കളിയരങ്ങില്‍ നിന്നും കളരിയിലേക്ക്

കോട്ടയം കളിയരങ്ങ് ആഗസ്റ്റ് 25,26 തീയതികളിലായി ഒരു യാത്ര സംഘടിപ്പിച്ചിരുന്നു. 1974മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കോട്ടയത്തെ കളിയരങ്ങിന്റെ സെക്രടറി ശ്രീ പള്ളം ചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍, കഥകളി പ്രേമികളായ 24 അംഗസംഘം 25ന് വെളുപ്പിന് കോട്ടയത്തുനിന്നും യാത്ര ആരംഭിച്ചു. പ്രസിദ്ധ കഥകളി നടന്‍ ശ്രീ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും സംഘത്തില്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ ഏതാണ്ട് 11 മണിയോടെ കേരള കലാമണ്ഡലത്തില്‍ എത്തി. കഥകളി ചൊല്ലിയാട്ടകളരി അപ്പോഴേക്കും കഴിഞ്ഞിരുന്നതിനാല്‍ അത് കാണാനായില്ല. മൃദംഗം,തിമില,മിഴാവ്,തുടങ്ങിയവയുടേയും ഓട്ടന്തുള്ളല്‍,മോഹിനിയാട്ടം തുടങ്ങിയവയുടേയും കഥകളി ചുട്ടി,കോപ്പുപണി എന്നിവയുടേയും ക്ലാസുകള്‍ നടക്കുന്നുണ്ടായിരുന്നു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷണന്‍,ശ്രീ കലാമണ്ഡലം വിജയകൃഷണന്‍ എന്നിവര്‍ ചെണ്ടക്ലാസും ശ്രീ കലാമണ്ഡലം ശശി മദ്ദളക്ലാസും എടുക്കുന്നതും കണ്ടു. ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍ കഥകളി ക്ലാസും എടുക്കുന്നുണ്ടായിരുന്നു. പാട്ടും കൊട്ടും അദ്ദേഹം തന്നെ ചെയ്തുകൊണ്ട് ‘കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍’ എന്ന കിര്‍മ്മീരവധം കൃഷ്ണന്റെ പദമാണ് ആസമയത്ത് അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് കലാമണ്ഡത്തിലെ ആര്‍ട്ട് ഗാലറിയില്‍ കുറച്ച് ചിത്രങ്ങളും കഥകളി രൂപങ്ങളും കണ്ടു. ഈ ദിവസം കലാമണ്ഡലത്തില്‍ സന്ദര്‍ശ്ശകരായി എത്തിയിരുന്ന നൂറോളം വരുന്ന സ്ക്കൂള്‍വിദ്യാര്‍ദ്ധികള്‍ക്കായി കൂത്തമ്പലത്തില്‍ സോദാഹരണക്ലാസ് നടക്കുന്നുണ്ടായിരുന്നു. ഇതില്‍ മോഹിനിയാട്ടത്തിന്റേയും തുള്ളലുകളുടേയും (ഓട്ടന്‍,ശീതങ്കന്‍,പറയന്‍) കഥകളിയുടേയും ക്ലാസുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കലാമണ്ഡലം വിദ്യാര്‍ദ്ധികള്‍ കഥകളിയും അവതരിപ്പിച്ചു. നളചരിതം രണ്ടാം ദിവസത്തെ കലി-ദ്വാപരന്മാരുടെ ഭാഗമായിരുന്നു അവതരിപ്പിച്ചത്.

കലാമണ്ഡലം നിളാക്യാമ്പസ്


തുടര്‍ന്ന് ഞങ്ങള്‍ നിളാതീരത്തുള്ള പഴയ കലാമണ്ഡലത്തിലേക്ക് നീങ്ങി. നിളാക്യാമ്പസ് ഹെഡ് ശ്രീ എം.പി.എസ്സ്.നമ്പൂതിരിയും പ്രശസ്ത നര്‍ത്തകി നീനാ പ്രസാദും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. മഹാകവി വളളത്തോളും മുകുന്ദരാജാവും ചേര്‍ന്ന് കലാമണ്ഡലം തുടങ്ങിയതു മുതല്‍ കുറേകാലം കളരികളും മറ്റും ഇവിടെ നടന്നിരുന്നു. ഇപ്പോള്‍ മ്യൂസിയം, ഗവേഷണകേന്ദ്രം എന്നൊക്കെയുള്ള നിലയിലാണ് ഇത് ഉള്ളത്. പുതിയ കലാമണ്ഡലത്തില്‍ കെട്ടിടങ്ങളുടേയും സന്ദര്‍ശകരുടെയും ബാഹുല്യം മൂലം ഒരു നഗരാന്തരീക്ഷം അനുഭവപ്പെട്ടു. എന്നാല്‍ നിളാതീരത്ത് വന്‍‌മരങ്ങള്‍ നിറഞ്ഞതും പഴയകെട്ടിടങ്ങളോടുകൂടിയതും ആള്‍തിരക്കില്ലാത്തതുമായ പഴയ കലാമണ്ഡലത്തില്‍ ചെന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രശാന്തതയാണ് അനുഭവപ്പെട്ടത്. മഹാഗുരുക്കള്‍ പഠിപ്പിച്ചിരുന്ന ഇവിടുത്തെ കളരിയില്‍ നിന്നും എത്രമഹാന്മാരാണ് പ്രസ്തിയുടെ പടവുകളേറി ഉയര്‍ന്നുവന്നത്. അവരെയൊക്കെ സ്മരിച്ചുകൊണ്ട് നടന്നപ്പോള്‍ അവിടെ കളരിയുടെ വലിയ പൂമുഖം കണ്ടു. പണ്ട് വിശേഷാവസരങ്ങളില്‍ ഈ പൂമുഖം സ്റ്റേജാക്കിയാണ് കഥകളികള്‍ നടത്താറ്. ഈ സമയത്ത് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി കുഞ്ചുനായരാശാന്റെ ഷ്ടഷ്ട്യബ്ദപൂര്‍ത്തിക്ക് തന്റെ ഭാര്യാപിതാവിനൊപ്പം(കുടമാളൂര്‍ കരുണാകരന്‍ നായര്‍) ഇവിടെ വന്നതും ‘ഉഷ-ചിത്രലേഖ’ ആടിയതുമായ സ്മരണകള്‍ ഞങ്ങളുമായി പങ്കുവെച്ചു. മഹാകവിയുടേയും പത്നിയുടേയും ശവകുടീരങ്ങള്‍ വലംവച്ച് അദ്ദേഹത്തെ നമിച്ചുകൊണ്ട് ഞങ്ങള്‍ മ്യൂസിയത്തിലേക്ക് കടന്നു. ഇവിടെ കണ്ട പ്രധാനകാഴ്ച്ചകള്‍-

കഥകളിലോകത്തെ മണ്‍മറഞ്ഞ കലാകാരന്മാരുടേയും മഹാകവിയുടേയും മുകുന്ദരാജാവിന്റേയും രേഖാചിത്രങ്ങള്‍, ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌നായരാശാന്റേയും(പച്ചവേഷത്തില്‍) കലാമണ്ഡലം ഗോപിയുടേയും (പച്ച,കത്തി വേഷങ്ങളിലായി) ചെറുപ്പകാലത്തെ നവരസാഭിനയത്തിന്റെ ചിത്രങ്ങള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്നതായി കരുതുന്ന മെയ്ക്കോപ്പുകളും കിരീടങ്ങളും ‍(ശിവനുള്ള നാഗപ്പത്തികൊത്തിയ ഉത്തരീയം, പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത കരിയുടെ മുടി,വണ്ടിന്‍‌തോട് തുടങ്ങിയവയാല്‍ മോടിപിടിപ്പിച്ച പഴയ കിരീടങ്ങള്‍,തടിയില്‍ നിര്‍മ്മിച്ച കൊക്ക്,പന്നിയുടെ മുഖം‌മൂടി,ആനക്കൊമ്പ് തുടങ്ങിയവ), മഹാനടന്‍ കാവുങ്കല്‍ ശങ്കരപണിക്കര്‍ ഉപയോഗിച്ചിരുന്ന കൃഷ്ണമുടി.

കലാമണ്ഡലം ക്യാമ്പസിനുളളില്‍ ചിത്രമെടുക്കുന്നത് നിരോധിച്ചിരിക്കുന്നതിനാല്‍ ചിത്രങ്ങളൊന്നും പകര്‍ത്താനായില്ല.

മഹാകവിയുടെ ചാരുകസേര


പിന്നീട് ഞങ്ങള്‍ മഹാകവിയുടെ ഭവനം സംന്ദര്‍ശിച്ചു. ഇരുനിലകളിലായി കല്ലിലും തടിയിലും തീര്‍ത്തിരിക്കുന്ന ഈ ഭവനം ഇപ്പോള്‍ മ്യൂസിയമായി സൂക്ഷിച്ചിരിക്കുകയാണ്. മഹാകവിഉപയോഗിച്ചിരുന്ന കട്ടില്‍, കസേരകള്‍, പാദരക്ഷകള്‍, പേനകള്‍, ഡയറികള്‍, കണ്ണട,ഊന്നുവടികള്‍,വസ്ത്രങ്ങള്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പഴയ പതിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കവിയുടെ ജീവിതചര്യയുടെ ഭാഗങ്ങള്‍

അദ്ദേഹത്തിന്റെ യാത്രകളില്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ലഭിച്ചിട്ടുള്ളതായ സമ്മാനങ്ങളും(ബഹുമതിപത്രങ്ങള്‍,വെള്ളിയിലും കളിമണ്ണിലും ഉള്ള വിശേഷങ്ങളായ പാത്രങ്ങള്‍, പെട്ടികള്‍,പുസ്തകങ്ങള്‍ തുടങ്ങിയവ), മഹാകവി മുന്‍പ് കുഞ്ചുനായരാശാനു സമ്മാനിച്ചതായ ഒരു കിരീടവും ഇവിടെ കണ്ടു.




വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തിയ ഞങ്ങള്‍ അവിടെ തങ്ങി. തിരക്ക് നന്നെ കുറവായിരുന്നതിനാല്‍ സുഖമായി ദര്‍ശനം കഴിക്കുവാന്‍ സാധിച്ചു.

