ഒരു രാത്രികൊണ്ട് ഒരു കഥ പൂര്‍ണ്ണമായി അവതരിപ്പിക്കന്ന രീതിയായിരുന്നു കഥകളിയില്‍ പണ്ട് ഉണ്ടായിരുന്നത്. അതിനുപാകത്തിലാണ് മിക്ക ആട്ടകഥകളും രചിക്കപ്പെട്ടിരിക്കുന്നതും. എന്നാല്‍ പില്‍ക്കാലത്ത് ഈ രീതിമാറി ഒരു രാത്രിയില്‍ മൂന്നോ നാലോ കഥകളുടെ പ്രസക്തഭാഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന രീതി നിലവില്‍ വന്നു. ഒരു രീതിയിലുള്ള വേഷങ്ങളെ മാത്രം അണിനിരത്തിക്കൊണ്ടുള്ള അവതരണരീതി അടുത്തകാലത്തായി ആരംഭിച്ച ഒന്നാണ്. ഈ രീതിയില്‍ പ്രമുഖമായി നടത്തപെട്ട ഒരു പരിപാടിയായിരുന്നല്ലൊ താടിവേഷങ്ങളെ മാത്രം അവതരിപ്പിച്ചുകൊണ്ട് നടത്തപ്പെട്ട താടിയരങ്ങ്. കഥകളിയിലെ രാജസപ്രൌഢിനിറഞ്ഞ പത്ത് കത്തിവേഷങ്ങളുടെ അവതരണമായിരുന്നു ‘രാജസം’. Viewfinder Cultural Gruopന്റെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘രാജസം’, 01/08/09ല്‍ തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെയ്ച്ച് നടന്നു. പലകഥകളിലെ കത്തിപ്രധാനമായതും ഭാവവൈവിദ്ധ്യമാര്‍ന്നതുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഒരു രാത്രി നീളുന്ന ഈ പരിപാടി തയ്യാറാക്കിയത്. കഥകളിയിലെ വൈവിദ്ധ്യങ്ങള്‍ നിറയുന്ന പതിവ് അവതരണരീതിയില്‍ പലവിധമായ വേഷങ്ങളും രാഗതാളങ്ങളും മാറിമാറി വരുന്നു. എന്നാല്‍ ഈ നൂതന അവതരണരീതിയില്‍ ആദ്യാവസാനം ഏതാണ്ട് ഒരേ രീതിയില്‍ വരുന്ന വേഷങ്ങളും രംഗങ്ങളും പ്രേക്ഷകരില്‍ കുറച്ചൊരു മടുപ്പുളവാക്കും എന്ന് പറയാതെ വയ്യ. ഇതിനാലായിരിക്കണം പ്രേക്ഷകരില്‍ ഏതാണ്ട് 50% പേരോളം ആദ്യത്തെ 3-4 കത്തികള്‍ക്കുശേഷം ‘വയറുനിറഞ്ഞു, ഇന്നിനി വയ്യ’ എന്നുള്ള മട്ടില്‍ കാഴ്ച്ചമതിയാക്കിപോയത് എന്ന് തോന്നുന്നു. എന്നാല്‍ പ്രമുഖരായ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടും പ്രധാനരംഗങ്ങള്‍ മാത്രം അവതരിപ്പിച്ചുകൊണ്ടും നടത്തപ്പെട്ട രാജസം ആദ്യാവസാനം നല്ല നിലവാരം പുലര്‍ത്തി എന്നുള്ളതാണ് പരിപാടിയുടെ ഒരു മെച്ചം. ഇതിനാല്‍ തന്നെയായിരിക്കണം ഇക്കാലത്ത് ഒരു കഥകളിപരിപാടിക്ക് കാണുന്നതിലും പലമടങ്ങ് ആസ്വാദകര്‍ ഇവിടെ എത്തിയതും, അതില്‍ ഏതാണ്ട് 50%പേരും മുഴുരാത്രിയുമിരുന്ന് കളികണ്ടതും. പത്ത് പേര്‍ക്കും കൂടി അവരവരുടെ ഭാഗങ്ങള്‍ തൃപ്തികരമായി അവതരിപ്പിക്കുവാനുള്ള സമയം ലഭിച്ചിരുന്നില്ല എന്നതാണ് പരിപാടിയുടെ ഒരു പ്രധാനപോരായ്ക. ഓരോ വേഷക്കാര്‍ക്കും ഓരോ മണിക്കൂര്‍ വീതമാണ് സമയം അനുവദിച്ചിരുന്നത്. ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടോ വേഷങ്ങളുടെ എണ്ണം കുറച്ചുകൊണ്ടോ പരിപാടി നടത്തിയിരുന്നെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ട സമയം ലഭിക്കുകയും നടന്മാര്‍ക്കും ആസ്വാദകര്‍ക്കും പരിപാടി കൂടുതല്‍ തൃപ്തികരമായി തീരുകയും ചെയ്തേനെ. നിശ്ചയിച്ച സമയത്തുനിന്നും അരമണിക്കൂറോളം തുടങ്ങുവാന്‍ താമസിച്ചതും ചില രംഗങ്ങള്‍ നീണ്ടുപോയതും സമയത്തില്‍ നീക്കം വരുത്തിയിരുന്നുവെങ്കിലും പിന്നീടുള്ള രംഗങ്ങളില്‍ ചില ആട്ടങ്ങളും പദഭാഗങ്ങളും ഉപേക്ഷിച്ചുകൊണ്ട് സമയം ക്രമീകരിക്കപ്പെട്ടു. സമയക്കുറവുമൂലമായിരിക്കണം എല്ലാവര്‍ക്കും തിരനോട്ടം ഉണ്ടായിരുന്നില്ല. ആദ്യമായി രംഗത്തെത്തിയ ദുര്യോധനനും(താഴന്നകാലത്തിലുള്ളത്), രണ്ടാമതായെത്തിയ ബാണനും(തെക്കന്‍ ശൈലിയിലുള്ളത്), മൂന്നാമതായെത്തിയ ഉത്ഭവം രാവണനും(ഇടക്കാലത്തിലുള്ളത്) ആണ് തിരനോക്കുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാനമായപ്പോളേക്കും സമയത്തിന്റെ പ്രശ്നം ഇല്ല എന്നുകണ്ടതിനാലാണെന്നു തോന്നുന്നു ബാലിവിജയം രാവണനും, നരകാസുരനും തിരനോക്ക് അവതരിപ്പിക്കുകയുണ്ടായി. ഇതില്‍ കേശവന്‍ കുണ്ഡലായരുടെ നരകാസുരന്‍ ശ്ലോകശേഷം തിരയ്ക്കകത്തുള്ള ചടങ്ങുകള്‍ ഉപേക്ഷിച്ചുകൊണ്ട് നേരിട്ട് തിരനോട്ടത്തിലേയ്ക്ക് കടക്കുകയായിരുന്നു. കത്തിവേഷങ്ങള്‍ പൊതുവേ മേളപ്രധാനങ്ങളാണല്ലോ. അതിനാല്‍ തന്നെ ഈ പരിപാടിയുടെ വിജയത്തിന് മേളക്കാരുടെ പങ്ക് പരമപ്രധാനവുമാണല്ലോ. രാജസത്തില്‍ പങ്കെടുത്ത മേളക്കാര്‍ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്നാല്‍ ഗായകര്‍ ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളു. രാജസവേഷങ്ങളുടെ രംഗങ്ങള്‍ പാടുവാനായി കുറച്ചുകൂടി ഘനശാരീരമുള്ള ഗായകരെ ഉള്‍പ്പെടുത്താമായിരുന്നു. സംഘാടകര്‍തന്നെ പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിന് വിപണനോദ്ദേശം ഉളളതുകൊണ്ടായിരിക്കാം ഹാളില്‍ മറ്റുള്ളവര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് നിരോധിച്ചിരുന്നു.
.
