അഭിനയപോഷണമായ സംഗീതത്തിന്റെ അർത്ഥവും ആഴവും
തിരിച്ചറിഞ്ഞ് പ്രവർത്തിച്ച് അരങ്ങുപാട്ടിന്റെ തനതുവഴികളിലൂടെ ആസ്വാദകരെ ആനന്ദതുന്ദിലരാക്കിയ അനശ്വരഗായകനും, കഥകളിസംഗീതത്തിലെ നവോത്ഥാനനായകൻ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിൻഗാമിയായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ പ്രേഷ്ഠശിഷ്യനുമായ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അരങ്ങൊഴിഞ്ഞിട്ട് 25 വർഷങ്ങൾ തികഞ്ഞു. എന്നാൽ ലോകമെമ്പാടും പരന്നുകിടക്കുന്ന കഥകളിആസ്വാദകരുടെ മനസ്സുകളിൽ ഇന്നും ആ അമൃതസംഗീതം മായാതെ പതിഞ്ഞുകിടക്കുന്നു. കാൽനൂറ്റാണ്ടിനുശേഷവും കുറുപ്പാശാന്റെ സംഗീതത്തെ കേട്ടാസ്വദിക്കുകയും, അന്വേഷിക്കുകയും, ആരാധിക്കുകയും ചെയ്യുന്നവരുണ്ട് എന്നതും, അതിൽ പുതുതലമുറയിൽപ്പെട്ട ആസ്വാദകരും അനേകമുണ്ടെന്നുള്ളതും തന്നെ ആ അരങ്ങുപാട്ടിന്റെ സവിശേഷതയേയും അനശ്വരതയേയും വെളിവാക്കുന്നു. 1987 ഒക്ടോബർ 9ന് ഗുരുവായൂരിൽ 'കലാചേത'നയുടെ അരങ്ങിൽ "ഒരുനാളും നിരൂപിതമല്ലേ..." എന്നുപാടിയവസാനിപ്പിച്ചാണ് അദ്ദേഹം ചേങ്ങില താഴെവെച്ചത്. 1988മുതൽ ആ മഹാപ്രതിഭയുടെ സ്മരണ നിലനിർത്തിക്കൊണ്ട് ഇരിങ്ങാലക്കുടകേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണസമിതി 'ഒക്ടോബർഒൻപത്' ആശാന്റെ സ്മരണാദിനമായി ആചരിച്ചുവന്നിരുന്നു. ഈ വർഷം ഒക്ടോബർ ഒൻപതിന് ഈ ഓർമ്മപുതുക്കലിന്റെ രജതജൂബിലി സമുചിതമായി ആചരിക്കുകയുണ്ടായി. ഗായകൻ എന്നല്ല, ഒരു കഥകളികലാകാരന്റേതന്നെ ഓർമ്മനിലനിർത്തിക്കൊണ്ട് ഇതുപോലെ നീണ്ടകാലയളവിൽ കലാകാരന്മാരുടേയും ആസ്വാദകരുടേയും സജീവപങ്കാളിത്തത്തോടെ അനുസ്മരണം ആചരിക്കപ്പെടുന്നത് അതിവിരളമാണ്. കേരളകലാമണ്ഡലം, ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഡോ.കെ.എൻ.പിഷാരടി സ്മാരക കഥകളിക്ലബ്ബ്, നാദോപാസന എന്നിവരുടെ സഹകരണത്തോടെ രജതജൂബിലി പരിപാടികൾ 2012 ഒക്ടോബർ 7, 8, 9 തീയതികളിലായി ഇരിങ്ങാലക്കുട ഉണ്ണായിവാര്യർസ്മാരക കലാനിലയം ഹാളിൽ വെച്ച് നടത്തപ്പെട്ടു.
രജതജൂബിലി ഉത്ഖാടനദിവസമായ 7ന് എല്ലാവർഷവും
പതിവുള്ളതുപോലെ കഥകളിസംഗീത മത്സരം, കഥകളിസംഗീതാർച്ചന എന്നിവയും, ബാഗ്ലൂർ വിനയ് ശർവ്വയും സംഘവും അവതരിപ്പിച്ച സംഗീതസദസും നടന്നു. സംഗീതമത്സരത്തിൽ ഇക്കുറി 18ഓളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
രണ്ടാം ദിവസമായ 8ന് പീശപ്പള്ളി രാജീവന്റെ നേതൃത്വത്തിൽ
നടത്തപ്പെട്ട 'കഥകളി പരിചായക'ത്തിൽ മറ്റു പ്രമുഖകലാകാരന്മാരും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് കഥകളി എന്ന ശ്രേഷ്ഠകലയെ അടുത്തറിയുന്നതിന് സഹായകമായിതീർന്ന ഈ പരിപാടിയിൽ സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നായി 200ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.
