തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 4)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ആറാംദിവസമായ 01/12/08ന് രാത്രി 12മണിമുതല്‍ കഥകളി ആരംഭിച്ചു. അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ട കഥ കീചകവധം ആയിരുന്നു. ഇതില്‍ കീചകന്റെ പുറപ്പാട് മുതലുള്ള ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. കീചകവേഷമിട്ട ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. വാര്യരുടെ പദാഭിനയവും ആട്ടങ്ങളും മനോഹരമായിരുന്നു. സൈരന്ധ്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ‘ഇവളുടെ കിളിമൊഴികേട്ടിട്ട് കുയിലുകള്‍ കൂജനം നിര്‍ത്തി നിശബ്ദരായിരിക്കുന്നു’ എന്നും, മാലിനിയെ പെട്ടന്ന് കാണാതായപ്പോള്‍ ‘കിളിമൊഴികള്‍ മൊഴിഞ്ഞിട്ട് അവള്‍ പറന്നുപോയോ‘ എന്നും, ‘ഹരിണാക്ഷി’ പദാഭിനയത്തിനു ശേഷം ‘നീ സോദരിയുടെ ദാസിവൃത്തികള്‍ ചെയ്ത് ഈവിധം അല്ലല്‍ തേടീടാതെ എന്റെ വല്ലഭയായ് വാണാലും’ എന്നും, മാലിനി തനിക്ക് ഒരു വിധത്തിലും വഴങ്ങുന്നില്ലാ എന്നു കണുമ്പോള്‍ ബ്രഹ്മദേവനോടായി ‘അല്ലയോ ബ്രഹ്മദേവാ, ഇവളുടെ കണ്ണുകള്‍ താമരയിതളുകളാലും ചുണ്ടുകള്‍ തളിരുകളാലും പല്ലുകള്‍ മുല്ലപ്പൂമൊട്ടുകളാലും ഒക്കെ നിര്‍മ്മിച്ചു, എന്നാല്‍ ഹൃദയം മാത്രം കല്ലുകൊണ്ടാണല്ലൊ നിര്‍മ്മിച്ചത്?’ എന്നുമൊക്കെയുള്ള ആട്ടങ്ങള്‍ മനോഹരമായിത്തന്നെ ഇവിടെ വാര്യര്‍ അവതരിപ്പിച്ചിരുന്നു.
എന്നാല്‍ സൈരന്ധ്രിയായെത്തിയ ശ്രീ ആര്‍.എല്‍.വി.രാധാകൃഷ്ണന്‍ പതിവുപോലെ ശിവരാമനെ അനുകരിച്ചുകൊണ്ടുള്ള അഭിനയമാണ് കാട്ടിയിരുന്നത്. കീചകന്റെ പദങ്ങള്‍ക്കിടയിലും മറ്റും അധികമായ ആട്ടങ്ങളേക്കൊണ്ടും,നാടകഛായയിലുള്ള അഭിനയങ്ങളെക്കൊണ്ടും രാധാകൃഷ്ണന്റെ സൈരന്ധ്രിചില ഭാഗങ്ങളില്‍ അസഹ്യമായെന്നു പറയാതെ വയ്യ. കീചകനെ കൊല്ലാനായി ഞെക്കി ശ്വാസം മുട്ടിചാല്‍ മതി എന്ന് സൈരന്ധ്രി വലലനോട് പറയുന്നതായി കണ്ടു! വഴിപോലെ ഞാന്‍ ചെയ്തുകൊള്ളാം എന്ന് വലലന്‍ മറുപടിയും പറഞ്ഞു. വലലനായെത്തിയത് ശ്രീ ആര്‍.എല്‍.വി.സുനിലും സുദേഷണയായി വേഷമിട്ടിരുന്നത് കുമാരി സുകന്യ ഹരിദാസും ആയിരുന്നു.

ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ നെടുമ്പുള്ളി രാമമോഹനനും ചേര്‍ന്നുള്ള സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയും മികച്ചുനിന്നു. ആദ്യരംഗങ്ങളില്‍ മദ്ദളം വായിച്ച ശ്രീ കലാമണ്ഡലം ശങ്കരവാര്യരും നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നു. തുടര്‍ന്ന് മദ്ദളം കൈകാര്യം ചെയ്തത് ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന്‍ ആയിരുന്നു.

