കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ
തിരുഉത്സവത്തിന്റെ മൂന്നാം ദിവസമായ 10/04/2010ന് രാത്രി 9:30ന് നാലുമുടി പുറപ്പാടോടുകൂടി കളി ആരംഭിച്ചു. തുടര്‍ന്ന് കോട്ടക്കല്‍ വെങ്ങേരി നാരായണനും കോട്ടക്കല്‍ സന്തോഷും പാട്ടിലും കലാമണ്ഡലം കൃഷ്ണദാസും കോട്ടക്കല്‍ പ്രസാദും ചെണ്ടയിലും കലാമണ്ഡലം നാരായണന്‍ നമ്പീശനും കോട്ടക്കല്‍ രവിയും മദ്ദളത്തിലും പങ്കുചേര്‍ന്ന ഇരട്ടമേളപ്പദവും നടന്നു.‘ക്ലെശവിനാശനത്തിനു നൂനം കൌശലമേറും’ |
നളചരിതം നാലാംദിവസം കഥയാണ് ആദ്യമായി
ഈദിവസം അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ദമയന്തിയായി കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരിയും കേശിനിയായി കോട്ടക്കല്‍ ഹരികുമാറും വേഷമിട്ടു. ‘ആരെടോ നീ’ |
കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരാണ് ബാഹുകനായത്.
എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും ഇദ്ദേഹത്തിന്റെ ബാഹുകനില്‍ കണ്ടില്ല. ഇദ്ദേഹത്തിന്റെ നളചരിതം മറ്റുദിവസങ്ങളിലെ നളന്റെ അവതരണത്തില്‍ കണാറുള്ളതുപോലെ പ്രത്യേകമായ ആട്ടങ്ങളും നാലാം ദിവസത്തില്‍ കണ്ടില്ല. പാചകാദിആട്ടങ്ങള്‍ ചെയ്തതല്ലാതെ നളന്റെ അപ്പോഴത്തെ അവസ്ഥയേയോ ചിത്തവൃത്തികളേയോ വെളിവാക്കുന്ന തരത്തിലുള്ള അഭിനയത്തിന്റേയും ആട്ടങ്ങളുടേയും കുറവ് ബാഹുകനെ ശരാശരിനിലവാരത്തില്‍ ഒതുക്കി.കോട്ടക്കല്‍ നാരായണനും കോട്ടക്കല്‍ സുരേഷും ചേര്‍ന്നാണ്
നാലാം ദിവസം പാടിയത്. അധികം ചടുലതയില്ലാതെ അവതരിപ്പിച്ചിരുന്ന ബാഹുകന് ചേര്‍ന്ന പാട്ടായിരുന്നു ഇവരുടേത്.
കലാമണ്ഡലം സോമന്‍(ദുര്യോധനന്‍), കോട്ടക്കല്‍ ഹരീശ്വരന്‍(ദുശ്ശാസനന്‍),
കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായര്‍(പാഞ്ചാലി), കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍(ശ്രീകൃഷ്ണന്‍), കോട്ടക്കല്‍ ഹരിദാസ്(രൌദ്രഭീമന്‍) തുടങ്ങിയവര്‍ പങ്കെടുത്ത് ദുര്യോധനവധംകഥ(മൂന്നാം രംഗം മുതല്‍) ആയിരുന്നു ഈ ദിവസം രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത്. ഹരിദാസന്റെ ദൌദ്രഭീമനെ കണ്ടപ്പോള്‍ ദൌദ്രതയല്ല, ദീനതയാണ് തോന്നിയത്. കണ്ണിനുതാഴെയും മറ്റും ചുവപ്പുവരകള്‍ വരയ്ക്കുന്നത് ഇതിന് കാരണമായി എന്നു തോന്നുന്നു. നരസിംഹാവേശിതനാവുന്ന ഭാഗത്ത് രൌദ്രഭീമന് ആലവട്ടം പിടിക്കുന്നത് കണ്ടു! ഭാവിയില്‍ മേല്‍ക്കട്ടിയും പന്തങ്ങളും തെള്ളിപ്പൊടിയേറും ഒക്കെ തുടങ്ങുമായിരിക്കും! ഭാവം മുഖത്തുവരുത്താനാവാത്തപ്പോള്‍ എങ്ങിനെയെങ്കിലും ആ ഭാവപശ്ചാത്തലം സൃഷ്ടിക്കുവാനുള്ള തത്രപാടിന്റെ ഭാഗമാണ് ചുട്ടിയിലും തേപ്പിലും മോഡികൂട്ടലും മുടിമുന്നിലേയ്ക്കിടലും ആലവട്ടം പിടിക്കലും ഒക്കെ ഇന്ന് പല അരങ്ങുകളിലും കാണുന്നത്. ഉത്സവത്തിന്റെ രണ്ടാം ദിവസത്തെ മേളപ്പദമുള്‍പ്പെടെയുള്ള കളി
ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്നതായിരുന്നു. എന്നാല്‍ പി.എസ്സ്.വി.നാട്യസംഘത്തിലെ യുവകലാകാരന്മാരും ഭാവിപ്രതീക്ഷകളുമായ രണ്ടുപേരുടെ പ്രകടനങ്ങള്‍ എടുത്തുപറയത്തക്കതായി തോന്നി. കേശിനിയായെത്തിയ ഹരികുമാറും, കൃഷ്ണനായെത്തിയ സി.എം.ഉണ്ണികൃഷ്ണനും. നല്ലവേഷഭംഗിയും കളരിചിട്ടയുമുള്ള ഇരുവരും നന്നായി വേഷമൊരുങ്ങിയെത്തുകയും തങ്ങളുടെ കഥാപാത്രത്തേയും സന്ദര്‍ഭത്തേയും ഉള്‍ക്കൊണ്ട് നന്നായി അഭിനയിക്കുകയും ചെയ്തിരുന്നു.ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ
ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.
1 അഭിപ്രായം:
പി.എസ്സ്.വി.നാട്യസംഘത്തിലെ യുവകലാകാരന്മാരും ഭാവിപ്രതീക്ഷകളുമായ രണ്ടുപേരുടെ പ്രകടനങ്ങള്‍ എടുത്തുപറയത്തക്കതായി തോന്നി. കേശിനിയായെത്തിയ ഹരികുമാറും, കൃഷ്ണനായെത്തിയ സി.എം.ഉണ്ണികൃഷ്ണനും. നല്ലവേഷഭംഗിയും കളരിചിട്ടയുമുള്ള ഇരുവരും നന്നായി വേഷമൊരുങ്ങിയെത്തുകയും തങ്ങളുടെ കഥാപാത്രത്തേയും സന്ദര്ഭ്ത്തേയും ഉള്ക്കൊുണ്ട് നന്നായി അഭിനയിക്കുകയും ചെയ്തിരുന്നു.
ഈ കലാകാരന്മാർക്ക് എന്റെ അഭിനന്ദനങ്ങൾ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