അനുസ്മരണദിനമായ 9ന് രാവിലെ കുറുപ്പാശാനെ സ്മരിച്ചുകൊണ്ട്
ഭദ്രദീപം തെളിയിക്കുകയും പുഷ്പാർച്ച നടത്തുകയും ചെയ്തശേഷം കഥകളി സംഗീതത്തെ ആസ്പദമാക്കിയുള്ള സെമിനാർ നടത്തപ്പെട്ടു. കേരളകലാമണ്ഡലത്തിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ഈ സെമിനാർ പ്രമുഖരായ കലാവിചക്ഷണരുടെ പ്രബന്ധാവതരണങ്ങളാലും കലാകാരന്മാരുടേയും ആസ്വാദകരുടേയും പങ്കാളിത്തത്താലും ശ്രദ്ധേയവും വിജ്ഞാനപ്രദവും ആയിതീർന്നു. വി.രാധാകൃഷ്ണൻ സ്വാഗതവും കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി കൃതജ്ഞതയും പറഞ്ഞ ഈ ശിലപശാലയിൽ മോഡറേറ്ററായി വർത്തിച്ചിരുന്നത് പി.എം.നാരായണൻ ആയിരുന്നു. ശിലപശാലയിൽ ആദ്യം 'കഥകളിസംഗീതത്തിലെ സാഹിത്യവിചാരം' എന്നവിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചുകൊണ്ട് ഡോ:ഇ.എൻ.നാരായണൻ സംസാരിച്ചു. സാഹിത്യത്തെ അറിഞ്ഞുകൊണ്ട് അതിനനുഗുണമായ ഭാവതലത്തിലും, അർത്ഥം മനസ്സിലാക്കിക്കൊണ്ട് വേണ്ടരീതിയിൽ പദത്തെ വ്യവഛേദം ചെയ്തും പദങ്ങൾ ആലപിക്കേണ്ടതിന്റെ ആവശ്യകതയെ, അങ്ങിനെ ആലപിക്കുമ്പോൾ ഉള്ള മനോഹാരിതയെ വെളിവാക്കുന്നതും വളരെ വിജ്ഞാനപ്രദവുമായിരുന്നു ഈ പ്രബന്ധം. തുടർന്ന് 'കർണ്ണാടകസംഗീതസങ്കേതങ്ങൾ കഥകളിപ്പാട്ടിൽ' എന്ന വിഷയത്തെ അധികരിച്ച് വി.കലാധരൻ സംസാരിച്ചു. മലായളഭാഷയ്ക്കും കേരളസംഗീതത്തിനും നൂറ്റാണ്ടുകളുടെ പഴക്കവും ക്ലാസിക്കൽ സ്വഭാവും ഉണ്ട് എന്നുള്ള വെറും വൈകാരികമായ അഭിമാനം ചരിത്രപിൻബലമില്ലാത്ത മിദ്ധ്യാധാരണമാത്രമാണന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച തന്റെ പ്രസംഗത്തിൽ കലാധരൻ, കഥകളി ഗാനശാഖയുടെ നവോധാനനായകൻ മുണ്ടായവെങ്കിടകൃഷ്ണഭാഗവതരാണെന്നും, ആ പാത പിന്തുടരുകമാത്രമാണ് പിന്നീടുള്ള ഗായകർ ചെയ്തിട്ടുള്ളതെന്നും സമർദ്ധിച്ചു. ഗുരുകുഞ്ചുക്കുറുപ്പിന്റെ അഭിനയചാരുതകണ്ട് അതിന് അന്നുള്ള അരങ്ങുപാട്ടുരീതി