വൈകിട്ട് ഏഴുമണിയോടു കൂടി തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി അഡ്വ. രഞ്ജിനി സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ‘രാജസം‘ ഉത്ഘാടനം ചെയ്തു. രാമന്‍കുട്ടിനായരാശാനെ ചടങ്ങില്‍ വെച്ച് തൃപ്പൂണിത്തുറ കഥകളികേന്ദ്രം പ്രസിഡന്റ് ഡോ. എ.കെ.സഭാപതി ആദരിക്കുകയുണ്ടായി.
.
തുടര്‍ന്ന് ആരംഭിച്ച രാജസത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥയിലെ ദുര്യോധന്റെ ശൃഗാരപദം ഉള്‍ക്കോള്ളുന്ന രംഗമാണ്. ഇതില്‍ ആരാമലക്ഷ്മിയായ പത്നി ഭാനുമതിയുടെ രതികേളികളില്‍ പരവശനായ ദുര്യോധനനെ അവതരിപ്പിച്ചത് പത്മശ്രീ കലാമണ്ഡലം ഗോപിയാണ്. നായികയുടെ മുഖത്തെ ചന്ദ്രനെന്നുകരുതി പ്രിയവിരഹത്തെ ചിന്തിച്ച് ദു:ഖിക്കുന്ന കോകിയെ അവതരിപ്പിക്കുന്ന പ്രസിദ്ധമായ ‘ഏകലോചനം’ ആണ് ഈ രംഗത്തെ പ്രധാന ഭാഗം. കളരിചിട്ടക്കുകോട്ടമില്ലാതെ വെടിപ്പായി അവതരിപ്പിച്ചു എന്നതല്ലാതെ സാധാരണ അവതരിപ്പിക്കുന്ന പച്ചവേഷങ്ങളിലേതുപോലെ പ്രത്യേകതകളൊന്നും ഗോപിയാശാന്റെ ദുര്യോധനനില്‍ കണ്ടിരുന്നില്ല. ഭാനുമതിയായി ശ്രീ കലാമണ്ഡലം ഷണ്മുഖന്‍ വേഷമിട്ട ഈ രംഗത്തില്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്ന് സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം ശശിയും(മദ്ദളം) ചേര്‍ന്ന് മികച്ചരീതിയില്‍ മേളവും ഒരുക്കിയിരുന്നു.
.
രണ്ടാമതായി അരങ്ങിലെത്തിയത് കഥകളി തെക്കന്‍ ചിട്ടയിലെ ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ്. അപാരമായ കൈത്തരിപ്പുതീര്‍ക്കാന്‍ തന്റെ ഗോപുരപാലകനായ പരമശിവനെ യുദ്ധത്തിനു വിളിക്കുന്ന ബാണനായാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. ബലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം ആട്ടകഥയിലേതാണ് ‘ഗോപുരം’ എന്ന് പ്രസിദ്ധമായ ഈ രംഗം. അനുവദനീയമായ സമയത്തിനുള്ളില്‍ ഒരു ഭാഗവും വിടാതെ, വിസ്തരിക്കാതെ ഭംഗിയായും അനുഭവദായകമായും ഇദ്ദേഹം അവതരിപ്പിച്ചു. ‘ആശാന്‍ ഭംഗിയായി ചെയ്തു, ഒന്നുകൂടി വിസ്തരിക്കാമായിരുന്നു’ എന്ന് ആസ്വാദകരെ ചിന്തിപ്പിച്ചുകൊണ്ട് അദ്ദേഹം കടന്നുപോയി. മറ്റു കലാകാരന്മാര്‍ തങ്ങള്‍ക്ക് അനുവദനീയമായ സമയത്തില്‍ രംഗം തീര്‍ക്കുവാനായി ആട്ടഭാഗങ്ങളോ പദഭാഗങ്ങളോ ഉപേക്ഷിച്ചപ്പോള്‍ മടവൂരാശാന്‍ ഒന്നും ഉപേക്ഷിച്ചില്ല എന്നുള്ളതാണ് എടുത്തു പറയേണ്ടകാര്യം. ഒരുഭാഗവും ഉപേക്ഷിക്കാതെയും സമയദൈര്‍ഘ്യം വരുത്താതെയും അതേസമയം അനുഭവവേദ്യമായും ഈ വേഷം അവതരിപ്പിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചത് ‘ആടിച്ചുരുക്കുക’ എന്ന കൈയ്യടക്കവിദ്യവശമുള്ളതിനാലാണ്. ഇന്നത്തെ കലാകാരന്മാരില്‍ ഭൂരിഭാഗത്തിനും ഈ വിദ്യ വശമില്ലെന്നുമാത്രമല്ല, ‘ആടിപരത്താനാണ്’ താല്‍പ്പര്യവും. ശ്രീ ആര്‍.