കോട്ടയം കളിയരങ്ങ് വാര്‍ഷികം

കോട്ടയം കളിയരങ്ങിന്റെ മുപ്പത്തിയാറാം വാര്‍ഷികത്തിന്റെ 
ആഘോഷങ്ങള്‍ 2010 ഏപ്രില്‍24നും മെയ്1നുമായി നടത്തപ്പെടുന്നു. ആദ്യദിവസമായിരുന്ന 24/04/2010ന് തിരുനക്കര ശ്രീരംഗം ഹാളില്‍ വൈകിട്ട് 4:30മുതല്‍ കഥകളിയും അതിനിടയിലായി പൊതുയോഗവും നടന്നു. വൈസ്പ്രസിഡന്റ് എ.പി.കെ.പിഷാരടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പത്തനംതിട്ട കഥകളിക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന ആര്‍.അച്ചുതന്‍‌പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും, ക്ലബ്ബ് സെക്രട്രറി വി.ആര്‍.വിമല്‍‌രാജ് അനുസ്മരണപ്രസംഗം നടത്തുകയും ചെയ്തു. കേരളസംഗീതനാടക അക്കാഡമി അവാര്‍ഡുജേതാവായ കലാനിലയം ഉണ്ണികൃഷ്ണനെ യോഗത്തില്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. കൂടാതെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കഥകളിനടത്തിപ്പിലൂടെ സര്‍വ്വരുടേയും പ്രശംസയ്ക്ക് പാത്രീഭൂതനായിരിക്കുന്ന പയ്യനൂര്‍കളിയരങ്ങിന്റെ സെക്രട്ടറി റ്റി.എം.ജയകൃഷ്ണനെ സ്നേഹോപഹാരം നല്‍കി അഭിനന്ദിക്കുകയും ഉണ്ടായി.
റ്റി.എം.ജയകൃഷ്ണന്‍ ഉപഹാരമേറ്റുവാങ്ങുന്നു.
നളചരിതം ഒന്നാംദിവസം കഥയാണ് അന്ന് ഇവിടെ 
അവതരിപ്പിച്ചത്. നളനായി അരങ്ങിലെത്തിയ കലാമണ്ഡലം വാസുപ്പിഷാരടി നല്ല പ്രകടനം കാഴ്ച്ചവെച്ചു. 
നാരദനായി മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടിയും ഹംസമായി കലാനിലയം രാഘവനും വേഷമിട്ടു.

ആര്‍.എല്‍.വി രാധാകൃഷ്ണനായിരുന്നു ദമയന്തി. 
സഖിമാരായി കലാകേന്ദ്രം ഹരീഷും കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും അരങ്ങിലെത്തി.
‘കൃയകൊണ്ടേവം ഇരുന്നീടുമോ’
പൊന്നാനിയായി പാടിയ കലാനിലയം ഉണ്ണികൃഷ്ണന്റെ 
പാട്ട് നല്ല നിലവാരം പുലര്‍ത്തിയിരുന്നു. കലാമണ്ഡലം ഹരീഷായിരുന്നു ശിങ്കിടി.
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ 
മദ്ദളത്തിലും നല്ല മേളവും ഒരുക്കിയിരുന്നു. കലാനിലയം സജി ചുട്ടികുത്തിയ ഈ കളിക്ക് തിരുവല്ല ശ്രീവല്ലഭവിലാസം കളിയോഗത്തിന്റേതായിരുന്നു ചമയങ്ങള്‍. കളിയരങ്ങിലെ ഈ ഒന്നാംദിവസം മൊത്തത്തില്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു.
കളിയരങ്ങിന്റെ വാഷികത്തോടനുബന്ധിച്ചുള്ള രണ്ടാമത്തെ കളി 
2010 മെയ്1ന് കോട്ടയത്ത് തിരുനക്കര ശ്രീരംഗം ഹാളില്‍ വെച്ച് നടക്കും.  അന്ന് വൈകിട്ട് നാലുമുതല്‍ കലാകേന്ദ്രം ഹരീഷ്, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാകേന്ദ്രം സുഭാഷ് എന്നിവര്‍ വേഷത്തിലും കോട്ടക്കല്‍ മധു, കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ എന്നിവര്‍ പാട്ടിലും കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്‍ എന്നിവര്‍ ചെണ്ടയിലും കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും പങ്കെടുക്കുന്ന പുറപ്പാടും മേളപ്പദവും നടക്കും. തുടര്‍ന്ന് അവതരിപ്പിക്കുന്ന സീതാസ്വയംവരം കളിയില്‍ പരശുരാമനായി കോട്ടക്കല്‍ ദേവദാസും ശ്രീരാമനായി കോട്ടക്കല്‍ സുധീറും വേഷമിടും. മെയ് 1നു നടക്കുന്ന വാഷികപൊതുയോഗത്തില്‍ വെയ്ച്ച് നാട്ട്യാചാര്യന്‍ ബ്രഹ്മശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, മുതിര്‍ന്ന കഥകളി ഗായകന്‍ ശ്രീ പള്ളം മാധവന്‍ മേളാചാര്യന്‍ ശ്രീ ആയാംകുടി കുട്ടപ്പമാരാര്‍ ശതാഭിഷിക്തനായ പ്രൊ:അമ്പലപ്പുഴ രാമവര്‍മ്മ എന്നിവരെ കളിയരങ്ങ് ആദരിക്കുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.

