കോട്ടയം കളിയരങ്ങ് വാര്‍ഷികം

കോട്ടയം കളിയരങ്ങിന്റെ മുപ്പത്തിയാറാം വാര്‍ഷികത്തിന്റെ 
ആഘോഷങ്ങള്‍ 2010 ഏപ്രില്‍24നും മെയ്1നുമായി നടത്തപ്പെടുന്നു. ആദ്യദിവസമായിരുന്ന 24/04/2010ന് തിരുനക്കര ശ്രീരംഗം ഹാളില്‍ വൈകിട്ട് 4:30മുതല്‍ കഥകളിയും അതിനിടയിലായി പൊതുയോഗവും നടന്നു. വൈസ്പ്രസിഡന്റ് എ.പി.കെ.പിഷാരടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പത്തനംതിട്ട കഥകളിക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന ആര്‍.അച്ചുതന്‍‌പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും, ക്ലബ്ബ് സെക്രട്രറി വി.ആര്‍.വിമല്‍‌രാജ് അനുസ്മരണപ്രസംഗം നടത്തുകയും ചെയ്തു. കേരളസംഗീതനാടക അക്കാഡമി അവാര്‍ഡുജേതാവായ കലാനിലയം ഉണ്ണികൃഷ്ണനെ യോഗത്തില്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. കൂടാതെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കഥകളിനടത്തിപ്പിലൂടെ സര്‍വ്വരുടേയും പ്രശംസയ്ക്ക് പാത്രീഭൂതനായിരിക്കുന്ന പയ്യനൂര്‍കളിയരങ്ങിന്റെ സെക്രട്ടറി റ്റി.എം.ജയകൃഷ്ണനെ സ്നേഹോപഹാരം നല്‍കി അഭിനന്ദിക്കുകയും ഉണ്ടായി.
റ്റി.എം.ജയകൃഷ്ണന്‍ ഉപഹാരമേറ്റുവാങ്ങുന്നു.
നളചരിതം ഒന്നാംദിവസം കഥയാണ് അന്ന് ഇവിടെ 
അവതരിപ്പിച്ചത്. നളനായി അരങ്ങിലെത്തിയ കലാമണ്ഡലം വാസുപ്പിഷാരടി നല്ല പ്രകടനം കാഴ്ച്ചവെച്ചു. 
നാരദനായി മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടിയും ഹംസമായി കലാനിലയം രാഘവനും വേഷമിട്ടു.

ആര്‍.എല്‍.വി രാധാകൃഷ്ണനായിരുന്നു ദമയന്തി. 
സഖിമാരായി കലാകേന്ദ്രം ഹരീഷും കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും അരങ്ങിലെത്തി.
‘കൃയകൊണ്ടേവം ഇരുന്നീടുമോ’
പൊന്നാനിയായി പാടിയ കലാനിലയം ഉണ്ണികൃഷ്ണന്റെ 
പാട്ട് നല്ല നിലവാരം പുലര്‍ത്തിയിരുന്നു. കലാമണ്ഡലം ഹരീഷായിരുന്നു ശിങ്കിടി.
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ 
മദ്ദളത്തിലും നല്ല മേളവും ഒരുക്കിയിരുന്നു. കലാനിലയം സജി ചുട്ടികുത്തിയ ഈ കളിക്ക് തിരുവല്ല ശ്രീവല്ലഭവിലാസം കളിയോഗത്തിന്റേതായിരുന്നു ചമയങ്ങള്‍. കളിയരങ്ങിലെ ഈ ഒന്നാംദിവസം മൊത്തത്തില്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു.
കളിയരങ്ങിന്റെ വാഷികത്തോടനുബന്ധിച്ചുള്ള രണ്ടാമത്തെ കളി 
2010 മെയ്1ന് കോട്ടയത്ത് തിരുനക്കര ശ്രീരംഗം ഹാളില്‍ വെച്ച് നടക്കും.  അന്ന് വൈകിട്ട് നാലുമുതല്‍ കലാകേന്ദ്രം ഹരീഷ്, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാകേന്ദ്രം സുഭാഷ് എന്നിവര്‍ വേഷത്തിലും കോട്ടക്കല്‍ മധു, കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ എന്നിവര്‍ പാട്ടിലും കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്‍ എന്നിവര്‍ ചെണ്ടയിലും കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും പങ്കെടുക്കുന്ന പുറപ്പാടും മേളപ്പദവും നടക്കും. തുടര്‍ന്ന് അവതരിപ്പിക്കുന്ന സീതാസ്വയംവരം കളിയില്‍ പരശുരാമനായി കോട്ടക്കല്‍ ദേവദാസും ശ്രീരാമനായി കോട്ടക്കല്‍ സുധീറും വേഷമിടും. മെയ് 1നു നടക്കുന്ന വാഷികപൊതുയോഗത്തില്‍ വെയ്ച്ച് നാട്ട്യാചാര്യന്‍ ബ്രഹ്മശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, മുതിര്‍ന്ന കഥകളി ഗായകന്‍ ശ്രീ പള്ളം മാധവന്‍ മേളാചാര്യന്‍ ശ്രീ ആയാംകുടി കുട്ടപ്പമാരാര്‍ ശതാഭിഷിക്തനായ പ്രൊ:അമ്പലപ്പുഴ രാമവര്‍മ്മ എന്നിവരെ കളിയരങ്ങ് ആദരിക്കുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.

