കോങ്ങാട് ഉത്സവം

കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ 
ഈവര്‍ഷത്തെ തിരുഉത്സത്തിന്റെ ഭാഗമായി  08/04/2010ന് രാത്രി 9:30മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. 
‘പേടിക്കേണ്ടാ വരുവനരികേ’
നളചരിതം മൂന്നാംദിവസം കഥയാണ് ആദ്യമായി 
ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ കാര്‍ക്കോടകന്റെ തിരനോക്കുമുതല്‍ സാധാരണപതിവുള്ള രംഗങ്ങള്‍ മാത്രമാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്.
‘നിന്നേയുടന്‍ വിടുമവന്‍’
കാര്‍ക്കോടകനായെത്തിയ കലാമണ്ഡലം പ്രമോദിന്റെ 
വേഷവും പ്രവൃത്തിയും ഭംഗിയുള്ളതായിരുന്നു. 
‘മാമക ദശകളെ എല്ലാം’
കലാമണ്ഡലം ഹരിനാരായണനാണ് വെളുത്തനളന്‍, 
ഋതുപര്‍ണ്ണന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. 
‘ഇന്ദുമൌലീ ഹാരമേ നീ.....’
ബാഹുകവേഷമിട്ട കലാമണ്ഡലം വാസുപിഷാരഡി
മികച്ച ഭാവപ്രകാശനത്തോടെ നല്ല പ്രകടനം കാഴ്ച്ചവെച്ചു. ഔചിത്യപരമായ ആട്ടങ്ങളോടുകൂടെ വെത്യസ്ഥതപുലര്‍ത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ബാഹുകവേഷം. കാര്‍കോടകന്‍ മറഞ്ഞശേഷം തന്റെ പൂര്‍വ്വകാലത്തെ കുറച്ചൊന്നു സ്മരിച്ചശേഷം ഇനി മറിമാന്‍‌കണ്ണിയെ കണ്ടെത്തുവാനായി ഋതുപര്‍ണ്ണസേവകനായി കഴിയാം എന്നുതീരുമാനിച്ച് ശ്രീപരമേശ്വരനേയും സര്‍പ്പശ്രേഷ്ഠനേയും സ്മരിച്ചുകൊണ്ട് ബാഹുകന്‍ സാകേതത്തിലേയ്ക്ക് പുറപ്പെടുന്നു. ഘോരവനത്തിലൂടെ സഞ്ചരിക്കുന്ന ബാഹുകന്‍ ആനയുടെ മദജലം കുടിച്ച് ഉന്മത്തരായി പറക്കുന്ന വണ്ടിന്‍‌കൂട്ടത്തേയും, തുമ്പികൈ ചേര്‍ത്തുപിടിച്ച് നടക്കുന്ന ഇണയാനകളേയും, സിംഹനാദത്താല്‍ ഭയചികിതരായി ഓടുന്ന മാനുകളേയും, സിംഹനാദം കേട്ട് ഇടിമുഴക്കമെന്ന് തെറ്റിധരിച്ച് നൃത്തമാരംഭിക്കുന്ന മയിലുകളേയും ഒക്കെ കാണുന്നു. ഇവയൊക്കെ ബാഹുകന്റെ മനസ്സില്‍ ദമയന്തിയെ സ്മരിക്കുവാന്‍ കാരണമാകുന്നു. വനം അവസാനിച്ച് നാട്ടിന്‍പുറത്തെത്തുന്നതോടെ കാലിമേയ്ക്കുന്നവരോട് വഴിചോദിച്ച് മനസ്സിലാക്കി സാകേതരാജധാനിയിലേയ്ക്ക് എത്തുന്ന ബാഹുകന് ഗോപുരത്തിലെ കൊടിക്കൂറ തന്നെ മാടിവിളിക്കുന്നതായി തോന്നുന്നു. വലുതായ ഗോപുരവും പുരങ്ങളും കണ്ടുനീങ്ങുന്ന ബാഹുകന്‍ കാവല്‍ക്കാരോട് അനുവാദം വാങ്ങി ഋതുപര്‍ണ്ണന്റെ സമീപത്തേയ്ക്ക് എത്തുന്നു.