എല്‍.വി. സുനില്‍ പള്ളിപ്പുറം ശിവനായും ശ്രീ രതീഷ് പാര്‍വ്വതിയായും ശ്രീ ആര്‍.എല്‍.വി.അഖില്‍ സുബ്രഹ്മണ്യനായും ശ്രീ ബിജോയ് ഗണപതിയായും ശ്രീ ആര്‍.എല്‍.വി.സുനില്‍ നന്ദികേശ്വരനായും ശ്രീ ബിജു ഭാസ്ക്കര്‍ ഭൂതഗണമായും വേഷമിട്ട ഈ രംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു പാടിയത്. ചെണ്ടയില്‍ ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും മദ്ദളത്തില്‍ ശ്രീ കലാനിലയം മനോജും അനുഗുണമായ മേളം പകര്‍ന്നുകൊണ്ട് മടവൂരാശാനെ പിന്തുണച്ചു.
.
കല്ലേക്കുളങ്ങര രാഘവപിഷാരടിയുടെ ‘രാവണോത്ഭവം’ കഥയിലെ സുപ്രധാനഭാഗമായ രാവണന്റെ തന്റേടാട്ടമാണ് മൂന്നാമതായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ‘ലോകേശാത്തവര പ്രതാപബലവാനായ’ രാവണനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അനുവദിച്ചതിലും കൂടുതല്‍ സമയമെടുത്തിരുന്നു എങ്കിലും മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചത്. വിസ്തരിച്ചുതന്നെ ആടിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന് പലപ്പോഴും ‘സമയമേറുന്നു’ എന്ന് സംഘാടകരുടെ സന്ദേശങ്ങള്‍ അരങ്ങിലെത്തിയിരുന്നു. ഇതര കഥകളിലെ ആട്ടങ്ങളെ പോലെ തപസ്സാട്ടത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുകളയുക എന്നത് പ്രായോഗികമല്ല. കൃത്യമായ താള-കാല പ്രമാണങ്ങളില്‍ ചിട്ടചെയ്ത് അഭ്യസിച്ചിരിക്കുന്ന ഈ തന്റേടാട്ടം അതിന്റേതായ സമയമെടുത്ത് ചെയ്താലെ ഭംഗിയുണ്ടാകു. എന്നു മാത്രമല്ല, മാറ്റങ്ങള്‍ പെട്ടന്ന് വരുത്തിയാല്‍ കലാകാരന്റെ പ്രകടനത്തില്‍ പാളിച്ചയും ഉണ്ടാകാം. ഇതിനാലായിരിക്കാം ബാലസുബ്രഹ്മണ്യന്‍ ഒട്ടും വെട്ടിചുരുക്കുവാന്‍ തയ്യാറാവാതിരുന്നതും. നേരത്തെപറഞ്ഞ കൈയ്യടക്കവിദ്യ വശമുണ്ടെങ്കിലെ ഈ ആട്ടത്തിന്റെ അനുഭവം ചോരാതെ ചുരുക്കുവാന്‍ സാധിക്കുകയുള്ളു. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം വാസുദേവന്‍, ശ്രീ കലാമണ്ഡലം രാജേഷ് ബാബു എന്നിവരായിരുന്നു ഗായകര്‍. കലാ: ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം കൃഷ്ണദാസും ചേര്‍ന്ന് ചെണ്ടയിലും കലാ:ശശിയും ശ്രീ കലാമണ്ഡലം പ്രശാന്തും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളമൊരുക്കി. ഉത്ഭവത്തിന്റെ വിജയത്തില്‍ ഉണ്ണികൃഷ്ണന്റെ മേളത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
.
