ആലപ്പുഴജില്ലാ കഥകളിക്ലബ്ബ് വാര്‍ഷികം

ആലപ്പുഴ ജില്ലാകഥകളിക്ലബ്ബിന്റെ നാല്പത്തിഅഞ്ചാം വാഷികം 
02/04/2010ല്‍ ആലപ്പുഴ എസ്സ്.ഡി.വി. ബസന്റ് ഹാളില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. വൈകിട്ട് 7മുതല്‍ നടന്ന വാഷികപൊതുയോഗത്തില്‍ വെച്ച് ‘കളര്‍കോട് നാരായണന്‍ നായര്‍ സ്മാരക ആലപ്പുഴ ജില്ലാകഥകളിക്ലബ്ബ്’ എന്ന് ക്ലബ്ബിന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഈവര്‍ഷത്തെ ക്ലബ്ബിന്റെ ‘കളര്‍കോട് നാരായണന്‍ നായര്‍ സ്മാരക പുരസ്ക്കാരം’ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന് സമ്മാനിക്കപ്പെട്ടു.
ആലപ്പുഴ സ്വാതിതിരുനാള്‍ സംഗീതോത്സവം-2010നോട് ചേര്‍ന്ന് 
നടത്തപ്പെട്ട ക്ലബ്ബ് വാഷികത്തിന്റെ ഭാഗമായി രാത്രി 9മുതല്‍ പുലരുംവരെ കഥകളിയും നടന്നു. ആര്‍.എല്‍.വി.സുനിലാണ് പുറപ്പാട് അവതരിപ്പിച്ചത്. പ്രവൃത്തിയില്‍ ഭംഗിയില്ലാത്ത സുനിലിന്റെ വേഷത്തില്‍കൂടി ഭംഗിയില്ലാതായതോടെ പുറപ്പാട് വിരസമായ അനുഭവമായി. സുനിലിന്റെ ചമയങ്ങളും ഉടുത്തുകെട്ടും തീരെ ഭംഗിയില്ലാത്തവയായിരുന്നു.പുറപ്പാടിനും തുടര്‍ന്നുനടന്ന ഇരട്ടമേളപദത്തിനും പാടിയിരുന്നത് പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു. അമിതശാസ്ത്രീയ പ്രയോഗങ്ങളും രാഗമാലികാപ്രയോഗവും ഒന്നുമില്ലാത്ത നല്ല ആലാപനമായിരുന്നു ഈദിവസത്തേത്. പത്തിയൂര്‍ സംഗീതപ്രയോഗത്തില്‍ മികച്ചുനിന്നപ്പോള്‍ കഥകളിത്തമാര്‍ന്ന ശൈലിയാണ് രാജീവന്റെ മേന്മ. കലാമണ്ഡലം കൃഷ്ണദാസ്, സദനം രാമകൃഷ്ണന്‍ എന്നിവരായിരുന്നു ചെണ്ടകൊട്ടിയത്. പതിഞ്ഞകാലത്തേക്കാള്‍ മുറുകിയകാലത്തിലാണ് ഇവരുടെ പ്രയോഗങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. കലാമണ്ഡലം നാരായണന്‍ നായര്‍, കലാനിലയം മനോജ് എന്നിവരായിരുന്നു മദ്ദളത്തിന്.

‘മേളപ്പദം-ചെമ്പടവട്ടം‘
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്‍ രചിച്ച രുഗ്മാഗദചരിതം 
ആട്ടകഥയാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ രുഗ്മാഗദനായി കലാമണ്ഡലം ഗോപിയും മോഹിനിയായി മാര്‍ഗ്ഗി വിജയകുമാറും അഭിനയിച്ചു. അവസാനഭാഗമായപ്പോഴേക്കും ഗോപിയാശാന് ക്ഷീണത അനുഭവപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നല്ല ഭാവാഭിനയത്തോടെ ഭംഗിയായിത്തന്നെ തന്റെ വേഷം ആടിതീര്‍ത്തു. ഗോപിയാശാന്‍ അരങ്ങില്‍ കാണിക്കുന്നതൊക്കെ അനുകരിക്കാന്‍ ശ്രമിക്കുന്ന അടുത്തതലമുറ കലാകാരന്മാര്‍ ആദ്യം കണ്ടുപഠിക്കേണ്ടത് എഴുപതുകളിലും അദ്ദേഹം അരങ്ങില്‍ കാട്ടുന്ന ഈ ആത്മാര്‍ത്ഥതയാണ്. ‘മദസിന്ധുര ഗമനേ’ എന്ന ഭാഗത്തിന്റെ ആട്ടത്തില്‍ ഗോപിയാശാന്‍ ‘മദം പൊട്ടിയൊലിക്കുന്ന ആനയുടെ നടത്തം’ എന്നാണ് ആടുന്നത്. എന്നാല്‍ ഇവിടെ മദത്തോടുകൂടിയ അതായത് ഗര്‍വ്വോടുകൂടിയ ആനയുടെ നടത്തം എന്നുകാട്ടുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്നുതോന്നുന്നു. ആദ്യരംഗത്തിലെ ‘ഏകാദശിമാഹാത്മ്യം’ ആട്ടവും അന്ത്യരംഗത്തിലെ ഭാവപ്രാധാന്യമുള്ള ആട്ടങ്ങളും ഗോപിയാശാന്‍ ഭംഗിയായി അവതരിപ്പിച്ചിരുന്നു.
“മിന്നല്‍ പോലെ മിന്നീടുന്ന രൂപത്തേയും കണ്ടു”
ഗോപിയാശാന്റെ രുഗ്മാഗദന് ചേര്‍ന്ന ഒരു മോഹിനിയായി 
മാര്‍ഗ്ഗി വിജയകുമാര്‍ അരങ്ങില്‍ വര്‍ത്തിച്ചിരുന്നു.