26നു വെളുപ്പിന് 4:30നു യാത്രയാരംഭിച്ച ഞങ്ങള്‍ കാടാമ്പുഴയില്‍ എത്തി ദേവീദര്‍ശനം ചെയ്ത ശേഷം കോട്ടക്കലേക്ക് യാത്ര തുടര്‍ന്നു. 8:30ന് കോട്ടക്കലില്‍ എത്തിയ ഞങ്ങള്‍ ആര്യവൈദ്യശാലവക വിശ്വഭരക്ഷേത്രത്തിലും(വിഷ്ണു) കോവിലകംവക വെങ്കിട്ടതേവര്‍(ശിവന്‍) ക്ഷേത്രത്തിലും ദര്‍ശനം കഴിഞ്ഞ് കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘത്തിന്റെ കളരികളിലേക്ക് നീങ്ങി. ശ്രീ കോട്ടക്കല്‍ നാരായണന്‍ സംഗീതത്തിന്റേയും ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയുടേയും ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിന്റേയും ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. കോപ്പുപണികളും ഒരുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു.



ചൊല്ലിയാട്ട കളരിയില്‍ ആദ്യം തോടയം പുറപ്പാട് എന്നിവകളാണ് എടുക്കുന്നത് കണ്ടത്. ശ്രീ കോട്ടക്കല്‍ ദേവദാസന്‍ ആണ് ഇവ ചൊല്ലിയാടിച്ചിരുന്നത്. അഞ്ച് കുട്ടികളാണ് അഭ്യസിച്ചിരുന്നത്. ശ്രീ കോട്ടക്കല്‍ സന്തോഷ് പൊന്നാനിപാടിയിരുന്നു. ശ്രീ കോട്ടക്കല്‍ മനിഷും ശ്രീ കോട്ടക്കല്‍ പ്രതീഷും യഥാക്രമം ചെണ്ടയും മദ്ദളവും വായിച്ചിരുന്നു.


തുടര്‍ന്ന് കഥചൊല്ലിയാടിക്കുവാന്‍ ആരംഭിച്ചു. കഥ നരകാസുരവധം ആയിരുന്നു. നരകാസുരന്റെ തിരനോട്ടം,പതിഞ്ഞപദം,പത്നിയുടെ മറുപടിപദം, ശബ്ദവര്‍ണ്ണന, നിണംവരവിന്റെ കേട്ടാ‍ട്ടം,പടപ്പുറപ്പാട് എന്നിവയൊക്കെയുള്‍ക്കൊള്ളുന്ന ചെറിയനരകാസുരന്റെ രംഗമാണ് അന്നെദിവസം ചൊല്ലിയാടിച്ചത്. നരകാസുരനായും പത്നിയായും ഈരണ്ടുകുട്ടികളെ ചൊല്ലിയാടിച്ചിരുന്നത് ശ്രീ കോട്ടക്കല്‍ കേശവനായിരുന്നു. ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണനും ശ്രീ സുരേഷും ആയിരുന്നു പദങ്ങള്‍ പാടിയത്. ശ്രീ കോട്ടക്കല്‍ വിജയരാഘവനും മനീഷും ചെണ്ടയും പ്രതീഷ് മദ്ദളവും കോട്ടിയിരുന്നു.


ഉച്ചക്കുശേഷം മടക്കയാത്ര ആരംഭിച്ച ഞങ്ങള്‍ പോരുംവഴി നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട് മഹാദേവക്ഷേത്രം,തൃപ്രയാര്‍ ശ്രീരാമക്ഷേത്രം,കോടുങ്ങല്ലൂര്‍ ശ്രീകുറുമ്പക്കാവ്, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.




“നിളയുടെ തീരത്ത് നാവായില്‍”


ഇങ്ങിനെ തിരുനക്കരതേവരുടെ നാട്ടില്‍നിന്നും തിരുവഞ്ചിക്കുളംതേവരുടെ അടുത്തുവരെയുള്ള യാത്ര സംഘത്തിലെ എല്ലാവര്‍ക്കും തൃപ്തികരമായി. ഈ യാത്ര സംഘടിപ്പിച്ച കോട്ടയം കളിയരങ്ങിനും സംഘാടകനായ പള്ളം ചന്ദ്രന്‍സാറിനും അകൈതവമായ നന്ദി.

കുറൂര്‍ ചെറിയ വാസുദേവന്‍ നമ്പൂതിരിയുടെ ഷഷ്ട്യബ്ദ്യപൂര്‍ത്തി ആഘോഷം

ശ്രീ കുറൂര്‍ ചെറിയവാസുദേവന്‍ നമ്പൂതിരിയുടെ(മിടുക്കന്‍) ഷഷ്ട്യബ്ദ്യപൂര്‍ത്തി ആഗസ്റ്റ് 22ന് കോട്ടയത്ത് തിരുനക്കരമഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍ വയ്ച്ച് അദ്ദേഹത്തിന്റെ ശിഷ്യരും കുടുബാഗങ്ങളും സഹൃദയരും ചേര്‍ന്ന് സമുചിതമായി ആഘോഷിക്കപ്പെട്ടു. ആഘോഷപരിപാടികള്‍ രാവിലെ 9:30ന് ശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കേളിക്കുശേഷം കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരി, ആയാകുടി കുട്ടപ്പമാരാര്‍ എന്നിവരെ വാസുദേവന്‍ നമ്പൂതിരി ആദരിച്ചു. ശ്രീ കലാമണ്ഡലം കേശവന്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍വച്ച് ശ്രീ കലാമണ്ഡലം ഗോപി,പ്രഫസര്‍ അമ്പലപ്പുഴ രാമവര്‍മ്മ,തിരുവിഴ ജയശങ്കര്‍,കെ.സി.നാരായണന്‍ തുടങ്ങി അനേകം കലാകാരന്മാരും ആസ്വാദകരും ക്ലബ് ഭാരവാഹികളും ആശംസകളും ഉപഹാരങ്ങളും വാസുദേവന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് പിറന്നാള്‍ സദ്യയും നടന്നു.ഉച്ചക്ക് 2മുതല്‍ ശ്രീ ഷൈന്‍പ്രിയദര്‍ശ്ശനും സംഘവും അവതരിപ്പിച്ച ഗസലിനു ശേഷം ഇരട്ടതായമ്പകയും നടന്നു. ശ്രീ പനമണ്ണ ശശിയും ശ്രീ മട്ടനൂര്‍ ഉദയന്‍ നമ്പൂതിരിയുമാണ് തായമ്പക അവതരിപ്പിച്ചത്. വൈകുന്നേരം ശ്രീ അമ്പലപ്പുഴ വിജയകുമാര്‍ സോപാനസംഗീതം അവതരിപ്പിച്ചു.
വൈകുന്നേരം നടന്ന ചടങ്ങില്‍ വച്ച് മിടുക്കന് ശിഷ്യരുടേയും സഹൃദയരുടേയും വകയായിയുള്ള വീരശൃഘല സമര്‍പ്പിക്കപ്പെട്ടു. കേരള കലാമണ്ഡലം(കല്പിതസര്‍വ്വകലാശാല) വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസാണ് വീരശൃഘല ഇദ്ദേഹത്തിനെ അണിയിച്ചത്.


ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9:15മുതല്‍ കഥകളിയും അവതരിപ്പിക്കപ്പെട്ടു. കലാകേന്ദ്രം ഹരീഷ്,കലാമണ്ഡലം മയ്യനാട് രാജീവ്,കലാമണ്ഡലം പ്രശാന്ത്,കലാമണ്ഡലം അരുണ്‍ എന്നിവര്‍ ചേര്‍ന്ന് അരപ്പുറപ്പാട് അവതരിപ്പിച്ചു. തുടര്‍ന്ന് ഇരട്ടമേളപ്പദവും നടന്നു. ഇതില്‍ ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു സംഗീതം. പതിവുപോലെ നിരവലും രാഗമാലികാപ്രയോഗങ്ങളുമൊക്കെ ഉണ്ടായി. മേളപ്പദത്തിന്റെ അന്ത്യഭാഗത്തുള്ള മദ്ധ്യമാവതി രാഗവിസ്താര സമയത്ത് ഇരുവരും താളം പിടിക്കുന്നുണ്ടായിരുന്നില്ല. കര്‍ണ്ണാടകസംഗീതത്തിലെ പോലെയല്ല സോപാന-കഥകളി സംഗീതത്തില്‍. രാഗവിസ്താരവും താളനിബദ്ധമായിട്ടാണ് വേണ്ടത്. ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും സദനം രാമക്യഷ്ണനും ചെണ്ടയിലും ശ്രീ കോട്ടക്കല്‍ രവിയും ശ്രീ കലാമണ്ഡലം ശശിയും മദ്ദളത്തിലും മേളമുതിര്‍ത്തു.


നളചരിതം ഒന്നാംദിവസത്തിന്റെ രണ്ടാംഭാഗമാണ് ഇവിടെ ആദ്യം അവതരിപ്പിക്കപ്പെട്ടത്. ഹംസം ദമയന്തിയുടെ അടുത്തുചന്ന്, അവള്‍ക്ക് നളനിലുള്ള അനുരാഗത്തെ അറിഞ്ഞ് മടങ്ങുന്നതു വരേയുള്ള ആദ്യഭാഗമാണ് സാധാരണ അവതരിപ്പിക്കാറുളളത്. തുടര്‍ന്നുള്ള രംഗങ്ങള്‍ വളരേ അപൂര്‍വ്വമായി മാത്രമെ രംഗത്ത് അവതരിപ്പിച്ചു കാണാറുള്ളു.

