ഫാക്ട് പത്മനാഭന്റെ ഷഷ്ട്യബ്ദ്ധ്യപൂര്‍ത്തിയാഘോഷം


ശ്രീ ഫാക്ട് പത്മനാഭന്റെ ഷഷ്ട്യബ്ദ്ധ്യപൂര്‍ത്തിയാഘോഷം 2008 ഏപ്രില്‍ 19,20തീയതികളിലായി ത്യപ്പൂണിത്തുറയില്‍ വച്ച് സമ്മുന്നതമായി നടത്തപ്പെട്ടു.ഇതിനോടനുബന്ധിച്ച് 20ന് ത്യപ്പൂണിത്തുറ ലായംഗ്രൌണ്ടില്‍ വച്ച് കഥകളി നടന്നു.

രാത്രി 9:30ന് അരപ്പുറപ്പാടോടെ കളി ആരംഭിച്ചു.തുടര്‍ന്ന് മേളപ്പദവും നടന്നു. ഇതില്‍ ശ്രീ കോട്ട:നാരായണനുംശ്രീ കലാ:വിനോദുമായിരുന്നു സംഗീതം.‘മഞ്ചുതര’ എന്ന അനുപല്ലവിയും’കുസുമശയ’,’ചലമാലയ’ എന്നീ ചരണങ്ങളും മാത്രമാലപിച്ച് മേളപ്പദം വേഗം അവസാനിപ്പിക്കുന്നതായാണ് കണ്ടത്. ശ്രീ കോട്ട:പ്രസാദ്, ശ്രീ ഗോപീക്യഷ്ണന്‍ തന്വുരാന്‍(ചെണ്ട),ശ്രീ കലാ:ശശി(മദ്ദളം)തുടങ്ങിയവരാണ് മേളപ്പദത്തില്‍ പങ്കെടുത്തിരുന്നത്.

ആദ്യകഥ സുഭദ്രാഹരണം(ബ്രാഹ്മണരുടെ രംഗം മുതല്‍) ആയിരുന്നു.

ഇതില്‍ ബലഭദ്രരായി ശ്രീ സദനം ക്യഷ്ണന്‍ കുട്ടിയും ശ്രീക്യഷ്ണനായി ശ്രീ കോട്ട:കേശവനും അരങ്ങിലെത്തി.കൂടുതല്‍ വിസ്തരിച്ചുള്ള ആട്ടങ്ങള്‍ ഉണ്ടായില്ലായെന്നു മാത്രമല്ല,ആട്ടങ്ങളിലും അഷ്ടകലാശത്തിലുമുള്‍പ്പടെ ഇരുവരുടേയും സന്വ്യദായവിത്യാസങ്ങളും യോജിപ്പ്കുറവും പ്രകടമായിരുന്നു.ഇതിനാല്‍ തന്നെ ഈഭാഗം അത്രസുഖകരമായില്ല.മാത്രവുമല്ല പാടിയിരുന്ന കോട്ട:നാരായണനും കലാ:വിനോദും തമ്മിലുള്ള യോജിപ്പ് കുറവിനാലും, പ്രഗത്ഭരായ മേളക്കാരായിരുന്നിട്ടും മേളം കൊഴുക്കാതിരുന്നതിനാലും ഈ കഥ അത്ര ആസ്വാദ്യമായില്ല.ശ്രീ കലാ: ഉണ്ണിക്യഷ്ണനും(ചെണ്ട),ശ്രീ കലാ:ശങ്കരവാര്യരും‍(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.

കീചകവധമായിരുന്നു രണ്ടാമത്തെ കഥ.ഇതില്‍ സുദേഷണയായി ശ്രീ സദനം വിജയനും സൈരന്ധ്രിയായി ശ്രി കലാ:രാജശേഘരനും വേഷമിട്ടു. സദനം വിജയന്‍ പലഭാഗത്തും മുദ്രകള്‍ക്കായി തപ്പിതടയുന്നതായി തോന്നി.രാജശേഘരന്‍ ഈയിടയായി ഒരു തന്റേടിയായ സൈരന്ധ്രിയേയാണ് അവതരിപ്പിച്ചുകാണുന്നത്.എന്തുകൊണ്ടാണ് ഇദ്ദേഹം കഥാപാത്രത്തെ ഈ രീതിയില്‍ അവതരിപ്പിക്കുന്നതെന്ന് അറിയില്ല.പണ്ട് ഇദ്ദേഹം ഈ രീതിയിലല്ല സൈരന്ധ്രിയെ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.

കീചകനായെത്തിയ ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍ വളരേ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടക്കലില്‍ കണ്ട ഇദ്ദേഹത്തിന്റെ കീചകവധത്തിനേക്കാളും ആട്ടങ്ങള്‍ വിസ്തരിച്ച് ഇവിടെ ആടുന്നതു കണ്ടു.

‘ചന്ദ്രന്‍ ഉദിക്കുന്നതാണൊ? അല്ല,താമര വിരിയുന്നതാണോ? അല്ല,അതൊരു സ്ത്രീയാണ്!2 മീനുകള്‍ ആണോ? അല്ലഅതവളുടെ കണ്ണുകളാണ്!കാമശരങ്ങളാണോ? അല്ല, അതവളുടെ പുരികക്കൊടികളാണ്‘എന്നു തുടങ്ങുന്ന ‘ഇരുന്നാട്ട’ത്തിനു ശേഷമാണ് തെക്കന്‍ ചിട്ടയില്‍ പാടിപ്പദം അവതരിപ്പിക്കുക.ഈ രംഗത്തിനൊടുവില്‍, ഓടിപ്പോയ സൈരന്ധ്രിയേ ഓര്‍ത്ത് അവളുടെ അഗോപാങ്ങളെ വര്‍ണ്ണിക്കുകയും അവളുടെ കൈകളാല്‍ പറിച്ച പൂക്കള്‍ വാരി ശിരസിലിട്ട് ആനന്ദിക്കുകയും ചെയ്യുന്ന ആട്ടങ്ങള്‍ കൂടാതെ ‘മല്ലീശരവില്ലിനാല്‍ തല്ലിയിട്ട് അവള്‍ പോയി’ എന്നൊരു ആട്ടവും ആടി.മടവൂര്‍ സൈരന്ധ്രിയേ സ്വീകരിക്കാനായി തയ്യാറാവുന്ന ഭാഗവും നന്നായി ആടി.കീചകന്റെ മരണരംഗവും നന്നായി തന്നെ അവതരിപ്പിച്ചു കണ്ടു.

ശ്രീ കലാ:ഉണ്ണിക്യഷ്ണനും കലാ:ബാബുവും ചേര്‍ന്നായിരുന്നു പാട്ട്.ഉണ്ണിക്യഷ്ണന്റെ ഈദിവസത്തെപാട്ട് അത്ര സുഖകരമായി തോന്നിയില്ല.ചിലഭാഗത്ത് പദങ്ങള്‍ തോന്നാതെ(മറന്ന്) ബുദ്ധിമുട്ടുന്നതും കണ്ടു ഇദ്ദേഹം.ശ്രീ കലാ:ഉണ്ണിക്യഷ്ണനായിരുന്നു ചെണ്ടകൊട്ടിയത്.മടവൂരിന്റെ മുദ്രകള്‍ക്ക് നോക്കിനിന്ന് കൊട്ടിക്കൊടുത്തിരുന്നെങ്കിലും ചിലഭാഗങ്ങളില്‍ യോജിപ്പ്കുറവ് വ്യക്തമാവുകയും ചെയ്തു.ശ്രി കലാ:ഗോപിക്കുട്ടനായിരുന്നു മദ്ദളം. ഇദ്ദേഹം മദ്ദളം വായിക്കാന്‍ നില്‍ക്കുന്നതിലും ഭേദം പഴേകാലത്ത് ചെയ്തിരുന്നതുപോലെ മദ്ദളം പന്തല്‍ക്കാലില്‍ തൂക്കിയിട്ടാലും മതിയെന്നു തോന്നി.തുടര്‍ന്നുള്ള രംഗങ്ങളില്‍ മദ്ദളം വായിക്കുവാന്‍ കലാ:ശശിയായിരുന്നു.ഇദ്ദേഹവും വെറുതേ താളം മുട്ടി നില്‍ക്കുന്നതായാണുകണ്ടത്. മുദ്രക്കുകൂടുന്നതു പോയിട്ട് നടനേ ശ്രദ്ധിക്കുന്നതായേ കണ്ടില്ല.’ഹരിണാക്ഷി’ മുതല്‍ചെണ്ടക്ക് കോട്ട:പ്രസാദായിരുന്നു. ഈ ഭാഗത്ത് കളിക്ക് മേളം ഉള്ളതായേ തോന്നിയില്ല.കലാശസമയത്ത് കുറച്ചു ശബ്ദം കേള്‍ക്കാം,പിന്നെയൊക്കെ നിശബ്ദം.
ഇതിനെ തുടര്‍ന്ന് ശ്രീ കലാ:ശ്രീകുമാര്‍ ദക്ഷനായുള്ള ദക്ഷയാഗം(അറിയാതേ മുതല്‍)കഥയും അവതരിപ്പിക്കപ്പെട്ടു.