പ്രണയകലഹിതയായ മണ്ഡോദരിയെ അനുനയിപ്പിക്കുന്ന സംഭോഗലാലസനായ രാവണനായിരുന്നു നാലാമതായി രംഗത്തുവന്ന കത്തി. പുതിയിക്കല്‍ തമ്പാന്‍ രചിച്ച കാര്‍ത്ത്യവീരാര്‍ജ്ജുനവിജയത്തിലെ ‘കമലദളം’ എന്ന പ്രസിദ്ധ രംഗത്തിലായിരുന്നു ഇത്. ചിട്ടപ്രധാനമായ ‘കമലദളോപമനയനെ’ എന്ന പതിഞ്ഞപദം ഉള്‍ക്കൊള്ളുന്ന ഈരംഗം ഭംഗിയായിതന്നെ ശ്രീ കലാമണ്ഡലം ശ്രീകുമാര്‍ അവതരിപ്പിച്ചു. എന്നാല്‍ അവസാനഭാഗം ചുരുക്കത്തില്‍ കഴിക്കുകയായിരുന്നു. പ്രത്യേകിച്ച് ‘ദാസിയാമുര്‍വ്വശി’ എന്ന പദഭാഗമൊക്കെ ഒട്ടും വിസ്തരിക്കാതെ തീര്‍ത്തിരുന്നു. ശ്രീ സദനം വിജയന്‍ മണ്ഡോദരി വേഷമിട്ടു. ഈ രംഗത്തിലെ പാട്ട് ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും കലാനി:രാജീവനും ചേര്‍ന്നായിരുന്നു. കലാ:രാമന്‍ നമ്പൂതിരി ചെണ്ടയിലും ശ്രീ കലാമണ്ഡലം പ്രകാശന്‍ മദ്ദളത്തിലും മേളം പകര്‍ന്നു.
.
‘അഴകുരാവണന്‍‘ ആയിരുന്നു അഞ്ചാമത്തെ കത്തിവേഷം. കൊട്ടാരക്കര തമ്പുരാന്റെ തോരണയുദ്ധം ആട്ടക്കഥയിലെ, മാരതാപം സഹിയാഞ്ഞ് സര്‍വ്വാലങ്കാരവിഭൂഷിതനായി പരിവാരസമേതം അശോകവനികയില്‍ സീതാസമീപമെത്തുന്ന രാവണന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചും തന്റെ കേമത്തങ്ങള്‍ പറഞ്ഞും സീതയെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നതായ രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരാണ് അഴകുരാവണനായി അഭിനയിച്ചത്. അഴകുരാവണന്റെ പുറപ്പാട് ഭാഗം വിസ്തരിക്കുകയുണ്ടായില്ല. ‘കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍’ എന്ന ആദ്യ ചരണവും ഉണ്ടായില്ല. രതീഷ് സീതയായും ബിജൂഭാസ്ക്കര്‍ മണ്ഡോദരിയായും ആര്‍.എല്‍.വി.സുനില്‍ പ്രഹസ്തനായും ആര്‍.എല്‍.വി.അഖിലും ബിജോയിയും കിങ്കരരായും വേഷമിട്ടു. കലാ:ഗോപാലകൃഷ്ണനും കലാ:വാസുദേവനും ചേര്‍ന്ന് പാടിയ ഈ രംഗത്തില്‍ കലാ: ഉണ്ണികൃഷ്ണനും ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാനും ചേര്‍ന്ന് ചെണ്ടയും കലാനി:മനോജും ശ്രീ കലാമണ്ഡലം വിനീതും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.
.