‘ഗതിഭേദങ്ങള്‍ കുറവന്യേ പഠിപ്പിപ്പന്‍’
ഋതുപര്‍ണ്ണന്റെ അനുവാദം ലഭിച്ച് ജീവലവാഷ്ണേയന്മാരുടെ 
ഭവനത്തിലെത്തുന്ന ബാഹുകന്‍ അവരെകുറിച്ചും രാജാവിനെകുറിച്ചുമുള്ള കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കിയശേഷം ‘രാജസേവ’ എന്ന ആട്ടവും ചെയ്തു. ‘കൃഷ്ണസര്‍പ്പത്തിനെ ചും‌മ്പിക്കുന്നതുപോലെയും ഇരുതലമൂര്‍ശ്ശയുള്ള വാള്‍ നക്കുന്നതുപോലെയും സാഹസപ്പെട്ട പ്രവൃത്തിയാണ് രാജസേവ’ എന്നതാണ് ഈ ആട്ടത്തിന്റെ ആശയം.
‘സ്വൊരവചനം സ്വകൃതരചനം’
കലാമണ്ഡലം അരുണ്‍‌വാര്യരാണ് ദമയന്തിയായി അരങ്ങിലെത്തിയിരുന്നത്. 
‘യാമിയാമി ഭൈമീ കാമിതം’
സുദേവനായെത്തിയ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ 
തന്റെ വേഷം ജനരഞ്ജകമായി അവതരിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കഥാപാത്രത്തിന്റെ നില വിട്ടുപോയത് ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം ‘ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും’ എന്ന പദഭാഗം അമിതമായി വിസ്തരിച്ചിരുന്നു. അകമ്പടിക്കാരായ ഭടന്മാര്‍, പഞ്ചവാദ്യം, നാദസ്വരമേളം, ഇങ്ങിനെ ഈഭാഗത്ത് സാധാരണയായി കാണിക്കാറുള്ളവ കൂടാതെ താലപ്പൊലി, കരകാട്ടം, കാവടിയാട്ടം, വെടിക്കെട്ട് എന്നിവയും ഇവിടെ സവിസ്തരം അഭിനയിച്ച് കാട്ടിയിരുന്നു. ‘മാന്യമതേ’ എന്ന പദത്തിലെ ‘പന്തണീമുലമാര്‍മണി’ വിസ്തരിച്ച് കാട്ടുകമാത്രമല്ല, ബാഹുകനേ നോക്കിക്കൊണ്ട് വീണ്ടും കാട്ടുകയും ചെയ്യുന്നതു കണ്ടു! കാര്യമറിയിച്ചുമടങ്ങുന്ന സുദേവന്റെ പിറകേപോയി വിളിച്ചുനിര്‍ത്തി ബാഹുകന്മാര്‍ കുശലമന്യൂഷിക്കുന്നതായി കാണാറുണ്ട്. എന്നാല്‍ കേട്ട കാര്യത്തെ ചിന്തിച്ച് വിഷമിച്ച് നില്‍ക്കുകമാത്രമാണ് ഷാരഡിയാശാന്റെ ബാഹുകന്‍ ചെയ്തത്. ഇങ്ങിനെ നില്‍ക്കുന്ന ബാഹുകനെ, രാജാവിനോട് അനുമതിവാങ്ങി മടങ്ങുന്ന സുദേവന്‍ കൈകൊട്ടി വിളിക്കുന്നതുകണ്ടത് എന്തിനെന്ന് മനസ്സിലായില്ല!
‘മാന്യമതേ’