കോട്ടക്കല്‍ ഉത്സവം (ഭാഗം 5)

കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ ആറാം ദിവസമായ 13/04/2010ന് രാത്രി 12മണിയോടെ കഥകളി ആരംഭിച്ചു. 
സുഭ്രാഹരണം ഉത്തരഭാഗമായിരുന്നു ആദ്യം അവതരിപ്പിച്ചത്. 
ഇതില്‍ ബലഭദ്രനായി സദനം രാമന്‍‌കുട്ടിയാണ് വേഷമിട്ടിരുന്നത്. വത്യസ്തമായ കുറെ കലാശങ്ങളും അതിന്റെ നൃത്തഭംഗിയും മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ വേഷത്തിന്റെ പ്രത്യേകത. എന്നാല്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള രസാഭിനയമോ സന്ദര്‍ഭോചിതമായ ആട്ടങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. ബലഭദ്രരുടെ അവതരണത്തില്‍ അഷ്ടകലാശം ഉള്‍പ്പെടെയുള്ള കലാശങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അതേപോലെ തന്നെ പ്രധാനമാണ് ആട്ടങ്ങളും. രംഗാദ്യത്തില്‍ ദ്വീപില്‍നിന്നും നൌകയില്‍ വരുന്നതും, ചരണാദ്യങ്ങളില്‍ ചൊല്ലിവട്ടംതട്ടിയാലുള്ള ആട്ടങ്ങളും അവതരിപ്പിക്കുന്നതിലാണ് രംഗം കൊഴുക്കുന്നത്. ഈവക ആട്ടങ്ങളൊന്നും ഇവിടെ ചെയ്തുകണ്ടില്ല.
ശ്രീകൃഷ്ണനായെത്തിയ കലാനിലയം ബാലകൃഷ്ണന്‍ 
ആട്ടങ്ങളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ബലഭദ്രര്‍ ഒന്നും ചോദിക്കാഞ്ഞതിനാല്‍ കൃഷ്ണനും കൂടുതലൊന്നും പ്രവര്‍ത്തിക്കാനായില്ല. വേഷത്തിലും പ്രവൃത്തിയിലും ഭംഗിയുള്ള ഇദ്ദേഹം നല്ല ഭാവപ്രകാശനത്തോടെ ഭംഗിയായിതന്നെ കൃഷ്ണനെ രംഗത്ത് അവതരിപ്പിച്ചിരുന്നു. ബലഭദ്രരെ അമിതമായി ഭയന്ന് കൈകാല്‍ വിറവലോടെ ദൂരെമാറി നില്‍ക്കുന്ന രീതിയിലാണ് പലരും സുഭദ്രാഹരണം കൃഷ്ണനെ അവതരിപ്പിക്കാറ്. എന്നാല്‍ ജേഷ്ഠന്‍ കോപിച്ചതില്‍ ഭയമുണ്ടെങ്കില്‍കൂടി സാവധാനം ബലഭദ്രന്റെ അടുത്തുകൂടി അദ്ദേഹത്തെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നരീതിയിലാണ് ബാലാശാന്‍ കൃഷ്ണനെ ഇവിടെ അവതരിപ്പിച്ചത്.
കലാമണ്ഡലം രാജേന്ദ്രന്‍ ആയിരുന്നു സുഭദ്രാഹരണത്തിന്  
പൊന്നാനിയായി പാടിയിരുന്നത്. കുപിതനായ ബലഭദ്രരുടെ ‘കുത്രവദ കുത്രവദ’ തുടങ്ങിയ പദങ്ങള്‍ക്ക് വേണ്ടത്ര ശക്തിയുള്ള പാട്ടായിരുന്നില്ല ഇദ്ദേഹത്തിന്റേത്. കലാമണ്ഡലം ബാബു നമ്പൂതിരിയായിരുന്നു ശിങ്കിടി ഗായകന്‍. കലാമണ്ഡലം രാമന്‍ നമ്പൂതിരിയും കോട്ടക്കല്‍ മനീഷ് രാമനാഥനും ചേര്‍ന്ന് ചെണ്ടയില്‍ നല്ല മേളം ഒരുക്കിയിരുന്നു.
‘ജയ ജയ രാവണാ’
ബാലിവിജയം കഥയാണ് രണ്ടാമതായി അവതരിപ്പിച്ചത്. 
സമയം കുറവുമൂലം രാവണന്റെ പതിഞ്ഞപദം ഒഴിവാക്കി നാരദന്റെ വരവുമുതലാണ് ബാലിവിജയം ആരംഭിച്ചത്. നാരദനായി അഭിനയിച്ച കലാമണ്ഡലം കുട്ടന്‍ വളരെ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. 
സദനം ബാലകൃഷ്ണനാണ് രാവണനായെത്തിയത്. 
ഭസ്മക്കുറിക്കു സമാനമായ രീതിയിലുള്ള നാമത്തോടുകൂടിയ ഇദ്ദേഹത്തിന്റെ മുഖത്തുതേയ്പ്പ് മനോഹരമായിരുന്നു. പ്രസിദ്ധമായ ‘കൈലാസോദ്ധാരണം‘ ആട്ടം ഉള്‍പ്പെടെ അദ്ദേഹം രാവണനെ നന്നായി അവതരിപ്പിച്ചിരുന്നു. സമയക്കുറവുമൂലം ‘പാര്‍വ്വതീവിരഹം’ ആട്ടം ചുരുക്കത്തില്‍ കഴിച്ചതെയുള്ളു. എന്നാല്‍ അന്ത്യഭാഗത്തെ പ്രകടനം സാധാരണയില്‍ നിന്നും വത്യസ്തമായ രീതിയിലായിരുന്നു. തൈലോക്യവിജയിയായി അഹങ്കാരത്തോടെ നടന്ന രാവണന്‍ ബാലിയുടെ വാലില്‍ കുടുങ്ങിയതോടെ ഇളിഭ്യനായിതീരുകയാണല്ലൊ. പോരാത്തതിന് ബാലിയുടെ കുത്തുവാക്കുകളും കൂടി കേള്‍ക്കുമ്പോള്‍ രാവണന്‍ തലകുമ്പിട്ട് നില്‍ക്കുകയാണ് പതിവ്. പിന്നെ ബാലിയുമായി പിരിഞ്ഞശേഷം മാത്രമെ രാവണന്‍ തന്റെ പൂര്‍വ്വഭാവത്തിലേയ്ക്ക് വരുന്നുള്ളു. എന്നാല്‍ ഇവിടെ രാവണന്റെ ഈ ഭാവമാറ്റം പ്രത്യക്ഷത്തില്‍ കണ്ടില്ല. ബാലകൃഷ്ണന്റെ രാവണന്‍ ബാലിയുടെ മുന്നിലും വീരഭാവത്തില്‍ തന്നെയാണ് നിന്നിരുന്നത്. എന്നുമാത്രമല്ല. ‘അത്രഭയം മുണ്ടന്നാകില്‍’ എന്ന് ബാലി പറയുമ്പോള്‍ ‘ഭയമില്ല, പ്രിയമെ ഉള്ളു’ എന്ന് രാവണന്‍ പ്രതിവചിക്കുകയും ചെയ്യുന്നതുകണ്ടു.
ബാലിയായി വേഷമിട്ടിരുന്നത് കോട്ടക്കല്‍ 
സുനിലായിരുന്നു. ബാലിവിജയം കഥ പാടിയത് കലാമണ്ഡലം മോഹനകൃഷ്ണനും കോട്ടക്കല്‍ സുരേഷും ചേര്‍ന്നാണ്. പി.എസ്സ്.വി.നാട്ട്യസംഘം കലാകാരന്മാര്‍ അവതരിപ്പിച്ച ദക്ഷയാഗം കഥയും ഇതിനെതുടര്‍ന്ന് ഇവിടെ അവതരിപ്പിച്ചിരുന്നു. കലാനിലയം ജനാര്‍ദ്ദനന്‍‍, കോട്ടക്കല്‍ രാമചന്ദ്രന്‍, സദനം ശ്രീനിവാസന്‍, കോട്ടക്കല്‍ സതീശ്, സദനം അനില്‍ എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടിക്കാര്‍. ബാലിയുടെ ചുട്ടി പുതുമയുള്ളതും മനോഹരവുമായിരുന്നു.
ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

