കഥകളി വേഷങ്ങള്‍(ഭാഗം2)

മുഖം തേപ്പ്



കഥകളികലാകാരന്‍ സ്വന്തമായാണ് മുഖത്ത് ചായംതേയ്ക്കുന്നത്.ഇതിനായി പ്രധാനമായി ഉപയോഗിക്കുന്നത് മനയോലയാണ്. ഔഷധങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ധാതുപദാര്‍ത്ഥമാണിത്. ഇത് നന്നായി പൊടിച്ച് വെളിച്ചെണ്ണയില്‍ കുഴച്ചെടുക്കുന്നു. ഇത് മഞ്ഞനിറത്തിന് ഉപയോഗിക്കുന്നു. കട്ടനീലം എന്ന രാസവസ്തു മനയോലയോട് ചേര്‍ത്ത് പച്ചനിറവും, സിങ്ക്റഡ് ചേര്‍ത്ത് ചുവപ്പ് നിറവും ഉണ്ടാക്കി ഉപയോഗിക്കുന്നു. വെളിച്ചെണ്ണത്തിരികത്തിച്ച് മുകളില്‍ തടവെച്ച് കിട്ടുന്നകരി വെളിച്ചെണ്ണ ചേര്‍ത്ത് കറുപ്പുനിറത്തിന് ഉപയോഗിക്കുന്നു. സിങ്കുവൈറ്റ് വെള്ളനിറത്തിനു് ഉപയോഗിക്കുന്നു. ഇങ്ങിനെ അരച്ചെടുക്കുന്ന ചായങ്ങള്‍ ചെറുകഷ്ണം ഓലക്കീറില്‍ എടുത്ത് ഈര്‍ക്കിലിയും കൈവിരളും ഉപയോഗിച്ചാണ് മുഖത്ത് തേയ്ക്കുന്നത്. നീലച്ചുണ്ടയുടെ പൂവ് ഒരുക്കിയെടുത്ത് തിരുമ്മി കണ്ണിലിട്ടാണ് കണ്ണ് ചുവപ്പിക്കുന്നത്.


ചുട്ടി


മുഖത്തെ ചുട്ടികുത്തുന്നതിന് അരിയും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ അരച്ച് ചുട്ടിഅരി ഉണ്ടാക്കുന്നു. അരിയുടെ മൂന്നില്‍ ഒന്ന് ചുണ്ണാമ്പ് എന്നാണ് അനുപാതം. കലാകാരന്മാര്‍ സ്വന്തമായല്ലാ ചുട്ടികുത്തുന്നത്. ചുട്ടികുത്തികൊടുക്കുന്നതിനായി പ്രത്യേകം കലാകാരന്മാര്‍ ഉണ്ട്. മുഖത്ത് ചുട്ടിയരി തേച്ച്, അവയില്‍ പാകത്തിന് വെട്ടിയെടുത്ത കടലാസുകഷ്ണങ്ങള്‍ പിടിപ്പിച്ചാണ് ചുട്ടികുത്തുന്നത്. കത്തി,താടി വേഷങ്ങളുടെ മൂക്കിലും നെറ്റിയിലും വെയ്ക്കാനുള്ള ഉണ്ടകള്‍ തെര്‍മോക്കോളില്‍ നിര്‍മ്മിക്കുന്നു.
മെയ്‌ക്കോപ്പുകള്‍

ദേഹത്ത് ‘കുപ്പായം‘ ഇടുന്നു,സാധാരണ വേഷങ്ങള്‍ക്കെല്ലാം ചുവപ്പുനിറത്തിലുള്ള കുപ്പായമാണിടുന്നത്. ക്യഷ്ണന് നീലനിറത്തിലും കരിവേഷങ്ങള്‍ക്ക് കറുപ്പ് നിറത്തിലും ഉള്ള കുപ്പായങ്ങളാണ് അണിയാറ്. വെള്ളത്താടിക്ക് വെള്ള നിറത്തിലുള്ളതും ചുവന്നതാടിക്ക് ചുവന്ന നിറത്തിലുമുള്ള ചകലാസുനൂലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കട്ടികൂടിയ കുപ്പായമാണുപയോഗിക്കുന്നത്. കഴുത്തില്‍ കൊല്ലാരം കെട്ടുന്നു. സ്ത്രീവേഷങ്ങള്‍ക്ക് മുലക്കൊല്ലാരമാണ് ഉപയോഗിക്കുന്നത്. അതിനുപുറമെ കഴുത്താരവും (മാലക്കൂട്ടം)കെട്ടുന്നു. കഴുത്തില്‍ ചുവപ്പുനിറത്തിനുള്ളതും ഉള്ളില്‍ കണ്ണാടിവെച്ചിട്ടുള്ളതുമായ ഒരു ‘പട്ടുത്തരീയവും’ രണ്ടുമൂന്ന് വെള്ള ‘ഉത്തരീയങ്ങളും‘’ അണിയുന്നു.