അപര്യാപ്തമെന്ന് തോന്നിയിട്ടാണത്രെ ഭാഗവതർക്ക് കളിപ്പാട്ടിൽ പരിഷ്ക്കരണങ്ങൾ നടത്തണമെന്ന് തോന്നിയത്. ഒരു നടന്റെ പ്രകടനപോഷണം ലക്ഷ്യമാക്കി പാട്ടുരീതികൾ പരിഷക്കരിക്കുക എന്നുള്ളത് പിൽക്കാലത്തൊരിക്കലും ഉണ്ടായിട്ടില്ല എന്നും, മറിച്ച് ഗായകർ വേഷക്കാരോട് മാത്സര്യസ്വഭാവം പുലർത്തിപ്പോരികയുമാണ് ഉണ്ടായിട്ടുള്ളതെന്നും വിശദീകരിച്ച ഇദ്ദേഹം, ഇതിനൊരപവാദം എന്ന നിലയിലാണ് കുറുപ്പാശാന്റെ പ്രസക്തി എന്നും ഓർമ്മിപ്പിച്ചു. ഭാഗവതരുൾപ്പെടെയുള്ള തമിഴ്ബ്രാഹ്മണരുടെ അതുല്യമായ സംഭാവനകൾ തനതുകേരളീയകലകൾക്കൊന്നും ഒരിക്കലും വിസ്മരിക്കാനാകാത്തവയാണന്നും കലാധരൻ ചൂണ്ടിക്കാട്ടി. ഒരുതരത്തിൽ കേരളീയമെന്നുതന്നെ വിശേഷിക്കപ്പെടുത്താവുന്ന തനതുദ്രാവിഡ രാഗങ്ങളായ 'പാടി, പുറന്നീര, കാനക്കുറിഞ്ഞി തുടങ്ങിയവയേയോ കഥകളിപ്പാട്ടിന്റെ തനതുസവിശേഷതകളെയോ വെങ്കിടകൃഷ്ണഭാഗവതരും നമ്പീശനും ഒരിക്കലും മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ല എന്നുപറഞ്ഞ കലാധരൻ, സമകാലീനഗായകർ ഇവകളെക്കൂടി മാറ്റിമറിക്കുവാൻ ശ്രമിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തു. തുടർന്ന് 'കലാമണ്ഡലം നീലകണ്ഠൻ നമ്പീശനും കഥകളിസംഗീതത്തിലെ ശൈലീഭേദങ്ങളും' എന്ന വിഷയത്തിൽ കെ.ബി.രാജാനന്ദ് സംസാരിച്ചു. കഥകളി സംഗീതത്തിലെ പരിഷ്ക്കാരങ്ങൾ വെങ്കിടകൃഷ്ണഭാഗവതർ ആരംഭിച്ചുവെങ്കിലും അവ അരങ്ങുകളിലൂടെ, ശിഷ്യരിലൂടെ പ്രാവർത്തികമാക്കിയത് നമ്പീശനാശാനാണന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഉച്ചതിരിഞ്ഞ് 2മുതൽ സംഗീതാർച്ചന നടന്നു.
കലാമണ്ഡലം നാരായണൻ നമ്പൂതിരി, കലാനിലയം ഹരി, കോട്ടക്കൽ പി.ഡി.നമ്പൂതിരി, കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കോട്ടക്കൽ മധു തുടങ്ങിയവർ ഇതിൽ പങ്കെടുത്ത് പാടി.
വൈകിട്ട് 5മുതൽ നടന്ന ഗായകസംഗമം നവ്യാനുഭവം പകർന്നതായി.
കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി മുതൽ ദീപ പാലനാട് വരേയുള്ള 19ഓളം കഥകളിഗായകർ ഒരുമിച്ചിരുന്ന് കഥകളിപദങ്ങൾ ആലപിച്ച പരിപാടി ആയിരുന്നു ഇത്. 'ഗൗരീശം മമ', 'ശ്രീമത്സഖേ', നാഥാഭവൽചരണ', 'പുഷ്ക്കരവിലോചന', 'ജയജയ രാമചന്ദ്ര' തുടങ്ങിയ പദങ്ങൾ എല്ലാവരും ചേർന്ന് ആലപിച്ചു.'ഗായകസംഗമം' |
'ഗായകസംഗമം' |
6മണി മുതൽ ഡോ.കെ.എൻ.പിഷാരടി സ്മാരകകഥകളിക്ലബ്ബ്
പ്രസിഡന്റ് എ.അഗ്നിശർമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിന് പാലനാട് ദിവാകരൻ സ്വാഗതമാശംസിച്ചു. യോഗത്തിൽ വെച്ച് കലാ:ഉണ്ണികൃഷ്ണക്കുറുപ്പിനെക്കുറിച്ച് അനുസ്മരണദിനാചരണസമിതി തയ്യാറാക്കിയ 'കലയാമി സുമതേ' എന്ന പുസ്തകം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി പ്രകാശനം ചെയ്തു. ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രസിഡന്റ് കെ.നരേന്ദ്രവാര്യർ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ടുകൾക്കുശേഷവും ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുറുപ്പാശാന്റെ സംഗീതത്തെക്കുറിച്ച് ഒരു അന്വേഷണവും സ്മരണയുമാണ് 'കലയാമി സുമതേ'യെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച ഡോ.എ.എൻ.കൃഷ്ണൻ പറഞ്ഞു. ഇ.ശിവദാസ് കൃതജ്ഞതപറഞ്ഞ സമ്മേളനത്തിലെ മറ്റൊരു പ്രധാനഭാഗം ആലങ്കോട് ലീലാകൃഷ്ണൻ നടത്തിയ സ്മാരകപ്രഭാഷണമായിരുന്നു. 'കഥകളിസംഗീതത്തിലെ ജനകീയത' എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച ലീലാകൃഷ്ണൻ കുറുപ്പാശാന്റെ സംഗീത മാധുര്യത്തേയും അനുസ്മരിച്ചു. നമ്മുടെ തനത് കലാസാസ്ക്കാരിക രംഗങ്ങളിലെ പ്രതിഭകളായ കുറുപ്പാശാനേപ്പോലെയുള്ളവരുടെ സ്മരണകൾ എന്തുവിലകൊടുത്തും നിലനിർത്തേണ്ടതും, സീരിയലുകളും റിയാലിറ്റിഷോകളിലും ലയിച്ചും വൈദേശീയ സംസ്ക്കാരത്തിൽ അഭിരമിച്ചും വളർന്നുവരുന്ന പുതുതലമുറയ്ക്ക് ഇവരെ പരിചയപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണന്നും, നമ്മുടെ സമൂഹത്തിന് സാസ്ക്കാരികമായി സ്മൃതിനാശരോഗം സംഭവിക്കാത്തിരിക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം തന്റെ സ്മാരകപ്രഭാഷണത്തിൽ ഉത്ബോധിപ്പിച്ചു.
രാത്രി 8:30മുതൽ പുലരുംവരെ കഥകളിയും അരങ്ങേറി.
കലാമണ്ഡലം ചിനോഷ് ബാലൻ, കലാമണ്ഡലം ബാജിയോ എന്നിവർവേഷമിട്ട പുറപ്പാടോടുകൂടി ആരംഭിച്ച കളിയിൽ തുടർന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതിൽ കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:ബാബു നമ്പൂതിരി എന്നിവർ പദങ്ങൾ ആലപിച്ചപ്പോൾ കലാ:കൃഷ്ണദാസ്, സദനം രാമകൃഷ്ണൻ എന്നിവർ ചെണ്ടയിലും, കോട്ടക്കൽ രവി, സദനം ഭരതരാജൻ എന്നിവർ മദ്ദളത്തിലും പ്രവർത്തിച്ചു. സമ്പ്രദായശുദ്ധവും സംഗീതാതിപ്രസരമില്ലാത്തതുമായ പാട്ടും, യോജിപ്പോടെയുള്ള മേളവും മേളപ്പദത്തിനെ അനുഭവവേദ്യമാക്കിതീർത്തു.'രത്നമെല്ലാം നിനക്കുള്ളു' |