കഥാഭാഗംചുരുക്കത്തില്‍-
ആദ്യരംഗം.
നിഷധോദ്യാനത്തില്‍ ഹംസത്തിനേയും കാത്തിരിക്കുന്ന നളസമീപത്തേക്ക് ഹംസം പറന്ന് വരുന്നു.“രാജശ്രേഷ്ടാ, അങ്ങയുടെ ആഗ്രഹം മിക്കവാറും സാധിതമായി കഴിഞ്ഞു. ഇനി മനസ്സ് വിഷമിക്കേണ്ട. ഞാന്‍ കുണ്ഡിനപുരിയില്‍ ചെന്ന് ദമയന്തിയേ കണ്ടു.വചനകൌശലത്താല്‍ അവളുടെ മനസ്സ് ഞാന്‍ ഗ്രഹിച്ചു. ദമയന്തിയുടെ മനസ്സ് നിന്നില്‍ ഉറപ്പിക്കുകയും ചെയ്തു.”ഇങ്ങനെ പറഞ്ഞ് ഹംസം മറയുന്നു. ദമയന്തീസ്വയംവരത്തിനുള്ള ഭീമരാജാവിന്റെ ക്ഷണപത്രം ലഭിച്ചപ്പോള്‍ നളന്‍ സ്വയംവരത്തിന് പുറപ്പെടുന്നു.രണ്ടാം രംഗംകുണ്ഡിനപുരിയിലേക്കു പുറപ്പെട്ട ദേവകളും നളനും മാര്‍ഗ്ഗമധ്യേ കണ്ടുമുട്ടുന്നു. തങ്ങള്‍ ആരാണെന്ന് പരിചയപ്പെടുത്തിയതു കേട്ട് നളന്‍ അവരെ വണങ്ങി നിങ്ങളുടെ നിര്‍ദ്ദേത്തെ പാലിച്ചുകൊള്ളാം എന്ന് അറിയിക്കുന്നു. ഞങ്ങള്‍ ഭൈമീസ്വയംവരത്തിന് പോവുകയാണെന്നും, നിന്നെ വഴിയില്‍ കണ്ടതു് നന്നായി എന്നും,ഇനി നീ ദമയന്തീ സമീപത്തുചെന്ന് ഞങ്ങള്‍ക്കുവേണ്ടി പ്രേമാഭ്യര്‍ദ്ധന നടത്തിവരണമെന്നും, ആരും കാണാതെ ദമയന്തീസമീപത്തേക്ക് പോകുവാന്‍ തിരസ്ക്കരണീവിദ്യ താത്ക്കാലീകമായി നല്‍കാമെന്നും ഇന്ദ്രന്‍ പറയുന്നു.ഞാനും ഭൈമീകാമുകനാണെന്നും, അതിനാല്‍ എനിക്ക് ദമയന്തീസമീപത്ത് ചെന്ന് ഈവിധം പറയാന്‍ സാധിക്കാതെ വരും എന്നും നളന്‍ ഒഴികഴിവുവുകള്‍ പറഞ്ഞുനോക്കി എങ്കിലും, ആദ്യം നല്‍കിയ വാക്കുപാലിക്കുന്നതിന് നിര്‍ബന്ധിതനായി ഒടുവില്‍ നളന്‍ അതിനു തയ്യാറാകുന്നു.തുടര്‍ന്ന് നളന് തിരസ്ക്കരണി ഉപദേശിച്ച് ദേവന്മാര്‍ യാത്രയാക്കുന്നു.തന്റെ കാര്യം വിട്ട് ഇന്ദ്രന്റെ ദൂതഭാവം കൈക്കൊണ്ട് പരിവാരങ്ങളെ അവിടെ നിര്‍ത്തി ഭൈമീസമീപത്തേക്ക് ഏകനായി നളന്‍ പോകുന്നു. തിരസ്ക്കരണീവിദ്യാപ്രയോഗത്താല്‍ ആരുടേയും കണ്ണില്‍ പെടാതെ ദമയന്തീയുടെ കൊട്ടാരത്തില്‍ നളന്‍ എത്തുന്നു.
മൂന്നാംരംഗം
നളന്‍ കൊട്ടാരത്തിലിരിക്കുന്ന ഭൈമീസമീപത്തെത്തി തിരസ്ക്കരണിവിട്ട് പ്രത്യക്ഷനാകുന്നു.ദമയന്തി പെട്ടന്ന് ഒരാളെ സമീപത്ത് കണ്ട് ആശ്ചര്യപ്പെടുകയും, പുരുഷസാന്നിദ്ധ്യത്താല്‍ സംഭ്രമിക്കുകയും,ആഗതന്, ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന നളനോട് സാമ്യം തോന്നുകയാല്‍ ലജ്ജിക്കുകയും ചെയ്യുന്നു.എന്നാല്‍ തിരസ്ക്കരണി പ്രയോഗിച്ച് വന്നതിനാല്‍ നളനല്ലാ ഏതൊദിവ്യനാണെന്നു മനസ്സിലാക്കിയ ഭൈമി ലജ്ജവിട്ട് ആഗതനെ ആദരിച്ചുകൊണ്ട്,“മഹാനുഭാവാ താങ്കള്‍ ആരാണ്? ആഗമനോദ്ദേശ്യം എന്താണ്?“ എന്ന് ചോദിക്കുന്നു.“ഞാന്‍ അമരാപതിയുടെ ദൂതനാണ്,നിന്നില്‍ അനുരുക്തരായ ഇന്ദ്രയമാഗ്നിവരുണന്മാര്‍ സ്വയംവരത്തിനെത്തിയിട്ടുണ്ട്,അതിനാല്‍ തങ്ങളില്‍ ഒരുവനെ ഭവതി വരിക്കേണം എന്ന് അവര്‍ അറിയിക്കുന്നു.”എന്ന് നളന്‍ മറുപടി പറയുന്നു.ദമയന്തി ഇന്ദ്രാദികളുടെ അഭിലാഷത്തിന്റെ ഔചിത്യത്തെ ചോദ്യംചെയ്തു കൊണ്ട് അവരുടെ ആവശ്യത്തെ നിരസിക്കുന്നു എന്നു മാത്രമല്ലാ, താന്‍ മറ്റൊരാളില്‍ അനുരുക്തയാണെന്നും അറിയിക്കുന്നു. നളന്‍ ഭൈമീവചനങ്ങള്‍ കേട്ട് അവളുടെ തന്റേടത്തില്‍ ആശ്ചര്യ ബഹുമാനങ്ങളോടും അവളോടുള്ള പ്രണയഭാവത്തോടും ഇനി ഇന്ദ്രാദികളോട് ഇതുപറയണമല്ലൊ എന്നുള്ള സംഭ്രമത്തോടും കൂടി നളന്‍ അന്തര്‍ധാനം ചെയ്യുന്നു.
നാലാം രംഗം
ഈ രംഗത്തില്‍ നളന്‍ തിരിച്ച് ദേവകളുടെ അടുത്തെത്തി അവരെ വന്ദിച്ച് പോയകാര്യം സാധിക്കാനായില്ലാ എന്നും, ദമയന്തി ദേവകളുടെ അപേക്ഷനിരസിച്ചു എന്നുമറിയിക്കുന്നു.
അഞ്ചാം രംഗം
സര്‍വാലങ്കാരവിഭൂഷിതയായ ദമയന്തിയെ മംഗളവാദ്യങ്ങളുടെ അകന്വടിയോടെ സരസ്വതീ ദേവി ദേവാസുരമാനുഷപ്രമുഖരാല്‍ നിറഞ്ഞ സ്വയംവരമംണ്ഡപത്തിലേക്ക് ആനയിച്ചു. സരസ്വതി സന്നിഹിതരായവരെ ഓരോരുത്തരെയായി ഭൈമിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു.ദമയന്തി നളനേവരിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയ ദേവകള്‍ നളരൂപത്തിലാണ് മണ്ഡപത്തില്‍ സന്നിഹിതരായിരുന്നത്. ഇവരില്‍ യഥാര്‍ത്ഥ നളനേതെന്ന് അറിയാതെ ദമയന്തി വിഷമിക്കുന്നു. ഈശ്വരന്മാരേ മനമുരുകി പ്രാര്‍ഥിക്കുന്നു.ഭൈമീപ്രാര്‍ഥനയാല്‍, വിധീആനുകൂല്യത്താല്‍ ദേവകള്‍ താന്താങ്ങളുടെ രൂപത്തെ ധരിച്ചു. യഥാര്‍ത്ഥനളനെ തിരിച്ചറിഞ്ഞ ദമയന്തി നളനെ വരിച്ചു. ദമയന്തിയുടെ സുദ്യഢപ്രണയത്തിലും അകമഴിഞ്ഞ പ്രാര്‍ഥനയിലും സന്തുഷ്ടരായ ദേവകള്‍ നളദമയന്തിമാരെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് പരമാത്മസായൂജ്യം ഉണ്ടാകട്ടെ എന്ന് ഇന്ദ്രനും, അര്‍ത്ഥവും ഐശ്വര്യവും അമ്യതസമാനമായ പദപ്രയോഗസാമര്‍ദ്ധ്യവും ഉണ്ടാകട്ടെ എന്ന് സരസ്വതിയും അവരെ അനുഗ്രഹിക്കുന്നു. പൊള്ളല്‍ ഏല്‍ക്കുന്ന അവസരത്തിലും പാചകസമയത്തും ഞാന്‍ നിന്റെ സ്വാധീനനായിരിക്കുമെന്ന് അഗ്നിദേവനും, നീ ചിന്തിച്ചാല്‍ മരുഭൂവിലായാലും ജലം നിനക്ക് ലഭിക്കും എന്ന് വരുണനും നളനേ അനുഗ്രഹിക്കുന്നു.ആപത്തിലും അധര്‍മ്മവിമുക്തമായ മനസ്സും ആയുധവിദ്യാപ്രാവീണ്യവും ലഭിക്കട്ടെ എന്ന് യമന്‍ ദമയന്തിക്കും അനുഗ്രഹം നല്‍കുന്നു.ഇതോടെ നളചരിതം ഒന്നാംദിവസത്തെകഥ പൂര്‍ണ്ണമാകുന്നു.