6 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

എന്റെ ചെറുപ്പത്തിൽ രാഘവൻ ആശാന്റെ ഹംസം കണ്ടിട്ടുണ്ട്. ഹംസത്തിന്റെ അവതരണത്തെ കുറിച്ച് എഴുതുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Gireesh പറഞ്ഞു...

ഞാന്‍ പല തവണ രാഘവാശാന്റെ ഹംസം കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടിള്ളതില്‍ വച്ച് ഏറ്റവും മികച്ചത് എന്നു നിസ്സംശയം പറയാം (പദ്മനാഭന്‍ നായരാശാന്റെയൊ അതിനു മുന്പുണ്ടായിരുന്നവരുടേയോ കാണാന്‍ സാധിചിട്ടില്ല). കളിയരങ്ങുകാര്‍ പരശുരാമന്‍ മത്സരം വല്ലതും നടത്തുകയാണോ? കഴിഞ്ഞ വര്‍ഷം വാര്‍ഷികത്തിനു കേശവന്റെ പരശുരാമന്‍ ആയിരുന്നു. :) :) :)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ ഗിരീഷ്,
രാഘവാശാന്റെ ഹംസം നല്ലതുതന്നെ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പ്രായമായതിന്റെ ലേശം അവശത ഉണ്ട്. ചുണ്ടും മറ്റും അധികനേരം കെട്ടുന്നത് പ്രയാസകരമാണല്ലൊ. ഇദ്ദേഹത്തിന്റെ രീതി പത്മനാഭന്‍ നായരുടെതില്‍ നിന്നും ലേശം വത്യസ്തമാണ്. മുദ്രകളിലും ചുവടുകളിലും കുറച്ചുകൂടി ചടുലതയുണ്ട്.
എനിക്ക് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത് വൈക്കം കരുണാകരനാശാന്റെ ഹംസമാണ്. പത്മനാഭന്‍ നായരാശാന്റെ അതേ വഴി ഒന്നുകൂടെ പൊലിപ്പിച്ച് എടുത്തിട്ടുള്ളതാണ് ഇത്. ഇദ്ദേഹത്തിന്റെ ശിഷ്യനായ ഫാക്റ്റ് ഭാസ്ക്കരന്റെ ഹംസവും അതികേമം തന്നെ. ഈ വഴിയ്ക്കുതന്നെ ചെയ്യുന്നതും ഇപ്പോള്‍ ഏറ്റവും മികച്ചതും ആയി എനിക്ക് തോന്നിയിട്ടുള്ളത് ഫാക്റ്റ് പത്മനാഭന്റെ ഹംസമാണ്. ഇദ്ദേഹവും കരുണാകരനാ‍ശാന്റെ ശിഷ്യന്‍ തന്നെ. യുവകലാകാരന്മാരില്‍ ഒരു മികച്ച ഹംസം കണ്ടത് സദനം ഭാസിയുടേതാണ്. ഓയൂരിന്റെ പ്രശസ്തമായ ഹംസം എനിക്ക് കാണുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഓയൂരിന്റെ പുത്രന്‍ രതീശന്റെ ഹംസം നല്ലതാണന്ന് കേട്ടു. അതും കണ്ടിട്ടില്ല.

അജ്ഞാതന്‍ പറഞ്ഞു...

Long time no posts..what happens? Not going for Kalies? Ambalappuzha Kottayam kathakal ellam engine untaayirunnu ennu ariyaan aakaamkshayuntu? Poyirunnuvenkil dayavucheythu postumallo?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ പരദൂഷണൻ,
കോട്ടയത്തെ പിന്നത്തെ കളിക്ക് പോയില്ല. ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല.
അംബലപ്പുഴ കളികള്‍ക്ക് 5 ദിവസവും പോയിരുന്നു. പോസ്റ്റുകള്‍ താമസിയാതെ നാട്ടാം....

അജ്ഞാതന്‍ പറഞ്ഞു...

ok, thanks