ആദ്യമായി അവതരിപ്പിക്കപ്പെട്ട നളചരിതം ഒന്നാംദിവസത്തെ കഥയിൽ
നളനായി സദനം കൃഷ്ണൻകുട്ടിയും, നാരദൻ, സഖി എന്നീവേഷങ്ങളിൽ കലാ:വൈശാഖും, ഹംസമായി കലാ:കെ.ജി.വാസുദേവനും, ദമയന്തിയായി കലാ:രാജശേഖരനും, തോഴിയായി കലാ:അനിൽ കുമാറും അരങ്ങിലെത്തി. 'സ്വർണ്ണവർണ്ണമാമന്നം' എന്ന ചരണം സാധാരണയിൽ നിന്നും വത്യസ്ഥമായി സഖിയാണ് ഇവിടെ അഭിനയിച്ചുകണ്ടത്. സാധാരണയായി ഈ ചരണം ദമയന്തിതന്നെ അഭിനയിക്കുന്നതായാണ് കാണാറുള്ളത്. 'കണ്ണുകൾക്കിതുനല്ല പീയൂഷഝരികയോ' എന്ന് ചോദ്യഭാവത്തിൽ അവസാനിക്കുന്ന ഈ ചരണം സഖി അഭിനയിക്കുന്നതുതന്നെയാണ് ഔചിത്യം എന്ന് തോന്നി.'ഹരിണാക്ഷിവിരഹേന' |
'പോയ്വരേണം' |
'കുണ്ഡിനനായക'വരേയുള്ളഭാഗം കലാനി:ഉണ്ണികൃഷ്ണനും
കലാ:വിനോദും ചേർന്നും, തുടർന്ന് 'പ്രിയമാനസ'വരേയുള്ള ഭാഗം കോട്ട:നാരായണനും കലാനി:രാജീവനും ചേർന്നും, ദമയന്തിയുടെ രംഗത്ത് കലാ:സുബ്രഹ്മണ്യനും പത്തിയൂർ ശങ്കരൻകുട്ടിയും ചേർന്നുമായിരുന്നു പാടിയത്. 'കാർമുകിലൊളിവർണ്ണനും....' |
ഈ കഥയ്ക്ക് കലാ:രാമൻ നമ്പൂതിരി, കലാ:കൃഷ്ണദാസ്,
കലാനി:രതീഷ് എന്നിവർ ചെണ്ടയും കലാ:രാജ്നാരായണൻ, കലാനി:പ്രകാശൻ, കോട്ട:രവി എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.'നൈഷധപുരമോ പരമപദം' |
കഥകളിത്തത്തോടും മേൽസ്ഥായിസഞ്ചാരങ്ങളോടും കൂടിയുള്ള
കലാനി:ഉണ്ണികൃഷ്ണന്റെ അരങ്ങുപാട്ടും, ഒതുക്കത്തോടും ഭംഗിയോടും കൂടിയ കലാ:രാജശേഖരന്റെ ദമയന്തിയുമാണ് ഇതിൽ ഏറ്റവും ആസ്വാദ്യമായി തോന്നിയത്.'പൂർണ്ണചന്ദ്രവദനേ....' |
ബാലിവിജയമായിരുന്നു രണ്ടാമതായി അവതരിപ്പിക്കപ്പെട്ട കഥ.
ഇതിൽ കലാ:ബാലസുബ്രഹ്മണ്യൻ രാവണനായും, കലാ:അനിൽ കുമാർ മണ്ഡോദരിയായും, മാത്തൂർ ഗോവിന്ദൻകുട്ടി നാരദനായും, നെല്ലിയോട് വാസുദേവൻ നമ്പൂതിരി ബാലിയായും വേഷമിട്ടു. മൊത്തത്തിൽ നല്ലൊരു അനുഭവമായിതോന്നി ബാലിവിജയവും. പാലനാട് ദിവാകരൻ നമ്പൂതിരി ആദ്യരംഗത്തും തുടർന്ന് കലാ:നാരായണൻ നമ്പൂതിയുമായിരുന്നു ഈ കഥയ്ക്ക് പൊന്നാനിപാടിയത്. കലാ:രാമൻ നമ്പൂതിരി, സദനം രാമകൃഷ്ണൻ, കലാനി:രതീഷ് എന്നിവർ ചെണ്ടയിലും, സദനം ഭരതരാജൻ, കലാ:രാജ്നാരായണൻ, കലാനി:പ്രകാശൻ എന്നിവർ മദ്ദളത്തിലും മേളം പകർന്നു.'മത്സരമുണ്ടതു നിസ്സാരം' |
കലാ:സതീശൻ, കലാ:നിഖിൽ എന്നിവരായിരുന്നു ചുട്ടി കലാകാരന്മാർ.
'ഇവനല്ലൊ ബാലി' |
ഉണ്ണായിവാര്യർസ്മാരക കലാനിലയത്തിന്റേതായിരുന്നു ചമയങ്ങൾ.
നാരായണൻ നായർ, മുരളി, നാരായണൻ, നാരായണൻകുട്ടി എന്നിവരായിരുന്നു അണിയറസഹായികളായി വർത്തിച്ചിരുന്നത്.