അരങ്ങില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെടുന്നഭാഗമാണല്ലൊ ഇത്. അതുകൊണ്ടുള്ള പരിചയകുറവുമൂലം ഉള്ള ചെറിയ പിശകുകള്‍ ഇതില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരുടെ ഭാഗത്തും ഉണ്ടായതായി കണ്ടു. ഇവിടെ നളനായി എത്തിയത് ശ്രീ കലാമണ്ഡലം ഗോപി ആയിരുന്നു. അദ്ദേഹത്തേപോലെ ഒരു മിതിര്‍ന്ന നടനില്‍ നിന്നും അസ്വാദകര്‍ പ്രതീക്ഷിക്കുന്നത്ര ഉയര്‍ന്ന പ്രകടമായില്ല ഈ ദിവസത്തേത്. ഇദ്ദേഹത്തെ സംബന്ധിച്ച് പരിചയക്കുറവ് മൂലമാണന്ന് ഒരിക്കലും പറയാനാവില്ല. ഈ ദിവസത്തെ കളിയെ അദ്ദേഹം അത്ര ഗൌരവബുദ്ധ്യാ സമീപിച്ചില്ല എന്നാ‍ണു തോന്നുന്നത്. ഹംസമായി വേഷമിട്ട സദനം കൃഷണന്‍കുട്ടി പ്രകടനത്തില്‍ മാത്രമല്ല വേഷം ഒരുങ്ങുന്നതിലും ശ്രദ്ധവെച്ചിരുന്നില്ല എന്നും തോന്നി.


ഇന്ദ്രനായി ശ്രീ കലാമണ്ഡലം മയ്യനാട് രാജീവും അഗ്നിയായി ശ്രീ ആര്‍.എല്‍.വി.സുനിലും വരുണനായി ശ്രീ തിരുവഞ്ചൂര്‍ സുഭാഷും യമനായി ശ്രീ കലാമണ്ഡലം ഗോപനും വേഷമിട്ടു. ‘ചെയ്‌വനെന്നു മുന്നേ’ എന്ന ചരണം യമധര്‍മ്മന്‍ ആടേണ്ടതാണെന്നു പോലും മനസ്സിലാക്കാതെയാണ് ഗോപന്‍ അരങ്ങിലെത്തിയിരുന്നത്. ദമയന്തീസമീപത്തേക്ക് അയക്കുമ്പോള്‍ നളന് തിരസ്ക്കരണി നല്‍കാം എന്നു പറയുന്നതല്ലാതെ അത് ഉപദേശിക്കുന്നതായി ആടികണ്ടില്ല.


ദമയന്തി വേഷമിട്ട ശ്രീ മാര്‍ഗ്ഗി വിജയകുമാറായായിരുന്നു ഈ ദിവസത്തെ എറ്റവും നല്ല പ്രകടനത്തോടെ പ്രേക്ഷകരെ പിടിച്ചിരുത്തിയത്. കണക്കൊത്തചൊല്ലിയാട്ടവും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അഭിനയവുമായിരുന്നു ഇദ്ദേഹത്തിന്റേത്. ശ്രീ മുരളീധരന്‍ നമ്പൂതിരി ആണ് സരസ്വതിയായി അരങ്ങിലെത്തിയത്.


ആദ്യമൂന്നു രംഗങ്ങളിലേയും സംഗീതം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ശ്രീ കോട്ടക്കല്‍ മധുവും ചേര്‍ന്ന് നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഇരുവരുടെയും സമ്പൃദായങ്ങളിലുള്ള അന്തരം പലഭാഗങ്ങളിലും അനുഭവപ്പെട്ടു.തുടര്‍ന്നുള്ള രംഗങ്ങള്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ വിനോദും ചേര്‍ന്നാണ് പാടിയത്. ഈ കഥക്ക് ചെണ്ടകൊട്ടിയത് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും, മദ്ദളം കൊട്ടിയത് ശ്രീ കോട്ടകല്‍ രവി, കലാമണ്ഡലം ശശി(മൂന്നാം രംഗം പകുതിമുതല്‍) എന്നിവരും ആണ്.
ബാണയുദ്ധംത്തിലെ ആദ്യഭാഗമാണ് രണ്ടാമതായി അവതരിപ്പിച്ച കഥ. ഇതും അപൂര്‍വ്വമായി മാത്രം രംഗത്തെത്തുന്ന ഒരു ഭാഗമാണ്.

ബാണന്റെ തിരനോട്ടവും തന്റേടാട്ടവുമാണ് ആദ്യം. താന്‍ ബഹ്മാവിനെ തപസ്സുചെയ്ത് വരങ്ങള്‍ സമ്പാദിച്ച് സുഖമായി വസിക്കുന്ന കാലത്ത് ഒരു ദിവസം കൈലാസത്തില്‍ പോയ കഥ ഇവിടെ വിസ്തരിച്ച് ആടുന്നു. ആ സമയം ശിവന്‍ താണ്ഡവനൃത്തം ചെയ്യുന്നത് കണ്ടു. നന്ദിയും ഭൂതഗണങ്ങളും വാദ്യങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു.ബാണന്‍ അവര്‍ക്കൊപ്പം വാദ്യം വായിച്ചു. ശിവന്‍ അതില്‍ സം‌പ്രീതനായി ബാണന് ആയിരം കൈകള്‍ ഉണ്ടാവട്ടെ എന്ന് അനുഗ്രഹിച്ചു. അങ്ങിനെ അനേകം കൈകള്‍കൊണ്ട് പല വാദ്യങ്ങള്‍ വായിച്ചതില്‍ സന്തോഷിച്ച ശിവന്‍ വീണ്ടും എഷ്ടവരം ചോദിച്ചുകൊള്ളാന്‍ ബാണനോട് പറയുന്നു. അങ്ങ് പരിവാര സമേതം എന്റെ ഗോപുരദ്വാരത്തിങ്കല്‍ വന്നു വസിക്കണം എന്ന് ബാണന്‍ ആവശ്യപ്പെടുന്നു. ശിവന്‍ അതനുസ്സരിച്ച് ബാണന്റെ ഗോപുരദ്വാരത്തിങ്കല്‍ വന്ന് വസിക്കുന്നു. ആയിരം കൈകളുള്ള ബാണന്‍ ഒത്തൊരു എതിരാളിയെ കിട്ടാതെ കൈത്തരിപ്പ് തീര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നു. ഒടുവില്‍ കൈത്തരിപ്പുതീര്‍ക്കാന്‍ ശിവനോട് തന്നെ യുദ്ധം ആവശ്യപ്പെടാന്‍ തീര്‍മാനിച്ച് ബാണന്‍ ഗോപുരത്തില്‍ എത്തുന്നു. തന്റേയും പരിവാരങ്ങളുടേയും വാഹനങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധമൂലം മ്ലാനവദനനായി ഇരിക്കുകയാണ് ശിവന്‍ എന്ന് ബാണന് തോന്നുന്നു. ശിവവാഹനമായ ഋഷഭനും പാര്‍വ്വതിയുടെ വാഹനമായ സിംഹവും തമ്മിലും ശിവാഭരണമായ സര്‍പ്പവും സുബ്രഹ്മണ്യവാഹനമായ മയിലും തമ്മിലും മറ്റുമുള്ള കലഹത്തെ ഇവിടെ വിസ്തരിച്ചു കാണിക്കുന്നു. നന്ദികേശ്വരനേയും ഗണപതിയേയും സുബ്രഹമണ്യനേയും ശിവനേയും ക്രമത്തില്‍ കണ്ട് ബാണന്‍ തന്നോട് യുദ്ധം ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കുന്നു. തങ്ങളാല്‍ അതിനു കഴിയില്ല എന്ന് എല്ലാവരും അറിയിക്കുന്നു. നിന്റെ കൊടിമരം ഒരു നാള്‍ മുറിഞ്ഞുവീഴുമെന്നും, അന്ന് നിന്നോട് യുദ്ധം ചെയ്യാന്‍ എനിക്കു തുല്യനായ ഒരാള്‍ വരുമെന്നും, അതുവരെ കാത്തിരിക്കണമെന്നും ശിവന്‍ ബാണനെ അറിയിക്കുന്നു. കൊട്ടാരത്തിലേക്ക് മടങ്ങി ബാണന്‍ ആ കാലംവരുന്നത് കാത്തിരിക്കുന്നു. ഇത്രയും ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
ഇതില്‍ ബാണനായെത്തിയ ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍ വളരെ നല്ല പ്രകടമാണ് കാഴ്ചവെയ്ച്ചത്. ശിവനായി ശ്രീ കലാമണ്ഡലം രവികുമാറും പാര്‍വ്വതിയായി ശ്രീ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും നന്ദികേശ്വരനായി ശ്രീ കലാമണ്ഡലം അരുണും സുബ്രഹ്മണ്യനായി ശ്രീ ആര്‍.എല്‍.വി.സുനിലും അരങ്ങിലെത്തി.ശ്രീ പള്ളം മാധവനായിരുന്നു പൊന്നാനി പാടിയത്. പ്രായാധിക്യം മൂലം ശ്വാസംകിട്ടായകയാലും പദങ്ങള്‍ തോന്നായ്കയാലും ഇദ്ദേഹം നന്നെ വിഷമിച്ചിരുന്നു. ശ്രീ കലാമണ്ഡലം സജീവന്‍ ആണ് കൂടെ പാടിയിരുന്നത്. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.


ദക്ഷയാഗമായിരുന്നു (‘കണ്ണിണക്കാനന്ദം’മുതല്‍) മൂന്നാമത് കഥ. ആദ്യദക്ഷനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘര വാര്യരും വേദവല്ലിയായി ശ്രീ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയും അഭിനയിച്ചു. ആദ്യരംഗത്തില്‍ ചെണ്ട ശ്രീ കലാമണ്ഡലം രാധാകൃഷ്ണനും മദ്ദളം ശ്രീ കലാമണ്ഡലം ഗോപിക്കുട്ടനും കൈകാര്യം ചെയ്തു.

സതിയായി ശ്രീ കുടമാളൂര്‍ മുരളീകൃഷ്ണനാണ് വേഷമിട്ടിരുന്നത്. ശ്രീ തിരുവല്ലാ കരുണാകരക്കുറുപ്പ് വടു ആയി എത്തി. ഈഭാഗത്തെ പാട്ട് ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു.

