കഥകളികേന്ദ്രത്തിന്റെ മാസപരിപാടി

തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ സെപ്തബര്‍മാസത്തിലെ കഥകളി പരിപാടി 28/09/08ല്‍ തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെച്ച് നടത്തപ്പെട്ടു. വൈകിട്ട് 7ന് ആരംഭിച്ച കളിയില്‍ കാലകേയവധത്തിലെ ഉര്‍വ്വശിയുടെ ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്.
ദേവകാര്യങ്ങള്‍ക്കായി അച്ഛനായ ദേവേഇന്ദ്രനാല്‍ സ്വര്‍ഗ്ഗത്തേക്ക് ആനയിക്കപ്പെട്ട അര്‍ജ്ജുനനെ ദര്‍ശിച്ച ഉര്‍വശി കാമപീഡിതയായി തീരുന്നു. ഉര്‍വ്വശി അര്‍ജ്ജുനന്റെ രൂപലാവണ്യത്തേക്കുറിച്ച് സഖിയോട് പറയുന്നതാണ് ആദ്യരംഗം. ഇതിലെ ‘പാണ്ഡവന്റെ രൂപം കണ്ടാല്‍’ എന്ന ഉര്‍വ്വശിയുടെ പദം അത്യന്തം ചിട്ടയാര്‍ന്നതും അഭിനയപ്രധാനവുമാണ്. ഇതിന്റെ അന്ത്യത്തിലുള്ള ഇരട്ടിയും അതിവിശേഷമായുള്ള ഒന്നാണ്. പതിഞ്ഞചെമ്പടയിലുള്ള ഈ പദം ഏതുസ്ത്രീവേഷക്കാരനും ഒരു വെല്ലുവിളിയായുള്ളതാണ്.


ശ്രീ എഫ്.എ.സിറ്റി.പത്മനാഭനാണ് ഇവിടെ ഉര്‍വ്വശിയായി എത്തിയിരുന്നത്. പതിഞ്ഞകാലപ്രമാണം നിലനിര്‍ത്തുന്നതില്‍ ഇദ്ദേഹം വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. അന്ത്യത്തിലെ ഇരട്ടിയും അനുഭവവത്തായിരുന്നുല്ല. അദ്ദേഹത്തിന്റെ ഭാവാഭിനയവും അത്ര മികച്ചതായി തോന്നിയില്ല. സഖിയായി വേഷമിട്ടിരുന്നത് ശ്രീ ആര്‍.എല്‍.വി പ്രമോദ് ആയിരുന്നു.

ഉര്‍വ്വശി അര്‍ജ്ജുനനെ സമീപിച്ച് മാരപീഡിതയായ എന്നെ പരിപാലിക്കണം എന്നറിയിക്കുന്ന അടുത്തരംഗത്തിലെ, ‘സ്മരസായക ദൂനാം’ എന്ന ഉര്‍വ്വശിയുടെ പദവും പതിഞ്ഞ കാലത്തില്‍ തന്നെ ഉള്ളതാണ്. ഇവിടെ ഈ പദം ലേശം കാലം തള്ളിയാണ് ആലപിച്ചിരുന്നത്. എന്നിട്ടും പത്മനാഭന് കാലത്തിനൊപ്പം നില്‍ക്കാന്‍ ബന്ധപ്പെടേണ്ടിവന്നു. ഈ പദത്തിന്റെ ചരണങ്ങള്‍ക്കിടയിലുള്ള ഇരട്ടികള്‍ക്ക് പല്ലവിയാണ് ആലപിക്കേണ്ടതും, ഇവിടെ ആലപിച്ചിരുന്നതും. എന്നാല്‍ പത്മനാഭന്‍ അതാതു ചരണങ്ങളുടെ ആശയത്തിനുള്ള മുദ്രകള്‍ കാട്ടിയാണ് ഇരട്ടിയും എടുക്കുന്നതു കണ്ടത്.