കൈകളില്‍ മരത്തില്‍ നിര്‍മ്മിച്ച ‘വള‘കളിട്ട് ‘ഹസ്തകടകം‘ കെട്ടുന്നു.കൈവിരളുകളില്‍ ക്യത്രിമനഖങ്ങള്‍ അണിയുന്നു.



തോളുകളില്‍ ‘തോള്‍പ്പൂട്ടും’ ‘പരുത്തിക്കാമണിയും’ കെട്ടുന്നു.



കാലില്‍ തണ്ഡപ്പതിപ്പും കച്ചമണിയും(ചിലങ്ക) കെട്ടുന്നു.

ഉടുത്തുകെട്ട്



അരയില്‍ കച്ചചരട് കെട്ടി അതില്‍ കഞ്ഞിപശയില്‍ മുക്കിയ തുണികള്‍ അടുക്കിനിരത്തി കെട്ടിവെയ്ക്കുന്നു.ഏറ്റവും മുകളിലായി ‘ഞൊറി‘ കെട്ടുന്നു. പച്ച,കത്തി,താടി വേഷങ്ങള്‍ക്കെല്ലാം വെള്ളനിറത്തിലുളള ഞൊറിയും കരിക്ക് കറുപ്പും, കൃഷണന് മഞ്ഞയും ബാഹുകന്(സര്‍പ്പദംശനമേറ്റ നളന്‍) നീലയും, ഭദ്രകാളീ,സൂര്യന്‍ എന്നിവര്‍ക്ക് ചുവപ്പും നിറങ്ങളിലുള്ള ഞൊറികളാണ് ഉപയോഗിക്കുന്നത്. ഞൊറിക്ക് മുകളില്‍ ഇരുവശങ്ങളിലുമായി പട്ടില്‍തൈച്ചേടുക്കുന്ന ’പട്ടുവാല്‍‘ ഇടുന്നു. മുന്‍ഭാഗത്തായി ആനയുടെ തലേക്കെട്ടുപോലെയിരിക്കുന്ന ‘മുന്തിയും‘ തടിക്കഷ്ണങ്ങളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ‘പടിയരഞ്ഞാണവും’കെട്ടുന്നു.



ചെവിയുടേ ഭാഗത്തായി ‘തോടയും ’ചെവിപ്പൂവും’ വെച്ചുകെട്ടുന്നു. തലയില്‍ പട്ടുവാല്‍ കെട്ടി, അതിനുമുകളിലായി കിരീടം വെച്ചുകെട്ടുന്നു. കുമിള്‍ത്തടി കടഞ്ഞെടുത്ത് അതില്‍, മയില്‍പ്പീലിതണ്ട്,ചില്ലുകഷ്ണങ്ങള്‍,പച്ചവണ്ടിന്‍ തോട്,വര്‍ണ്ണകടലാസ്,തകിട്,മുത്തുകള്‍ എന്നിവ പിടുപ്പിച്ച് ആണ് കിരീടങ്ങള്‍ നിര്‍മ്മിക്കുന്നത്. കിരീടത്തില്‍ ചേര്‍ത്തുപിടുപ്പിച്ചിരിക്കുന്ന രണ്ട് കച്ചകള്‍ ഉപയോഗിച്ചാണ്, ഇത് തലയില്‍ വെച്ചുകെട്ടുന്നത്. സ്ത്രീവേഷങ്ങള്‍ക്ക് തലയില്‍ ‘കൊണ്ട’ കെട്ടി,അതിനുമുകളിലൂടെ പട്ടുതുണി ഇടുന്നു. നെറ്റിക്കുമുകളില്‍ ‘കുറുനിരയും’ കെട്ടുന്നു.


1 അഭിപ്രായം:

Unknown പറഞ്ഞു...

കട്ട നീലം എവിടെ കിട്ടും