ഇന്ദ്രനായി ശ്രീ കലാമണ്ഡലം അരുണും ശിവനായി ശ്രീ കലാമണ്ഡലം കൃഷ്ണപ്രസാദും അരങ്ങിലെത്തി. ഈ ഭാഗത്തെ മേളം ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ നാരായണന്‍ നമ്പൂതിരിയും(മദ്ദളം) ചേര്‍ന്നായിരുന്നു. ‘അറിയാതെ’ മുതല്‍ പാടിയത് ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ശ്രീ കലാമണ്ഡലം രാജേഷ്‌ബാബുവും ചേര്‍ന്നാണ്.


അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെടാറുള്ള ദധീചി മുനി ദക്ഷന്റെ അടുത്തെത്തുന്നരംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് ദധീചിയായി അഭിനയിച്ചത്. ശ്രീ എഫ്.എ.സി.റ്റി.മോഹനന്‍ രണ്ടാം ദക്ഷനായി എത്തി. ഈ രംഗത്തിലെ സംഗീതം കലാമണ്ഡലം ബാബു നമ്പൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നും, മേളം ശ്രീ കലാമണ്ഡലം രാധാകൃഷ്ണനും(ചെണ്ട) ശ്രീ നരായണന്‍ നമ്പൂതിരിയും(മദ്ദളം) ചേന്നും കൈകാര്യം ചെയ്തു. വീരഭദ്രനായി ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും ഭദ്രകാളിയായി ശ്രീ കലാമണ്ഡലം ഭാഗ്യനാധും വേഷമിട്ടിരുന്നു.

ശ്രീ ചിങ്ങോലി പുരുഷോത്തമന്‍, ശ്രീ നീലമ്പേരൂര്‍ ജയപ്രകാശ്, കലാനിലയം സജി എന്നിവരാണ് ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രി വല്ലഭ കഥകളിയോഗം ആയിരുന്നു കളിയോഗം. ഇവരുടെ കോപ്പുകള്‍ തരക്കേടില്ലായെങ്കിലും ഒട്ടും ഭഗിയില്ലാത്തതും വളരെ ചെറുതുമായ തിരശ്ശീല ഒരു പോരായ്മയായി തോന്നി. നാലുപേര്‍ പങ്കെടുക്കുന്ന പുറപ്പാടും അനവധി വേഷങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്ന രംഗങ്ങളും ഉള്ളതും, വലിയ സ്റ്റേജില്‍ നടത്തപ്പെടുന്നതുമായ കഥകളിക്ക് വലിയ തിരശ്ശീലതന്നെ ആവശ്യമാണ്. അരങ്ങത്ത് മറ്റുള്ളവരൊക്കെ ഷര്‍ട്ട് ധര്‍ക്കാതെ നില്‍ക്കുന്വോള്‍ തിരശ്ശീലക്കാര്‍ മാത്രം ഷര്‍ട്ട് ധരിച്ചുകൊണ്ട് നില്‍ക്കുന്നതും അഭംഗിയായി തോന്നി.

കലാമണ്ഡലത്തിന്റെ ‘നൂറരങ്ങ്’ ഉദ്ഘാടനം


കേരളകലാമണ്ഡലത്തിന്റെ ‘കഥകളി നൂറരങ്ങി’ന്റെ ഉദ്ഘാടനവും കന്നിയരങ്ങും 2008 ആഗസ്റ്റ് 21ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെയും ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റേയും പങ്കാളിത്തത്തോടേയാണ് ഇതിന്റെ ‘കന്നിയരങ്ങ്’ഇവിടെ നടത്തപ്പെട്ടത്. കഥകളിയുടെ ആസ്വാദനമണ്ഡലം വിപുലീകരിക്കുന്നതിനും യുവകലാകാരന്മാര്‍ക്ക് രംഗപരിചയത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി കല്പിതസര്‍വ്വകലാശാലയായ കേരള കലാമണ്ഡലം ആവിഷ്ക്കരിച്ചിട്ടുള്ള നൂതന പദ്ധതിയാണ് ‘കഥകളി നൂറരങ്ങ്’. രാവിലെ 9ന് ആരംഭിച്ച പരിപാടിയില്‍ ശ്രീ എം.കെ.സാനു കവി ചങ്ങമ്പുഴയേയും ശ്രീ പെരിങ്ങര രാമന്‍ നമ്പൂതിരി പത്മശ്രീ കലാമണ്ഡലം ക്യഷ്ണന്‍‌നായരേയും അനുസ്മരിച്ചു. തുടര്‍ന്ന് സോദാഹരണ പ്രഭാഷണവും നടന്നു. പരിപാടിയോടനുബന്ധിച്ച് കലാമണ്ഡലം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുടേയും സിഡികളുടേയും പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരുന്നു.



ഉച്ചക്ക് 2മുതല്‍ നടന്ന ‘കഥകളി-സംവേദനത്തിന്റെ പ്രശ്നങ്ങള്‍’ എന്ന സംവാദം ശ്രീ കെ.ബി.രാജാന്ദ് നയിച്ചു. 3മുതല്‍ തോടയം,പുറപ്പാട്,മേളപ്പദം എന്നിവ നടന്നു. ശ്രീ കലാമണ്ഡലം അരുണ്‍‌ വാര്യര്‍, ശ്രീ കലാമണ്ഡലം പ്രജിത്ത് എന്നിവര്‍ തോടയവും ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ കര്‍ത്താ, ശ്രീ കലാമണ്ഡലം വിപിന്‍ എന്നിവര്‍ പുറപ്പാടും അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു പാട്ട്. ഇത് വളരെ നന്നായതായി തോന്നി. വലുതായ സംഗീത കസര്‍ത്തുകള്‍ കൊണ്ടല്ല സമ്പൃദായ ശുദ്ധികൊണ്ടാണ് ഇങ്ങിനെ തോന്നിച്ചത്. ഇതുപോലെ ‘കഥകളിത്തം‘ഉള്ള മേളപ്പദങ്ങള്‍ ഇന്ന് കുറവായിട്ടാണ് കാണുന്നത്. ശാസ്ത്രീയ സംഗീതവഴികളിലുള്ളതും സംഗീതകസര്‍ത്തുകള്‍ നിറഞ്ഞതുമായ ‘നവീനമേളപ്പദ‘ങ്ങളാണ് ഇന്ന് അധികം കണ്ടുവരുന്നത്. നിര്‍ഭാഗ്യവശാല്‍ അവയ്ക്കാണ് ജനപിന്തുണയും! ശ്രീ സദനം വാസുദേവന്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും ശ്രീ ചേര്‍പ്പുളശ്ശേരി ശിവന്‍, ശ്രീ കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളത്തിലും മേളം പകര്‍ന്നു. സദനം വാസുദേവനും ചേര്‍പ്പുളശ്ശേരി ശിവനും ചേര്‍ന്നുള്ള ചില നല്ല പ്രയോഗങ്ങള്‍ ആസ്വാദകരില്‍ മേളപ്പദങ്ങളുടെ പൊയ്പ്പോയ സുവര്‍ണ്ണകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതായി. പദഭാഗം കഴിഞ്ഞുള്ള ‘ചെമ്പടവട്ടം’ കാലം മുറുകിയപ്പോഴേക്കും വലന്തലയിലും താളമിട്ടിരുന്നതുകൊണ്ട് മേളക്കൊഴുപ്പ് വര്‍ദ്ധിച്ചു.




വൈകിട്ട് അഞ്ചിനു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍
ശ്രീ കെ.ബാലചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് അധ്യക്ഷനായിരുന്നു. ‘കഥകളി നൂറരങ്ങ്’ പരിപാടിയേപറ്റി വിശദീകരിച്ച അദ്ദേഹം, ഇതിലൂടെ കഥകളിയെ ലളിതവല്‍ക്കരിച്ച് ജനങ്ങളിലേക്ക് ഇറക്കികൊണ്ടുവരലല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച് ജനങ്ങളെ കഥകളിആസ്വദിക്കാനാവുന്ന തലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരലാണേന്നും അറിയിച്ചു. ശ്രീ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരും ശ്രീ കലാമണ്ഡലം ഗോപിയും ഈ പരിപാടിക്ക് ആശിസ് അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കഥകളി പഠനം ഇല്ലെങ്കിലും കഥകളി ആസ്വാദനത്തിനുതകുന്ന പഠനമെങ്കിലും സ്കൂള്‍ തലത്തില്‍ നല്കാന്‍ ഗവണ്മെന്റ് ശ്രമിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇതിനായി ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങികഴിഞ്ഞുവെന്നും ഇതിന്റെ ഭാഗമായി +1,+2ക്ലാസുകളില്‍ ഇതേര്‍പ്പെടുത്തുവാനും അതിനുള്ള അദ്ധ്യാപകരെ നിയമിക്കുവാനുമുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു എന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച ബഹു:സാംസ്ക്കാരീക വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ.ബേബി അറിയിച്ചു. കലാമണ്ഡലത്തേയും പാരമ്പര്യകലകളേയും ആസ്പദമാക്കി കലാമണ്ഡലവും സിഡിറ്റും സംയുക്തമായി നിര്‍മ്മിച്ച എട്ട് സി.ഡികള്‍ യോഗത്തില്‍ വച്ച് മന്ത്രി രാമന്‍‌കുട്ടിയാശാനു നല്‍കികൊണ്ട് പ്രകാശനം ചെയ്തു. കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കഥകളി പഠനം നടത്തുവാനുള്ള അവസരം ഇതുവരെ ലഭ്യമായിട്ടില്ലെന്നും, ഒരു കല്പിതസര്‍വകലാശാലയായി മാറിയിരിക്കുന്ന ഈ കാലത്തെങ്കിലും അഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്കുംകൂടി കഥകളി പഠനത്തിനുള്ള സാഹചര്യം ഒരുക്കുവാന്‍ കലാമണ്ഡലംശ്രമിക്കണമെന്ന് തന്റെ ആശംസാപ്രസംഗത്തില്‍ തൃപ്പൂണിത്തുറനഗരസഭാ ചെയര്‍പേഴ്സണും കഥകളി കലാകാരിയുമായ ശ്രീമതി രഞ്ജിനി അഭിപ്രായപ്പെട്ടു. ശ്രീ കെ.വി.തോമസ് എം.എല്‍.എ, ശ്രീ കെ. ബാബു എം.എല്‍.എ, കൊച്ചി നഗരസഭാകൌണ്‍സിലര്‍ അഡ്വ:എന്‍.സി.ശശി എന്നിവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ:എന്‍.ആര്‍.ഗ്രാമപ്രകാശ് നന്ദി രേഖപ്പെടുത്തി.


