സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയതിന്റെ ഈമാസത്തെ കഥകളി പരിപാടി 20/12/08ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര നാടകശാലയില്‍ നടന്നു. വൈകിട്ട് 6:30ന് കളിക്ക് വിളക്കുവെച്ചു. തുടര്‍ന്ന് കോട്ടയത്തുതമ്പുരാന്‍ രചിച്ച ‘കല്യാണസൌഗന്ധികം’ കഥ അവതരിപ്പിക്കപ്പെട്ടു.
.
കല്യാണസൌഗന്ധികം ആട്ടകഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.
.
ഭീമനായി അഭിനയിച്ചത് ശ്രീ കലാമണ്ഡലം മുകുന്ദനായിരുന്നു. ‘പാഞ്ചാലരാജതനയേ’ എന്ന ശൃഗാര പദം ഇദ്ദേഹം ഭംഗിയായി അവതരിപ്പിച്ചുവെങ്കിലും ‘മാഞ്ചേല്‍ മിഴിയാളെ’, “വഴിയില്‍ നിന്നു പോക“ എന്നീ പദങ്ങളുടെ അഭിനയം അത്ര അനുഭവവത്തായില്ല. രസാഭിനയത്തിലും പോരായ്ക തോന്നി.
.
പാഞ്ചാലിയായെത്തിയ ശ്രീ കലാമണ്ഡലം അനില്‍ കുമാറിന് വേഷഭംഗി കുറവായി തോന്നി.
.
സൌഗന്ധികപുഷ്പങ്ങള്‍ തേടി പുറപ്പെടുന്ന ഭീമനോട് ‘വഴിയില്‍ ശത്രുക്കള്‍ നേരിട്ടാലൊ?’ എന്ന് പാഞ്ചാലിചോദിച്ചപ്പോള്‍, ഭീമന്‍ ഇങ്ങിനെ മറുപടി പറഞ്ഞു. ‘കഷ്ടം! ലോകവിശ്രുതമായ കരബലമുള്ള എന്നെ എതിരിട്ടുജയിക്കുവാന്‍ ആര്‍ക്കുമാവില്ലെന്ന് ഭവതിക്ക് അറിയില്ലെ? പിന്നെ, വളരേ ശത്രുക്കളുടെ ശരീരം ഇടിച്ചുതകര്‍ത്തിട്ടുള്ള ഈ ഗദ എനിക്ക് സഹായമായും ഉണ്ട്.’
.
ഗന്ധമാദനപര്‍വ്വതത്തേയും വനത്തേയും വര്‍ണ്ണിക്കുന്ന ആട്ടങ്ങളും മുകുന്ദന്‍ നന്നായി അവതരിപ്പിച്ചു. എന്നാല്‍ അജഗരകബളിതം ആട്ടം അവതരിപ്പിക്കുകയുണ്ടായില്ല.
.
ഹനുമാനായെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖനില്‍ കെട്ടിപഴക്കമില്ലായ്മമൂലമുള്ള പലപോരായ്കകളും കണ്ടിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ ചൊല്ലിയാട്ടവും ആട്ടങ്ങളും മികവുപുലര്‍ത്തിയിരുന്നു.
വൃദ്ധവാനരനായി കിടക്കുന്ന ഹനുമാനും ഭീമനുമായി സംവദിക്കുന്ന ചരണങ്ങള്‍ ഇവിടെ അവതരിപ്പിച്ചുകണ്ടില്ല. ഇതിനു മുന്‍പായുള്ള ഇടശ്ലോകവും പാടിയില്ല. ‘വഴിയില്‍ നിന്നു പോക’ എന്ന പദത്തിന്റെ അഭിനയം കഴിഞ്ഞ് ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് ഭീമന്‍ ഗദയാല്‍ ഹനുമാന്റെ വാലില്‍ കുത്തുന്നതായാണ് കണ്ടത്.
.
ഭീമന്‍ നിലംപതിച്ചതു കണ്ട ഹനുമാന്‍ ഉടനെ വാത്സല്യപാരവശ്യത്തോടെ പീഠത്തില്‍ നിന്നും താഴെയിറങ്ങി. എന്നാല്‍ ഇവിടെ തന്റെ ശരീരം പൂര്‍വ്വസ്ഥിതിയിലാക്കുന്നതായി കണ്ടില്ല.
.