കോപ്പും അണിയറയും ഒരുക്കിയത് ഏരൂര്‍ ശ്രീ ഭവാനീശ്വരം കളിയോഗമായിരുന്നു.

ത്യപ്പൂണിത്തുറയില്‍ നടന്ന ഈ കളിക്ക് സാധാരണയില്‍ നിന്നും വ്യത്യസ്തമായി സദസ്സ് വളരേ ശുഷ്ക്കമായിരുന്നു.ഇതിനാലാണോ,മൂഡിലായ്മകൊണ്ടാണോ,പ്രതിഫല ലഭ്യതയിലെ കുറവിനാലാണോ എന്നറിയില്ല മടവൂര്‍ ഒഴിച്ചുള്ള ഒരു കലാകാരനും ഈ ദിവസം ആത്മാര്‍ദ്ധമായി പ്രവര്‍ത്തിക്കുന്നതായി തോന്നിയില്ല.

വേദിക ശില്പശാലയും കലാ:പത്മനാഭന്‍ നായര്‍ അനു:സ്മരണവും(2)

13ന് രാത്രി 8മുതല്‍ കാലകേയവധം കഥകളി അവതരിപ്പിക്കപ്പെട്ടു. കഥകളിയിലെ പുതുതലമുറക്കാരെ മാത്രമുള്‍പ്പെടുത്തിയായിരുന്നു ഈ കളി.ഇതു വളരേ നല്ല സംരംഭമായി തോന്നി. ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി പോത്സാഹനം നല്‍കാനും കഥകളിയുടെ ഭാവി ഭാസുരമാക്കുവാനുമായി ഈ മാത്യക മറ്റു സ്താപനങ്ങളും അനുകരികരിക്കണമെന്നാണ് എന്റെ അഭിപ്രായം.

“ചിട്ടപ്രധാനമായ പതിഞ്ഞ പദങ്ങളാല്‍ സമ്പന്നമായ കഥയായതിനാല്‍ തന്നെ, ആസ്വാദനക്ഷമതയുടെ അളവുകോലായി ‘കിര്‍മ്മീരധം’ ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.“എന്ന് ഒരു സുഹ്യത്ത് ബ്ലോഗിലെഴുതുക്കണ്ടു. ഈ വിശേഷണം ഒന്നുകൂടി യോജിക്കുന്നത് ‘കാലകേയവധം’ ആട്ടക്കഥക്കാണെന്ന് എനിക്കു തോന്നുന്നു.കാരണം ഇതില്‍ യുദ്ധപ്പദങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാപദങ്ങളും പതിഞ്ഞകാലത്തിലുളളവയും ചിട്ടപ്രധാനമായി ആടേണ്ടവയുമാണല്ലൊ.


ശ്രീ കലാനിലയം അരവിന്ദ് ഇന്ദ്രനായും ശ്രീ ഡോ: ഇ.എന്‍.നാരായണന്‍ മാതലിയായും ശ്രീ കലാ:പ്രദീപ് ആദ്യ അര്‍ജ്ജുനനായും രംഗത്തെത്തി.പനിബാധിച്ച് ക്ഷീണിതനായിരുന്നിട്ടും പ്രദീപ് നല്ല പ്രകടനം കാഴ്ച്ചവെച്ചു.


ശ്രീ കലാ:സുബ്രഹ്മണ്യനും ശ്രീ കലാ:വിനോദും ചേര്‍ന്നായിരുന്നു പാടിയത്. ശ്രീ കലാനിലയം
രതീഷ്(ആദ്യരംഗം),ശ്രീ കലാ:ക്യഷ്ണദാസ് (രണ്ടാം രംഗം മുതല്‍) എന്നിവര്‍ ചെണ്ടയും ശ്രീ സദനം രാജന്‍ മദ്ദളവും കൈകാര്യം ചെയ്തു.


മൂന്നാം രംഗം(‘ജനക തവ’)മുതലുള്ള സംഗീതം കലാ:സുബ്രഹ്മണ്യനും ശ്രീ കലാനിലയം രാജീവനും
ചേര്‍ന്നായിരുന്നു.


നാലാം രംഗം(‘വിജയ വിജയീഭവ’) മുതലുള്ള ചെണ്ട ശ്രീ കലാ:വാരണാസി നാരായണന്‍ നന്വൂതിരിയായിരുന്നു.


ഉര്‍വശിവേഷമിട്ട ശ്രീ കലാ:ഷണ്മുഖന്‍ ചിട്ടയായ രീതിയില്‍ നല്ല ഭാവാഭിനയത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.


ഈ ഭാഗത്തെ സംഗീതം ശ്രീ കലാ:ബാബു നന്വൂതിരിയും കലാ:വിനോദും ചേര്‍ന്നും മദ്ദളം ശ്രീ കലാനിലയം പ്രകാശുമാണ് കൈകാര്യം ചെയ്തത്.


രണ്ടാമത്തെ അര്‍ജ്ജുനനായെത്തിയത് ശ്രീ കലാ:ഹരിനാരായണനായിരുന്നു.
ഈ രംഗത്തിലെ പാട്ട് കലാ:ബാബുവും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു. ചെണ്ട കലാനിലയം രതീഷായിരുന്നു കൊട്ടിയത്.


ഉര്‍വശിക്കുശേഷമുള്ള രംഗങ്ങളില്‍ പാട്ട് ശ്രീ കലാ: വിനോദും ശ്രീ കലാ:രഞ്ജിത്തും ചേര്‍ന്നും, ചെണ്ട
വാരണാസി നാരായണനും കലാനിലയം രതീഷ് എന്നിവര്‍ ചേര്‍ന്നും,മദ്ദളം കലാനിലയം പ്രകാശും കലാ: രാജുവും ചേര്‍ന്നും കൈകാര്യം ചെയ്തു.


നിവാതകവചനായി ശ്രീ കലാ:അരുണ്‍ വാര്യരും കാലകേയനായി ശ്രീ കലാനിലയം വിനോദും നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നു.


ഇന്ദ്രാണി,സഖി,ഭീരു വേഷങ്ങളെല്ലാം കെട്ടിയത് ശ്രീ കലാ:എശ്വന്ത് ആയിരുന്നു.


കലാ:സുകുമാരന്‍ ചുട്ടികുത്തിയ കളിക്ക് കലാതരംഗിണി,ചെറുതുരുത്തിയുടെയായിരുന്നു കോപ്പും അണിയറയും. നിറം‌മങ്ങിയ തുണിത്തരങ്ങളും സമയാസമയത്ത് അറ്റകൂറ്റപ്പണികള്‍ ചെയ്യാത്ത കിരീടവും മെയ്‌ക്കോപ്പുകളുമായിരുന്നു കലാതരംഗിണിയുടേത്.