യോഗത്തേതുടര്‍ന്ന് കഥകളിയും നടന്നു. ദുര്യോധനവധം(ചൂതു മുതല്‍) ആയിരുന്നു അവതരിപ്പിച്ച കഥ. പതിവുപോലെ തന്നെ വിപുലവും, ശ്രീ കലാ:കേശവന്‍,കലാ:ഗോപി തുടങ്ങിയ പ്രഗത്ഭര്‍ അടങ്ങുന്നതുമായ ആസ്വാദകസദസ്സ് ഈ ദിവസവും ഇടപ്പള്ളിയില്‍ ഉണ്ടായിരുന്നു.





ധര്‍മ്മപുത്രന്‍ ദുര്യോധനന്റെ ആഗ്രഹപ്രകാരം ശകുനിയുമായി
ചൂതുകളിക്കുന്നതായ രംഗം മുതല്‍ കളി ആരംഭിച്ചു. ദുര്യോധനന്നായി വേഷമിട്ട ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍, ദുശ്ശാസനനായി വേഷമിട്ട ശ്രീ കലാമണ്ഡലം ഹരി ആര്‍.നായര്‍,ശകുനിയായി വേഷമിട്ട ശ്രീ കലാമണ്ഡലം എബിന്‍ ബാബു, ധര്‍മ്മപുത്രരായി വേഷമിട്ട ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ കര്‍ത്താ എന്നിവരെല്ലാം തന്നെ കഥാപാത്രങ്ങളെ ഉള്‍കൊണ്ട് സമ്പൃദായതികവോടും എന്നാല്‍ അനൌചിത്യങ്ങള്‍ ഇല്ലാതെ മിതത്വം പാലിച്ചുകൊണ്ടും തങ്ങളവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ തൃപ്തികരമായി അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം വിപിന്‍ ഭീമനായും, ശ്രീ കലാമണ്ഡലം ശബരീനാഥ് അര്‍ജ്ജുനനായും, ശ്രീ കലാമണ്ഡലം പ്രജിത്ത് നകുലനായും, ശ്രീ കലാമണ്ഡലം അനുരാഗ് സഹദേവനായും വേഷമിട്ടിരുന്നു. പാഞ്ചാലിയായി എത്തിയ ശ്രീ കലാമണ്ഡലം ചമ്പക്കര വിജയനും നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.



ഈ രംഗത്തില്‍ ചെണ്ട ശ്രീ കലാമണ്ഡലം വിജയകൃഷ്ണനും മദ്ദളം ശ്രീ കലാമണ്ഡലം ഗോപിക്കുട്ടനും കൈകാര്യം ചെയ്തു.



തങ്ങള്‍ക്കുവേണ്ടി കൌരവരുടെ സമീപത്തേക്ക് ദൂത് പോകുവാന്‍ ശ്രീക്യഷ്ണനോട് ധര്‍മ്മപുത്രന്‍ അപേക്ഷിക്കുന്നതായ രംഗമാണ് തുടര്‍ന്നു വരുന്നതെങ്കിലും, ഇത് സാധാരണ അരങ്ങുകളില്‍ നിന്നും പുറംതള്ളപ്പെട്ടു കഴിഞ്ഞു! ഇവിടെയും ഈ രംഗം അവതരിപ്പിക്കപ്പെട്ടില്ല. പാഞ്ചാലി-ശ്രീകൃഷ്ണ സംവാദമായുള്ള അടുത്തരംഗമാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കലാമണ്ഡലം ഷണ്മുഖദാസായിരുന്നു ശ്രീകൃഷന്‍. വിജയനും ഷണ്മുഖനും ചേര്‍ന്ന് ഈ രംഗവും നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഈ രംഗത്ത് ചെണ്ടയില്‍ പ്രവര്‍ത്തിച്ച ശ്രീ കലാമണ്ഡലം രവിശങ്കറും മദ്ദളത്തില്‍ പ്രവര്‍ത്തിച്ച ശ്രീ കലാമണ്ഡലം രാമദാസും നിരാശാജനകമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.


ആദ്യരണ്ടുരംഗങ്ങളിലും ശ്രീ കലാമണ്ഡലം ഭവദാസന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും ചേര്‍ന്നായിരുന്നു പാടിയത്.


ശ്രീകൃഷ്ണന്‍ പാണ്ഡവദൂതനായി വരുന്നുവെന്നറിഞ്ഞ്
ദുര്യോധനന്‍ സഭയില്‍ പ്രസ്ഥാപിക്കുന്നതായ ‘പാര്‍ഥിവവീരരേ’ എന്ന പദത്തോടുകൂടിയ സഭാരംഗവും, ദൂതിന്റെ ആദ്യഭാഗമായ ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെ കാണുന്നതായ ഭാഗവും മേല്‍പ്പറഞ്ഞകൃഷ്ണ-ധര്‍മ്മപുത്രരംഗം പോലെതന്നെ അരങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ടുവരുന്ന രംഗങ്ങളാണ്. സമയപരിമിതി മൂലമാവാം ഇവിടെയും ഈ ഭാഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ശ്രീ കൃഷ്ണന്‍ ദുര്യോധനനെ ചെന്നുകാണുന്ന ‘ദൂത്’ രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. ദൂതിന്റെ അന്ത്യത്തില്‍ ഭഗവാന്‍ വിശ്വരൂപം പ്രദര്‍ശ്ശിപ്പിക്കുന്നവേളയില്‍ മോക്ഷേഛുക്കളായ സത്പുരുഷന്മാര്‍ ഭവാനെ സ്തുതിക്കുകയും ദുര്യോധനനെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി ഈ മോഷേഛുക്കളുടെ പ്രതിനിധിയായി ഒരു ‘മുമുക്ഷു’ വന്ന്‍ ഇതുചെയ്യുന്നതായി ഈ രംഗത്തില്‍ കാണാറുണ്ട്. എന്നാല്‍ ഇവിടെ അങ്ങിനെയൊരു വേഷം ഉണ്ടായിരുന്നുല്ല! ദൂത് വിഭലമായി, ഇനി യുദ്ധം തന്നെ എന്ന് ഉറപ്പായവേളയില്‍ ദുര്യോധനന്‍, ദുശ്ശാസനനെ ഗധനല്‍കി അനുഗ്രഹിച്ച് യുദ്ധത്തിനയച്ചശേഷമാണ് ‘പടപ്പുറപ്പാട്’ ആടാറ്. എന്നാല്‍ ഇവിടെ ദുര്യോധനനും ദുശ്ശാസനനും ചേര്‍ന്ന് പടപ്പുറപ്പാട് ആടിയശേഷമാണ് ദുര്യോധനന്‍ ദുശ്ശാസനനെ അയച്ചത്. ഇരുവരുടേയും യോജിപ്പിനാല്‍ ഇത് നന്നാവുകയും ചെയ്തു. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം വാരണാസിനാരായണന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം ശശിയും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.



അന്ത്യരംഗത്തില്‍ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ രൌദ്രഭീമനായി എത്തി. അന്ത്യഭാഗത്ത് രൌദ്രഭീമന്‍ കൃഷ്ണസമീപം പോകുന്നതിനു പകരം കൃഷ്ണന്‍ തേര്‍തെളിച്ച് ഭീമസമീപം വരുന്നതായാണ് ഇവിടെ കണ്ടത്. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പൂതിരിയും ചെണ്ടയിലും ശ്രീ കലാമണ്ഡലം രാംദാസും ശ്രീ കലാമണ്ഡലം ശ്രീജിത്തും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളം ഒരുക്കിയിരുന്നു. ഈ ഭാഗത്ത് ശ്രീ കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും ശ്രീ കലാമണ്ഡലംസുരാജും ചേര്‍ന്നായിരുന്നു പാട്ട്.


ശ്രീ കലാമണ്ഡലം ശിവരാമന്‍,ശ്രീ കലാമണ്ഡലം ബാലന്‍,ശ്രീ കലാമണ്ഡലം ശിവദാസ്, ശ്രീ കലാമണ്ഡലം സതീഷ് എന്നിവരായിരുന്നു ചുട്ടി കലാകാരന്മാര്‍. കേരളകലാമണ്ഡലത്തിന്റെ കോപ്പുകള്‍ കൊണ്ട് അണിയറകൈകാര്യം ചെയ്തത് സര്‍വ്വശ്രീ കുഞ്ചന്‍,ബാലന്‍ തുടങ്ങിയവരായിരുന്നു.

കെ.എന്‍.വാസുദേവന്‍ നന്വൂതിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി


ഹരിപ്പാട് ശ്രീ കെ.എന്‍.വാ‍സുദേവന്‍ നന്വൂതിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷങ്ങള്‍ 02/08/02ന് ചിങ്ങോലിയിലുള്ള അദ്ദേഹത്തിന്റെ ഇല്ലത്തുവച്ച് നടന്നു. ഇതിന്റെ ഭാഗമായി രാത്രി 9മുതല്‍ കഥകളിയും നടത്തപ്പെട്ടിരുന്നു.
.
ശ്രീ ചിങ്ങോലിഗോപാലക്യഷ്ണന്റെ പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് ഇരട്ടമേളപ്പദവും നടന്നു. ശ്രീ കോട്ടക്കല്‍ മധുവും സജീവനും ചേര്‍ന്നായിരുന്നു പാടിയത്. ശ്രീ കലാമണ്ഡലം രാമന്‍ നന്വൂതിരിയും ശ്രീ കലാമണ്ഡലം ക്യഷ്ണദാസും ചേര്‍ന്ന് ചെണ്ടയും ശ്രീ കലാമണ്ഡലം നാരായണന്‍ നായരും ശ്രീ കലാമണ്ഡലം അച്ചുതവാര്യരും ചേര്‍ന്ന് മദ്ദളവും കൊട്ടി.