സൌഗന്ധികങ്ങള്‍ നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി പുറപ്പെടുന്ന ഭീമനോട്, ‘അങ്ങിനെ പെട്ടന്ന് ചെന്ന് പൂക്കള്‍ പറിക്കാനാവില്ല. ഉദ്യാനകാവല്‍ക്കാരായി അവിടെ ധാരാളം രാക്ഷസാദികള്‍ ഉണ്ട്.’ എന്ന് പറഞ്ഞു. ‘അതിന് എനിക്ക് എന്ത്? അവരെയെല്ലാം ജയിക്കാനുള്ള കൈക്കരുത്ത് എനിക്കുണ്ടല്ലൊ?’ എന്ന് ഭീമന്‍ ചോദിച്ചു. അപ്പോള്‍ ഹനുമാന്‍, ‘രാക്ഷസര്‍ മായാവിദ്യക്കാരാണ്, കൈക്കരുത്തുമാത്രം കൊണ്ട് അവരെ ജയിക്കുവാനാവില്ല. അതിനായി ഞാന്‍ ഒരു മന്ത്രം ഉപദേശിച്ചുതരാം’ എന്നു പറഞ്ഞ് ഭീമന് ഒരു മന്ത്രം ഉപദേശിച്ച് യാത്രയാക്കി.
.
ഈ കളിക്ക് ശ്രീ കലാമണ്ഡലം ജയപ്രകാശും കലാനിലയം ബാബുവും ചേര്‍ന്നായിരുന്നു പാട്ട്. ‘വാചം ശൃണു മേ’(നാട്ടക്കുറിഞ്ഞി), ‘ബാലതകൊണ്ടു ഞാന്‍’(പന്തുവരാളി) എന്നീ പദങ്ങള്‍ ഇവര്‍ നന്നായി ആലപിച്ചിരുന്നുവെങ്കിലും ‘മാഞ്ചേല്‍ മിഴിയാളെ’, ‘വഴിയില്‍ നിന്നുപോക’ തുടങ്ങിയ പദങ്ങള്‍ അത്ര ശോഭിച്ചില്ല. ഹനുമാന്റെ ‘ജലജവിലോചനയായ’ എന്നു തുടങ്ങുന്ന നാലാം ചരണത്തിന്റെ അന്ത്യത്തില്‍ ‘ജ്വലനാല്‍ സംഹരിച്ചതും ഞാന്‍’ എന്ന് മുദ്രകാണിച്ച് തീരുന്നതിനുമുന്‍പുതന്നെ ജയപ്രകാശ് പാട്ട് അവസാനിപ്പിച്ച് കലാശത്തിന് വട്ടം തട്ടുന്നതു കണ്ടു.
.
മേളം കൈകാര്യംചെയ്ത ശ്രീ കലാനിലയം രതീഷും(ചെണ്ട), ശ്രീ കലാമണ്ഡലം അച്ചുതവാര്യരും(മദ്ദളം) ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു.
.
ശ്രീ മാര്‍ഗ്ഗി ശ്രീകുമാര്‍ ചുട്ടികുത്തിയ ഈ കളിക്ക് സന്ദര്‍ശ്ശന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രീ കുമാരനും സംഘവുമായിരുന്നു.
3 അഭിപ്രായങ്ങൾ:
മന്ത്ര പണിയാണ് കഥകളിയിെല പുതിയ ഫാഷൻ. ൈവജയന്തീ പീഠത്തിൽ കൃഷ്ണ൯ മന്ത്രം െചയ്യുക, ബൃഹന്ദള
ഉത്തരനും, ഹനുമാ൯ ഭീമനും മന്ത്രം ഉപേദശിക്കുക
ഇവകൾ അധികം കാണെപ്പടുന്നു.
മണി,സൂക്ഷ്മമായ നിരീക്ഷണങ്ങൾ.
നായർ,
മന്ത്രപഠനത്തിനായി ഒരു ഡീംഡ് സർവ്വകലാശാല ആരംഭിച്ചാലോ?എല്ലാ കളിക്കാർക്കും മന്ത്രം ആവശ്യമാവും.
അതിെന്റ ആവശ്യം ഇല്ല സാർ. കളി കാണാനിരിക്കുന്ന
നമുക്കാവും മന്ത്രം തരിക. നാം ഒരു ഡീംഡ് സർവ്വകലാശാലയിൽ
േപായി മന്ത്രം പഠിക്കയാവും നല്ലത്.
നാഗരസം കഴിച്ചു കിട്ടിയ ശക്തി മതിയാവിേല്ല ഭീമന് ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