കോട്ടക്കല്‍ ഉത്സവം (ഭാഗം 4)

കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ അഞ്ചാം ദിവസമായ 12/04/2010ന് രാത്രി 11:30ന്  കളിക്ക് വിളക്കുവെച്ചു. 
കൊട്ടാരക്കരതമ്പുരാന്റെ സീതാസ്വയംവരം കഥയിലെ 
പരശുരാമന്റെ രംഗമാണ് ഈദിവസം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ പരശുരാമനായെത്തിയ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കുഞ്ചുനായരാശാന്‍ ചിട്ടപ്പെടുത്തിയ രീതിയില്‍-തപസ്സുണരുന്നതും ശ്രീമാന്‍ ശൈവചാപം ഖണ്ഡിച്ചതായി അറിയുന്നതുമായ ആട്ടത്തോടെയാണ് രംഗം ആരംഭിച്ചത്.  പദങ്ങള്‍ക്കിടയില്‍ വരുന്ന പത്തോളം കലാശങ്ങളും ചൊല്ലിവട്ടംതട്ടുന്നിടത്തുള്ള ആട്ടങ്ങളുമാണ് പരശുരാന്റെ അവതരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ഇവയെല്ലാംതന്നെ കുണ്ഡലായര്‍ നന്നായി ചെയ്തിരുന്നു.
രാമനായെത്തിയ കോട്ടക്കല്‍ സുധീറും നല്ല പ്രകടനമാണ് 
കാഴ്ച്ചവെച്ചിരുന്നത്. ദശരഥനായി ആര്‍.എല്‍.വി.സുനിലും ലക്ഷ്മണനായി കോട്ടക്കല്‍ ബാലനാരായണനുമാണ് അരങ്ങിലെത്തിയത്.
ഈ കഥയ്ക്ക് കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും 
കലാമണ്ഡലം വിനോദും ചേന്ന് കഥകളിത്തമുള്ള പാട്ടും, കോട്ടക്കല്‍ പ്രസാദും കോട്ടക്കല്‍ വിജയരാഘവനും ചേര്‍ന്ന് ചെണ്ടയിലും, തൃപ്പലമുണ്ട  നടരാജവാര്യരും കോട്ടക്കല്‍ ശബരീഷും ചേര്‍ന്ന് മദ്ദളത്തിലും മികച്ച മേളവും ഒരുക്കിയതോടെ സീതാസ്വയംവരം കാണികള്‍ക്ക് ഏറെ ആസ്വാദ്യമായി തീര്‍ന്നു.
ഇരയിമ്മന്‍ തമ്പിയുടെ കീചകവധം കഥയാണ് 
ഈ ദിവസം രണ്ടാമതായി അവതരിപ്പിച്ചത്. ഇതില്‍ സുദേഷ്ണയായി കലാമണ്ഡലം പത്മനാഭനും സൈരന്ധ്രിയായി കോട്ടക്കല്‍ രാജുമോഹനും വേഷമിട്ടു. അമിതാഭിനയവും അനാവശ്യമായ ആട്ടങ്ങളും നിറഞ്ഞ രാജുമോഹന്റെ സൈരന്ധ്രി പലപ്പോഴും സന്ദര്‍ഭത്തിനു യോജിക്കാതെ പെരുമാറുന്നതായി തോന്നി. ‘കേകയഭൂപതി കന്യേ’ എന്നപദം പതിഞ്ഞകാലത്തില്‍  തുടങ്ങിയപ്പോള്‍ ഇദ്ദേഹം ലേശം ആയാസപ്പെടുന്നുണ്ടായിരുന്നു. പല്ലവികഴിഞ്ഞ് കാലം തള്ളികിട്ടിയതോടെ ആയാസം വിട്ടു. കീചകന്റെ പതിഞ്ഞപദസമയത്ത് പാത്രസ്വഭാവത്തിനു വിരുദ്ധമായി സൈരന്ധ്രി ശൃഗാരഭാവത്തിലാണ് നിന്നിരുന്നത്. 
കീചകവേഷത്തിലെത്തിയ കലാമണ്ഡലം കൃഷ്ണകുമാര്‍ വിടത്തമാര്‍ന്ന 
പ്രവൃത്തികളോടെയും ഭാവാഭിനയത്തോടെയും നന്നായി അഭിനയിച്ചു. 
വലലനായി അഭിനയിച്ച കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
