‘അങ്ങനെ ഞാനങ്ങു പോവതെങ്ങിനെ?’-കാട്ടാളനും ദമയന്തിയും
.
നളചരിതം രണ്ടാംദിവസത്തിലെ രണ്ടുരംഗങ്ങളാണ്(‘അലസതാവിലസിതം’ മുതല്‍ കാട്ടാളന്റെ അന്ത്യം വരെ)ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ദമയന്തിയായി ശ്രീ മാര്‍ഗ്ഗി വിജയകുമാറും കാട്ടാളനായി ശ്രീ സദനം ക്യഷ്ണന്‍‌കുട്ടിയും രംഗത്തെത്തി. ഇരുവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു. കൂര്‍ക്കം വലിച്ച് ഉറങ്ങിയിരുന്ന കാട്ടാളന്‍ കാട്ടില്‍ നിന്നും രോദനം കേട്ട് എഴുന്നേറ്റ് കിടന്നപായ തെറുത്തുവെച്ച്, കല്ലുകളുരസി പന്തം ജ്വലിപ്പിച്ച്,കതകുകള്‍ തുറന്ന് വീട്ടിനുവെളിയിലെത്തി, പന്തം കെടുത്തിവെച്ചു. ഇത്രയുമാടിയിട്ടാണ് കാട്ടാളന്‍ ‘ആരവമെന്തിതറിയുന്നിതോ’ എന്ന പദം അഭിനയിക്കാന്‍ തുടങ്ങിയത്. ‘എടുത്തുവില്ലും അന്വും വാളും’ എന്ന്ചൊല്ലിവട്ടം തട്ടിയപ്പോള്‍ കാട്ടാളന്‍ പരിസരം മുഴുവന്‍ തന്റെ ആയുധങ്ങള്‍ തേടുന്നതു കണ്ടു. വളരേ തപ്പിയിട്ടാണ് അവ ലഭിച്ചത്! ഒരു പാറപൊക്കിക്കൊണ്ടുവന്ന് ഇട്ടാണ് കാട്ടാളന്‍ പെരും‌പാന്വിനെ കൊന്നത്. പിന്നെ വില്ലുകൊണ്ടടിച്ചും അതിന്റെ വായില്‍ അന്വ് തിരുകികയറ്റിയും മരണം ഉറപ്പുവരുത്തി. പീഠത്തില്‍ കയറിനിന്നു കറങ്ങിനിലം‌പതിച്ചാണ് കാട്ടാളന്റെ മരണം അഭിനയിച്ചുകണ്ടത്. ഇവിടെ തീയ്,ചൂട്,ഭസ്മം തുടങ്ങിയ മുദ്രകളോന്നും കാട്ടുന്നതു കണ്ടില്ല. ഈ കഥക്ക് പൊന്നാനി പാടിയത് ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടിയായിരുന്നു. ശിങ്കിടിപാടിയത് ശ്രീ കലാനിലയം രാജീവനും മധുവും ചേര്‍ന്നാണ്. കട്ടാളന്റെ പദം നന്നായി പാടി. എന്നാല്‍ ഇതിനിടക്കുള്ള ദമയന്തിയുടെ ചരണങ്ങള്‍ പതിവു പുന്നാഗവരാളിയില്‍ നിന്നും മാറ്റി മറ്റുചില രാഗങ്ങളിലാണ് ആലപിച്ചത്. ദമയന്തിയുടെ വിലാപമായുള്ള ഈ ചരണങ്ങള്‍ക്ക് പുന്നാഗവരാളിതന്നെയാണ് ഏറ്റവും ചേര്‍ച്ച എന്നാണ് എന്റെ അഭിപ്രായം. ദമയന്തിയുടെ അവസാനപദം(‘ഈശ്വരാ നിഷധേശ്വര’) പതിവിലും കാലം വലിച്ചാണ് ആലപിച്ചിരുന്നത്. ഈ കഥക്ക് രാമന്‍‌നന്വൂതിരി ചെണ്ടയും നരായണന്‍നായര്‍ മദ്ദളവും കൈകാര്യം ചെയ്തു.

ഈ കളിയുടെ മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം

‘ഈശ്വരാ നിഷധേശ്വരാ’-കാട്ടാളനും ദമയന്തിയും
.
ബാലിവധം ആയിരുന്നു രണ്ടാമത്തെ കഥ.
ബാലിവധം ആട്ടക്കഥയും അവതരണരീതികളും ഇവിടെ വായിക്കാം.
.

ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരാണ് രാവണനായെത്തിയത്. ബാലിവധത്തിലെ ആദ്യാവസാ‍ന വേഷമായ രാവണനെ ചിട്ടപ്രകാരംതന്നെ നന്നായി അവതരിപ്പിച്ചു ഇദ്ദേഹം. മണ്ഡോദരി,താര വേഷങ്ങളിലെത്തിയത് ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരിയാണ്.




‘എന്നാണ പോക നീ’-രാവണനും മണ്ഡോദരിയും
.
നെടും‌കത്തിവേഷങ്ങളായ അകന്വനനേയും മാരീചനേയും ശ്രീ കലാമണ്ഡലം ബാലക്യഷ്ണനാണ് അവതരിപ്പിച്ചത്. ചൊല്ലിയാട്ട പ്രധാനമായ അകന്വന്റെ ‘രാത്രീഞ്ചര പുംഗവാ’ എന്നപദത്തിന് ക്യത്യമായി മുദ്രകള്‍ കാട്ടുകയൊ നന്നായി കലാശം ചവുട്ടുകയൊ ചെയ്തുകണ്ടില്ല.



‘പാരം വളരുന്നൊരു ഖേദം’-മാരീചനും രാവണനും
.
മാരീചന്‍ ‘നാരായണനായതു നൂനം’ എന്നുപറയുന്നതുകേട്ട് രാവണന്‍ കോപിച്ച്, മാരീചനെ പിടലിക്കുപിടിച്ച് ഇടത്തേക്ക് മാറ്റിയിട്ട് ‘ഏവം നിയെന്നോടോരോ’ എന്ന ചരണമാടുകയും, പിന്നെ മാരീചന്‍ ‘പോരുന്നേന്‍ ഞാന്‍’ എന്നു പറയുന്നതുകേള്‍ക്കുന്വോള്‍ രാവണന്‍ മാരീചനെ മുന്നേപ്പോലെ വലതുവശത്തേക്ക് ഇരിത്തുന്നതുമായ സന്വ്യദായത്തിലായിരുന്നു ഇവിടെ രണ്ടാം രംഗം അവതരിപ്പിച്ചത്. എന്നാല്‍ ‘പോരുന്നേന്‍ ഞാന്‍’ എന്ന ചരണമാടുന്നതിനുമുന്‍പ് മാരീചന്‍, ‘ഇവനെ അനുസരിച്ചില്ലെങ്കില്‍ ഇവന്‍ എന്നെ കൊല്ലും, നിശ്ചയം. എനിക്കു മരണം ആസന്നമായിരിക്കുന്നു. അത് രാമബാണത്താലായാല്‍ മോക്ഷം ലഭിക്കും. ആയതിനാല്‍ ഇവനെ അനുസരിക്കുകതന്നെ.' എന്ന് ആത്മഗതം ചെയ്യുന്നത് കണ്ടില്ല. ‘മായയാല്‍ അതിമനോഹരമായ ഒരു പൊന്‍‌മാനിന്റെ രൂപംധരിച്ച് ചെന്ന്, തുള്ളിക്കളിച്ച് സീതയുടെ മനസ്സില്‍ ആഗ്രഹം ജനിപ്പിച്ചാലും‘ എന്നുമാത്രമല്ല രാവണന്‍ മാരീചനോട് പറഞ്ഞത്. ‘ പിടിക്കാനായി വരുന്ന രാമനെ അങ്ങ് ദൂരേക്ക് കൊണ്ടുപോകണം. എന്നിട്ട് രാമന്റെശബ്ദത്തില്‍ നിലവിളിക്കണം. അതുകേട്ട് ലക്ഷ്മണനും സീതയെ തനിച്ചാക്കി പുറകെവരും. ആ തക്കത്തിന് ഞാന്‍ സീതയെകൊണ്ടുപോന്നുകൊള്ളാം’ എന്നുകൂടി പറഞ്ഞു. ആദ്യ രംഗത്തില്‍ മധുവും രാജീവനും ചേര്‍ന്ന് സംഗീതവും ക്യഷ്ണദാസ് ചെണ്ടയും കൈകാര്യം ചെയ്തു. ആദ്യരണ്ടുരംഗങ്ങളിലും മദ്ദളം കൊട്ടിയത് അച്ചുതവാര്യരായിരുന്നു. രാമന്‍‌നന്വൂതിരിയാണ് രണ്ടാം രംഗത്തില്‍ ചെണ്ടകൊട്ടിയത്. രണ്ട്,മൂന്ന്,നാല് രംഗങ്ങളില്‍ പാടിയത് ശങ്കരന്‍‌കുട്ടിയും സജീവനും ചേര്‍ന്നായിരുന്നു.

‘ഏവം നീ എന്നോടോരോന്നുരചെയ്യാതാശു‘-രാവണനും മാരീചനും
.
ശ്രീ രാമനായി ശ്രീ കലാമണ്ഡലം ക്യഷ്ണപ്രസാദും ലക്ഷ്മണനായി ശ്രീ കലാമണ്ഡലം രവീന്ദ്രനാഥപൈയും സീതയായി ശ്രീ കലാ:മുകുന്ദനും വേഷമിട്ടു.

‘കല്യാണമാര്‍ന്നുകളിക്കും പൊന്മാന്‍’-രാമനും സീതയും
.
മൂന്നാം രംഗാരംഭത്തില്‍ തന്നെ രംഗത്ത് പ്രവേശിക്കേണ്ട ലക്ഷ്മണന്‍ ആ സമയത്ത് രംഗത്ത് വന്നില്ല. പിന്നീട് ലക്ഷ്മണനോടായുളള രാമന്റെ പദമാടുന്നതിനു മുന്‍പായി മാത്രമാണ് ലക്ഷ്മണന്‍ പ്രവേശിച്ചത്.

‘ധാത്രീ രക്ഷതു നിന്നെയിദാനിം’സീതയും ലക്ഷ്മണനും
.
സന്യാസിരാവണനായി ശ്രീ കാവുങ്കല്‍ ദിവാകരന്‍ വേഷമിട്ടു.