ഇരയിമ്മന്‍ തമ്പി രചിച്ച കീചകവധം കഥയിലെ പ്രസിദ്ധമായ ‘ഹരിണാക്ഷി’ എന്ന പദമുള്‍ക്കൊള്ളുന്ന രംഗമാണ് ആറാമതായി അവതരിപ്പിച്ചത്. സുദേഷ്ണയുടെ നിര്‍ദ്ദേശാനുസ്സരണം ഓദനവും മധുവും ശേഖരിക്കാനായി ഏകയായി തന്റെ ഗൃഹത്തിലെത്തുന്ന സൈരന്ധ്രിയെ സുഖമായി രമിക്കുവാന്‍ മഞ്ചത്തിലേയ്ക്കു ക്ഷണിക്കുന്ന കാമാസക്തചിത്തനായ കീചകനെ ശ്രീ കലാമണ്ഡലം പ്രദീപാണ് അവതരിപ്പിച്ചത്. കെട്ടിപഴക്കമില്ലായ്മയുടെ കുറവുകളുണ്ടേങ്കിലും പ്രദീപ് നന്നയിതന്നെ അഭിനയിച്ചിരുന്നു. എന്നാല്‍ നിഷേധിയായ സൈരന്ധ്രിയെ ബലമായി ഗ്രഹിക്കാനുറച്ച കീചകന്‍ അതിനു ശ്രമിക്കുന്നതിനുമുന്‍പായി, അനുവദിച്ച സമയം തികയ്ക്കുവാനെന്നോണം കുറെ ആട്ടങ്ങള്‍ ആടിയത് പ്രേക്ഷകരില്‍ വിരസതയുണര്‍ത്തി. തന്റെ വാക്കുകള്‍ അനുസ്സരിക്കാത്ത സൈരന്ധ്രിയോട് ക്രുദ്ധനായി ‘രണ്ടുപക്ഷമില്ല ഞാനും പൂണ്ടീടുവനിപ്പോള്‍’ എന്നു പറഞ്ഞ് അടുക്കുന്ന കീചകന്‍, പിന്നെയും ‘എന്റെ രാജ്ഞിയായി വാഴുമോ?’, ‘ഒരു നാള്‍ എന്റെ കൂടെ വസിക്കുമോ?’, ഒരു രാത്രി എന്റെ കൂടെ ശയിക്കുമോ?’, ‘ഒന്ന് ചുമ്പിക്കുവാന്‍ അനുവദിക്കുമോ?’, ‘ഒന്ന് ആലിംഗനം ചെയ്യാന്‍ മാത്രം അനുവദിക്കുമോ?’ എന്നിങ്ങനെ ചോദിച്ചുകൊണ്ട് ഇവിടെ വിസ്തരിക്കുന്നത് അനുചിതമെന്നു തോന്നി. കലാ:ഷണ്മുഖനാണ് സൈരന്ധ്രിയായെത്തിയത്. ‘ഭീതിപരിതാപപരിഭൂതയായ’ ലക്ഷണമൊന്നും ഇവിടെ സൈരന്ധ്രിയില്‍ കണ്ടില്ല. തന്റേടത്തോടെ നില്‍ക്കുന്ന ഒരു സൈരന്ധ്രിയായിരുന്നു ഷണ്മുഖന്റേത്. കലാ:ബാബു നമ്പൂതിരിയും കലാനി:രാജീവനും ചേര്‍ന്നായിരുന്നു പാട്ട്. ഈ പരിപാടിയിലെ ഏറ്റവും മോശമായ ആലാപനം ഈ ഹരിണാക്ഷിയുടേതായിരുന്നു. നടന്റെ പ്രവൃത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിച്ചിരുന്നില്ല പാട്ട്. ഹരിണാക്ഷിപോലെയുള്ള പദങ്ങള്‍ താളനിബദ്ധമായ സംഗതികളോടെ പാടിയാലെ അരങ്ങത്ത് ശോഭിക്കുകയുള്ളു. ഈ രംഗത്തിന് ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയിലും കലാ:ശശി മദ്ദളത്തിലും മേളം പകര്‍ന്നു.
.