വേദിക ശില്പശാലയും കലാ:പത്മനാഭന്‍ നായര്‍ അനു:സ്മരണവും(1)

ത്യശ്ശൂര്‍ വേദിക, കേരളകലാമണ്ഡലത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കഥകളിശില്പശാലയും കലാ:പത്മനാഭന്‍ നായര്‍ അനു:സ്മരണവും ഏപ്രില്‍ 12,13 തീയതികളിലായി ത്യശ്ശൂര്‍ വളര്‍കാവ് ഭഗവതീക്ഷേത്രകല്യാണമണ്ഡപത്തില്‍ നടന്നു.ആദ്യദിവസം രാവിലെ 9ന് ഉത്ഘാടനത്തെത്തുടര്‍ന്ന് ‘കഥകളി അദ്ധ്യയനവും അദ്ധ്യാപനവും നവീനസങ്കല്‍പ്പങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു.പിന്നീട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

രാത്രി 7മുതല്‍ തോടയവും ചൊല്ലിയാട്ടവും നടന്നു. കാലകേയവധം കഥയില്‍ ഉര്‍വ്വശീശാപശേഷമുള്ള രംഗങ്ങളാണ് ഇവിടെ ശ്രീ കലാ:എം.പി.എസ്സ് നന്വൂതിരി ചൊല്ലിയാടിച്ചത്.

ശ്രീ കലാനിലയം വിനോദ്(അര്‍ജ്ജുനന്‍),ശ്രീ കലാനിലയം അരവിന്ദ്(ഇന്ദ്രന്‍) എന്നിവരാണ് ചൊല്ലിയാടിയത്. ശ്രീ കലാ:വിനോദ്,ശ്രീ കലാനിലയം രാജീവ്(പാട്ട്),ശ്രീ കലാനിലയം പ്രകാശ്(മദ്ദളം),ശ്രീ കലാനിലയം രതീഷ്(ചെണ്ട) എന്നിവരും ചൊല്ലിയാട്ടത്തില്‍ പങ്കെടുത്തു.

പത്മനാഭന്‍ നായര്‍ ദിനമായി ആചരിച്ച 13ന് രാവിലെ 10മണിക്ക്,പത്ഭനാഭന്‍ നായരാശാന്റെ ശിഷ്യന്മാരായ ശ്രീ കലാ:കുട്ടന്‍,കലാ:കെ.ജി.വാസു എന്നിവരും പത്മനാഭന്‍ നായരാശാന്റെ പത്നി ശ്രീമതി കലാ:സത്യഭാമയും ചേര്‍ന്ന് വിളക്കുതെളിയിച്ചതോടേ പരിപാടികള്‍ ആരംഭിച്ചു.

കലാ:കുട്ടന്‍,കലാ:കെ.ജി.വാസു,കലാ:സത്യഭാമ,ശ്രീ വേണുഗോപാല്‍(പത്മനാഭന്‍ നായരാശാന്റെ പുത്രന്‍) എന്നിവര്‍ ആശാനെ അനു:സ്മരിച്ചുകൊണ്ട് സംസാരിച്ചു.

തുടര്‍ന്ന് സ്മാരകപ്രഭാഷണം നടത്തിയ ഡോ:ടി.എസ്സ്.മാധവന്‍‌കുട്ടി ‘അഭിനയസങ്കേതങ്ങളുടെ ഔചിത്യവിചാരം’എന്ന പ്രബന്ധവും അവതരിപ്പിച്ചു.കലാനിലയം അരവിന്ദ്(അഭിനയം),കലാനിലയം രതീഷ്(ചെണ്ട)കലാനിലയം വിനോദ്(താളം) എന്നിവരുടെ സഹകരണത്തോടെയുള്ള ഡമോണ്‍‌സ്ട്രേഷനോടെയായിരുന്നു ഇത് അവതരിപ്പിച്ചത്.

ഇതിനേതുടര്‍ന്ന് പ്രബന്ധത്തിന്‍‌മേലുള്ള ലഘുവായൊരു ചര്‍ച്ചയും നടന്നു. ക്യാന്വ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കലാ:സത്യഭാമടീച്ചര്‍ വിതരണം ചെയ്തു.
ഉച്ചഭക്ഷണത്തിനു ശേഷം ‘കലാ:പത്മനാഭന്‍ നായരും കലാമണ്ഡലംശൈലിയും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടന്നു.കവിയും,നാട്യാചാര്യന്‍ പട്ടിക്കാന്തോടിയുടെ ശിഷ്യനും,പത്മനാഭന്‍ നായരാശാന്റെ സഹപാഠിയുമായ ശ്രീ എം.എന്‍.പാലൂര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. ‘പത്മനാഭന്‍ നായര്‍ എന്ന വ്യക്തി’ എന്നവിഷയത്തില്‍ ശ്രീ കിള്ളിമംഗലം വാസുദേവന്‍ നന്വൂതിരിയും,

’അദ്ധ്യാപനദര്‍ശനം-സിദ്ധാന്തവും പ്രയോഗവും‘ എന്നവിഷയത്തില്‍ കലാ:എം.പി.എസ്സ്. നന്വൂതിരിയും,

‘ഗ്രന്ധങ്ങളും ഗവേഷണങ്ങളും’ എന്നവിഷയത്തില്‍ ശ്രീ എം.വി.നാരായണനും,

‘ചരിത്രത്തിലെ ഇടം’ എന്ന വിഷയത്തില്‍ ശ്രീ വി.കലാധരനും സംസാരിച്ചു.

ആശാന്റെ കളരിയേപ്പറ്റി സംസാരിച്ച ശ്രീ കലാ:ജോണ്‍ ആശാന്റെ ഒരു പഴയ ‘ഇരുന്നുക്ലാസിന്റെ’വീഡിയോപ്രദര്‍ശനവും നടത്തി.

ശ്രീ കലാ:ബാലസുബ്രഹ്മണ്യനും സെമിനാറില്‍ പങ്കെടുത്തിരുന്നു. ഈ സെമിനാറില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റുചില പ്രമുഖരായ ശ്രീ.കലാ:ഗോപി,ഡോ:പി വേണുഗോപാല്‍,ശ്രീ എന്‍.ആര്‍.ഗ്രാമപ്രകാശ് എന്നിവര്‍ എത്തിചേര്‍ന്നിരുന്നില്ല.അടുത്തവര്‍ഷം മുതല്‍ വേദിക ‘കലാ:പത്മനാഭന്‍ നായര്‍ സ്മാരക എന്റോമന്റ്’ എന്ന ഒരു പുരസ്ക്കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.കഥകളിയിലെ യുവകലാകാരന്മാരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്കായിരിക്കും ഇത് നല്‍കുക.സെമിനാറില്‍ നന്ദിപ്രകാശിപ്പിച്ച ശ്രീ കെ.വി.ചന്ദ്രവാര്യരാണ് ഈ തീരുമാനം അറിയിച്ചത്.

