ഇടപ്പള്ളി ആസ്വാദകസദസ്സിന്റെ വാര്‍ഷികം

ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിന്റെ വാര്‍ഷികം
ജനുവരി22, 23, 24 ദിവങ്ങളിലായി ഇടപ്പള്ളി ചെങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ആഘോഷിക്കപ്പെട്ടു.24നു വൈകിട്ട് 6:30മുതല്‍ തോരണയുദ്ധം കഥകളി അവതരിപ്പിക്കപ്പെട്ടു.
തോരണയുദ്ധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.

നരിപ്പര നാരായണന്‍ നമ്പൂതിരിയാണ് ഹനുമാനായെത്തിയത്. സമുദ്രവര്‍ണ്ണന മുതലുള്ള ആട്ടങ്ങള്‍ വിസ്തരിച്ചു തന്നെ ആടിയ ഇദ്ദേഹം അസ്തമനസൂര്യന്റെ പൊന്‍‌കിരണങ്ങളാല്‍ സ്വര്‍ണ്ണസമാനം തിളങ്ങുന്ന ലങ്കയിലെ മണല്‍തരികള്‍ കാ‍ണുന്ന നേരം ലങ്കയുടെ ഉല്‍പ്പത്തി കഥയും സ്മരിക്കുകയുണ്ടായി. ലങ്കയില്‍ സീതയെ തിരഞ്ഞുനടന്ന് അശോകവനിയിലെത്തിയ ഹനുമാന്‍ ‘സമ്പാദിപറഞ്ഞതുപോലെ അശോകമരച്ചുവട്ടില്‍ ഇതാ സീത ഇരിക്കുന്നു‘ എന്ന് ആടുന്നതു കണ്ടു. സമ്പാതി സീത ഇരിക്കുന്ന സ്ഥലം കൃത്യമായി ഹനുമാനോട് പറഞ്ഞുകൊടുക്കുന്നതായി കഥയില്‍ പരാമര്‍ശ്ശിക്കുന്നുണ്ടോ എന്ന് സംശയമാണ്. അങ്ങിനെ ഉണ്ടെങ്കില്‍ പിന്നെ ഹനുമാന്‍ അന്ത:പുരങ്ങളിലും മറ്റും സീതയെ തിരയുന്നതില്‍ ഔചിത്യമില്ലല്ലോ.


ലങ്കാലക്ഷ്മിയായി മോഹനനും ലങ്കാശ്രീ, മണ്ഡോദരി
വേഷങ്ങളില്‍ ബിജുഫാസ്കറും അരങ്ങിലെത്തി.


കലാമണ്ഡലം ശ്രീകുമാറായിരുന്നു അഴകുരാവണന്‍.
മണ്ഡോദരിയെ ആലിംഗനം ചെയ്ത് നീങ്ങുന്ന പഴയരീതിയിലാണ് രാവണന്റെ ഭാഗം ആരംഭിച്ചത്. തോരണയുദ്ധം രാവണന്റെ പരമപ്രധാന ആട്ടം “വര്‍ഷവരാ“ തുടങ്ങിയ നാല് ശ്ലോകങ്ങളുടെ അവതരണമാണ്. എന്നാല്‍ ഇവിടെ “വര്‍ഷവരാ“, “ഹിമകര“ എന്നീ ആദ്യ രണ്ടുശ്ലോകങ്ങളുടേയും അവതരണം ഉണ്ടായില്ല. സീതാ സമീപമെത്തിയിട്ടുള്ള മറ്റു രണ്ടു ശ്ലോകങ്ങളുടെ ആട്ടങ്ങളാകട്ടെ കാലം ഉയര്‍ത്തിയാണ് ചെയ്തതും. ഈ ആട്ടത്തിനുശേഷം സീതയ്ക്ക് ആഭരാണാദികള്‍ സമ്മാനിക്കുന്ന ഭാഗമായപ്പോഴേയ്ക്കും കാലം വല്ലാതെ കയറ്റുകയും അതു മൂലം ആട്ടത്തിന്റെ ഭംഗിയും രാവണന്റെ നിലതന്നെയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആദ്യത്തെ ആട്ടം ഒഴിവാക്കിയ സ്ഥിതിക്ക് ഈ ആട്ടങ്ങളെങ്കിലും സമയമെടുത്ത് ഭംഗിയാക്കാമായിരുന്നു ശ്രീകുമാറിന്.


സീതയായി വേഷമിട്ടിരുന്നത് തൃപ്പൂണിത്തുറ രതീശന്‍ ആയിരുന്നു.


പ്രഹസ്തനായി വേഷമിട്ടിരുന്ന മോഹനന്‍ രാവണന്‍
സീതാസമീപമെത്തുന്ന രംഗത്തില്‍ വന്നിരുന്നില്ല. ഹനുമാന്‍ പ്രമദാവനം ഭംഞ്ജിക്കുന്ന രംഗത്തിലാണ് എത്തിയത്.


കലാമണ്ഡലം പ്രമോദായിരുന്നു മറ്റൊരു കിങ്കരനായി എത്തിയത്.


കലാമണ്ഡലം ഗോപാലകൃഷ്ണനും കലാമണ്ഡലം നാരായണന്‍
എമ്പ്രാന്തിരിയും ചേര്‍ന്നായിരുന്നു പാട്ട്.

കലാമണ്ഡലം രാമന്‍ നമ്പൂതിരി, കോട്ടക്കല്‍ വിജയരാഘവന്‍
എന്നിവര്‍ ചെണ്ടയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ് എന്നിവര്‍ മദ്ദളത്തിലും നല്ല മേളമാണ് ഈ കളിക്ക് നല്‍കിയിരുന്നത്.


കലാനിലയം സജി, ഏരൂര്‍ മനോജ് എന്നിവരായിരുന്നു ചുട്ടി കലാകാരന്മാര്‍


ഏരൂര്‍ ശശിയും സംഘവുമായിരുന്നു അണിയറ സഹായികള്‍.

2 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, ആ ൪ ശ്ലോകങ്ങ്ങ്ങളും അര്ത്ഥ്വും ഒന്ന്‍ എഴുതാമോ? ഞാന്‍ അത് അന്വേഷിച്ചു നടക്കുകയായിരുന്നു.
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സിനിലേട്ടാ,
ശ്ലോകങ്ങളും അര്‍ത്ഥവും ഇവിടെ എഴുതിയിട്ടുണ്ട്.
http://kathayarinjuattamkanu.blogspot.com/search/label/%E0%B4%A4%E0%B5%8B%E0%B4%B0%E0%B4%A3%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82