദേവി മഹാവിഷ്ണുവിനെ കുലുക്കി വിളിക്കുന്നതും ഭർത്താവ് എപ്പോഴും ഉറങ്ങികൊണ്ടിരിക്കുന്നതുകൊണ്ട് നീരസപ്പെട്ട് ഭർത്താവിനെ ഉപേക്ഷിച്ച് ഭൂമിൽ വന്നു ഭീമരാജാവിന്റെ പുത്രിയായി ജനിക്കുന്നതും ആയ ഒരു ആട്ടം ഉണ്ട്......തിരുമേനിയുടെ ആ ആട്ടം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു). അതുപോലെ 'കലിയാട്ട'ത്തിൽ, നളന്റെ സൽഭരണത്താൽ കാട്ടിലും കൂടി സഹിഷ്ണുണുത പുലരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് “ശിഖിനിശലഭത്തിൽ” നിന്നും അടർത്തി എടുത്ത ആട്ടങ്ങളായ “താമരമുകുളങ്ങളാണെന്ന് കരുതി സിംഹത്തിന്റെ ദംഷ്ട്രങ്ങൾ പിടിച്ച് വലിക്കുന്ന ആനക്കുട്ടി, പെൺപുലിയുടെ മുലകുടിക്കുന്ന മാൻകുട്ടികൾ, ഒരുമിച്ച് കളിക്കുന്ന പാമ്പും കീരിയും“ എന്നിവ എത്ര കണ്ടാലും മതിവരില്ല. സന്ദർഭത്തിനു യോജിക്കാത്തതും അനാവശ്യവും ആയ ‘സതിഅനുഷ്ടിക്കൽ‘ തുടങ്ങിയ ആട്ടങ്ങൾ ഒന്നും തന്നെ തിരുമേനിയിൽ നിന്നും പ്രതീക്ഷിക്കുയും വേണ്ട. പക്ഷേ, “ഒരു ബ്രാഹ്മണൻ സ്വയം പൂണൂൽ പൊട്ടിച്ച് എറിയുന്നതു കാണുമ്പോൾ കലിക്കു് പ്രവേശിക്കുവാൻ ഒരു പഴുത് കിട്ടി എന്ന് വിചാരിച്ച് നോക്കുമ്പോൾ ആ ബ്രാഹ്മണൻ പൂണൂൽ ഉപേക്ഷിക്കുന്നത് എറ്റവും മഹോന്നതമായ “സന്യാസദീക്ഷസ്വീകരിക്കുവാൻ” വേണ്ടിയാണ് എന്ന് കലി കാണുന്നതും അവിടെയും പ്രവേശിക്കുവാൻ കഴിയുക്കുകയില്ല എന്ന് കണ്ട് ഓടി മറയുന്നതും ആയ ആട്ടം തിരുമേനിയുടെ “മാസ്റ്റർ പീസ്സ്” ആട്ടങ്ങളിൽ ഒന്ന് ആണല്ലോ! ഇതുപോലുള്ള സ്റ്റാർഡേർഡ് ആയീട്ടുള്ള, ആഢ്യത്വമുള്ള, തരംതാഴാതെയുള്ള, മനോഹരങ്ങളായ പതിവ് ആട്ടങ്ങൾ എങ്ങിനെ ഒഴിവാക്കപ്പെട്ടുവോ ആവോ! ഗായകർ ചരണങ്ങൾ ഉപേക്ഷിച്ചാലും നടന്മാർ അവയുടെ ആശയങ്ങൾ ചുരുക്കത്തിൽ ആടുന്നത് തീർച്ചയായും അഭിനന്ദനാർഹം തന്നെ. വിശദമായ അഭിപ്രായങ്ങൾക്കും നന്ദി.

RamanNambisanKesavath പറഞ്ഞു...

കലിക്കു വനവര്ണനയും ശിഖിനീശലഭവും ഇത്തിരി അധികമാണ്.ആശ്രമം അല്ലല്ലോ വര്‍ണ്ണിക്കുന്നത് .

achuthan പറഞ്ഞു...

Mani, thank you very much for the daily reviews. very knowledgeable and balanced. more power to your pen! thanks again. achuthan

Dr Ganesh Iyer പറഞ്ഞു...

Nice post! Verpad and Kattalan were not there?

sunil പറഞ്ഞു...

കാട്ടാളന്‍ ശ്രീകുമാറിന്റെ ആയിരുന്നില്ലേ ..അതിനെക്കുറിച്ച്‌ ഒന്നും എഴുതികണ്ടിലല്ലോ മണിയേട്ടാ ....വിശദമായ ആസ്വടനക്ക്റിപ്പിനു നന്ദി മണിയേട്ട ..

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

ഗണേഷ്,
പുഷ്ക്കരൻ നിഷ്ക്രമിച്ചപ്പോൾ ഞാനും സ്ഥലം വിട്ടു. അപ്പോളേക്കും 5മണി കഴിഞ്ഞിരുന്നു!

സുനിൽ,
കാട്ടാളനെ അണിയറയിൽ കണ്ട് മടങ്ങി. മുൻപ് ഒരിക്കൽ നാരായണേട്ടൻ തൃപ്പൂണിത്തുറയിൽത്തന്നെ പാടിയതുപോലെ കാട്ടാളൻ വരുമ്പോൾ 'ഉദിച്ചുമാറായ് ഭഗവാനും'! കളി കഴിഞ്ഞപ്പോൾ 7മണിഎങ്കിലും ആയിരിക്കും.

മൊതലകൊട്ടം പറഞ്ഞു...

ഗോപി ആശാന്റെ ശിഷ്യ പ്രഷിശ്യന്മാരായ പ്ലേ നടന്മാര്‍ക്കും ഉള്ള ഒരു പ്രശ്നം ആണല്ലോ ഗോപി ആശാനെ അനുകരിക്കല്‍ എന്നത് അതില്‍ വിജയിക്കുന്നവര്‍ തുലോം കുറവും. എങ്കിലും എച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്നതുപോലെ ആവും സംഗതികള്‍. രാധാകൃഷ്ണന് ആദ്യമൊക്കെ ശിവറാം ആശാനെ അനുകരിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ഉണ്ടോ??
നല്ല വിവരണം. ഇഷ്ടമായി....

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മൊതലകൊടം,
അഭിപ്രായങ്ങൾക്ക് നന്ദി...
ശിവരാമൻ അനുകരണം ഇപ്പോഴും തുടരുന്നു...