കീചകവധാനന്തരമുള്ളതും സാധാരണപതിവില്ലാത്തതുമായ 
ഉപകീചകവധവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കോട്ടക്കല്‍ മുരളീധരനാണ് ഉപകീചകനായെത്തിയത്. ഭീരുവായി കോട്ടക്കല്‍ മനോജും വേഷമിട്ടു.
കീചകവധം ആദ്യഭാഗം കലാ:വിനോദും 
കോട്ടക്കല്‍ സുരേഷും ചേര്‍ന്നും തുടര്‍ന്ന് കോട്ടക്കല്‍ വെങ്ങേരി നാരായണനും കോട്ടക്കല്‍ സന്തോഷും ചേര്‍ന്നുമാണ് പാടിയത്.
വാഴേങ്കിട കൃഷ്ണദാസ്, കോട്ടക്കല്‍ മനീഷ് രാമനാഥന്‍ 
എന്നിവരായിരുന്നു ചെണ്ടകൊട്ടിയത്. കലാമണ്ഡലം ഈശ്വരവാര്യര്‍, തൃപ്പലമുണ്ട നടരാജവാര്യര്‍ തുടങ്ങിയവരായിരുന്നു മദ്ദളത്തിന്
കലാനിലയം പരമേശ്വരന്‍‍, കോട്ടക്കല്‍ രാമചന്ദ്രന്‍, 
സദനം ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ഈ ദിവസത്തെ ചുട്ടിക്കാര്‍. ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

കോട്ടക്കല്‍ ഉത്സവം (ഭാഗം 3)

‘നല്ലാര്‍ കുല
കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ നാലാം ദിവസമായ 11/04/2010ന് രാത്രി 12ന്  കളിക്ക് വിളക്കുവെച്ചു.
 ‘മടങ്ങുകയല്ലല്ലീ സഖീ’
ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ലളിതയായി കലാമണ്ഡലം രാജശേഘരനും പാഞ്ചാലിയായി കലാമണ്ഡലം വൈശാഘും വേഷമിട്ടു. രാജശേഘരന്റെ ലളിതയ്ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളോന്നും ഇല്ലെങ്കിലും നല്ല നിലവാരം പുലര്‍ത്തുന്നതായിരുന്നു.
‘ശരീരമിതു മമ കണ്ടായോ
ഈ രംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും
കോട്ടക്കല്‍ വെങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു പാടിയത്. ചെണ്ടയും ഇടയ്ക്കയും കോട്ടക്കല്‍ വിജയരാഘവന്‍ കൈകാര്യം ചെയ്തപ്പോള്‍ മദ്ദളം വായിച്ചത് കലാമണ്ഡലം ഹരിനാരായണന്‍ ആയിരുന്നു.
‘പാഞ്ചാലരാജ തനയേ’
കൈല്യാണസൌഗന്ധികം ആയിരുന്നു രണ്ടാമതായി അവതരിപ്പിച്ച കഥ. 
ഇതില്‍ ഭീമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും പാഞ്ചാലിയായി വെള്ളിനേഴി ഹരിദാസും അരങ്ങിലെത്തി. ബാലസുബ്രഹ്മണ്യന്‍ ആദ്യരംഗത്തിലെ പതിഞ്ഞപദം ഉള്‍പ്പെടെയുള്ള ചൊല്ലിയാട്ടങ്ങള്‍ നന്നായി ചെയ്തിരുന്നു. തുടര്‍ന്നുള്ള ആട്ടത്തില്‍, പ്രാധാന്യം അര്‍ഹിക്കുന്ന വനവര്‍ണ്ണനയും ഗന്ധമാദനപര്‍വ്വതത്തിന്റെ വര്‍ണ്ണനയും ഉപേക്ഷിച്ച ഇദ്ദേഹം അജഗരകബളിതം ആടിയിരുന്നു എങ്കിലും ഇത് അത്ര അനുഭവവേദ്യമായതുമില്ല. ഭീമന്റെ ആട്ടത്തില്‍ അജഗരകബളിതം വിട്ടാലും വനവര്‍ണ്ണനയാണ് അവശ്യം ചെയ്യേണ്ടത്.
‘ഗുഹാന്തരേ മേവുന്നു’
കല്യാണസൌഗന്ധികം ആദ്യരംഗത്തിലും പാട്ട് പത്തിയൂരും 
വേങ്ങേരിയും ചേര്‍ന്നായിരുന്നു. സദനം വാസുദേവനും(ചെണ്ട) കലാമണ്ഡലം ശശിയും(മദ്ദളം) ആയിരുന്നു മേളത്തിന്

ഹനുമാനായി വേഷമിട്ട മടവൂര്‍ വാസുദേവന്‍ നായര്‍ 
മികച്ച പ്രകടനം കാഴ്ച്ചവെയ്ച്ചു. പദത്തിനിടയിലെ അഷ്ടകലാശവും പാത്രോചിതമായ ചെറു ആട്ടങ്ങളും ഭാവങ്ങളും മടവൂരിന്റെ ഹനുമാനെ വത്യസ്തനാക്കുന്നു. ‘മാന്യനായ തവ സോദരന്‍’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ചുകൊള്ളാം എന്ന് ഉറപ്പിക്കുവാന്‍ കാരണമായ കഥ ചുരുക്കി ആടുകയുമുണ്ടായി ഇദ്ദേഹം.




ഹനുമാന്‍ പറയുന്നത് ശ്രദ്ധിക്കാതെ തന്റെ ആട്ടങ്ങള്‍ നടത്തുകയും, 
ഹനുമാന്‍ ആടുമ്പോള്‍ അതില്‍ അനാവശ്യമായി ഇടപെട്ടുകൊണ്ടുമാണ് ഭീമന്‍ അരങ്ങില്‍ വര്‍ത്തിച്ചിരുന്നത്. ഹനുമാനും ഭീമനും എന്ന നിലക്കും അതല്ല; മടവൂരും ബാലസുബ്രഹ്മണ്യനും എന്ന നിലയ്ക്കുനോക്കിയാലും ഇത് ഉചിതമായ പ്രവൃത്തിയായില്ല.