ലവണാസുരവധം കഥയായിരുന്നു രണ്ടാമതായി അവതരിപ്പിക്കപ്പെട്ടിരുന്നത്. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത വാത്മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍ പുത്രരോടോന്നിച്ച് വസിക്കുമ്പോള്‍, പുത്രരായ ലവനും കുശനും ഒരു ദിവസം സീതയെ സമീപിച്ച് ഇന്ന് തങ്ങള്‍ക്ക് അനദ്ധ്യായമാണെന്നും, അതിനാല്‍ വനത്തില്‍ പോയി കാഴ്ച്ചകള്‍ കണ്ട്, ക്രീഡിച്ച് വരുവാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു. സീതയുടെ അനുമതിയോടെ ലവകുശന്മാര്‍ കാട്ടിലേക്ക് ഗമിക്കുന്നു. കാട്ടില്‍ വെച്ച് ഒരു കുതിരയെ കാണുന്ന അവര്‍ അതിനെ പിടിച്ച് കെട്ടുന്നു. ആ അശ്വം ശ്രീരാമന്‍ വിട്ട യാഗാശ്വം ആയിരുന്നു. അതിനെ അനുഗമിച്ചു വരുന്ന ശത്രുഘ്നന്‍ ബാലരെ നേരിടുന്നു. എന്നാല്‍ രണത്തില്‍ ശത്രുഘ്നന്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് അശ്വത്തിനെ മോചിപ്പിക്കുവാനായി ശ്രീരാമനിര്‍ദ്ദേശാനുസ്സരണം ശ്രീഹനൂമാന്‍ ആഗതനാകുന്നു. താന്‍ ശ്രീ ഹനൂമാനാണെന്ന് മനസ്സിലായിട്ടും വീരതയോടെ പൊരുതുന്ന കുമാരന്മാര്‍ രാമപുത്രര്‍ തന്നെയെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. യുദ്ധാന്ത്യത്തില്‍ ബന്ധിതനായ ഹനുമാനെ ലവകുശന്മാര്‍ അമ്മയുടെ മുന്‍പില്‍ എത്തിക്കുന്നു. ബന്ധിതനായ ശ്രീ ഹനൂമാനെ കണ്ട് സീത, ഇദ്ദേഹം തനിക്ക് ജനകതുല്യനാണെന്നും, ഹനുമാന്‍ വന്ദനീയനാണെന്നും പറഞ്ഞുകൊടുത്ത് ലവകുശരെക്കൊണ്ട് ബന്ധനം മോചിപ്പിക്കുന്നു. വളരേനാളുകള്‍ക്ക് ശേഷം സീതാദര്‍ശ്ശനം ലഭിച്ച ഹനുമാന്‍ ദേവിയെ വണങ്ങി വൃത്താന്തങ്ങള്‍ അറിയിക്കുന്നു. ശ്രീരാമന്‍ യാഗം നടത്തുന്നു എന്നു കേട്ട സീത, ‘രാജാവ് പത്നിയില്ലാതെ എങ്ങിനെയാണ് യാഗത്തിനിരിക്കുക?’ എന്ന് ഹനുമാനോട് സംശയം പ്രകടിപ്പിക്കുന്നു. ‘സീതാദേവീ, അങ്ങേക്ക് പകരമായി സ്വര്‍ണ്ണംകൊണ്ട് അവിടുത്തെ രൂപം നിര്‍മ്മിച്ച് വാമഭാഗത്ത് വെയ്ച്ചുകൊണ്ടാണ് ശ്രീരാമസ്വാമി യാഗകര്‍മ്മങ്ങള്‍ ചെയ്യുന്നത്‘ എന്ന് ഹനുമാന്‍ മറുപടി നല്‍കുന്നു.അനന്തരം സീതാനിര്‍ദ്ദേശാനുസ്സരണം ലവകുശന്മാര്‍ യാഗാശ്വത്തെ ഹനുമാനുവിട്ടുകൊടുക്കുന്നു. അതുമായി ഹനുമാന്‍ യാത്രയാവുന്നു. ലവണാസുരവധം കഥയിലെ ഈ കഥാഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
സീതയായി വേഷമിട്ട ശ്രീ കലാമണ്ഡലം വിജയന്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ അന്ത്യരംഗത്തിലെ ഭാവാഭിനയത്തിലും മുദ്രാഭിനയത്തിലും ചില പോരായ്കകള്‍ പ്രകടമായിരുന്നു. ശ്രീ കലാമണ്ഡലം രാധാകൃഷ്ണന്‍ കുശനായും ശ്രീ ആര്‍.എല്‍.വി.പ്രമോദ് ലവനായും അരങ്ങിലെത്തി. ഇരുവരിലും പരിചയക്കുറവ് തോന്നിച്ചിരുന്നെങ്കിലും നല്ല പ്രകടനമാണ് ഇവര്‍ കാഴ്ച്ചവെച്ചിരുന്നത്. ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു ഹനുമാന്‍. ഇദ്ദേഹം ഹനുമാന്റെ ഭക്തിഭാവത്തെ പ്രകടമാക്കിക്കൊണ്ട് നന്നായിത്തന്നെ തന്റെ വേഷം കൈകാര്യംചെയ്തു.
ഈ കഥയില്‍ ആദ്യ രംഗത്തില്‍ കലാനിലയം ഉണ്ണികൃഷ്ണണനും നെടുമ്പുള്ളി രാമമോഹനനും ചേര്‍ന്നും, തുടര്‍ന്ന് രാമമോഹനും ശ്രീ കലാമണ്ഡലം സുധീഷും ചേര്‍ന്നും നല്ലരീതിയില്‍ സംഗീതമൊരുക്കി. രാമമോഹനില്‍ കാണുന്ന ഒരു ഗുണം, ഇദ്ദേഹം പാടുന്നനേരമൊക്കെയും നടനില്‍ തന്നെ ശ്രദ്ധിച്ചുനിന്നുകൊണ്ടാണ് പാടുക. ഇതിനാല്‍തന്നെ നടന്റെ രംഗക്രിയകള്‍ക്ക് അനുഗുണമായി പാടാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ഇങ്ങിനെ കളികണ്ട്-ആസ്വദിച്ചുകൊണ്ട് പാടുക എന്ന സമ്പൃദായം ഇന്നത്തെ ഭൂരിഭാഗം ഗായകരിലും കാണാറില്ല. തന്റെ സംഗീതത്തില്‍ മാത്രം അഭിരമിച്ചുകൊണ്ട്, താളംപോലും മുഴുവനായിപിടിക്കാതെ കൈകള്‍കൊണ്ട് ഗോഷ്ടികള്‍ കാട്ടി പാടുന്നവരാണ് ഇന്ന് അധികവും.