‘കല്യാണി കാതരാക്ഷി’-സന്യാസിരാവണനും സീതയും
.
ജടായു, അംഗദവേഷങ്ങള്‍ ചെയ്തത് ചിങ്ങോലിഗോപാലക്യഷ്ണന്‍ ആയിരുന്നു. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചൊ കഥാസന്ദര്‍ഭത്തെക്കുറിച്ചൊ യാതോരുധാരണയുമില്ലാതെയാണ് ഇദ്ദേഹം അരങ്ങത്തെത്തിയത് എന്നു തോന്നി. രാവണന്റെ ചന്ദ്രഹാസത്താല്‍ പലവുരു വെട്ടുകിട്ടിയിട്ടും ജടായുവീണില്ല! പിന്നെ പാട്ടുകാര്‍ നിര്‍ദ്ദേശിച്ചിട്ടാണ് ഇയാള്‍ വീണത്. വലതു ചിറകിനുവെട്ടുകിട്ടിയ ആള്‍ ഇടതുഭാഗത്തേക്ക് വീണൂ എന്നു മാത്രമല്ല, രാമനോട് വലതുകൈ ഉപയോഗിച്ച് മുദ്രകാട്ടുന്നതും കണ്ടു! പ്രേക്ഷകര്‍ക്ക് മുഖം കാണാന്‍ കഴിയാത്ത രീതിയിലാണ് ജടായു വീണത്. അതിനാല്‍ ജടായുവിടെ മരണം അഭിനയിക്കേണ്ടിയും വന്നില്ല! ജടായുവിന്റെ മുഖം കറുപ്പിലല്ല പച്ചയിലാണ് തേച്ചുകണ്ടത്. ചുവന്ന കൊക്കും സുവര്‍ണ്ണചിറകുകളുമാണ് ജടായുവേഷത്തിനുപയോഗിച്ചിരുന്നത്.

‘കൊണ്ടുപോക യോഗ്യമല്ല‘സീതയും രാവണനും ജടായുവും
.
ജടായുവിന്റെ ആദ്യരണ്ടു ചരണങ്ങള്‍ക്കുശേഷം രാവണന്റെ അവസാനചരണമായ ‘ചന്ദ്രഹാസമെടുത്തിഹ‘ മാത്രമെ ഇവിടെ പാടുകയുണ്ടായുള്ളു. ഇടക്കുള്ള ചരണങ്ങളും യുദ്ധവട്ടവും ഉണ്ടായില്ല.
.
ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സുഗ്രീവവേഷത്തിലെത്തിയിരുന്നത്. തിരനോട്ടം കഴിഞ്ഞുള്ള ആട്ടത്തില്‍ പൂര്‍വ്വകഥകള്‍ വിസ്തരിച്ചാടി. അതിനു ശേഷം ദൂരേനിന്നും രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ശത്രുക്കളോ മിത്രങ്ങളൊ എന്നറിയാന്‍ ഇലയിട്ടു നോക്കി. ഇല മലര്‍ന്നു വീണതിനാല്‍ മിത്രങ്ങള്‍തന്നെ എന്നു നിശ്ചയിച്ച് അവരെ സ്വീകരിക്കാനായി പോയി. ഇവിടെ ഹനുമാനെ അയക്കുന്നതായും മറ്റുമുള്ള ആട്ടങ്ങള്‍ ആടിയില്ല. അടുത്തരംഗത്തിനും രാമനും സുഗ്രീവനും പരിചയപ്പെടുന്നതും പൂര്‍വ്വകഥകള്‍ പറയുന്നതായും ഒക്കെയുള്ള ഭാഗം വളരേ വേഗത്തില്‍ കഴിച്ചു. ലക്ഷ്മണന്‍ കൊണ്ടുവന്ന ഹാരംവാങ്ങി രാമന്‍‌തന്നെയാണ് സുഗ്രീവനെ അണിയിച്ച് പോരിനയച്ചത്. ഈ സമയം സുഗ്രീവന്‍ ‘അച്ഛന്‍ നല്‍കിയ ഹാരം ബാലിക്കുണ്ട് രാമന്‍ നല്‍കിയമാല എനിക്കുമുണ്ട് അതിനാല്‍ ഇനി ഞങ്ങളെ തിരിച്ചറിയാന്‍ എളുപ്പമാണ്’ എന്ന് ആടി.
ഈ ഭാഗത്ത് മധുവും രാജീവനും ചേര്‍ന്ന് സംഗീതം കൈകാര്യം ചെയ്തു. രാമന്‍‌നന്വൂതിരിയും(ചെണ്ട) നരായണന്‍ നായരും ചേര്‍ന്നായിരുന്നു മേളം. മേളപ്രാധാന്യമുള്ള ബാലിയുടെ തിരനോട്ടം മുതല്‍ മേളത്തിന് ക്യഷ്ണദാസും(ചെണ്ട) അച്ചുതവാര്യരും(മദ്ദളം) ഇവര്‍ക്കൊപ്പം കൂടി. അവസാനരംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും സജീവനും ചേര്‍ന്നായിരുന്നു പാടിയത്.

തിരനോട്ടം കഴിഞ്ഞ് തിരതാഴ്ത്തിയപ്പോള്‍, പോരിനു പുറപ്പെടുന്ന തന്നെ തടയുന്ന താരയെ അനുനയിപ്പിച്ചയക്കുന്നതായി ആടിക്കൊണ്ടാണ് ബാലി പ്രവേശിച്ചത്. ‘മത്തനായ തനിക്ക് സാക്ഷാല്‍ നരസിംഹം നേരേവന്നാലും ഒട്ടുംപേടിയില്ല‘ എന്നു പറഞ്ഞ് താരയെ അയക്കുന്നു. ബാലിയായി അഭിനയിച്ച ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി ഇതുള്‍പ്പെടെയുള്ള ആട്ടങ്ങളെല്ലാം വിസ്തരിച്ചു തന്നെ ആടുന്നതു കണ്ടു.സുഗ്രീവനോടുള്ള ആട്ടത്തില്‍ പാലാഴിമഥനം വിസ്തരിച്ചാടി, ‘അങ്ങിനെയുള്ള തന്നെ പോരിനുവിളിക്കാന്‍ നീആളായോ?’ എന്നു ചോദിച്ചു. ‘സാഹസമോടു നിന്‍‘ എന്നു ചൊല്ലിവട്ടംതട്ടിയപ്പോള്‍ രാവണോത്ഭവം, രാവണവിജയം കഥകളാടി, ‘അങ്ങിനെയുള്ള രാവണനെ പണ്ട് ഞാന്‍ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍ എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്ന് സുഗ്രീവനോട് ചോദിച്ചു.



‘സാദരം നൌമി മാം പാലയദീനം‘-ബാലിയും സുഗ്രീവനും
.
‘കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം‘ എന്ന ഭാഗം മുതല്‍ ‘മേല്‍കീഴ് നോക്കാതെ’ സുഗ്രീവനും ബാലിക്കൊപ്പം ക്രുദ്ധിച്ച് തിരക്കിച്ചെന്ന്‍ അഭിനയിക്കാം. എന്നാല്‍ ‘യുദ്ധഭാഗങ്ങളില്‍ അടവുകള്‍ ആദ്യംബാലിയെ തുടങ്ങാവു, ആ അടവുകള്‍ പിന്തുടരുന്ന സുഗ്രീവന്‍ ബാലിക്കൊപ്പമെത്തുകവരെയല്ലാതെ ബാലിയെ കടത്തിവെട്ടുന്ന രീതിയിലാവരുത്.‘ എന്ന് പൂര്‍വ്വീകര്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇവിടെ ഉണ്ണിത്താന്‍ ഒട്ടും പാലിക്കുന്നതായി കണ്ടില്ല. ബാലി കാട്ടുന്ന അടവുകള്‍ പിന്തുടരാതെ പുതിയ അടവുകള്‍ കാട്ടുന്നതിലായിരുന്നു അദ്ദേഹത്തിനു താല്‍പ്പര്യം. മാത്രമല്ല ഇദ്ദേഹം ഗ്രാമ്യമായരീതിയില്‍ ‘ചേട്ടാ,ചേട്ടാ’ എന്നു വിളിക്കുന്നുമുണ്ടായിരുന്നു.

അന്ത്യരംഗത്തിലെ ശ്രീരാമ പദത്തിന്റെ ആദ്യചരണം പാടുകയുണ്ടായില്ല.


‘ഗോവിന്ദ മുക്തിം ദേഹി‘
.
ഈ കളിക്ക് ചുട്ടികുത്തിയത് ശ്രീ ചിങ്ങോലിപുരുഷോത്തമന്‍, ശ്രീ മാര്‍ഗ്ഗി രവി എന്നിവരായിരുന്നു.ശ്രീക്യഷ്ണവനമാല കഥകളിയോഗം,ഏവൂരിന്റെ യായിരുന്നു കളിയോഗം. അണിയറക്കാരുടെ അശ്രദ്ധകാരണമാണെന്നു തോന്നുന്നു ഒന്നാംതരം താടിവേഷമായ ബാലിക്ക് കെട്ടേണ്ടിയിരുന്ന താടി,ഉത്തരീയം തുടങ്ങിയവയിലെ ഒന്നാത്തരം കോപ്പുകള്‍ സുഗ്രീവനാണ് നല്‍കപെട്ടിരുന്നത്. ബാലിക്ക് രണ്ടാംതരവും.ഒരു കളിയെ തങ്ങളുടെ പ്രവ്യത്തികൊണ്ടുമാത്രം എങ്ങിനെ നശിപ്പിക്കാം എന്ന് ഇവിടുത്തെ തിരശ്ശീലപിടുത്തക്കാരെ കണ്ടു പഠിക്കണം! പലപ്പോഴും ആവിശ്യ സമയത്ത് തിരശ്ശീല വേണ്ടതുപോലെ പിടിച്ചിരുന്നുമില്ല, അനവസരത്തില്‍ കൊണ്ടു പിടിക്കുകയും ചെയ്തു. ഇതു നടന്മാര്‍ക്കും കാഴച്ചകാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുളവാക്കി.