‘മറിമാന്‍‌കണ്ണി’

‘അന്യരാരുമറിയാതെ മൂവരും തേരിലേറി’














ബാലിവധം ആയിരുന്നു രണ്ടാമത്തെ കഥ. 
സുഗ്രീവന്റെ പുറപ്പാടുമുതലാണ് ഇവിടെ അവതരിപ്പിച്ചിരുന്നതെങ്കിലും സുഗ്രീവന്റെ തന്റേടാട്ടം ഒഴിവാക്കിയിരുന്നു. സുഗ്രീവനായെത്തിയത് കലാമണ്ഡലം ഹരി.ആര്‍.നായര്‍ ആയിരുന്നു.
‘ഇരുന്നുകൂക്കല്‍’
ശ്രീരാമനായി കലാമണ്ഡലം ശുചീന്ദ്രന്‍ അരങ്ങിനെത്തി.
‘പുലിയങ്കം’
 ബാലിയായി വേഷമിട്ടിരുന്നത് കോട്ടക്കല്‍ ദേവദാസാണ്. 
ബാലിയുടെ തിരനോക്കില്‍ ‘രണ്ടാംനോക്ക്’ ഇദ്ദേഹം ചെയ്തുകണ്ടില്ല. ബാലിസുഗ്രീവയുദ്ധത്തിനിടയിലുള്ള ‘ഇരുന്നുകൂക്കല്‍’ മുന്‍‌കാലങ്ങളില്‍ നിലത്തിരുന്നാണ് ചെയ്യാറുള്ളത് ഇപ്പോള്‍ എല്ലാവരും പീഠത്തിലിരുന്നാണ് ചെയ്തുകാണുന്നത്. യുദ്ധത്തിലെ മറ്റൊരു വിഭാഗമായ ‘കിടന്നുചവുട്ടല്‍‘ ഇപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ‘താരയാം വാനരസ്ത്രീ ഏവം’ എന്ന ശ്ലോകത്തിനുശേഷമുള്ള അഭിനയപ്രാധാന്യമുള്ള ഭാഗത്തെ ബാലിയുടെ അവതരണരീതി തീരെ നന്നെന്ന് തോന്നിയില്ല.
‘ശ്രീരാമചന്ദ്രാ ശൃണു മമ വചനം’
കോട്ടക്കല്‍ മധുവും നെടുമ്പുള്ളി റാം‌മോഹനും ചേര്‍ന്നായിരുന്നു സംഗീതം. 
കലാമണ്ഡലം കൃഷ്ണദാസും സദനം രാമകൃഷ്ണനുമാണ് ചെണ്ട കൈകാര്യം ചെയ്തത്. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കലാമണ്ഡലം രാജുനാരായണൻ എന്നിവരായിരുന്നു മദ്ദളത്തിന്.
വഴേങ്കിട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ അവതരിപ്പിച്ച 
ഈ കളിയ്ക്ക് ചുട്ടികുത്തിയിരുന്നത് കലാമണ്ഡലം ശിവരാമന്‍ ആയിരുന്നു. മഞ്ജുതര, മാങ്ങോടിന്റെ ചമയങ്ങളുപയോഗിച്ച് അപ്പുണ്ണിതരകനും സംഘവും അണിയറ സഹായികളായി വര്‍ത്തിച്ചു.

2 അഭിപ്രായങ്ങൾ:

എറക്കാടൻ / Erakkadan പറഞ്ഞു...

മദ്ദളം നാരായണൻ നമ്പീശൻ എന്നു പറഞ്ഞിട്ട്‌ രാജുനാരായണൻ അല്ലേ അത്‌ ചിത്രത്തിൽ

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@Blogger എറക്കാടൻ / Erakkadan,
ആദ്യഭാഗത്ത് നമ്പീശന്‍ ആയിരുന്നു മദ്ദളം കൊട്ടിയിരുന്നത്. തുടര്‍ന്ന് രാജൂനാരായണനും.