ഹനുമാന്റെ രംഗങ്ങളില്‍ കലാമണ്ഡലം ഹരീഷും 
കോട്ടക്കല്‍ സുരേഷും ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാ:ഹരിനാരായണന്‍ മദ്ദളത്തിലും മേളമൊരുക്കി.



ബാലിവധം കഥയാണ് ഈ ദിവസം തുടര്‍ന്നവതരിപ്പിച്ചത്. 
ഇതില്‍ സുഗ്രീവവേഷമിട്ടിരുന്നത് കോട്ടക്കല്‍ ദേവദാസ് ആയിരുന്നു. ഇദ്ദേഹം തന്റേടാട്ടം നന്നായി ചെയ്തിരുന്നുവെങ്കിലും ആട്ടങ്ങളില്‍ പൂര്‍ണ്ണതവരുത്തുവാന്‍ ശ്രദ്ധിച്ചിരുന്നില്ല. ആകാശത്തിലൂടെ ചാടിപോകവേ ബാലി ഋഷ്യമൂകാചലത്തിലിരിക്കുന്ന സുഗ്രീവന്റെ തലയില്‍ ചവുട്ടിയെന്നും ഇതുകണ്ട ഹനുമാന്‍ ബാലിയുടെ കാലില്‍ പിടിച്ച് വലിച്ചു എന്നും സുഗ്രീവന്‍ ആടിയിരുന്നു. എന്നാല്‍ ഇനി മേലില്‍ സുഗ്രീവനെ ചവിട്ടില്ല എന്ന് സത്യം ചെയ്യിച്ചിട്ടാണ് ബാലിയുടെ കാല്‍ വിട്ടത് എന്ന് ആടി ആട്ടം പൂര്‍ത്തിയാക്കിയതായി കണ്ടില്ല. ഇതു പോലെ അകലെനിന്നും വരുന്നവര്‍ ശത്രുക്കളെങ്കില്‍ വധിച്ചുകളയുവാന്‍ ഹനുമാനോട് നിര്‍ദ്ദേശിച്ച സുഗ്രീവന്‍ മിത്രങ്ങളെങ്കില്‍ കൂട്ടിക്കൊണ്ടു വരുവാന്‍ നിര്‍ദ്ദേശിക്കുന്നതും കണ്ടില്ല. സീതയുടെ ആഭരണങ്ങള്‍ രാമനു നല്‍കുന്ന ഭാഗവും ഇവിടെ ചെയ്തുകണ്ടില്ല. കഥാന്ത്യത്തില്‍ രാജ്യാഭിഷിക്തനാകുന്ന സമയത്ത് അംഗദനെ മടിയിലിരുത്തിക്കൊണ്ടാണ് സുഗ്രീവന്‍ ഇരുന്നിരുന്നത്.
 


കലാമണ്ഡലം അരുണ്‍ വാര്യരാണ് രാമനായി വേഷമിട്ടിരുന്നത്.
ബാലിയായി എത്തിയ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ 
നല്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കോങ്ങാട്ടെ ബാലിവധത്തിലെപോലെ തന്നെ ഇവിടയും, ഇരുന്നുകൂക്കല്‍ പീഠത്തിലിരുന്നുകൊണ്ട് ചെയ്യുകയും അതിനെ തുടര്‍ന്നുള്ള കിടന്നുചവുട്ടല്‍ എന്ന ഇനം ഒഴിവാക്കുകയും ചെയ്തിരുന്നു. ബാലിയുടെ അന്ത്യഭാഗം അതായത് ‘താരയാം വാനരസ്ത്രീ’ എന്ന ശ്ലോകത്തിനുശേഷമുള്ള ഭാഗത്തിന്റെ അവതരണം ഔചിത്യപരമായി തോന്നിയില്ല. ഇവിടെയുള്ള ‘ബാധിതസ്യ സായകേന’ എന്ന ബാലിയുടെ പദത്തിന് പൂര്‍ണ്ണമായി മുദ്രകള്‍ കാട്ടേണ്ടതില്ല. ‘ഒരു മൊഴി പറയാനും പണിയായി’ എന്നാണല്ലൊ പദത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ ബാലികള്‍ ഇവിടെ മുദ്ര വടിവായിതന്നെ കാണിക്കും. മുദ്രപൂര്‍ത്തിയായി കാണാതെ പാട്ടുകാര്‍ തുടര്‍ന്നു പാടുകയുമില്ല. ഒരു മൊഴി പറയാനും പണിയായ ശേഷവും ഉണ്ണിത്താന്റെ ബാലി മുട്ടില്‍കുത്തി നില്‍ക്കുകയും ‘രാമ’, ‘സ്വാമീ’, ‘താരെ’, ‘അംഗദ’ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ വിഷ്ണുഭഗനെ ദര്‍ശ്ശിക്കുകയും തന്നെ വധിച്ചിരിക്കുന്നതെന്ന് അദ്ദേഹമാണന്നും തനിക്ക് മോക്ഷമാണ് ലഭിച്ചിരിക്കുന്നതെന്നും ഒക്കെ അറിഞ്ഞ് ശേഷം ബാലി താരയ്ക്കും അംഗദനും ആരുമില്ലെന്ന് രോദനം ചെയ്യുന്നതും പച്ചമരുന്ന് ഞെരടി മുറിവില്‍ വെയ്ക്കുന്നതും, കുടിക്കാന്‍ ജലം കൊണ്ടുവാ എന്ന് രാമനോട് പറയുന്നതും ഒക്കെ ഉള്‍ക്കൊള്ളുവാന്‍ ആകുന്നില്ല. ഈ ഭാഗത്ത് വേദന, ഭക്തി എന്നീഭാവങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് മരണത്തിലേയ്ക്ക് നീങ്ങുന്നതാണ് നന്നെന്നു തോന്നുന്നു.