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവം(6)

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ അഞ്ചാമുത്സവദിവസമായിരുന്ന 05/04/08നും രാത്രി 12മുതല്‍ കഥകളി നടന്നു.ദക്ഷയാഗം(സന്വൂര്‍ണ്ണം) ആയിരുന്നു അന്നത്തെ കഥ. ദക്ഷനും പത്നിവേദവല്ലിയും തങ്ങളുടെഉദ്യാനത്തില്‍ കാമോദീപകരായി സല്ലപിക്കുന്ന ആദ്യ രംഗത്തോടെ കളി ആരംഭിച്ചു. കാമോദരി രാഗത്തിലും പതിഞ്ഞചെന്വട താളത്തിലുമുള്ള “പൂന്തേന്‍ വാണീ ശ്ര്യണു മമ വാണീ, പൂവണി, ഘനവേണീ” എന്ന ദക്ഷന്റെ ശ്ര്യഗാരപ്പദം(പതിഞ്ഞപദം) ആണ് ഈ രംഗത്തില്‍ പ്രധാനം. പതിഞ്ഞ ‘കിടതകതാമോടുകൂടിയുള്ള‘ പ്രവേശം, നായികയെ നോക്കിക്കാണല്‍, പല്ലവിക്കുശേഷം കലാശത്തിനുമുന്‍പായി ചെറിയൊരു ആട്ടം,പദാവസാനത്തിലെ ‘ഇരട്ടി‘ ഇങ്ങിനെ ഒരു തികഞ്ഞ പദിഞ്ഞപദത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉള്‍ക്കൊള്ളുന്നതാണീ പദം. കിര്‍മ്മീരവധത്തിലെ ‘ബാലേകേള്‍’ എന്ന പതിഞ്ഞപദത്തിന്റെ സന്വ്യദായം തന്നെയാണ് ഇതിന്റെയും ചിട്ട. ബാലേകേളിന്റെ സ്തായീരസം കരുണവും പൂന്തേന്‍‌വാണിയുടേത് ശ്ര്യഗാരവുമാണെന്നുള്ള വ്യത്യാസമേഉള്ളു. ഇവിടെ അദ്യദക്ഷനായി അഭിനയിച്ച ശ്രീ കലാ:ബാലസുബ്രഹ്മണ്യന്‍ വളരെ ഭംഗിയായി ഈ പദം അഭിനയിച്ചു. ബാലസുബ്രഹ്മണ്യന്റെ കലാശങ്ങളുടെ വ്യത്തിയും മനോഹാരിതയും പറഞ്ഞറിക്കുക പ്രയാസമാണ് അത് കണ്ടുതന്നെ മനസ്സിലാക്കണം. ശ്രീ കോട്ട:സി.എം.ഉണ്ണിക്യഷ്ണനായിരുന്നുവേദവല്ലി.പൂന്തേന്‍‌വാണിയെ തുടര്‍ന്ന് “സന്തോഷം തേ മനതാരില്‍” എന്നുതുടങ്ങുന്ന വേദവല്ലിയുടെ മറുപടിപ്പദമാണ്. അതിനുശേഷം ചെറിയ ഒരു മനോധര്‍മ്മാട്ടവുണ്ട്. ആകാശത്തില്‍ ഉദിച്ചുവന്ന ചന്ദ്രനെ കാട്ടിക്കോണ്ട് ദക്ഷന്‍ വേദല്ലിയോട് പറയുന്നു. “ബ്രഹ്മാവ് നിന്റെ മുഖത്തിനു തുല്യമായി ചന്ദ്രബിബം സ്യഷ്ടിച്ചുകൊണ്ടിരിക്കെ, ചന്ദ്രരശ്മികളാല്‍ ബ്രഹ്മദേവന്‍ ഇരിക്കുന്ന താമരപ്പൂവ് കൂന്വിപോയി. താമരയില്‍അകപ്പെട്ടുപോയതിനാല്‍ ബ്രഹ്മാവിന് ചന്ദ്രബിബത്തിന്റെ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ചന്ദ്രബിംബം ഭവതിയുടെ മുഖത്തിന്റെയത്ര സുന്ദരമല്ല.” തുടര്‍ന്ന് ചന്ദ്രനോട് പറയുന്നു.”ഹേ ചന്ദ്രാ നിനക്ക് എന്റെപത്നിയുടെ മുഖത്തിന്റെയത്ര കാന്തിയില്ല. അതുണ്ടാവണമെങ്കില്‍ നീ പോയി കടലില്‍ കുളിച്ച് വ്യത്തിയായി,പാരിജാതപുഷ്പങ്ങളുടെ സൌരഭ്യങ്ങളും അണിഞ്ഞ് നോക്കു.” ഈ സമയം ചന്ദ്രന്‍ ആകാശത്തെ കാര്‍മേഘത്താല്‍ മറയ്ക്കപ്പെടുന്നു. ഇതുകണ്ട് ദക്ഷന്‍ പറയുന്നു “ഭവതിയുടെ മുഖസൌന്തര്യം കണ്ടിട്ടും എന്റെ വചനം കേട്ടിട്ടും ചന്ദ്രന്‍ നാണിച്ച് കാര്‍മ്മേഘക്കൂട്ടത്തില്‍ പോയി മറഞ്ഞു.”ഇതാണ് ഇവിടുത്തെ ആട്ടം

കണ്ണിണക്കാനന്ദം നല്‍കുന്ന കാളിന്ദീ തീരത്തെത്തിയ ദക്ഷനും പത്നിക്കും ശങ്കരന്റെപ്രണയിനെയെ മകളായി ലഭിക്കുന്നഭാഗമാണിതിലെ രണ്ടാം രംഗം. കല്യാണിരാഗത്തിലും ചെന്വടതാളത്തിലുമുള്ള “കണ്ണിണക്കാന്ദം നല്‍കീടുന്നു പാരം” എന്ന ദക്ഷന്റെപദമാണ് ഈ രംഗത്തിലാദ്യം. ഈ പദത്തിനൊടുവില്‍ കാളിന്ദീനദിയില്‍ ഒരു താമരയിലയില്‍ ശരത്ക്കാല ചന്ദ്രന്റെ ശോഭയോടുകൂടിയ ഒരു ശംഖ് കണ്ട്,ദക്ഷന്‍ അതുചെന്ന് എടുക്കുന്നു.അപ്പോഴേക്കും അതൊരു പെണ്‍ശിശുവായി മാറുന്നു. അത്ഭുതപ്പെട്ട ദക്ഷന്‍ പിന്നീട്, ഭാഗ്യാതിരേകത്താല്‍ ശങ്കരസ്യപ്രണയിനി മകളായി വന്നുചേര്‍ന്നിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. കുട്ടിയെ ഭാര്യയുടെ കൈയ്യിലേല്‍പ്പിച്ചിട്ട് വാത്സല്യത്തോടെ പറയുന്ന പദമാണ് തുടര്‍ന്ന്. ഇവിടെ കുട്ടിയെ പത്നിയുടെ കൈകളില്‍ കൊടുത്തപ്പോള്‍ ദക്ഷന്‍, വേദവല്ലി കുട്ടിയേതാഴേക്കിടുമെന്ന് ഭയക്കുന്നതായും! ‘കുട്ടിയേ സൂക്ഷിച്ച് പിടിക്കുക’എന്ന് നിര്‍ദ്ദേശിക്കുന്നതായും ആടിക്കണ്ടു. ഈ തമാശ ഈ സന്ദര്‍ഭത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും ഉചിതമായി തോന്നിയില്ല.
ഈ രംഗത്തിന്റെ അവസാനത്തില്‍, “നീലാകാശത്തെ വെള്ളിനക്ഷത്രംകണക്കെ കാളിന്ദീനദിയില്‍ വിളങ്ങിയിരുന്ന ശംഖില്‍നിന്നും ഇങ്ങിനെ ഒരു പുത്രിയെ ലഭിക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല, ഇനി ഇവളെ സ്നേഹത്തോടെ വളര്‍ത്തി വലുതാക്കുകതന്നെ.ഭാവിയില്‍ ഇവള്‍ ശിവന്റെ പത്നിയായി തീരും.“എന്ന ഒരു ലഘുവായ മനോധമ്മാട്ടവും ഉണ്ടായി.

