.jpg)
.jpg)
ജരാസന്ധന്‍ താടിവേഷമാണേങ്കിലും രാജസമായുള്ള ഒരു കഥാപാത്രമാണ്. ഇതിനാല്‍ മറ്റു താടിവേഷങ്ങളില്‍ നിന്നും ഭിന്നമായി ഒരു ആഢ്യത്വം പാലിക്കേണ്ടതായുണ്ട്. എന്നാല്‍ ഇവിടെ ജരാസന്ധനായെത്തിയ കോട്ടക്കല്‍ ദേവദാസന് ഈ നിലയും, ബ്രാഹ്മണരോടുള്ള ഭക്തിഭാവവും പ്രകടിപ്പിക്കുവാന്‍ പൂര്‍ണ്ണമായി സാധിച്ചിരുന്നില്ല. എന്നാല്‍ ഇദ്ദേഹം ആട്ടങ്ങള്‍ അധികം ധീര്‍ഘിപ്പിക്കാതെ ആടിതീര്‍ത്തിരുന്നു. തന്റേടാട്ടത്തില്‍ ജരാസന്ധന്റെ പൂര്‍വ്വകഥയും, ബ്രാഹ്മണന്‍ ദാനം ആവശ്യപ്പെടുന്നവേളയില്‍ പണ്ട് ബ്രാഹ്മണന് ദാനംചെയ്യാമെന്ന് സത്യം ചെയ്‌ത് അബദ്ധം പിണഞ്ഞ മഹാബലിയുടെ കഥയും, ഇദ്ദേഹം ആടുകയുണ്ടായി. എന്നാല്‍ കപടബ്രാഹ്മണരാണോ എന്ന് പരിശോധിക്കുന്നതായൊന്നും ആടികണ്ടില്ല.
.jpg)
ശ്രീ കലാഭവനം ഗിരീഷ് തുടങ്ങിയവര്‍ ബ്രാഹ്മണവേഷത്തിലും തരുണ്‍ മൂര്‍ത്തി അര്‍ജ്ജുനനായും അരങ്ങിലെത്തി. ശ്രീകൃഷ്ണനായെത്തിയ ശ്രീ ആര്‍.എല്‍.വി.പള്ളിപ്പുറം സുനില്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു. ഭീമനായെത്തിയ ശ്രീ കലാഭവനം പ്രശാന്തും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മെയ്യും കണ്ണും നന്നെന്ന് തോന്നി. ഇദ്ദേഹം തന്നെയാണ് അടുത്തരംഗത്തില്‍ ധര്‍മ്മപുത്രരായും എത്തിയിരുന്നത്. എന്നാല്‍ രണ്ടു കഥാപാത്രങ്ങളേയും വേര്‍തിരിച്ച് മനസ്സിലാക്കിയുള്ള പ്രകടനമാണ് ഇദ്ദേഹത്തില്‍ കണ്ടത്. ശ്രീ ആര്‍.എല്‍.വി.ഗോപിയാണ് ശിശുപാലനായി വേഷമിട്ടത്. തരക്കേടില്ലാത്തപ്രകടനം കാഴ്ച്ചവെച്ചിരുന്ന ഇദ്ദേഹം തടമിളക്കുന്നനേരത്തെല്ലാം ചുണ്ടുകള്‍കൊണ്ട് ഗോഷ്ടി കാട്ടിയിരുന്നത് ഒരു അഭംഗിയായിതോന്നി.
.jpg)
ശിശുപാലന്റെ തിരനോക്കിനുശേഷം ഇരുന്നാട്ടത്തോടേയാണ് രണ്ടാഭാഗം ആരംഭിച്ചത്. ‘കഷ്ടം! എന്റെ ബന്ധുവായിരുന്ന മഗഥരാജന്‍ കൊല്ലപ്പെട്ടുവല്ലൊ! അതിനാല്‍ തന്റെ രണ്ടു പുത്രിമാര്‍ വിധവകളായിതീര്‍ന്നുവല്ലൊ’ എന്ന് ആലോചിക്കുന്ന ശിശുപാലന്‍ അവരുടെ ദു:ഖം തീര്‍ക്കുവാന്‍ വഴിയെന്ത് എന്ന് തന്റെ സോദരനായ ദന്തവക്ത്രനെ കണ്ട് ആലോചിക്കുന്നു. തുടര്‍ന്ന് ‘ശത്രുക്കളായ പാണ്ഡവര്‍ കള്ളകൃഷ്ണനോട് ചേര്‍ന്ന് നടത്തുന്ന രാജസൂയയാഗം മുടക്കി, അവരെ വകവരുത്തുകതന്നെ’ എന്ന് നിശ്ചയിച്ച് ശിശുപാലന്‍ തന്റെ പടയോടുകൂടി(പടപ്പുറപ്പാട് നടത്തി) ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നു. അടുത്തരംഗത്തില്‍ യാഗസ്ഥലത്തെത്തുന്ന ശിശുപാലന്‍ അവിടെ, ശ്രീകൃഷ്ണനെ ധര്‍മ്മപുത്രന്‍ അഗ്രപൂജക്കിരുത്തിയിരിക്കുന്നതുകണ്ട് ക്രോധവാനായി കൃഷ്ണനെ പഴിക്കുന്നു. ഇതുകേട്ട് ധര്‍മ്മപുത്രന്‍ ശിശുപാലനോട് കയര്‍ക്കുന്നു. ഈ സമയം വിശ്വരൂപം കൈക്കൊണ്ട മാധവന്‍ തന്റെ ചക്രായുധത്താല്‍ ശിശുപാലന് മോക്ഷപ്രാപ്തി നല്‍കുന്നു. ഈ രംഗത്തിലെ യാഗശാല കാണല്‍, കൃഷ്ണനെപൂര്‍വ്വകഥകള്‍ പറഞ്ഞ് ആക്ഷേപിക്കല്‍ തുടങ്ങിയ ആട്ടങ്ങള്‍ സാധാരണ പതിവുള്ളപോലെ അധികം വിസ്തരിച്ച് ആടിയില്ല.
.jpg)
1 അഭിപ്രായം:
പൊതുവെ നല്ലതായിരുന്നു എന്നാണ് എനിക്കു വായിച്ചപ്പോൾ തോന്നിയത്.
-സു-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