കലാ:ഹരീഷ് ആയിരുന്നു ബാലിവധത്തിന് പൊന്നാനി പാടിയത്. 
പൊതുവേ നന്നായി പാടിയിരുന്നുവെങ്കിലും ഇദ്ദേഹം ബാലിയുടെ പദത്തിന്റെ കാലം താഴ്ത്തിയത് ഉചിതമായി തോന്നിയില്ല. ക്രുദ്ധഭാവത്തിലുള്ള ബാലിയുടെ പദം ഉയര്‍ന്ന കാലത്തില്‍ തന്നെ പാടുന്നതാണ് ചേര്‍ച്ച. കോട്ട: സുരേഷും കോട്ടക്കല്‍ സന്തോഷും ആയിരുന്നു ശിങ്കിടിയ്ക്ക്. കലാനിലയം കുഞ്ചുണ്ണിയും കോട്ട:വിജയരാഘവനും ചേര്‍ന്ന് ബാലിവധം ആദ്യഭാഗത്തും തുടര്‍ന്ന് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും കോട്ടക്കല്‍ മനീഷ് രാമനാഥനും ചേര്‍ന്നും ചെണ്ടയില്‍ നല്ല മേളമാണ് ഒരുക്കിയിരുന്നത്.

ബാര്‍ബറ വിജയ കുമാര്‍, കോട്ടക്കല്‍ രാമചന്ദ്രന്‍ 
തുടങ്ങിയവരായിരുന്നു ഈ ദിവസത്തെ ചുട്ടിക്കാര്‍. ഹനുമാന്റെ ചുട്ടി വേണ്ടത്ര നന്നായിരുന്നില്ല.
ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

കോട്ടക്കല്‍ ഉത്സവം (ഭാഗം 2)

കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ മൂന്നാം ദിവസമായ 10/04/2010ന് രാത്രി 9:30ന്  നാലുമുടി പുറപ്പാടോടുകൂടി കളി ആരംഭിച്ചു. തുടര്‍ന്ന് കോട്ടക്കല്‍ വെങ്ങേരി നാരായണനും കോട്ടക്കല്‍ സന്തോഷും പാട്ടിലും കലാമണ്ഡലം കൃഷ്ണദാസും കോട്ടക്കല്‍ പ്രസാദും ചെണ്ടയിലും കലാമണ്ഡലം നാരായണന്‍ നമ്പീശനും കോട്ടക്കല്‍ രവിയും മദ്ദളത്തിലും പങ്കുചേര്‍ന്ന ഇരട്ടമേളപ്പദവും നടന്നു.
‘ക്ലെശവിനാശനത്തിനു നൂനം കൌശലമേറും’
നളചരിതം നാലാംദിവസം കഥയാണ് ആദ്യമായി 
ഈദിവസം അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ദമയന്തിയായി കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരിയും കേശിനിയായി കോട്ടക്കല്‍ ഹരികുമാറും വേഷമിട്ടു.
‘ആരെടോ നീ’
കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരാണ് ബാഹുകനായത്. 
എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും ഇദ്ദേഹത്തിന്റെ ബാഹുകനില്‍ കണ്ടില്ല. ഇദ്ദേഹത്തിന്റെ നളചരിതം മറ്റുദിവസങ്ങളിലെ നളന്റെ അവതരണത്തില്‍ കണാറുള്ളതുപോലെ പ്രത്യേകമായ ആട്ടങ്ങളും നാലാം ദിവസത്തില്‍ കണ്ടില്ല. പാചകാദിആട്ടങ്ങള്‍ ചെയ്തതല്ലാതെ നളന്റെ അപ്പോഴത്തെ അവസ്ഥയേയോ ചിത്തവൃത്തികളേയോ വെളിവാക്കുന്ന തരത്തിലുള്ള അഭിനയത്തിന്റേയും ആട്ടങ്ങളുടേയും കുറവ് ബാഹുകനെ ശരാശരിനിലവാരത്തില്‍ ഒതുക്കി.
കോട്ടക്കല്‍ നാരായണനും കോട്ടക്കല്‍ സുരേഷും ചേര്‍ന്നാണ്  
നാലാം ദിവസം പാടിയത്. അധികം ചടുലതയില്ലാതെ അവതരിപ്പിച്ചിരുന്ന ബാഹുകന് ചേര്‍ന്ന പാട്ടായിരുന്നു ഇവരുടേത്.
കലാമണ്ഡലം സോമന്‍(ദുര്യോധനന്‍), കോട്ടക്കല്‍ ഹരീശ്വരന്‍(ദുശ്ശാസനന്‍), 
കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായര്‍(പാഞ്ചാലി), കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍(ശ്രീകൃഷ്ണന്‍), കോട്ടക്കല്‍ ഹരിദാസ്(രൌദ്രഭീമന്‍) തുടങ്ങിയവര്‍ പങ്കെടുത്ത് ദുര്യോധനവധംകഥ(മൂന്നാം രംഗം മുതല്‍) ആയിരുന്നു ഈ ദിവസം രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത്. ഹരിദാസന്റെ ദൌദ്രഭീമനെ കണ്ടപ്പോള്‍ ദൌദ്രതയല്ല, ദീനതയാണ് തോന്നിയത്. കണ്ണിനുതാഴെയും മറ്റും ചുവപ്പുവരകള്‍ വരയ്ക്കുന്നത് ഇതിന് കാരണമായി എന്നു തോന്നുന്നു. നരസിംഹാവേശിതനാവുന്ന ഭാഗത്ത് രൌദ്രഭീമന് ആലവട്ടം പിടിക്കുന്നത് കണ്ടു! ഭാവിയില്‍ മേല്‍ക്കട്ടിയും പന്തങ്ങളും തെള്ളിപ്പൊടിയേറും ഒക്കെ തുടങ്ങുമായിരിക്കും! ഭാവം മുഖത്തുവരുത്താനാവാത്തപ്പോള്‍ എങ്ങിനെയെങ്കിലും ആ ഭാവപശ്ചാത്തലം സൃഷ്ടിക്കുവാനുള്ള തത്രപാടിന്റെ ഭാഗമാണ് ചുട്ടിയിലും തേപ്പിലും മോഡികൂട്ടലും മുടിമുന്നിലേയ്ക്കിടലും ആലവട്ടം പിടിക്കലും ഒക്കെ ഇന്ന് പല അരങ്ങുകളിലും കാണുന്നത്. 
ഉത്സവത്തിന്റെ രണ്ടാം ദിവസത്തെ മേളപ്പദമുള്‍പ്പെടെയുള്ള കളി 
ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്നതായിരുന്നു. എന്നാല്‍ പി.എസ്സ്.വി.നാട്യസംഘത്തിലെ യുവകലാകാരന്മാരും ഭാവിപ്രതീക്ഷകളുമായ രണ്ടുപേരുടെ പ്രകടനങ്ങള്‍ എടുത്തുപറയത്തക്കതായി തോന്നി. കേശിനിയായെത്തിയ ഹരികുമാറും, കൃഷ്ണനായെത്തിയ സി.എം.ഉണ്ണികൃഷ്ണനും. നല്ലവേഷഭംഗിയും കളരിചിട്ടയുമുള്ള ഇരുവരും നന്നായി വേഷമൊരുങ്ങിയെത്തുകയും തങ്ങളുടെ കഥാപാത്രത്തേയും സന്ദര്‍ഭത്തേയും ഉള്‍ക്കൊണ്ട് നന്നായി അഭിനയിക്കുകയും ചെയ്തിരുന്നു.
ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ 
ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