ഈ രംഗങ്ങളില്‍ ശ്രീ കോട്ട:പരമേശ്വരന്‍ നന്വൂതിരിയും ശ്രീ കോട്ടക്കല്‍ മധും ചേര്‍ന്നുള്ള പാട്ടും വളരേനന്നായിരുന്നു.അശാനോപ്പം പാടുന്വോള്‍ വളരെ സന്വ്യദായാധിഷ്ടിതമായാണ് മധുപാടുന്നത് കേട്ടത്. ഇത്ര കഴിവും നന്നായി പാടാനറിയാവുന്നയാളുമായ മധു പൊന്നാനിപ്പാട്ടുകാരനാവുന്വോഴേക്കും എന്തൊക്കെയൊ പുതുമകാണിക്കാനുള്ള വ്യഗ്രതയില്‍ ഇതൊക്കെ വിട്ടുപോകുന്നുവെന്നാണ് തോന്നുന്നത്. ഈ ഭാഗത്ത് മേളം കൈകാര്യം ചെയ്തിരുന്ന ശ്രീ കലാനിലയം കുഞ്ചുണ്ണിയും(ചെണ്ട), ശ്രീ കലാ: ഈശ്വരവാര്യരും(മദ്ദളം) നല്ല പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്. ചുരുക്കത്തില്‍ ഈ ക്കൊല്ലത്തെ കോട്ടക്കല്‍ കളികളില്‍ ആസ്വാദകര്‍ക്ക് ഏറ്റവുംത്യപ്തിയും സന്തോഷവും നല്‍കിയത് ദക്ഷയാഗമാദ്യഭാഗമായിരുന്നു എന്ന് നിസംശയം പറയാം.

ശ്രീ കോട്ട:വാസുദേവന്‍ കുണ്ഡലായരാണ് സതിവേഷത്തിലെത്തിയത്. സ്വതേതന്നെ ആളേകണ്ടാലുള്ള ഭംഗി വേഷംകെട്ടിയാല്‍ ഇല്ലാത്ത ഇദ്ദേഹത്തിന്റെ മുഖംതേപ്പിലെ അശ്രദ്ധകൂടിയായപ്പോള്‍ വേഷസൌന്ദര്യം നന്നേകുറവായി തോന്നി. വടുവായിവേഷമിട്ടത് ശ്രീ കോട്ട:എം.എന്‍.മുരളിയായിരുന്നു.

ഈ രംഗത്തിലെ പാട്ട് ശ്രീ കലാ:നാരായണന്‍ നന്വൂതിരിയും ശ്രീ കോട്ട: ക്യഷ്ണകുമാരന്‍ രാജയും ചേര്‍ന്നായിരുന്നു. ശ്രീ കോട്ട:രമേശന്‍മദ്ദളം കോട്ടിയപ്പോള്‍ ശ്രീ കോട്ട:മനീഷ് രാമനാധന്‍ ഇടക്കയും ചെണ്ടയും കൈകാര്യംചെയ്തു.

രണ്ടാം ദക്ഷനായെത്തിയ ശ്രീ സദനം ഹരികുമാര്‍ ആട്ടത്തിലും കലാശത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തികണ്ടില്ല.

ഇന്ദ്രനായി ശ്രീ കോട്ട:ഹരികുമാറും നന്ദികേശ്വരനായി ശ്രീ കോട്ട:എ ഉണ്ണിക്യഷ്ണനും

ദധീചിയായി കോട്ട:എം.എന്‍.മുരളിയും വേഷമിട്ടിരുന്നു.
രണ്ടാം ദക്ഷന്റെ ഏറ്റവും പ്രധാന പദമായ ‘അറിയാതെ‘യുടെ ചരണങ്ങള്‍ പലതും വിട്ട് ഈ ഭാഗം വളരേവേഗത്തില്‍ കഴിച്ചുകൂട്ടുന്നതായാണ് കണ്ടത്. ഈ രംഗങ്ങളില്‍ പാട്ട് കലാ:നാരായണന്‍ നന്വൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു. ഈ ഭാഗത്തൊക്കെ പാട്ടില്‍ വേണ്ടത്ര ആര്‍ജ്ജവംപോരായ്ക കൊണ്ടും, ചേണ്ടകൊട്ടിയ ശ്രീ വാഴേങ്കിട ക്യഷ്ണദാസിന്റെ കൊട്ടിന് കനം പോരായ്കകൊണ്ടും ഈ ഭാഗം ഒട്ടും സുഖകരമായില്ല.ശ്രീ കോട്ട:രാധാക്യഷ്ണനായിരുന്നു മദ്ദളം.
ശ്രീ കലാ:ബാലക്യഷ്ണനായിരുന്നു ശിവനായെത്തിയത്.

ദക്ഷന്‍ സതിയേപ്പറ്റി പറയുന്വോളെല്ലാം എന്തോ ഉരുളകൊടുത്തു വളര്‍ത്തിയകാര്യം വീണ്ടും വീണ്ടും സൂചിപ്പിച്ചിരുന്നു. ‘താഴത്തുവെയ്ക്കാതെ തലയിലും വെയ്ക്കാതെ,ക്കാക്കയേയും പൂച്ചയേയും മാനത്ത് അന്വിളിമാംനേയും കാട്ടി മാമുകൊടുത്ത് വളര്‍ത്തി നിന്നെ’ എന്ന് ദക്ഷന്‍ പറയുന്നതുകണ്ടിട്ട് ‘പൂതപ്പാട്ടിലെ വരികളാണ്’ ഓര്‍മ്മവന്നത്!. ‘യാഗശാലയില്‍ നിന്നു പോകാ’ എന്ന പദത്തിനൊടുവില്‍ ദക്ഷനെടുത്ത കലാശം എന്താണെന്ന് മനസ്സിലായില്ല.കഥകളിയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങിനെയൊന്ന് കാണുന്നത്. യാഗശാലയില്‍ നിന്നും സതിയെ പുറത്താക്കിയ ദക്ഷന്‍ ആനതേര്‍കുതിരപ്പടകളെ ഒരുക്കി പടപ്പുറപ്പാട് പോലെ തയ്യാറാവുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ദക്ഷന്‍ യാഗം നടത്താനാണോ യുദ്ധം ചെയ്യാന്നാണോ തയ്യാറാവുന്നതെന്ന് സംശയം തോന്നി.

യാഗശാലയില്‍ നിന്നും പിതാവിറക്കിവിട്ടതിനാല്‍ തിരിച്ച് പതീസമീപം എത്തിയ സതി മുടിമുന്‍പോട്ടിട്ടിരിക്കുന്നത് കണ്ടു. ഇതു ശരിയായി തോന്നിയില്ല.


ഈ ഭാഗത്തെ സംഗീതം ശ്രീ കോട്ട:സുരേഷും ശ്രീ കോട്ട:സന്തോഷും ചേര്‍ന്നും മേളം വാഴേങ്കിട ക്യഷ്ണദാസും കോട്ട:രമേശനും ചേര്‍ന്നുമായിരുന്നു.

