തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ
ഈ വർഷത്തെ വൃശ്ചികോത്സവം നവബർ 12മുതൽ ആരംഭിച്ചു. 8ദിവസത്തെ ഉത്സവത്തിലെ 7രാവുകളിലും കഥകളി പതിവുണ്ട് ഇവിടെ. രാത്രി 12മണിയോടെ മാത്രമാരംഭിക്കുന്ന കളിക്കും എണ്ണത്താലും വണ്ണത്താലും നിറഞ്ഞ സദസും, പ്രമുഖരായ കലാകാരന്മാരെക്കൊണ്ട് നിറഞ്ഞ അരങ്ങും ഇവിടത്തെ പ്രത്യേകതയാണ്.
മൂന്നാം ഉത്സവദിനമായ 14ന് രാത്രി 12:30മുതൽ
പൂതനാമോക്ഷ(ലളിത)മാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലളിതയായി കലാ:രാജശേഖരൻ അരങ്ങിലെത്തി. ഇദ്ദേഹത്തിന്റെ ഇതരസ്ത്രീവേഷങ്ങളേപ്പോലെതന്നെ ഒതുക്കവും മിതത്വവുമാർന്ന അവതരണത്തിന്റെ സൗന്ദര്യം ലളിതയിലും ദൃശ്യമായി. വേണ്ടത് വേണ്ടത്രമാത്രം വിസ്തരിച്ചുകൊണ്ടുള്ള അവതരണം ആസ്വാദകരിൽ അനുഭവം വിതച്ചു. ചില നർത്തകരുടെയും, മത്തശിഖികളുടേയും നൃത്തവും, ദധിവിന്ദു പരിമളവുമിളകുന്നതും വിസ്തരിച്ച് ഇദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. 'സുകുമാര' എന്ന ലളിതയുടെ രണ്ടാമത്തെ പദത്തിന്റെ അവതരണത്തിൽ ചരണാന്ത്യങ്ങളിൽ ഇരട്ടിനൃത്തങ്ങൾ സാധാരണ പതിവില്ല. എന്നാൽ കുട്ടിയെ കളിപ്പിക്കുന്ന രീതിയിൽ ഇദ്ദേഹമെടുത്ത ഇരട്ടികളും വളരെ ഭംഗിയാർന്നവയായിരുന്നു. സാധാരണയായി ഉപേക്ഷിക്കാറുള്ള 'പല്ലവമൃദുലമാകും' എന്ന മൂന്നാം ചരണവും ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു. ആരും ഇല്ലാത്തസമയം നോക്കി ലളിത കുട്ടിയെ സമീപിക്കുന്നതായല്ല ഇദ്ദേഹം അവതരിപ്പിച്ചത്. ലളിത കുട്ടിയുടെ സമീപമിരിക്കവെ കുട്ടിയെ നോക്കിക്കൊള്ളുവാൻ പറഞ്ഞിട്ട് അവിടെയുള്ള സ്ത്രീകൾ കുളിക്കുവാനും മറ്റുജോലികൾ ചെയ്യുവാനുമായി പോകുന്നതായാണ് അവതരിപ്പിച്ചത്. ലളിതവേഷത്തിൽ നിന്ന് സ്വരൂപത്തിലേയ്ക്ക് മാറുന്നതായി കാട്ടുവാനായി അദ്ദേഹം മഷിതേയ്ക്കുകയോ ദംഷ്ട്രങ്ങൾ വെയ്ക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എങ്കിലും ചാമരം കടിച്ചുപിടിക്കുക, നാക്കുനീട്ടുക, അലറുക എന്നിവയിലൂടെ അവതരിപ്പിച്ച ഈ രൂപസങ്ക്രമണം വളരെ സ്വാഭാവികമായി അനുഭവപ്പെട്ടു. കരിതേയ്ക്കുകയോ ദംഷ്ട്രങ്ങൾ വെയ്ക്കുകയോ ചെയ്യുന്നതിനായി കുനിഞ്ഞോ മറഞ്ഞോ ഇരിക്കുന്ന അവസ്ഥ വേണ്ടിവന്നില്ല എന്നതും ഈ സ്വാഭാവികതയ്ക്കു കാരണമായെന്ന് തോന്നുന്നു. മരണത്തിനു തൊട്ടുമുൻപ് ലഘുമുദ്രകളിലൂടെ ശംഖചക്രഗദാപങ്കജധാരിയായ ശ്രീകൃഷ്ണനെ കാണുന്നതായുള്ള അഭിനയവും, ചത്തുമലച്ചുവീഴുന്നതും ഉൾപ്പടെ അന്ത്യഭാഗത്തെ അഭിനയവും അനുഭവദായകമായി.
കലാ:ബാബു നമ്പൂതിരിയും, കലാ:വിനോദും ചേർന്നുള്ള പാട്ട്
സംഗീതാത്മകായ അരങ്ങുപാട്ടായിരുന്നു. കലാ:ശങ്കരവാര്യരുടെ മദ്ദളമേളവും കൂടി ചേർന്നപ്പോൾ പൂതനാമോക്ഷം അവിസ്മരണീയമായ ഒന്നായിത്തീർന്നു. കലാകാരന്റെ നൃത്ത അഭിനയങ്ങൾക്കും പാട്ടിനും അനുയോജ്യമായരീതിയിലുള്ള അതുല്യമായ മദ്ദളവാദനം കർണ്ണങ്ങൾക്കും മനസ്സിനും കുളിർമഴതന്നെ. കലാനിലയം രതീഷാണ് ചെണ്ടയിൽ മേളത്തിന് കൂടിയത്.
1 അഭിപ്രായം:
പൂതനാമോക്ഷം കളിയുടെ അഭിപ്രായം വായിച്ചു. വളരെ സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