കുട്ടിത്തരം കത്തിവേഷങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘടോല്‍കചനാണ് അടുത്തതായി രംഗത്തുവന്നത്. ജനിച്ച് ക്ഷണമാത്രയില്‍ വളര്‍ന്ന ഘടോല്‍ക്കചന്‍ ഉത്സാഹഭരിതനായി പ്രവേശിച്ച് അച്ഛനമ്മമാരായ ഭീമനേയും ഹിഡുംബിയേയും വന്ദിക്കുന്ന, കോട്ടയത്തുതമ്പുരാന്റെ ബകവധം കഥയിലെ രംഗമാണ് അവതരിപ്പിക്കപെട്ടത്. ഘടോല്‍കചനായി വേഷമിട്ട ശ്രീ ആര്‍.എല്‍.വി.പ്രമോദ് ഇനിയും അഭ്യാസപാടവം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നി. ഭീമനായി ശ്രീ സദനം മോഹനനും ഹിഡുംബി(ലളിത)യായി സദനം വിജയനും വേഷമിട്ടിരുന്നു. കലാനി:രാജീവനും കലാ:വാസുദേവനും ചേര്‍ന്ന് ഈ രംഗത്തിലെ സംഗീതവും കലാ:കൃഷ്ണദാസും(ചെണ്ട) കലാ:പ്രശാന്തും(മദ്ദളം) ചേര്‍ന്ന് മേളവും ഭംഗിയായി കൈകാര്യം ചെയ്തു.
.
രാജസത്തിലെ സ്ത്രീ പ്രാതിനിദ്ധ്യമായിരുന്ന ശ്രീമതി പാര്‍വ്വതി യു. മേനോനും ശ്രീമതി ഗീതാ വര്‍മ്മയുമാണ് തുടര്‍ന്ന് രംഗത്തെത്തിയത്. യഥാക്രമം ദുര്യോധനന്റേയും ദുശ്ശാസനന്റേയും വേഷങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. പാണ്ഡവരുടെ പ്രൌഢമായ സഭാഗൃഹം കണ്ട് അസൂയാലുവാകുന്ന ദുര്യോധനന്‍ ദുശ്ശാസനാദികളോട് കൂടിയാലോചിക്കുന്ന രംഗമാണ് അവതരിപ്പിച്ചത്. വയസ്ക്കര ആര്യന്‍ മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടകഥയിലേതാണ് ഈ രംഗം. ദുശ്ശാസന്റെ തിരനോക്കോടെയാണ് രംഗം ആരംഭിച്ചത്. ഈ രംഗത്തില്‍ കലാ:ബാബു നമ്പൂതിരിയും കലാ:രാജേഷ് ബാബുവും ചേര്‍ന്ന് സമ്പൃദായാനുഷ്ടിതമായ ആലാപനമാണ് കാഴ്ച്ചവെച്ചത്. കോട്ട:പ്രസാദ് ചെണ്ടയിലും കലാ:പ്രകാശന്‍ മദ്ദളത്തിലും മികച്ചമേളവും ഒരുക്കിയിരുന്നു.
.
ഒന്‍പതാമതായി കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ ബാലിവിജയം ആട്ടകഥയിലെ, രാവണനെ കാണാന്‍ നാരദനെത്തുന്ന രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. രാവണനായി ശ്രീ കോട്ടക്കല്‍ നന്ദകുമാരന്‍ നായരും നാരദനായി ശ്രീ ആര്‍.എല്‍.വി.ഗോപിയും അരങ്ങിലെത്തി. നാരദനോടുള്ള രാവണന്റെ ആട്ടം സാധാരണ വൈശ്രവണന്റെ ദൂതന്‍ പ്രവേശിക്കുന്ന ഭാഗം മുതലാണ് പതിവ്. ചിലപ്പോഴൊക്കെ രാവണന്റെ തപസ്സാട്ടം മുതലും ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നും ഉണ്ടായില്ല. നേരേ കൈലാസോദ്ധാരണം ആട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. തുടര്‍ന്ന് പാര്‍വ്വതീവിരഹവും ആടുകയുണ്ടായി. എന്നാല്‍ ഇവകളിലെ പലഭാഗങ്ങളും വെട്ടിച്ചുരുക്കിയാണ് ആടിയിരുന്നത്. ഇതിനാല്‍ തന്നെ ഈ ആട്ടം പ്രേക്ഷകരെ പൂര്‍ണ്ണതൃപ്തരാക്കന്‍ പോന്നതായില്ല. ഈ രംഗത്തില്‍ പാടിയിരുന്നത് പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാ:രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. മേളം കലാ:രാമന്‍ നമ്പൂതിരിയും(ചെണ്ട) കലാനി:മനോജും(മദ്ദളം) ചേര്‍ന്നുമായിരുന്നു.