കോട്ടക്കല്‍ ഉത്സവം (ഭാഗം 1)

കോട്ടക്കല്‍ ആര്യവൈദ്യശാലവക കോട്ടക്കല്‍ 
വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ തിരുഉത്സവം വിവിധ കലാപരിപാടികളോടുകൂടി ഏപ്രില്‍ 8മുതല്‍ 14വരെ ആഘോഷിക്കപ്പെട്ടു. ഉത്സവത്തിന്റെ ഭാഗമായി  ഏപ്രില്‍9 മുതല്‍ 13വരെ 5രാവുകളില്‍ മേജര്‍സെറ്റ് കഥകളികള്‍ അരങ്ങേറി. ആദ്യദിവസമായ 09/04/2010ന് രാത്രി 10:30ന് കളിയ്ക്ക് വിളക്കുവെച്ചു. തുടര്‍ന്ന് കോട്ടക്കല്‍ ഷിജിത്ത് ബലഭദ്രരായും കുമാരി ഗായത്രി ശ്രീകൃഷ്ണനായും അരങ്ങിലെത്തിയ പുറപ്പാട് അവതരിപ്പിക്കപ്പെട്ടു. 
പുറപ്പാട്
നളചരിതം ഒന്നാംദിവസം കഥയാണ് ആദ്യമായി 
ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നാരദനായി കോട്ടക്കല്‍ കേശവന്‍ എമ്പ്രാന്തിരിയും നളനായി കലാമണ്ഡലം ഗോപിയും വേഷമിട്ടു. ഗോപിയാശാന്‍ തരക്കേടില്ലാതെ നളനെ അവതരിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം അമ്പലപ്പുഴയില്‍ കണ്ട ഒന്നാം ദിവസത്തിന്റെ അത്രയും മെച്ചപ്പെട്ടതായിരുന്നില്ല ഇദ്ദേഹത്തിന്റെ പ്രകടനം. ആശാന് കൂടുതല്‍ അവശത അനുഭവപ്പെട്ടിരുന്നു. ഇതിനാലാകാം ഗോപിയാശാന്‍ പദത്തിനിടയിലുള്ള തോംകാരങ്ങള്‍ കവളിക്കുകയും നിന്നുകൊണ്ടുള്ള ആട്ടങ്ങള്‍ വെട്ടിചുരുക്കുകയും ചെയ്തത്. എന്നാല്‍ ഇരുന്നുകൊണ്ടുള്ള വീണവായന, കാമബാണം തുടങ്ങിയ ആട്ടങ്ങള്‍ ഇവിടെ വിസ്തരിച്ച് അവതരിപ്പിച്ചിരുന്നു.
‘ഉന്നത തപോനിധേ’
ഹംസവേഷത്തിലെത്തിയ സദനം കൃഷ്ണന്‍‌കുട്ടി 
സരസതയുടെ കൂടുതല്‍കൊണ്ട് പലപ്പോഴും കഥാപാത്രത്തിന്റെ നിലവിട്ടുപോയിരുന്നു. പദാഭിനയത്തില്‍ ഹംസത്തിനു പ്രത്യേകമായുള്ള ചുവടുകളും മറ്റും അവതരണത്തില്‍ ഉണ്ടായിരുന്നുമില്ല.
‘നീ പോയ് വരേണം’
കലാനിലയം ഉണ്ണികൃഷ്ണനും കലാനിലയം രാജീവനും 
ചേര്‍ന്നാണ് ഒന്നാംദിവസം ആദ്യഭാഗത്തെ പദങ്ങള്‍ ആലപിച്ചിരുന്നത്. നല്ല സമ്പൃദായത്തിലുള്ള ഇവരുടെ പാട്ടില്‍ ‘കുണ്ഡിനനായകനന്ദിനി’ എന്ന നളന്റെ വിചാരപദത്തിലെ ‘കബരീപരിചയപദവിയോ’ എന്നഭാഗത്ത് മേല്‍‌സ്ഥായീപ്രയോഗം നടത്തിയിരുന്നു. പണ്ട് കഥകളിസംഗീതത്തില്‍ പ്രഥാനമായിരുന്ന സ്ഥായീപ്രയോഗങ്ങള്‍ ഇന്ന് വിരളമായെ കളിയരങ്ങുകളില്‍ കേള്‍ക്കുന്നുള്ളു. ഈ ഭാഗത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയിലും കലാമണ്ഡലം നാരായണന്‍ നായര്‍ മദ്ദളത്തിലും മികച്ചമേളവും ഒരുക്കിയിരുന്നു.
കാലകേയവധം കഥയാണ് രണ്ടാമതായി ഇവിടെ 
അവതരിപ്പിക്കപ്പെട്ടത്. ഉര്‍വ്വശി രംഗത്തുവരുന്ന ആറാം രംഗം മുതല്‍ അവതരിപ്പിച്ചിരുന്ന കാലകേയവധത്തില്‍ നിവാതകവചന്റെ രംഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ ഉര്‍വ്വശിയായി അഭിനയിച്ച മാര്‍ഗ്ഗി വിജയകുമാര്‍ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്. സവിശേഷമായ ഇരട്ടിയോടുകൂടിയ പതിഞ്ഞകാലത്തിലുള്ള ‘പാണ്ഡവന്റെ രൂപം കണ്ടാല്‍’ എന്ന പദവും, ‘സ്മരസായക ദൂനാം’ എന്നപദവും ചിട്ടയാര്‍ന്നരീതിയിലും നല്ല ഭാവപ്രകടനത്തോടെയും അതിമനോഹരമായി ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.