തന്റെ അഭ്യര്‍ത്ഥന നിരസിച്ച അര്‍ജ്ജുനനോട് പരിഹാസത്തോടെ ഉര്‍വ്വശി പറയുന്നതായ ‘ദിനകരേണ രതി’എന്ന ചരണം ആടുന്ന സമയത്ത്, അര്‍ജ്ജുനന്‍ ജാള്യത നടിച്ച് ചെവികള്‍ പൊത്തുന്നതായി കാണാറുണ്ട്.എന്നാല്‍ ഇവിടെ അര്‍ജ്ജുനന്‍ ഇങ്ങിനെ ചെയ്യുന്നത് കണ്ടില്ല. ശ്രീ കലാമണ്ഡലം ഹരിദാസ് ആയിരുന്നു അര്‍ജ്ജുനന്‍. ശ്രീ സദനന്‍ മോഹനന്‍ ഇന്ദ്രനായും രംഗത്തെത്തി. ഇരുവരുടേയും ചൊല്ലിയാട്ടം തരക്കേടില്ലായിരുന്നു.

ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും ശ്രീ കലാണ്ഡലം രാജേഷ്‌ബാബുവും ചേര്‍ന്നായിരുന്നു കളിക്ക് പാടിയത്.അധികപ്രയോഗങ്ങളോന്നുമില്ലെങ്കിലും ചിട്ടതെറ്റാതെയുള്ള നല്ല ആലാപനമായിരുന്നു ഇരുവരും ചേര്‍ന്ന് കാഴ്ച്ചവെയ്ച്ചത്.

ശ്രീ കലാമണ്ഡലം കേശവപൊതുവാള്‍ ആയിരുന്നു ചെണ്ട കൊട്ടിയത്. പ്രായാധിക്യത്താലുള്ള അനാരോഗ്യം ഉണ്ടെങ്കിലും ‘കൈക്കുകൂടി’ കൊട്ടുന്നതില്‍ ശ്രദ്ധേയനാണിദ്ദേഹം. അതാണല്ലൊ ഇന്നത്തെ ചെണ്ടക്കര്‍ക്കു പലര്‍ക്കും ഇല്ലാത്തത്.

ശ്രീ കലാമണ്ഡലം ശശിയുടെ മദ്ദളവും മികച്ച നിലവാരം പുലര്‍ത്തി.

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കാര്യമായൊന്നും എഴുതുവാനില്ലാത്തതു കൊണ്ടോ, എഴുതിത്തുടങ്ങിയാല്‍ കൈതളരുമെന്നുള്ളതു കൊണ്ടോ! മൊത്തത്തില്‍ ഒരു ഒഴുക്കന്‍ മട്ടിലായിപ്പോയല്ലോ ആസ്വാദനം!
--

വികടശിരോമണി പറഞ്ഞു...

എന്തു പറയാൻ!പാണ്ഡവന്റെ രൂപമൊക്കെ കാണാൻ തോന്നുന്നു.(ഇവിടെ പറഞ്ഞ ചേലിലുള്ളതല്ല)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ഹരീ, കളി ഒഴുക്കന്മട്ടിലായിപ്പോയി പിന്നയാ എന്റെ അഴുത്ത് :). കളിയുടെ നിലവാരം എന്തായിരുന്നു എന്ന് ഒരു വായനക്കാരന് മനസ്സിലാക്കുവാന്‍ പാകത്തിന് ഞാന്‍ എഴുതിയിട്ടുണ്ടന്നാണ് തോന്നുന്നത്. അതില്‍ കൂടുതലായി കലാകാരന്മാരെ നിശിതവിമര്‍ശ്ശനം നടത്തി അവരെ നേരെയാക്കാം എന്ന വ്യാമോഹം എനിക്കില്ല.അത്രക്കുള്ള അറിവും എനിക്കില്ല.
@ വികടശിരോമണി, പാണ്ഡവന്റെ രൂപം ശരിയാംവണ്ണം നമ്മെ കാണിക്കാന്‍ കഴിവുള്ളവര്‍ വിരളമാണല്ലൊ