ബ്രാഹ്മണരായി വേഷമിട്ടിരുന്നത് ഏറ്റുമാനൂര്‍ കണ്ണനും സദനം വിഷ്ണു ആയിരുന്നു. ബ്രാഹ്മണരുടെ രംഗം ഇരുവരും ചേര്‍ന്ന് ഭംഗിയായി അവതരിപ്പിച്ചിരുന്നു. പദഭാഗത്തിനുശേഷം കണ്ണന്‍ ആട്ടമായി ഏകാദശിമാഹാത്മ്യം അവതരിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ അവതരിപ്പിച്ച ഈ ആട്ടം ഭംഗിയായിരുന്നു എങ്കിലും രുഗ്മാഗദനു പുറകെ ബ്രാഹ്മണനും ഒരേ ആട്ടം ആവര്‍ത്തിച്ചത് കാണികളില്‍ തെല്ല് വിരസതയുണര്‍ത്തി.
“അതിമോഹനഗാത്രിപോല്‍”
ധര്‍മ്മാഗദനായി കലാ:ഷണ്മുഖനും സന്ധ്യാവലിയായി കലാകേന്ദ്രം 
മുരളീധരന്‍ നമ്പുതിരിയും വിഷ്ണുവായി ആര്‍.എല്‍.വി.സുനിലും അരങ്ങിലെത്തി.
പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനി:രാജീവനും ചേര്‍ന്നുള്ള സംഗീതം 
കളിക്കിണങ്ങുന്നതായിരുന്നു. ആദ്യരംഗത്തില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും തുടര്‍ന്ന് കലാ:കൃഷ്ണദാസും ചെണ്ടയിലും, ആദ്യഭാഗത്ത് കലാ:നാരായണന്‍ നായരും തുടര്‍ന്ന് കലാനി: മനോജും മദ്ദളത്തിലും മികച്ചരീതിയില്‍ മേളം പകര്‍ന്നിരുന്നു.

ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് ചേര്‍ത്തല വിശ്വനാഥന്‍ നായരും 
കലാനിലയം സജിയും ആയിരുന്നു. ആലപ്പുഴജില്ലാ കഥകളിക്ലബിന്റേതുതന്നെയായിരുന്നു കോപ്പുകള്‍.
രുഗ്മാഗദചരിതത്തെ തുടര്‍ന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, 
കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം ശ്രീകുമാര്‍, കലാ:ഷണ്മുഖന്‍, ഏറ്റുമാനൂര്‍ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ദുര്യോധനവധം കഥയും ഇവിടെ അവതരിപ്പിച്ചിരുന്നു.

4 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

രുഗ്മാംഗദൻ കെട്ടാൻ ഒരു കുട്ടികളേം അവിടെ കിട്ടിയില്ലേ? പണ്ടോക്കെ അത് കുട്ടികളുടെ വേഷായിരുന്നു :)
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സു- ഉദ്ദേശിച്ചത് ധര്‍മ്മാഗദന്‍ ആയിരിക്കുമല്ലൊ. അതു കുട്ടികള്‍ കെട്ടാറുണ്ട്. അന്ന് കുട്ടികളൊന്നും കളിക്കില്ലായിരുന്നു. പിന്നെ കളി മേജര്‍സെറ്റ് ആക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഷണ്മുഖനെകൊണ്ട് കെട്ടിച്ചത്.

Gireesh പറഞ്ഞു...

എന്തിനാണാവോ ഷണ്‍മുഖനു ഒരു കുട്ടിത്തരം കിരീടം കൊടുത്തതു? കാഴ്ചയില്‍ വല്ലാത്ത അഭംഗി തോന്നുന്നു.

AMBUJAKSHAN NAIR പറഞ്ഞു...

രുഗ്മാംഗദചരിതം കഥകളിയിൽ ഒരു കുട്ടിത്തരം കഥാപാത്രമാണ് ധർമ്മാംഗദൻ. അണിയറക്കാരൻ നൽകിയത് ആയാലും ഷൺമുഖൻ തിരഞ്ഞെടുത്തത് ആയാലും കഥാപാത്രത്തിന് കുട്ടിത്തരം കിരീടം ഉചിതം തന്നെ.