ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(1)

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ 2007മാണ്ടത്തെ വ്യശ്ചികോത്സവം 07/12/2007ല്‍ കൊടികയറി ആരംഭിച്ചു.ശ്രീ പൂര്‍ണ്ണത്രയീശ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഉത്സവത്തിന്റെഭാഗമായി 7ദിവസങ്ങളിലും കഥകളിയരങ്ങകളും നടത്തപ്പെടുന്നുണ്ട്. ഇതില്‍ ആദ്യ 4ദിവസങ്ങളിലും മേജര്‍സെറ്റ് കഥകളികളും അഞ്ചാംദിവസം വനിതാസംഘത്തിന്റെ കളിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊടിയേറ്റുദിവസം രാത്രി 12:30ന് ശ്രീ ആശ്വാസ്‌ക്യഷ്ണയുടെ പുറപ്പാട് അരങ്ങേറ്റത്തോടെ കളി ആരംഭിച്ചു.

ആദ്യകഥയായ സന്ദാനഗോപാലത്തില്‍ ക്യഷ്ണനായി ശ്രീ ആര്‍.എല്‍.വി രംഗനും അര്‍ജ്ജുനനായി ശ്രീ സദനം ക്യഷ്ണന്‍കുട്ടിയും അരങ്ങിലെത്തി.വളരേകാലങ്ങള്‍കൂടിയിട്ട് സഖാവായ ശ്രീക്യഷ്ണനെ ദര്‍ശിക്കുവാനായി ദ്വാരകയിലെത്തിയ അര്‍ജ്ജുനനോട് കുശലപ്രശ്നങ്ങള്‍ നടത്തിയിട്ട്, ഇനി കുറച്ചുകാലം നീ ഇവിടെ വസിക്കു എന്ന് ക്യഷ്ണന്‍ നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ അര്‍ജ്ജുനന്‍ എനിക്കു കുറേക്കാലമായി ഒരു ആഗ്രഹം ഉണ്ടെന്നും, പാലാഴിയില്‍ ശേഷശായിയായി പള്ളികൊള്ളുന്ന പെരുമാളെ ഒന്നു ദര്‍ശിക്കണമെന്നുള്ളതാണത് അത് എന്നും പറയുന്നു. ‘നിന്റെ ആഗ്രഹം സാധിച്ചുതരാം,അതിനുള്ള സമയമാകുന്നതുവരെ നീ എന്നോടോപ്പം വസിച്ചുകൊള്ളുക.’ എന്ന് ക്യഷ്ണന്‍ മറുപടിയും പറഞ്ഞു.



ബ്രാഹ്മണനായി അഭിനയിച്ചത് പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായരായിരുന്നു. പ്രായാധിക്ക്യം മൂലമുളള അവശതകള്‍ ഉണ്ടെങ്കിലും ആദ്ദേഹം ബ്രാഹ്മണവേഷം ഭഗിയായി അവതരിപ്പിച്ചു.


ആദ്യ രണ്ടു രംഗങ്ങളിലും സംഗീതം ശ്രീ കലാനിലയം ഉണ്ണിക്യഷ്ണനും ശ്രീ കലാ:ഗോപാലക്യഷ്ണനും ചേര്‍ന്നായിരുന്നു. കഥകളിത്വം ഉള്ളപാട്ടാണ് ഉണ്ണിക്യഷ്ണന്റേത് എങ്കിലും ചില സ്തലങ്ങളില്‍അനാവശ്യമായി സാഹിത്യം മുറിച്ചുപാടുന്നതും അകാരംകൂട്ടിചേര്‍ത്തു പാടുന്നതും നന്നായിതോന്നിയില്ല.ആദ്യശ്ലോകത്തില്‍തന്നെ “പരമപുരുഷനേവം പാരിടം കാത്തശേഷം” എന്നുളളഭാഗത്ത് ‘പാരിടം കാത്ത അശേഷം’ എന്ന് അകാരം ചേത്താണ് ഇദ്ദേഹം പാടിയത്. നന്വീശനാശാനേപോലെയുള്ള പഴയകാല ഗായകര്‍ പലസ്തലങ്ങളിലും അകാരംചേര്‍ത്തുപാടാറുണ്ട്. (ഉദാ:കുചേലവ്യത്തത്തില്‍ “സൂര്യാസ്തമനേ നോചേ”എന്നുള്ളത് ‘സൂര്യ അസ്തമനേ നോചേ’ എന്നു പാടാറുണ്ട്.)പക്ഷെ അത് സാഹിത്യത്തിന്റെ അര്‍ത്ഥഭംഗം വരുന്ന സ്തലങ്ങളിലായിരുന്നില്ല. ഈ രംഗങ്ങളിലേ മേളം ശ്രീ കലാ:കേശവപ്പൊതുവാളും(ചെണ്ട),കലാ:നന്വീശന്‍‌കുട്ടിയും(മദ്ദളം) കൈകാര്യംചെയ്തു.



