പാലാ പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ
തിരുവുത്സവം ഈ മാസം 6മുതല്‍ 13വരെ നടക്കുന്നു. ഇതിനോടനുബന്ധിച്ച് 07/02/2010ന് രാത്രി 9:30മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. യദൂകൃഷ്ണനും കിരണ്‍ പ്രശാന്തും ചേര്‍ന്നവതരിപ്പിച്ച പുറപ്പാടോടെ ആരംഭിച്ച കളിയില്‍ മൂന്ന് കഥകളാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. പാലക്കാട് അമൃതശാസ്ത്രികളുടെ ലവണാസുരവധവും (മണ്ണാനും മണ്ണാത്തിയുമായുള്ള രംഗം മാത്രം), ഇരയിമ്മന്‍ തമ്പിയുടെ കീചകവധം, ദക്ഷയാഗം എന്നിവയുമായിരുന്നു അവ.
.
.
മണ്ണാനായി കലാമണ്ഡലം കേശവദേവും മണ്ണാത്തിയായി
കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയുമായിരുന്നു അരങ്ങിലെത്തിയത്. അധികമായി അവതരിപ്പിച്ച് ശീലമില്ലാത്തതിന്റെ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ചേര്‍ന്ന് രസകരമായി തന്നെ ഈ രംഗം അവതരിപ്പിച്ചിരുന്നു.
.
.
കീചകവധത്തില്‍ ആര്‍.എല്‍.വി രാധാകൃഷ്ണന്‍ സൈരന്ധ്രിയായും
കലാകേന്ദ്രം ഹരീഷ് സുദേഷ്ണയായും വേഷമിട്ടു. ‘കേകയ ഭൂപതി കന്യേ’ എന്ന പതിഞ്ഞകാലത്തിലുള്ള പദം അവതരിപ്പിക്കുവാന്‍ രാധാകൃഷ്ണന്‍ വല്ലാതെ ക്ലേശിക്കുന്നതായി തോന്നി. പതിവുപോലെ തന്നെ അമിതവും നാടകീയവുമായ അഭിനയത്താലും അധികമായ പ്രതികരണങ്ങളാലും ഇദ്ദേഹത്തിന്റെ സൈരന്ധ്രി വിരസതയുണര്‍ത്തി. കീചകനെ കൊല്ലേണ്ടവിധം എങ്ങിനെ എന്ന് വലലന് ക്ലാസെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു സൈരന്ധ്രി!
.
കീചകനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍
ചിട്ടപ്രകാരമുള്ളതും ഭംഗിയുള്ളതുമായ അവതരണത്തിലൂടെ ആസ്വാദകമനസ്സുകള്‍ക്ക് തൃപ്തിയേകി.
.
കലാകേന്ദ്രം സുഭാഷ് വലലവേഷമിട്ടു.
.
മൂന്നാമത് കഥയായ ദക്ഷയാഗം ‘കണ്ണിണക്കാനന്ദം’ മുതലാണ്
മൂന്നാമത് കഥയായ ദക്ഷയാഗം ‘കണ്ണിണക്കാനന്ദം’ മുതലാണ്
ആരംഭിച്ചത്. ഇതില്‍ ദക്ഷനായെത്തിയ ഫാക്റ്റ് മോഹനന്‍ നല്ല പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. കഥകളിത്തവും ഭംഗിയുമുള്ള അഭിനയമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇവിടെ നന്ദികേശ്വരന്റെ രംഗം ഉണ്ടായിരുന്നില്ല. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ സാധാരണ ദക്ഷന്‍ ആട്ടത്തിലുടെ ഈ ഭാഗം അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇവിടെ അതും ഉണ്ടായില്ല. വേദവല്ലിയായും കലാകേന്ദം മുരളീധരന്‍ നമ്പൂതിരിതന്നെയാണ് അരങ്ങിലെത്തിയിരുന്നത്. സതിയായി കലാകേന്ദ്രം ഹരീഷും വടുവായി തിരുവഞ്ചൂര്‍ സുഭാഷും ശിവനായി കലാമണ്ഡലം പ്രശാന്തും ഇന്ദ്രനായി യദൂകൃഷ്ണനും വീരഭദ്രനായി കലാ:കേശവദേവും ഭദ്രകാളിയായി കലാകേന്ദ്രം സുഭാഷും ബ്രാഹ്മണനായി കിരണ്‍ പ്രശാന്തും അരങ്ങിലെത്തിയിരുന്നു.
.
ലവണാസുരവധവും ദക്ഷയാഗവും(സതി മുതല്‍) പൊന്നാനി
പാടിയത് കലാമണ്ഡലം ഹരീഷ് ആയിരുന്നു. ദക്ഷന്റെ ‘അറിയാതെ’, ‘യാഗശാലയില്‍ നിന്നുപോക’ എന്നീ പദങ്ങളുടെ ചരണങ്ങള്‍ പലതും പാടാതെ വിട്ടിരുന്നു. പാലനാട് ദിവാകരന്‍ നമ്പൂതിരിയായിരുന്നു കീചകവധവും ദക്ഷയാഗം ആദ്യരംഗവും പൊന്നാനിപാടിയത്. പനയൂര്‍ കുട്ടന്‍ ആയിരുന്നു മറ്റൊരു ഗായകന്‍. കളിക്കിണങ്ങുന്ന നല്ല പാട്ടായിരുന്നു മൂവരുടേതും.
.
കലാമണ്ഡലം രാമന്‍ നമ്പൂതിരി, കിടങ്ങൂര്‍ രാജേഷ്,
കലാമണ്ഡലം പുരുഷോത്തമന്‍ എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍, കലാമണ്ഡലം വിനീത്, കോട്ടക്കല്‍ ഹരി എന്നിവര്‍ മദ്ദളത്തിലും മേളം പകര്‍ന്നു.
.
കലാനിലയം സജി ചുട്ടികുത്തിയിരുന്ന ഈ കളിയ്ക്ക്
വെള്ളൂര്‍ സര്‍ഗ്ഗക്ഷേത്രത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് എരൂര്‍ ശശിമുതലായവരായിരുന്നു.
1 അഭിപ്രായം:
മണി,
(കീചകനെ കൊല്ലേണ്ടവിധം എങ്ങിനെ എന്ന് വലലന് ക്ലാസെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു സൈരന്ധ്രി!)
ഇതാണ് കഥകളിയുടെ ഇന്നത്തെ സ്ഥിതി. വല്ലതും എഴുതിയാൽ ഞാൻ വലിയ ആശാൻ
മുതൽ ചെറിയ ആശാന്റെ കൂടെ വരെ വേഷം ചെയ്തിട്ടുണ്ടെന്നാവും പ്രതികരണം.
FACT മോഹനൻ നല്ല കലാകാരനാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