ശ്രീ സദനം രാജേഷ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരായിരുന്നു ചെണ്ടയ്ക്ക്.
ആദ്യരംഗങ്ങളില്‍ മദ്ദളം വായിച്ച ശ്രീ കലാനിലയം മനോജ് നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് മദ്ദളം കൊട്ടിയ കോട്ട: രാധാകൃഷ്ണന്‍ കൈയ്ക്കുകൂടുവാന്‍ ശ്രമിക്കാതെ പാട്ടിന് പക്കം വായിക്കുന്നരീതിയില്‍ മാത്രം കൊട്ടുന്നതായാണ് കണ്ടത്.
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് ശ്രീ കലാമണ്ഡലം സതീശന്‍ നമ്പൂതിരിയും ശ്രീ സദനം അനിലും ചേര്‍ന്നായിരുന്നു.

പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സംഘവുമായിരുന്നു.

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ഈ ദിവസത്തെ കളി അല്പം തൃപ്തി തന്നുവെന്നു തോന്നുന്നല്ലോ! പോയത് വെറുതേയായില്ല, അല്ലേ? :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ ഹരീ,
അതേ പോയത് വെറുതെയായില്ല.എന്റെ അഭിപ്രായത്തില്‍ ഈവര്‍ഷത്തെ തൃപ്പൂണിത്തുറകളികളില്‍ ഏറ്റവും ഭേദപ്പെട്ടകളി ഈ ദിവസത്തേതായിരുന്നു.

വികടശിരോമണി പറഞ്ഞു...

എനിക്കൊട്ടും സഹിക്കാനാവാത്ത ഒരു കഥകളിവേഷമാണ് ആർ.എൽ.വി.രാധാകൃഷ്ണന്റേത്.
ചന്ദ്രശേഖരവാര്യർ നന്നായി,ല്ലെ?സൈരന്ധ്രീദർശനസമയത്തെ ശ്ലോകങ്ങളുടെ ആട്ടം ഉണ്ടായിരുന്നോ?
അത് ഇപ്പോൾ എവിടെയും കാണാറില്ല.ഏകദേശം എടുത്തുപോയ ലക്ഷണമാണ്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ വികടശിരോമണി,
സൈരന്ധ്രീദർശനസമയത്തെ ശ്ലോകങ്ങളുടെ ആട്ടം ഇവിടെയും ഉണ്ടായില്ല. അത് ഇപ്പോൾ മടവൂര്‍ ഒഴിച്ച് വേറേ ആരും ആടാറില്ല.

C.Ambujakshan Nair പറഞ്ഞു...

മണി,
കഥകളിയിലെ കത്തി വേഷങ്ങൾക്ക് വിധിച്ചിട്ടുള്ള ഇരുന്നാട്ടങ്ങൾ മുടക്കാതെ നിലനിർത്താൻ ശ്രമിക്കുന്നത് മടവൂരാണ്. പണ്ടത്തെ സൈരന്ധ്രിമാ൪ കീചകനെ നൃത്തസദനത്തിലേക്ക് ക്ഷണിക്കാൻ
വലലൻ നിർദ്ദേശിക്കുമ്പോൾ "അയ്യോ ആ ദുഷ്ടനെ ഞാൻ എങ്ങിനെ
അഭിമുഖീകരിക്കും” എന്നാവും കാട്ടുക. ഇന്ന് കൊല്ലേണ്ട വിധം വരെ
വലലന് നി൪ദ്ദേശിച്ചു തുടങ്ങി. വിധി അനുഭവിക്ക തന്നെ.

Giriannan പറഞ്ഞു...

ഞാനും കളി കാണാന്‍ വന്നിരുന്നു .ഫോട്ടോ എന്റെ ഓര്‍ക്കുട്ട് എല്‍ ഫവൌരിറെ കഥകളി ലുണ്ട്.