ബ്രാഹ്മണപത്നിയായി ശ്രീ സദനം വിജയനും വ്യദ്ധയായി ശ്രീ വേണുഷേണായിയും വേഷമിട്ടു.



തുടര്‍ന്നുള്ള രംഗങ്ങളിലെ സംഗീതം ശ്രീ കലാനിലയം ഉണ്ണിക്യഷ്ണനും ശ്രീ നെടുന്വുള്ളി റാമോഹനും ചേര്‍ന്നും മേളം ശ്രീ കലാ:രാമന്‍ നന്വൂതിരിയും(ചെണ്ട) ശ്രീ കലാ:ഗോപിക്കുട്ടനും(മദ്ദളം) ചേര്‍ന്നും ആയിരുന്നു.

സുഭദ്രാഹരണമായിരുന്നു രണ്ടാമത്തെ കഥ. ഇതില്‍ അര്‍ജ്ജുനന്‍ സുഭദ്രയേ പാണിഗ്രഹണംചെയ്ത കൊണ്ടുപോയതറിഞ്ഞ് കുപിതനായ ബലഭദ്രന്‍ അര്‍ജ്ജുനനെ നശിപ്പിക്കുവാന്‍ പുറപ്പെടുന്നതും, ശ്രീക്യഷ്ണന്‍ നല്ലവാക്കുകള്‍ പറഞ്ഞ് ബലഭദ്രരെ സമാധാനിപ്പിക്കുന്നതുമായ ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കലാ: ബാലസുബ്രഹ്മണ്യന്‍ ബലഭദ്രരായും ശ്രീ കലാ: രാജീവന്‍ ശ്രീക്യഷ്ണനായും അഭിനയിച്ചു.സമയക്കുറവുമൂലമാണെന്നു തോന്നുന്നു ആട്ടങ്ങള്‍ പലതും വിസ്തരിച്ചുകണ്ടില്ല. തുടക്കത്തില്‍ തന്നെ ബലഭദ്രര്‍ ഉത്സവം കഴിഞ്ഞു ദീപില്‍ നിന്നും നൌകയില്‍ കയറി വരുന്വോള്‍ സമുദ്രകാഴച്ചകള്‍ തുടങ്ങിയവ സാധാരണ ആടാറുണ്ട്. എന്നാല്‍ ഇന്നലെ ഇവയൊന്നും ആടുകയുണ്ടായില്ല.ആദ്യഭാഗങ്ങളിലെ ബലഭദ്രരുടെ കോപരസംസ്തായിയാനിര്‍ത്താന്‍ ആയാസപ്പെടുന്നതായി തോന്നിയെങ്കിലും ബാലസുബ്രഹ്മണ്യന്റെ കലാശംചവുട്ടല്‍ ആയാസരഹിതവും മനോഹരവും തന്നെ. ഈ കഥക്ക് ശ്രീ കലാ:ഗോപാലക്യഷ്ണനും ശ്രീ നെടുന്വുള്ളി റാമോഹനും ആയിരുന്നു പാട്ട്. ശ്രീ കലാ:രാമന്‍ നന്വൂതിരിയുടേയും(ചെണ്ട), ശ്രീ കലാ:ഗോപിക്കുട്ടന്റേയും(മദ്ദളം) നേത്യത്വത്തിലായിരുന്നു മേളം.

ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍,ശ്രീ കലാനിലയം സജി എന്നിവരായിരുന്നു ചുട്ടി.ത്യപ്പൂണിത്തുറ കലാക്ഷേത്രത്തിന്റെയായിരുന്നു കോപ്പ്. സാധാരണ ഈകാലത്ത് തിരിശീലക്കാര്‍ ഷര്‍ട്ടൊ കള്ളിമുണ്ടൊ ഒക്കെ ധരിച്ച് വേദിയില്‍ തിരിശീലപിടിക്കുന്നതായി കാണാറുണ്ട്. എന്നാല്‍ ഇവിടെ തിരശീലക്കാര്‍ മുണ്ടും അതിനുമേലേ രണ്ടാമുണ്ടും ചുറ്റി എത്തിയത് വളരെ നന്നായി തോന്നി.