ശ്രീ നെല്ലിയോട് വാസുദേവന്‍ ന്വൂതിരി വീരഭദ്രനായും


ശ്രീ കോട്ട:ഹരീശ്വരന്‍ ഭദ്രകാളിയായും

ശ്രീ കോട്ട:മനോജ്, ശ്രീ കോട്ട:പ്രദീപ്,ശ്രീ കോട്ട: ബാലനാരായണന്‍,ശ്രീ കോട്ട: ക്യഷ്ണദാസ്,ശ്രീ കോട്ട: ഷിജിത്ത് എന്നിവര്‍ ഭൂതഗണങ്ങളായും ശ്രീ കോട്ട: ഹരികുമാര്‍, ശ്രീ കോട്ട: സി.എം.ഉണ്ണിക്യഷ്ണന്‍, ശ്രീ കോട്ട: സുനില്‍ എന്നിവര്‍ പൂജാബ്രാഹ്മണരായും അരങ്ങിലെത്തി. ഭദ്രകാളിയുടെ മുഖം തേയ്പ് സാധാരണ കറുപ്പില്‍ വെള്ള അരിക്കുത്തുകളിട്ടാണ് കാണാറ്,ചിലര്‍ പച്ചകലര്‍ന്ന നീലനിറത്തിലും എഴുതികണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ചുവപ്പുനിറത്തിലാണ് ഭദ്രകാളിയുടെ മുഖംതേയ്പ് കണ്ടത്. ഇത് തീരേ യോജിപ്പായി തോന്നിയില്ല.വീരഭദ്രാദികള്‍ എത്തി ദക്ഷന്റെ യാഗശാല തകര്‍ക്കുന്നതായ രംഗം അവതരിപ്പിച്ചത് അത്യന്തം വഷളായി തോന്നി. സാധാരണ അപ്രധാകഥാപാത്രങ്ങളായികാണുന്ന പൂജാബ്രാഹ്മണരും ഭൂതഗണങ്ങളും പ്രധാനികളായി മാറുന്നതായി തോന്നി.പ്രധാനകഥാപാത്രങ്ങളായ ദക്ഷനോ വീരഭദ്രനോ ഇവരുടെ ബഹളങ്ങള്‍ക്കിടയില്‍ ഒന്നും നേരാംവണ്ണം ആടാനൊ,ആടുന്നത് ശ്രദ്ധിക്കാന്‍ കാണികള്‍ക്കൊ സാധിച്ചില്ല.വെഷക്കാരുടേയും മേളക്കാരുടേയും ബാഹുല്യം മൂലം വീരഭദ്രനൊ ദക്ഷനൊ ശരിക്കൊരു കലാശം ചവിട്ടാനുള്ള സ്തലവും അരങ്ങത്ത് കമ്മിയായിരുന്നു.

ഈ ഭാഗത്ത് കലാ:കുഞ്ചുണ്ണി,കോട്ട: പ്രസാദ്, കോട്ട:ശശി,കോട്ട:മനീഷ് എന്നിവര്‍ ചെണ്ടയിലും കോട്ട:രവി,കോട്ട:രാധാക്യഷ്ണന്‍,കോട്ട:പ്രതീഷ്,കോട്ട:സുഭാഷ്,കോട്ട:ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളം പകര്‍ന്നു. ഇത്രപേര്‍ചേര്‍ന്നുള്ള മേളം ശബ്ദബഹളം മാത്രമാണ്, ഇതിന്റെ ആവശ്യമില്ല എന്ന് തോന്നി.തന്നയുമല്ല ഇത്രപേര്‍ ഉണ്ടായിട്ടും അവര്‍തമ്മിലുള്ള യോജിപ്പുകുറവിനാല്‍ നെല്ലിയോടിന് കലാശംചവിട്ടാന്‍ പാകത്തിന് കൊട്ട്നന്നായിവന്നിരുന്നില്ല.

ശിവാനുഗ്രഹത്താല്‍ അജശിരസ് വെച്ച് ജീവിക്കപ്പെട്ട ദക്ഷന്‍ ശിവനെ സ്തുതിക്കുന്നതായ അവസാനരംഗത്തില്‍,സാധാരണ പദാന്ത്യത്തില്‍ ദക്ഷന്‍ ശിന്റെകാല്‍ക്കല്‍ വന്നിരിക്കുന്നതായും ശിവന്‍ ഇരുന്നുകൊണ്ട്തന്നെ മറുപടി പദം ആടുന്നതായുമാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ദക്ഷന്‍ ശിവസമീപം ഇരുന്നതുമില്ല, ശിവന്‍ എഴുന്നേറ്റ് നിന്നുകൊണ്ടാണ് പദം ആടുന്നത് കണ്ടതും.

ഈരംഗങ്ങളിലും സംഗീതം ശ്രീ കോട്ട:സുരേഷും ശ്രീ കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു.
ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍ ശ്രീ കോട്ട:രാമചന്ദ്രന്‍,ശ്രീ കോട്ട:സതീശന്‍,ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍ പിള്ള,ശ്രീ കോട്ട: ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിതരകന്‍,കുഞ്ഞിരാമന്‍ മുതല്‍പ്പെരാണ് അണിയറ കൈകാര്യം ചെയ്തിരുന്നത്.

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവം(5)


കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ നാലാമുത്സവദിവസമായിരുന്ന 04/04/08ന് രാത്രി 12മുതല്‍ കഥകളി നടന്നു. അന്ന് ആദ്യം നളചരിതം രണ്ടാംദിവസത്തിലെ ‘അലസത’ മുതല്‍ കാട്ടാളന്റെ അന്ത്യം വരേയുള്ളഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായര്‍ കാട്ടാളനായും ശ്രീ കോട്ട:ശിവരാമന്‍ ദമയന്തിയായും അരങ്ങിലെത്തി.ഇരുവര്‍ക്കും പ്രായാധിക്യം‌മൂലമുള്ള അവശതകള്‍ പ്രകടമായിരുന്നു. ഈ കളികണ്ട് പ്രേക്ഷകര്‍ക്ക്,പൂര്‍വ്വകാലത്ത് ഇവരിരുവരും ചേര്‍ന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഭാഗത്തെ നല്ലവണ്ണം സ്മരിക്കുവാന്‍ സാധിച്ചു. ഈ കഥക്ക് പൊന്നാനിയായി ശ്രീ പാലനാട് ദിവാകരന്‍ നന്വൂതിരിയും ശിങ്കിടിയായി ശ്രീ നെടുന്വുള്ളി രാംമോഹനും ആണ് പാടിയത്. ശ്രീ സദനം വാസുദേവേനായിരുന്നു ചെണ്ട. വാസുദേവന്‍ ചെണ്ടകൊട്ടി രാമന്‍‌കുട്ടിനായരുടെ മുദ്രക്കുകൂടുന്നതില്‍തികഞ്ഞപരാജയമായിരുന്നു. ശ്രീ കലാ:നാരായണന്‍ നായര്‍ ആയിരുന്നു മദ്ദളം വായിച്ചത്.