.
അവസാനമായി അവതരിപ്പിക്കപെട്ടത് കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ നരകാസുരവധം കഥയിലെ ചെറിയ നരകാസുരന്റെ പതിഞ്ഞപദശേഷമുള്ള ഭാഗമായിരുന്നു. ശബ്ദവര്‍ണ്ണന, നിണത്തിന്റെ കേട്ടാട്ടം, പടപ്പുറപ്പാട്, യുദ്ധം, സ്വര്‍ഗ്ഗജയം, ഐരാവതത്തിനെ നിലംപതിപ്പിക്കല്‍ എന്നിങ്ങനെയുള്ള ചടുലവും മേളപ്രധാനവുമായ ആട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രംഗം ലഭ്യമായ ഒന്നരമണിക്കൂര്‍ സമയം ഉപയോഗിച്ചുകൊണ്ട് മനോഹരമായി അവതരിപ്പിച്ചു ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍. നരകാസുരപത്നിയായി ബിജുഭാസ്ക്കറും ഇന്ദ്രനായി സദനം മോഹനനും വേഷമിട്ടു. രാജസത്തില്‍ പങ്കെടുത്ത രണ്ടാംതരം കുട്ടിത്തരം വേഷക്കാരും തങ്ങളുടെതായ ഭാഗങ്ങള്‍ പിഴവുറ്റതാക്കിയിരുന്നു. ഇതിനൊരപവാദം സദനം മോഹനന്റെ ഇന്ദ്രന്‍ മാത്രമായിരുന്നു. ഇന്ദ്രന്റെ രംഗപ്രവൃത്തികളോ പദഭാഗത്തെ മുദ്രകളോ വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇദ്ദേഹം അരങ്ങിലെത്തിയിരുന്നത് എന്ന് തോന്നുന്നു. ചെറിയനരകാസുരന്‍ ഒരു നല്ല അനുഭവമാക്കിതീര്‍ക്കുന്നതില്‍ മേളക്കാര്‍ നല്ല പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ച് കോട്ട:പ്രസാദ്. ഇദ്ദേഹം ഇത്രനന്നായി പണിയെടുക്കുന്നത് വളരെ അപൂര്‍വ്വമായെ കണ്ടിട്ടുള്ളു. കോട്ട:പ്രസാദിനൊപ്പം കലാ:കൃഷ്ണദാസും ഗോപീകൃഷ്ണന്‍ തമ്പുരാനുമായിരുന്നു ചെണ്ടകൊട്ടിയിരുന്നത്. മദ്ദളം കൊട്ടിയത് കലാ:പ്രകാശനും കലാ:വിനീതും ആയിരുന്നു.
.
ശ്രീ കലാമണ്ഡലം ശിവരാമനും ശ്രീ കലാനിലയം സജിയും ശ്രീ സദനം അനിലും ശ്രീ ഏരൂര്‍ മനോജുമായിരുന്നു രാജസത്തിലെ ചുട്ടികലാകാരന്മാര്‍.
ശ്രീ എരൂര്‍ ശശി, എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ ചേര്‍ത്തല കുമാരന്‍, ശ്രീ തൃപ്പൂണിത്തുറ ശശി, ശ്രീ ചേര്‍ത്തല സുരേന്ദ്രന്‍, ശ്രീ ചന്ദ്രന്‍, ശ്രീ കണ്ണന്‍ എന്നിവരായിരുന്നു രാജസത്തിലെ അരങ്ങിലേയും അണിയറയിലേയും സഹായികള്‍.
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേയും എരൂര്‍ ഭവാനീശ്വരി കഥകളിയോഗത്തിന്റേതും കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്.
സംഘാടകര്‍തന്നെ ‘തട്ടുകട’ സംവിധാനമൊരുക്കിയിരുന്നത് പുലരും വരെ നീളുന്ന രാജസത്തിനെത്തിയ സഹൃദയര്‍ക്ക് ഉപകാരപ്രദമായി തീര്‍ന്നിരുന്നു.