ഇക്കഴിഞ്ഞ രാവിൽ(11/11/12) രാജസപ്രൗഢമായ രണ്ട്
അരങ്ങുകൾക്കുമുന്നിലെത്തുവാൻ സാധിച്ചു, ഒന്ന് കൊടുങ്ങല്ലൂരിലും മറ്റൊന്ന് തുറവൂരിലും. കൊടുങ്ങല്ലൂരിനടുത്ത് ശൃഗപുരത്തെ വിവേകാനന്ദകേന്ദ്രത്തിന്റെ ശാന്തമായ ആശ്രമാന്തരീക്ഷത്തിലായിരുന്നു ആദ്യമായി പോയത്. രാവണോത്ഭവം കഥകളിയായിരുന്നു അവിടെ അന്ന് അവതരിപ്പിക്കപ്പെട്ടത്. കഥകളിയിലെ പഞ്ചരാവണന്മാരിൽ പ്രധാനപ്പെട്ടതും, തികഞ്ഞ അഭ്യാസബലം ആവശ്യമായതും, എന്നും കഥകളിനടന്മാർക്ക് ഒരുവെല്ലുവിളിയായുള്ളതുമായ ഉത്ഭത്തിലെ രാവണവേഷം ഇവിടെ കൈകാര്യം ചെയ്തത് ശ്രീമതി രജ്ഞിനീസുരേഷ് ആയിരുന്നു. രാവണന്റെ തപസ്സ് |
വരപ്രതാപബലവാനായ രാവണൻ തന്റേടാട്ടത്തിലൂടെയും,
പകർന്നാട്ടമെന്ന സങ്കേത്തിലൂടെയും തന്റെ പൂർവ്വകഥകളെ അനുസ്മരിക്കുന്നതായ ഒരു ആട്ടശില്പമാണ് ഈ രാവണാവതരണത്തിലെ പ്രത്യേകത. വേഷപ്പർച്ച, അലർച്ച, ഭാവപ്രകടങ്ങൾ, ചിട്ടയാർന്നതും ഊർജ്ജവത്തുമായ അവതരണം എന്നിങ്ങിനെ എല്ലാത്തരത്തിലും മികച്ചുനിന്ന ഈ രാവണൻ ആസ്വാദകനിൽ മികച്ചഅനുഭവം പകർന്നുനൽകി. പാരമ്പര്യവും, ഗുരുത്വവും മാത്രമല്ല കഥകളിയോടുള്ള അടങ്ങാത്ത അഭന്നിവേശവും, കഠിനമായ പരിശ്രമവും കൊണ്ടുതന്നെയാണ് അനിതരവനിതാസാധാരണവും, ഇതര പ്രഫഷണൽ കഥകളിനടന്മാരെ വെല്ലുന്നതുമായ രീതിയിൽ ഇതുപോലെയുള്ള ഒരുവേഷം വിജയിപ്പിക്കുവാൻ രജ്ഞിനിയേച്ചിക്ക് സാധിക്കുന്നത്. ഇതുതന്നെയാണ് ഇവരെ ഇതരകലാകാരികളിൽനിന്നും വേറിട്ടുനിർത്തുന്ന ഘടകവും.