'പാകവൈരിതന്നെ ബന്ധിച്ച....' |
8 അഭിപ്രായങ്ങൾ:
ഗ്രേറ്റ് മണി... അനവധിനാളുകള്ക്ക് ശേഷം ഒരു എഴുത്ത്... അസ്സലായി.
ആ പുസ്തകം നോക്കിയോ? എങ്ങനെ ഉണ്ട്? എവിടെ കിട്ടും?
വളരെ നല്ല ഭാഷ്യം. അത്യന്തം ഹൃദ്യവും. പരിപാടികളില്‍ ആദ്യാവസാനം പങ്കെടുത്ത പ്രതീതി.
ശ്രീഹരി കെ പി
നന്നായി വാതുകൊടം ...ആ പുസ്തകവും സന്ഘട്പ്പിച്ചു തരുമല്ലോ ..
മിസ്റ്റര്‍. മണി,
കുറുപ്പാശാന്റെ അനുസ്മരണം വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.
റിവ്യു നന്നായി...‘കലയാമി സുമതേ’..ഒന്നു മറിച്ചുനോക്കി...അക്ഷരപ്പിശാശ് ധാരാളമുള്ളതായി ഒറ്റനോട്ടത്തില്‍ കണ്ടു. വിമര്‍ശനമല്ല, ഇത്തരം സൂക്ഷിയ്ക്കപ്പെടുന്ന രേഖകള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ഗൌരവപൂര്‍വ്വം പ്രൂഫ് വായിയ്ക്കാമായിരുന്നു എന്ന് തോന്നുന്നു.
@sreehari kp, AMBUJAKSHAN NAIR,
നന്ദി...
@knsridharannamboodiri, @സുനിലേട്ടാ,
നന്ദി. പുസ്തകം വാങ്ങി. വായിക്കുന്നു. വായനയ്ക്കുശേഷം ഒരു റിവ്യൂ പോസ്റ്റണം എന്ന് വിചാരിക്കുന്നു. പുസ്തകം ലഭിക്കുന്നതിനായി അത്തിപ്പറ്റ രവിയെ ബന്ധപ്പെടുക. അദ്ദേഹത്തിന്റെ നമ്പർ-+919447997695, +919037547197
@Vellinezhi Anand,
അതേ, പിശകുകളുടെ ഘോഷയാത്രതന്നെയാണ് പുസ്തകത്തിൽ. അക്ഷാരപ്പിശാചുകൾ പോകട്ടെ, കുഞ്ചുനായരുടെപേർ കുഞ്ചൻ നമ്പ്യാർ എന്ന് അച്ചടിച്ചുവെച്ചിരിക്കുന്നു! മൂന്ന് ഭാഷാദ്ധ്യാപകരാണ് സംശോധകർ എന്നതും ഓർക്കുക...സമയക്കുറവ് മനസ്സിലാക്കാം...എങ്കിലും കുറച്ചുകൂടി സൂക്ഷ്മത തീർച്ചയായും കാണിക്കേണ്ടതായിരുന്നു.
അറിയുന്ന സത്യം പറയണമല്ലോ...മൂന്നു ഭാഷാദ്ധ്യാപരില് ഒരാള്‍ പ്രൂഫ് കണ്ടിട്ടേയില്ലെന്ന് ഞാനറിയും...പാവം..പേരു വന്നുംപോയി...!!
നല്ല റിവ്യൂ. കുറെ കാലം ആയല്ലോ എഴുതിയിട്ട്. കുറുപ്പാശാന് അനുസ്മരണം നടന്നിട്ട് അതിനെ കുറിച്ച് എഴുതിയില്ലെങ്കില്‍ പിന്നെ എന്തെഴുതാന്‍ അല്ലെ മണി? എന്തായാലും മണി പുസ്തക നിരൂപണം നടത്തുമ്പോഴാവാം പുസ്തകത്തിന്റെ തെട്ടുകുട്ടങ്ങളെ കുറിച്ചൊരു ചര്‍ച്ച എന്ന് തോന്നുന്നു. അപ്പോള്‍ പ്രൂഫ് നോക്കിയവരെയും നോക്കാതെ നോക്കിയവരെയും കുറിച്ച് ഒക്കെ ചര്‍ച്ച ചെയ്യാം എന്ന് തോന്നുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