നളചരിതം മൂന്നാം ദിവസമാണ് തുടര്‍ന്നവതരിപ്പിക്കപ്പെട്ട കഥ. വെളുത്തനളനായി അരങ്ങിലെത്തിയ ശ്രീ കോട്ട:സുധീര്‍, സ്തായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചുകൊണ്ട്തന്നെ ഭംഗിയായി മുദ്രയും കലാശങ്ങളും എടുത്തുവെങ്കിലും,എല്ലാത്തിനും വല്ലാതെ ആയാസപ്പെടുന്നതായി അനുഭവപ്പെട്ടു.കൂടാതെ ഇദ്ദേഹം ഇടക്കിടക്ക് വായതുറക്കുന്നതായും ചുണ്ടുകള്‍കൊണ്ട് ചില ഗോഷ്ടികള്‍ കാട്ടുന്നതായും കണ്ടത് ഒരു അരോചകമായി തോന്നി. പദങ്ങള്‍ക്ക് ശേഷം നളന്റെ മനോധര്‍മ്മാട്ടം ആടി. ‘വനവര്‍ണ്ണന‘-എന്നഭാഗത്ത് ഒരിക്കല്‍പ്പോലും നളന്‍ ദമയന്തിയേയൊ കുട്ടികളേയോഓര്‍ക്കുകയൊ,ഓര്‍ക്കാന്‍പാകത്തിനുള്ള കാഴ്ച്ചകള്‍ കാണുകയൊ ചെയ്യുന്നതു കണ്ടില്ല!. പകരം കോട്ടാരത്തിലെ ഉദ്യാനത്തിനെ സ്മരിക്കുന്നതിന് പാകത്തിലുള്ള-പൂക്കളോടുകൂടിയ വള്ളികള്‍ തന്നെ മാടിവിളിക്കുന്നതായും,പൂമൊട്ടുകള്‍ കൈകൂപ്പി തന്നെ വന്ദിക്കുന്നതായും,താഴെ പൂക്കള്‍ വിതറി,കാട് തന്നെ സ്വീകരിക്കുന്നതായുമൊക്കെ യാണ് കണ്ടത്. ഈ കാഴ്ച്ചകള്‍ ശ്ര്യംഗാരതത്പ്പരനായി ഉദ്യാനത്തില്‍ വിഹരിക്കുന്ന ഒരു നായകനു ചേര്‍ന്നവയല്ലെ,അല്ലാതെ കളത്രപുത്രരാജ്യാദികള്‍ നഷ്ടപ്പെട്ട് ഭീകരമായ കാട്ടിലലയുന്ന ഒരാള്‍ക്ക് ചേര്‍ന്നതാണോ എന്ന് സംശയം തോന്നി. ന്യത്തംചെയ്യുന്ന മയിലുകളെ കണ്ട നളന്‍ താന്‍ പണ്ട് ആലവട്ട ചാമരങ്ങളോടുകൂടി എഴുന്നള്ളിയിരുന്ന കാലം സ്മരിക്കുന്നു. കാട്ടിലെ ഈ കാഴ്ച്ചകള്‍ തനിക്ക് സുഖം തരുന്നവയാണെന്നും നളന്‍ പറഞ്ഞു. തുടര്‍ന്ന് താമരയിലകപ്പെട്ട വണ്ട് ഭഗവത്കാരുണ്യത്താല്‍(ആന ആ പൂവ് പറിച്ച് കാലില്‍ അടിക്കുന്വോള്‍) രക്ഷപ്പെടുന്നതുകാണുന്നതായ ആട്ടമാണ് ആടിയത്. ഇതില്‍ വണ്ടിനു വന്ന ദുരവസ്തയേയാണ് മുന്‍‌തൂക്കം നല്‍കി അവതരിപ്പിക്കേണ്ടത്, അതുണ്ടായില്ല.ശേഷം, ‘സിഹാസനത്തില്‍ ഇരുന്നിരുന്ന താന്‍ ഈ പാറപ്പുറത്ത് ഇരിക്കേണ്ടിവന്നല്ലൊ’ എന്നു ചിന്തിച്ച് പാറപ്പുറത്ത് ഇരിക്കുന്വോള്‍ ദൂരെകാനനത്തില്‍ വലുതായുള്ള പുകയും വെളിച്ചവും ഉയരുന്നതു കാണുന്നു. ആ കാട്ടുതീയുടെ ഉള്ളില്‍ നിന്നും ആരോ തന്റെ പേരുവിളിച്ച് കരയുന്നതായി തോന്നിയിട്ട്, അത് ആരാണെന്ന് അറിയുകതന്നെ എന്നുറച്ച് നളന്‍ ആഭാഗത്തേക്ക് നടക്കുന്നു.ഈ ഭാഗത്തേയും സംഗീതം പാലനാടും രാം‌മോഹനും ചേര്‍ന്നുതന്നെയായിരുന്നു. ചേണ്ട ശ്രി കോട്ട:പനമണ്ണ ശശിയും മദ്ദളം ശ്രീ കലാ:രാമന്‍‌കുട്ടിയുമാണ് കൊട്ടിയത്.

ശ്രീ കോട്ട:സുനിലായിരുന്നു കാര്‍ക്കോടക വേഷം.സുനിലിന്റെ മുഖംതേപ്പ് അത്ര നന്നായിതോന്നിയില്ല.

ശ്രീ സദനം ക്യഷ്ണന്‍‌കുട്ടിയാണ് ബാഹുനായെത്തിയത്. കാര്‍ക്കോടകന്‍ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച് മറഞ്ഞ ശേഷം ബാഹുകന്‍ ആലോചിച്ചു-“ഒരു രാജാവായ ഞാന്‍ മറ്റൊരു രാജാവിനെ പോയ് ആശ്രയിക്കുക എന്നാണല്ലൊ സര്‍പ്പശ്രേഷ്ടന്റെ നിര്‍ദ്ദേശം.ഇതിനു മുന്‍പ് എന്റെ വംശത്തിലുള്ള ആര്‍ക്കും ഇതുപോലെ ഒരു സൂര്യവംശരാജാവിനെ ആശ്രയിക്കേണ്ടി വന്നിട്ടില്ല.ഇനി ഏതായാലുംകാര്‍ക്കോടകന്റെ നിദേശാനുസരണം അയോധ്യയിലേക്ക് പോവുകതന്നെ”.തുടര്‍ന്ന് കാര്‍ക്കോടകന്റെ ‘വനവര്‍ണ്ണന’ എന്ന ആട്ടം.നിര്‍ഭാഗ്യമെന്നു പറയട്ടെ ബാഹുകനും മനോധര്‍മ്മാ‍ട്ടത്തിനിടയില്‍ ഒരിക്കല്‍പ്പോലും ദമയന്തിയേയൊ കുട്ടികളേയോഓര്‍ക്കുകയൊ,ഓര്‍ക്കാന്‍ പാകത്തിനുള്ള കാഴ്ച്ചകള്‍ കാണുകയൊ ചെയ്യുന്നതായി കണ്ടില്ല!. വളരേ ഉയരമുള്ള വ്യക്ഷങ്ങളാലും വള്ളികളാലും നിറഞ്ഞ് സൂര്യരശ്മികള്‍ പോലും പതിക്കാത്തകാട്ടില്‍ ബാഹുകന്‍ വഴികാണാന്‍ വിഷമിക്കുന്നു. തുടര്‍ന്ന് ഒരു കാട്ടരുവിയുടെ തീരത്തെത്തുന്ന ബാഹുകന്‍ ‘എവിടെയെങ്ങും ഒരു മ്യഗങ്ങളേയും കാണുന്നില്ലല്ലോ’ എന്ന് വിചാരിക്കുന്നു. തുടര്‍ന്ന് ‘മാന്‍പ്രസവം’ എന്ന ആട്ടം ആടിയെങ്കിലും മാനിന്റെ പ്രസവം ആടിയില്ല. കാട്ടുതീക്കും നദിക്കും വേടനും പുലിക്കും മധ്യേപെട്ട് പ്രസവവേദനയോടെ കഴിയുന്ന പെണ്‍മാന്‍,ദൈവക്യപയാല്‍ ഈ ആപത്തുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു എന്നു കണ്ട ബാഹുകന്‍ മാന്‍പ്രസവമൊന്നുംകാണാന്‍ നില്‍ക്കാതെ പോകുന്നതാണ് കണ്ടത്. നടന്ന് കാടിന്റെ അതിര്‍ത്തിയില്‍ എത്തിയ ബാഹുകന്‍ അവിടെകണ്ട വഴിപോക്കരോട് ചോദിച്ച് വഴി മനസ്സിലാക്കി, അയോധ്യാരാജധാനിയിലേക്ക് പോകുന്നു. ദൂരത്തുവെച്ച്തന്നെ രാജധാനിയിലെ കൊടിക്കൂറ കാണുന്നു.കാറ്റിലാടുന്ന കൊടികണ്ടിട്ട് ദീനരേയും അശരണരേയും അയോധ്യയിലേക്ക് മാടിവിളിക്കുന്നതായി തോന്നുന്നു ബാഹുകന്. ഗോപുരവാതില്‍ക്കല്‍ നില്‍ക്കുന്ന ഭടന്മാരോട് രാജാവിനെകാണാന്‍ അനുവാദം ചോദിക്കുന്നു. അനുവാദം കിട്ടിയ ഉടന്‍ ബാഹുകന്‍ ഒരുകൊച്ചുകിട്ടിയേപ്പോലെതുള്ളിച്ചാടി അകത്തേക്ക് പോയി!.
ഈ രംഗങ്ങളില്‍ സംഗീതം ശ്രീ കോട്ട:നാരായണനും രാം‌മോഹനും ചേര്‍ന്നും മേളം ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി(ചെണ്ട),ശ്രീ കോട്ട:രവി(മദ്ദളം) എന്നിവര്‍ ചേര്‍ന്നും കൈകാര്യം ചെയ്തു.

ഋതുപര്‍ണ്ണനായി ശ്രീ കോട്ട:ഹരീശ്വരനും ജീവലനായി ശ്രീ കോട്ട:സി.എം.ഉണ്ണിക്യഷ്ണനും വാഷ്ണേയനായി ശ്രീ കോട്ട:പ്രദീപും വേഷമിട്ടു.