‘തണ്ടാര്‍ബാണതുല്യനായ്’
സഖിയായി കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍ അരങ്ങിലെത്തി.
‘സ്മരസായക ദൂനാം’
 അര്‍ജ്ജുനവേഷമിട്ട കലാമണ്ഡലം ശ്രീകുമാറും മികച്ച പ്രകടനമാണ് 
കാഴ്ച്ചവെയ്ച്ചിരുന്നത്. ഏഴാം രംഗത്തില്‍ ഉര്‍വ്വശിയെ കണ്ടയുടന്‍ അര്‍ജ്ജുനന്‍ എഴുന്നേറ്റ് വന്ദിക്കുന്നതായി ഇദ്ദേഹം നടിക്കുകയുണ്ടായി. നിറയെ കലാശങ്ങളും യുദ്ധവും അടങ്ങുന്ന തുടര്‍ന്നുള്ള രംഗങ്ങളും ശ്രീകുമാര്‍ നന്നായി അവതരിപ്പിച്ചു.
‘അല്ലല്‍ പെരുകി വലയുന്നു ഞാന്‍’
പാലനാട് ദിവാകരന്‍ നമ്പൂതിരിയും കോട്ടക്കല്‍ മധുവും ചേര്‍ന്ന് 
ആദ്യ ഭാഗത്ത് നനായി പാടിയപ്പോള്‍ കലാമണ്ഡലം വിജയകൃഷ്ണന്‍ ചെണ്ടയിലും കോട്ടക്കല്‍ മനീഷ് രാമനാഥന്‍ ഇടയ്ക്കയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഒരുക്കിയ മേളവും ശരാശരി നിലവാരം പുലര്‍ത്തുന്നതായിരുന്നു. ഉര്‍വ്വശിയുടെ പദത്തിലെ ‘ദിനകരേണ രതി’ എന്നുതുടങ്ങുന്ന ചരണം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല.
‘കരിണി ഹരിണത്തെ ആഗ്രഹിച്ചീടുമോ?’
 ഇന്ദ്രനായി കോട്ടക്കല്‍ ഹരീശ്വരന്‍ രംഗത്തെത്തി.
‘ഷണ്ഡനായി വനുമെന്നു നിര്‍ണ്ണയം’
 കാലകേയവേഷമിട്ട നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും 
മികച്ചപ്രകടനം കാഴ്ച്ചവെച്ചു. കാലകേയന്റെ തന്റേടാട്ടത്തില്‍ താന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് ഒരു മനുഷ്യനാലല്ലാതെ വധിക്കപ്പെടുകയില്ലെന്ന വരവും, ലോകത്തിലെവിടെയും അതിവേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്നതായ ഒരു പുരവും വാങ്ങിയതായ കഥകള്‍ ആടുകയുണ്ടായി.
ഭീരുവേഷമിട്ട കോട്ടക്കല്‍ സുനിലിന്റെ തേപ്പും പ്രവൃത്തികളും 
അത്ര നന്നായിരുന്നില്ല. ഈ ഒരു പോരായ്ക ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാംകൊണ്ടും കാലകേയവധത്തിന്റെ അവതരണം മികച്ചതായിരുന്നു. ഈ വര്‍ഷത്തെ കോട്ടക്കല്‍ ഉത്സവകളികളില്‍ ഏറ്റവും കേമമായത് ഈ കാലകേയവധം തന്നെയായിരുന്നു എന്ന് നിസംശയം പറയാം.
‘വാടാ പോരിനായിവിടെ’
കോട്ടക്കല്‍ എം.എന്‍.മുരളിയാണ് നന്ദികേശ്വരനായത്തിയിരുന്നത്.
കാലകേയവധം അവസാനഭാഗത്ത് കോട്ടക്കല്‍ വിജയരാഘവനും 
കോട്ട:മനീഷ് രാമനാഥനും ചേര്‍ന്ന് ചെണ്ടയിലും കപ്ലിങ്ങാട് വാസുദേവന്‍ നമ്പൂതിരിയും കോട്ടക്കല്‍ സുഭാഷും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളവും ഒരുക്കി. കോട്ടക്കല്‍ സുരേഷും കോട്ടക്കല്‍ സന്തോഷും ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്.
കലാമണ്ഡലം ശിവരാമന്‍, കോട്ടക്കല്‍ സതീശ്, 
സദനം ശ്രീനിവാസന്‍, സദനം അനില്‍ എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍. കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ഒന്നാംതരം ചമയങ്ങള്‍ കളിക്ക് മിഴിവുകൂട്ടി. അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു അണിയറകൈകാര്യം ചെയ്തിരുന്നത്.