കലാമണ്ഡലം വിദ്യാർദ്ധികളായ വിശാഖ്,
ആദിത്യൻ എന്നിവരായിരുന്നു യഥാക്രമം കുംഭകർണ്ണന്റേയും വിഭീഷണന്റേയും വേഷമിട്ടത്. വാസുദേവൻ നമ്പൂതിരി, രാജേഷ് ബാബു എന്നിവരായിരുന്നു പദങ്ങൾ പാടിയത്. കലാ:കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു വേഷക്കാരനൊപ്പംതന്നെ മേളക്കാർക്കും പ്രാധാന്യമുള്ള ഉത്ഭവത്തിനായി മെളമൊരുക്കിയത്. ഗോപീകൃഷ്ണ്ണൻ തമ്പുരാനുമായിചേർന്ന് ചെണ്ടയിൽ ചോർച്ചയില്ലാത്തതും കൊഴുപ്പാർന്നതുമായ മേളം ഇദ്ദേഹം ഒരുക്കിയിരുന്നു. എങ്കിലും, പുഷ്പകവിമാനത്തിന്റെ ശബ്ദം പോലെ ചിലഭാഗങ്ങളിലെ കൊട്ട് മിഴിവാർന്നതായി തോന്നിയില്ല. താളപ്പിടിപ്പോടെ പ്രവർത്തിച്ചും, പഴുതുകളെ മനോഹരമായി നിറച്ച് മേളം കൊഴുപ്പിച്ചുകൊണ്ടും പ്രധാനമദ്ദളക്കാരനായിരുന്ന കലാനിലയം മനോജും സഹമദ്ദളക്കാരനായിരുന്ന കലാനിലയം പ്രകാശനോടൊപ്പം മികച്ചപ്രവർത്തി കാഴ്ച്ചവെച്ചു. എരൂർ മനോജ് ചുട്ടികുത്തിയിരുന്ന ഈ കളിക്ക് എരൂർ ഭവാനീശ്വരം ആയിരുന്നു കളിയോഗം. വൈകുന്നേരം നടന്ന ഈ കളി കണ്ടശേഷം രാത്രി സജീഷ് വാര്യർ, മനോജ് ഇന്നിങ്ങിനെയുള്ള സഹകമ്പക്കാരുമായി തുറവൂർക്ക് വെച്ചുപിടിച്ചു.'ഞാനേകൻ പോരും' |
ചേർത്തലക്കടുത്തുള്ള തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി
ഉത്സവത്തിന് 4ദിവസങ്ങളിൽ കളി പതിവുണ്ട്. അവസാനരാത്രിയിൽ വലിയ നരകാസുരനോടുകൂടിയുള്ള നരകാസുരവധം കഥകളി ഇവിടെ നിർബന്ധമാണ്. ക്ഷേത്രചടങ്ങുകളും എഴുന്നള്ളിപ്പുമൊക്കെ കഴിഞ്ഞ് വെളുപ്പിന് 1:30ന് നരകാസുരവധം ആരംഭിക്കുമുൻപുതനെ അവിടെ എത്തി ഞങ്ങൾ. ആരംഭിക്കുന്നത് ഇത്ര വൈകി ആയതുകൊണ്ടും, കഥാഭാഗം പൂർണ്ണമായി അവതരിപ്പിക്കേണ്ടതുകൊണ്ടും സമയക്കുറവ് ഉണ്ടായിരുന്നു എങ്കിലും കോട്ടക്കൽ പി.എസ്സ്.വി.നാട്ട്യസഘം ഭംഗിയായിത്തന്നെ നരകാസുരവധം അവതരിപ്പിക്കുകയുണ്ടായി. മുരളീധരൻ നക്രതുണ്ടിയായും, ഹരികുമാർ ലളിതയായും, പ്രദീപ് ജയന്തനായും ദേവദാസൻ ചെറിയ നരകാസുരനായും അരങ്ങിലെത്തി. വേഷപ്പകർച്ച, വൃത്തിയുള്ള പ്രവർത്തി, അമിതവിസ്താരമില്ലാത്ത ആട്ടങ്ങൾ, എന്നിവയാലെല്ലാം മികച്ചതായിരുന്നു ദേവദാസേട്ടന്റെ നരകാസുരൻ. കേയിയാട്ടം, ശബ്ദവർണ്ണന, പടപ്പുറപ്പാട്, സ്വർഗ്ഗവിജയം ഇന്നിവയെല്ലാം നിറഞ്ഞ ചെറിയ നരകാസുരന്റെ അവതരണത്തിലെ ഊജ്ജവത്തായ പ്രകടനം ആസ്വാദകരിൽ നല്ല അനുഭവം നൽകുന്നതായി. സമയപ്രശ്നം കാരണം സൃഗാരപ്പദത്തിന്റെ പല്ലവി ഒഴിവാക്കി നേരെ കേകിയിലേയ്ക്ക് കടക്കുന രീതിയിലാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. രാവിനെ ധന്യമാക്കിയ രാജസവേഷങ്ങളാൽ മനസ്സുനിറഞ്ഞ് രാവിലെ 6മണിയോടെ തുറവൂരിൽ നിന്നും മടങ്ങുമ്പോൾ നിറഞ്ഞ സദസ്സിനുമുന്നിൽ സുനിലിന്റെ വലിയ നരകാസുരൻ ആട്ടം ആരംഭിച്ചിരുന്നതേയുള്ളു.
1 അഭിപ്രായം:
ബ്ലോഗ് വായിച്ചപ്പോള്‍ കളി കണ്ട സംതൃപ്തി തോന്നി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