ബാഹുക ജീവലസംഭാഷണമായുള്ള പദങ്ങളുടെ എല്ലാചരണങ്ങളും സാധാരണ നടപ്പില്ല.എന്നാല്‍ ഇവിടെ നടപ്പുള്ള “നീയും നിന്നുടെ തരുണിയും”എന്ന ചരണവും പാടാതെവിട്ടു. ഇതുപോലെ തന്നെ ദമയന്തിയുടെ പദമായ ‘കരണീയ’ത്തിലെ ചരണവും സുദേവന്റെ പദമായ ‘യാമിയാമി’യിലെ ചരണങ്ങളും ഉപേക്ഷിച്ചു.ഇതുകൂടാതെ ‘വിജനേബത’ മുതലിങ്ങോട്ടുള്ള ഭാഗങ്ങളില്‍ പാട്ടുകാരന്‍ കാലം തള്ളിപ്പാടിയും വേഷക്കാരന്‍ പൊന്നാനിശിങ്കിടിക്ക് മുദ്രതീര്‍ത്തും വേഗത്തില്‍‌പോകുന്നതായി കണ്ടു. ഇതുവളരേ കഷ്ടമാണെന്നെ പറയേണ്ടു!. സമയക്കുറവായിരിക്കും എല്ലാത്തിനും കാരണം പറയാനുള്ളത്. എന്നാലും ഇങ്ങിനെ, ദൂരേനിന്നുംക്ഷണിച്ചുവരുത്തിയിരിക്കുന്ന കലാകാരന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരംകൊടുക്കാതേയും, കളികാണാനായിത്തന്നെ ഏവിടെനിന്നെല്ലാമൊ വന്നിരിക്കുന്ന സഹ്യദയര്‍ക്ക് ശരിയായി ആസ്വദിക്കാനാകാതെയും പോയതില്‍ സംഘാടകര്‍തന്നെയാണ് ഉത്തരവാദികള്‍. കാരണം രാത്രി പന്ത്രണ്ടുമണിക്ക് ശേഷം തുടങ്ങുന്ന ഒരു ദിവസത്തെ കളിക്ക് ഇതുപോലെയുള്ള മൂന്ന് കഥകള്‍ വെയ്ച്ചാല്‍ എല്ലാംകൂടി സുഗമമായി കളിച്ച്തീര്‍ക്കാനാവില്ല എന്ന് അറിയാന്‍ കഴിയാത്തവരല്ലല്ലൊ കോട്ടക്കലേപോലെ ഒരു സ്തലത്തെ സംഘാടകര്‍.

ശ്രീ കലാ:ക്യഷ്ണപ്രസാദ് ദമയന്തിയായും ശ്രീ മാത്തൂര്‍ഗോവിന്ദന്‍‌കുട്ടി സുദേവനായും അരങ്ങിലെത്തി.

ഋതുപര്‍ണ്ണസഭയിലെത്തിയ സുദേവന്റെ പദമായ ‘മാന്യമതേ‘യില്‍ ‘പന്തണീമുലമാര്‍മണീ’ എന്ന് ഒരു വരിയുണ്ട്.മാത്തൂര്‍ ഇവിടെ ഇതേരീതിയില്‍ മുദ്രകാണിക്കുന്നതായാണ് കണ്ടത്. ദമയന്തീസഹോദരന്റെ തോഴനും ഭൈമിയെ കുട്ടിയായിരുന്ന കാത്ത് എടുത്ത് നടന്നിട്ടുള്ളയാളും ഒക്കെയായ സുദേവബ്രാഹ്മണന്‍, ഋതുപര്‍ണ്ണനെ പ്രലോഭിപ്പിക്കാനായാല്‍ പോലും, ദമയന്തിയെ ‘പന്തുപോലെ മുലയുള്ളവള്‍’ എന്ന് വിശേഷിപ്പിക്കും എന്ന് വിചാരിക്കുക വയ്യ.(പിന്നെ എന്തേ ഉണ്ണായിവാര്യര്‍ സാഹിത്യത്തില്‍ എങ്ങിനെ എഴുതിയതാവോ?). ‘പന്തണീമുലമാര്‍മണീ’ എന്ന സ്തലത്ത് സാധാരണ എല്ലാവരും സുന്ദരീ എന്ന മുദ്രയാണ് കാണിക്കാറ്.കലാ:പത്മനാഭന്‍ നായരാശാന്‍ ഇവിടെ ‘സുന്ദരീമണിമാര്‍മണി‘(സുന്തരിമണിമാരില്‍ സുന്ദരിയായുള്ളവള്‍) എന്നാണ് മുദ്രകാണിച്ചുകണ്ടിട്ടുള്ളത്. ഇതാണിവിടെ ഉത്തമം എന്നാണ് തോന്നുന്നത്.

ഈ രംഗങ്ങളില്‍ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു സംഗീതം.ചെണ്ടയും ഇടക്കയും ശ്രീ കോട്ട:മനീഷ് രാമനാധനായിരുന്നു കൈകാര്യംചെയ്തത്.

മൂന്നാമത്തെ കഥയായ കിരാതത്തില്‍ കാട്ടാളനായി ശ്രീ വാഴേങ്കിട വിജയനും അര്‍ജ്ജുനനായി ശ്രീ കലാ:എം.പി.എസ്സ്.നന്വൂതിരിയും കാട്ടാളസ്ത്രീയായി ശ്രീ കോട്ട:രാജുമോഹനനും വേഷമിട്ടു. പരസ്പരം യോജിപ്പില്ലാത്ത ആട്ടങ്ങളാല്‍ അരോചകമായിതോന്നി ഈ കളി. ഓരോ വേഷക്കാരും അവരവരുടേതായ രീതിയില്‍ ആടുന്നു.യുദ്ധം‌പോലെയുള്ള ഭാഗത്ത് രണ്ട് വേഷക്കാരും യോജിപ്പായി ന്യര്‍ത്തം ചവിട്ടിയില്ലെങ്കില്‍ കാഴ്ച്ചക്കൊരു സുഖവും ഉണ്ടാവുകയില്ലല്ലൊ. പദങ്ങള്‍ ശരിയാവണ്ണം തോന്നാത്ത പാട്ടുകാരന്റെ, പാട്ടിലെ പോരായ്മകൂടിയാപ്പോള്‍ കിരാതം മുഴുവനായി വിരസമായി അനുഭവപ്പെട്ടു.

ശ്രീ കോട്ട:ബാലനാരായണന്‍,ശ്രീ കോട്ട:ക്യഷ്ണദാസ്,ശ്രീ കോട്ട: ഷിജിത്ത് തുടങ്ങിയവര്‍ കുട്ടികാട്ടാളന്മാരായുംശ്രീ കോട്ട:മനോജ് ശിവനായും ശ്രീ കോട്ട:ഹരീന്ദ്രന്‍ പാര്‍വ്വതിയായും വേഷമിട്ടിരുന്ന ഈ കളിക്ക്, ശ്രീ കലാ:സുകുമാരനും ശ്രീ കോട്ട:സുരേഷും ചേര്‍ന്ന് പാട്ടും, പ്രസാദും മനീഷും ചേര്‍ന്ന് ചെണ്ടയും, രാമന്‍‌കുട്ടിയും ശ്രീ കോട്ട:സുഭാഷും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.
ഈ ദിവസത്തെ കളിക്ക് ചുട്ടികുത്തിയത് ശ്രീ കോട്ട:ബാലക്യഷ്ണന്‍,ശ്രീ കോട്ട:രാമചന്ദ്രന്‍,ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍, ശ്രീ കോട്ട: സതീശന്‍,ശ്രീ കോട്ട:ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിത്തരകന്‍,ശ്രീ കുഞ്ഞിരാമന്‍ മുതലായവരാണ്‍ അണിയറ കൈകാര്യം ചെയ്തിരുന്നത്.